വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബലഹീനനെങ്കിലും ശക്തൻ

ബലഹീനനെങ്കിലും ശക്തൻ

ജീവിത കഥ

ബലഹീനനെങ്കിലും ശക്തൻ

ലേയോപോൾട്ട്‌ എങ്‌ഗ്ലൈറ്റ്‌ന പറഞ്ഞപ്രകാരം

എസ്‌എസ്‌ ഓഫീസർ തന്റെ കൈത്തോക്ക്‌ വലിച്ചെടുത്ത്‌ എന്റെ ചെന്നിയോട്‌ ചേർത്തുപിടിച്ചുകൊണ്ടു ചോദിച്ചു: “നീ മരിക്കാൻ തയ്യാറാണോ? ഞാൻ കാഞ്ചി വലിക്കാൻപോകുകയാണ്‌. നീയൊന്നും ഇനി നേരെയാകുന്ന ലക്ഷണമില്ല.” അപ്പോൾ ദൃഢമായ സ്വരത്തിൽത്തന്നെ ഞാൻ പറഞ്ഞു: “തയ്യാറാണ്‌.” ഞാൻ ധൈര്യം സംഭരിച്ചു, കണ്ണുകൾ പൂട്ടി കാഞ്ചിവലിക്കുന്നതും കാത്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. “മരിക്കാനുള്ള യോഗംപോലും ഇല്ലാത്തവൻ” എന്ന്‌ ആക്രോശിച്ചുകൊണ്ട്‌ അദ്ദേഹം തോക്ക്‌ മാറ്റി. ഞാൻ എങ്ങനെയാണ്‌ അത്തരമൊരു സാഹചര്യത്തിലായത്‌? പറയാം.

ഓസ്‌ട്രിയൻ ആൽപ്‌സിലെ ഐജെൻ ഫോഗ്‌ൾഹൂബ്‌ എന്ന പട്ടണത്തിൽ 1905 ജൂലൈ 23-നായിരുന്നു എന്റെ ജനനം. അച്ഛൻ ഒരു തടിമിൽ തൊഴിലാളി. അമ്മ ആ നാട്ടുകാരനായ ഒരു കർഷകന്റെ മകൾ. അവരുടെ മൂത്ത മകനായിരുന്നു ഞാൻ. ദരിദ്രരായിരുന്നെങ്കിലും മാതാപിതാക്കൾ കഠിനാധ്വാനികളായിരുന്നു. സാൽസ്‌ബർഗിന്‌ സമീപത്തായി, മനോഹരമായ തടാകങ്ങളും അമ്പരപ്പിക്കുന്ന കൊടുമുടികളും ഉള്ള ബാറ്റ്‌ ഇഷലിലായിരുന്നു എന്റെ കുട്ടിക്കാലം.

കുട്ടിക്കാലത്തുപോലും ജീവിതത്തിലെ അനീതികൾ എന്റെ ചിന്താവിഷയമായിരുന്നു. കുടുംബത്തിന്റെ ദാരിദ്ര്യവും എന്റെ നട്ടെല്ലിന്റെ ജന്മനായുള്ള വളവും നിമിത്തമായിരുന്നു അത്‌. നടുവുവേദന കാരണം എനിക്ക്‌ നേരെ നിൽക്കാൻപോലും ബുദ്ധിമുട്ടായിരുന്നു. സ്‌കൂളിലാണെങ്കിൽ, എനിക്ക്‌ കായിക പരിശീലനത്തിൽ പങ്കെടുക്കാൻ അനുവാദമില്ലായിരുന്നു. അങ്ങനെ ഞാൻ സഹപാഠികളുടെ ഇടയിൽ പരിഹാസപാത്രവുമായി.

ഒന്നാം ലോകമഹായുദ്ധം അവസാനിക്കവേ, ദാരിദ്ര്യത്തിൽനിന്നു രക്ഷപ്പെടാനായി ഒരു പണി കണ്ടുപിടിക്കാൻ ഞാൻ തീരുമാനിച്ചു. അപ്പോൾ എനിക്ക്‌ 14 വയസ്സ്‌ ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. കത്തിക്കാളുന്ന വിശപ്പ്‌ എന്റെ കൂടപ്പിറപ്പായിരുന്നു. മാത്രമല്ല, ദശലക്ഷക്കണക്കിനാളുകളുടെ ജീവൻ അപഹരിച്ച സ്‌പാനീഷ്‌ ഫ്‌ളൂ നിമിത്തം ഇടയ്‌ക്കിടെ കടുത്ത പനി ഉണ്ടാകുമായിരുന്നതിനാൽ എന്റെ ആരോഗ്യം ക്ഷയിക്കുകയും ചെയ്‌തിരുന്നു. ഞാൻ തൊഴിൽ അന്വേഷിച്ചുചെല്ലുമ്പോൾ മിക്ക കർഷകരുടെയും പ്രതികരണം ഇതായിരുന്നു: “നിന്നെപ്പോലെ ആരോഗ്യമില്ലാത്ത ഒരാൾക്ക്‌ എന്തു പണി തരാനാ?” എങ്കിലും ദയാലുവായ ഒരു കർഷകൻ എന്നെ കൂലിക്കുവിളിച്ചു.

ദൈവസ്‌നേഹത്തെക്കുറിച്ചുള്ള അറിവ്‌ എന്നെ പുളകിതനാക്കുന്നു

എന്റെ അമ്മ ഒരു തികഞ്ഞ കത്തോലിക്കാമതഭക്ത ആയിരുന്നെങ്കിലും, വല്ലപ്പോഴും മാത്രമേ ഞാൻ പള്ളിയിൽ പോകുമായിരുന്നുള്ളൂ. മതപരമായ കാര്യങ്ങളിലെ പിതാവിന്റെ വിശാല ചിന്താഗതിയായിരുന്നു അതിനു പ്രധാന കാരണം. റോമൻ കത്തോലിക്കാ സഭയിൽ പ്രബലമായിരിക്കുന്ന വിഗ്രഹാരാധന എന്റെ മനസ്സിനെ അലട്ടിയിരുന്നു.

