പുനരുത്ഥാന പ്രത്യാശ—അതു നിങ്ങൾക്ക് എന്ത് അർഥമാക്കുന്നു?
പുനരുത്ഥാന പ്രത്യാശ—അതു നിങ്ങൾക്ക് എന്ത് അർഥമാക്കുന്നു?
“നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും . . . തൃപ്‌തിവരുത്തുന്നു.”—സങ്കീർത്തനം 145:16.
1-3. ചിലർക്ക് ഭാവി സംബന്ധിച്ച് എന്തു പ്രത്യാശയാണുള്ളത്? ദൃഷ്ടാന്തീകരിക്കുക.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിനടുത്തുള്ള ഒരു പ്രദേശം. ഒമ്പതു വയസ്സുകാരനായ ക്രിസ്റ്റഫറും മൂത്ത സഹോദരനും ഒരു പ്രഭാതത്തിൽ, അമ്മാവനും അമ്മാവിയും അവരുടെ രണ്ടു മക്കളുമൊത്ത് ആ പ്രദേശത്ത് വീടുതോറുമുള്ള ക്രിസ്‌തീയ ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് എന്താണു സംഭവിച്ചതെന്ന് വീക്ഷാഗോപുരത്തിന്റെ കൂട്ടുമാസികയായ ഉണരുക! പറയുന്നു. “ഉച്ചകഴിഞ്ഞ് അവർ കാഴ്‌ചകൾ കാണാൻ അടുത്തുള്ള ഒരു സമുദ്രതീര സന്ദർശക കേന്ദ്രമായ ബ്ലാക്ക്‌പൂളിലേക്കു പോയി. ആ ആറുപേരുൾപ്പെടെ പന്ത്രണ്ടു പേർ ഒരു വാഹനാപകടത്തിൽ തത്‌ക്ഷണം കൊല്ലപ്പെട്ടു, ‘ഒരു സമ്പൂർണ ദുരന്ത’മെന്നാണ് പോലീസ് അതിനെക്കുറിച്ചു വിവരിച്ചത്.”
2 ആ ദുരന്തത്തിന്റെ തലേ രാത്രി, ആ കുടുംബം സഭാ പുസ്‌തകാധ്യയനത്തിൽ പങ്കെടുത്തിരുന്നു, മരണത്തെക്കുറിച്ചാണ് അന്ന് അവിടെ ചർച്ചചെയ്‌തത്. “ക്രിസ്റ്റഫർ എപ്പോഴും ചിന്തിക്കുന്ന പ്രകൃതക്കാരനായിരുന്നു,” അവന്റെ പിതാവ് പറഞ്ഞു. “ആ രാത്രിയിൽ അവൻ ഒരു പുതിയലോകത്തെക്കുറിച്ചും ഭാവി സംബന്ധിച്ച അവന്റെ പ്രത്യാശയെക്കുറിച്ചും വ്യക്തമായി സംസാരിച്ചു. ചർച്ചയ്‌ക്കിടയിൽ ക്രിസ്റ്റഫർ പെട്ടെന്ന് ഇപ്രകാരം പറഞ്ഞു: ‘യഹോവയുടെ സാക്ഷികളിൽ ഒരുവനായിരിക്കുന്നതിന്റെ ഒരു പ്രയോജനം, മരണം വേദനാജനകമാണെങ്കിലും ഈ ഭൂമിയിൽത്തന്നെ ഒരുനാൾ വീണ്ടും കണ്ടുമുട്ടാനാകുമെന്ന് നമുക്കറിയാം എന്നതാണ്.’ ആ വാക്കുകൾ എത്ര സ്‌മരണാർഹമായിത്തീരാൻ പോകുന്നുവെന്ന് അവിടെയുണ്ടായിരുന്ന ഞങ്ങളാരും അപ്പോൾ അറിഞ്ഞിരുന്നില്ല.” *
3 വർഷങ്ങൾക്കുമുമ്പ് 1940-ൽ ഓസ്‌ട്രിയക്കാരനായ ഫ്രാൻസ് എന്ന ഒരു സാക്ഷി, യഹോവയോട് അവിശ്വസ്‌തത കാണിക്കുന്നതിനു വിസമ്മതിച്ചതിനാൽ താൻ ശിരഃച്ഛേദനയന്ത്രത്താൽ വധിക്കപ്പെടുമെന്നു മനസ്സിലാക്കി. ബർലിനിലെ ഒരു ജയിലിൽനിന്ന് ഫ്രാൻസ് തന്റെ അമ്മയ്‌ക്ക് എഴുതി: “ഞാൻ [സൈനിക] പ്രതിജ്ഞയെടുത്തിരുന്നെങ്കിൽ, ഞാൻ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ അത് മരണശിക്ഷാർഹമായ ഒരു പാപവും എന്റെ പക്ഷത്തെ അവിശ്വസ്‌തതയും ആകുമായിരുന്നു. എനിക്ക് പുനരുത്ഥാനം കിട്ടുമായിരുന്നില്ല. . . . പ്രിയപ്പെട്ട അമ്മേ, സഹോദരീസഹോദരന്മാരേ, എനിക്കു ലഭിക്കാൻ പോകുന്ന ശിക്ഷയെന്തെന്ന് ഇന്ന് എന്നെ അറിയിച്ചു, മരണശിക്ഷ. നിങ്ങൾ ഭയപ്പെടരുത്. നാളെ പ്രഭാതത്തിൽ ഞാൻ വധിക്കപ്പെടും. എനിക്ക് ദൈവത്തിൽനിന്നുള്ള ശക്തിയുണ്ട്, പുരാതനകാലത്തെ എല്ലാ സത്യ ക്രിസ്‌ത്യാനികൾക്കും ലഭിച്ചതുപോലെതന്നെ. . . . നിങ്ങൾ മരണത്തോളം ഉറച്ചുനിൽക്കുന്നെങ്കിൽ നമുക്ക് പുനരുത്ഥാനത്തിൽ വീണ്ടും കാണാം. . . . വിട.” *
4. മുകളിൽ വിവരിച്ചിരിക്കുന്ന അനുഭവങ്ങൾ നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു, അടുത്തതായി നാം എന്തു പരിചിന്തിക്കും?
