വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുനരുത്ഥാനം​—⁠നിങ്ങളുടെമേൽ പ്രഭാവം ചെലുത്തുന്ന ഒരു പഠിപ്പിക്കൽ

പുനരുത്ഥാനം​—⁠നിങ്ങളുടെമേൽ പ്രഭാവം ചെലുത്തുന്ന ഒരു പഠിപ്പിക്കൽ

പുനരുത്ഥാനം​—⁠നിങ്ങളുടെമേൽ പ്രഭാവം ചെലുത്തുന്ന ഒരു പഠിപ്പിക്കൽ

“നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.”​—⁠പ്രവൃത്തികൾ 24:15.

1. പുനരുത്ഥാനം സൻഹെദ്രിമിൽ ഒരു തർക്കവിഷയമായിത്തീർന്നത്‌ എങ്ങനെ?

അപ്പൊസ്‌തലനായ പൗലൊസിന്റെ മൂന്നാം മിഷനറിയാത്ര അവസാനിക്കുകയാണ്‌. വർഷം പൊതുയുഗം (പൊ.യു.) 56. അവൻ ഇപ്പോൾ യെരൂശലേമിലാണ്‌. റോമാക്കാരാൽ അറസ്റ്റു ചെയ്യപ്പെട്ട പൗലൊസിന്‌ യഹൂദ ന്യായാധിപസംഘമായ സൻഹെദ്രിമിനു മുമ്പിൽ ഹാജരാകാൻ അനുമതി ലഭിച്ചു. (പ്രവൃത്തികൾ 22:⁠29, 30) അവിടെ കൂടിയിരിക്കുന്നവരെ നിരീക്ഷിച്ചപ്പോൾ, അവരിൽ ചിലർ പരീശന്മാരും മറ്റുള്ളവർ സദൂക്യരും ആണെന്ന്‌ പൗലൊസിനു മനസ്സിലായി. ഇരുകൂട്ടരും തമ്മിൽ പ്രമുഖമായ ഒരു വ്യത്യാസം ഉണ്ടായിരുന്നു. സദൂക്യർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല, പരീശന്മാർ അതിൽ വിശ്വസിച്ചിരുന്നു. തന്റെ നിലപാടു വ്യക്തമാക്കിക്കൊണ്ട്‌ പൗലൊസ്‌ ഇങ്ങനെ പ്രഖ്യാപിച്ചു: “സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്‌താരത്തിലായിരിക്കുന്നു.” അവന്റെ വാക്കുകൾ ന്യായാധിപസംഘത്തിലെ അംഗങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പവും ഭിന്നതയും സൃഷ്ടിച്ചു.​—⁠പ്രവൃത്തികൾ 23:⁠6-9.

2. പൗലൊസ്‌ പുനരുത്ഥാനത്തിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ചു പ്രതിവാദം ചെയ്യാൻ തയ്യാറായിരുന്നത്‌ എന്തുകൊണ്ട്‌?

2 വർഷങ്ങൾക്കുമുമ്പ്‌, ദമസ്‌കൊസിലേക്കു യാത്രചെയ്യവേ പൗലൊസിനുണ്ടായ ഒരു ദർശനത്തിൽ അവൻ യേശുവിന്റെ ശബ്ദം കേട്ടു. പൗലൊസ്‌ യേശുവിനോട്‌ “കർത്താവേ, ഞാൻ എന്തു ചെയ്യേണം?” എന്നു ചോദിക്കുകപോലും ചെയ്‌തു. യേശു പ്രതിവചിച്ചു: “എഴുന്നേറ്റു ദമസ്‌കൊസിലേക്കു പോക, നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും.” ദമസ്‌കൊസിൽ എത്തിച്ചേർന്നപ്പോൾ, അനന്യാസ്‌ എന്ന സഹായമനസ്‌കനായ ഒരു ക്രിസ്‌തീയ ശിഷ്യൻ പൗലൊസിനെ കണ്ടെത്തി. അനന്യാസ്‌ ഇങ്ങനെ വിശദീകരിച്ചു: “നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ [പുനരുത്ഥാനം പ്രാപിച്ച യേശുവിനെ] കാണ്മാനും അവന്റെ വായിൽനിന്നു വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു.” (പ്രവൃത്തികൾ 22:⁠6-16) പുനരുത്ഥാനത്തിലുള്ള തന്റെ വിശ്വാസം സംബന്ധിച്ചു പ്രതിവാദം ചെയ്യാൻ പൗലൊസ്‌ തയ്യാറായിരുന്നതിൽ അതിശയിക്കാനില്ല.​—⁠1 പത്രൊസ്‌ 3:⁠15.

