വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുനരുത്ഥാനം ലഭിക്കുന്നത്‌ ആർക്കെല്ലാം?

പുനരുത്ഥാനം ലഭിക്കുന്നത്‌ ആർക്കെല്ലാം?

പുനരുത്ഥാനം ലഭിക്കുന്നത്‌ ആർക്കെല്ലാം?

“ഇതിങ്കൽ ആശ്ചര്യപ്പെടരുതു; [സ്‌മാരക] കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു . . . പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.”​—⁠യോഹന്നാൻ 5:⁠28, 29.

1. എരിയുന്ന മുൾപ്പടർപ്പിൽനിന്ന്‌ ശ്രദ്ധേയമായ എന്തു പ്രഖ്യാപനമാണ്‌ മോശെ കേട്ടത്‌, പിന്നീട്‌ ആരാണ്‌ ആ വാക്കുകളെക്കുറിച്ചു പരാമർശിച്ചത്‌?

ഏകദേശം 3500-ലധികം വർഷങ്ങൾക്കുമുമ്പാണ്‌ അസാധാരണമായ ആ കാര്യം സംഭവിച്ചത്‌. ഗോത്രപിതാവായ യിത്രോവിന്റെ ആടുകളെ മേയ്‌ക്കുകയായിരുന്നു മോശെ. ഹോരേബ്‌ പർവതത്തിനടുത്ത്‌ യഹോവയുടെ ദൂതൻ ഒരു മുൾപ്പടർപ്പിന്റെ നടുവിൽ അഗ്നിജ്വാലയിൽ മോശെക്കു പ്രത്യക്ഷനായി. “അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചുകത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു,” പുറപ്പാടുപുസ്‌തകത്തിലെ വിവരണം പറയുന്നു. പിന്നീട്‌ മുൾപ്പടർപ്പിൽനിന്ന്‌ ഒരു ശബ്ദം അവനെ വിളിച്ചു. “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്‌ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു” എന്ന്‌ ആ ശബ്ദം പ്രഖ്യാപിച്ചു. (പുറപ്പാടു 3:⁠1-6) പിന്നീട്‌, പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ദൈവത്തിന്റെ സ്വന്തപുത്രനായ യേശുതന്നെ ആ വാക്കുകളെക്കുറിച്ചു പരാമർശിച്ചു.

2, 3. (എ) അബ്രാഹാമിനും യിസ്‌ഹാക്കിനും യാക്കോബിനും എന്തു പ്രത്യാശയാണുള്ളത്‌? (ബി) ഏതു ചോദ്യങ്ങൾ പരിചിന്തനാർഹമാണ്‌?

2 പുനരുത്ഥാനത്തിൽ വിശ്വാസമില്ലാതിരുന്ന സദൂക്യരിൽ ചിലരുമായി ഒരു ചർച്ചയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു യേശു. അവൻ ഇങ്ങനെ പ്രസ്‌താവിച്ചു: “മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കുന്നു എന്നതോ മോശെയും മുൾപടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്‌ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു. ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.” (ലൂക്കൊസ്‌ 20:⁠27, 37, 38) ഈ വാക്കുകളിലൂടെ, വളരെ മുമ്പു മരിച്ചുപോയ അബ്രാഹാമും യിസ്‌ഹാക്കും യാക്കോബും ദൈവത്തിന്റെ വീക്ഷണത്തിൽ ജീവിച്ചിരിക്കുന്നെന്ന്‌ യേശു സ്ഥിരീകരിച്ചു. അതേ, അവർ ദൈവത്തിന്റെ ഓർമയിൽ ഇപ്പോഴും ജീവിക്കുന്നു. ഇയ്യോബിനെപ്പോലെ, അവർ ‘യുദ്ധകാലം’ അതായത്‌ മരണനിദ്ര കഴിയാൻ കാത്തിരിക്കുന്നു. (ഇയ്യോബ്‌ 14:⁠14) ദൈവത്തിന്റെ പുതിയ ലോകത്തിൽ അവർ ഉയിർപ്പിക്കപ്പെടും.

3 എന്നാൽ, മനുഷ്യചരിത്രത്തിലുടനീളം മൺമറഞ്ഞുപോയിട്ടുള്ള ശതകോടിക്കണക്കിന്‌ ആളുകളെ സംബന്ധിച്ചെന്ത്‌? അവർക്കും പുനരുത്ഥാനം ഉണ്ടാകുമോ? ആ ചോദ്യത്തിന്‌ തൃപ്‌തികരമായ ഒരു ഉത്തരം കണ്ടെത്തുന്നതിനുമുമ്പ്‌, മരിക്കുമ്പോൾ ആളുകൾക്ക്‌ എന്തു സംഭവിക്കുന്നുവെന്നതു സംബന്ധിച്ച്‌ ദൈവവചനം എന്താണു പറയുന്നതെന്നു നമുക്കു കണ്ടുപിടിക്കാം.

