വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാരി—മരുഭൂമിയിലെ പുരാതന രാജ്ഞി

മാരി—മരുഭൂമിയിലെ പുരാതന രാജ്ഞി

മാരി—മരുഭൂമിയിലെ പുരാതന രാജ്ഞി

“ആകസ്‌മികമായി കൈവരിച്ച നേട്ടം കൂട്ടുകാരുമൊത്ത്‌ ആഘോഷിച്ചശേഷം രാത്രി കിടപ്പറയിൽ എത്തുമ്പോൾ ഏറെക്കുറെ മത്തുപിടിച്ച അവസ്ഥയിലായിരുന്നു ഞാൻ,” ഫ്രഞ്ച്‌ പുരാവസ്‌തുശാസ്‌ത്രജ്ഞനായ ആൻഡ്രേ പാരോ അനുസ്‌മരിക്കുന്നു. 1934 ജനുവരിയിൽ, സിറിയയിലെ യൂഫ്രട്ടീസ്‌ നദീതീരത്തു സ്ഥിതിചെയ്യുന്ന ആബൂ കെമാൽ എന്ന കൊച്ചു പട്ടണത്തിനടുത്തുള്ള ടെൽ ഹാരിരിയിൽ, പാരോയും സംഘവും ഒരു പ്രതിമ കുഴിച്ചെടുത്തിരുന്നു. “എൻലിൽ ദേവന്റെ മഹാപുരോഹിതനായ, മാരിയിലെ രാജാവ്‌ ലാംഗി-മാരി” എന്ന്‌ അതിൽ ആലേഖനം ചെയ്‌തിരുന്നു. ആ കണ്ടുപിടിത്തം അവരെ പുളകം കൊള്ളിച്ചു.

അങ്ങനെ, മാരി എന്ന നഗരം ഒടുവിൽ കണ്ടെടുക്കപ്പെട്ടു! ഈ കണ്ടുപിടിത്തം ബൈബിൾ വിദ്യാർഥികൾക്കു താത്‌പര്യജനകം ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

എന്തുകൊണ്ട്‌ താത്‌പര്യജനകം?

മാരി എന്നൊരു നഗരം സ്ഥിതിചെയ്‌തിരുന്നതായി പുരാതന ഗ്രന്ഥങ്ങളിൽനിന്നു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിലും അതിന്റെ കൃത്യമായ സ്ഥാനം ഏറെക്കാലം അജ്ഞാതമായി തുടർന്നു. സുമേരിയൻ ശാസ്‌ത്രിമാരുടെ അഭിപ്രായത്തിൽ, ഒരിക്കൽ മുഴു മെസൊപ്പൊത്താമ്യയെയും അടക്കിവാണിരിക്കാൻ ഇടയുള്ള ഒരു രാജവംശത്തിന്റെ ആസ്ഥാനം ആയിരുന്നു മാരി. തികച്ചും തന്ത്രപ്രധാനമായ ഒരു സ്ഥാനമായിരുന്നു മാരിയുടേത്‌. കാരണം, പേർഷ്യൻ ഉൾക്കടലിനെ അസീറിയ, മെസൊപ്പൊത്താമ്യ, ആനറ്റോലിയ, മെഡിറ്ററേനിയൻ തീരം എന്നിവയുമായി ബന്ധിപ്പിക്കുന്ന വാണിജ്യ മാർഗങ്ങളുടെ സംഗമസ്ഥാനമായിരുന്ന യൂഫ്രട്ടീസ്‌ നദീതീരത്തായിരുന്നു അതു പണിയപ്പെട്ടത്‌. മെസൊപ്പൊത്താമ്യയിൽ തീർത്തും വിരളമായിരുന്ന തടി, ലോഹങ്ങൾ, കല്ലുകൾ എന്നിവ ഉൾപ്പെടെയുള്ള ചരക്കുകൾ ഈ നഗരത്തിലൂടെയാണ്‌ കൊണ്ടുപോയിരുന്നത്‌. അവയുടെമേൽ ചുമത്തപ്പെട്ട നികുതികളിലൂടെ സമ്പന്നമായിത്തീർന്ന മാരി ആ പ്രദേശത്ത്‌ ആധിപത്യം ഉറപ്പിച്ചു. എന്നിരുന്നാലും അക്കാദിലെ സർഗോൻ, സിറിയ പിടിച്ചെടുത്തപ്പോൾ ഈ മേൽക്കോയ്‌മയ്‌ക്കു തിരശ്ശീല വീണു.

