വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുനരുത്ഥാനം മഹത്തായ ഒരു പ്രത്യാശ

പുനരുത്ഥാനം മഹത്തായ ഒരു പ്രത്യാശ

പുനരുത്ഥാനം മഹത്തായ ഒരു പ്രത്യാശ

പുനരുത്ഥാന വിശ്വാസം വളരെ വ്യാപകമാണ്‌. ഇസ്ലാമിന്റെ പരിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ ഒരു അധ്യായം മുഴുവനും പുനരുത്ഥാനത്തെക്കുറിച്ചാണു പറയുന്നത്‌. സൂറാ 75 ഭാഗികമായി ഇങ്ങനെ പറയുന്നു: “ഞാൻ പുനരുദ്ധാനദിനത്തെക്കൊണ്ടു് സത്യം ചെയ്യുന്നു. . . . മനുഷ്യൻ വിചാരിക്കുന്നുണ്ടോ​—⁠അവന്റെ അസ്ഥികളെ നാം (വീണ്ടും) കൂട്ടിച്ചേർക്കുകയില്ലെന്നു്? . . . അവൻ ചോദിക്കുന്നു: ‘എപ്പോഴാണു ഉയർത്തെഴുനേൽപ്പുനാൾ?’ അതു് (ചെയ്‌ത) ഒരുവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനല്ലേ?”​—⁠സൂറാ 75:​1-6, 40 (മുട്ടാണിശ്ശേരിൽ എം. കോയക്കുട്ടി പരിഭാഷ).

ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച്‌, “ദുഷ്ടതയുടെ അന്തിമ തോൽവി, പൊതുവായ ഒരു പുനരുത്ഥാനം, അന്തിമന്യായവിധി, ശുദ്ധീകരിക്കപ്പെട്ട ഒരു ലോകം നീതിമാന്മാർക്ക്‌ തിരിച്ചുനൽകൽ എന്നിവയിലുള്ള വിശ്വാസമാണ്‌ സൊറാസ്‌ട്രിയൻ മതം പഠിപ്പിക്കുന്നത്‌.”

“മരിച്ചവരുടെ ശരീരം ഒടുവിൽ പുനരുജ്ജീവിപ്പിക്കപ്പെട്ട്‌ അവർ വീണ്ടും ഭൂമിയിൽ ജീവിക്കുമെന്ന വിശ്വാസം” എന്നാണ്‌ എൻസൈക്ലോപീഡിയ ജുഡായിക്ക പുനരുത്ഥാനത്തെ നിർവചിക്കുന്നത്‌. മനുഷ്യന്‌ ഒരു അമർത്യ ആത്മാവ്‌ ഉണ്ടെന്ന വിശ്വാസം യഹൂദമതം അംഗീകരിച്ചത്‌ ഒരു പ്രതിസന്ധി ഉയർത്തുന്നുവെന്നും അതേ പരാമർശ കൃതി പ്രസ്‌താവിക്കുന്നു. അത്‌ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “പുനരുത്ഥാനം, ആത്മാവിന്റെ അമർത്യത എന്നീ രണ്ടു വിശ്വാസങ്ങളും അടിസ്ഥാനപരമായി പരസ്‌പരവിരുദ്ധമാണ്‌.”

മനുഷ്യൻ പുനർജന്മങ്ങളുടെ ഒരു പരമ്പരയ്‌ക്കു വിധേയനാകുന്നുവെന്ന്‌ ഹിന്ദുമതം പഠിപ്പിക്കുന്നു. അതു സത്യമാണെങ്കിൽ, മരണാനന്തരം തുടർന്നു ജീവിക്കുന്ന ഒരു ആത്മാവ്‌ മനുഷ്യന്‌ ഉണ്ടായിരിക്കണം. ഹൈന്ദവ വിശുദ്ധ ഗ്രന്ഥമായ ഭഗവദ്‌ഗീത ഇപ്രകാരം പ്രസ്‌താവിക്കുന്നു: “യാതൊന്നിനാൽ ഇതെല്ലാം വ്യാപിക്കപ്പെട്ടിരിക്കുന്നുവോ അതാകട്ടെ വിനാശമില്ലാത്തതെന്ന്‌ അറിഞ്ഞാലും. നാശരഹിതമായ അതിനു നാശത്തെ ചെയ്യാൻ ഒരുവനും ശക്തനാകുന്നില്ല.”