പുനരുത്ഥാന പ്രത്യാശ പരസ്യമായി പ്രഖ്യാപിക്കുന്നു

3, 4. പൗലൊസ്‌ പുനരുത്ഥാനത്തെക്കുറിച്ചു ശക്തിയുക്തം വാദിച്ചിരുന്നുവെന്നു തെളിഞ്ഞത്‌ എങ്ങനെ, അവന്റെ മാതൃകയിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

3 പിന്നീട്‌ പൗലൊസിനെ ഗവർണറായ ഫേലിക്‌സിനു മുമ്പിൽ ഹാജരാക്കി. ആ അവസരത്തിൽ, പൗലൊസിനെതിരായ യഹൂദന്മാരുടെ കേസ്‌ അവതരിപ്പിച്ച തെർത്തുല്ലൊസ്‌ എന്ന ‘വ്യവഹാരജ്ഞൻ’ പൗലൊസ്‌ ഒരു മതഭേദത്തിന്റെ നേതാവാണെന്ന്‌ ആരോപിക്കുകയും അവനുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്‌തു. ആരോപണങ്ങൾക്കു മറുപടി പറയവേ പൗലൊസ്‌ നിസ്സന്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: ‘ഒന്നു ഞാൻ സമ്മതിക്കുന്നു: മതഭേദം എന്നു ഇവർ പറയുന്ന മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കുന്നു.’ തുടർന്ന്‌, മുഖ്യപ്രശ്‌നത്തിലേക്കു ശ്രദ്ധക്ഷണിച്ചുകൊണ്ട്‌ അവൻ തുടർന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.”​—⁠പ്രവൃത്തികൾ 23:⁠23, 24; 24:⁠1-8, 14, 15.

4 ഏകദേശം രണ്ടു വർഷത്തിനുശേഷം ഫേലിക്‌സിന്റെ പിൻഗാമിയായ പൊർക്ക്യൊസ്‌ ഫെസ്‌തൊസ്‌, തടവുകാരനായ പൗലൊസിനെ വിസ്‌തരിക്കുന്നതിൽ തന്നോടൊപ്പം ചേരാൻ ഹെരോദാവ്‌ അഗ്രിപ്പാ രാജാവിനെ ക്ഷണിച്ചു. ‘മരിച്ചുപോയ യേശു എന്നൊരുവൻ ജീവിച്ചിരിക്കുന്നു’വെന്ന പൗലൊസിന്റെ പ്രഖ്യാപനത്തോട്‌ കുറ്റാരോപകർ വിയോജിച്ചെന്നു ഫെസ്‌തൊസ്‌ വിശദീകരിച്ചു. തന്റെ ഭാഗം സമർഥിച്ചുകൊണ്ട്‌ പൗലൊസ്‌ ചോദിച്ചു: “ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്കു തോന്നുന്നതു എന്ത്‌?” തുടർന്ന്‌ അവൻ ഇങ്ങനെ പ്രസ്‌താവിച്ചു: “ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നില്‌ക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞു പോരുകയും ചെയ്യുന്നു. ക്രിസ്‌തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്നു പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്‌താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല.” (പ്രവൃത്തികൾ 24:⁠27; 25:⁠13-22; 26:⁠8, 22, 23) പൗലൊസ്‌ പുനരുത്ഥാനത്തെക്കുറിച്ച്‌ ശക്തിയുക്തം വാദിച്ചു. പൗലൊസിനെപ്പോലെ, പുനരുത്ഥാനം ഉണ്ടാകുമെന്നു നമുക്കും ബോധ്യത്തോടെ ഘോഷിക്കാൻ കഴിയും. എന്നാൽ ഏതുതരം പ്രതികരണമാണു നമുക്കു പ്രതീക്ഷിക്കാനാവുക? മിക്കവാറും പൗലൊസിനു ലഭിച്ചതുതന്നെ.

5, 6. (എ) പുനരുത്ഥാനത്തെക്കുറിച്ചുള്ള അപ്പൊസ്‌തലന്മാരുടെ പ്രസംഗം എന്തു പ്രതികരണം ഉളവാക്കി? (ബി) നാം പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു സംസാരിക്കവേ എന്തു മർമപ്രധാനമാണ്‌?

5 മുമ്പ്‌ പൗലൊസിന്റെ രണ്ടാം മിഷനറിയാത്രക്കാലത്ത്‌ (പൊ.യു. ഏകദേശം 49-52) അവൻ അഥേന സന്ദർശിച്ചപ്പോൾ സംഭവിച്ചതിനെക്കുറിച്ചു ചിന്തിക്കുക. ബഹുദൈവ വിശ്വാസികളായിരുന്ന ആളുകളോട്‌ അവൻ ന്യായവാദം ചെയ്യുകയും താൻ നിയമിച്ചിരിക്കുന്ന ഒരു പുരുഷൻ മുഖാന്തരം നിവസിത ഭൂമിയെ നീതിയിൽ ന്യായം വിധിക്കാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം ശ്രദ്ധിക്കാൻ അവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്‌തു. ആ പുരുഷൻ യേശുവല്ലാതെ മറ്റാരുമല്ലായിരുന്നു. യേശുവിനെ ഉയിർപ്പിച്ചുകൊണ്ട്‌ ദൈവം ഇക്കാര്യത്തിന്‌ ഉറപ്പു നൽകിയിരിക്കുന്നുവെന്നു പൗലൊസ്‌ വിശദീകരിച്ചു. എന്തായിരുന്നു പ്രതികരണം? നാം ഇങ്ങനെ വായിക്കുന്നു: “മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.”​—⁠പ്രവൃത്തികൾ 17:⁠29-32.