സർഗോനിന്റെ ജയിച്ചടക്കലിനുശേഷം 300 വർഷത്തോളം, വിവിധ പട്ടാള ഗവർണർമാർ മാരിയിൽ മാറിമാറി ഭരണം നടത്തി. അവരുടെ കീഴിൽ മാരി കുറെയൊക്കെ സമ്പദ്‌സമൃദ്ധി വീണ്ടെടുത്തെങ്കിലും, അവസാനത്തെ ഭരണാധിപനായ സിമ്രി-ലിമ്മിന്റെ കാലമായപ്പോഴേക്കും അതു ക്ഷയിക്കാൻ തുടങ്ങിയിരുന്നു. തുടർച്ചയായ സൈനിക ദിഗ്വിജയങ്ങൾ, ഉടമ്പടികൾ, വിവാഹബന്ധങ്ങൾ എന്നിവയിലൂടെ തന്റെ സാമ്രാജ്യത്തെ ഏകീകരിക്കാൻ സിമ്രി-ലിം ശ്രമിച്ചു. പക്ഷേ, പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) 1760-ൽ ബാബിലോണിയൻ രാജാവായ ഹമുറാബി ഈ നഗരത്തെ കീഴടക്കി നശിപ്പിച്ചു. അങ്ങനെ “പുരാതന ലോകത്തിലെ ജ്യോതിസ്സുകളായിരുന്ന സംസ്‌കാരങ്ങളിൽ ഒന്ന്‌” എന്നു പാരോ വിശേഷിപ്പിച്ച നഗരം തിരോധാനം ചെയ്‌തു.

ഹമുറാബിയുടെ സൈന്യം മാരിയെ നിലംപരിചാക്കിയപ്പോൾ, ആധുനിക പുരാവസ്‌തുശാസ്‌ത്രജ്ഞന്മാർക്കും ചരിത്രകാരന്മാർക്കും വേണ്ടി അറിയാതെതന്നെ അവർ ഒരു വലിയ സഹായം ചെയ്‌തു. ചുട്ടെടുക്കാത്ത ഇഷ്ടികകൊണ്ടു നിർമിച്ച മതിലുകൾ ഇടിച്ചുതകർത്തപ്പോൾ ചില കെട്ടിടങ്ങൾ​—⁠ചില സ്ഥലങ്ങളിൽ അവയ്‌ക്ക്‌ അഞ്ചു മീറ്ററോളം ഉയരമുണ്ട്‌​—⁠മുഴുവനായി അവയ്‌ക്കടിയിൽ പെട്ടുപോയി. അങ്ങനെ കാലത്തിന്റെ പോറലുകളേൽക്കാതെ അവ പരിരക്ഷിക്കപ്പെട്ടു. മൺമറഞ്ഞുപോയ സംസ്‌കാരങ്ങളിലേക്കു വെളിച്ചം വീശുന്ന അനേകം ശിൽപ്പങ്ങളും ആയിരക്കണക്കിനു ലിഖിതങ്ങളും സഹിതം, ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും നാശാവശിഷ്ടങ്ങൾ പുരാവസ്‌തുശാസ്‌ത്രജ്ഞന്മാർ കണ്ടെടുത്തിരിക്കുന്നു.