മരിച്ചവർ എവിടെയാണ്‌?

4. (എ) മരിക്കുമ്പോൾ ആളുകൾ എവിടേക്കു പോകുന്നു? (ബി) എന്താണു ഷീയോൾ?

4 മരിച്ചവർ “ഒന്നും അറിയുന്നില്ല” എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. മരിക്കുന്ന ഒരു വ്യക്തി, നരകാഗ്നിയിൽ ദണ്ഡിപ്പിക്കപ്പെടുകയോ ലിംബോയിലെ [റോമൻ കത്തോലിക്കാ ദൈവശാസ്‌ത്രമനുസരിച്ച്‌, മാമ്മോദീസ സ്വീകരിക്കാതിരുന്നതു നിമിത്തം മരണാനന്തരം സ്വർഗത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടവർ വസിക്കുന്ന സ്ഥലം] ദുഷ്‌കരമായ അവസ്ഥയിൽ കാത്തിരിക്കുകയോ ഒന്നും ചെയ്യുന്നില്ല, പൊടിയിലേക്കു മടങ്ങുക മാത്രമാണു ചെയ്യുന്നത്‌. അതുകൊണ്ട്‌ ജീവിച്ചിരിക്കുന്നവരെ ദൈവവചനം ഇങ്ങനെ ഉപദേശിക്കുന്നു: “ചെയ്‌വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്‌ക; നീ ചെല്ലുന്ന പാതാളത്തിൽ [എബ്രായയിൽ “ഷീയോളിൽ”] പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാപ്രസംഗി 9:⁠5, 10; ഉല്‌പത്തി 3:⁠19) പാതാളം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന “ഷീയോൾ” എന്ന എബ്രായപദം പലർക്കും അത്ര പരിചിതമല്ല. അതിന്റെ ഉത്ഭവം വ്യക്തമല്ല. മരിച്ചവർ തുടർന്നും ജീവിക്കുന്നെന്ന്‌ പല മതങ്ങളും പഠിപ്പിക്കുന്നു, എന്നാൽ ഷീയോളിൽ ഉള്ളവർ യാതൊന്നും അറിയുന്നില്ലെന്നാണ്‌ ദൈവത്തിന്റെ നിശ്വസ്‌ത വചനം കാണിച്ചുതരുന്നത്‌. മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയാണ്‌ ഷീയോൾ.

5, 6. മരിച്ചപ്പോൾ യാക്കോബ്‌ എവിടേക്കു പോയി, അവിടെ അവൻ ആരോടൊപ്പം ചേർന്നു?

5 ബൈബിളിൽ “പാതാളം” [“ഷീയോൾ”] എന്ന പദം നാം ആദ്യം കാണുന്നത്‌ ഉല്‌പത്തി 37:⁠35-ലാണ്‌. തന്റെ പ്രിയപുത്രനായ യോസേഫ്‌ മരണമടഞ്ഞെന്നു വിശ്വസിച്ച ഗോത്രപിതാവായ യാക്കോബിന്‌ ആശ്വാസം കൈക്കൊള്ളാൻ കഴിഞ്ഞില്ല. അവൻ ഇങ്ങനെ പറഞ്ഞു: ‘ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ [“ഷീയോളിൽ”] ഇറങ്ങും.’ തന്റെ പുത്രൻ മരിച്ചെന്നു കരുതിയ യാക്കോബ്‌, മരിക്കാനും ഷീയോളിൽ ആയിരിക്കാനും ആഗ്രഹിച്ചു. പിന്നീട്‌ യാക്കോബിന്റെ മക്കളിൽ മൂത്തവരായ ഒമ്പതുപേർ, ക്ഷാമത്തിൽനിന്ന്‌ ആശ്വാസംതേടുന്നതിന്‌ ഏറ്റവും ഇളയവനായ ബെന്യാമീനെ ഈജിപ്‌തിലേക്കു കൊണ്ടുപോകാൻ ആഗ്രഹിച്ചപ്പോൾ യാക്കോബ്‌ അത്‌ അനുവദിച്ചില്ല. അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ മകൻ നിങ്ങളോടുകൂടെ പോരികയില്ല: അവന്റെ ജ്യേഷ്‌ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു [“ഷീയോളിലേക്കു”] ഇറങ്ങുമാറാക്കും.” (ഉല്‌പത്തി 42:⁠36, 38) ഈ രണ്ടു പരാമർശങ്ങളും ഷീയോളിനെ മരണത്തോടാണു ബന്ധപ്പെടുത്തുന്നത്‌, ഏതെങ്കിലും തരത്തിലുള്ള മരണാനന്തര ജീവിതത്തോടല്ല.

