വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ക്ഷമാശീലരായിരിക്കുക’

‘ക്ഷമാശീലരായിരിക്കുക’

‘ക്ഷമാശീലരായിരിക്കുക’

“കർത്താവിന്റെ ദാസൻ കലഹപ്രിയനായിരിക്കരുത്‌; എല്ലാവരോടും സൗമ്യതയുള്ളവനും . . . ക്ഷമാശീലനുമായിരിക്കണം.”​—⁠2 തിമൊഥെയൊസ്‌ 2:⁠24, പി.ഒ.സി. ബൈബിൾ.

1. ക്രിസ്‌തീയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഇടയ്‌ക്കിടെ നാം, പരുഷമായി സംസാരിക്കുന്നവരെ കണ്ടുമുട്ടേണ്ടിവരുന്നത്‌ എന്തുകൊണ്ട്‌?

നിങ്ങളോടോ നിങ്ങൾ അറിയിക്കുന്ന സന്ദേശത്തോടോ അനുകൂല മനോഭാവം കാണിക്കാത്തവരെ കണ്ടുമുട്ടേണ്ടിവരുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കും? അപ്പൊസ്‌തലനായ പൗലൊസ്‌ അന്ത്യനാളുകളെക്കുറിച്ചുള്ള തന്റെ വിവരണത്തിൽ, ആളുകൾ “ദൂഷകന്മാരും . . . ഏഷണിക്കാരും . . . അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും” ആയിരിക്കുമെന്ന്‌ മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയൊസ്‌ 3:⁠1-5, 12) ശുശ്രൂഷയിലോ മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരിക്കുമ്പോൾ നിങ്ങൾ അത്തരം വ്യക്തികളെ അഭിമുഖീകരിച്ചേക്കാം.

2. നമ്മോടു പരുക്കൻ മട്ടിൽ സംസാരിക്കുന്നവരോടു ജ്ഞാനപൂർവം ഇടപെടാൻ ഏതു തിരുവെഴുത്തുകൾക്കു നമ്മെ സഹായിക്കാനാകും?

2 പരുക്കൻ മട്ടിൽ സംസാരിക്കുന്ന എല്ലാവരും, ശരിയായ കാര്യങ്ങളിൽ അൽപ്പംപോലും താത്‌പര്യമില്ലാത്തവരാണെന്ന്‌ അർഥമില്ല. അങ്ങേയറ്റത്തെ ഞെരുക്കമോ നിരാശയോ, സമീപിക്കുന്ന ഏതൊരാളോടും കുപിതരായി സംസാരിക്കാൻ ആളുകളെ പ്രേരിപ്പിച്ചേക്കാം. (സഭാപ്രസംഗി 7:⁠7) തങ്ങൾ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇടങ്ങളിൽ പരുഷമായ സംസാരം സർവസാധാരണമായതുകൊണ്ടാണ്‌ പലരും ഈ വിധത്തിൽ പെരുമാറുന്നത്‌. അത്തരം സംസാരം ക്രിസ്‌ത്യാനികളെന്ന നിലയിൽ നമുക്കു സ്വീകാര്യമല്ലെങ്കിലും ആളുകൾ അത്തരത്തിൽ പെരുമാറുന്നതിന്റെ കാരണം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. കഠിന സംസാരത്തോടുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കണം? സദൃശവാക്യങ്ങൾ 19:⁠11 പ്രസ്‌താവിക്കുന്നു: “വിവേകബുദ്ധിയാൽ [ഉൾക്കാഴ്‌ചയാൽ] മനുഷ്യന്നു ദീർഘക്ഷമവരുന്നു.” റോമർ 12:⁠17, 18 നമ്മെ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാതെ . . . കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.”

3. നാം പ്രസംഗിക്കുന്ന സന്ദേശത്തിൽ സമാധാനപ്രിയം ഉൾപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

3 നാം യഥാർഥത്തിൽ സമാധാനപ്രിയരാണെങ്കിൽ, അതു നമ്മുടെ മനോഭാവത്തിൽ പ്രതിഫലിക്കും. നമ്മുടെ സംസാരത്തിലും പ്രവൃത്തിയിലും ഒരുപക്ഷേ, നമ്മുടെ മുഖഭാവത്തിലും സ്വരത്തിലും അതു പ്രകടമായിരിക്കും. (സദൃശവാക്യങ്ങൾ 17:⁠27) ശിഷ്യന്മാരെ പ്രസംഗവേലയ്‌ക്ക്‌ അയയ്‌ക്കവേ, യേശു അവർക്ക്‌ ഈ ബുദ്ധിയുപദേശം നൽകി: ഒരു “വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ [“സമാധാനം ആശംസിക്കണം,” പി.ഒ.സി. ബൈ.]. വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.” (മത്തായി 10:⁠12, 13) നാം വഹിക്കുന്ന സന്ദേശം സുവാർത്തയാണ്‌. ‘സമാധാനസുവിശേഷം,’ ‘ദൈവകൃപയുടെ സുവിശേഷം,’ “രാജ്യത്തിന്റെ ഈ സുവിശേഷം” എന്നൊക്കെ ബൈബിൾ അതിനെ വിശേഷിപ്പിക്കുന്നു. (എഫെസ്യർ 6:⁠15; പ്രവൃത്തികൾ 20:⁠24; മത്തായി 24:⁠14) നമ്മുടെ ലക്ഷ്യം, മറ്റു വ്യക്തികളുടെ വിശ്വാസങ്ങളെ വിമർശിക്കുകയോ അവരുടെ വീക്ഷണം സംബന്ധിച്ചു തർക്കിക്കുകയോ അല്ല, മറിച്ച്‌ ദൈവവചനത്തിൽനിന്നുള്ള സുവാർത്ത അവരുമായി പങ്കുവെക്കുകയെന്നതാണ്‌.