1931 ഒക്ടോബർ മാസത്തിലെ ഒരു ദിവസം, ബൈബിൾ വിദ്യാർഥികളുടെ​—⁠യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌​—⁠ഒരു മതയോഗത്തിൽ സംബന്ധിക്കാനായി തന്നോടൊപ്പം വരാൻ ഒരു സുഹൃത്ത്‌ എന്നെ ക്ഷണിച്ചു. ആ യോഗത്തിൽവെച്ച്‌, വിഗ്രഹാരാധന ദൈവത്തിന്‌ പ്രസാദകരമാണോ? (പുറപ്പാടു 20:4, 5) തീനരകം ഉണ്ടോ? (സഭാപ്രസംഗി 9:5) മരിച്ചവർ ഉയിർപ്പിക്കപ്പെടുമോ? (യോഹന്നാൻ 5:28, 29) എന്നതുപോലുള്ള എന്റെ സുപ്രധാന ചോദ്യങ്ങൾക്ക്‌ ബൈബിളധിഷ്‌ഠിത ഉത്തരം ലഭിച്ചു.

രക്തപങ്കിലമായ യുദ്ധങ്ങൾ ദൈവത്തിന്റെ പേരിലാണു നടക്കുന്നതെങ്കിലും അവയെ ദൈവം അംഗീകരിക്കുന്നില്ലെന്ന വസ്‌തുതയാണ്‌ എന്നിൽ ഏറ്റവുമധികം മതിപ്പുളവാക്കിയത്‌. “ദൈവം സ്‌നേഹ”മാണെന്നും അവന്‌ യഹോവ എന്ന ഉന്നതമായ ഒരു പേരുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു. (1 യോഹന്നാൻ 4:8; സങ്കീർത്തനം 83:18) യഹോവയുടെ രാജ്യം മുഖാന്തരം മനുഷ്യർക്ക്‌ ഒരു ഭൂവ്യാപക പറുദീസയിൽ എന്നേക്കും സന്തോഷത്തോടെ വസിക്കാനാകുമെന്ന അറിവ്‌ എന്നെ പുളകിതനാക്കി. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചില അപൂർണ മനുഷ്യർക്ക്‌ യേശുക്രിസ്‌തുവിനോടൊപ്പം ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ സേവിക്കാനുള്ള മഹത്തായ പ്രത്യാശയുള്ളതായും ഞാൻ മനസ്സിലാക്കി. ആ രാജ്യത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. 1932 മേയിൽ ഞാൻ സ്‌നാപനമേറ്റ്‌ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു. കത്തോലിക്കാമതം കൊടികുത്തിവാണിരുന്ന ഓസ്‌ട്രിയയിൽ അക്കാലത്ത്‌ മത അസഹിഷ്‌ണുത നിലനിന്നിരുന്നതിനാൽ അതൊരു ധീരകൃത്യമായിരുന്നു.

അവജ്ഞയും എതിർപ്പും നേരിടുന്നു

ഞാൻ പള്ളിയിൽനിന്നു രാജിവെച്ചത്‌ എന്റെ മാതാപാതാക്കളെ വല്ലാതെ നടുക്കി. പുരോഹിതനാണെങ്കിൽ ആ വാർത്ത പെട്ടെന്നുതന്നെ പള്ളിയിൽ വിളിച്ചുപറയുകയും ചെയ്‌തു. എന്നെ കാണുമ്പോൾ അവജ്ഞ കാണിക്കാനായി അയൽക്കാർ നിലത്തു കാർക്കിച്ചുതുപ്പുമായിരുന്നു. ഇതൊക്കെയാണെങ്കിലും, ഒരു മുഴുസമയ ശുശ്രൂഷകനാകാൻതന്നെയായിരുന്നു എന്റെ തീരുമാനം. അങ്ങനെ 1934 ജനുവരിയിൽ ഞാൻ പയനിയറിങ്‌ ആരംഭിച്ചു.

ഞങ്ങളുടെ പ്രവിശ്യയിൽ നാസിപാർട്ടി കൈവരിച്ചുകൊണ്ടിരുന്ന ശക്തമായ സ്വാധീനം അവിടത്തെ രാഷ്‌ട്രീയ അന്തരീക്ഷം ഏറെ കലുഷിതമാക്കിത്തീർത്തിരുന്നു. എൻസ്‌ സ്റ്റിറിയൻ വാലിയിൽ ഞാൻ പയനിയറായിരിക്കുമ്പോൾ പോലീസ്‌ എപ്പോഴും എന്റെ പിന്നാലെത്തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട്‌ ഞാൻ “പാമ്പിനെപ്പോലെ ബുദ്ധി” അഥവാ ജാഗ്രത പ്രകടമാക്കേണ്ടിയിരുന്നു. (മത്തായി 10:16) 1934 മുതൽ 1938 വരെ പീഡനം എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. തൊഴിൽരഹിതനായിരുന്നെങ്കിലും എനിക്ക്‌ തൊഴിലില്ലാവേതനം നിഷേധിക്കപ്പെട്ടു. മാത്രമല്ല പ്രസംഗ പ്രവർത്തനം നിമിത്തം പല പ്രാവശ്യം ഹ്രസ്വകാല തടവുകൾക്കും നാലു തവണ ദീർഘകാല തടവുകൾക്കും വിധിക്കപ്പെടുകയും ചെയ്‌തു.