മാരിയുടെ ശൂന്യശിഷ്ടങ്ങൾ നമ്മുടെ ശ്രദ്ധ അർഹിക്കുന്നത്‌ എന്തുകൊണ്ട്‌? ഗോത്രപിതാവായ അബ്രാഹാമിന്റെ കാലത്തെക്കുറിച്ചു ചിന്തിക്കുക. ജലപ്രളയത്തിന്‌ 325 വർഷത്തിനുശേഷം, പൊ.യു.മു. 2018-ലാണ്‌ അവൻ ജനിച്ചത്‌. നോഹയ്‌ക്കുശേഷമുള്ള പത്താമത്തെ തലമുറയായിരുന്നു അവന്റേത്‌. ദൈവം കൽപ്പിച്ചതനുസരിച്ച്‌ അബ്രാഹാം സ്വന്തദേശമായ ഊർ നഗരം വിട്ട്‌ ഹാരാനിലേക്കു പോയി. പൊ.യു.മു. 1943-ൽ ഹാരാനിൽനിന്ന്‌ അവൻ കനാൻ ദേശത്തേക്കു യാത്ര തിരിച്ചു. അപ്പോൾ അവന്‌ 75 വയസ്സായിരുന്നു. “ഊരിൽനിന്ന്‌ [കനാനിലെ] യെരൂശലേമിലേക്കുള്ള അബ്രാഹാമിന്റെ കുടിയേറ്റം നടന്നത്‌ മാരിയുടെ കാലത്തായിരുന്നു” എന്ന്‌ ഇറ്റാലിയൻ പുരാവസ്‌തുശാസ്‌ത്രജ്ഞനായ പാവോലോ മാത്തൈ പറയുന്നു. അതുകൊണ്ട്‌, ദൈവത്തിന്റെ വിശ്വസ്‌ത ദാസനായ അബ്രാഹാം ജീവിച്ചിരുന്ന കാലത്തെ ലോകം ഭാവനയിൽ കാണാൻ നാം സഹായിക്കപ്പെടുമെന്നതിനാൽ മാരിയുടെ കണ്ടുപിടിത്തം മൂല്യവത്താണ്‌. *​—⁠ഉല്‌പത്തി 11:10-12:⁠4.

നാശാവശിഷ്ടങ്ങൾ എന്തു വെളിപ്പെടുത്തുന്നു?

മെസൊപ്പൊത്താമ്യയിലെ മറ്റെല്ലാ സ്ഥലങ്ങളുടെയും കാര്യത്തിലെന്നതുപോലെ മാരിയിലും മതം തഴച്ചുവളർന്നു. ദൈവങ്ങളെ സേവിക്കുന്നത്‌ മനുഷ്യരുടെ കർത്തവ്യമായി കണക്കാക്കപ്പെട്ടിരുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പായി ആളുകൾ എപ്പോഴും ദൈവങ്ങളുടെ ഇഷ്ടം അന്വേഷിക്കുമായിരുന്നു. പുരാവസ്‌തുശാസ്‌ത്രജ്ഞന്മാർ ആറു ക്ഷേത്രങ്ങളുടെ ശൂന്യശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്‌. ഹരിക്ഷേത്രവും (ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ദാഗോന്റെ ക്ഷേത്രമാണ്‌ അതെന്നു ചിലർ കരുതുന്നു) ഫലപുഷ്ടിയുടെ ദേവതയായ ഇഷ്ടാറിന്റെയും സൂര്യദേവനായ ഷാമാഷിന്റെയും മന്ദിരങ്ങളും അവയിൽ ഉൾപ്പെടുന്നു. പ്രാരംഭത്തിൽ ഈ ക്ഷേത്രങ്ങളിൽ, അവിടെ കുടിയിരുത്തപ്പെട്ട ആരാധനാമൂർത്തിയുടെ ഒരു പ്രതിമ ഉണ്ടായിരുന്നു. ആളുകൾ അവയുടെ മുമ്പാകെ ബലികളും പ്രാർഥനകളും അർപ്പിച്ചിരുന്നു. ഭക്തന്മാർ തങ്ങളുടെതന്നെ, പുഞ്ചിരി തൂകുന്ന മുഖത്തോടുകൂടിയ ബിംബങ്ങൾ ഉണ്ടാക്കി മന്ദിരത്തിലെ ഇരിപ്പിടങ്ങളിൽ വെക്കുമായിരുന്നു. ആ രൂപങ്ങൾ വഴിയായി തങ്ങളുടെ ആരാധനാക്രിയ മുടക്കമില്ലാതെ തുടരും എന്നതായിരുന്നു അവരുടെ വിശ്വാസം. “കത്തോലിക്കർ തങ്ങളുടെ ആരാധനയിൽ ഉപയോഗിക്കുന്ന മെഴുകുതിരിയെപ്പോലെ​—⁠ഒരുപക്ഷേ അതിലും കൂടിയ തീവ്രതയോടെതന്നെ​—⁠വിശ്വാസിയെ പ്രതിനിധാനം ചെയ്യുന്ന ഒന്നായിരുന്നു യഥാർഥത്തിൽ ഈ ബിംബം” എന്ന്‌ പാരോ അഭിപ്രായപ്പെട്ടു.