4. സന്ദർശനോദ്ദേശ്യംപോലും പറയാൻ അവസരം നൽകാതെ “എനിക്കു താത്‌പര്യമില്ല” എന്നു വീട്ടുകാരൻ പറയുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?

4 നാം പറയുന്നതു ശരിക്കും ശ്രദ്ധിക്കാൻ മിനക്കെടാതെ, വീട്ടുകാരൻ ഇടയ്‌ക്കു കയറി “എനിക്കു താത്‌പര്യമില്ല” എന്നു പറഞ്ഞേക്കാം. അങ്ങനെയുള്ള മിക്ക സാഹചര്യങ്ങളിലും ഇങ്ങനെ പറയാൻ കഴിഞ്ഞേക്കും: “ബൈബിളിൽനിന്ന്‌ ഹ്രസ്വമായ ഈ വാക്യം താങ്കളെ വായിച്ചുകേൾപ്പിക്കുന്നതിൽ വിരോധമില്ലല്ലോ.” ഒരുപക്ഷേ, അയാൾ എതിർക്കാനിടയില്ല. മറ്റു ചിലരോട്‌ ഇങ്ങനെ പറയാൻ കഴിഞ്ഞേക്കും: “അനീതി ഇല്ലാത്തതും എല്ലാ ആളുകളും പരസ്‌പരം സ്‌നേഹിക്കാൻ പഠിക്കുന്നതും ആയ ഒരു കാലത്തെക്കുറിച്ച്‌ താങ്കളോടു പറയാൻ എനിക്ക്‌ ആഗ്രഹമുണ്ട്‌.” അപ്പോൾ കൂടുതൽ കേൾക്കാൻ വീട്ടുകാരൻ ആഗ്രഹം പ്രകടിപ്പിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിഞ്ഞേക്കും: “എന്നാൽ ഇപ്പോൾ താങ്കൾക്ക്‌ അസൗകര്യമാണെന്നു തോന്നുന്നു.” വീട്ടുകാരന്റെ പ്രതികരണം സമാധാനപരമല്ലെങ്കിലും അദ്ദേഹം നിത്യജീവന്‌ “അർഹതയി”ല്ലാത്തവനാണെന്നു നാം നിഗമനം ചെയ്യണമോ? ആളുകളുടെ പ്രതികരണം എന്തുതന്നെയായാലും ‘സൗമ്യതയുള്ളവരും ക്ഷമാശീലരുമായിരിക്കുവിൻ’ എന്ന ബൈബിളിന്റെ ബുദ്ധിയുപദേശം ഓർമിക്കുക.”​—⁠2 തിമൊഥെയൊസ്‌ 2:⁠24, പി.ഒ.സി. ബൈ.

നിഷ്‌ഠുരൻ, എന്നാൽ വഴിതെറ്റിക്കപ്പെട്ടവൻ

5, 6. ശൗൽ യേശുവിന്റെ അനുഗാമികളോട്‌ ഇടപെട്ടത്‌ എങ്ങനെ, അവൻ അത്തരത്തിൽ പ്രവർത്തിച്ചത്‌ എന്തുകൊണ്ട്‌?

5 ഒന്നാം നൂറ്റാണ്ടിൽ, ശൗൽ എന്നു പേരുള്ള ഒരു മനുഷ്യൻ അനാദരപൂർവകമായ സംസാരത്തിനും അക്രമാസക്തമായ പെരുമാറ്റത്തിനും കുപ്രസിദ്ധനായിരുന്നു. അവൻ ‘കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടിരുന്നു’ എന്ന്‌ തിരുവെഴുത്തു പറയുന്നു. (പ്രവൃത്തികൾ 9:⁠1, 2) “മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്‌ഠുരനും ആയിരുന്നു”വെന്ന്‌ പിന്നീട്‌ അവൻതന്നെ സമ്മതിച്ചുപറഞ്ഞു. (1 തിമൊഥെയൊസ്‌ 1:⁠13) അവന്റെ ബന്ധുക്കളിൽ ചിലർ നേരത്തേതന്നെ ക്രിസ്‌ത്യാനികളായിത്തീർന്നിരിക്കാമെങ്കിലും ക്രിസ്‌തുവിന്റെ അനുഗാമികളെക്കുറിച്ച്‌ തനിക്കുണ്ടായിരുന്ന മനോഭാവം എന്തായിരുന്നെന്ന്‌ അവൻ പറയുന്നു: ‘[ഞാൻ] അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിച്ചു.’ (പ്രവൃത്തികൾ 23:⁠16; 26:11; റോമർ 16:⁠7, 11) ശൗൽ ഈ വിധത്തിൽ പെരുമാറിയപ്പോൾ ശിഷ്യന്മാർ അവനുമായി പരസ്യസംവാദത്തിൽ ഏർപ്പെടാൻ ശ്രമിച്ചതായി യാതൊരു തെളിവുമില്ല.

6 എന്തുകൊണ്ടാണ്‌ ശൗൽ അത്തരത്തിൽ പ്രവർത്തിച്ചത്‌? അതെല്ലാം ‘അവിശ്വാസത്തിൽ അറിയാതെ ചെയ്‌തതായിരുന്നു’ എന്ന്‌ വർഷങ്ങൾക്കുശേഷം അവൻ എഴുതി. (1 തിമൊഥെയൊസ്‌ 1:⁠13) അവൻ, “പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്‌മതയോടെ അഭ്യസിച്ച” ഒരു പരീശനായിരുന്നു. (പ്രവൃത്തികൾ 22:⁠3) അവന്റെ ഗുരു ഗമാലിയേൽ ഏറെക്കുറെ വിശാലമനസ്‌കനായിരുന്നെങ്കിലും, ശൗൽ പിന്നീട്‌ അടുത്തു സഹവസിച്ച മഹാപുരോഹിതനായ കയ്യഫാവ്‌ ഒരു മതഭ്രാന്തനായിരുന്നു. യേശുവിനെ വധിക്കുന്നതിലേക്കു നയിച്ച സംഭവവികാസങ്ങളുടെ ഒരു സൂത്രധാരനായിരുന്നു കയ്യഫാവ്‌. (മത്തായി 26:⁠3, 4, 63-66; പ്രവൃത്തികൾ 5:⁠34-39) പിന്നീട്‌, യേശുവിന്റെ അപ്പൊസ്‌തലന്മാരെ അടിപ്പിക്കുന്നതിന്‌ ഇടയാക്കിയ അവൻ യേശുവിന്റെ നാമത്തിൽ പ്രസംഗിക്കരുതെന്ന്‌ അവരോടു കർശനമായി കൽപ്പിച്ചു. സ്‌തെഫാനൊസിനെ കല്ലെറിഞ്ഞുകൊല്ലാൻ തീരുമാനമെടുത്ത, വൈകാരികത മുറ്റിനിന്ന, സൻഹെദ്രീം യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചതും കയ്യഫാവുതന്നെ ആയിരുന്നു. (പ്രവൃത്തികൾ 5:⁠27, 28, 40; 7:⁠1-60) ആ ശിക്ഷ നടപ്പാക്കുന്നതിനു ശൗൽ സാക്ഷ്യം വഹിച്ചു. യേശുവിന്റെ ശിഷ്യന്മാരെ അടിച്ചമർത്തുന്ന വേല തുടരാൻ കയ്യഫാവ്‌ അവനെ അധികാരപ്പെടുത്തി. അതിന്റെ ഭാഗമായി ദമസ്‌കൊസിലെ ക്രിസ്‌ത്യാനികളെ അറസ്റ്റു ചെയ്യാൻ ശൗലിനു നിർദേശം ലഭിച്ചു. (പ്രവൃത്തികൾ 8:⁠1; 9:⁠1, 2) കയ്യഫാവിന്റെ സ്വാധീനത്തിൻകീഴിൽ, തന്റെ പെരുമാറ്റം ദൈവിക തീക്ഷ്‌ണതയ്‌ക്കു തെളിവു നൽകുന്നതായി ശൗൽ വിചാരിച്ചു. പക്ഷേ, വാസ്‌തവത്തിൽ അവനു യഥാർഥ വിശ്വാസം ഉണ്ടായിരുന്നില്ല. (പ്രവൃത്തികൾ 22:⁠3-5) തത്‌ഫലമായി യേശുവാണ്‌ യഥാർഥ മിശിഹായെന്നു തിരിച്ചറിയുന്നതിൽ ശൗൽ പരാജയപ്പെട്ടു. എന്നാൽ അത്ഭുതകരമായി, പുനരുത്ഥാനം പ്രാപിച്ച യേശു ദമസ്‌കൊസിലേക്കുള്ള പാതയിൽവെച്ച്‌ അവനോടു സംസാരിച്ചപ്പോൾ ശൗൽ സുബോധത്തിലേക്കു വന്നു.​—⁠പ്രവൃത്തികൾ 9:⁠3-6.

7. ദമസ്‌കൊസിലേക്കുള്ള പാതയിൽവെച്ച്‌ യേശുവുമായുണ്ടായ അത്ഭുതകരമായ കൂടിക്കാഴ്‌ചയ്‌ക്കുശേഷം ശൗലിന്‌ എന്തു സംഭവിച്ചു?

7 ഈ സംഭവത്തിനുശേഷം പെട്ടെന്നുതന്നെ, ശൗലിനോടു സാക്ഷീകരിക്കാൻ ശിഷ്യനായ അനന്യാസ്‌ നിയോഗിക്കപ്പെട്ടു. അനന്യാസിന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ ശൗലിനോടു സാക്ഷീകരിക്കാൻ നിങ്ങൾ തത്‌പരനായിരിക്കുമായിരുന്നോ? അനന്യാസിന്‌ ഭയമുണ്ടായിരുന്നെങ്കിലും അവൻ ദയാപുരസ്സരം ശൗലിനോടു സംസാരിച്ചു. ദമസ്‌കൊസിലേക്കുള്ള പാതയിൽവെച്ച്‌ യേശുവുമായുണ്ടായ അത്ഭുതകരമായ കൂടിക്കാഴ്‌ചയ്‌ക്കുശേഷം ശൗലിന്റെ മനോഭാവത്തിനു മാറ്റം വന്നിരുന്നു. (പ്രവൃത്തികൾ 9:⁠10-22) പിന്നീട്‌, അപ്പൊസ്‌തലനായ പൗലൊസ്‌ എന്ന്‌ അറിയപ്പെട്ട അവൻ, തീക്ഷ്‌ണതയുള്ള ഒരു ക്രിസ്‌തീയ മിഷനറി ആയിത്തീർന്നു.

സൗമ്യനെങ്കിലും ധൈര്യമുള്ളവൻ

8. ഹീനമായ കാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ആളുകളോട്‌ ഇടപെട്ടപ്പോൾ യേശു തന്റെ പിതാവിന്റെ മനോഭാവം പ്രകടിപ്പിച്ചത്‌ എങ്ങനെ?