ഹിറ്റ്‌ലറിന്റെ സേന ഓസ്‌ട്രിയ പിടിച്ചടക്കുന്നു

1938 മാർച്ചിൽ ഹിറ്റ്‌ലറിന്റെ സൈന്യം ഓസ്‌ട്രിയയിലേക്ക്‌ ഇരച്ചുകയറി. ഏതാനും ദിവസങ്ങൾക്കുള്ളിൽ 90,000-ത്തിലധികം ആളുകളെ അതായത്‌ മുതിർന്നവരിൽ ഏതാണ്ട്‌ രണ്ടു ശതമാനത്തെ നാസിഭരണത്തെ എതിർത്തുവെന്ന കുറ്റം ചുമത്തി അറസ്റ്റു ചെയ്‌ത്‌ ജയിലുകളിലേക്കും തടങ്കൽപ്പാളയങ്ങളിലേക്കും അയച്ചു. നടക്കാനിരുന്ന കാര്യങ്ങൾക്കായി യഹോവയുടെ സാക്ഷികൾ ഏറെക്കുറെ തയ്യാറായിരുന്നു. ഒരു അന്താരാഷ്‌ട്ര കൺവെൻഷനിൽ സംബന്ധിക്കാനായി 1937-ലെ വേനൽക്കാലത്ത്‌ എന്റെ മാതൃസഭയിലെ പലരും പ്രാഗിലേക്ക്‌ 350 കിലോമീറ്റർ സൈക്കിളിൽ യാത്രചെയ്‌തു. ജർമനിയിലെ ഞങ്ങളുടെ സഹവിശ്വാസികൾക്കു നേരെ നടന്ന ക്രൂരകൃത്യങ്ങളെക്കുറിച്ച്‌ അവിടെവെച്ച്‌ അവർ കേട്ടു. വ്യക്തമായും, അടുത്തത്‌ ഞങ്ങളുടെ ഊഴമായിരുന്നു.

ഹിറ്റ്‌ലറിന്റെ സൈന്യം ഓസ്‌ട്രിയയിൽ കടന്ന ദിവസംമുതൽ യഹോവയുടെ സാക്ഷികൾ അവരുടെ യോഗങ്ങളും പ്രസംഗപ്രവർത്തനവും രഹസ്യമായി നടത്താൻ നിർബന്ധിതരായിത്തീർന്നു. സ്വിസ്സ്‌ അതിർത്തിയിലൂടെ ബൈബിൾ സാഹിത്യങ്ങൾ രഹസ്യമായി കടത്തിക്കൊണ്ടു വന്നിരുന്നെങ്കിലും അത്‌ പര്യാപ്‌തമല്ലായിരുന്നു. അതുകൊണ്ട്‌ വിയന്നയിലെ സഹോദരങ്ങൾ രഹസ്യമായി സാഹിത്യങ്ങൾ ഉത്‌പാദിപ്പിക്കുമായിരുന്നു. സാക്ഷികൾക്കു സാഹിത്യം എത്തിച്ചുകൊടുക്കുന്ന ആളായി ഞാൻ പലപ്പോഴും സേവിച്ചു.

തടങ്കൽപ്പാളയത്തിലേക്ക്‌

1939 ഏപ്രിൽ 4-ാം തീയതി ബാറ്റ്‌ ഇഷലിൽവെച്ച്‌ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിച്ചുകൊണ്ടിരിക്കെ എന്നെയും സഹക്രിസ്‌ത്യാനികളായ മൂന്നുപേരെയും ഗസ്റ്റപ്പോ അറസ്റ്റു ചെയ്‌തു. തുടർന്ന്‌ ഞങ്ങളെ കാറിൽ കയറ്റി ലിൻസിൽ ഉള്ള സ്റ്റേറ്റ്‌ പോലീസ്‌ ആസ്ഥാനത്തേക്കു കൊണ്ടുപോയി. അന്നാണ്‌ ഞാൻ ആദ്യമായി കാറിൽ കയറുന്നത്‌. എന്നാൽ ചിന്താഭാരംകൊണ്ട്‌ എനിക്ക്‌ ആ യാത്ര ആസ്വദിക്കാനായില്ല. ലിൻസിൽ വെച്ച്‌ അവർ എന്നെ അതികഠിനമായ രീതിയിൽ പല തവണ ചോദ്യംചെയ്‌തു. എങ്കിലും ഞാൻ എന്റെ വിശ്വാസം തള്ളിപ്പറഞ്ഞില്ല. അഞ്ചു മാസം കഴിഞ്ഞ്‌ എന്നെ അപ്പർ ഓസ്‌ട്രിയയിലെ കോടതിയിൽ ഹാജരാക്കി. എന്നാൽ, അപ്രതീക്ഷിതമായി എനിക്കെതിരായുള്ള ക്രിമിനൽ നടപടികളെല്ലാം നിറുത്തിവെച്ചു; പക്ഷേ, അത്‌ എന്റെ അഗ്നിപരീക്ഷയുടെ അവസാനമായിരുന്നില്ല. ഇതിനിടെ, ആ മൂന്നുപേരെ തടങ്കൽപ്പാളയങ്ങളിലേക്ക്‌ അയച്ചു. അന്ത്യത്തോളം വിശ്വസ്‌തത പാലിച്ച അവരുടെ അന്ത്യവും അവിടെത്തന്നെ ആയിരുന്നു.

എന്നെ അവർ കസ്റ്റഡിയിൽവെച്ചു. തുടർന്ന്‌, ജർമനിയിലെ ബൂകെൻവൊൾഡ്‌ തടങ്കൽപ്പാളയത്തിലേക്ക്‌ എന്നെ കൊണ്ടുപോകുമെന്ന്‌ 1939 ഒക്ടോബർ 5-ാം തീയതി എന്നെ അറിയിച്ചു. തടവുകാരായ ഞങ്ങൾക്കായി ലിൻസിലെ റെയിൽവേ സ്റ്റേഷനിൽ ഒരു പ്രത്യേക ട്രെയിൻ കാത്തുകിടപ്പുണ്ടായിരുന്നു. അതിന്റെ കമ്പാർട്ടുമെന്റുകളിൽ രണ്ടുപേർക്ക്‌ ഇരിക്കാവുന്ന തരത്തിലുള്ള നിരവധി അറകൾ ഉണ്ടായിരുന്നു. എന്നോടൊപ്പം ഉണ്ടായിരുന്നത്‌ ആരാണെന്നറിയാമോ? അപ്പർ ഓസ്‌ട്രിയയുടെ മുൻ ഗവർണർ ഡോ. ഹൈൻറിച്ച്‌ ഗ്ലൈസ്‌ന!