6 ആ പ്രതികരണം, പൊ.യു. 33-ലെ പെന്തെക്കൊസ്‌തിനുശേഷം താമസിയാതെ പത്രൊസിനും യോഹന്നാനും ഉണ്ടായ അനുഭവത്തെ പ്രതിഫലിപ്പിച്ചു. ഇവിടെയും തർക്കത്തിൽ സദൂക്യർക്ക്‌ പ്രധാന പങ്കുണ്ടായിരുന്നു. സംഭവിച്ചത്‌ എന്താണെന്ന്‌ പ്രവൃത്തികൾ 4:⁠1-4 വിശദീകരിക്കുന്നു. “അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു.” എന്നിരുന്നാലും മറ്റുള്ളവർ അനുകൂലമായി പ്രതികരിച്ചു. “വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.” നാം പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു സംസാരിക്കുമ്പോൾ വ്യത്യസ്‌ത പ്രതികരണങ്ങൾ പ്രതീക്ഷിക്കാം എന്നതു വ്യക്തം. ആ സ്ഥിതിക്ക്‌ ഈ പഠിപ്പിക്കലിലുള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതു മർമപ്രധാനമാണ്‌.

വിശ്വാസവും പുനരുത്ഥാനവും

7, 8. (എ) ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത്യ സഭയ്‌ക്കുള്ള ഒരു ലേഖനത്തിൽ കാണിച്ചിരിക്കുന്നതുപോലെ, വിശ്വാസം വ്യർഥമായിത്തീരാവുന്നത്‌ എങ്ങനെ? (ബി) പുനരുത്ഥാന പ്രത്യാശയെക്കുറിച്ചുള്ള ശരിയായ ഗ്രാഹ്യം സത്യക്രിസ്‌ത്യാനികളെ വേർതിരിച്ചു നിറുത്തുന്നത്‌ എങ്ങനെ?

7 പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌ത്യാനികളായിത്തീർന്ന എല്ലാവർക്കും പുനരുത്ഥാന പഠിപ്പിക്കൽ സ്വീകരിക്കുക അത്ര എളുപ്പമായിരുന്നില്ല. അതു വിശ്വസിക്കാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടവരിൽ ചിലർ കൊരിന്ത്യ സഭയിൽ ഉണ്ടായിരുന്നു. പൗലൊസ്‌ അവർക്ക്‌ എഴുതി: “ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു . . . എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്‌പിച്ചുതന്നുവല്ലോ.” തുടർന്ന്‌, പുനരുത്ഥാനം പ്രാപിച്ച ക്രിസ്‌തു “അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി” എന്നു പ്രസ്‌താവിച്ചുകൊണ്ട്‌ പൗലൊസ്‌ ആ വസ്‌തുതയ്‌ക്ക്‌ ഈടുറ്റ തെളിവു നൽകി. അവരിൽ മിക്കവരും അപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്‌ അവൻ കൂട്ടിച്ചേർത്തു. (1 കൊരിന്ത്യർ 15:⁠3-8) കൂടുതലായി അവൻ ഇങ്ങനെ ന്യായവാദം ചെയ്‌തു: “ക്രിസ്‌തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്‌തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്‌തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം.”​—⁠1 കൊരിന്ത്യർ 15:⁠12-14.

8 അതേ, പുനരുത്ഥാനം ഒരു യാഥാർഥ്യമായി അംഗീകരിക്കുന്നില്ലെങ്കിൽ ക്രിസ്‌തീയ വിശ്വാസംതന്നെ വ്യർഥമായിത്തീരും. കാരണം അത്‌ അടിസ്ഥാനപരമായ ഒരു പഠിപ്പിക്കലാണ്‌. വാസ്‌തവത്തിൽ പുനരുത്ഥാനത്തെക്കുറിച്ചുള്ള ശരിയായ ഗ്രാഹ്യം സത്യക്രിസ്‌ത്യാനികളെ വ്യാജക്രിസ്‌ത്യാനികളിൽനിന്നു വേർതിരിക്കുന്നു. (ഉല്‌പത്തി 3:⁠4; സഭാപ്രസംഗി 9:⁠5, 10) അതുകൊണ്ട്‌ പുനരുത്ഥാന പഠിപ്പിക്കലിനെ പൗലൊസ്‌, ക്രിസ്‌ത്യാനിത്വത്തിന്റെ “ആദ്യവചന”ത്തിൽ [‘പ്രഥമ പാഠങ്ങളിൽ,’ പി.ഒ.സി. ബൈ.] ഉൾപ്പെടുത്തുന്നു. “പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ” നമുക്കു ദൃഢനിശ്ചയം ചെയ്യാം. “ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും” എന്ന്‌ പൗലൊസ്‌ ഉറപ്പോടെ പറയുന്നു.​—⁠എബ്രായർ 6:⁠1-3.

പുനരുത്ഥാന പ്രത്യാശ

9, 10. പുനരുത്ഥാനം എന്നതുകൊണ്ട്‌ ബൈബിൾ എന്താണ്‌ അർഥമാക്കുന്നത്‌?

