വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവപരിജ്ഞാനം കുടുംബങ്ങളെ കെട്ടുറപ്പുള്ളതാക്കുന്നു

ദൈവപരിജ്ഞാനം കുടുംബങ്ങളെ കെട്ടുറപ്പുള്ളതാക്കുന്നു

“എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു”

ദൈവപരിജ്ഞാനം കുടുംബങ്ങളെ കെട്ടുറപ്പുള്ളതാക്കുന്നു

“ബർലിൻ മതിൽ.” അർജന്റീനയിലുള്ള ഒരു വിവാഹിത ദമ്പതികൾ തങ്ങളുടെ വീടു രണ്ടായി ഭാഗിക്കാൻ നിർമിച്ച ഒരു ചുവരിനെ വിശേഷിപ്പിച്ചത്‌ അങ്ങനെയാണ്‌! അനുരഞ്‌ജനം കാണാത്ത വിയോജിപ്പുകൾ അവർക്കിടയിൽ ഉണ്ടായിരുന്നു. അവർ പരസ്‌പരം വെറുത്തു.

സങ്കടകരമെന്നു പറയട്ടെ, ഇത്‌ ഒറ്റപ്പെട്ട ഒരു അനുഭവമല്ല. മത്സരവും അവിശ്വസ്‌തതയും കടുത്ത ശത്രുതയും ഇന്ന്‌ അനേകം കുടുംബങ്ങളെ ഉലയ്‌ക്കുന്നു. ഇതു ഖേദകരമാണ്‌. കാരണം, കുടുംബമെന്ന ക്രമീകരണം ഏർപ്പെടുത്തിയത്‌ ദൈവംതന്നെയാണ്‌. (ഉല്‌പത്തി 1:27, 28; 2:23, 24) ആഴമായ സ്‌നേഹം പങ്കുവെക്കാനുള്ള ഒരു അത്യുത്തമ വേദിയാണ്‌ ഈ ദിവ്യദാനം. (രൂത്ത്‌ 1:9) തങ്ങളുടെ ദൈവദത്ത കടമകൾ നിറവേറ്റുന്നതിലൂടെ കുടുംബാംഗങ്ങൾക്കു പരസ്‌പരം ഒരു അനുഗ്രഹം ആയിരിക്കാനും യഹോവയ്‌ക്കു മഹത്ത്വം കരേറ്റാനും കഴിയും. *

കുടുംബ ക്രമീകരണം ഏർപ്പെടുത്തിയത്‌ ദൈവം ആയതിനാൽ, അതിന്റെ നടത്തിപ്പു സംബന്ധിച്ച്‌ നമുക്കുള്ള ഗ്രാഹ്യം അവന്റെ വീക്ഷണത്തിനു ചേർച്ചയിൽ ആയിരിക്കാൻ നാം ശ്രദ്ധിക്കണം. കുടുംബങ്ങളെ വിജയത്തിന്റെ തീരങ്ങളിലേക്കു നയിക്കാൻ​—⁠പ്രത്യേകിച്ചും വെല്ലുവിളികൾ തലയുയർത്തുമ്പോൾ​—⁠പര്യാപ്‌തമായ പ്രായോഗിക ബുദ്ധിയുപദേശങ്ങൾ അവന്റെ വചനം പ്രദാനം ചെയ്യുന്നു. ഭർത്താക്കന്മാരുടെ ധർമത്തെക്കുറിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “[ഭർത്താക്കന്മാർ] തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു.” അവർ ആ ഉത്തരവാദിത്വം നിറവേറ്റുമ്പോൾ, ‘ഭർത്താവിനെ ഭയപ്പെടാൻ’ അഥവാ ആഴമായി ആദരിക്കാൻ ഭാര്യക്ക്‌ എന്നും സന്തോഷമായിരിക്കും.​—⁠എഫെസ്യർ 5:25-29, 33.