ടെൽ ഹാരിരിയിലെ ഒരു വൻ കൊട്ടാരത്തിന്റെ നാശാവശിഷ്ടങ്ങളുടെ കണ്ടെടുക്കൽ ആയിരുന്നു ഏറ്റവും ശ്രദ്ധാർഹമായിരുന്നത്‌. അതിൽ അവസാനമായി താമസിച്ചിരുന്ന സിമ്രി-ലിമ്മിന്റെ പേരിലാണ്‌ ഈ കൊട്ടാരക്കെട്ട്‌ അറിയപ്പെടുന്നത്‌. “പ്രാചീന പൗരസ്‌ത്യ വാസ്‌തുശിൽപ്പവിദ്യയുടെ രത്‌നം” എന്നാണ്‌ ഫ്രഞ്ച്‌ പുരാവസ്‌തുശാസ്‌ത്രജ്ഞനായ ലൂയി-ഉവേഗ്‌ വാൻസൻ അതിനെ വിശേഷിപ്പിച്ചത്‌. ഏകദേശം 300 മുറികളും മുറ്റങ്ങളും ഉള്ള കൊട്ടാരം സ്ഥിതിചെയ്യുന്നത്‌ ആറ്‌ ഏക്കറിലധികം വരുന്ന സ്ഥലത്താണ്‌. പുരാതനകാലത്തുപോലും ഇതിനെ ലോകത്തിലെ അത്ഭുതങ്ങളിൽ ഒന്നായി വീക്ഷിച്ചിരുന്നു. പ്രാചീന ഇറാഖ്‌ എന്ന തന്റെ പുസ്‌തകത്തിൽ, ഷോർഷ്‌ റൂ ഇങ്ങനെ പറയുന്നു: “അതു വളരെ പ്രസിദ്ധമായിരുന്നതിനാൽ, സിറിയൻ തീരത്തുള്ള ഉഗാറിത്തിന്റെ രാജാവ്‌, 600 കിലോമീറ്റർ ഉള്ളിലായുള്ള ‘സിമ്രി-ലിമ്മിന്റെ ഭവനം’ സന്ദർശിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ തന്റെ പുത്രനെ അയയ്‌ക്കുന്നതിനു മടി കാണിച്ചില്ല.”