ബുദ്ധമതം ഹിന്ദുമതത്തിൽനിന്നു വ്യത്യസ്‌തമാണ്‌. കാരണം, അത്‌ ഒരു അമർത്യ ആത്മാവ്‌ ഉണ്ടെന്ന ആശയത്തെ നിരാകരിക്കുന്നു. എന്നിരുന്നാലും, വിദൂരപൗരസ്‌ത്യ ദേശങ്ങളിലെ ബുദ്ധമതക്കാരായ പലരും ഇന്ന്‌ ഒരു അമർത്യ ആത്മാവിന്റെ ദേഹാന്തരപ്രാപ്‌തിയിൽ വിശ്വസിക്കുന്നവരാണ്‌. *

പുനരുത്ഥാന പഠിപ്പിക്കൽ സംബന്ധിച്ച ആശയക്കുഴപ്പം

ക്രൈസ്‌തവലോകത്തിൽ നടത്തപ്പെടുന്ന ശവസംസ്‌കാര ശുശ്രൂഷകളിൽ മരണാനന്തരം ജീവിക്കുന്ന ആത്മാവിനെയും പുനരുത്ഥാനത്തെയും പലപ്പോഴും പരാമർശിക്കാറുണ്ട്‌. ഉദാഹരണത്തിന്‌, ആംഗ്ലിക്കൻ വൈദികർ പിൻവരുംവിധമാണ്‌ ചൊല്ലാറുള്ളത്‌: “മഹാകാരുണ്യവാനായ സർവശക്തനാം ദൈവമേ, ഞങ്ങളെ വിട്ടുപിരിഞ്ഞിരിക്കുന്ന പ്രിയ സഹോദരന്റെ ആത്മാവിനെ കൈക്കൊൾവാൻ തിരുവുള്ളമുണ്ടായതിനാൽ, ഞങ്ങൾ ഈ ശരീരത്തെ മണ്ണിലേക്കെടുക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലൂടെ നിത്യജീവനായുള്ള പുനരുത്ഥാനത്തിന്റെ ഉറച്ച പ്രത്യാശയോടെ മണ്ണ്‌ മണ്ണോടും ചാരം ചാരത്തോടും പൊടി പൊടിയോടും ചേരുന്നു.”​—⁠പൊതു പ്രാർഥനാപുസ്‌തകം (ഇംഗ്ലീഷ്‌).

