ഒരു സവിശേഷ വിജയം
ഒരു സവിശേഷ വിജയം
വിശ്വാസത്തെ പ്രതി നിങ്ങൾക്ക് എതിർപ്പ് നേരിടേണ്ടിവരുന്നുണ്ടോ? ജോലിസ്ഥലത്തോ സ്‌കൂളിലോ കുടുംബത്തിലോ അതുണ്ടായേക്കാം. ഗവൺമെന്റ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും അതിനു കാരണമാകാം. അതു സംഭവിക്കുന്നപക്ഷം നിരുത്സാഹിതരാകരുത്. യഹോവയുടെ സാക്ഷികളായ പലർക്കും സമാനമായ പരിശോധനകൾ ഉണ്ടായിട്ടുണ്ട്, എങ്കിലും അവർക്കു വിജയിക്കാൻ കഴിഞ്ഞിരിക്കുന്നു. എർനാ ലൂഡോൾഫിന്റെ കാര്യംതന്നെ എടുക്കുക.
ജർമനിയിലെ ലൂബെക്കിൽ 1908-ലാണ് അവൾ ജനിച്ചത്. തന്റെ കുടുംബത്തിൽ യഹോവയെ സേവിച്ചിരുന്നത് അവൾ മാത്രമായിരുന്നു. 1933-ൽ ഹിറ്റ്‌ലർ അധികാരത്തിൽവന്നതോടെ യഹോവയുടെ സാക്ഷികളുടെ ജീവിതം ദുരിതപൂർണമായി. ഹിറ്റ്‌ലറെ വന്ദിക്കാൻ കൂട്ടാക്കാഞ്ഞതിനാൽ സഹജോലിക്കാർ എർനായെ പരസ്യമായി വിമർശിച്ചു. നാസികൾ അവളെ അറസ്റ്റു ചെയ്യാൻ അതു കാരണമായി. ഹാംബുർഗ്-ഫൂൾസ്‌ബൂറ്റൽ, മോറിങ്ങൻ, ലിച്ച്‌റ്റെൻബുർഗ്, റാവെൻസ്‌ബ്രൂക്ക് എന്നിവിടങ്ങളിലുള്ള തടങ്കൽപ്പാളയങ്ങളിലും വിവിധ ജയിലുകളിലുമായി അവൾ എട്ടുവർഷം ചെലവഴിച്ചു. എർനാ റാവെൻസ്‌ബ്രൂക്കിൽ ആയിരിക്കെ, അവൾക്ക് വിജയം നേടിക്കൊടുത്ത ഒരു സംഭവം നടന്നു.
വ്യത്യസ്‌തയായ ഒരു ഗൃഹപാലിക
പ്രൊഫസർ ഫ്രിഡ്‌റിച്ച് ഹോൾട്‌സും ഭാര്യ ആലീസും ബെർലിനിലാണ് താമസിച്ചിരുന്നത്. അവർ നാസി പാർട്ടിയുടെ അംഗത്വം സ്വീകരിക്കുകയോ അതിന്റെ പ്രത്യയശാസ്‌ത്രത്തെ പിന്താങ്ങുകയോ ചെയ്‌തിരുന്നില്ല. എന്നാൽ, ഒരു തടങ്കൽപ്പാളയത്തിലെ അന്തേവാസികളുടെ ചുമതല ഉണ്ടായിരുന്ന മുതിർന്ന ഒരു എസ്‌എസ് ഓഫീസർ അവരുടെ ഒരു ബന്ധുവായിരുന്നു. അതുകൊണ്ട്, ആ പ്രൊഫസർക്കും ഭാര്യയ്‌ക്കും ഒരു ഗൃഹപാലികയെ ആവശ്യമായിവന്നപ്പോൾ ഒരു തടവുകാരിയെ തിരഞ്ഞെടുക്കാൻ ഈ എസ്‌എസ് ഓഫീസർ അവരെ അനുവദിച്ചു. അങ്ങനെ 1943 മാർച്ചിൽ, ആലീസ് ഒരു ഗൃഹപാലികയ്‌ക്കായി റാവെൻസ്‌ബ്രൂക്കിൽ വന്നു. അവർ ആരെയാണ് തിരഞ്ഞെടുത്തത്? എർനാ ലൂഡോൾഫിനെ. എർനാ ആ കുടുംബത്തോടൊപ്പം താമസമാക്കി. അവർ അന്തസ്സോടെയാണ് അവളോട് ഇടപെട്ടത്. യുദ്ധാനന്തരം ആ കുടുംബം സാലെ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഹാലെ നഗരത്തിലേക്ക് പോയി. ഒപ്പം അവളും. അവിടെവെച്ച് എർനായ്‌ക്ക് വീണ്ടും എതിർപ്പുണ്ടായി. ഇത്തവണ അത് പൂർവജർമനിയിലെ സോഷ്യലിസ്റ്റ് അധികാരികളിൽനിന്നായിരുന്നു. 1957-ൽ പശ്ചിമജർമനിയിലേക്ക് ആ കുടുംബത്തെ നാടുകടത്തി. എർനായും അവരോടൊപ്പം പോയി. അങ്ങനെ തന്റെ വിശ്വാസത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒടുവിൽ അവൾക്കു ലഭിച്ചു.
എങ്ങനെയാണ് ഒരു പ്രത്യേക വിധത്തിൽ എർനാ വിജയിച്ചത്? അവൾ നല്ല രീതിയിൽ പെരുമാറുകയും വിദഗ്‌ധമായി ബൈബിൾ സന്ദേശം പ്രസംഗിക്കുകയും ചെയ്‌തതിന്റെ ഫലമായി, ആലീസ് ഹോൾട്‌സും അവരുടെ അഞ്ചു മക്കളും യഹോവയുടെ സ്‌നാപനമേറ്റ സാക്ഷികൾ ആയിത്തീർന്നു. മാത്രമല്ല, ആലീസിന്റെ 11 കൊച്ചുമക്കളും സാക്ഷികളാണ്. അവരിൽ രണ്ടുപേർ ഇപ്പോൾ ജർമനിയിലെ സെൽറ്റെഴ്‌സിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽ സേവിക്കുന്നു. “ഞങ്ങളുടെ കുടുംബം ഇന്ന് സത്യത്തിൽ ആയിരിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം എർനായുടെ നല്ല മാതൃകയാണ്” എന്ന് ആലീസിന്റെ ഒരു മകളായ സൂസാന്ന പറയുന്നു. എർനായുടെ സഹിഷ്‌ണുതയ്‌ക്ക് സമൃദ്ധമായ പ്രതിഫലമാണു ലഭിച്ചത്. നിങ്ങളുടെ സാഹചര്യമോ? പ്രയാസസാഹചര്യങ്ങളിലെ നിങ്ങളുടെ വിശ്വസ്‌തമായ സഹിച്ചുനിൽപ്പും സമാനമായ ഫലങ്ങൾ ഉളവാക്കിയേക്കാം. അതേ, സവിശേഷമായ ഒരു വിധത്തിൽ വിജയം വരിക്കാൻ നല്ല നടത്തയും നൈപുണ്യത്തോടെയുള്ള പ്രസംഗവും നിങ്ങളെ സഹായിച്ചേക്കാം. *
[അടിക്കുറിപ്പ്]
^ ഖ. 6 ഈ ലേഖനം തയ്യാറാക്കിക്കൊണ്ടിരുന്ന സമയത്ത്, അവസാനത്തോളം വിശ്വസ്‌തത പാലിച്ച എർനാ ലൂഡോൾഫ് മരിച്ചു. 96 വയസ്സായിരുന്നു.
[31-ാം പേജിലെ ചിത്രം]
എർനാ ലൂഡോൾഫ് (ഇരിക്കുന്നത്) ഹോൾട്‌സ് കുടുംബത്തിലെ അംഗങ്ങളോടൊപ്പം