ഞങ്ങൾ ഇരുവരും രസകരമായ ഒരു സംഭാഷണം തുടങ്ങി. എന്റെ ദുരവസ്ഥയിൽ ആത്മാർഥമായ താത്‌പര്യം കാണിച്ച അദ്ദേഹം, താൻ ഗവർണർ പദവിയിൽ ഇരിക്കുമ്പോൾപ്പോലും നിയമപരമായ അസംഖ്യം പ്രശ്‌നങ്ങൾ തന്റെ പ്രവിശ്യയിലുള്ള യഹോവയുടെ സാക്ഷികൾക്ക്‌ നേരിട്ടതിൽ വിഷമം പ്രകടിപ്പിച്ചു. അദ്ദേഹം ഖേദത്തോടെ ഇങ്ങനെ പറഞ്ഞു: “മിസ്റ്റർ എങ്‌ഗ്ലൈറ്റ്‌ന, ക്ഷമാപണം നടത്താനല്ലാതെ വന്നുപോയ തെറ്റുതിരുത്താൻ എനിക്കാവില്ല. നീതിനിർവഹണത്തിൽ വീഴ്‌ചവരുത്തിയതിന്റെ കുറ്റം ഞങ്ങളുടെ ഗവൺമെന്റിനുണ്ട്‌ എന്നു തോന്നുന്നു. നിങ്ങൾക്ക്‌ എപ്പോഴെങ്കിലും എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നെക്കൊണ്ടാകുന്നത്‌ ചെയ്‌തുതരാൻ എനിക്കു സന്തോഷമേയുള്ളൂ.” യുദ്ധാനന്തരം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. നാസി പീഡനത്തിന്‌ ഇരയായവർക്കുള്ള ഗവൺമെന്റ്‌ പെൻഷൻ ലഭിക്കാനുള്ള സഹായം അദ്ദേഹം എനിക്കു ചെയ്‌തുതന്നു.

“ഞാൻ നിന്നെ കൊല്ലാൻ പോകുകയാണ്‌”

1939 ഒക്ടോബർ 9-ന്‌ ഞാൻ ബൂകെൻവൊൾഡ്‌ തടങ്കൽപ്പാളയത്തിൽ എത്തി. പുതുതായി എത്തിയവരിൽ ഒരു യഹോവയുടെ സാക്ഷിയും ഉണ്ടെന്ന്‌ ജയിൽ അറ്റൻഡന്റിന്‌ ഉടൻതന്നെ അറിയിപ്പു കിട്ടി. അങ്ങനെ ഞാൻ അയാളുടെ ശ്രദ്ധാകേന്ദ്രമായി. അയാൾ എന്നെ ക്രൂരമായി അടിച്ചു. ഒരു പ്രകാരത്തിലും എന്നെക്കൊണ്ട്‌ വിശ്വാസം തള്ളിപ്പറയിക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു: “എങ്‌ഗ്ലൈറ്റ്‌ന, ഞാൻ നിന്നെ കൊല്ലാൻ പോകുകയാണ്‌. എന്നാൽ അതിനു മുമ്പായി വിടപറഞ്ഞുകൊണ്ട്‌ നിനക്കു വീട്ടിലേക്ക്‌ ഒരു ചെറിയ കത്ത്‌ എഴുതാം.” എന്റെ മാതാപിതാക്കൾക്ക്‌ എഴുതാനുള്ള ആശ്വാസവാക്കുകൾ ചിന്തിച്ചെടുത്തിട്ട്‌ പേന കടലാസ്സിൽ വെക്കുമ്പോഴെല്ലാം അയാൾ എന്റെ വലതുകൈയുടെ മുട്ടിൽ തട്ടുമായിരുന്നു. അങ്ങനെ അതെല്ലാം കുത്തിവരച്ചതുപോലെ ആയിപ്പോയി. “ഇതുപോലൊരു വിഡ്‌ഢി, നേരെചൊവ്വെ രണ്ടുവരി എഴുതാൻപോലും അറിയില്ല. എന്നാലും ബൈബിൾ വായിക്കാതെ ഉറക്കംവരത്തില്ല അല്ലയോ?” എന്നിങ്ങനെ പറഞ്ഞ്‌ അയാൾ എന്നെ പരിഹസിച്ചു.

പിന്നെ അറ്റൻഡന്റ്‌ കൈത്തോക്ക്‌ വലിച്ചെടുത്ത്‌ എന്റെ ചെന്നിയോട്‌ ചേർത്തുപിടിച്ചിട്ട്‌ കാഞ്ചിവലിക്കാൻ പോകുന്നതുപോലെ ഭാവിച്ചു. ഞാൻ തുടക്കത്തിൽ പറഞ്ഞത്‌ ഇതിനെക്കുറിച്ചാണ്‌. പിന്നെ അയാൾ ആളുകൾ തിങ്ങിനിറഞ്ഞ ഒരു ചെറിയ അറയിലേക്ക്‌ എന്നെ തള്ളിക്കയറ്റി. അവിടെ രാത്രിമുഴുവൻ എനിക്ക്‌ നിൽക്കേണ്ടിവന്നു. കിടക്കാൻ ഇടം കിട്ടിയിരുന്നെങ്കിലും എനിക്ക്‌ ഉറങ്ങാൻ കഴിയുമായിരുന്നില്ല, കാരണം, ശരീരമാസകലം വേദന ആയിരുന്നു. “വിവരംകെട്ട ഒരു മതത്തിനുവേണ്ടി മരിക്കുന്നത്‌ തികച്ചും വ്യർഥമാണ്‌!” ആ അറയിലുണ്ടായിരുന്ന മറ്റുള്ളവർക്കു പറയാനുണ്ടായിരുന്ന “ആശ്വാസ”വാക്കുകൾ അതു മാത്രമായിരുന്നു. ഡോ. ഗ്ലൈസ്‌ന അടുത്ത അറയിൽ ഉണ്ടായിരുന്നു. നടന്ന കാര്യങ്ങളെല്ലാം കേട്ടശേഷം ചിന്താമഗ്നനായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ക്രിസ്‌ത്യാനികൾക്കെതിരെയുള്ള പീഡനം വീണ്ടും അതിന്റെ വൃത്തികെട്ട തല പൊക്കുകയാണ്‌!”