ബൈബിൾ പഠിപ്പിക്കുന്നത്‌ പുനരുത്ഥാനത്തെക്കുറിച്ചാണോ അതോ അമർത്യ ആത്മാവിനെക്കുറിച്ചാണോ എന്ന്‌ ഇതു കേൾക്കുന്ന ഒരാൾ ചിന്തിച്ചുപോയേക്കാം. ഫ്രഞ്ച്‌ പ്രൊട്ടസ്റ്റന്റ്‌ പ്രൊഫസറായ ഓസ്‌കാർ കുൾമാന്റെ വാക്കുകൾ ഇത്തരുണത്തിൽ പ്രസക്തമാണ്‌. ആത്മാവിന്റെ അമർത്യതയോ മരിച്ചവരുടെ പുനരുത്ഥാനമോ (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “മരിച്ചവരുടെ പുനരുത്ഥാനമെന്ന ക്രിസ്‌തീയ വിശ്വാസത്തിനും ആത്മാവിന്റെ അമർത്യതയെന്ന ഗ്രീക്കുവിശ്വാസത്തിനും ഇടയിൽ വലിയ അന്തരമുണ്ട്‌. . . . ഇവ രണ്ടിനെയും ക്രിസ്‌തുമതം പിൽക്കാലത്ത്‌ കൂട്ടിയിണക്കി. ഇക്കാലത്തെ ഒരു സാധാരണ ക്രിസ്‌ത്യാനിക്ക്‌ അവ തമ്മിലുള്ള വ്യത്യാസം ഒട്ടുംതന്നെ തിരിച്ചറിയാനാവുന്നുമില്ല. എങ്കിലും സത്യമെന്നു ഞാനും ഭൂരിപക്ഷം പണ്ഡിതരും വിശ്വസിക്കുന്നതിനെ മറച്ചുവെക്കാൻ ഞാൻ യാതൊരു ന്യായവും കാണുന്നില്ല. . . . പുതിയ നിയമത്തിന്റെ അന്തഃസത്തതന്നെ പുനരുത്ഥാന വിശ്വാസമാണ്‌ . . . ദൈവത്തിന്റെ പുതിയൊരു സൃഷ്ടിക്രിയയാൽ മരിച്ചുപോയ മുഴു വ്യക്തിയും ജീവനിലേക്കു തിരികെ വരുത്തപ്പെടുന്നു.”

മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച്‌ പൊതുവെ ആളുകൾക്ക്‌ ആശയക്കുഴപ്പമുള്ളതിൽ അതിശയിക്കാനില്ല. ഈ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി, മനുഷ്യന്റെ സ്രഷ്ടാവായ യഹോവയാം ദൈവം വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങൾ അടങ്ങുന്ന ബൈബിൾ നാം പരിശോധിക്കേണ്ടതുണ്ട്‌. ബൈബിളിൽ പുനരുത്ഥാനത്തെക്കുറിച്ചുള്ള നിരവധി വിവരണങ്ങളുണ്ട്‌. നമുക്ക്‌ അവയിൽ നാലെണ്ണം പരിശോധിച്ച്‌ അവ പുനരുത്ഥാനത്തെക്കുറിച്ച്‌ എന്തു പറയുന്നുവെന്നു നോക്കാം.

“സ്‌ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്‌പിനാൽ തിരികെകിട്ടി”

വിശ്വാസമുണ്ടായിരുന്ന സ്‌ത്രീകൾക്ക്‌ “തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്‌പിനാൽ തിരികെകിട്ടി”യെന്നു ക്രിസ്‌ത്യാനികൾ ആയിത്തീർന്ന യഹൂദന്മാർക്കുള്ള ലേഖനത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ പ്രസ്‌താവിക്കുകയുണ്ടായി. (എബ്രായർ 11:35) അതിൽ ഒരു സ്‌ത്രീ താമസിച്ചിരുന്നത്‌ സാരെഫാത്ത്‌ എന്ന ഫൊയ്‌നിക്യ പട്ടണത്തിലായിരുന്നു. മെഡിറ്ററേനിയൻ തീരത്ത്‌ സ്ഥിതിചെയ്യുന്ന സീദോനു സമീപമായിരുന്നു അത്‌. ആ സ്‌ത്രീ വിധവയായിരുന്നു. ദൈവത്തിന്റെ പ്രവാചകനായ ഏലീയാവിന്‌ ആതിഥ്യമരുളിയ അവൾ കടുത്ത ക്ഷാമകാലത്തുപോലും അവനു ഭക്ഷണം നൽകി. ദുഃഖകരമെന്നു പറയട്ടെ, അവളുടെ മകൻ രോഗംപിടിപെട്ടു മരിച്ചു. ഏലീയാവ്‌ പെട്ടെന്നുതന്നെ താൻ താമസിച്ചിരുന്ന മാളികമുറിയിലേക്ക്‌ അവനെ എടുത്തുകൊണ്ടുപോയിട്ട്‌ കുട്ടിയെ ജീവിപ്പിക്കേണമേ എന്നു യഹോവയോട്‌ അഭ്യർഥിച്ചു. ഒരു അത്ഭുതം നടന്നു, കുട്ടി “ജീവിച്ചു.” ഏലീയാവ്‌ അവനെ അമ്മയ്‌ക്ക്‌ തിരിച്ചുകൊടുത്തിട്ട്‌ ഇങ്ങനെ പറഞ്ഞു: “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു.” ആ സ്‌ത്രീ എങ്ങനെയാണ്‌ പ്രതികരിച്ചത്‌? സന്തോഷത്തോടെ അവൾ ഇങ്ങനെ പറഞ്ഞു: “നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു.”​—⁠1 രാജാക്കന്മാർ 17:22-24.