6 യോസേഫ്‌ ഈജിപ്‌തിൽ ഭക്ഷ്യകാര്യവിചാരകൻ ആയിത്തീർന്നെന്ന്‌ ഉല്‌പത്തിയിലെ വിവരണം വെളിപ്പെടുത്തുന്നു. ഒടുവിൽ, യാക്കോബ്‌ അവിടേക്കു യാത്രചെയ്യുകയും അത്‌ യോസേഫുമായുള്ള ആഹ്ലാദകരമായ പുനഃസംഗമത്തിൽ കലാശിക്കുകയും ചെയ്‌തു. തദനന്തരം 147-ാം വയസ്സിൽ മരിക്കുവോളം യാക്കോബ്‌ ആ ദേശത്തുതന്നെ താമസിച്ചു. അവൻ മരിച്ചപ്പോൾ, അവന്റെ അന്തിമ അഭിലാഷമനുസരിച്ച്‌ മക്കൾ അവന്റെ ജഡം കനാനിലേക്കു കൊണ്ടുപോയി മക്‌പേലാ ഗുഹയിൽ അടക്കം ചെയ്‌തു. (ഉല്‌പത്തി 47:⁠28; 49:⁠29-31; 50:⁠12, 13) അങ്ങനെ, അവിടെ അവൻ പിതാവായ യിസ്‌ഹാക്കിനോടും പിതാമഹനായ അബ്രാഹാമിനോടും ചേർന്നു.

‘അവരുടെ പിതാക്കന്മാരോടു ചേർന്നു’

7, 8. (എ) മരണത്തിങ്കൽ അബ്രാഹാം എവിടേക്കാണു പോയത്‌? വിശദീകരിക്കുക. (ബി) മരണത്തിങ്കൽ മറ്റുള്ളവർ ഷീയോളിലേക്കാണു പോയതെന്ന്‌ എന്തു വ്യക്തമാക്കുന്നു?

7 അതിനു മുമ്പ്‌, യഹോവ അബ്രാഹാമുമായുള്ള തന്റെ ഉടമ്പടി സ്ഥിരീകരിക്കുകയും അവന്റെ സന്തതിയെ വർധിപ്പിക്കുമെന്ന വാഗ്‌ദാനം നൽകുകയും ചെയ്‌തപ്പോൾ അബ്രാഹാമിന്‌ എന്താണു സംഭവിക്കുകയെന്നു സൂചിപ്പിച്ചിരുന്നു. അവൻ പറഞ്ഞു: “നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.” (ഉല്‌പത്തി 15:⁠15) കൃത്യമായും അതുതന്നെയാണു സംഭവിച്ചത്‌. ഉല്‌പത്തി 25:⁠8 പറയുന്നു: “അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.” ആരായിരുന്നു ആ ജനം അഥവാ ആളുകൾ? ഉല്‌പത്തി 11:⁠10-26-ൽ നോഹയുടെ മകനായ ശേംവരെയുള്ള അബ്രാഹാമിന്റെ പൂർവികരുടെ ഒരു പട്ടികയുണ്ട്‌. അതുകൊണ്ട്‌, ഷീയോളിൽ അപ്പോൾത്തന്നെ നിദ്രയിൽ ആയിരുന്ന ഇവരോടൊപ്പമാണ്‌ അബ്രാഹാം മരണത്തിങ്കൽ ചേർന്നത്‌.

8 “തന്റെ ജനത്തോടു ചേർന്നു” എന്ന പ്രയോഗം എബ്രായ തിരുവെഴുത്തുകളിൽ കൂടെക്കൂടെ കാണാറുണ്ട്‌. തന്നിമിത്തം അബ്രാഹാമിന്റെ മകനായ ഇശ്‌മായേൽ, മോശെയുടെ സഹോദരനായ അഹരോൻ എന്നിവർ മരണത്തിങ്കൽ ഷീയോളിലേക്കു പോകുകയും അവിടെ പുനരുത്ഥാനം കാത്തിരിക്കുകയും ആണെന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമാണ്‌. (ഉല്‌പത്തി 25:⁠17; സംഖ്യാപുസ്‌തകം 20:⁠23-29) മോശെയുടെ ശവക്കുഴിയുടെ സ്ഥാനം അജ്ഞാതമാണെങ്കിലും മേൽപ്പറഞ്ഞതിന്റെ വീക്ഷണത്തിൽ അവനും ഷീയോളിലേക്കാണു പോയത്‌. (സംഖ്യാപുസ്‌തകം 27:⁠13; ആവർത്തനപുസ്‌തകം 34:⁠5, 6) സമാനമായി, മോശെക്കുശേഷം ഇസ്രായേലിന്റെ നായകനായിത്തീർന്ന യോശുവയും, ഒരു മുഴു തലമുറയും മരണത്തിങ്കൽ ഷീയോളിലേക്കു പോയി.​—⁠ന്യായാധിപന്മാർ 2:⁠8-10.