4 ക്രിസ്റ്റഫറിനെയും ഫ്രാൻസിനെയും സംബന്ധിച്ചിടത്തോളം പുനരുത്ഥാന പ്രത്യാശയ്‌ക്കു വലിയ പ്രാധാന്യമുണ്ടായിരുന്നു. അവർക്ക് അത് യാഥാർഥ്യമായിരുന്നു. ഈ വിവരണങ്ങൾ തീർച്ചയായും നമ്മുടെ ഹൃദയത്തെ സ്‌പർശിക്കുന്നു! പുനരുത്ഥാനം സംഭവിക്കുന്നത് എന്തുകൊണ്ടെന്നും അതു നമ്മെ വ്യക്തിപരമായി എങ്ങനെ സ്വാധീനിക്കണമെന്നും നമുക്കു പരിചിന്തിക്കാം. അങ്ങനെ ചെയ്യുന്നത് യഹോവയോടുള്ള നമ്മുടെ വിലമതിപ്പ് ആഴമുള്ളതാക്കിത്തീർക്കുകയും പുനരുത്ഥാനത്തിലുള്ള നമ്മുടെ പ്രത്യാശ ശക്തിപ്പെടുത്തുകയും ചെയ്യും.
ഭൗമിക പുനരുത്ഥാനത്തിന്റെ ദർശനം
5, 6. അപ്പൊസ്‌തലനായ യോഹന്നാൻ വെളിപ്പാടു 20:12, 13-ൽ രേഖപ്പെടുത്തിയ ദർശനം എന്താണു വെളിപ്പെടുത്തുന്നത്?
5 ക്രിസ്‌തുയേശുവിന്റെ സഹസ്രാബ്ദവാഴ്‌ചക്കാലത്തെ സംഭവങ്ങളെക്കുറിച്ചുള്ള ഒരു ദർശനത്തിൽ, ഭൗമിക പുനരുത്ഥാനം നടക്കുന്നത് അപ്പൊസ്‌തലനായ യോഹന്നാൻ കണ്ടു. ‘മരിച്ചവർ ആബാലവൃദ്ധം [“വലിയവരും ചെറിയവരും,” ഓശാന ബൈബിൾ] സിംഹാസനത്തിൻ മുമ്പിൽ നില്‌ക്കുന്നതു [ഞാൻ] കണ്ടു,’ അവൻ പറയുന്നു. “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു; മരണവും പാതാളവും വെളിപ്പാടു 20:12, 13) ഏതു ഗണത്തിലുള്ളവരായാലും—‘വലിയവർ’ ആയാലും ‘ചെറിയവർ’ ആയാലും—മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയായ പാതാളത്തിൽ ബദ്ധരാക്കപ്പെട്ടിരിക്കുന്ന സകലരും വിടുവിക്കപ്പെടും. കടലിൽവെച്ച് ജീവഹാനി സംഭവിച്ചവരും ജീവനിലേക്കു മടങ്ങിവരും. ഈ അത്ഭുതകരമായ സംഭവം യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഭാഗമാണ്.
[ഹേഡീസും] തങ്ങളിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു.” (6 സാത്താനെ ബന്ധിച്ച് അഗാധത്തിൽ അടയ്‌ക്കുന്നതോടെയാണ് ക്രിസ്‌തുവിന്റെ ആയിര-വർഷ വാഴ്‌ച ആരംഭിക്കുന്നത്. ആ വാഴ്‌ചക്കാലത്ത് പുനരുത്ഥാനം പ്രാപിച്ചവരോ മഹോപദ്രവത്തെ അതിജീവിച്ചവരോ സാത്താനാൽ വഴിതെറ്റിക്കപ്പെടുകയില്ല, കാരണം അവൻ നിഷ്‌ക്രിയാവസ്ഥയിൽ ആയിരിക്കും. (വെളിപ്പാടു 20:1-3) ആയിരം വർഷം ദീർഘമായ ഒരു കാലയളവാണെന്നു നിങ്ങൾക്കു തോന്നിയേക്കാം, എന്നാൽ യഹോവയ്‌ക്ക് അത് “ഒരു ദിവസംപോലെ”യാണ്.—2 പത്രൊസ് 3:8.