സാരെഫാത്തിന്‌ ഏകദേശം 100 കിലോമീറ്റർ തെക്കായി ശൂനേമിൽ മറ്റൊരു ദമ്പതികൾ താമസിച്ചിരുന്നു. ഏലീയാവിന്റെ പിൻഗാമിയും പ്രവാചകനുമായ എലീശായെ ശ്രദ്ധാപൂർവം പരിചരിച്ച ആ ദമ്പതികൾ വളരെ ഉദാരമനസ്‌കരായിരുന്നു. ഭാര്യ ശൂനേമിലെ ഒരു പ്രമുഖ സ്‌ത്രീ ആയിരുന്നു. തങ്ങളുടെ വീടിന്റെ മുകളിൽ എലീശായ്‌ക്ക്‌ താമസസൗകര്യം ചെയ്‌തുകൊടുക്കാൻ ആ ഭാര്യയും ഭർത്താവും തീരുമാനിച്ചു. അവർക്ക്‌ ഒരു മകൻ പിറന്നപ്പോൾ കുട്ടികൾ ഇല്ലാത്തതിന്റെ ദുഃഖം സന്തോഷത്തിനു വഴിമാറി. കുട്ടി വളർന്നപ്പോൾ, കൊയ്‌ത്തുകാരോടുകൂടെ അവൻ വയലിൽ തന്റെ പിതാവിന്റെ അടുക്കൽ പലപ്പോഴും പോകുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ദുരന്തമുണ്ടായി. തല വേദനിക്കുന്നുവെന്ന്‌ കുട്ടി ഉറക്കെ പറഞ്ഞു. ഒരു ബാല്യക്കാരൻ അവനെ അമ്മയുടെ അടുത്തേക്ക്‌ തിടുക്കത്തിൽ കൊണ്ടുപോയി. അവൾ അവനെ മടിയിൽ കിടത്തി. എങ്കിലും, കുറെ കഴിഞ്ഞപ്പോൾ കുട്ടി മരിച്ചുപോയി. സഹായത്തിനായി എലീശായെ വിളിക്കാൻ പരിഭ്രാന്തയായ ആ അമ്മ തീരുമാനിച്ചു. ഒരു ബാല്യക്കാരനെയും കൂട്ടിക്കൊണ്ട്‌ എലീശാ താമസിച്ചിരുന്ന കർമ്മേൽ പർവതം ലക്ഷ്യമാക്കി വടക്കുപടിഞ്ഞാറോട്ട്‌ അവൾ യാത്രതിരിച്ചു.

എലീശാ തനിക്കു മുമ്പായി തന്റെ ബാല്യക്കാരനായ ഗേഹസിയെ ശൂനേമിലേക്ക്‌ അയച്ചു. അവിടെ എത്തിയ അയാൾ കുട്ടി മരിച്ചുകിടക്കുന്നതാണു കണ്ടത്‌. എന്നാൽ എലീശായും ആ സ്‌ത്രീയും ശൂനേമിൽ എത്തിയപ്പോൾ എന്തു സംഭവിച്ചു? 2 രാജാക്കന്മാർ 4:32-37-ലെ വിവരണം നമ്മോട്‌ ഇപ്രകാരം പറയുന്നു: “എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതു കണ്ടു. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു. പിന്നെ അവൻ കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ്‌ ബാലന്റെ വായ്‌മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളംകൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു. അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നുനടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു. അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്‌പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പോയ്‌ക്കൊൾക എന്നു പറഞ്ഞു. അവൾ അകത്തുചെന്നു അവന്റെ കാല്‌ക്കൽസാഷ്ടാംഗം വീണു നമസ്‌കരിച്ചു തന്റെ മകനെ എടുത്തു കൊണ്ടുപോയി.”

