വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാമാന്യബോധം ഇത്ര വിരളമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

സാമാന്യബോധം ഇത്ര വിരളമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

സാമാന്യബോധം ഇത്ര വിരളമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

“ഇയാൾക്കിതെന്തു പറ്റി? അറിവില്ലാഞ്ഞിട്ടാണോ ഇതു ചെയ്‌തത്‌?” ഒരു നിരീക്ഷകൻ അഭിപ്രായപ്പെട്ടു. വിശ്വസിക്കാനാവാതെ തലയും കുലുക്കി നടന്നകന്ന മറ്റൊരാൾ ആരോടെന്നില്ലാതെ ഇങ്ങനെ പറഞ്ഞു: “ഒരൽപ്പം സാമാന്യബോധം ഉണ്ടായിരുന്നെങ്കിൽ അയാൾ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു.” ഇതുപോലെ ആരെങ്കിലുമൊക്കെ അഭിപ്രായപ്പെടുന്നതു നിങ്ങൾ കേട്ടിട്ടുണ്ടോ? എന്താണ്‌ “സാമാന്യബോധം”?

“സൂക്ഷ്‌മാവബോധം,” “ഗ്രാഹ്യം,” “പ്രായോഗികജ്ഞാനം അഥവാ ന്യായബോധം,” എന്നെല്ലാമാണ്‌ “ബോധം” എന്ന വാക്കു നിർവചിക്കപ്പെട്ടിരിക്കുന്നത്‌. ഒരു വ്യക്തിക്ക്‌, സാഹചര്യങ്ങൾ വിലയിരുത്താനും ബുദ്ധിപൂർവം തീരുമാനങ്ങൾ കൈക്കൊള്ളാനും ഉള്ള പ്രാപ്‌തി ഉണ്ടെന്നാണ്‌ അതിന്റെ അർഥം. സാമാന്യബോധം ഉള്ളവരായിരിക്കാൻ നാം ചിന്താപ്രാപ്‌തി ഉപയോഗിക്കേണ്ടത്‌ അനിവാര്യമാണ്‌ എന്നതു വ്യക്തമാണ്‌. എന്നാൽ അനേകരും, തങ്ങൾ സ്വയമായി ചിന്തിക്കേണ്ട കാര്യങ്ങൾ മറ്റുള്ളവർക്കു വിട്ടുകൊടുക്കുന്നു. തങ്ങൾക്കുവേണ്ടി തീരുമാനങ്ങൾ എടുക്കാൻ അവർ മാധ്യമങ്ങളെയും സമപ്രായക്കാരെയും പൊതുജനാഭിപ്രായത്തെയും അനുവദിക്കുന്നു.

സാമാന്യബോധം ഇന്നു ലോകത്തിൽ വളരെ വിരളം ആണെന്നതുപോലെ കാണപ്പെടുന്നു. നിരീക്ഷണപടുവായ ഒരു വ്യക്തി ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: ‘സാമാന്യബോധം തികച്ചും വിരളം ആയിത്തീർന്നിരിക്കുന്നു.’ നമുക്ക്‌ എങ്ങനെ സാമാന്യബോധം നേടാം? അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്‌?

സാമാന്യബോധം ആർജിക്കൽ

സുബോധവും ന്യായബോധവും വളർത്തിയെടുക്കാൻ സമയവും വിശദമായ അപഗ്രഥനവും സ്ഥിരോത്സാഹവും ആവശ്യമാണെങ്കിലും സാമാന്യബോധം നേടുക എന്നത്‌ അസാധ്യമായ ഒരു കാര്യമല്ല. അതു സമ്പാദിക്കാൻ നമ്മെ സഹായിക്കുന്ന മൂന്നു ഘടകങ്ങൾ പരിചിന്തിക്കുക.

ബൈബിൾ പഠിച്ച്‌ അതിന്റെ ബുദ്ധിയുപദേശങ്ങൾ പിൻപറ്റുക. ആഖ്യാന ശൈലിയിൽ മികച്ചു നിൽക്കുന്നതും സുവ്യക്തമായ യുക്തി പ്രതിഫലിപ്പിക്കുന്നതും ആയ ബൈബിൾ, ജ്ഞാനവും സുബോധവും ആർജിക്കാൻ ശരിക്കും ഒരു സഹായമാണ്‌. (എഫെസ്യർ 1:8) ഉദാഹരണത്തിന്‌, അപ്പൊസ്‌തലനായ പൗലൊസ്‌ സഹക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്‌ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.” (ഫിലിപ്പിയർ 4:8) ഈ ബുദ്ധിയുപദേശത്തോട്‌ എപ്പോഴും പറ്റിനിൽക്കുന്നെങ്കിൽ ന്യായബോധം ഉള്ളവരായിരിക്കാനും വിവേകത്തോടെ പെരുമാറാനും നമുക്കു സാധിക്കും.