8 സൗമ്യനും അതേസമയം ധീരനും ആയ തീക്ഷ്‌ണതയുള്ള ഒരു സുവാർത്താ പ്രസംഗകനായിരുന്നു യേശു. (മത്തായി 11:⁠29) നീചമായ വഴികൾ ഉപേക്ഷിക്കാൻ ദുഷ്ടന്മാരെ ഉദ്‌ബോധിപ്പിച്ച തന്റെ സ്വർഗീയ പിതാവിന്റെ മനോഭാവമാണ്‌ അവൻ പ്രതിഫലിപ്പിച്ചത്‌. (യെശയ്യാവു 55:⁠6, 7) പാപികളോട്‌ ഇടപെട്ടപ്പോൾ, അവരിൽ ചിലരുടെ മനോഭാവങ്ങളിൽ ഉണ്ടായ ക്രിയാത്മകമായ മാറ്റം അവൻ ശ്രദ്ധിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. (ലൂക്കൊസ്‌ 7:⁠37-50; 19:⁠2-10) ബാഹ്യപ്രകൃതത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ വിലയിരുത്തുന്നതിനു പകരം യേശു, തന്റെ പിതാവിനെ അനുകരിച്ചുകൊണ്ട്‌ ആളുകളെ അനുതാപത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തിൽ ദയയും സഹിഷ്‌ണുതയും ദീർഘക്ഷമയും പ്രകടമാക്കി. (റോമർ 2:⁠4) എല്ലാത്തരം ആളുകളും അനുതപിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യണമെന്നതാണ്‌ യഹോവയുടെ ഇഷ്ടം.​—⁠1 തിമൊഥെയൊസ്‌ 2:⁠3, 4.

9. യെശയ്യാവു 42:⁠1-4 യേശുവിൽ നിവൃത്തിയേറിയ വിധത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

9 യേശുവിനെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം പ്രസ്‌താവിച്ചുകൊണ്ട്‌ സുവിശേഷ എഴുത്തുകാരനായ മത്തായി ഈ പ്രാവചനിക വാക്കുകൾ ഉദ്ധരിക്കുന്നു: “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും. അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും. അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും.” (മത്തായി 12:⁠17-21; യെശയ്യാവു 42:⁠1-4) ഈ പ്രാവചനിക വാക്കുകൾക്കു ചേർച്ചയിൽ യേശു, ഒച്ചപ്പാടുണ്ടാക്കുന്ന വാഗ്വാദങ്ങളിൽ ഏർപ്പെട്ടില്ല. സമ്മർദത്തിൻകീഴിൽ ആയിരുന്നപ്പോൾപ്പോലും, പരമാർഥഹൃദയരായ ആളുകളിൽ താത്‌പര്യം ഉളവാക്കുമാറ്‌ അവൻ സത്യത്തെക്കുറിച്ചു സംസാരിച്ചു.​—⁠യോഹന്നാൻ 7:⁠32, 40, 45, 46.

10, 11. (എ) പരീശന്മാർ യേശുവിന്റെ പ്രമുഖരായ എതിരാളികൾ ആയിരുന്നിട്ടും അവരിൽ ചിലരോട്‌ അവൻ സാക്ഷീകരിച്ചത്‌ എന്തുകൊണ്ട്‌? (ബി) യേശു സാന്ദർഭികമായി എതിരാളികൾക്ക്‌ എപ്രകാരമുള്ള മറുപടികളാണു നൽകിയത്‌, എന്നാൽ അവൻ എന്തു ചെയ്‌തില്ല?

10 തന്റെ ശുശ്രൂഷക്കാലത്ത്‌ യേശു, ധാരാളം പരീശന്മാരോടു സംസാരിച്ചു. അവരിൽ ചിലർ അവനെ വാക്കിൽ കുടുക്കാൻ ശ്രമിച്ചെങ്കിലും അവരെല്ലാം മോശമായ ആന്തരമുള്ളവരാണെന്ന്‌ യേശു നിഗമനം ചെയ്‌തില്ല. വിമർശനമനസ്‌കനായ ശിമോൻ എന്ന പരീശൻ യേശുവിനെ അടുത്തുകാണാൻ ആഗ്രഹിച്ചിട്ട്‌ അവനെ ഒരു ഭക്ഷണത്തിനു ക്ഷണിച്ചു. യേശു ആ ക്ഷണം സ്വീകരിക്കുകയും അവിടെ കൂടിവന്നവരോടു സാക്ഷീകരിക്കുകയും ചെയ്‌തു. (ലൂക്കൊസ്‌ 7:⁠36-50) മറ്റൊരവസരത്തിൽ നിക്കോദേമൊസ്‌ എന്നു പേരുള്ള പ്രമുഖനായ ഒരു പരീശൻ രാത്രിയുടെ മറവിൽ യേശുവിനെ കാണാൻ ചെന്നു. രാത്രിയാകുന്നതുവരെ കാത്തിരുന്നതിന്‌ യേശു അവനെ നിന്ദിച്ചില്ല. പകരം, വിശ്വാസം പ്രകടമാക്കുന്നവർക്കുവേണ്ടി രക്ഷയിലേക്കുള്ള വഴി തുറക്കുന്നതിന്‌ തന്റെ പുത്രനെ അയച്ചതിലൂടെ ദൈവം പ്രകടമാക്കിയ സ്‌നേഹത്തെക്കുറിച്ച്‌ അവൻ നിക്കോദേമൊസിനോടു സാക്ഷീകരിച്ചു. ദൈവത്തിന്റെ ക്രമീകരണത്തോട്‌ അനുസരണം പ്രകടമാക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കും യേശു ദയാപൂർവം വിരൽചൂണ്ടി. (യോഹന്നാൻ 3:⁠1-21) പിന്നീട്‌ യേശുവിനെപ്പറ്റി വന്ന അനുകൂലമായ ഒരു വാർത്തയെ പരീശന്മാർ പുച്ഛിച്ചു തള്ളിയപ്പോൾ നിക്കോദേമൊസ്‌ യേശുവിനുവേണ്ടി വാദിച്ചു.​—⁠യോഹന്നാൻ 7:⁠46-51.