പുനരുത്ഥാനം നടന്നത്‌ ദൈവശക്തിയാലാണെന്നു സാരെഫാത്തിലെ വിധവയെപ്പോലെ ശൂനേമിലെ സ്‌ത്രീക്കും അറിയാമായിരുന്നു. ദൈവം തങ്ങളുടെ കുട്ടിയെ ജീവനിലേക്കു തിരികെ കൊണ്ടുവന്നപ്പോൾ ഈ രണ്ടു സ്‌ത്രീകളും മഹാസന്തോഷം അനുഭവിച്ചു.

യേശുവിന്റെ ശുശ്രൂഷാക്കാലത്തെ പുനരുത്ഥാനങ്ങൾ

ഏകദേശം 900 വർഷം കഴിഞ്ഞ്‌, ശൂനേമിന്‌ കുറച്ചകലെ വടക്കായി നയീൻ എന്ന ഗ്രാമത്തിനു വെളിയിൽവെച്ച്‌ ഒരു പുനരുത്ഥാനം നടന്നു. യേശുക്രിസ്‌തുവും ശിഷ്യന്മാരും കഫർന്നഹൂമിൽനിന്നു പുറപ്പെട്ട്‌ നയീന്റെ കവാടത്തോട്‌ അടുത്തപ്പോൾ ജനം ഒരാളെ അടക്കാൻ കൊണ്ടുപോകുന്നതു കണ്ടു. തന്റെ ഏക മകനെ നഷ്ടപ്പെട്ടിരുന്ന ഒരു വിധവയെ യേശു ശ്രദ്ധിച്ചു. കരയേണ്ട എന്ന്‌ അവൻ അവളോടു പറഞ്ഞു. അടുത്തതായി എന്താണു സംഭവിച്ചതെന്ന്‌ വൈദ്യനായ ലൂക്കൊസ്‌ നമ്മോടു പറയുന്നു: “അവൻ [യേശു] അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു. ബാല്യക്കാരാ എഴുന്നേല്‌ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു. മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്‌പിച്ചുകൊടുത്തു.” (ലൂക്കൊസ്‌ 7:13-15) ഈ അത്ഭുതം കണ്ടവർ ദൈവത്തെ മഹത്ത്വപ്പെടുത്തി. പുനരുത്ഥാനത്തെക്കുറിച്ചുള്ള വാർത്ത തെക്ക്‌ യെഹൂദ്യയിലേക്കും ചുറ്റുമുള്ള പ്രവിശ്യയിലേക്കും പടർന്നു. ആ അത്ഭുതത്തെക്കുറിച്ച്‌ കേട്ട സ്‌നാപക യോഹന്നാന്റെ ശിഷ്യന്മാർ അക്കാര്യം യോഹന്നാനെ അറിയിച്ചു. അവനാകട്ടെ, തങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന മിശിഹ യേശുതന്നെയാണോയെന്ന്‌ ചോദിച്ചറിയേണ്ടതിന്‌ അവരെ അവന്റെ അടുക്കലേക്ക്‌ അയച്ചു. യേശു അവരോട്‌ പറഞ്ഞു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്‌ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കുന്നു; ദരിദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.”​—⁠ലൂക്കൊസ്‌ 7:22.

