ദാരിദ്ര്യമില്ലാത്ത ഒരു ലോകം സമീപം
ദാരിദ്ര്യമില്ലാത്ത ഒരു ലോകം സമീപം
ഈ മാസികയുടെ പുറംപേജിൽ കാണുന്നതുപോലുള്ള പറുദീസാ ചിത്രീകരണങ്ങൾ, ദാരിദ്ര്യവുമായി മല്ലടിച്ചു കഴിയുന്നവർക്കു തീർച്ചയായും ആകർഷകമായി തോന്നും. ആദ്യമാനുഷ ദമ്പതികളായിരുന്ന ആദാമിനും ഹവ്വായ്‌ക്കും പറുദീസ ഒരു യാഥാർഥ്യമായിരുന്നു. ഏദെൻ തോട്ടത്തിലായിരുന്നു അവരുടെ വാസം. (ഉല്‌പത്തി 2:7-23) ആ പറുദീസ നഷ്ടപ്പെട്ടുപോയെങ്കിലും, വരാനിരിക്കുന്ന പറുദീസയിൽ—ദാരിദ്ര്യം ഇല്ലാത്ത ഒരു പുതിയ ലോകത്തിൽ—നമുക്കു വിശ്വാസം അർപ്പിക്കാൻ കഴിയും. അതു കേവലം ഒരു സ്വപ്‌നമല്ല. ബൈബിൾ വെച്ചുനീട്ടുന്ന വാഗ്‌ദാനങ്ങളിൽ അതു ദൃഢമായി അടിസ്ഥാനപ്പെട്ടിരിക്കുന്നു.
തന്റെ ഭൗമികജീവിതത്തിന്റെ അവസാന ദിവസം യേശുക്രിസ്‌തു നൽകിയ വാഗ്‌ദാനത്തെക്കുറിച്ചു ചിന്തിക്കുക. മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യേശുവിനു പ്രാപ്‌തിയുണ്ടെന്ന് അവനോടൊപ്പം മരിച്ചുകൊണ്ടിരുന്ന ദുഷ്‌പ്രവൃത്തിക്കാരിൽ ഒരുവൻ വിശ്വസിച്ചു. അവൻ പറഞ്ഞു: “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ.” യേശു രാജാവായി ഭരിക്കുമെന്നും മരിച്ചവർ വീണ്ടും ജീവിക്കുമെന്നും ആ ദുഷ്‌പ്രവൃത്തിക്കാരൻ വിശ്വസിച്ചിരുന്നെന്ന് ഈ വാക്കുകൾ പ്രകടമാക്കുന്നു. യേശു അവനോടു പറഞ്ഞു: “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.”—ലൂക്കൊസ് 23:42, 43.
പറുദീസയിൽ ജീവിതം ആസ്വദിക്കുന്നവരെക്കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.” (യെശയ്യാവു 65:21) അതേ, “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്‌തിരിക്കുന്നു.”—മീഖാ 4:4.
പക്ഷേ, എന്തുകൊണ്ടാണ് ഇന്നു ദാരിദ്ര്യം നിലനിൽക്കാൻ അനുവദിക്കപ്പെട്ടിരിക്കുന്നത്? ദാരിദ്ര്യത്തിൽ കഴിയുന്നവർക്കു ദൈവം എന്തു സഹായം നൽകുന്നു? ദാരിദ്ര്യം എപ്പോൾ അവസാനിക്കും?
ദാരിദ്ര്യം അനുവദിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
ഒരു ദുഷ്ട ദൂതനായ പിശാചായ സാത്താൻ തുടങ്ങിവെച്ച മത്സരത്തിന്റെ ഫലമായിട്ടാണ് ആദാമിനും ഹവ്വായ്‌ക്കും അവരുടെ പറുദീസാഭവനം നഷ്ടമായത്. ഒരു പാമ്പിനെ തന്റെ വക്താവായി ഉപയോഗിച്ചുകൊണ്ട്, സാത്താൻ ഹവ്വായെ വഴിതെറ്റിച്ചു. അങ്ങനെ, ഒരു പ്രത്യേക വൃക്ഷത്തിൽനിന്നുള്ള ഫലം ഭക്ഷിക്കരുതെന്ന ദൈവകൽപ്പന അവൾ ലംഘിക്കുന്നതിന് സാത്താൻ ഇടയാക്കി. ദൈവത്തെ ആശ്രയിക്കാതിരിക്കുന്നത് മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്കു ഹവ്വായെ നയിക്കുമെന്ന് ആ ചതിപ്രയോഗത്തിലൂടെ അവൻ അവളെ വിശ്വസിപ്പിച്ചു. വിലക്കപ്പെട്ട കനി ഹവ്വാ ഭർത്താവിനു നൽകിയപ്പോൾ, ഭാര്യയെ പ്രീതിപ്പെടുത്താനായി അവൻ അതു തിന്നുകയും അങ്ങനെ ദൈവത്തിനു പുറംതിരിഞ്ഞുകളയുകയും ചെയ്‌തു.—ഉല്‌പത്തി 3:1-6; 1 തിമൊഥെയൊസ് 2:14.