7. ക്രിസ്‌തുവിന്റെ ആയിര-വർഷ വാഴ്‌ചക്കാലത്തെ ന്യായവിധിക്കുള്ള അടിസ്ഥാനം എന്തായിരിക്കും?
7 ആ ദർശനമനുസരിച്ച് ക്രിസ്‌തുവിന്റെ സഹസ്രാബ്ദവാഴ്‌ചക്കാലം ന്യായവിധിയുടെ സമയമായിരിക്കും. അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്‌ക്കുന്നതും കണ്ടു; പുസ്‌തകങ്ങൾ തുറന്നു; ജീവന്റെ പുസ്‌തകം എന്ന മറ്റൊരു പുസ്‌തകവും തുറന്നു; പുസ്‌തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. . . . ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.” (വെളിപ്പാടു 20:12, 13) ഈ ന്യായവിധിയുടെ അടിസ്ഥാനം ഒരു വ്യക്തി മരിക്കുന്നതിനുമുമ്പ് ചെയ്‌തതോ ചെയ്യാതിരുന്നതോ ആയ എന്തെങ്കിലുമല്ല എന്നതു ശ്രദ്ധിക്കുക. (റോമർ 6:7) മറിച്ച് അത്, തുറക്കാനിരിക്കുന്ന ‘പുസ്‌തകങ്ങളു’മായി ബന്ധപ്പെട്ടിരിക്കുന്നു. പുസ്‌തകങ്ങളിലെ ഉള്ളടക്കം പഠിച്ചതിനുശേഷം ഒരു വ്യക്തി എന്തു പ്രവർത്തിക്കുന്നു എന്നതായിരിക്കും അയാളുടെ പേര് ‘ജീവന്റെ പുസ്‌തക’ത്തിൽ എഴുതപ്പെടുമോ ഇല്ലയോ എന്നതിനുള്ള അടിസ്ഥാനം.
‘ജീവന്നായുള്ള പുനരുത്ഥാനം’ അല്ലെങ്കിൽ ‘ന്യായവിധിക്കായുള്ള പുനരുത്ഥാനം’
8. പുനരുത്ഥാനം പ്രാപിക്കുന്നവർക്ക് ഏതു രണ്ട് സാധ്യതകൾ ഉണ്ട്?
8 യോഹന്നാന്റെ ദർശനത്തിൽ മുമ്പ് “മരണത്തിന്റെയും പാതാളത്തിന്റെയും [ഹേഡീസിന്റെയും] താക്കോൽ” ഉള്ളവനായി യേശുവിനെ വർണിച്ചിരുന്നു. (വെളിപ്പാടു 1:18) “ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്‌താരം” നടത്താൻ യഹോവയാൽ അധികാരപ്പെടുത്തപ്പെട്ട ‘ജീവനായകൻ’ ആയി അവൻ സേവിക്കുന്നു. (പ്രവൃത്തികൾ 3:14; 2 തിമൊഥെയൊസ് 4:1) അവൻ എങ്ങനെയാണ് ഇതു ചെയ്യുന്നത്? മരണത്തിൽ നിദ്രകൊള്ളുന്നവരെ ജീവനിലേക്കു തിരികെ കൊണ്ടുവരുന്നതിലൂടെ. താൻ പഠിപ്പിച്ചുകൊണ്ടിരുന്ന ജനക്കൂട്ടത്തോട് യേശു പറഞ്ഞു: “ഇതിങ്കൽ ആശ്ചര്യപ്പെടരുതു; [സ്‌മാരക] കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു നന്മ ചെയ്‌തവർ ജീവന്നായും തിന്മ ചെയ്‌തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28-30) അപ്പോൾ, പുരാതനകാലത്തെ വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരെ എന്താണു കാത്തിരിക്കുന്നത്?
9. (എ) പുനരുത്ഥാനത്തിൽ മടങ്ങിവരുമ്പോൾ പലരും സംശയലേശമെന്യേ എന്തു മനസ്സിലാക്കും? (ബി) വിപുലമായ എന്തു വിദ്യാഭ്യാസവേലയാണു നടക്കാൻ പോകുന്നത്?