1940-ലെ വേനൽക്കാലം. ഞായറാഴ്‌ചകളിൽ പൊതുവെ ജോലി ചെയ്യേണ്ടതില്ലായിരുന്നെങ്കിലും, കല്ലുമടയിലെ ജോലിക്കായി തടവുപുള്ളികളെല്ലാം ഹാജരാകണമെന്ന്‌ ഒരു ഞായറാഴ്‌ച ഉത്തരവുണ്ടായി. അന്തേവാസികളായ ചിലരുടെ “ദുർനടപടികൾ”ക്കുള്ള ഒരു പകപോക്കലായിരുന്നു അത്‌. മടയിൽനിന്നു വലിയ കല്ലുകൾ ക്യാമ്പിലേക്ക്‌ ചുമന്നുകൊണ്ടുപോകാൻ ഞങ്ങളോട്‌ ആവശ്യപ്പെട്ടു. എന്റെ മുതുകിൽ വലിയൊരു കല്ല്‌ കയറ്റിവെക്കാൻ രണ്ടു തടവുപുള്ളികൾ ശ്രമിച്ചപ്പോൾ ഭാരംകൊണ്ട്‌ ഞാൻ വീഴാറായി. എന്നാൽ, എല്ലാവരും ഭയപ്പെട്ടിരുന്ന ക്യാമ്പിന്റെ സൂപ്പർവൈസർ ആർടൂർ റോഡ്‌ൽ അപ്രതീക്ഷിതമായി എന്റെ രക്ഷയ്‌ക്കെത്തി. ആ കല്ല്‌ ചുമക്കാനുള്ള എന്റെ പങ്കപ്പാട്‌ കണ്ടിട്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ കല്ലുമായി താൻ ക്യാമ്പ്‌ വരെ എത്തുകയില്ല! അത്‌ താഴെയിട്‌!” എനിക്ക്‌ ആശ്വാസം പകർന്ന ഒരു ഉത്തരവായിരുന്നു അത്‌. തുടർന്ന്‌ ഒരു ചെറിയ കല്ല്‌ ചൂണ്ടിക്കാണിച്ചിട്ട്‌ പറഞ്ഞു: “ഭാരംകുറഞ്ഞ ആ കല്ലെടുത്ത്‌ ക്യാമ്പിലേക്ക്‌ കൊണ്ടുപോകൂ.” പിന്നെ ഞങ്ങളുടെ സൂപ്പർവൈസറോട്‌ ഇങ്ങനെ കൽപ്പിച്ചു: “ബൈബിൾ വിദ്യാർഥികളെ ബാരക്കുകളിലേക്കു തിരിച്ചയച്ചോളൂ. അവരുടെ ഇന്നത്തെ ജോലി കഴിഞ്ഞു!”

ഓരോ ദിവസവും ജോലിക്കുശേഷം ആത്മീയ കുടുംബവുമായി സന്തോഷകരമായ സഹവാസം ഞാൻ ആസ്വദിച്ചിരുന്നു. ആത്മീയ ഭക്ഷണം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. ഒരു സഹോദരൻ, ഒരു ബൈബിൾ വാക്യം ഒരു തുണ്ട്‌ കടലാസ്സിൽ എഴുതി കൈമാറുമായിരുന്നു. ക്യാമ്പിലേക്ക്‌ ഒരു ബൈബിളും രഹസ്യമായി കൊണ്ടുവന്നിരുന്നു. അതിനെ ഓരോ പുസ്‌തകങ്ങളായി ഞങ്ങൾ വേർപെടുത്തി. ഇയ്യോബിന്റെ പുസ്‌തകം മൂന്നു മാസക്കാലം എന്റെ കൈവശം ആയിരുന്നു. സോക്‌സിനുള്ളിലാണ്‌ ഞാൻ അത്‌ ഒളിപ്പിച്ചിരുന്നത്‌. ഇയ്യോബിനെ സംബന്ധിച്ചുള്ള വിവരണം വിശ്വാസത്തിൽ അചഞ്ചലനായി നിലകൊള്ളാൻ എന്നെ സഹായിച്ചു.

ഒടുവിൽ, 1941 മാർച്ച്‌ 7-ാം തീയതി നിഡെഹാജൻ തടങ്കൽപ്പാളയത്തിലേക്ക്‌ കൊണ്ടുപോയ ഒരു വലിയ കൂട്ടത്തോടൊപ്പം ഞാനും ഉണ്ടായിരുന്നു. ദിവസങ്ങൾ കഴിയുന്തോറും എന്റെ അവസ്ഥ വഷളായിക്കൊണ്ടിരുന്നു. ഒരു ദിവസം, ഉപകരണങ്ങൾ പെട്ടികളിലാക്കി പാക്കു ചെയ്യാൻ എനിക്കും രണ്ടു സഹോദരന്മാർക്കും നിയമനം ലഭിച്ചു. ആ ജോലി ചെയ്‌തശേഷം ഞങ്ങൾ മറ്റൊരു കൂട്ടം തടവുകാരോടൊപ്പം ബാരക്കുകളിലേക്കു പോയി. ആ സമയത്ത്‌ എന്റെ നടപ്പിന്‌ വേഗത കുറവാണെന്നത്‌ ഒരു എസ്‌എസ്‌ സൈനികൻ ശ്രദ്ധിച്ചു. അയാൾ വളരെ കോപിച്ചു യാതൊരു മുന്നറിയിപ്പുമില്ലാതെ എന്നെ പിന്നിൽനിന്നു ശക്തമായി തൊഴിച്ചു. അതു വല്ലാത്ത ചതവേൽപ്പിച്ചു. അസഹനീയമായ വേദന ഉണ്ടായിരുന്നെങ്കിലും ഞാൻ അടുത്തദിവസവും ജോലിക്കുപോയി.