കൊട്ടാരത്തിലേക്ക്‌ ആകെ ഒരു പ്രവേശനമാർഗമാണുള്ളത്‌. ഈ കവാടത്തിന്റെ ഇരുവശങ്ങളിലും ഓരോ ഗോപുരങ്ങളുണ്ട്‌. കവാടത്തിലൂടെ പ്രവേശിച്ച്‌ സന്ദർശകർ, കോട്ടകെട്ടിയുറപ്പിച്ച കൊട്ടാരത്തിന്റെ വിശാലമായ അങ്കണത്തിൽ എത്തുന്നു. അവിടെ ഉയർന്ന ഒരു പ്രതലത്തിൽ സ്ഥാപിച്ചിരിക്കുന്ന സിംഹാസനത്തിൽ ഇരുന്നുകൊണ്ടാണ്‌ മാരിയുടെ അവസാന രാജാവായ സിമ്രി-ലിം, സൈനികവും വാണിജ്യപരവും നയതന്ത്രപരവും ആയ കാര്യങ്ങൾ കൈകാര്യം ചെയ്‌തതും ന്യായത്തീർപ്പുകൾ പ്രഖ്യാപിച്ചതും സന്ദർശകരെയും സ്ഥാനപതികളെയും സ്വാഗതം ചെയ്‌തതും എല്ലാം. താമസസൗകര്യവും പതിവായി വിഭവസമൃദ്ധമായ വിരുന്നുകളും നൽകിക്കൊണ്ട്‌ രാജാവ്‌ അതിഥികളെ സന്തോഷിപ്പിച്ചിരുന്നു. പലതരത്തിലുള്ള പച്ചക്കറികളും പാൽക്കട്ടികളും, വെളുത്തുള്ളി ചേർത്ത മസാലക്കുഴമ്പു സഹിതം വിളമ്പുന്ന ചുട്ടതോ വറുത്തതോ വേവിച്ചതോ ആയ പോത്ത്‌, ആട്‌, ചെറുമാൻ, മത്സ്യം, കോഴി എന്നിവയും വിഭവങ്ങളിൽ ഉൾപ്പെട്ടിരുന്നു. പറിച്ചെടുത്ത ഉടനെയുള്ളതോ ഉണക്കിയെടുത്തതോ പഞ്ചസാരലായനിയിൽ മുക്കിയെടുത്തതോ ആയ പഴങ്ങളും സങ്കീർണമായ ആകൃതിയിലുള്ള മൂശകളിൽ ചുട്ടെടുത്ത കേക്കുകളും ഭക്ഷണത്തിനുശേഷം വിളമ്പിയിരുന്നു. ദാഹശമനത്തിനായി അതിഥികൾക്കു നൽകിയിരുന്നത്‌ വീഞ്ഞോ ബിയറോ ആയിരുന്നു.

ശുചിത്വസംവിധാനങ്ങളും കൊട്ടാരത്തിൽ ഉണ്ടായിരുന്നു. ചുട്ടെടുത്ത കളിമണ്ണുകൊണ്ടു നിർമിച്ച കുളിത്തൊട്ടികളും തറനിരപ്പിലുള്ള ക്ലോസറ്റുകളും ഉള്ള കുളിമുറികൾ കണ്ടെത്തിയിട്ടുണ്ട്‌. അവയുടെ തറയിലും ഭിത്തിയുടെ കീഴ്‌ഭാഗങ്ങളിലും ജലരോധകശേഷിയുള്ള പശമണ്ണു പൂശിയിരുന്നു. അഴുക്കുവെള്ളം ഒഴുക്കിക്കളയാൻ ഇഷ്ടിക പാകിയ ഓവുകൾ ഉണ്ടായിരുന്നു. പശമണ്ണു പൂശിയ, ജലരോധകശേഷിയുള്ള കളിമൺ കുഴലുകൾ 3,500 വർഷത്തിനുശേഷം ഇന്നും പ്രവർത്തനക്ഷമമാണ്‌. അരമനയിലെ മൂന്നു സ്‌ത്രീകൾക്ക്‌ മാരകമായ രോഗബാധ ഉണ്ടായപ്പോൾ അവർ കടുത്ത നിയന്ത്രണങ്ങൾക്കു വിധേയരായി. മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ അവരെ തനിയെ പാർപ്പിക്കേണ്ടിയിരുന്നു. “ആരും അവളുടെ പാത്രത്തിൽനിന്നു കുടിക്കുകയോ അവളുടെ മേശയിൽ ഇരുന്നു ഭക്ഷിക്കുകയോ അവളുടെ ഇരിപ്പിടത്തിൽ ഇരിക്കുകയോ ചെയ്യരുതായിരുന്നു.”