9 പുരാതനകാലത്തെ വിശ്വസ്‌തർ പുനരുത്ഥാനത്തിലൂടെ തിരികെ വരുമ്പോൾ, തങ്ങൾ വിശ്വസിച്ചിരുന്ന വാഗ്‌ദാനങ്ങൾ നിവൃത്തിയേറിയിരിക്കുന്നതായി പെട്ടെന്നുതന്നെ കണ്ടെത്തും. ഉല്‌പത്തി 3:15-ൽ ബൈബിളിലെ ആദ്യ പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്ന, ദൈവത്തിന്റെ സ്‌ത്രീയുടെ സന്തതിയെ തിരിച്ചറിയുന്നതിൽ അവർ എത്രയധികം തത്‌പരർ ആയിരിക്കും! ഈ വാഗ്‌ദത്ത മിശിഹാ, അതായത് യേശു, മരണപര്യന്തം വിശ്വസ്‌തനായിരിക്കുകയും അങ്ങനെ തന്റെ ജീവൻ ഒരു മറുവിലയാഗമായി കൊടുക്കുകയും ചെയ്‌തുവെന്നു കേൾക്കുന്നത് അവരെ എത്ര സന്തുഷ്ടരാക്കും! (മത്തായി 20:28) ഈ മറുവില യഹോവയുടെ അനർഹദയയുടെയും കരുണയുടെയും ഒരു പ്രകടനമാണെന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിൽ അവരെ ജീവനിലേക്കു തിരികെ സ്വാഗതം ചെയ്യുന്നവർ വലിയ സന്തോഷം കണ്ടെത്തും. ഭൂമിയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം നിറവേറ്റുന്നതിനോടുള്ള ബന്ധത്തിൽ ദൈവരാജ്യം എന്താണു കൈവരിക്കുന്നതെന്നു കാണുമ്പോൾ പുനരുത്ഥാനം പ്രാപിച്ചവരുടെ ഹൃദയങ്ങളിൽ യഹോവയ്‌ക്കുള്ള സ്‌തുതികൾ നിറഞ്ഞുതുളുമ്പുമെന്നതിൽ സംശയമില്ല. തങ്ങളുടെ സ്‌നേഹവാനായ സ്വർഗീയ പിതാവിനോടും അവന്റെ പുത്രനോടും തങ്ങൾക്കുള്ള കൂറു പ്രകടിപ്പിക്കാൻ മതിയായ അവസരങ്ങൾ അവർക്കു ലഭിക്കും. കല്ലറകളിൽനിന്നു മടങ്ങിവരുന്ന ശതകോടിക്കണക്കിന് ആളുകളും ദൈവത്തിന്റെ മറുവില ക്രമീകരണത്തിൽ വിശ്വാസം പ്രകടമാക്കേണ്ടതുണ്ട്. അവരെ പഠിപ്പിക്കുന്നതിനായി നടത്തുന്ന വിപുലമായ വിദ്യാഭ്യാസവേലയിൽ പങ്കെടുക്കുന്നതിൽ അന്നു ജീവിച്ചിരിക്കുന്ന ഏവരും സന്തോഷം കണ്ടെത്തും.
10, 11. (എ) സഹസ്രാബ്ദം സകല ഭൂവാസികൾക്കും ഏത് അവസരങ്ങൾ പ്രദാനംചെയ്യും? (ബി) ഇത് നമ്മെ എങ്ങനെ ബാധിക്കണം?
10 പുനരുത്ഥാനംചെയ്യുന്ന അബ്രാഹാം, താൻ എബ്രായർ 11:10) തന്റെ ജീവിതഗതി, നിർമലത പാലിക്കുന്നതിൽ പരിശോധനകൾ നേരിട്ട യഹോവയുടെ മറ്റു ദാസന്മാരെ ശക്തിപ്പെടുത്തിയെന്ന് അറിയുമ്പോൾ പുരാതന കാലത്തെ വിശ്വസ്‌തനായ ഇയ്യോബ് എത്രയധികം പുളകംകൊള്ളും! നിശ്വസ്‌തതയിൽ താൻ രേഖപ്പെടുത്തിയ പ്രവചനങ്ങളുടെ നിവൃത്തിയെക്കുറിച്ച് അറിയാൻ ദാനീയേൽ എത്ര ആകാംക്ഷയുള്ളവനായിരിക്കും!
ആകാംക്ഷാപൂർവം കാത്തിരുന്ന ആ “നഗര”ത്തിന്റെ ഭരണത്തിൻകീഴിൽ ജീവിക്കാൻ കഴിയുന്നതിൽ വലിയ ആശ്വാസം കണ്ടെത്തും. (11 നീതിനിഷ്‌ഠമായ പുതിയ ലോകത്തിൽ ജീവിക്കാൻ അവസരം കിട്ടുന്ന എല്ലാവർക്കും, അവർ പുനരുത്ഥാനത്തിൽ വരുന്നവരോ മഹോപദ്രവത്തെ അതിജീവിക്കുന്നവരോ ആകട്ടെ, ഭൂമിയെക്കുറിച്ചും ഭൂവാസികളെക്കുറിച്ചും ഉള്ള യഹോവയുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച് തീർച്ചയായും ധാരാളം പഠിക്കാനുണ്ടാകും. ആയിര-വർഷ വിദ്യാഭ്യാസ പരിപാടി, അനന്തജീവൻ ആസ്വദിക്കാനും നിത്യതയിലെന്നും യഹോവയെ സ്‌തുതിക്കാനും ഉള്ള പ്രതീക്ഷ തീർച്ചയായും ആനന്ദകരമായ അനുഭവമാക്കിമാറ്റും. എന്നിരുന്നാലും “പുസ്‌തകങ്ങളിൽ”നിന്നുള്ള കാര്യങ്ങൾ പഠിക്കവേ നാം വ്യക്തിപരമായി എന്തു ചെയ്യുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പഠിക്കുന്നതു നാം ബാധകമാക്കുമോ? സത്യത്തിൽനിന്നു നമ്മെ വ്യതിചലിപ്പിക്കാനുള്ള സാത്താന്റെ അന്തിമ ശ്രമത്തിനെതിരെ നമ്മെ ശക്തിപ്പെടുത്താൻപോകുന്ന മർമപ്രധാനമായ വിവരങ്ങളെക്കുറിച്ചു നാം ധ്യാനിക്കുകയും അവ ബാധകമാക്കുകയും ചെയ്യുമോ?