അപ്രതീക്ഷിതമായ മോചനം

ഒടുവിൽ, 1943 ഏപ്രിൽ മാസത്തിൽ നിഡെഹാജൻ ക്യാമ്പിൽനിന്ന്‌ എല്ലാവരെയും ഒഴിപ്പിച്ചു. അതേത്തുടർന്ന്‌, എന്നെ റാവെൻസ്‌ബ്രൂക്കിലെ മരണത്താവളത്തിലേക്കു മാറ്റി. പിന്നീട്‌ 1943 ജൂണിൽ, തടങ്കൽപ്പാളയത്തിൽനിന്നു പുറത്തുപോരാനുള്ള ഒരു അവസരം എനിക്കു ലഭിച്ചു. അത്‌ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. മോചനം ലഭിക്കണമെങ്കിൽ വിശ്വാസം തള്ളിപ്പറയണമെന്ന വ്യവസ്ഥ ഇത്തവണ ഇല്ലായിരുന്നു. ശിഷ്ടകാലം മുഴുവൻ ഒരു കൃഷിയിടത്തിൽ നിർബന്ധിത ജോലി ചെയ്യാൻ സമ്മതിച്ചാൽ മതിയായിരുന്നു. ക്യാമ്പിലെ ഭീകരാന്തരീക്ഷത്തിൽനിന്നു രക്ഷപ്പെടാനായി ഞാൻ അതിനു തയ്യാറായി. അവസാന പരിശോധനയ്‌ക്കായി ഞാൻ ക്യാമ്പിലെ ഡോക്ടറുടെ അടുക്കൽ ചെന്നു. എന്നെ കണ്ടപ്പോഴേ അദ്ദേഹം ആശ്ചര്യത്തോടെ ചോദിച്ചു: “അതു ശരി, നീ ഇപ്പോഴും യഹോവയുടെ സാക്ഷികളുടെ കൂടെയാണല്ലേ? “അതേ, ഡോക്ടർ” ഞാൻ മറുപടി പറഞ്ഞു. “അങ്ങനെയാണെങ്കിൽ തന്നെ ഇവിടെനിന്നു വിടാൻ യാതൊരു കാരണവും ഞാൻ കാണുന്നില്ല. എന്നാൽ, തന്നെപ്പോലുള്ള ഒരു നികൃഷ്ട ജന്തു ഞങ്ങളുടെ തലയിൽനിന്ന്‌ ഒഴിഞ്ഞുകിട്ടുമല്ലോ എന്നോർക്കുമ്പോൾ പറഞ്ഞുവിടാനും തോന്നുന്നുണ്ട്‌.”

എന്റെ അവസ്ഥയെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ലായിരുന്നു. എന്റെ ആരോഗ്യസ്ഥിതി വളരെ ശോചനീയമായിരുന്നു. എന്റെ ത്വക്ക്‌ ഭാഗികമായി പേൻ അരിച്ചിരുന്നു, അടികൊണ്ട്‌ ഒരു ചെവിയുടെ കേൾവിശക്തി നഷ്ടമായി. ശരീരമാസകലം പഴുത്ത വ്രണങ്ങളുണ്ടായിരുന്നു. 46 മാസക്കാലത്തെ ദുരിതവും വിശപ്പും നിർബന്ധിത ജോലിയും കഴിഞ്ഞപ്പോൾ എനിക്ക്‌ വെറും 28 കിലോഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. അത്തരമൊരു അവസ്ഥയിലാണ്‌ 1943 ജൂലൈ 15-ന്‌ റാവെൻസ്‌ബ്രൂക്കിൽനിന്ന്‌ എന്നെ പറഞ്ഞുവിടുന്നത്‌.

കാവൽക്കാരില്ലാതെ സ്വന്തനാട്ടിലേക്ക്‌ എന്നെ ട്രെയിൻ കയറ്റിവിട്ടു. ഞാൻ ലിൻസിൽ ഉള്ള ഗസ്റ്റപ്പോയുടെ ആസ്ഥാനത്ത്‌ ഹാജരായി. ഗസ്റ്റപ്പോ ഓഫീസർ, എന്നെ മോചിപ്പിച്ചുകൊണ്ടുള്ള രേഖകൾ എനിക്കു തന്നിട്ട്‌ ഈ മുന്നറിയിപ്പു നൽകി: “ഒളിവിലുള്ള പ്രവർത്തനത്തിൽ തുടരാനാണ്‌ ഈ മോചനമെന്നു വിചാരിച്ചാൽ, തനിക്കു തെറ്റി. പ്രസംഗിച്ചതിന്റെ പേരിൽ താൻ എന്നെങ്കിലും ഞങ്ങളുടെ പിടിയിലായാൽ, പിന്നെ ദൈവം മാത്രമേ തന്നെ സഹായിക്കുകയുള്ളൂ.”

ഒടുവിൽ ഞാൻ വീട്ടിൽ എത്തി. 1939 ഏപ്രിൽ 4-ന്‌ ഞാൻ അറസ്റ്റിലായ ശേഷം എന്റെ അമ്മ എന്റെ മുറിയിലെ ഒന്നിനും ഒരു മാറ്റവും വരുത്തിയിരുന്നില്ല. കിടക്കയ്‌ക്ക്‌ അരികിലുള്ള മേശയിൽ എന്റെ ബൈബിൾപോലും തുറന്നുതന്നെ ഇരുന്നിരുന്നു! ഞാൻ മുട്ടിൽനിന്ന്‌ ദൈവത്തിന്‌ ഹൃദയംഗമമായ ഒരു കൃതജ്ഞതാപ്രാർഥന നടത്തി.

പെട്ടെന്നുതന്നെ പർവതപ്രദേശത്തുള്ള ഒരു കൃഷിയിടത്തിൽ എന്നെ ജോലിക്ക്‌ നിയോഗിച്ചു. ഒരു ബാല്യകാല സുഹൃത്തായിരുന്ന ആ കർഷകൻ, കടപ്പാടൊന്നും ഇല്ലായിരുന്നെങ്കിലും, എനിക്ക്‌ ചെറിയൊരു തുക നൽകുമായിരുന്നു. എന്റെ ചില ബൈബിൾ സാഹിത്യങ്ങൾ തന്റെ പുരയിടത്തിൽ ഒളിപ്പിക്കാൻ ഈ സുഹൃത്ത്‌ യുദ്ധം തുടങ്ങുന്നതിനു മുമ്പ്‌ എന്നെ അനുവദിച്ചിരുന്നു. ആത്മീയ ശക്തി പ്രാപിക്കാനായി ആ ചെറിയ സാഹിത്യശേഖരം ഞാൻ നന്നായി ഉപയോഗപ്പെടുത്തി. എന്റെ ആവശ്യങ്ങളെല്ലാം നിറവേറപ്പെട്ടു, യുദ്ധം അവസാനിക്കുന്നതുവരെ ആ കൃഷിയിടത്തിൽ തുടരാൻ ഞാൻ തീരുമാനിച്ചു.