യേശു നടത്തിയ അത്ഭുതകരമായ പുനരുത്ഥാനങ്ങളിൽ ഏറ്റവുമധികം അറിയപ്പെടുന്നത്‌ അവന്റെ അടുത്ത സുഹൃത്തായ ലാസറിന്റേതായിരുന്നു. ഈ സംഭവത്തിൽ, ലാസർ മരിച്ചശേഷം യേശു അവന്റെ ഭവനത്തിൽ വരാൻ കുറച്ച്‌ സമയമെടുത്തു. യേശു ബേഥാന്യയിൽ എത്തിയപ്പോൾ ലാസർ മരിച്ചിട്ട്‌ നാലു ദിവസമായിരുന്നു. ശവം വെച്ചിരുന്ന ഗുഹാകവാടത്തിലെ കല്ല്‌ മാറ്റാൻ യേശു ആവശ്യപ്പെട്ടപ്പോൾ മാർത്ത ഇങ്ങനെ പറഞ്ഞുകൊണ്ട്‌ അതിനോടു വിയോജിച്ചു: “കർത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ.” (യോഹന്നാൻ 11:39) എങ്കിലും, ലാസറിന്റെ ശരീരത്തിനുണ്ടായ ജീർണതയൊന്നും പുനരുത്ഥാനത്തിന്‌ ഒരു തടസ്സമായിരുന്നില്ല. യേശുവിന്റെ കൽപ്പനപ്രകാരം, “മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു.” ജീവനിലേക്കു വന്നത്‌ ലാസർതന്നെയാണെന്ന്‌ അതേത്തുടർന്നു യേശുവിന്റെ ശത്രുക്കളിൽനിന്നുണ്ടായ പ്രതികരണം തെളിയിക്കുന്നു.​—⁠യോഹന്നാൻ 11:43, 44; 12:1, 9-11.

പുനരുത്ഥാനം സംബന്ധിച്ച ഈ നാലു വിവരണങ്ങളിൽനിന്നു നാം എന്താണു പഠിക്കുന്നത്‌? പുനരുത്ഥാനം പ്രാപിച്ച ഓരോ വ്യക്തിയും അതേ വ്യക്തിയായിത്തന്നെയാണ്‌ ജീവനിലേക്കു വന്നത്‌. അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾ ഉൾപ്പെടെ സകലരും അവരെ തിരിച്ചറിഞ്ഞു. മരണാവസ്ഥയിലായിരുന്ന ഹ്രസ്വകാലയളവിൽ സംഭവിച്ച എന്തെങ്കിലും കാര്യത്തെക്കുറിച്ച്‌ പുനരുത്ഥാനം പ്രാപിച്ച ആരും പറഞ്ഞില്ല. മറ്റൊരു ലോകത്തേക്ക്‌ സഞ്ചരിച്ചതിനെക്കുറിച്ചും ആരും സംസാരിച്ചില്ല. അവരെല്ലാം നല്ല ആരോഗ്യവാന്മാരായി തിരിച്ചുവന്നു. യേശു സൂചിപ്പിച്ചതുപോലെ, അൽപ്പനേരം ഉറങ്ങിയിട്ട്‌ എഴുന്നേറ്റു വന്നതുപോലെയായിരുന്നു അവരുടെ അവസ്ഥ. (യോഹന്നാൻ 11:11) എന്നിരുന്നാലും, കാലക്രമത്തിൽ അവരെല്ലാം വീണ്ടും മരിച്ചു.