9 പുനരുത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‌ നമുക്കു പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കാം: പുനരുത്ഥാനം എന്നതുകൊണ്ട്‌ ബൈബിൾ എന്താണ്‌ അർഥമാക്കുന്നത്‌? പുനരുത്ഥാന പഠിപ്പിക്കൽ യഹോവയുടെ സ്‌നേഹത്തെ മഹിമപ്പെടുത്തുന്നത്‌ എങ്ങനെ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമ്മെ ദൈവത്തോടു കൂടുതൽ അടുപ്പിക്കുകയും അതേസമയം, പുനരുത്ഥാനത്തെക്കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.​—⁠2 തിമൊഥെയൊസ്‌ 2:⁠2; യാക്കോബ്‌ 4:⁠8.

10 “പുനരുത്ഥാനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരാർഥം “വീണ്ടുമുള്ള എഴുന്നേറ്റുനിൽപ്പ്‌” എന്നാണ്‌. അത്‌ എന്താണ്‌ അർഥമാക്കുന്നത്‌? ബൈബിൾ പറയുന്നതനുസരിച്ച്‌, മരണമടഞ്ഞ ഒരു വ്യക്തിക്കു വീണ്ടും ജീവിക്കാൻ കഴിയുമെന്ന ബോധ്യം പുനരുത്ഥാന പ്രത്യാശയിൽ ഉൾപ്പെട്ടിരിക്കുന്നു. ഒരു വ്യക്തി മനുഷ്യ ശരീരത്തോടെയോ ആത്മ ശരീരത്തോടെയോ ആയിരിക്കും ഉയിർപ്പിക്കപ്പെടുന്നതെന്നും ബൈബിൾ വിശദീകരിക്കുന്നു. ഇത്‌ അയാളുടെ പ്രത്യാശ ഭൗമികമാണോ സ്വർഗീയമാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പുനരുത്ഥാനമെന്ന അത്ഭുതകരമായ കരുതലിൽ പ്രകടമാകുന്ന യഹോവയുടെ സ്‌നേഹവും ജ്ഞാനവും ശക്തിയും നമ്മെ വിസ്‌മയഭരിതരാക്കുന്നു.

11. ദൈവത്തിന്റെ അഭിഷിക്ത ദാസന്മാർക്ക്‌ എന്തു പുനരുത്ഥാന പ്രത്യാശയാണു ലഭിച്ചിരിക്കുന്നത്‌?

11 യേശുവിന്‌ പുനരുത്ഥാനത്തിങ്കൽ ആത്മശരീരം ലഭിച്ചു, അവന്റെ അഭിഷിക്ത സഹോദരന്മാർക്കും ആത്മശരീരം ലഭിക്കുന്നു. അത്‌ സ്വർഗത്തിൽ സേവനമനുഷ്‌ഠിക്കാൻ അവരെ പ്രാപ്‌തരാക്കുന്നു. (1 കൊരിന്ത്യർ 15:⁠35-38, 42-53) ഭൂമിയിൽ പറുദീസ അവസ്ഥകൾ കൊണ്ടുവരാൻപോകുന്ന മിശിഹൈക രാജ്യത്തിന്റെ ഭരണാധിപന്മാരായി ഈ അഭിഷിക്ത സഹോദരന്മാർ യേശുവിനോടൊപ്പം സേവിക്കും. മഹാപുരോഹിതനായ യേശുവിനു കീഴിൽ അഭിഷിക്തർ ഒരു രാജകീയ പുരോഹിതവർഗമെന്ന നിലയിൽ വർത്തിക്കുന്നു. നീതിനിഷ്‌ഠമായ പുതിയ ലോകത്തിൽ അവർ ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ മനുഷ്യവർഗത്തിനു ലഭ്യമാക്കും. (എബ്രായർ 7:⁠25, 26; 9:⁠24; 1 പത്രൊസ്‌ 2:⁠9; വെളിപ്പാടു 22:⁠1, 2) എന്നാൽ ഇപ്പോഴും ഭൂമിയിലുള്ള അഭിഷിക്തർ ദൈവത്തിനു സ്വീകാര്യരായി നിലകൊള്ളാൻ വാഞ്‌ഛിക്കുന്നു. മരണത്തിങ്കൽ, സ്വർഗത്തിലെ അമർത്യ ആത്മജീവനിലേക്കു പുനരുത്ഥാനം പ്രാപിച്ചുകൊണ്ട്‌ അവർ തങ്ങളുടെ ചെയ്‌തികൾക്കു തക്ക പ്രതിഫലം പ്രാപിക്കും. (2 കൊരിന്ത്യർ 5:⁠1-3, 6-8, 10; 1 കൊരിന്ത്യർ 15:⁠51, 52; വെളിപ്പാടു 14:⁠13) “അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും” എന്ന്‌ പൗലൊസ്‌ എഴുതി. (റോമർ 6:⁠5) എന്നാൽ ഭൂമിയിൽ വീണ്ടും മനുഷ്യരായി ജീവിക്കേണ്ടതിനു പുനരുത്ഥാനം പ്രാപിക്കുന്നവരുടെ കാര്യമോ? ദൈവത്തോടു കൂടുതൽ അടുത്തുചെല്ലാൻ പുനരുത്ഥാന പ്രത്യാശയ്‌ക്ക്‌ അവരെ എങ്ങനെ സഹായിക്കാൻ കഴിയും? അബ്രാഹാമിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക്‌ ഏറെ പഠിക്കാൻ കഴിയും.