11 തന്നെ കെണിയിൽ അകപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നവരുടെ കാപട്യത്തെക്കുറിച്ച്‌ യേശു അജ്ഞനായിരുന്നില്ല. നിഷ്‌ഫലമായ തർക്കങ്ങളിലേക്കു തന്നെ നയിക്കാൻ അവൻ എതിരാളികളെ അനുവദിച്ചില്ല. എന്നിരുന്നാലും ഉചിതമായിരുന്നപ്പോഴെല്ലാം, ഒരു തത്ത്വം പ്രസ്‌താവിച്ചുകൊണ്ടോ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ടോ അതുമല്ലെങ്കിൽ ഒരു തിരുവെഴുത്ത്‌ ഉദ്ധരിച്ചുകൊണ്ടോ അവൻ ഹ്രസ്വവും ശക്തവും ആയ മറുപടി നൽകി. (മത്തായി 12:⁠38-42; 15:⁠1-9; 16:⁠1-4) എന്നാൽ ഉത്തരം കൊടുക്കുന്നതുകൊണ്ട്‌ പ്രത്യേകിച്ചു ഫലമൊന്നും ഇല്ലെന്നു വ്യക്തമായിരുന്ന സന്ദർഭങ്ങളിൽ അവൻ അതിനു മുതിർന്നതേയില്ല.​—⁠മർക്കൊസ്‌ 15:⁠2-5; ലൂക്കൊസ്‌ 22:⁠67-70.

12. ആളുകൾ തന്നോടു കയർത്തു സംസാരിച്ചപ്പോൾപ്പോലും യേശുവിന്‌ അവരെ സഹായിക്കാൻ കഴിഞ്ഞത്‌ എങ്ങനെ?

12 ചിലപ്പോഴൊക്കെ, അശുദ്ധാത്മാക്കളുടെ നിയന്ത്രണത്തിലായ ആളുകൾ യേശുവിനോട്‌ കയർത്തു സംസാരിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചപ്പോഴെല്ലാം അവൻ സംയമനം പാലിച്ചെന്നു മാത്രമല്ല, തന്റെ ദൈവദത്ത ശക്തിയുപയോഗിച്ച്‌ ആ വ്യക്തികൾക്ക്‌ ആശ്വാസം പ്രദാനംചെയ്യുകപോലും ചെയ്‌തു. (മർക്കൊസ്‌ 1:⁠23-28; 5:⁠2-8, 15) ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആളുകൾ കുപിതരായി നമ്മോടു കയർത്തു സംസാരിക്കുന്നെങ്കിൽ നാം സമാനമായി സംയമനം പാലിക്കേണ്ടതുണ്ട്‌. മാത്രമല്ല, അത്തരം സന്ദർഭങ്ങൾ ദയാപുരസ്സരവും നയപൂർവകവും ആയ ഒരു വിധത്തിൽ കൈകാര്യംചെയ്യുകയും വേണം.​—⁠കൊലൊസ്സ്യർ 4:⁠6.

കുടുംബവൃത്തത്തിൽ

13. യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്ന ഒരാളെ കുടുംബാംഗങ്ങൾ ചിലപ്പോൾ എതിർക്കുന്നത്‌ എന്തുകൊണ്ട്‌?

13 യേശുവിന്റെ അനുഗാമികൾ മിക്കപ്പോഴും സംയമനം പാലിക്കേണ്ടതായിവരുന്ന ഒരു മേഖലയാണ്‌ കുടുംബം. ബൈബിൾസത്യം ഹൃദയത്തെ ആഴമായി സ്‌പർശിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്റെ കുടുംബവും അതേവിധം പ്രതികരിക്കണമെന്ന്‌ അതിയായി ആഗ്രഹിക്കും. എന്നാൽ യേശു പറഞ്ഞതുപോലെ, കുടുംബാംഗങ്ങൾ ശത്രുത കാണിച്ചേക്കാം. (മത്തായി 10:⁠32-37; യോഹന്നാൻ 15:⁠20, 21) അതിനു പല കാരണങ്ങളുണ്ട്‌. ഉദാഹരണത്തിന്‌, സത്യസന്ധരും ഉത്തരവാദിത്വബോധമുള്ളവരും ആദരവുള്ളവരും ആയിത്തീരുന്നതിനു ബൈബിളിന്റെ പഠിപ്പിക്കലുകൾക്ക്‌ നമ്മെ സഹായിക്കാൻ കഴിയും. ഏതു സാഹചര്യത്തിലും നമുക്ക്‌ ഏറ്റവുമധികം ഉത്തരവാദിത്വമുള്ളത്‌ നമ്മുടെ സ്രഷ്ടാവിനോടാണെന്നും തിരുവെഴുത്തുകൾ പറയുന്നു. (സഭാപ്രസംഗി 12:⁠1, 13; പ്രവൃത്തികൾ 5:⁠29) യഹോവയോടുള്ള നമ്മുടെ വിശ്വസ്‌തത മൂലം കുടുംബത്തിൽ തനിക്കുള്ള സ്വാധീനം എങ്ങനെയോ കുറയുന്നതായി ഒരു കുടുംബാംഗത്തിനു തോന്നുമ്പോൾ അത്‌ ആ വ്യക്തിയെ നീരസപ്പെടുത്തിയേക്കാം. അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യുമ്പോൾ, സംയമനം പാലിക്കുന്നതിൽ യേശു വെച്ച മാതൃക നാം പിൻപറ്റുന്നത്‌ എത്ര പ്രധാനമാണ്‌!​—⁠1 പത്രൊസ്‌ 2:⁠21-23; 3:⁠1, 2.

