വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാളുകൾ എണ്ണൽ​—⁠എങ്ങനെ?

നാളുകൾ എണ്ണൽ​—⁠എങ്ങനെ?

നാളുകൾ എണ്ണൽ​—⁠എങ്ങനെ?

“ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.” (സങ്കീർത്തനം 90:⁠12) ബൈബിൾ എഴുത്തുകാരനായ മോശെയുടേതാണ്‌ വിനീതമായ ഈ പ്രാർഥന. ഏതു പ്രത്യേക കാര്യത്തിനുവേണ്ടിയാണ്‌ അവൻ പ്രാർഥിച്ചത്‌? നാം ഭക്ത്യാദരവോടുകൂടിയ സമാനമായ ഒരു അഭ്യർഥന നടത്തണമോ?

10-ാം വാക്യത്തിൽ മോശെ, മനുഷ്യന്റെ ഹ്രസ്വമായ ജീവിത കാലയളവിനെക്കുറിച്ച്‌ വിലപിച്ചു. മറ്റൊരു അവസരത്തിൽ അവൻ ഇയ്യോബിന്റെ പിൻവരുന്ന വാക്കുകൾ രേഖപ്പെടുത്തുകയുണ്ടായി: “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അല്‌പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.” (ഇയ്യോബ്‌ 14:⁠1) അപൂർണമായ മനുഷ്യജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച്‌ മോശെ അത്യന്തം ബോധവാനായിരുന്നുവെന്നു വ്യക്തം. അതുകൊണ്ട്‌ ജീവിതത്തിലെ ഓരോ ദിവസത്തെയും അവൻ അമൂല്യമായി കരുതി. ദൈവത്തോട്‌ മേൽപ്പറഞ്ഞ അപേക്ഷ നടത്തവേ, തന്റെ ശിഷ്ടനാളുകൾ ജ്ഞാനപൂർവകവും സ്രഷ്ടാവിനു പ്രസാദകരവും ആയ വിധത്തിൽ വിനിയോഗിക്കാനുള്ള ആഗ്രഹം അവൻ പ്രകടമാക്കി. നാമും നമ്മുടെ ഓരോ ദിവസവും അർഥവത്തായി ഉപയോഗിക്കേണ്ടതല്ലേ? ഇപ്പോൾ ദൈവത്തിന്റെ അംഗീകാരം നേടാൻ ആഗ്രഹിക്കുന്നെങ്കിൽ ഗൗരവബുദ്ധ്യാ, നിശ്ചയദാർഢ്യത്തോടെ നാം അങ്ങനെതന്നെ ചെയ്യും.

മോശെയെയും ഇയ്യോബിനെയും പ്രചോദിപ്പിച്ച മറ്റൊരു ഘടകംകൂടി ഉണ്ട്‌, അത്‌ നമ്മെയും പ്രചോദിപ്പിക്കേണ്ടതാണ്‌. ദൈവഭക്തരായ ഈ രണ്ടു പുരുഷന്മാരും ഒരു ഭാവി പ്രതിഫലത്തിനായി, അതായത്‌ മെച്ചപ്പെട്ട അവസ്ഥകളിൻകീഴിൽ ഭൂമിയിൽ ജീവിതം ആസ്വദിക്കാനായി ആകാംക്ഷയോടെ കാത്തിരുന്നു. (ഇയ്യോബ്‌ 14:⁠14, 15; എബ്രായർ 11:⁠25, 26) ആ നാളുകളിൽ മരണം ആരുടെയും സത്‌പ്രവൃത്തികൾക്ക്‌ അന്തം വരുത്തുകയില്ല. വിശ്വസ്‌തരായ ആളുകൾ ഒരു പറുദീസഭൂമിയിൽ എന്നേക്കും ജീവിക്കുകയെന്നതാണ്‌ നമ്മുടെ സ്രഷ്ടാവിന്റെ ഉദ്ദേശ്യം. (യെശയ്യാവു 65⁠:21-24; വെളിപ്പാടു 21:⁠3-5എ) ‘ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം നിങ്ങളുടെ നാളുകളെ എണ്ണുന്നെങ്കിൽ’ ഈ പ്രത്യാശ നിങ്ങളുടേതുകൂടി ആയിരിക്കും.