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.” (എഫെസ്യർ 6:4) അങ്ങനെ ചെയ്യുമ്പോൾ, മാതാപിതാക്കളെ അനുസരിക്കുക എന്നതു മക്കൾക്കു കൂടുതൽ എളുപ്പമായിത്തീരും. കുടുംബത്തിൽ ഊഷ്‌മളമായ ഒരു അന്തരീക്ഷം നിലനിൽക്കുകയും ചെയ്യും.​—⁠എഫെസ്യർ 6:⁠1.

കുടുംബ ജീവിതം സംബന്ധിച്ചു ബൈബിൾ നൽകുന്ന ഈടുറ്റ ബുദ്ധിയുപദേശങ്ങൾക്കുള്ള ഉദാഹരണങ്ങളാണ്‌ ഇതെല്ലാം. ദിവ്യതത്ത്വങ്ങൾ ബാധകമാക്കുന്നതിലൂടെ അനേകരും സന്തുഷ്ടമായ കുടുംബ ജീവിതം ആസ്വദിക്കുന്നു. ഉദാഹരണത്തിന്‌, തുടക്കത്തിൽ പരാമർശിച്ച, അർജന്റീനയിലുള്ള ദമ്പതികളുടെ കാര്യമെടുക്കുക. യഹോവയുടെ സാക്ഷികളുമൊത്തു മൂന്നു മാസത്തോളം ബൈബിൾ പഠിച്ചശേഷം അവർ ഇരുവരും ദാമ്പത്യത്തെക്കുറിച്ചുള്ള അതിലെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കാൻ തുടങ്ങി. ആശയവിനിമയം മെച്ചപ്പെടുത്താനും സമാനുഭാവം പ്രകടമാക്കാനും തെറ്റുകൾ ക്ഷമിക്കാനും അവർ കഠിനമായി ശ്രമിച്ചു. (സദൃശവാക്യങ്ങൾ 15:22; 1 പത്രൊസ്‌ 3:7; 4:8) സാഹചര്യം ‘പിടിച്ചാൽ കിട്ടാത്തതാണെന്നു’ തോന്നുമ്പോൾ, കോപം നിയന്ത്രിക്കാനും സഹായത്തിനായി ദൈവത്തിലേക്കു തിരിയാനും അവർ പഠിച്ചു. (കൊലൊസ്സ്യർ 3:19) താമസിയാതെ “ബർലിൻ മതിൽ” നിലംപൊത്തി!

കുടുംബങ്ങളെ കെട്ടുറപ്പുള്ളതാക്കാൻ ദൈവത്തിനു കഴിയും

ദൈവത്തിന്റെ നിലവാരങ്ങൾ മനസ്സിലാക്കുകയും ബാധകമാക്കുകയും ചെയ്യുന്നതിലൂടെ സമ്മർദങ്ങളെ ചെറുത്തുനിൽക്കാൻ കുടുംബങ്ങൾ ശക്തമാക്കപ്പെടുന്നു. ഇന്ന്‌ ഇതു വളരെ അടിയന്തിരമാണ്‌. കാരണം, നമ്മുടെ നാളിൽ കുടുംബ ക്രമീകരണം അതിഹീനമായ ആക്രമണത്തിനു വിധേയമാകുമെന്നു പ്രവചിക്കപ്പെട്ടിട്ടുണ്ട്‌. ധാർമികതയ്‌ക്കും മനുഷ്യ സമുദായത്തിനും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന അധഃപതനത്തെക്കുറിച്ചു പൗലൊസ്‌ മുൻകൂട്ടിപ്പറഞ്ഞിരുന്നു. “ഭക്തിയുടെ വേഷം” ഉള്ളവർക്കിടയിൽപ്പോലും, പ്രകടമായിക്കാണുന്ന അവിശ്വസ്‌തതയും ‘വാത്സല്യത്തിന്റെ’ അഥവാ സ്വാഭാവിക പ്രിയത്തിന്റെ അഭാവവും മാതാപിതാക്കളോടുള്ള അനുസരണക്കേടും “അന്ത്യകാലത്തി”ന്റെ വിശേഷതകൾ ആയിരിക്കുമെന്ന്‌ അവൻ പറഞ്ഞിരുന്നു.​—⁠2 തിമൊഥെയൊസ്‌ 3:1-5.

ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ശ്രമം, കുടുംബങ്ങളെ തകർക്കാൻ പര്യാപ്‌തമായ അത്തരം വിനാശക സ്വാധീനങ്ങളെ നിർവീര്യമാക്കാൻ സഹായിക്കും. തങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ ദൈവദത്തമായ ഒരു പരിഹാരമാർഗം ആവശ്യമാണെന്ന്‌ അനേകം കുടുംബങ്ങളും മനസ്സിലാക്കിയിരിക്കുന്നു. ദൈവവുമായി ഒരു നല്ല ബന്ധം നിലനിറുത്താൻ ആഗ്രഹിക്കുന്നപക്ഷം കുടുംബാംഗങ്ങൾ ആദ്യംതന്നെ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കണം. “യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു” എന്ന്‌ അവർ തിരിച്ചറിയേണ്ടതുണ്ട്‌. (സങ്കീർത്തനം 127:1) കുടുംബ ജീവിതത്തിൽ ദൈവത്തിനു പ്രഥമസ്ഥാനം നൽകുമ്പോഴാണ്‌ കുടുംബ സന്തുഷ്ടിയുടെ ഉന്നമനത്തിനുള്ള ശ്രമങ്ങൾ ഏറ്റവുമധികം വിജയിക്കുന്നത്‌.​—⁠എഫെസ്യർ 3:14, 15.

ഇത്‌ എത്ര സത്യമാണെന്ന്‌ ഹവായിയിലുള്ള ഡെന്നിസ്‌ തിരിച്ചറിഞ്ഞു. ഒരു ക്രിസ്‌ത്യാനിയെന്ന്‌ അവകാശപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജീവിതം വഴക്കും വക്കാണവും നിറഞ്ഞതായിരുന്നു. സൈന്യത്തിൽ ചേർന്നതോടെ അദ്ദേഹം കൂടുതൽ അക്രമാസക്തനായിത്തീർന്നു, അദ്ദേഹത്തിന്റെ മനസ്സു നിറയെ പകയും വിദ്വേഷവുമായിരുന്നു. ഡെന്നിസ്‌ അനുസ്‌മരിക്കുന്നു: “ഞാൻ ഒരു വഴക്കാളി ആയിരുന്നു. എനിക്ക്‌ എന്തു സംഭവിച്ചാലും ഞാൻ അതു കാര്യമാക്കിയിരുന്നില്ല. മരിക്കാൻ എനിക്കു ഭയമില്ലായിരുന്നു. തല്ലും അസഭ്യസംസാരവും എന്റെ ജീവിതത്തിന്റെ മുഖമുദ്ര ആയിരുന്നു. അങ്ങനെയിരിക്കെ, യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്ന എന്റെ ഭാര്യ ബൈബിൾ പഠിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു.”