14-16. സാക്ഷികളായ കുടുംബാംഗങ്ങളെ മുമ്പ്‌ എതിർത്തിരുന്ന ചില ആളുകളിൽ മാറ്റം വരാൻ ഇടയാക്കിയത്‌ എന്ത്‌?

14 ഇപ്പോൾ യഹോവയെ സേവിക്കുന്ന പലരും സത്യം പഠിച്ചുതുടങ്ങിയപ്പോൾ തങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനാരംഭിച്ചത്‌ അവരുടെ വിവാഹിത ഇണകളുടെയോ മറ്റു കുടുംബാംഗങ്ങളുടെയോ എതിർപ്പിനു കാരണമായിട്ടുണ്ട്‌. യഹോവയുടെ സാക്ഷികളെക്കുറിച്ചു കേട്ടിട്ടുള്ള മോശമായ അഭിപ്രായങ്ങളോ കുടുംബത്തിൽ മോശമായ ഒരു സ്വാധീനം ഉണ്ടാകുമെന്നുള്ള ഭയമോ ആയിരിക്കാം എതിർപ്പിനു കാരണം. എന്നാൽ അവരുടെ മനോഭാവത്തിനു മാറ്റം വരാൻ എന്താണു പ്രേരകമായത്‌? പലരുടെ കാര്യത്തിലും വിശ്വാസികളുടെ നല്ല മാതൃകയാണ്‌ അതിന്‌ ഇടയാക്കിയത്‌. വിശ്വാസി, ക്രമമായി ക്രിസ്‌തീയ യോഗങ്ങളിൽ ഹാജരാകുകയും കുടുംബത്തിനുവേണ്ടി കരുതുമ്പോൾത്തന്നെ വയൽശുശ്രൂഷയിൽ പങ്കെടുക്കുകയും അനുചിതമായ സംസാരം ഉണ്ടാകുമ്പോൾ സംയമനം പാലിക്കുകയും ചെയ്‌തുകൊണ്ട്‌ അചഞ്ചലമായി ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയത്‌ കുടുംബാംഗങ്ങളുടെ എതിർപ്പിന്റെ കാഠിന്യം കുറയാൻ പല സാഹചര്യങ്ങളിലും ഇടയാക്കിയിട്ടുണ്ട്‌.​—⁠1 പത്രൊസ്‌ 2:⁠12.

15 എതിർപ്പു പ്രകടിപ്പിക്കുന്ന ഒരു വ്യക്തി മുൻവിധിയോ അഹങ്കാരമോ മൂലം തിരുവെഴുത്തു വിശദീകരണം ശ്രദ്ധിക്കാൻ വിമുഖത കാണിച്ചിട്ടുണ്ടാകാം. ഐക്യനാടുകളിൽനിന്നുള്ള ഒരു വ്യക്തിയുടെ കാര്യത്തിൽ അതാണു സംഭവിച്ചത്‌, വളരെ ദേശഭക്തിയുള്ള ഒരാളായിരുന്നു താനെന്ന്‌ അദ്ദേഹം പറയുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ ഭാര്യ ഒരു കൺവെൻഷനു പോയ സമയത്ത്‌ തന്റെ വസ്‌ത്രങ്ങളുമെടുത്ത്‌ അദ്ദേഹം സ്ഥലംവിട്ടു. മറ്റൊരിക്കൽ, ആത്മഹത്യ ചെയ്യുമെന്നു ഭീഷണി മുഴക്കി കയ്യിൽ ഒരു തോക്കുമായി അദ്ദേഹം വീട്ടിൽനിന്നിറങ്ങിപ്പോയി. തന്റെ ഭാഗത്തെ ന്യായബോധമില്ലാത്ത ഏതു പ്രവൃത്തിക്കും ഭാര്യയുടെ മതത്തെയാണ്‌ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നത്‌. എന്നാൽ ആ സഹോദരി ബൈബിൾ തത്ത്വങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. സഹോദരി സാക്ഷിയായി ഇരുപതു വർഷം കഴിഞ്ഞ്‌ അവരുടെ ഭർത്താവും സാക്ഷിയായിത്തീർന്നു. അൽബേനിയയിൽ, തന്റെ മകൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുകയും സ്‌നാപനമേൽക്കുകയും ചെയ്‌തത്‌ ഒരു സ്‌ത്രീയെ കുപിതയാക്കി. 12 പ്രാവശ്യം അമ്മ, മകളുടെ ബൈബിൾ നശിപ്പിച്ചുകളഞ്ഞു. എന്നാൽ ഒരു ദിവസം, മകൾ മേശപ്പുറത്തു വെച്ചിരുന്ന ഒരു പുതിയ ബൈബിൾ അവർ തുറന്നുനോക്കി. യാദൃശ്ചികമെന്നേ പറയേണ്ടൂ, അവർ കണ്ട ഭാഗം മത്തായി 10:⁠36 ആയിരുന്നു. അത്‌ തനിക്കു ബാധകമാകുന്നതാണെന്ന്‌ ആ സ്‌ത്രീ തിരിച്ചറിഞ്ഞു. അങ്ങനെയിരിക്കെ മകൾ മറ്റു സാക്ഷികളോടൊത്ത്‌ ഇറ്റലിയിൽ ഒരു കൺവെൻഷനിൽ പങ്കെടുക്കാൻ യാത്രയായപ്പോൾ, മകളുടെ ക്ഷേമത്തിലുള്ള താത്‌പര്യം നിമിത്തം അവളെ ബോട്ടിൽ കയറ്റിവിടാൻ അമ്മ കൂടെപ്പോയി. എന്നാൽ കൂടെപ്പോകുന്ന സാക്ഷികളുടെ സ്‌നേഹവും അവർ പരസ്‌പരം ആശ്ലേഷിക്കുന്നതും പുഞ്ചിരി തൂകുന്നതും പൊട്ടിച്ചിരിക്കുന്നതും ഒക്കെ കണ്ടപ്പോൾ ആ സ്‌ത്രീയുടെ മനോഭാവത്തിനു മാറ്റംവരാൻ തുടങ്ങി. താമസിയാതെ, അവർ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. ഇപ്പോൾ അവർ, കുടുംബാംഗങ്ങൾ ബൈബിൾ പഠിക്കുമ്പോൾ എതിർക്കുന്ന ആളുകൾക്കു സത്യം മനസ്സിലാക്കിക്കൊടുക്കാൻ സഹായിക്കുന്നു.