9. (എ) എബ്രായ പദമായ ‘ഷീയോളും’ ഗ്രീക്കു പദമായ ‘ഹേഡീസും’ ഒരേ സ്ഥലത്തെയാണു കുറിക്കുന്നതെന്നു ബൈബിൾ കാണിച്ചുതരുന്നത്‌ എങ്ങനെ? (ബി) ഷീയോളിലോ ഹേഡീസിലോ കഴിയുന്നവരുടെ പ്രത്യാശ എന്താണ്‌?

9 നൂറ്റാണ്ടുകൾക്കുശേഷം 12 ഗോത്ര ഇസ്രായേലിന്റെ രാജാവായി ദാവീദ്‌ നിയമിതനായി. മരണത്തിങ്കൽ അവൻ “തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു.” (1 രാജാക്കന്മാർ 2:⁠10) അവനും ഷീയോളിൽ ആയിരുന്നോ? പൊ.യു. 33-ലെ പെന്തെക്കൊസ്‌തു ദിവസം അപ്പൊസ്‌തലനായ പത്രൊസ്‌ ദാവീദിന്റെ മരണത്തെക്കുറിച്ചു പറയുകയും സങ്കീർത്തനം 16:⁠10 ഉദ്ധരിക്കുകയും ചെയ്‌തു: “നീ എന്റെ പ്രാണനെ പാതാളത്തിൽ [“ഷീയോളിൽ”] വിടുകയില്ല.” ദാവീദ്‌ അപ്പോഴും കല്ലറയിലാണെന്നു ചൂണ്ടിക്കാട്ടിയശേഷം പത്രൊസ്‌ ആ വാക്കുകൾ യേശുവിനു ബാധകമാക്കി. “അവനെ പാതാളത്തിൽ [“ഷീയോളിൽ”] വിട്ടുകളഞ്ഞില്ല; അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്‌തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു [ദാവീദ്‌] പ്രസ്‌താവിച്ചു” എന്നും “ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്‌പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു” എന്നും പത്രൊസ്‌ പറഞ്ഞു. (പ്രവൃത്തികൾ 2:⁠29-32) ഇവിടെ പാതാളം എന്നതിനു പത്രൊസ്‌ ഉപയോഗിച്ച പദം “ഹേഡീസ്‌” ആണ്‌. അത്‌ “ഷീയോൾ” എന്ന എബ്രായപദത്തിനു തുല്യമായ ഗ്രീക്കു പദമാണ്‌. അപ്പോൾ, ഹേഡീസിൽ ഉള്ളവരെന്നു പറഞ്ഞിരിക്കുന്നവർ ഷീയോളിൽ ഉണ്ടെന്നു പറഞ്ഞിരിക്കുന്നവരുടെ അതേ അവസ്ഥയിലാണ്‌, അവരും പുനരുത്ഥാനം കാത്തുകൊണ്ട്‌ ഉറങ്ങുകയാണ്‌.

ഷീയോളിൽ നീതികെട്ടവർ ഉണ്ടോ?

10, 11. നീതികെട്ട ചിലർ മരണത്തിങ്കൽ ഷീയോളിലേക്കു പോകുന്നുവെന്നു നമുക്കു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

10 മോശെ ഇസ്രായേൽ ജനത്തെ ഈജിപ്‌തിൽനിന്നു പുറത്തേക്കു നയിച്ചശേഷം മരുഭൂമിയിൽവെച്ച്‌ ഒരു മത്സരം പൊട്ടിപ്പുറപ്പെട്ടു. അതിനു ചുക്കാൻപിടിച്ച കോരഹ്‌, ദാഥാൻ, അബീരാം എന്നിവരിൽനിന്ന്‌ വേറിട്ടുനിൽക്കാൻ മോശെ ജനത്തോട്‌ ആവശ്യപ്പെട്ടു. അവർ അതിദാരുണമാംവിധം മരണമടയാൻ പോകുകയായിരുന്നു. മോശെ വിശദീകരിച്ചു: “സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്കു ഭവിക്കയോ ചെയ്‌താൽ യഹോവ എന്നെ അയച്ചിട്ടില്ല. എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കയും ഭൂമി വായ്‌ പിളർന്നു അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടെ പാതാളത്തിലേക്കു [“ഷീയോളിലേക്കു”] ഇറങ്ങുകയും ചെയ്‌താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും.” (സംഖ്യാപുസ്‌തകം 16:⁠29, 30) ഭൂമിപിളർന്ന്‌ അവരെ വിഴുങ്ങിയിട്ടായാലും ഇനി, കോരഹിന്റെയും അവന്റെ പക്ഷംചേർന്ന 250 ലേവ്യരുടെയും കാര്യത്തിൽ സംഭവിച്ചതുപോലെ അഗ്നി ദഹിപ്പിച്ചിട്ടായാലും ആ മത്സരികളെല്ലാം ചെന്നവസാനിച്ചത്‌ ഷീയോളിലാണ്‌.​—⁠സംഖ്യാപുസ്‌തകം 26:⁠10, NW.