12. വിദ്യാഭ്യാസവേലയിലും ഭൂമിയെ പറുദീസയാക്കി മാറ്റുന്ന കാര്യത്തിലും ഒരു പൂർണ പങ്കുണ്ടായിരിക്കാൻ ഓരോരുത്തരെയും സഹായിക്കുന്നത് എന്ത്?
12 ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ ബാധകമാകുമ്പോൾ ലഭിക്കാൻപോകുന്ന അത്ഭുതകരമായ അനുഗ്രഹങ്ങൾ നാം വിസ്‌മരിക്കരുത്. പുനരുത്ഥാനത്തിലൂടെ ജീവനിലേക്കു പുനഃസ്ഥാപിക്കപ്പെടുന്നവർക്ക് ഇപ്പോഴത്തേതുപോലുള്ള അവശതകളോ വൈകല്യങ്ങളോ ഉണ്ടായിരിക്കുകയില്ല. (യെശയ്യാവു 33:24) ബലിഷ്‌ഠമായ ശരീരവും സമ്പൂർണ ആരോഗ്യത്തിന്റെ പ്രത്യാശയും പുനരുത്ഥാനത്തിൽ വരുന്ന ശതകോടികളെ ജീവന്റെ മാർഗത്തിൽ നടക്കാൻ പരിശീലിപ്പിക്കുന്ന വിദ്യാഭ്യാസപരിപാടിയിൽ പൂർണമായി പങ്കെടുക്കാൻ പുതിയ ലോകത്തിലെ എല്ലാ നിവാസികളെയും പ്രാപ്‌തരാക്കും. ഭൂമിയിൽ അന്നുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ സംരംഭത്തിലും ആ നിവാസികൾ പങ്കെടുക്കും, അതായത് മുഴു ഗ്രഹത്തെയും യഹോവയുടെ സ്‌തുതിക്കായി ഒരു പറുദീസയാക്കി മാറ്റുകയെന്ന സംരംഭം.
13, 14. അന്തിമ പരിശോധനയിങ്കൽ സാത്താനെ മോചിപ്പിക്കുന്നത് എന്തിന്, വ്യക്തിപരമായി നമ്മുടെ മുന്നിൽ എന്തു സാധ്യത ഉണ്ടായിരിക്കും?
13 അന്തിമ പരിശോധനയ്‌ക്കായി അഗാധത്തിൽനിന്നു മോചിപ്പിക്കപ്പെടുമ്പോൾ, ഒരിക്കൽക്കൂടെ മനുഷ്യരെ വഴിതെറ്റിക്കാൻ സാത്താൻ ശ്രമിക്കും. വെളിപ്പാടു 20:7-9 അനുസരിച്ച് സാത്താന്റെ ദുഷ്ടസ്വാധീനത്താൽ ‘വശീകരിക്കപ്പെടുന്ന’ എല്ലാ ‘ജാതികളും’ അഥവാ ജനസമൂഹങ്ങളും, നാശയോഗ്യരായി വിധിക്കപ്പെടും: “ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.” അവരുടെ ഇടയിലുള്ള, സഹസ്രാബ്ദകാലത്തു പുനരുത്ഥാനം പ്രാപിച്ച ആളുകളെ സംബന്ധിച്ചിടത്തോളം ഈ നാശം അവരുടെ പുനരുത്ഥാനത്തെ പ്രതികൂല ന്യായവിധിക്കായുള്ള പുനരുത്ഥാനം ആക്കിത്തീർക്കും. നേരെ മറിച്ച്, പുനരുത്ഥാനം പ്രാപിച്ച് നിർമലതാപാലകരായി നിലകൊള്ളുന്നവർ നിത്യജീവനെന്ന സമ്മാനം കരസ്ഥമാക്കും. തീർച്ചയായും, അവരുടെ പുനരുത്ഥാനം ‘ജീവന്നായുള്ള’ പുനരുത്ഥാനം ആയിരിക്കും.—യോഹന്നാൻ 5:29.
14 പുനരുത്ഥാന പ്രത്യാശയ്‌ക്ക് നമ്മെ ഇപ്പോൾപ്പോലും ആശ്വസിപ്പിക്കാൻ കഴിയുന്നത് എങ്ങനെ? കൂടുതൽ പ്രധാനമായി, ഭാവിയിൽ അതു നിമിത്തമുള്ള പ്രയോജനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ നാം എന്തു ചെയ്യണം?
ഇപ്പോൾ ഉൾക്കൊള്ളാൻ കഴിയുന്ന പാഠങ്ങൾ
15. പുനരുത്ഥാനത്തിലുള്ള വിശ്വാസം ഇപ്പോൾ സഹായകമായിരിക്കുന്നത് എങ്ങനെ?