16 മറ്റൊരിടത്ത്‌, ഒരു ഭർത്താവ്‌, രാജ്യഹാളിലേക്കു പോവുകയായിരുന്ന തന്റെ ഭാര്യയെ ചീത്തവിളിച്ചുകൊണ്ട്‌ ഒരു കത്തിയുമായി അവളുടെ നേരെ ചെന്നു. അവൾ ശാന്തമായി ഇങ്ങനെ പറഞ്ഞു: “രാജ്യഹാളിനകത്തേക്കു വരൂ, എന്താണ്‌ ഇവിടെ നടക്കുന്നതെന്നു നേരിട്ടു കാണാമല്ലോ.” ഭർത്താവ്‌ ചെല്ലുകതന്നെ ചെയ്‌തു. കാലാന്തരത്തിൽ അദ്ദേഹം ഒരു മൂപ്പനായിത്തീർന്നു.

17. ഒരു ക്രിസ്‌തീയ ഭവനത്തിൽ ചിലപ്പോൾ സാഹചര്യം ചൂടുപിടിക്കുന്നെങ്കിൽ ഏതു തിരുവെഴുത്തു ബുദ്ധിയുപദേശത്തിനു സഹായിക്കാൻ കഴിയും?

17 നിങ്ങളുടെ കുടുംബാംഗങ്ങൾ എല്ലാവരും ക്രിസ്‌ത്യാനികളാണെങ്കിൽപ്പോലും, മാനുഷിക അപൂർണത നിമിത്തം, ചില സാഹചര്യങ്ങളിൽ കുടുംബാന്തരീക്ഷം ചൂടുപിടിക്കാനും കടുത്ത വാക്കുകൾപോലും ഉപയോഗിക്കാനും ഉള്ള സാധ്യതയുണ്ട്‌. പുരാതന എഫെസൊസിലെ ക്രിസ്‌ത്യാനികൾക്കു ലഭിച്ച ബുദ്ധിയുപദേശം ശ്രദ്ധേയമാണ്‌: “എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും [ആക്രോശവും] ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.” (എഫെസ്യർ 4:⁠31) ജീവിച്ചിരുന്ന ചുറ്റുപാടുകൾ, സ്വന്തം അപൂർണത, ചില സാഹചര്യങ്ങളിൽ മുൻജീവിതഗതി എന്നിവയെല്ലാം വ്യക്തമായും എഫെസൊസിലെ ക്രിസ്‌ത്യാനികളെ സ്വാധീനിച്ചിരുന്നു. മാറ്റം വരുത്താൻ അവരെ എന്തു സഹായിക്കുമായിരുന്നു? അവർ തങ്ങളുടെ “ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം” പ്രാപിക്കണമായിരുന്നു. (എഫെസ്യർ 4:⁠23) അവർ ദൈവവചനം പഠിക്കുകയും അതു തങ്ങളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കണം എന്നതിനെക്കുറിച്ചു ധ്യാനിക്കുകയും സഹക്രിസ്‌ത്യാനികളുമായി സഹവസിക്കുകയും ആത്മാർഥമായി പ്രാർഥിക്കുകയും ചെയ്യുമ്പോൾ ദൈവാത്മാവിന്റെ ഫലം അവരുടെ ജീവിതത്തിൽ കൂടുതൽ പ്രകടമായിത്തീരുമായിരുന്നു. ‘തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്‌തുവിൽ തങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കാൻ’ അവർ പഠിക്കുമായിരുന്നു. (എഫെസ്യർ 4:⁠32) മറ്റുള്ളവർ എന്തുതന്നെ ചെയ്‌താലും നാം സംയമനം പ്രകടമാക്കണം, ദയയും സഹാനുഭൂതിയും ഉള്ളവരായിരിക്കണം, ക്ഷമിക്കുന്നവരായിരിക്കണം. നാം ‘ആർക്കും തിന്മയ്‌ക്കു പകരം, തിന്മ ചെയ്യരുത്‌.’ (റോമർ 12:⁠17, 18) ദൈവത്തെ അനുകരിച്ചുകൊണ്ട്‌ യഥാർഥ സ്‌നേഹം കാണിക്കുകയെന്നതാണ്‌ എല്ലായ്‌പോഴും ശരിയായിട്ടുള്ള കാര്യം.​—⁠1 യോഹന്നാൻ 4:⁠8.