പുനരുത്ഥാനവും യഹോവയോടുള്ള സൗഹൃദവും

12, 13. പുനരുത്ഥാനത്തിൽ വിശ്വസിക്കാൻ അബ്രാഹാമിന്‌ ശക്തമായ ഏതു കാരണം ഉണ്ടായിരുന്നു?

12 “ദൈവത്തിന്റെ [യഹോവയുടെ] സ്‌നേഹിതൻ” എന്നു വിളിക്കപ്പെട്ട അബ്രാഹാം ശ്രദ്ധേയമായ വിശ്വാസം പ്രകടമാക്കിയ ഒരു വ്യക്തിയായിരുന്നു. (യാക്കോബ്‌ 2:⁠23) എബ്രായ ലേഖനത്തിന്റെ 11-ാം അധ്യായത്തിലെ, വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരുടെ പട്ടികയിൽ പൗലൊസ്‌ അബ്രാഹാമിന്റെ വിശ്വാസത്തെക്കുറിച്ചു മൂന്നു പ്രാവശ്യം പരാമർശിച്ചു. (എബ്രായർ 11:⁠8, 9, 17) മൂന്നാമത്തെ പരാമർശം, അനുസരണപൂർവം തന്റെ പുത്രനായ യിസ്‌ഹാക്കിനെ ബലിയർപ്പിക്കുന്നതിനുവേണ്ടി തയ്യാറായപ്പോൾ അവൻ പ്രകടിപ്പിച്ച വിശ്വാസത്തിലേക്കു ശ്രദ്ധക്ഷണിക്കുന്നു. യിസ്‌ഹാക്കിലൂടെ സന്തതി വരുന്നതിനെക്കുറിച്ചുള്ള വാഗ്‌ദാനം സംബന്ധിച്ച്‌ യഹോവ നൽകിയ ഉറപ്പിൽ അവനു പൂർണ വിശ്വാസം ഉണ്ടായിരുന്നു. യിസ്‌ഹാക്‌ ബലിമരണം വരിക്കേണ്ടിവന്നാലും, അവനെ “മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ” ആണെന്ന്‌ അവന്‌ ഉറപ്പുണ്ടായിരുന്നു.

13 സംഭവങ്ങൾ ഇതൾവിരിയവേ, അബ്രാഹാമിന്റെ വിശ്വാസത്തിന്റെ ദാർഢ്യം കണ്ട യഹോവ, യിസ്‌ഹാക്കിനു പകരം ഒരു മൃഗത്തെ ബലിയർപ്പിക്കുന്നതിനുള്ള ക്രമീകരണം ചെയ്‌തു. എന്നിരുന്നാലും പൗലൊസ്‌ വിശദീകരിച്ചതുപോലെ യിസ്‌ഹാക്കിന്റെ കാര്യത്തിൽ സംഭവിച്ചത്‌, പുനരുത്ഥാനം സംബന്ധിച്ച ഒരു ദൃഷ്ടാന്തമായി ഉതകി: ‘മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ [യിസ്‌ഹാക്കിനെ] [അബ്രാഹാം] തിരികെ പ്രാപിച്ചു.’ (എബ്രായർ 11:⁠19) പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നതിന്‌ അബ്രാഹാമിന്‌ അതിനോടകംതന്നെ ശക്തമായ ഒരു കാരണം ഉണ്ടായിരുന്നു. അബ്രാഹാമും സാറായും വാർധക്യത്തിൽ ആയിരുന്നിട്ടും യഹോവ അവരുടെ സന്താനോത്‌പാദന പ്രാപ്‌തി പുനഃസ്ഥാപിക്കുകയും അവർ യിസ്‌ഹാക്കിനെ ജനിപ്പിക്കുകയും ചെയ്‌തില്ലേ?​—⁠ഉല്‌പത്തി 18:⁠10-14; 21:⁠1-3; റോമർ 4:⁠19-21.

14. (എ) എബ്രായർ 11:⁠9, 10 അനുസരിച്ച്‌ അബ്രാഹാം എന്തിനുവേണ്ടിയാണു കാത്തിരുന്നത്‌? (ബി) പുതിയ ലോകത്തിൽ രാജ്യാനുഗ്രഹങ്ങൾ ലഭിക്കുന്നതിന്‌ അബ്രാഹാമിന്‌ എന്തു സംഭവിക്കേണ്ടിയിരിക്കുന്നു? (സി) നമുക്ക്‌ എങ്ങനെ രാജ്യാനുഗ്രഹങ്ങൾ പ്രാപിക്കാൻ കഴിയും?