15 നിങ്ങൾക്കു പ്രിയപ്പെട്ട ഒരാൾ അടുത്തകാലത്ത് മരിച്ചുപോയിട്ടുണ്ടായിരിക്കാം. അത്തരമൊരു വമ്പിച്ച നഷ്ടം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരിക്കാം നിങ്ങൾ. സത്യത്തെക്കുറിച്ച് അറിവില്ലാത്ത ആളുകൾക്കു ലഭിക്കാത്ത ആന്തരിക സമാധാനവും ശക്തിയും നേടാൻ പുനരുത്ഥാന പ്രത്യാശ നിങ്ങളെ സഹായിക്കുന്നു. തെസ്സലൊനീക്യയിലെ സഹോദരങ്ങളെ പൗലൊസ് ഇങ്ങനെ ആശ്വസിപ്പിച്ചു: “നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.” (1 തെസ്സലൊനീക്യർ 4:13) പുനരുത്ഥാനത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് നിങ്ങൾ പുതിയ ലോകത്തിൽ ആയിരിക്കുന്നതായി വിഭാവനം ചെയ്യാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണുന്നതിനുള്ള പ്രത്യാശയെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് ഇപ്പോൾ ആശ്വാസം കണ്ടെത്തുക.
16. പുനരുത്ഥാനം നടക്കുമ്പോൾ നിങ്ങളുടെ വികാരം എന്തായിരിക്കും?
16 ഒരുപക്ഷേ മോശമായ ആരോഗ്യത്തിന്റെ രൂപത്തിൽ നിങ്ങൾ ഇപ്പോൾ ആദാമ്യ മത്സരത്തിന്റെ പരിണതഫലങ്ങൾ അനുഭവിക്കുകയായിരിക്കാം. എന്നാൽ അതു വരുത്തിക്കൂട്ടുന്ന അരിഷ്ടതകൾ, പുനരുത്ഥാനം വ്യക്തിപരമായി അനുഭവിക്കാനും പുതുക്കപ്പെട്ട
ആരോഗ്യത്തോടും ഓജസ്സോടും കൂടെ പുതിയ ലോകത്തിൽ ജീവനിലേക്കു വീണ്ടും വരാനും ഉള്ള സന്തോഷകരമായ പ്രത്യാശ മറന്നുകളയുന്നതിന് ഇടയാക്കാൻ അനുവദിക്കരുത്. നിങ്ങളുടെ കണ്ണുതുറക്കുകയും നിങ്ങളുടെ പുനരുത്ഥാനത്തിന്റെ സന്തോഷം പങ്കിടാനുള്ള അതിയായ ആഗ്രഹത്തോടെ നിങ്ങളെ സ്വാഗതം ചെയ്യുന്ന വ്യക്തികളെ കാണുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ സ്‌നേഹദയയ്‌ക്കു നിങ്ങൾ തീർച്ചയായും നന്ദിപറയും.17, 18. പ്രധാനപ്പെട്ട ഏതു രണ്ടു പാഠങ്ങൾ നാം മനസ്സിൽപ്പിടിക്കണം?
17 എന്നാൽ ഇപ്പോൾ, നാം മനസ്സിൽപ്പിടിക്കേണ്ട രണ്ടു പാഠങ്ങൾ പരിചിന്തിക്കുക. പൂർണഹൃദയത്തോടെ ഇപ്പോൾത്തന്നെ യഹോവയെ സേവിക്കുന്നതിന്റെ പ്രാധാന്യമാണ് ആദ്യത്തേത്. നമ്മുടെ നായകനായ ക്രിസ്‌തുയേശുവിനെ അനുകരിച്ചുകൊണ്ടുള്ള ആത്മത്യാഗപരമായ ജീവിതം യഹോവയോടും നമ്മുടെ അയൽക്കാരോടും ഉള്ള സ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്നു. എതിർപ്പോ പീഡനമോ നിമിത്തം നമ്മുടെ ഉപജീവനമോ സ്വാതന്ത്ര്യമോ നഷ്ടപ്പെട്ടാലും, ഏതു പരിശോധനകൾക്കുംമധ്യേ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ നാം ദൃഢനിശ്ചയം ചെയ്യുന്നു. നമ്മെ കൊല്ലുമെന്ന് എതിരാളികൾ ഭീഷണിപ്പെടുത്തുമ്പോൾപ്പോലും പുനരുത്ഥാന പ്രത്യാശ നമ്മെ ആശ്വസിപ്പിക്കുകയും യഹോവയോടും അവന്റെ രാജ്യത്തോടും വിശ്വസ്‌തത പുലർത്താൻ നമ്മെ ശക്തീകരിക്കുകയും ചെയ്യുന്നു. അതേ, രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിലെ നമ്മുടെ തീക്ഷ്‌ണത, നീതിമാന്മാർക്കായി യഹോവ കരുതിയിട്ടുള്ള നിത്യാനുഗ്രഹങ്ങൾക്ക് നമ്മെ യോഗ്യരാക്കിത്തീർക്കുന്നു.