മത്സരികളായ ആ ദമ്പതികളെ ദൈവം ഉചിതമായും പറുദീസയിൽനിന്നു പുറത്താക്കി. അന്നുമുതൽ ഉപജീവനത്തിനായി അവർ കഷ്ടപ്പെടേണ്ടിവന്നു. ദൈവത്തോടുള്ള അനുസരണക്കേടിന്റെ തിക്തഫലങ്ങൾ വെളിപ്പെടേണ്ടതിന്, പാപികളായ മനുഷ്യരുടെമേൽ ആധിപത്യം പുലർത്താൻ യഹോവ ഇന്നോളം സാത്താനെ അനുവദിച്ചിരിക്കുന്നു. ഭൂമിയെ പറുദീസയാക്കാൻ മനുഷ്യനു കഴിയില്ലെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു. (യിരെമ്യാവു 10:23) ദൈവത്തെ വിട്ടുകൊണ്ടുള്ള സ്വതന്ത്രമായ ഗതി, ദാരിദ്ര്യം ഉൾപ്പെടെ വിപത്‌കരമായ പ്രശ്‌നങ്ങളിൽ കലാശിക്കുകയാണു ചെയ്‌തിരിക്കുന്നത്.—സഭാപ്രസംഗി 8:9.
എന്നിരുന്നാലും, കുഴപ്പങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ ജീവിക്കുന്ന ദരിദ്രർ നിസ്സഹായരല്ല. ദൈവത്തിന്റെ നിശ്വസ്‌ത വചനമായ ബൈബിളിൽ അവർക്കുള്ള മികച്ച മാർഗനിർദേശം അടങ്ങിയിരിക്കുന്നു.
“വിചാരപ്പെടരുത്”
ദരിദ്രരായ അനേകം ആളുകൾ ഉൾപ്പെട്ട ഒരു വലിയ ജനക്കൂട്ടത്തോടു സംസാരിക്കവേ യേശു ഇങ്ങനെ പറഞ്ഞു: “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? . . . ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”—മത്തായി 6:26-33.
ദരിദ്രനായ ഒരു വ്യക്തി മോഷ്ടിക്കേണ്ടതില്ല. (സദൃശവാക്യങ്ങൾ 6:30, 31) ജീവിതത്തിൽ ദൈവത്തിനു പ്രഥമസ്ഥാനം നൽകുന്നപക്ഷം അയാളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടും. ദക്ഷിണാഫ്രിക്കയിലെ ലെസോത്തോയിലുള്ള റ്റൂക്കിസോ എന്ന വ്യക്തിയുടെ കാര്യമെടുക്കുക. 1998-ൽ ഗവൺമെന്റിനെതിരെ ഉണ്ടായ ഒരു കലാപം അമർച്ച ചെയ്യാൻ വിദേശ സൈന്യം ലെസോത്തോയിലേക്ക് ഇരച്ചുകയറി. യുദ്ധത്തിന്റെ ഫലമായി കടകൾ കൊള്ളയടിക്കപ്പെടുകയും ആളുകൾക്കു തൊഴിൽ നഷ്ടമാകുകയും ചെയ്‌തു. ഭക്ഷ്യക്ഷാമം കൊടുമ്പിരികൊണ്ടു.