എല്ലാ ക്രിസ്‌ത്യാനികൾക്കുമുള്ള ബുദ്ധിയുപദേശം

18. 2 തിമൊഥെയൊസ്‌ 2:⁠24-ലെ ബുദ്ധിയുപദേശം പുരാതന എഫെസൊസിലെ ഒരു മൂപ്പന്‌ അനുയോജ്യമായിരുന്നത്‌ എന്തുകൊണ്ട്‌, അത്‌ എല്ലാ ക്രിസ്‌ത്യാനികൾക്കും പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

18 “ക്ഷമാശീലരായിരിക്കുക”യെന്ന ബുദ്ധിയുപദേശം എല്ലാ ക്രിസ്‌ത്യാനികൾക്കും ബാധകമാണ്‌. (2 തിമൊഥെയൊസ്‌ 2:⁠24, പി.ഒ.സി. ബൈ.) എന്നാൽ ആ ബുദ്ധിയുപദേശം ആദ്യം ലഭിച്ചത്‌ തിമൊഥെയൊസിനാണ്‌. കാരണം എഫെസൊസിലെ സഭയിൽ ഒരു മൂപ്പനായി സേവിക്കവേ അവന്‌ അത്‌ ആവശ്യമായിരുന്നു. അവിടത്തെ സഭയിലെ ചില ആളുകൾ തങ്ങളുടെ വീക്ഷണങ്ങൾ യാതൊരു സംയമനവുമില്ലാതെ വെട്ടിത്തുറന്നു പറയുന്നവരും തെറ്റായ സിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നവരും ആയിരുന്നു. ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം പൂർണമായി വിവേചിക്കാൻ കഴിയാതിരുന്നതിനാൽ വിശ്വാസം, സ്‌നേഹം, നല്ല മനസ്സാക്ഷി എന്നിവയുടെ പ്രാധാന്യം വിലമതിക്കാൻ അവർക്കു കഴിയാതെപോയി. ക്രിസ്‌തുവിന്റെ പഠിപ്പിക്കലുകളും ദൈവിക ഭക്തിയുടെ പ്രാധാന്യവും മനസ്സിലാക്കാതെ അവർ വാക്കുകളെച്ചൊല്ലി തർക്കിച്ചു. അഹങ്കാരം കലഹത്തിനു വഴിയൊരുക്കി. ഈ സാഹചര്യം കൈകാര്യംചെയ്യുന്നതിന്‌ തിമൊഥെയൊസ്‌ തിരുവെഴുത്തു സത്യം സംബന്ധിച്ച്‌ ഉറച്ച നിലപാടു സ്വീകരിക്കേണ്ടിയിരുന്നു, അതേസമയം തന്റെ സഹോദരങ്ങളോട്‌ അവൻ ശാന്തമായി ഇടപെടുകയും ചെയ്യണമായിരുന്നു. ആടുകൾ തന്റെ സ്വന്തമല്ലെന്നും ക്രിസ്‌തീയ സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന വിധത്തിലായിരിക്കണം മറ്റുള്ളവരോട്‌ ഇടപെടേണ്ടതെന്നും ഇന്നത്തെ മൂപ്പന്മാരെപ്പോലെതന്നെ തിമൊഥെയൊസിനും അറിയാമായിരുന്നു.​—⁠എഫെസ്യർ 4:⁠1-3; 1 തിമൊഥെയൊസ്‌ 1:⁠3-11; 5:⁠1, 2; 6:⁠3-5.

19. ‘സൗമ്യത അന്വേഷിക്കുക’യെന്നത്‌ നമ്മെയെല്ലാം സംബന്ധിച്ച്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 ‘സൗമ്യത അന്വേഷിക്കാൻ’ യഹോവ തന്റെ ജനത്തെ ഉദ്‌ബോധിപ്പിക്കുന്നു. (സെഫന്യാവു 2:⁠3) ‘സൗമ്യത’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം, അസഹിഷ്‌ണുത കാണിക്കുകയോ തിരിച്ചടിക്കുകയോ ചെയ്യാതെ ക്ഷമയോടെ ദ്രോഹം സഹിക്കുന്നതിനു പ്രാപ്‌തമാക്കുന്ന ഒരു ഗുണത്തെയാണു കുറിക്കുന്നത്‌. ദുഷ്‌കരമായ സാഹചര്യങ്ങളിൽപ്പോലും സംയമനം പാലിക്കാനും യഹോവയെ ഉചിതമായി പ്രതിനിധാനം ചെയ്യാനും ആവശ്യമായ സഹായത്തിനായി നമുക്ക്‌ അവനോട്‌ ആത്മാർഥമായി പ്രാർഥിക്കാം.

നിങ്ങൾ എന്തു പഠിച്ചു?

• കടുത്ത സംസാരം നേരിടേണ്ടിവരുമ്പോൾ ഏതു വാക്യങ്ങൾക്കു നിങ്ങളെ സഹായിക്കാൻ കഴിയും?

• ശൗൽ നിഷ്‌ഠുരമായ ഒരു വിധത്തിൽ പെരുമാറിയത്‌ എന്തുകൊണ്ട്‌?

• എല്ലാത്തരം ആളുകളോടും ഉചിതമായി പെരുമാറാൻ യേശുവിന്റെ മാതൃക നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

• കുടുംബാംഗങ്ങളോടു സംസാരിക്കുമ്പോൾ സംയമനം പാലിക്കുന്നതുകൊണ്ട്‌ എന്തെല്ലാം പ്രയോജനങ്ങൾ ഉണ്ടായേക്കാം?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

ക്രിസ്‌ത്യാനികളോടുള്ള പെരുമാറ്റം സംബന്ധിച്ച്‌ ശൗൽ കുപ്രസിദ്ധനായിരുന്നെങ്കിലും അനന്യാസ്‌ അവനോടു ദയാപൂർവം പെരുമാറി

[29-ാം പേജിലെ ചിത്രം]

രു ക്രിസ്‌ത്യാനി തന്റെ ഉത്തരവാദിത്വങ്ങൾ വിശ്വസ്‌തമായി നിറവേറ്റുന്നെങ്കിൽ കുടുംബത്തിൽനിന്നുള്ള എതിർപ്പ്‌ മയപ്പെടും

[30-ാം പേജിലെ ചിത്രം]

ക്രിസ്‌ത്യാനികൾ സ്‌നേഹവും ഐക്യവും ഉന്നമിപ്പിക്കുന്നു