18 വീഴ്‌ച ഭവിച്ച ജഡം നിമിത്തം ഉണ്ടാകുന്ന പ്രലോഭനങ്ങളെ നാം എങ്ങനെ നേരിടുന്നു എന്നതിനോടു ബന്ധപ്പെട്ടതാണ് രണ്ടാമത്തെ പാഠം. പുനരുത്ഥാന പ്രത്യാശ സംബന്ധിച്ച നമ്മുടെ പരിജ്ഞാനവും യഹോവയുടെ അനർഹദയയോടുള്ള നമ്മുടെ വിലമതിപ്പും വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ ബലിഷ്‌ഠമാക്കും. അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്‌നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്‌നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:15-17) ‘സാക്ഷാലുള്ള ജീവനു’മായി താരതമ്യം ചെയ്യുമ്പോൾ ഭൗതികത്വത്തിന്റെ രൂപത്തിലുള്ള ലോകത്തിന്റെ വശീകരണം നമുക്ക് ഒട്ടുംതന്നെ ആകർഷകമായി തോന്നില്ല. (1 തിമൊഥെയൊസ് 6:17-19) അധാർമികതയിൽ ഏർപ്പെടാൻ പ്രലോഭിപ്പിക്കപ്പെടുന്നെങ്കിൽ നാം ഉറപ്പോടെ ചെറുത്തുനിൽക്കും. യഹോവയെ അപ്രീതിപ്പെടുത്തുന്ന ഒരു പ്രവർത്തനഗതിയിൽ തുടരുന്നത്, അർമഗെദോനുമുമ്പ് നാം മരിക്കുന്നപക്ഷം പുനരുത്ഥാന പ്രത്യാശയില്ലാത്തവരുടെ അതേ അവസ്ഥയിൽ നമ്മെ ആക്കിത്തീർക്കും എന്നു നാം തിരിച്ചറിയുന്നു.
19. വിലതീരാത്ത ഏതു പദവിയാണു നാം മറന്നുകളയരുതാത്തത്?
19 ഏറ്റവും പ്രധാനമായി, ഇപ്പോഴും എന്നേക്കും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയെന്ന വിലതീരാത്ത പദവി നാം ഒരിക്കലും മറന്നുകളയരുത്. (സദൃശവാക്യങ്ങൾ 27:11) മരണപര്യന്തമുള്ള നമ്മുടെ വിശ്വസ്‌തത അല്ലെങ്കിൽ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തോളമുള്ള നിർമലതാപാലനഗതി, സാർവത്രിക പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ നാം ആരുടെ പക്ഷത്താണെന്ന് യഹോവയ്‌ക്കു കാണിച്ചുകൊടുക്കുന്നു. മഹോപദ്രവത്തെ അതിജീവിച്ചുകൊണ്ടോ അത്ഭുതകരമായ പുനരുത്ഥാനം പ്രാപിച്ചുകൊണ്ടോ ഭൗമിക പറുദീസയിൽ ജീവിക്കുകയെന്നത് എന്തൊരു സന്തോഷമായിരിക്കും!
നമ്മുടെ ആഗ്രഹങ്ങൾ തൃപ്‌തിപ്പെടുത്തുന്നു
20, 21. പുനരുത്ഥാനത്തെക്കുറിച്ച് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ടെങ്കിലും വിശ്വസ്‌തരായി നിലകൊള്ളാൻ എന്തു നമ്മെ സഹായിക്കും? വിശദീകരിക്കുക.
20 പുനരുത്ഥാനത്തെക്കുറിച്ചുള്ള ഈ ചർച്ച നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ല. വിവാഹിതരായിരിക്കെ മരിക്കുന്നവർക്കുവേണ്ടി യഹോവ എങ്ങനെയാണു കാര്യങ്ങൾ ക്രമീകരിക്കാൻ പോകുന്നത്? (ലൂക്കൊസ് 20:34, 35) ആളുകൾ മരിച്ച ഇടങ്ങളിൽത്തന്നെ ആയിരിക്കുമോ അവർ പുനരുത്ഥാനം പ്രാപിക്കുന്നത്? ആളുകൾ പുനരുത്ഥാനം പ്രാപിക്കുന്നത് അവരുടെ കുടുംബാംഗങ്ങളുടെ താമസസ്ഥലത്തിന് അടുത്തായിരിക്കുമോ? പുനരുത്ഥാന ക്രമീകരണത്തെക്കുറിച്ചുള്ള ഇതുപോലുള്ള ധാരാളം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതായിട്ടുണ്ട്. എന്നാൽ നാം യിരെമ്യാവിന്റെ വാക്കുകൾ മനസ്സിൽപ്പിടിക്കേണ്ടതുണ്ട്: “തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ. യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലത്.” (വിലാപങ്ങൾ 3:25, 26) യഹോവയുടെ തക്കസമയത്ത് നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും തികച്ചും തൃപ്‌തികരമായ ഉത്തരം ലഭിക്കും. അതു സംബന്ധിച്ച് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
21 യഹോവയെക്കുറിച്ചു പിൻവരുന്നപ്രകാരം പാടിയ സങ്കീർത്തനക്കാരന്റെ നിശ്വസ്‌ത വാക്കുകൾ പരിചിന്തിക്കുക: “നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്‌തിവരുത്തുന്നു” അഥവാ ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്‌തിപ്പെടുത്തുന്നു. (സങ്കീർത്തനം 145:16) പ്രായമേറുന്നതനുസരിച്ച് നമ്മുടെ ആഗ്രഹങ്ങൾക്കു മാറ്റം വരുന്നു. കുട്ടികളായിരിക്കുമ്പോൾ ഇച്ഛിച്ച കാര്യങ്ങളല്ല ഇന്നു നാം ആഗ്രഹിക്കുന്നത്. നമ്മുടെ അനുഭവങ്ങളും പ്രതീക്ഷകളും നമ്മുടെ ജീവിത വീക്ഷണത്തെ ബാധിക്കുന്നു. എന്നിരുന്നാലും പുതിയ ലോകത്തിൽ നമുക്കുണ്ടാകുന്ന ഉചിതമായ ആഗ്രഹങ്ങൾ, അവ എന്തുതന്നെയായാലും യഹോവ തീർച്ചയായും നിറവേറ്റും.