പ്രിയപ്പെട്ടവരുമായുള്ള പുനഃസംഗമം​—⁠മഹത്തായ ഒരു പ്രത്യാശ

മുൻ ലേഖനത്തിൽ പരാമർശിച്ച ഓയൻ എന്ന കുട്ടിയുടെ ദാരുണ മരണത്തിന്‌ കുറച്ചു ദിവസങ്ങൾക്കു ശേഷം അവന്റെ പിതാവ്‌ അയൽപക്കത്തെ ഒരു വീട്ടിൽചെന്നു. യഹോവയുടെ സാക്ഷികൾ സംഘടിപ്പിക്കുന്ന ഒരു പരസ്യപ്രസംഗത്തെ പരസ്യപ്പെടുത്തുന്ന ഒരു നോട്ടീസ്‌ അവിടെ ഒരു മേശപ്പുറത്ത്‌ കിടക്കുന്നത്‌ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. “മരിച്ചവർ എവിടെ?” എന്ന അതിന്റെ വിഷയം അദ്ദേഹത്തെ ആകർഷിച്ചു. അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന ചോദ്യവും അതുതന്നെ ആയിരുന്നു. ആ പ്രസംഗത്തിന്‌ ഹാജരായ അദ്ദേഹം ബൈബിളിൽനിന്നുള്ള യഥാർഥ ആശ്വാസം കണ്ടെത്തി. മരിച്ചവർ കഷ്ടപ്പെടുന്നില്ലെന്ന്‌ അദ്ദേഹം മനസ്സിലാക്കി. ഓയൻ ഉൾപ്പെടെ മരിച്ചവർ നരകാഗ്നിയിൽ ദണ്ഡനം അനുഭവിക്കുന്നില്ല, സ്വർഗത്തിൽ മാലാഖമാരായിരിക്കാൻ വേണ്ടി ദൈവം അവരെ എടുത്തിട്ടുമില്ല. പകരം പുനരുത്ഥാനം നടക്കാനുള്ള സമയമാകുന്നതുവരെ അവർ ശവക്കുഴിയിൽ വിശ്രമിക്കുകയാണ്‌.​—⁠സഭാപ്രസംഗി 9:5, 10; യെഹെസ്‌കേൽ 18:⁠4.

നിങ്ങളുടെ കുടുംബത്തിൽ ഒരു ദുരന്തം ഉണ്ടായിട്ടുണ്ടോ? മരിച്ചുപോയ പ്രിയപ്പെട്ടവർ ഇപ്പോൾ എവിടെയാണ്‌, അവരെ വീണ്ടും കാണാൻ എന്തു സാധ്യതയാണുള്ളത്‌ എന്ന്‌ ഓയന്റെ പിതാവിനെപ്പോലെ നിങ്ങളും ചിന്തിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, പുനരുത്ഥാനത്തെക്കുറിച്ച്‌ ബൈബിൾ കൂടുതലായി എന്താണു പറയുന്നതെന്നു പരിശോധിച്ചുനോക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ‘പുനരുത്ഥാനം നടക്കുന്നത്‌ എപ്പോഴായിരിക്കും? ആർക്കായിരിക്കും അതിന്റെ പ്രയോജനം ലഭിക്കുക?’ എന്നീ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിലുണ്ടാകാം. ഇവയുടെയും മറ്റു ചോദ്യങ്ങളുടെയും ഉത്തരത്തിനായി ദയവായി അടുത്ത ലേഖനങ്ങൾ വായിക്കുക.

[അടിക്കുറിപ്പ്‌]

^ ഖ. 6 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 150-4 പേജുകൾ കാണുക.

[5-ാം പേജിലെ ചിത്രം]

ഒരു ആൺകുട്ടിയെ ജീവിപ്പിക്കാൻ ഏലീയാവ്‌ യഹോവയോട്‌ അപേക്ഷിച്ചു

[5-ാം പേജിലെ ചിത്രം]

ശൂനേംകാരത്തിയുടെ മകനെ ഉയിർപ്പിക്കാൻ യഹോവ എലീശായെ ഉപയോഗിച്ചു

[6-ാം പേജിലെ ചിത്രം]

യേശു നയീനിലെ വിധവയുടെ മകനെ ഉയിർപ്പിച്ചു

[7-ാം പേജിലെ ചിത്രം]

പ്രിയപ്പെട്ടവരുമായുള്ള പുനഃസംഗമത്തിന്റെ സമയമായിരിക്കും പുനരുത്ഥാനം