നിങ്ങൾ എങ്ങനെയുള്ള അടിസ്ഥാനത്തിന്മേൽ പണിയുന്നു?
നിങ്ങൾ എങ്ങനെയുള്ള അടിസ്ഥാനത്തിന്മേൽ പണിയുന്നു?
ഒരു കെട്ടിടത്തിന്റെ നിലനിൽപ്പ് ഏറെയും അതിന്റെ അടിസ്ഥാനത്തിന്റെ കെട്ടുറപ്പിനെ ആശ്രയിച്ചിരിക്കുന്നു. ഈ തത്ത്വം ചിലപ്പോഴൊക്കെ ഒരു ആലങ്കാരിക അർഥത്തിൽ ബൈബിൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്, യഹോവയാം ദൈവത്തെ “ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി” യെശയ്യാ പ്രവാചകൻ തിരിച്ചറിയിക്കുന്നു. (യെശയ്യാവു 51:13) ഭൂമിയുടെ ചലനത്തെ നിയന്ത്രിക്കുകയും അതിനെ സ്വസ്ഥാനത്തു പിടിച്ചുനിറുത്തുകയും ചെയ്യുന്ന, ദൈവത്തിന്റെ മാറ്റമില്ലാത്ത നിയമങ്ങളെയാണ് ഈ ആലങ്കാരിക അടിസ്ഥാനം അർഥമാക്കുന്നത്. (സങ്കീർത്തനം 104:5) മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിന് ആധാരമായ നീതി, നിയമം, ക്രമസമാധാനം എന്നീ ‘അടിസ്ഥാനങ്ങളെ’ക്കുറിച്ചും ദൈവവചനമായ ബൈബിൾ സംസാരിക്കുന്നു. അനീതിയും അഴിമതിയും അക്രമവും അവയെ ‘മറിച്ചുകളയുമ്പോൾ’ സമൂഹത്തിൽ ക്രമരാഹിത്യം തലപൊക്കുന്നു.—സങ്കീർത്തനം 11:2-6; സദൃശവാക്യങ്ങൾ 29:4.
ഈ തത്ത്വം വ്യക്തികളെന്ന നിലയിൽ മനുഷ്യർക്കും ബാധകമാണ്. പ്രസിദ്ധമായ തന്റെ ഗിരിപ്രഭാഷണം ഉപസംഹരിക്കവേ യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്‌ച വലിയതായിരുന്നു.”—മത്തായി 7:24-27.
നിങ്ങൾ ജീവിതം കെട്ടിപ്പടുക്കുന്നത് ഏത് അടിസ്ഥാനത്തിന്മേലാണ്? ഇടിഞ്ഞുവീഴാനിരിക്കുന്ന, ഭക്തിവിരുദ്ധമായ മാനുഷ തത്ത്വശാസ്‌ത്രങ്ങളുടെ അസ്ഥിരമായ മണലിന്മേലാണോ? അതോ, ജീവിതത്തിലെ ആലങ്കാരിക കൊടുങ്കാറ്റുകളെ സുരക്ഷിതമായി അതിജീവിക്കാൻ നിങ്ങളെ സഹായിക്കുന്ന, യേശുക്രിസ്‌തുവിന്റെ വചനങ്ങളോടുള്ള അനുസരണമാകുന്ന ശക്തമായ പാറമേലാണോ?