തലസ്ഥാനത്തെ ഏറ്റവും ദരിദ്രമായ മേഖലയിലായിരുന്നു റ്റൂക്കിസോ വസിച്ചിരുന്നത്. അദ്ദേഹത്തിന്റെ അയൽക്കാരിൽ പലരും അതിജീവനത്തിനായി കടകൾ കൊള്ളയടിച്ചു. ഒരിക്കൽ ഒരു മുറി മാത്രമുള്ള തന്റെ വീട്ടിലേക്കു മടങ്ങിവന്ന റ്റൂക്കിസോ, അവിടെ ധാരാളം പലചരക്കുസാധനങ്ങൾ കാണുകയുണ്ടായി. അദ്ദേഹത്തോടൊപ്പം ജീവിച്ചിരുന്ന മാസേസോ എന്ന സ്‌ത്രീ കൊള്ളയടിച്ചു കൊണ്ടുവന്നതായിരുന്നു അതെല്ലാം. “ഈ സാധനങ്ങളെല്ലാം ഇവിടെനിന്നു കൊണ്ടുപോകണം,” റ്റൂക്കിസോ പറഞ്ഞു. മോഷ്ടിക്കുന്നതു ദൈവേഷ്ടത്തിനു വിരുദ്ധമാണെന്ന് അദ്ദേഹം വിശദീകരിച്ചു. മാസേസോ അതനുസരിച്ചു. അയൽക്കാർ അവരെ പരിഹസിക്കുകയും അതെല്ലാം സ്വന്തമാക്കുകയും ചെയ്‌തു.
യഹോവയുടെ സാക്ഷികളുമൊത്തു നടത്തിയ ബൈബിൾ പഠനത്തിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾ നിമിത്തമാണ് റ്റൂക്കിസോ ഈ നിലപാടു സ്വീകരിച്ചത്. ദൈവകൽപ്പന അനുസരിച്ചതിന്റെ പേരിൽ അവർക്കു പട്ടിണി കിടക്കേണ്ടിവന്നോ? ഇല്ല. കുറച്ചു ദിവസത്തിനകം, യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ മൂപ്പന്മാർ റ്റൂക്കിസോയുമായി ബന്ധപ്പെടുകയും കുറെ ഭക്ഷ്യവസ്‌തുക്കൾ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കുകയും ചെയ്‌തു. സമീപത്തുള്ള, ദക്ഷിണാഫ്രിക്കയിലെ മറ്റു യഹോവയുടെ സാക്ഷികൾ ലെസോത്തോയിലെ തങ്ങളുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാരുടെ സഹായാർഥം രണ്ടു ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ അയച്ചുകൊടുത്തിരുന്നു. ദൈവത്തോടുള്ള റ്റൂക്കിസോയുടെ അനുസരണവും സഭയുടെ സ്‌നേഹനിർഭരമായ സഹായവും മാസേസോയെ സ്‌പർശിച്ചു. അവരും ബൈബിൾ പഠിക്കാൻ തുടങ്ങി. അങ്ങനെ ഇരുവരും നിയമാനുസൃതം വിവാഹം കഴിക്കുകയും യഹോവയുടെ സാക്ഷികളായി സ്‌നാപനമേൽക്കാൻ യോഗ്യത നേടുകയും ചെയ്‌തു. ഇന്നും അവർ വിശ്വസ്‌തരായി ദൈവത്തെ സേവിക്കുന്നു.
യഹോവയാം ദൈവം ദരിദ്രരെക്കുറിച്ചു കരുതലുള്ളവനാണ്. (“ദരിദ്രരെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?”