പർവതപ്രദേശത്തെ ഒളിജീവിതം

എന്നാൽ സ്വാതന്ത്ര്യത്തിന്റെ ആ ശാന്ത ദിനങ്ങൾ ഏറെനാൾ നീണ്ടുനിന്നില്ല. വൈദ്യപരിശോധനയ്‌ക്കായി ഒരു മിലിട്ടറി ഡോക്ടറുടെ അടുത്തു ചെല്ലാൻ 1943 ആഗസ്റ്റ്‌ പകുതിയോടെ എനിക്ക്‌ ഉത്തരവു ലഭിച്ചു. എന്റെ മുതുകിന്റെ പ്രശ്‌നം കാരണം സൈനിക സേവനത്തിന്‌ ഞാൻ യോഗ്യനല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസ്‌താവന. എന്നാൽ ഒരാഴ്‌ച കഴിഞ്ഞ്‌, “മുന്നണിയിലെ സജീവ സേവനത്തിന്‌ ശാരീരിക ക്ഷമതയുള്ളവ”നാണെന്ന്‌ അദ്ദേഹം തിരുത്തിപ്പറഞ്ഞു. എന്നെ കണ്ടുപിടിക്കാൻ കുറച്ചുനാളത്തേക്ക്‌ സൈന്യത്തിനു കഴിഞ്ഞില്ല. എന്നാൽ 1945 ഏപ്രിൽ 17-ന്‌, യുദ്ധം അവസാനിക്കുന്നതിന്‌ കുറച്ചുമുമ്പ്‌ അവർ എന്നെ കണ്ടെത്തി. അവർ എന്നെ മുന്നണിയിലേക്കു നിയമിച്ചു.

ഏതാനും വസ്‌ത്രങ്ങളും കുറച്ച്‌ ആഹാരവും ഒരു ബൈബിളുമായി ഞാൻ അടുത്തുള്ള പർവതപ്രദേശത്ത്‌ അഭയം തേടി. ഞാൻ വെളിമ്പ്രദേശത്താണ്‌ കിടന്നുറങ്ങിയത്‌. എന്നാൽ കാലാവസ്ഥ വളരെ മോശമാകുകയും അര മീറ്റർ കനത്തിൽ മഞ്ഞുവീഴുകയും ചെയ്‌തു. ശരീരം മൊത്തം കുതിർന്നു. ഒടുവിൽ, സമുദ്രനിരപ്പിൽനിന്ന്‌ ഏതാണ്ട്‌ 1,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ വീട്ടിൽ ചെന്നെത്താൻ എനിക്കു കഴിഞ്ഞു. തണുത്തുവിറങ്ങലിച്ച ഞാൻ അവിടെ അടുപ്പിൽ തീകൂട്ടി തീകായുകയും വസ്‌ത്രങ്ങൾ ഉണക്കിയെടുക്കുകയും ചെയ്‌തു. പരിക്ഷീണനായ ഞാൻ അടുപ്പിന്‌ മുന്നിലെ ബെഞ്ചിൽക്കിടന്ന്‌ ഉറങ്ങിപ്പോയി. അധികം താമസിയാതെ വല്ലാത്ത വേദന കാരണം ഞാൻ ചാടിയെണീറ്റു. എന്റെ വസ്‌ത്രത്തിൽ തീപിടിച്ചിരുന്നു! ഞാൻ തറയിൽ കിടന്നുരുണ്ട്‌ തീയണച്ചു. എന്റെ പുറമാകെ പൊള്ളലേറ്റു.

പിടിയിലാകാൻ വളരെ സാധ്യത ഉണ്ടായിരുന്നെങ്കിലും, നേരംവെളുക്കുന്നതിനു മുമ്പായി ഞാൻ പാത്തും പതുങ്ങിയും ആ കൃഷിയിടത്തിലേക്കുവന്നു. എങ്കിലും, ഭയപ്പാടിലായ ആ കർഷകന്റെ ഭാര്യ എന്നെ അവിടെ നിറുത്തിയില്ല, സൈന്യം എനിക്കുവേണ്ടി പ്രത്യേകം തിരച്ചിൽ നടത്തുന്നുണ്ടെന്ന്‌ അവർ പറഞ്ഞു. അതുകൊണ്ട്‌ ഞാൻ എന്റെ മാതാപിതാക്കളുടെ അടുത്തു ചെന്നു. എനിക്കു സംരക്ഷണം നൽകാൻ ആദ്യം മടിച്ചെങ്കിലും, വൈക്കോൽ പുരയിൽ ഉറങ്ങാൻ ഒടുവിൽ അവർ എന്നെ അനുവദിച്ചു. അമ്മ എന്റെ മുറിവുകൾ വെച്ചുകെട്ടി. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു. എന്നാൽ, ഞാൻ അവിടെ ഉള്ളതിലുള്ള മാതാപിതാക്കളുടെ ഉത്‌കണ്‌ഠകാരണം വീണ്ടും പർവതപ്രദേശത്ത്‌ പോയി ഒളിക്കുന്നതാണ്‌ ഭേദമെന്നു ഞാൻ തീരുമാനിച്ചു.

1945 മേയ്‌ 5-ാം തീയതി ഒരു വലിയ ശബ്ദം കേട്ടാണ്‌ ഞാൻ ഉണർന്നത്‌. സഖ്യസേനയുടെ വിമാനങ്ങൾ താണുപറക്കുന്നത്‌ ഞാൻ കണ്ടു. ഹിറ്റ്‌ലറിന്റെ ഭരണകൂടം മറിച്ചിടപ്പെട്ടെന്ന്‌ ആ നിമിഷം ഞാൻ മനസ്സിലാക്കി. അവിശ്വസനീയമായ ഒരു അഗ്നിപരീക്ഷ സഹിച്ചുനിൽക്കാൻ യഹോവയുടെ ആത്മാവ്‌ എന്നെ ശക്തീകരിച്ചിരുന്നു. സങ്കീർത്തനം 55:​22-ലെ വാക്കുകളുടെ സത്യത ഞാൻ അനുഭവിച്ചറിഞ്ഞു. എന്റെ പരിശോധനകളുടെ തുടക്കത്തിൽ എനിക്കു വളരെയേറെ ആശ്വാസം പകർന്ന വാക്കുകളാണവ. ഞാൻ ‘എന്റെ ഭാരം യഹോവയുടെമേൽ വെച്ചു.’ ശാരീരികമായ പരാധീനത ഉണ്ടായിരുന്നെങ്കിലും “കൂരിരുൾതാഴ്‌വരയിൽ” കൂടി നടന്നപ്പോൾ അവൻ എങ്ങനെ താങ്ങി.​—⁠സങ്കീർത്തനം 23:⁠4.