14 “ദൈവം ശില്‌പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്ന” ഒരു പരദേശിയും കൂടാരവാസിയും ആയി പൗലൊസ്‌ അബ്രാഹാമിനെ വിശേഷിപ്പിച്ചു. (എബ്രായർ 11:⁠9, 10) ഇത്‌, ദൈവത്തിന്റെ ആലയം സ്ഥിതിചെയ്‌തിരുന്ന യെരൂശലേംപോലെ അക്ഷരാർഥത്തിലുള്ള ഒരു നഗരം ആയിരുന്നില്ല, മറിച്ച്‌ ഒരു പ്രതീകാത്മക നഗരം ആയിരുന്നു. ക്രിസ്‌തുയേശുവും 1,44,000 സഹഭരണാധികാരികളും അടങ്ങുന്ന ദൈവത്തിന്റെ സ്വർഗീയ രാജ്യമായിരുന്നു അത്‌. സ്വർഗീയ മഹത്ത്വത്തിലുള്ള 1,44,000-ത്തെയും “വിശുദ്ധനഗരം” എന്നു വിളിച്ചിട്ടുണ്ട്‌. “പുതിയ യെരൂശലേം,” ക്രിസ്‌തുവിന്റെ “മണവാട്ടി” എന്നിങ്ങനെയും അവരെ വിശേഷിപ്പിച്ചിരിക്കുന്നു. (വെളിപ്പാടു 21:⁠2) 1914-ൽ യഹോവ യേശുവിനെ സ്വർഗീയ രാജ്യത്തിന്റെ മിശിഹൈക രാജാവായി സിംഹാസനസ്ഥനാക്കുകയും ശത്രുക്കളുടെ മധ്യേ ഭരണം ആരംഭിക്കാൻ അവനോടു കൽപ്പിക്കുകയും ചെയ്‌തു. (സങ്കീർത്തനം 110:⁠1, 2; വെളിപ്പാടു 11:⁠15) രാജ്യഭരണത്തിന്റെ അനുഗ്രഹങ്ങൾ ലഭിക്കുന്നതിന്‌, “ദൈവത്തിന്റെ [യഹോവയുടെ] സ്‌നേഹിത”നായ അബ്രാഹാം വീണ്ടും ജീവനിലേക്കു വരേണ്ടിയിരിക്കുന്നു. സമാനമായി, രാജ്യാനുഗ്രഹങ്ങൾ ലഭിക്കുന്നതിന്‌ നാമും ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിച്ചിരിക്കണം, ഒന്നുകിൽ അർമഗെദോനെ അതിജീവിക്കുന്ന മഹാപുരുഷാരത്തിലെ അംഗങ്ങളായി, അല്ലെങ്കിൽ മരിച്ചവരിൽനിന്നു പുനരുത്ഥാനം പ്രാപിച്ചവരായി. (വെളിപ്പാടു 7:⁠9, 14) എന്നാൽ പുനരുത്ഥാന പ്രത്യാശയുടെ അടിസ്ഥാനം എന്താണ്‌?

ദൈവത്തിന്റെ സ്‌നേഹം​—⁠പുനരുത്ഥാന പ്രത്യാശയുടെ അടിസ്ഥാനം

15, 16. (എ) ബൈബിളിലെ ആദ്യത്തെ പ്രവചനം നമ്മുടെ പുനരുത്ഥാന പ്രത്യാശയ്‌ക്ക്‌ അടിസ്ഥാനം നൽകുന്നത്‌ എങ്ങനെ? (ബി) പുനരുത്ഥാന വിശ്വാസത്തിന്‌ നമ്മെ യഹോവയോടു കൂടുതൽ അടുപ്പിക്കാൻ കഴിയുന്നത്‌ എങ്ങനെ?

15 സ്‌നേഹവാനായ നമ്മുടെ സ്വർഗീയ പിതാവുമായുള്ള അടുത്ത ബന്ധവും അബ്രാഹാമിന്റേതുപോലുള്ള ശക്തമായ വിശ്വാസവും ദൈവകൽപ്പനകളോടുള്ള അനുസരണവും നാം നീതിമാന്മാരെന്നു പ്രഖ്യാപിക്കപ്പെടുന്നതിലേക്കും യഹോവയാൽ സ്‌നേഹിതരായി വീക്ഷിക്കപ്പെടുന്നതിലേക്കും നയിക്കുന്നു. ഇത്‌ രാജ്യഭരണത്തിന്റെ പ്രയോജനങ്ങൾ ആസ്വദിക്കാൻ നമുക്ക്‌ അവസരം നൽകുന്നു. വാസ്‌തവത്തിൽ, ഉല്‌പത്തി 3:⁠15-ൽ രേഖപ്പെടുത്തിയിരിക്കുന്ന ബൈബിളിലെ ആദ്യപ്രവചനം പുനരുത്ഥാന പ്രത്യാശയ്‌ക്കും ദൈവവുമായുള്ള സുഹൃദ്‌ബന്ധത്തിനും അടിസ്ഥാനം നൽകുന്നു. അതു സാത്താന്റെ തല തകർക്കുന്നതിനെക്കുറിച്ചു മാത്രമല്ല, സ്‌ത്രീയുടെ സന്തതിയുടെ കുതികാൽ തകർക്കുന്നതിനെക്കുറിച്ചും മുൻകൂട്ടിപ്പറയുന്നു. സ്‌തംഭത്തിലുള്ള യേശുവിന്റെ മരണം പ്രതീകാത്മകമായ ഒരു കുതികാൽ തകർക്കൽ ആയിരുന്നു. മൂന്നാം ദിവസത്തെ അവന്റെ പുനരുത്ഥാനം ആ മുറിവുണക്കുകയും “മരണത്തിന്റെ അധികാരിയായ പിശാചിനെ”തിരെ നിർണായക നടപടിക്കുള്ള വഴിയൊരുക്കുകയും ചെയ്‌തു.​—⁠എബ്രായർ 2:⁠14.