എന്ന ചതുരം കാണുക) തന്നെക്കുറിച്ചു കൂടുതലായി പഠിക്കുന്നതിന് റ്റൂക്കിസോയെയും മാസേസോയെയും പോലുള്ളവരെ സഹായിക്കാൻ അവൻ സ്‌നേഹപൂർവം ക്രമീകരണങ്ങൾ ചെയ്‌തിരിക്കുന്നു. ഇതിനുപുറമേ, ദൈനംദിന ജീവിതത്തിന് ആവശ്യമായ പ്രായോഗിക ബുദ്ധിയുപദേശങ്ങൾ അവൻ തന്റെ വചനത്തിൽ പ്രദാനം ചെയ്‌തിരിക്കുന്നു.ഒരു മികച്ച കരുതൽ
ദരിദ്രരോടുള്ള ദൈവത്തിന്റെ താത്‌പര്യം പ്രതിഫലിപ്പിക്കാൻ യഹോവയുടെ സാക്ഷികൾ എന്നും ശ്രമിച്ചിട്ടുണ്ട്. (ഗലാത്യർ 2:10) ഏതെങ്കിലും ഒരു ദേശത്ത് ഒരു ദുരന്തം ഉണ്ടാകുകയും അവിടെയുള്ള സഹവിശ്വാസികളെ അതു ബാധിക്കുകയും ചെയ്യുമ്പോൾ, ആവശ്യമായ സഹായം എത്തിച്ചുകൊടുക്കാൻ മിക്കപ്പോഴും ക്രമീകരണങ്ങൾ ചെയ്യപ്പെടുന്നു. അതിലും പ്രധാനമായി, ദരിദ്രർ ഉൾപ്പെടെയുള്ള എല്ലാവരുടെയും ആത്മീയ ആവശ്യങ്ങൾക്കായി സാക്ഷികൾ കരുതുന്നു. (മത്തായി 9:36-38) കഴിഞ്ഞ 60 വർഷങ്ങളിൽ, പരിശീലനം സിദ്ധിച്ച ആയിരക്കണക്കിനു സ്വമേധാ ശുശ്രൂഷകർ വിദേശങ്ങളിൽ മിഷനറിമാരായി സേവിച്ചിരിക്കുന്നു. ഉദാഹരണത്തിന്, യേശുവിന്റെ ശിഷ്യരായിത്തീരാൻ റ്റൂക്കിസോയെയും മാസേസോയെയും സഹായിച്ചത് ഫിൻലൻഡിൽനിന്നുള്ള ഒരു മിഷനറി ദമ്പതികൾ ആയിരുന്നു. അതിനായി അവർ സെസോത്തോ ഭാഷ പഠിക്കുകയുണ്ടായി. (മത്തായി 28:19, 20) അത്തരം മിഷനറി സേവനത്തിൽ ഏർപ്പെടാൻ, ഒരു സമ്പന്ന രാജ്യത്തിലെ സുഖപ്രദമായ ജീവിതം ത്യജിച്ചുകൊണ്ട് ഒരു ദരിദ്ര ദേശത്തേക്കു താമസം മാറേണ്ടത് മിക്കപ്പോഴും ആവശ്യമായിവരുന്നു.
ഉപജീവനത്തിനായി സത്യക്രിസ്‌ത്യാനികൾക്കു സ്വീകരിക്കാവുന്ന ഒരു മാർഗമല്ല മോഷണം. തങ്ങൾക്കായി കരുതാനുള്ള യഹോവയാം ദൈവത്തിന്റെ പ്രാപ്‌തിയിൽ അവർ വിശ്വാസം അർപ്പിക്കുന്നു. (എബ്രായർ 13:5, 6) തന്റെ ജനത്തെ പുലർത്താനുള്ള ഒരു മാർഗമെന്ന നിലയിൽ, പരസ്‌പരം കരുതൽ പ്രകടമാക്കുന്ന തന്റെ ആരാധകരുടെ ലോകവ്യാപക സംഘടനയെ യഹോവ ഉപയോഗിക്കുന്നു.
ദൈനംദിന ജീവിതം സംബന്ധിച്ചു പ്രായോഗിക മാർഗനിർദേശം നൽകിക്കൊണ്ടും യഹോവ ദരിദ്രരെ സഹായിക്കുന്നു. ഉദാഹരണത്തിന് ബൈബിൾ ഇങ്ങനെ കൽപ്പിക്കുന്നു: “കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു എഫെസ്യർ 4:28) തൊഴിൽരഹിതരായ അനേകരും, പച്ചക്കറിക്കൃഷിപോലുള്ള ശ്രമകരമായ വേലകളിൽ ഏർപ്പെട്ടുകൊണ്ട് തൊഴിലവസരങ്ങൾ കണ്ടെത്തുന്നു. മദ്യത്തിന്റെ ദുരുപയോഗംപോലുള്ള ഹാനികരമായ ശീലങ്ങൾ ഒഴിവാക്കാൻ പഠിപ്പിച്ചുകൊണ്ട്, പണം മിച്ചം വെക്കാനും ബൈബിൾ ദരിദ്രരെ സഹായിക്കുന്നു.—എഫെസ്യർ 5:18.
ദാനം ചെയ്‌വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടത്.” (ദാരിദ്ര്യമില്ലാത്ത ഒരു ലോകം—എപ്പോൾ?