നാശാവശിഷ്ടങ്ങൾ നമ്മെ എന്തു പഠിപ്പിക്കുന്നു?

പാരോയും സംഘവും അക്കാഡിയൻ ഭാഷയിലുള്ള 20,000-ത്തോളം ക്യൂനിഫോം ഫലകങ്ങൾ കണ്ടെത്തി. അവയിൽ കത്തുകളും ഭരണനിർവഹണം, സാമ്പത്തികം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും അടങ്ങിയിരുന്നു. ഈ പുരാതന കണ്ടെത്തലുകളുടെ മൂന്നിലൊന്നോളമേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. എന്നിട്ടും അവയ്‌ക്ക്‌ 28 വാല്യങ്ങൾ ഉണ്ട്‌. അവ എത്രമാത്രം മൂല്യവത്താണ്‌? മാരി പുരാവസ്‌തുഗവേഷണ സംരംഭത്തിന്റെ ഡയറക്ടറായ ഷാൻ-ക്ലോഡ്‌ മാർഗറോൻ ഇങ്ങനെ പറയുന്നു: “മാരിയുടെ ശൂന്യശിഷ്ടങ്ങൾ കണ്ടെത്തുന്നതുവരെ, രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ മെസൊപ്പൊത്താമ്യയുടെയും സിറിയയുടെയും ചരിത്രം എന്തായിരുന്നെന്നും അവിടങ്ങളിലെ സാമൂഹിക വ്യവസ്ഥിതിയും ദൈനംദിന ജീവിതരീതിയും എങ്ങനെയുള്ളതായിരുന്നെന്നും നമുക്ക്‌ ഒന്നുംതന്നെ അറിയില്ലായിരുന്നു. അവ ലഭിച്ചതിലൂടെ, ചരിത്രത്തിന്റെ വ്യക്തമായ ചിത്രം നമുക്കു മുമ്പാകെ ഇതൾവിരിയുന്നു.” ഈ കണ്ടെത്തലുകൾ, “അവയിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്കും ഗോത്രപിതാക്കന്മാരുടെ കാലത്തെക്കുറിച്ചു പഴയ നിയമം പറയുന്ന കാര്യങ്ങൾക്കും ഇടയിലുള്ള അതിശയകരമായ സമാനതകൾ വെളിപ്പെടുത്തുന്നു” എന്ന്‌ പാരോ അഭിപ്രായപ്പെട്ടു.

മാരിയിൽ കണ്ടെത്തിയ ഫലകങ്ങൾ ചില ബൈബിൾ ഭാഗങ്ങൾ മെച്ചമായി മനസ്സിലാക്കാനും സഹായിക്കുന്നു. ഉദാഹരണത്തിന്‌, ശത്രുരാജാക്കന്മാരുടെ ഭാര്യമാരെയും വെപ്പാട്ടികളെയും സ്വന്തമാക്കുന്നത്‌ “അന്നത്തെ രാജാക്കന്മാർ കൈക്കൊണ്ടിരുന്ന നടപടിയുടെ ഒരു അടിസ്ഥാന വിശേഷത ആയിരുന്നു” എന്ന്‌ അവ സൂചിപ്പിക്കുന്നു. അബ്‌ശാലോമിനോട്‌ അവന്റെ പിതാവായ ദാവീദിന്റെ വെപ്പാട്ടികളുമായി ശാരീരികബന്ധത്തിൽ ഏർപ്പെടാൻ ചതിയനായ അഹീഥോഫെൽ ഉപദേശിച്ചത്‌ പുതുമയുള്ള ഒരു കാര്യമായിരുന്നില്ല.​—⁠2 ശമൂവേൽ 16:21, 22.