11 ദാവീദ്‌ രാജാവിനെ ശപിച്ച ശിമെയി ദാവീദിന്റെ പിന്തുടർച്ചക്കാരനായ ശലോമോന്റെ കൈയാൽ ശിക്ഷിക്കപ്പെട്ടു. “നീ അവനെ ശിക്ഷിക്കാതെ വിടരുതു; നീ ബുദ്ധിമാനല്ലോ; അവനോടു എന്തു ചെയ്യേണമെന്നു നീ അറിയും; അവന്റെ നരയെ രക്തത്തോടെ പാതാളത്തിലേക്കു [“ഷീയോളിലേക്കു”] അയക്കുക” എന്ന്‌ ദാവീദ്‌ ശലോമോനോടു കൽപ്പിച്ചു. ശലോമോൻ ബെനായാവിനെ അയച്ച്‌ ശിക്ഷാവിധി നടപ്പാക്കി. (1 രാജാക്കന്മാർ 2:⁠8, 9, 44-46) ഇസ്രായേലിൽ മുമ്പ്‌ സേനാപതിയായിരുന്ന യോവാബാണ്‌ ബെനായാവിന്റെ വാളിന്‌ ഇരയായ മറ്റൊരാൾ. ‘അവന്റെ നര സമാധാനത്തോടെ പാതാളത്തിൽ [“ഷീയോളിൽ”] ഇറങ്ങിയില്ല.’ (1 രാജാക്കന്മാർ 2:⁠5, 6, 28-34) ഈ രണ്ട്‌ ഉദാഹരണങ്ങളും “ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു [“ഷീയോളിലേക്കു”] തിരിയും” എന്ന ദാവീദിന്റെ നിശ്വസ്‌ത ഗീതത്തിന്റെ സത്യത ശരിവെക്കുന്നു.​—⁠സങ്കീർത്തനം 9:⁠17

12. അഹീഥോഫെൽ ആരായിരുന്നു, മരണത്തിങ്കൽ അവൻ എവിടേക്കു പോയി?

12 ദാവീദിന്റെ സ്വകാര്യ ഉപദേഷ്ടാവ്‌ ആയിരുന്നു അഹീഥോഫെൽ. അവന്റെ ആലോചന യഹോവയുടെ ബുദ്ധിയുപദേശമെന്നപോലെ പരിഗണിക്കപ്പെട്ടിരുന്നു. (2 ശമൂവേൽ 16:⁠23) സങ്കടകരമെന്നു പറയട്ടെ, ദാവീദിന്റെ ആ വിശ്വസ്‌ത സേവകൻ വിശ്വാസവഞ്ചകൻ ആയിത്തീരുകയും ദാവീദിന്റെ മകനായ അബ്‌ശാലോം നേതൃത്വം കൊടുത്ത മത്സരത്തിൽ പങ്കാളിയാകുകയും ചെയ്‌തു. പിൻവരുംവിധം എഴുതിയപ്പോൾ സാധ്യതയനുസരിച്ച്‌ ദാവീദ്‌ ആ വഞ്ചനയെക്കുറിച്ചാണു സൂചിപ്പിച്ചത്‌: “എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.” ദാവീദ്‌ തുടർന്നു, “മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്കു [“ഷീയോളിലേക്കു”] ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്‌.” (സങ്കീർത്തനം 55:⁠12-15) മരിച്ചപ്പോൾ അഹീഥോഫെലും അനുയായികളും ഷീയോളിലേക്കു പോയി.

ഗീഹെന്നയിൽ ആരാണുള്ളത്‌?