അനുഭവങ്ങളിൽനിന്നു പഠിക്കുക. സാമാന്യബോധത്തെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട്‌ സ്വിറ്റ്‌സർലൻഡുകാരനായ ഒരു കവി ഇപ്രകാരം പറഞ്ഞു: “അനുഭവങ്ങളും പൂർവാവബോധവും [ദീർഘവീക്ഷണവും] കൂടിച്ചേരുന്നതാണ്‌ . . . [സാമാന്യബോധം].” “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” എന്ന്‌ ബൈബിൾതന്നെയും പറയുന്നു. (സദൃശവാക്യങ്ങൾ 14:15) നിരീക്ഷണം, പരിശീലനം, അനുഭവം എന്നിവയിലൂടെ സാമാന്യബോധം വികസിപ്പിക്കാവുന്നതാണ്‌. കാലം കടന്നുപോകവേ, കൂടുതൽ മെച്ചമായി കാര്യങ്ങൾ ചെയ്യാൻ നാം പഠിക്കുന്നു. എന്നിരുന്നാലും, തെറ്റുകളിൽനിന്നു പഠിക്കുന്നതിന്‌ താഴ്‌മയും എളിമയും ആവശ്യമാണ്‌. ഈ അന്ത്യനാളുകളിൽ ആളുകൾ പ്രകടമാക്കുന്ന ധിക്കാരവും അഹന്തയും ധാർഷ്‌ട്യവും സാമാന്യബോധത്തിന്റെ അഭാവമാണു വെളിപ്പെടുത്തുന്നത്‌.​—⁠2 തിമൊഥെയൊസ്‌ 3:1-5.

സുഹൃത്തുക്കളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക. ജ്ഞാനവും സാമാന്യബോധവും പ്രകടമാക്കുന്നതിൽ സുഹൃത്തുക്കൾക്കു നമ്മെ സഹായിക്കാനോ തടസ്സപ്പെടുത്താനോ കഴിയും. സദൃശവാക്യങ്ങൾ 13:20 ഇങ്ങനെ പറയുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” ദൈവത്തെ ധിക്കരിക്കുകയും അവന്റെ വചനം അവഗണിക്കുകയും ചെയ്യുന്നവരുടെ മനോഭാവങ്ങളോ അഭിപ്രായങ്ങളോ നാം പിൻപറ്റേണ്ട ആവശ്യമില്ല. “മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം” എന്ന്‌ സദൃശവാക്യങ്ങൾ 17:12 പ്രസ്‌താവിക്കുന്നു.

എന്താണു പ്രയോജനം?

സാമാന്യബോധം വളർത്തിയെടുക്കുന്നതു പ്രയോജനകരമാണ്‌. അതു ജീവിതം കൂടുതൽ രസകരമാക്കിത്തീർക്കുകയും സമയം ലാഭിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ചിന്താശൂന്യമായ പ്രവർത്തനങ്ങളിൽനിന്ന്‌ ഒഴിഞ്ഞിരിക്കാനും അതുവഴി അത്തരം പ്രവർത്തനങ്ങളുടെ ഫലമായി മിക്കപ്പോഴും ഉളവാകുന്ന ഇച്ഛാഭംഗങ്ങൾ ലഘൂകരിക്കാനും അതു സഹായകമാണ്‌. ശരിയായ ന്യായബോധം ഇല്ലാത്തവർ സ്വന്തം ജീവിതം ദുഷ്‌കരമാക്കിത്തീർക്കുന്നു. “മൂഢന്മാർ തങ്ങളുടെ പ്രയത്‌നത്താൽ ക്ഷീണിച്ചുപോകുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സഭാപ്രസംഗി 10:15) എല്ലുമുറിയെ പണിയെടുത്താൽപ്പോലും അത്തരം വ്യക്തികൾ യഥാർഥ മൂല്യമുള്ള ഒന്നുംതന്നെ ജീവിതത്തിൽ നേടുന്നില്ല.