സാത്താന്യ ഭരണത്തിന്റെ “അന്ത്യകാല”ത്താണു നാം ജീവിക്കുന്നതെന്ന് ബൈബിൾ പ്രകടമാക്കുന്നു. (2 തിമൊഥെയൊസ് 3:1) മനുഷ്യവർഗത്തെ ന്യായം വിധിക്കാൻ യഹോവയാം ദൈവം പെട്ടെന്നുതന്നെ യേശുക്രിസ്‌തുവിനെ അയയ്‌ക്കും. അപ്പോൾ എന്തു സംഭവിക്കും? അതിനുള്ള ഉത്തരം യേശു പറഞ്ഞ ഒരു ദൃഷ്ടാന്തത്തിൽ അടങ്ങിയിരിക്കുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ” വേർതിരിക്കും.—മത്തായി 25:31, 32.
ഈ ദൃഷ്ടാന്തത്തിലെ ചെമ്മരിയാടുകൾ, യേശുവിന്റെ രാജത്വത്തിനു കീഴ്‌പെടുന്ന വ്യക്തികളാണ്. ആടുകൾ ഇടയനെയെന്നപോലെ അവർ തന്നെ പിന്തുടരുന്നതിനാലാണ് യേശു അവരെ ചെമ്മരിയാടുകളോട് ഉപമിച്ചത്. (യോഹന്നാൻ 10:16) ചെമ്മരിയാടുതുല്യരായ അവർ യേശുവിന്റെ പൂർണതയുള്ള ഭരണത്തിൻ കീഴിൽ ജീവിതം ആസ്വദിക്കും. ദാരിദ്ര്യമുക്തമായ ഒരു പുതിയ ലോകത്തിലെ സന്തുഷ്ടമായ ജീവിതം ആയിരിക്കും അത്. യേശുവിന്റെ ഭരണത്തെ തള്ളിക്കളയുന്ന കോലാടുതുല്യർ എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുകയും ചെയ്യും.—മത്തായി 25:46.
ദൈവരാജ്യം ദുഷ്ടതയ്‌ക്ക് അന്ത്യം വരുത്തും. അപ്പോൾ ദാരിദ്ര്യം ഒരു കഴിഞ്ഞകാല സംഗതിയായിത്തീരും. അന്യോന്യം സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളുകൾ ആയിരിക്കും അന്നു ഭൂമിയിൽ ഉണ്ടായിരിക്കുക. അത്തരം ഒരു പുതിയ ലോകം സാധ്യമാണെന്നതിന്റെ തെളിവാണ് ഇന്ന് യഹോവയുടെ സാക്ഷികൾ ആസ്വദിക്കുന്ന ലോകവ്യാപക സാഹോദര്യം. അവരെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:35.
[6, 7 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ദരിദ്രരെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?
‘വിശപ്പുള്ളവർക്ക് ആഹാരം നൽകുന്നവൻ’ എന്നാണ് മനുഷ്യവർഗത്തിന്റെ സ്രഷ്ടാവിനെ ബൈബിൾ വിശേഷിപ്പിക്കുന്നത്. (സങ്കീർത്തനം 146:7) ദരിദ്രരോടുള്ള അവന്റെ കരുതലിനെ പ്രദീപ്‌തമാക്കുന്ന നൂറിലധികം വാക്യങ്ങൾ ബൈബിളിൽ കാണാൻ കഴിയും.
ഉദാഹരണത്തിന്, പുരാതന ഇസ്രായേൽ ജനതയ്‌ക്കു യഹോവ ന്യായപ്രമാണം നൽകിയപ്പോൾ, തങ്ങളുടെ വയലുകളുടെ അരിക് തീർത്തുകൊയ്യരുതെന്ന് അവിടത്തെ കർഷകരോട് അവൻ കൽപ്പിച്ചു. ഒലിവുവൃക്ഷത്തിന്റെയോ മുന്തിരിവള്ളിയുടെയോ കാലാ പെറുക്കാൻ അവർ മടങ്ങിപ്പോകരുതായിരുന്നു. ഈ നിയമങ്ങൾ, പരദേശികൾക്കും അനാഥർക്കും വിധവമാർക്കും മറ്റു വിധങ്ങളിൽ ക്ലേശം അനുഭവിക്കുന്നവർക്കും വേണ്ടിയുള്ള സ്‌നേഹപുരസ്സരമായ ഒരു കരുതലായിരുന്നു.—ലേവ്യപുസ്‌തകം 19:9, 10; ആവർത്തനപുസ്‌തകം 24:19-21.