1933-നുശേഷം ടെൽ ഹാരിരിയിൽ 41 പുരാവസ്‌തു കുഴിക്കലുകൾ നടത്തിയിട്ടുണ്ട്‌. എന്നിരുന്നാലും ഇതുവരേക്കും, 270 ഏക്കർ വിസ്‌തീർണമുള്ള മാരിയുടെ 20 ഏക്കർ പ്രദേശം മാത്രമേ ഗവേഷണവിധേയമാക്കാൻ സാധിച്ചിട്ടുള്ളൂ. മരുഭൂമിയിലെ പുരാതന രാജ്ഞിയായ മാരിയിൽ രസകരമായ അനേകം സംഗതികൾ ഇനിയും കണ്ടെത്തിയേക്കാം.

[അടിക്കുറിപ്പ്‌]

^ ഖ. 8 പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശത്തെത്തുടർന്ന്‌, ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയ യഹൂദ പ്രവാസികൾ കടന്നുപോയത്‌ മാരിയുടെ അവശിഷ്ടങ്ങളുടെ സമീപത്തുകൂടെ ആയിരിക്കാൻ വളരെ സാധ്യതയുണ്ട്‌.

[10-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

പേർഷ്യൻ ഉൾക്കടൽ

ഊർ

മെസൊപ്പൊത്താമ്യ

യൂഫ്രട്ടീസ്‌

മാരി

അസീറിയ

ഹാരാൻ

ആനറ്റോലിയ

കനാൻ

യെരൂശലേം

മെഡിറ്ററേനിയൻ കടൽ (മഹാസമുദ്രം)

[11-ാം പേജിലെ ചിത്രം]

ഈ ലിഖിതത്തിൽ, മാരിയിലെ രാജാവായ ലാഹ്‌ഡൻ-ലിം തന്റെ നിർമാണ വേലകളെക്കുറിച്ചു വീമ്പിളക്കിയിരിക്കുന്നു

[11-ാം പേജിലെ ചിത്രം]

ലാംഗി-മാരിയുടെ പ്രതിമയുടെ കണ്ടെത്തൽ, മാരിയെ വ്യക്തമായി തിരിച്ചറിയാൻ സഹായിച്ചു

[12-ാം പേജിലെ ചിത്രം]

മാരിയിലെ ഉദ്യോഗസ്ഥനായിരുന്ന എബിഹിൽ പ്രാർഥിക്കുന്നു

[12-ാം പേജിലെ ചിത്രം]

കൊട്ടാരത്തിലെ ഈ പീഠത്തിൽ സാധ്യതയനുസരിച്ച്‌ ഒരു ദേവതയുടെ പ്രതിമ ഉണ്ടായിരുന്നിരിക്കാം

[12-ാം പേജിലെ ചിത്രം]

മാരിയുടെ ശൂന്യശിഷ്ടം​—⁠ചുട്ടെടുക്കാത്ത ഇഷ്ടികകൊണ്ടുള്ള നിർമിതികൾ

[12-ാം പേജിലെ ചിത്രം]

കൊട്ടാരത്തിലെ കുളിമുറി

[13-ാം പേജിലെ ചിത്രം]

മാരി പിടിച്ചടക്കിയ നാരാംസിന്നിന്റെ വിജയം ചിത്രീകരിക്കുന്ന ശിലാഫലകം

[13-ാം പേജിലെ ചിത്രം]

കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന്‌ ഏകദേശം 20,000 ക്യൂനിഫോം ഫലകങ്ങൾ കണ്ടെടുത്തു

[10-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

◀© Mission archéologique française de Tell Hariri - Mari (Syrie)

[11-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ലിഖിതം: Musée du Louvre, Paris; പ്രതിമ: © Mission archéologique française de Tell Hariri - Mari (Syrie)

[12-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

പ്രതിമ: Musée du Louvre, Paris; പീഠവും കുളിമുറിയും: © Mission archéologique française de Tell Hariri - Mari (Syrie)

[13-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ശിലാഫലകം: Musée du Louvre, Paris; കൊട്ടാരത്തിന്റെ ശൂന്യശിഷ്ടം: © Mission archéologique française de Tell Hariri - Mari (Syrie)