വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാരിദ്ര്യം നിർമാർജനം ചെയ്യാൻ മനുഷ്യനു കഴിയുമോ?

ദാരിദ്ര്യം നിർമാർജനം ചെയ്യാൻ മനുഷ്യനു കഴിയുമോ?

ദാരിദ്ര്യം നിർമാർജനം ചെയ്യാൻ മനുഷ്യനു കഴിയുമോ?

ജീവിതത്തിലൊരിക്കലും ദാരിദ്ര്യം എന്തെന്നറിഞ്ഞിട്ടില്ലാത്ത കോടിക്കണക്കിന്‌ ആളുകളുണ്ട്‌. ഒരിക്കൽപ്പോലും, വിശന്ന വയറോടെയോ തണുത്തു വിറച്ചുകൊണ്ടോ അവർക്ക്‌ ഉറങ്ങേണ്ടിവന്നിട്ടില്ല. എന്നിരുന്നാലും, അവരിൽ അനേകരും ദരിദ്രരുടെ ദുഃഖത്തിൽ പങ്കുചേരുകയും അവരെ സഹായിക്കാൻ പ്രത്യേക ശ്രമം നടത്തുകയും ചെയ്യുന്നു.

എങ്കിൽപ്പോലും ആഭ്യന്തര യുദ്ധം, പ്രളയം, വരൾച്ച എന്നിങ്ങനെയുള്ള കെടുതികളാൽ വലയുന്ന ജനങ്ങൾക്ക്‌ ദാരിദ്ര്യം ഇന്നും കയ്‌പേറിയ ഒരു യാഥാർഥ്യമാണ്‌. കഷ്ടിച്ചു ജീവിതം തള്ളിനീക്കുന്ന ആഫ്രിക്കൻ കർഷകരുടെ പേടിസ്വപ്‌നമാണ്‌ ഇത്തരം സാഹചര്യങ്ങൾ. വീടുകൾ വിട്ടെറിഞ്ഞ്‌ വൻനഗരങ്ങളിൽ ചേക്കേറാനോ മറ്റൊരു രാജ്യത്ത്‌ അഭയാർഥികളായി കഴിയാനോ ചിലർ നിർബന്ധിതരായിരിക്കുന്നു. ഗ്രാമങ്ങളിൽ വസിക്കുന്ന മറ്റു ചിലർ, ജീവിതം പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ നഗരങ്ങളിലേക്കു കുടിയേറുന്നു.

ജനം തിങ്ങിപ്പാർക്കുന്ന നഗരങ്ങൾ മിക്കപ്പോഴും ദാരിദ്ര്യത്തിന്റെ വിളനിലമായി മാറുന്നു. കൃഷിക്ക്‌ ഒരിടത്തും സ്ഥലമില്ല. ഉണ്ടെങ്കിൽത്തന്നെ അതു തികച്ചും അപര്യാപ്‌തമാണ്‌. തൊഴിൽ ലഭിക്കുക എന്നത്‌ എളുപ്പമുള്ള കാര്യമല്ല. ഹതാശരായ അനേകരും കുറ്റകൃത്യങ്ങളിലേക്കു തിരിയുന്നു. നഗരവാസികൾ സഹായത്തിനായി കേഴുമ്പോൾ, കുതിച്ചുയരുന്ന ദാരിദ്ര്യത്തിനു മുന്നിൽ മാനുഷ ഗവൺമെന്റുകൾ പകച്ചുനിൽക്കുന്നു. 2003 നവംബറിൽ പ്രസിദ്ധീകരിച്ച ഐക്യരാഷ്‌ട്രങ്ങളുടെ ഒരു റിപ്പോർട്ടു പരാമർശിച്ചുകൊണ്ട്‌ ലണ്ടനിലെ ദി ഇൻഡിപ്പെൻഡന്റ്‌ പത്രം ഇങ്ങനെ പ്രസ്‌താവിച്ചു: “പട്ടിണി ലോകത്തെ കാർന്നുതിന്നുകയാണ്‌.” “ലോകവ്യാപകമായി 84.2 കോടി ആളുകൾ വികലപോഷിതരാണെന്നു കണക്കാക്കപ്പെടുന്നു​—⁠ഓരോ വർഷവും 50 ലക്ഷം പേർ പട്ടിണിയുടെ പിടിയിലമരുന്നു എന്നതിനാൽ ആ സംഖ്യ ഇനിയും കുതിച്ചുയരും” എന്ന്‌ ആ പത്രം കൂട്ടിച്ചേർത്തു.

ചിലപ്പോഴൊക്കെ, ദാരിദ്ര്യത്താൽ നട്ടംതിരിയുന്ന ആളുകളിൽനിന്നുള്ള കത്തുകൾ യഹോവയുടെ സാക്ഷികളുടെ തെക്കെ അമേരിക്കയിലെ ബ്രാഞ്ച്‌ ഓഫീസിന്‌ ലഭിക്കാറുണ്ട്‌. ഉദാഹരണത്തിന്‌, ബ്ലൂംഫൊന്റേനിൽനിന്ന്‌ ഒരാൾ ഇങ്ങനെ എഴുതി: “ഒരു തൊഴിലും ഇല്ലാത്ത ഞാൻ, അവസരം കിട്ടുന്നതുപോലെ നഗരത്തിൽ മോഷണങ്ങൾ നടത്തുന്നു. അങ്ങനെ ചെയ്യാതിരുന്നാൽ ഞങ്ങൾ ദിവസങ്ങളോളം പട്ടിണിയിലാകും​—⁠അതിലും ദുസ്സഹമാണ്‌ അസ്ഥി തുളച്ചിറങ്ങുന്ന തണുപ്പ്‌. തൊഴിൽ കണ്ടെത്തുക എന്നത്‌ തികച്ചും അസാധ്യമാണ്‌. തൊഴിലും ആഹാരവും തേടി തെരുവിലൂടെ അനേകർ അലയുന്നു. ഭക്ഷണത്തിനായി കുപ്പത്തൊട്ടികളിൽ പരതുന്ന ചിലരെ എനിക്കറിയാം. മറ്റു ചിലർ ആത്മഹത്യ ചെയ്യുന്നു. അനേകരും എന്നെപ്പോലെ വിഷാദമഗ്നരും ഭഗ്നാശരും ആണ്‌. ഭാവി ഇരുളടഞ്ഞതായി കാണപ്പെടുന്നു. ഉണ്ണാനും ഉടുക്കാനും ഉള്ള ആവശ്യം സഹിതം ഞങ്ങളെ സൃഷ്ടിച്ച ദൈവം ഇതൊന്നും കാണുന്നില്ലേ?”

ഈ വ്യക്തിയുടെ ചോദ്യങ്ങൾക്ക്‌ ആശ്വാസപ്രദമായ ഉത്തരങ്ങളുണ്ട്‌. ദൈവവചനമായ ബൈബിളിൽ അവ എങ്ങനെ കണ്ടെത്താൻ കഴിയുമെന്ന്‌ അടുത്ത ലേഖനം വിശദീകരിക്കും.