16 “ക്രിസ്‌തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദർശിപ്പിക്കുന്നു” എന്ന്‌ പൗലൊസ്‌ നമ്മെ ഓർമിപ്പിക്കുന്നു. (റോമർ 5:⁠8) ഈ അനർഹദയയോടുള്ള വിലമതിപ്പ്‌ വാസ്‌തവമായും നമ്മെ യേശുവിനോടും നമ്മുടെ സ്‌നേഹവാനായ സ്വർഗീയ പിതാവിനോടും കൂടുതൽ അടുപ്പിക്കുന്നു.​—⁠2 കൊരിന്ത്യർ 5:⁠14, 15.

17. (എ) ഇയ്യോബ്‌ എന്തു പ്രത്യാശ പ്രകടിപ്പിച്ചു? (ബി) ഇയ്യോബ്‌ 14:⁠15 യഹോവയെക്കുറിച്ച്‌ എന്താണു വെളിപ്പെടുത്തുന്നത്‌, അത്‌ നിങ്ങളിൽ എന്തു വികാരം ഉണർത്തുന്നു?

17 ക്രിസ്‌തീയപൂർവകാലത്തെ ഒരു വിശ്വസ്‌ത മനുഷ്യനായിരുന്ന ഇയ്യോബും പുനരുത്ഥാനത്തിനായി നോക്കിപ്പാർത്തിരുന്നു. സാത്താൻ അവന്റെമേൽ കഠിന യാതനകൾ വരുത്തി. പുനരുത്ഥാന പ്രത്യാശയെക്കുറിച്ച്‌ ഒരിക്കൽപ്പോലും പരാമർശിക്കാതിരുന്ന തന്റെ വ്യാജ സ്‌നേഹിതന്മാരിൽനിന്നു വ്യത്യസ്‌തനായി ഇയ്യോബ്‌, ഈ പ്രത്യാശയിൽനിന്ന്‌ ആശ്വാസം കണ്ടെത്തി. അവൻ ഇങ്ങനെ ചോദിച്ചു: “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?” തുടർന്ന്‌ അവൻ ഇങ്ങനെ പറഞ്ഞു: “എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.” തന്റെ ദൈവമായ യഹോവയെ സംബോധനചെയ്‌തുകൊണ്ട്‌ അവൻ ഉറപ്പിച്ചുപറഞ്ഞു: “നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും.” നമ്മുടെ സ്‌നേഹവാനായ സ്രഷ്ടാവിന്റെ വികാരങ്ങളെക്കുറിച്ച്‌ ഇയ്യോബ്‌ പറഞ്ഞു: “നിന്റെ കരവേലയോടു നിനക്കു താല്‌പര്യമുണ്ടാകും [“വാഞ്‌ഛയുണ്ടാകും,” NW].” (ഇയ്യോബ്‌ 14:⁠14, 15) അതേ, പുനരുത്ഥാനത്തിൽ വിശ്വസ്‌തർ ജീവനിലേക്കു മടങ്ങിവരുന്ന സമയത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്‌ യഹോവ. നാം അപൂർണരായിരുന്നിട്ടും അവൻ നമ്മോടുകാണിക്കുന്ന സ്‌നേഹത്തെയും അനർഹദയയെയും കുറിച്ചു ധ്യാനിക്കുന്നത്‌ നമ്മെ എത്രമാത്രം അവനോട്‌ അടുപ്പിക്കുന്നു!​—⁠റോമർ 5:⁠21; യാക്കോബ്‌ 4:⁠8.

18, 19. (എ) വീണ്ടും ജീവിക്കുന്നതു സംബന്ധിച്ച ദാനീയേലിന്റെ പ്രത്യാശയെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു ചർച്ച ചെയ്യും?