യഹോവയുടെ “ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു”

യുദ്ധാനന്തരം ജീവിതം സാവധാനം പഴയപടിയായി. ആദ്യം ഞാൻ കർഷകസുഹൃത്തിന്റെ പർവതപ്രദേശത്തുള്ള കൃഷിയിടത്തിൽ കൂലിവേല ചെയ്‌തു. 1946 ഏപ്രിലിൽ യു.എ⁠സ്‌. അധിനിവേശസേന ഇടപെട്ടശേഷം മാത്രമാണ്‌ ജീവിതത്തിന്റെ ശിഷ്ടകാലത്ത്‌ നിർബന്ധിത കാർഷിക വേല ചെയ്യാനുള്ള ഉത്തരവാദിത്വത്തിൽനിന്ന്‌ എനിക്കു മോചനം ലഭിച്ചത്‌.

യുദ്ധം അവസാനിച്ചപ്പോൾ ബാറ്റ്‌ ഇഷലിലെയും ചുറ്റുമുള്ള ഡിസ്‌ട്രിക്‌റ്റിലെയും ക്രിസ്‌തീയ സഹോദരങ്ങൾ ക്രമമായി യോഗങ്ങൾ നടത്തിത്തുടങ്ങി. പുതുവീര്യത്തോടെ അവർ പ്രസംഗിക്കാനാരംഭിച്ചു. എനിക്ക്‌ ഒരു ഫാക്ടറിയിൽ രാത്രിയിലെ പാറാവുജോലി കിട്ടി. അങ്ങനെ പയനിയറിങ്ങിൽ തുടരാൻ കഴിഞ്ഞു. പിന്നീട്‌ സാങ്ക്‌റ്റ്‌ വോൾഫ്‌ഗാങ്‌ പ്രദേശത്ത്‌ താമസമാക്കിയ ഞാൻ 1949-ൽ തെരേസിയ കുർട്‌സിനെ വിവാഹംകഴിച്ചു. അവൾക്ക്‌ മുൻവിവാഹത്തിൽ ഒരു മകൾ ഉണ്ടായിരുന്നു. ഞങ്ങൾ 32 വർഷം ഒരുമിച്ചു ജീവിച്ചു, 1981-ൽ അവൾ മരിക്കുന്നതുവരെ. ഏഴു വർഷത്തിലധികം ഞാൻ അവളെ പരിചരിച്ചു.

തെരേസിയയുടെ മരണശേഷം ഞാൻ പയനിയറിങ്‌ പുനരാരംഭിച്ചു. തെരേസിയയുടെ മരണം ഉളവാക്കിയ ശൂന്യത നികത്താൻ എന്നെ സഹായിച്ചത്‌ അതാണ്‌. ഞാൻ ഇപ്പോൾ ബാറ്റ്‌ ഇഷലിലെ സഭയിൽ ഒരു പയനിയറും മൂപ്പനുമാണ്‌. എപ്പോഴും വീൽച്ചെയറിൽ ആയതിനാൽ, ഞാൻ ബാറ്റ്‌ ഇഷലിലെ പാർക്കിലോ എന്റെ വീടിനു മുമ്പിലോ ഇരുന്നുകൊണ്ട്‌ രാജ്യപ്രത്യാശയെക്കുറിച്ച്‌ ആളുകളോടു സംസാരിക്കുകയും ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം നല്ല ബൈബിൾ ചർച്ചകൾ വലിയ സന്തോഷത്തിന്റെ ഉറവാണ്‌.

പിന്തിരിഞ്ഞുനോക്കുമ്പോൾ, സഹിക്കേണ്ടിവന്ന ഭയാനകമായ അനുഭവങ്ങൾ എന്നിൽ കോപമോ ശത്രുതയോ ഉളവാക്കിയില്ലെന്ന്‌ എനിക്ക്‌ ഉറപ്പോടെ പറയാൻ കഴിയും. പരിശോധനകൾ നിമിത്തം ചിലപ്പോഴൊക്കെ നിരാശ തോന്നിയിട്ടുണ്ടെന്നത്‌ സത്യമാണ്‌. എന്നാൽ, അപ്പോഴൊക്കെ യഹോവയുമായുള്ള ഊഷ്‌മള ബന്ധമാണ്‌ അതു തരണം ചെയ്യാൻ എന്നെ സഹായിച്ചത്‌. കർത്താവ്‌ പൗലൊസിനോട്‌ പറഞ്ഞ “എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്ന വാക്കുകൾ എന്റെ കാര്യത്തിലും സത്യമായിത്തീർന്നു. ഇപ്പോൾ ഏതാണ്ട്‌ 100 വയസ്സ്‌ ആയിരിക്കെ, അപ്പൊസ്‌തലനായ പൗലൊസിനെപ്പോലെ പിൻവരുംവിധം ഞാനും പറയുന്നു: “ഞാൻ ക്രിസ്‌തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.”​—⁠2 കൊരിന്ത്യർ 12:9, 10.

[25-ാം പേജിലെ ചിത്രങ്ങൾ]

1939 ഏപ്രിലിൽ ഗസ്റ്റപ്പോ അറസ്റ്റു ചെയ്‌തു

ഗസ്റ്റപ്പോയുടെ കുറ്റപത്രം, മേയ്‌ 1939

[കടപ്പാട്‌]

രണ്ടു ചിത്രങ്ങളും: Privatarchiv; B. Rammerstorfer

[26-ാം പേജിലെ ചിത്രം]

അടുത്തുള്ള പർവതങ്ങളായിരുന്നു എന്റെ സങ്കേതം

[23-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ഫോട്ടോ ഹോഫെർ, ബാറ്റ്‌ ഇഷൽ, ഓസ്‌ട്രിയ