13. യൂദായെ ‘നാശയോഗ്യൻ’ എന്നു വിളിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 ദാവീദിന്റെ സാഹചര്യം, വലിയ ദാവീദായ യേശു അനുഭവിക്കേണ്ടിവന്ന സാഹചര്യവുമായി ഒന്നു താരതമ്യം ചെയ്യുക. ക്രിസ്‌തുവിന്റെ 12 അപ്പൊസ്‌തലന്മാരിൽ ഒരാളായിരുന്ന യൂദാ ഈസ്‌കര്യോത്താ, അഹീഥോഫെലിനെപ്പോലെ ഒരു ചതിയൻ ആയിത്തീർന്നു. എന്നാൽ യൂദായുടെ വഞ്ചന അഹീഥോഫെലിന്റേതിനെ അപേക്ഷിച്ച്‌ വളരെ ഗൗരവമർഹിക്കുന്നത്‌ ആയിരുന്നു. ദൈവത്തിന്റെ ഏകജാതപുത്രനെതിരെയാണ്‌ യൂദാ പ്രവർത്തിച്ചത്‌. തന്റെ ഭൗമിക ശുശ്രൂഷയുടെ അവസാനഭാഗത്തു നടത്തിയ ഒരു പ്രാർഥനയിൽ ദൈവപുത്രൻ തന്റെ അനുയായികളെക്കുറിച്ച്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.” (യോഹന്നാൻ 17:⁠12) ഇവിടെ യൂദായെ ‘നാശയോഗ്യൻ’ എന്നു പരാമർശിച്ചപ്പോൾ, അവൻ മരിക്കുമ്പോൾ അവനു പുനരുത്ഥാന പ്രത്യാശ ഉണ്ടായിരിക്കുകയില്ലെന്നു സൂചിപ്പിക്കുകയായിരുന്നു യേശു. യൂദാ ദൈവത്തിന്റെ സ്‌മരണയിൽ നിലനിന്നില്ല. അവൻ ഷീയോളിലേക്കല്ല, ഗീഹെന്നയിലേക്കാണു പോയത്‌. എന്താണു ഗീഹെന്ന?

14. ഗീഹെന്ന എന്തിനെയാണു പ്രതിനിധാനം ചെയ്യുന്നത്‌?

14 യേശു തന്റെ നാളിലെ മതനേതാക്കന്മാരെ കുറ്റംവിധിച്ചു, കാരണം അവർ തങ്ങളുടെ ശിഷ്യന്മാരിൽ ഓരോരുത്തരെയും “നരകയോഗ്യൻ” [ഗ്രീക്കിൽ “ഗീഹെന്ന”യ്‌ക്കു യോഗ്യൻ] ആക്കി. (മത്തായി 23:⁠14, 15) അക്കാലത്തെ ആളുകൾക്ക്‌ ഹിന്നോം താഴ്‌വര പരിചിതമായിരുന്നു. ചപ്പുചവറുകളും മാന്യമായ സംസ്‌കാരത്തിനു യോഗ്യതയില്ലാത്തവരായി ഗണിച്ചിരുന്ന കുറ്റപ്പുള്ളികളുടെ ജഡങ്ങളും കൊണ്ടുവന്നു തള്ളിയിരുന്ന സ്ഥലമാണ്‌ അത്‌. മുമ്പൊരിക്കൽ, ഗിരിപ്രഭാഷണം നടത്തവേ യേശു ഗീഹെന്നയെക്കുറിച്ചു പറഞ്ഞിരുന്നു. (മത്തായി 5:29, 30) അതിന്റെ പ്രതീകാത്മക അർഥം അവന്റെ കേൾവിക്കാർക്കു വ്യക്തമായിരുന്നു. പുനരുത്ഥാന പ്രത്യാശയില്ലാത്ത സമ്പൂർണ നാശത്തെയാണ്‌ ഗീഹെന്ന പ്രതിനിധാനം ചെയ്‌തത്‌. യേശുവിന്റെ നാളിലെ യൂദാ ഈസ്‌കര്യോത്താ അല്ലാതെ മറ്റാരെങ്കിലും മരണത്തിങ്കൽ ഷീയോളിലേക്കു പോകുന്നതിനു പകരം ഗീഹെന്നയിലേക്കു പോയിട്ടുണ്ടോ?

15, 16. മരണത്തിങ്കൽ ഗീഹെന്നയിലേക്കു പോയവർ ആരെല്ലാം, അവർ അവിടേക്കു പോയത്‌ എന്തുകൊണ്ട്‌?

15 ആദ്യമനുഷ്യരായിരുന്ന ആദാമും ഹവ്വായും പൂർണരായാണു സൃഷ്ടിക്കപ്പെട്ടത്‌. അവർ മനഃപൂർവം പാപം ചെയ്യുകയായിരുന്നു. അവരുടെ മുമ്പാകെ നിത്യജീവനും മരണവും ഉണ്ടായിരുന്നു, അവർക്കു തിരഞ്ഞെടുക്കാമായിരുന്നു. അവർ ദൈവത്തോട്‌ അനുസരണക്കേടു കാണിക്കുകയും സാത്താന്റെ പക്ഷം ചേരുകയും ചെയ്‌തു. മരിച്ചപ്പോൾ, ക്രിസ്‌തുവിന്റെ മറുവിലയാഗത്തിൽനിന്നു പ്രയോജനം നേടാമെന്ന പ്രത്യാശ അവർക്കില്ലായിരുന്നു. അവർ ഗീഹെന്നയിലേക്കു പോയി.