18 ‘ഏറ്റവും പ്രിയപുരുഷൻ’ എന്നു ദൈവദൂതൻ വിശേഷിപ്പിച്ച ദാനീയേൽ പ്രവാചകൻ, വിശ്വസ്‌ത സേവനത്തിന്റെ ദീർഘകാല രേഖ അവശേഷിപ്പിച്ചു. (ദാനീയേൽ 10:⁠11, 19) പൊ.യു.മു. 617-ലെ തന്റെ പ്രവാസംമുതൽ പൊ.യു.മു. 536-ൽ, അതായത്‌ പേർഷ്യൻ രാജാവായ കോരെശിന്റെ വാഴ്‌ചയുടെ മൂന്നാം ആണ്ടിൽ, ഒരു ദർശനം ലഭിച്ചു കുറെക്കാലം കഴിഞ്ഞു മരിക്കുന്നതുവരെ യഹോവയോടുള്ള വിശ്വസ്‌തതയിൽ അവൻ അചഞ്ചലനായി നിലകൊണ്ടു. (ദാനീയേൽ 1:⁠1; 10:⁠1) കോരെശിന്റെ വാഴ്‌ചയുടെ മൂന്നാം വർഷത്തിൽത്തന്നെ, വരാനിരിക്കുന്ന മഹോപദ്രവത്തിൽ പാരമ്യത്തിലെത്തുന്ന ലോകശക്തികളുടെ പ്രയാണത്തെക്കുറിച്ചുള്ള ഒരു ദർശനം ദാനീയേലിനു ലഭിച്ചു. (ദാനീയേൽ 11:⁠1-12:⁠13) ആ ദർശനം പൂർണമായി മനസ്സിലാക്കാൻ കഴിയാതിരുന്നതിനാൽ, അതു നൽകിയ ദൂതസന്ദേശവാഹകനോട്‌ ദാനീയേൽ, “യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും” എന്നു ചോദിച്ചു. മറുപടിയായി ‘ബുദ്ധിമാന്മാർ [ആ ദർശനം] ഗ്രഹിക്കുന്ന’ “അന്ത്യകാലത്തേക്കു” ദൂതൻ ശ്രദ്ധക്ഷണിച്ചു. ദാനീയേലിന്റെ ഭാവി പ്രതീക്ഷ എന്തായിരിക്കുമായിരുന്നു? ദൂതൻ പറഞ്ഞു: “നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.” (ദാനീയേൽ 12:⁠8-10, 13) ക്രിസ്‌തുവിന്റെ സഹസ്രാബ്ദ ഭരണകാലത്ത്‌ “നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ” ദാനീയേൽ തിരികെ വരും.​—⁠ലൂക്കൊസ്‌ 14:⁠14.

19 നാം അന്ത്യകാലത്തിന്റെ അന്തിമഭാഗത്താണു ജീവിക്കുന്നത്‌. ക്രിസ്‌തുവിന്റെ സഹസ്രാബ്ദ ഭരണം, നാം വിശ്വാസം സ്വീകരിച്ച നാളുകളെ അപേക്ഷിച്ച്‌ കൂടുതൽ അടുത്താണ്‌. അതുകൊണ്ട്‌ നാം സ്വയം ഇങ്ങനെ ചോദിക്കണം: ‘പുതിയലോകത്തിൽ അബ്രാഹാം, ഇയ്യോബ്‌, ദാനീയേൽ, മറ്റു വിശ്വസ്‌ത സ്‌ത്രീപുരുഷന്മാർ എന്നിവരോടു സഹവസിക്കാൻ ഞാൻ അവിടെ ഉണ്ടായിരിക്കുമോ?’ യഹോവയോടു പറ്റിനിൽക്കുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ നമുക്ക്‌ അവിടെ ആയിരിക്കാൻ കഴിയും. അടുത്ത ലേഖനത്തിൽ പുനരുത്ഥാന പ്രത്യാശ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നാം ചർച്ച ചെയ്യുന്നതായിരിക്കും. ആരാണ്‌ പുനരുത്ഥാനത്തിൽ വരികയെന്നതു സംബന്ധിച്ച്‌ അപ്പോൾ നമുക്കു മനസ്സിലാക്കാൻ കഴിയും.

നിങ്ങൾ ഓർമിക്കുന്നുവോ?

• പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു പ്രഖ്യാപിച്ചപ്പോൾ പൗലൊസിന്‌ എന്തു പ്രതികരണമാണു ലഭിച്ചത്‌?

• പുനരുത്ഥാന പ്രത്യാശ സത്യക്രിസ്‌ത്യാനികളെ വ്യാജക്രിസ്‌ത്യാനികളിൽനിന്നു വേർതിരിക്കുന്നത്‌ എങ്ങനെ?

• അബ്രാഹാം, ഇയ്യോബ്‌, ദാനീയേൽ എന്നിവർക്ക്‌ പുനരുത്ഥാനത്തിൽ വിശ്വാസമുണ്ടായിരുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെയറിയാം?

[അധ്യയന ചോദ്യങ്ങൾ]

[8-ാം പേജിലെ ചിത്രം]

ഗവർണറായ ഫേലിക്‌സിനു മുമ്പാകെ പൗലൊസ്‌ പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു ബോധ്യത്തോടെ പ്രസംഗിച്ചു

[10-ാം പേജിലെ ചിത്രം]

അബ്രാഹാമിന്‌ പുനരുത്ഥാനത്തിൽ വിശ്വാസമുണ്ടായിരുന്നത്‌ എന്തുകൊണ്ട്‌?

[12-ാം പേജിലെ ചിത്രം]

ഇയ്യോബിന്‌ പുനരുത്ഥാന പ്രത്യാശ ആശ്വാസം പകർന്നു

[12-ാം പേജിലെ ചിത്രം]

നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ ദാനീയേൽ തിരികെ വരും