22. യഹോവയെ വാഴ്‌ത്തുന്നതിന് നമുക്കു നല്ല കാരണമുള്ളത് എന്തുകൊണ്ട്?
22 വിശ്വസ്‌തരായിരിക്കുക എന്നതാണ് ഇപ്പോൾ നമ്മെ ഓരോരുത്തരെ സംബന്ധിച്ചും പ്രാധാന്യമർഹിക്കുന്ന സംഗതി. “ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്‌തരായിരിക്കേണം എന്നത്രേ.” (1 കൊരിന്ത്യർ 4:2) നാം മഹത്തായ ദൈവരാജ്യസുവാർത്തയുടെ ഗൃഹവിചാരകന്മാരാണ്. കണ്ടുമുട്ടുന്നവരോടെല്ലാം ഈ സുവാർത്ത പ്രസംഗിക്കുന്നതു സംബന്ധിച്ച ഉത്സാഹം ജീവനിലേക്കുള്ള പാതയിൽ നിലനിൽക്കാൻ നമ്മെ സഹായിക്കുന്നു. നമുക്കെല്ലാം “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” വന്നു ഭവിക്കുന്നുവെന്ന സംഗതി നാം ഒരിക്കലും വിസ്‌മരിക്കരുത്. (സഭാപ്രസംഗി 9:11, NW) ജീവിതത്തിന്റെ അനിശ്ചിതത്വം നിമിത്തം ഉണ്ടാകുന്ന അനാവശ്യമായ ഏത് ഉത്‌കണ്‌ഠയും ലഘൂകരിക്കുന്നതിന് മഹത്തായ പുനരുത്ഥാന പ്രത്യാശ മുറുകെപ്പിടിക്കുക. ക്രിസ്‌തുവിന്റെ സഹസ്രാബ്ദവാഴ്‌ച ആരംഭിക്കുന്നതിനുമുമ്പ് നിങ്ങൾ മരിച്ചുപോകുമെന്ന് തോന്നുന്നെങ്കിൽ ഉറപ്പായും ആശ്വാസം കൈവരുമെന്നു ബോധ്യമുള്ളവരായിരിക്കുക. യഹോവയുടെ തക്കസമയത്ത്, ഇയ്യോബ് തന്റെ സ്രഷ്ടാവിനോടു പറഞ്ഞ വാക്കുകൾ ആവർത്തിക്കാൻ നിങ്ങൾക്കു കഴിയും: “നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും.” തന്റെ സ്‌മരണയിലുള്ളവരെയെല്ലാം ജീവനിലേക്കു തിരിച്ചുകൊണ്ടുവരാൻ വാഞ്‌ഛിക്കുന്നവനായ യഹോവ വാഴ്‌ത്തപ്പെടുമാറാകട്ടെ.—ഇയ്യോബ് 14:15.
[അടിക്കുറിപ്പുകൾ]
^ ഖ. 2 1989 ജൂലൈ 8 ലക്കം ഉണരുക!യുടെ 10-ാം പേജ് കാണുക, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
^ ഖ. 3 യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്), പേജ് 662, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
നിങ്ങൾ ഓർമിക്കുന്നുവോ?
• സഹസ്രാബ്ദവാഴ്‌ചക്കാലത്ത് എന്തടിസ്ഥാനത്തിലാണ് ആളുകൾ ന്യായം വിധിക്കപ്പെടുന്നത്?
• ചിലർക്ക് ‘ജീവന്നായുള്ള’ പുനരുത്ഥാനവും മറ്റു ചിലർക്ക് ‘ന്യായവിധിക്കായുള്ള’ പുനരുത്ഥാനവും ഉണ്ടാകുന്നത് എന്തുകൊണ്ട്?
• പുനരുത്ഥാന പ്രത്യാശയ്‌ക്ക് ഇപ്പോൾ നമ്മെ ആശ്വസിപ്പിക്കാൻ കഴിയുന്നത് എങ്ങനെ?
• പുനരുത്ഥാനത്തെക്കുറിച്ച് ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ കൈകാര്യം ചെയ്യാൻ സങ്കീർത്തനം 145:16 നമ്മെ സഹായിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[21-ാം പേജിലെ ചിത്രങ്ങൾ]
പുനരുത്ഥാനത്തിലുള്ള വിശ്വാസത്തിന് ഇപ്പോൾ നമ്മെ സഹായിക്കാൻ കഴിയുന്നത് എങ്ങനെ?