16 ആദാമിന്റെ ആദ്യജാതൻ കയീൻ, തന്റെ സഹോദരനായ ഹാബെലിനെ വധിച്ചു. തുടർന്ന്‌ അവൻ ഒരു അഭയാർഥിയെപ്പോലെ ജീവിച്ചു. ‘ദുഷ്ടനിൽനിന്നുള്ളവൻ’ എന്നാണ്‌ അപ്പൊസ്‌തലനായ യോഹന്നാൻ കയീനെ വിശേഷിപ്പിച്ചത്‌. (1 യോഹന്നാൻ 3:⁠12) തന്റെ മാതാപിതാക്കളെപ്പോലെ അവനും മരണത്തിങ്കൽ ഗീഹെന്നയിലേക്കാണു പോയതെന്നു കരുതുന്നതു ന്യായയുക്തമാണ്‌. (മത്തായി 23:⁠33, 35) നീതിമാനായ ഹാബെലിന്റെ അവസ്ഥ എത്ര വ്യത്യസ്‌തമാണ്‌! പൗലൊസ്‌ ഇപ്രകാരം പറയുന്നു: “വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്‌പിച്ചു.” അവൻ കൂട്ടിച്ചേർക്കുന്നു: “മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.” (എബ്രായർ 11:⁠4) അതേ, ഹാബേൽ പുനരുത്ഥാനം പ്രതീക്ഷിച്ചുകൊണ്ട്‌ ഷീയോളിലുണ്ട്‌.

“ഒന്നാമത്തെ” പുനരുത്ഥാനവും “മെച്ചപ്പെട്ട” പുനരുത്ഥാനവും

17. (എ) ഈ ‘അന്ത്യകാലത്ത്‌’ ആരാണ്‌ ഷീയോളിലേക്കു പോകുന്നത്‌? (ബി) ഷീയോളിലുള്ളവരുടെ പ്രത്യാശയെന്ത്‌, ഗീഹെന്നയിലുള്ളവർക്ക്‌ എന്തു സംഭവിക്കും?

17 ഈ വിവരങ്ങൾ വായിക്കുന്ന പലരും ഈ ‘അന്ത്യകാലത്തു’ മരിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്നു ചിന്തിച്ചേക്കാം. (ദാനീയേൽ 8:⁠19) വെളിപ്പാടു 6-ാം അധ്യായം, അന്ത്യകാലത്തു സഞ്ചരിക്കുന്ന നാലു കുതിരസവാരിക്കാരെ വർണിക്കുന്നുണ്ട്‌. അവസാനത്തെ സവാരിക്കാരന്റെ പേര്‌ മരണം എന്നാണെന്നതു ശ്രദ്ധേയമാണ്‌. ഹേഡീസ്‌ അവനെ പിന്തുടരുന്നു. അതായത്‌, മുമ്പേ പോകുന്ന സവാരിക്കാരുടെ പ്രവർത്തനഫലമായി അകാലമരണത്തിന്‌ ഇരയാകുന്ന പലരും ഹേഡീസിൽ എത്തുന്നു, അവിടെ ദൈവത്തിന്റെ പുതിയ ലോകത്തിലേക്കുള്ള പുനരുത്ഥാനം കാത്തു കഴിയുന്നു. (വെളിപ്പാടു 6:⁠8) അങ്ങനെയെങ്കിൽ ഷീയോളിലുള്ള (ഹേഡീസിലുള്ള) ആളുകളുടെ പ്രത്യാശ എന്താണ്‌, ഗീഹെന്നയിലുള്ള ആളുകൾക്ക്‌ എന്തു സംഭവിക്കും? ലളിതമായിപ്പറഞ്ഞാൽ ഷീയോളിലുള്ളവർക്കു പുനരുത്ഥാനവും ഗീഹെന്നയിലുള്ളവർക്കു നിത്യനാശവും.

18. ‘ഒന്നാമത്തെ പുനരുത്ഥാനം’ എന്തു പ്രത്യാശയാണു വെച്ചുനീട്ടുന്നത്‌?