ശുചിത്വം, ആശയവിനിമയം, കഠിനാധ്വാനം, ദാരിദ്ര്യവുമായി പൊരുത്തപ്പെടൽ എന്നുവേണ്ട ജീവിതത്തിലെ അനേകം സംഗതികൾ സംബന്ധിച്ചുള്ള പ്രായോഗിക ബുദ്ധിയുപദേശങ്ങളുടെ ഒരു കലവറയാണ്‌ ബൈബിൾ. ജീവിതത്തിലെ വിജയവും പരാജയവും, ജ്ഞാനപൂർവം പ്രവർത്തിക്കാൻ സഹായകമായ ബൈബിൾ തത്ത്വങ്ങൾ തങ്ങൾ എത്രത്തോളം ബാധകമാക്കിയെന്നതിനെ ആശ്രയിച്ചാണ്‌ ഇരുന്നിട്ടുള്ളതെന്നു ലക്ഷക്കണക്കിനാളുകൾക്ക്‌ അവരുടെ ജീവിതാനുഭവത്തിൽനിന്നു പറയാനാകും.

വിശദമായി എഴുതിയുണ്ടാക്കിയ കുറെ മാർഗനിർദേശങ്ങളോ നിയമങ്ങളോ കേവലം പിൻപറ്റുന്നതിലുമധികം ചെയ്യാൻ സാമാന്യബോധം നമ്മെ പ്രാപ്‌തരാക്കുന്നു. ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ അതു നമ്മെ സഹായിക്കുന്നു. എന്നിരുന്നാലും, പരിജ്ഞാന സമ്പാദനത്തിനു പകരമായി കരുതാവുന്ന ഒന്നല്ല സാമാന്യബോധം. “ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപി”ക്കുന്നെന്ന്‌ സദൃശവാക്യങ്ങൾ 1:5 പറയുന്നു. ആർജിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്‌ത്‌ അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നിഗമനങ്ങളിൽ എത്താൻ നമ്മൾ പഠിക്കേണ്ടതുണ്ട്‌. ‘ജ്ഞാനത്തോടെ നടക്കാൻ’ ഇതു നമ്മെ സഹായിക്കും.​—⁠സദൃശവാക്യങ്ങൾ 28:26.

സാമാന്യബോധവും താഴ്‌മയും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. പല ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ നമുക്ക്‌ ആഗ്രഹമുണ്ടായിരിക്കാമെങ്കിലും, നാം നല്ല ന്യായബോധം ഉള്ളവർ ആയിരിക്കുകയും നമ്മുടെ പ്രാപ്‌തി കണക്കിലെടുത്തുകൊണ്ട്‌ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും വേണം. ‘കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവർ ആകുവിൻ’ എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ നമ്മോടു പറഞ്ഞിരിക്കുന്നു എന്നതു സത്യംതന്നെ. (1 കൊരിന്ത്യർ 15:58) എന്നാൽ സഭാപ്രസംഗി 9:​4-ലെ തത്ത്വത്തിനു ചേർച്ചയിൽ ഈ ഉദ്‌ബോധനത്തെ നാം സമനിലയോടെ കാണേണ്ടതുണ്ട്‌. “ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ്‌ നല്ലതല്ലോ” എന്ന്‌ ആ വാക്യം പറയുന്നു. യഹോവയെ സേവിക്കവേ, നമ്മുടെ ആരോഗ്യത്തിന്‌ ഉചിതമായ ശ്രദ്ധ നൽകുന്നത്‌ കൂടുതൽ കാലം ജീവിച്ചിരിക്കാനും കർമനിരതരായി തുടരാനും നമ്മെ സഹായിക്കും. സന്തോഷം നഷ്ടപ്പെടുത്താതെ അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കാൻ കഴിയുമാറ്‌ ന്യായമായ അളവിൽ സമനില പാലിക്കാൻ സാമാന്യബോധം നമ്മെ സഹായിക്കും. സാമാന്യബോധത്തിന്‌ അനേകം പ്രയോജനങ്ങൾ ഉണ്ടെന്നതിനു സംശയമില്ല.

[14-ാം പേജിലെ ചിത്രം]

ഈടുറ്റ ബുദ്ധിയുപദേശങ്ങളുടെ കലവറയാണ്‌ ബൈബിൾ

[15-ാം പേജിലെ ചിത്രം]

നിരീക്ഷണം, പരിശീലനം, അനുഭവം എന്നിവയിലൂടെ സാമാന്യബോധം ആർജിക്കുക സാധ്യമാണ്‌