ഭാര്യയുടെ ശ്രമങ്ങളെ ഡെന്നിസ്‌ എതിർത്തു. എങ്കിലും അവരുടെ ക്രിസ്‌തീയ നടത്ത അദ്ദേഹത്തിന്റെ നിഷേധാത്മക മനോഭാവത്തിനു മാറ്റംവരുത്തി. കാലക്രമത്തിൽ, ഭാര്യയും മക്കളും ഒരുമിച്ച്‌ അദ്ദേഹം ഒരു ക്രിസ്‌തീയ യോഗത്തിൽ സംബന്ധിച്ചു. തുടർന്ന്‌ ഡെന്നിസ്‌ ബൈബിൾ പഠിക്കാൻ തുടങ്ങി, അങ്ങനെ നല്ലനിലയിൽ പുരോഗതി പ്രാപിച്ചു. 28 വർഷത്തെ പുകവലി ശീലവും താൻ ഒഴിവാക്കാൻ ആഗ്രഹിച്ച മറ്റു കാര്യങ്ങൾ ചെയ്‌തുകൊണ്ടിരുന്ന സുഹൃത്തുക്കളുമായുള്ള സഹവാസവും അദ്ദേഹം ഉപേക്ഷിച്ചു. യഹോവയോടുള്ള നന്ദി സ്‌ഫുരിക്കുന്ന സ്വരത്തിൽ ഡെന്നിസ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു: “എന്റെ കുടുംബ ജീവിതം മെച്ചപ്പെട്ടു. യോഗങ്ങളും ശുശ്രൂഷയും ഞങ്ങൾ കുടുംബസമേതം ആസ്വദിച്ചു. മുമ്പ്‌ എന്റെ രണ്ടു മക്കൾക്കും എന്നെ ഭയമായിരുന്നു. എന്നാൽ കോപം നിയന്ത്രിക്കാൻ പഠിച്ചതിനാലും ചീത്തപറച്ചിൽ ഒഴിവാക്കിയതിനാലും ആ അവസ്ഥയ്‌ക്കു മാറ്റംവന്നു. ഞങ്ങൾ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ഒന്നിച്ചിരുന്ന്‌ ബൈബിൾ ചർച്ചകൾ ആസ്വദിക്കുകയും ചെയ്‌തു. ബൈബിൾ പഠിച്ചില്ലായിരുന്നെങ്കിൽ ഇന്നു ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു. കാരണം, അത്രയ്‌ക്കും മുൻകോപിയായിരുന്നു ഞാൻ.”

യഹോവയുടെ ഇഷ്ടം ചെയ്യാൻ കഠിനശ്രമം ചെയ്യുന്നത്‌ കുടുംബാംഗങ്ങൾക്കു സന്തോഷം കൈവരുത്തുന്നു. കുടുംബത്തിലെ ഒരംഗം ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുമ്പോൾപ്പോലും സ്ഥിതിഗതികൾ മെച്ചപ്പെടുന്നെന്ന്‌ അനുഭവങ്ങൾ പ്രകടമാക്കുന്നു. ക്രിസ്‌തീയ മാർഗത്തിൽ കുടുംബങ്ങളെ കരുപ്പിടിപ്പിക്കുക എന്നതു ഭാരിച്ച വേലയാണ്‌. അതിനു വൈദഗ്‌ധ്യവും സമയവും ആവശ്യമുണ്ട്‌. എന്നിരുന്നാലും, തങ്ങളുടെ പ്രയത്‌നങ്ങൾ വിജയിക്കാൻ ഇടയാക്കിക്കൊണ്ട്‌ യഹോവ തങ്ങൾക്കു പ്രതിഫലം നൽകുമെന്ന്‌ അവർക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. “എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകളോട്‌ അവർ പൂർണമായി യോജിക്കുന്നു.​—⁠സങ്കീർത്തനം 121:⁠2.

[അടിക്കുറിപ്പ്‌]

^ ഖ. 4 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2005, മേയ്‌/ജൂൺ കാണുക.

[9-ാം പേജിലെ ആകർഷകവാക്യം]

‘സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണം’ ദൈവമാണ്‌.​എഫെസ്യർ 3:​14, 15

[8-ാം പേജിലെ ചതുരം]

കുടുംബ ക്രമീകരണത്തിന്‌ യഹോവ ഉയർന്ന മൂല്യം കൽപ്പിക്കുന്നു

‘ദൈവം അവരെ അനുഗ്രഹിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ.”’​—⁠ഉല്‌പത്തി 1:28.

‘യഹോവയെ ഭയപ്പെടുന്ന ഏവനും [സന്തുഷ്ടൻ]. [അവന്റെ] ഭാര്യ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെ ഇരിക്കും.’​—⁠സങ്കീർത്തനം 128:1, 3.