18 അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്‌തുവിന്നും പുരോഹിതന്മാരായി ക്രിസ്‌തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.” ക്രിസ്‌തുവിനോടൊപ്പം സഹഭരണാധികാരികൾ ആയിത്തീരുന്നവർ “ഒന്നാമത്തെ പുനരുത്ഥാന”ത്തിൽ പങ്കുപറ്റുന്നു. എന്നാൽ മനുഷ്യവർഗത്തിൽ ശേഷിക്കുന്നവർക്ക്‌ എന്തു പ്രത്യാശയാണുള്ളത്‌?​—⁠വെളിപ്പാടു 20:⁠6.

19. ചിലർ ഒരു “മെച്ചപ്പെട്ട” പുനരുത്ഥാനത്തിൽനിന്നു പ്രയോജനം നേടുന്നത്‌ എങ്ങനെ?

19 ദൈവദാസന്മാരായ ഏലീയാവിന്റെയും എലീശായുടെയും കാലംമുതൽ പുനരുത്ഥാനം എന്ന അത്ഭുതത്തിലൂടെ ആളുകൾ ജീവനിലേക്കു തിരികെ വന്നിട്ടുണ്ട്‌. “സ്‌ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്‌പിനാൽ തിരികെകിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു [“മെച്ചപ്പെട്ട,” NW] ഉയിർത്തെഴുന്നേല്‌പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു” എന്നു പൗലൊസ്‌ എഴുതി. അതേ, വിശ്വസ്‌തരായ ഈ നിർമലതാപാലകർ ആകാംക്ഷാപൂർവം കാത്തിരുന്നത്‌ തങ്ങളെ വീണ്ടും മരണത്തിലേക്കു തള്ളിയിടുന്ന ഏതാനും വർഷത്തെ ഒരു ജീവിതത്തിലേക്കുള്ള പുനരുത്ഥാനമല്ല, പ്രത്യുത നിത്യജീവന്റെ പ്രതീക്ഷയോടുകൂടിയ ഒന്നാണ്‌! തീർച്ചയായും അത്‌ ഒരു “മെച്ചപ്പെട്ട” പുനരുത്ഥാനം ആയിരിക്കും.​—⁠എബ്രായർ 11:⁠35.

20. അടുത്ത ലേഖനം എന്താണു പരിചിന്തിക്കുന്നത്‌?

20 യഹോവ ഈ ദുഷ്ടവ്യവസ്ഥിതിക്ക്‌ അന്ത്യം വരുത്തുന്നതിനുമുമ്പ്‌ നാം വിശ്വസ്‌തരായി മരിക്കുന്നെങ്കിൽ നമുക്ക്‌ “മെച്ചപ്പെട്ട” പുനരുത്ഥാനത്തിന്റെ ഉറച്ച പ്രത്യാശയുണ്ട്‌. നിത്യജീവന്റെ പ്രത്യാശയോടുകൂടിയത്‌ ആയതുകൊണ്ടാണ്‌ അത്‌ മെച്ചപ്പെട്ട പുനരുത്ഥാനം ആയിരിക്കുന്നത്‌. യേശു ഇങ്ങനെ വാഗ്‌ദാനം ചെയ്‌തു: “ഇതിങ്കൽ ആശ്ചര്യപ്പെടരുതു; [സ്‌മാരക] കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:⁠28, 29) അടുത്ത ലേഖനം പുനരുത്ഥാനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു കൂടുതലായി പരിചിന്തിക്കുന്നു. പുനരുത്ഥാന പ്രത്യാശ, നിർമലതാപാലകർ ആയിരിക്കത്തക്കവണ്ണം നമ്മെ എങ്ങനെ ശക്തീകരിക്കുന്നെന്നും ആത്മത്യാഗ മനോഭാവം നട്ടുവളർത്താൻ എങ്ങനെ സഹായിക്കുന്നെന്നും അതു കാണിച്ചുതരും.

നിങ്ങൾ ഓർമിക്കുന്നുവോ?

• യഹോവയെ “ജീവനുള്ളവരുടെ” ദൈവമായി വർണിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ഷീയോളിലുള്ളവരുടെ അവസ്ഥ എന്താണ്‌?

• ഗീഹെന്നയിലുള്ളവർക്ക്‌ ഭാവി എന്തു കൈവരുത്തും?

• ചിലർ ഒരു “മെച്ചപ്പെട്ട” പുനരുത്ഥാനത്തിൽനിന്നു പ്രയോജനം നേടുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

അബ്രാഹാമിനെപ്പോലെ, ഷീയോളിലേക്കു പോകുന്നവർ പുനരുത്ഥാനത്തിനുള്ള നിരയിലാണ്‌

[16-ാം പേജിലെ ചിത്രങ്ങൾ]

ആദാം, ഹവ്വാ, കയീൻ, യൂദാ ഇസ്‌കര്യോത്താ എന്നിവർ ഗീഹെന്നയിലേക്കു പോയത്‌ എന്തുകൊണ്ട്‌?