കൂടാതെ, ദൈവം ഇസ്രായേല്യരോട് ഇങ്ങനെയും കൽപ്പിച്ചു: “വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു. അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്‌താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; എന്റെ കോപവും ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്‌ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായി തീരും.” (പുറപ്പാടു 22:22-24) സങ്കടകരമെന്നു പറയട്ടെ, സമ്പന്നരായ അനേകം ഇസ്രായേല്യരും ഈ വാക്കുകൾ അവഗണിച്ചു. ഇക്കാരണത്താലും അവരുടെ മറ്റു ദുഷ്‌പ്രവൃത്തികൾ നിമിത്തവും യഹോവ തന്റെ പ്രവാചകന്മാരിലൂടെ അവർക്കു പല പ്രാവശ്യം മുന്നറിയിപ്പുകൾ നൽകി. (യെശയ്യാവു 10:1, 2; യിരെമ്യാവു 5:28; ആമോസ് 4:1-3) കാലക്രമത്തിൽ, അസ്സീറിയക്കാരും പിന്നീട് ബാബിലോന്യരും ഇസ്രായേല്യരുടെ ദേശം പിടിച്ചടക്കാൻ ദൈവം ഇടവരുത്തി. അനേകം ഇസ്രായേല്യർ കൊല്ലപ്പെട്ടു, അതിജീവിച്ചവരെ അന്യദേശങ്ങളിലേക്ക് അടിമകളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്‌തു.
ദൈവത്തിന്റെ പ്രിയപുത്രനായ യേശുക്രിസ്‌തു, ദരിദ്രരോടുള്ള തന്റെ പിതാവിന്റെ സ്‌നേഹപുരസ്സരമായ കരുതൽ പ്രതിഫലിപ്പിച്ചു. തന്റെ ശുശ്രൂഷയുടെ ഉദ്ദേശ്യത്തെ വിശദീകരിച്ചുകൊണ്ട് അവൻ പറഞ്ഞു: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്‌കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ട്.” (ലൂക്കൊസ് 4:18) തന്റെ ശുശ്രൂഷ ദരിദ്രർക്കു മാത്രമായി യേശു പരിമിതപ്പെടുത്തിയെന്ന് ഇത് അർഥമാക്കുന്നില്ല. സമ്പന്നരെയും അവൻ സ്‌നേഹപൂർവം സഹായിച്ചു. എന്നാൽ അങ്ങനെ ചെയ്‌ത മിക്ക സാഹചര്യങ്ങളിലും അവൻ ദരിദ്രരോടുള്ള തന്റെ കരുതൽ പ്രകടമാക്കുകയുണ്ടായി. ഉദാഹരണത്തിന്, ധനികനായ ഒരു ഭരണാധികാരിക്ക് അവൻ ഈ ബുദ്ധിയുപദേശം നൽകി: “നിനക്കുള്ളതൊക്കെയും വിറ്റു [ദരിദ്രർക്കു] പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക.”—ലൂക്കൊസ് 14:1, 12-14; 18:18, 22; 19:1-10.
യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുക്രിസ്‌തുവും ദരിദ്രരോട് ആഴമായ കരുതൽ പ്രകടമാക്കുന്നു. (മർക്കൊസ് 12:41-44; യാക്കോബ് 2:1-6) മരിച്ചുപോയിട്ടുള്ള കോടിക്കണക്കിന് ദരിദ്രരെ യഹോവ തന്റെ ഓർമയിൽ സൂക്ഷിക്കുന്നെന്ന വസ്‌തുത, അവരോടുള്ള അവന്റെ കരുതലിനെ വിളിച്ചോതുന്നു. ദാരിദ്ര്യമുക്തമായ ഒരു പുതിയ ലോകത്തിലേക്ക് അവരെല്ലാവരും ഉയിർപ്പിക്കപ്പെടും.—പ്രവൃത്തികൾ 24:15.
[ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സാഹോദര്യം പുതിയ ലോകം ഒരു യാഥാർഥ്യമാണെന്നു പ്രകടമാക്കുന്നു
[5-ാം പേജിലെ ചിത്രം]
മാസേസോ, തന്നോടൊപ്പം ബൈബിൾ പഠിച്ച മിഷനറിയുമൊത്ത് വീട്ടുവാതിൽക്കൽ
[5-ാം പേജിലെ ചിത്രം]
റ്റൂക്കിസോയും മാസേസോയും—റ്റൂക്കിസോയോടൊപ്പം ബൈബിൾ പഠിച്ച മിഷനറിയുമൊത്ത്