വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗോള ഐക്യം ഇല്ലാത്തത്‌ എന്തുകൊണ്ട്‌?

ആഗോള ഐക്യം ഇല്ലാത്തത്‌ എന്തുകൊണ്ട്‌?

ആഗോള ഐക്യം ഇല്ലാത്തത്‌ എന്തുകൊണ്ട്‌?

“രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായി അന്താരാഷ്‌ട്ര സമൂഹം ഏകീകരിച്ചിരിക്കുന്നു. . . . അതിനാൽ, ഒരു പുതിയ ലോകക്രമം എന്ന ചിരകാല സ്വപ്‌നം സാക്ഷാത്‌കരിക്കാൻ ലോകത്തിന്‌ ഈ അവസരം ഉപയോഗപ്പെടുത്താം.”

ഐക്യനാടുകളുടെ ഒരു പ്രസിഡന്റ്‌ 20-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ പറഞ്ഞതാണിത്‌. ആ സമയത്ത്‌, ആഗോള ഐക്യം കയ്യെത്തുംദൂരത്ത്‌ എത്തിയിരിക്കുന്നുവെന്ന്‌ ലോകസംഭവങ്ങൾ സൂചിപ്പിക്കുന്നതുപോലെ തോന്നിയിരുന്നു. സ്വേച്ഛാധിപത്യങ്ങൾ ഒന്നൊന്നായി തകർന്നുവീണു. യൂറോപ്പിനെ ഒരു നവയുഗത്തിലേക്ക്‌ ആനയിച്ചുകൊണ്ട്‌ ബെർലിൻമതിൽ നിലംപൊത്തി. ആഗോള സംഘട്ടനങ്ങൾക്കു തിരികൊളുത്തുന്നതെന്നു പല പാശ്ചാത്യരും കണക്കാക്കിയ സോവിയറ്റ്‌ യൂണിയൻ അപ്രത്യക്ഷമാകുന്നത്‌ ലോകം അമ്പരപ്പോടെ നോക്കിക്കണ്ടു. ശീതസമരം അവസാനിച്ചു, ന്യൂക്ലിയർ നിരായുധീകരണം ഉൾപ്പെടെയുള്ള നിരായുധീകരണം സംബന്ധിച്ച ശുഭാപ്‌തിവിശ്വാസത്തോടുകൂടിയ പ്രസ്‌താവനകൾ കേട്ടുതുടങ്ങി. പേർഷ്യൻ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടെങ്കിൽത്തന്നെയും, അത്‌ ഒരു താത്‌കാലിക തടസ്സമായി മാത്രമേ കാണപ്പെട്ടുള്ളൂ. സമാധാനപൂർണമായ ഒരു നല്ല നാളേക്കുവേണ്ടി അശ്രാന്തപരിശ്രമം ചെയ്യാനുള്ള ദൃഢതീരുമാനം ശക്തിപ്പെടുത്താൻ അത്‌ ലോകത്തിലെ ഭൂരിപക്ഷത്തെയും പ്രേരിപ്പിച്ചു.

രാഷ്‌ട്രീയ തലത്തിൽ മാത്രമല്ല ജീവിതത്തിലെ മറ്റു മേഖലകളിലും ശുഭലക്ഷണങ്ങൾ കണ്ടുതുടങ്ങി. ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിതനിലവാരം മെച്ചപ്പെട്ടു. ഏതാനും ദശകങ്ങൾക്കു മുമ്പ്‌ ഒരു അത്ഭുതമായി കണക്കാക്കുമായിരുന്ന കാര്യങ്ങൾ ചെയ്യാൻ വൈദ്യശാസ്‌ത്ര രംഗത്തെ പുരോഗതി ഡോക്ടർമാരെ പ്രാപ്‌തരാക്കി. ആഗോള സമൃദ്ധിയിലേക്കു നയിക്കുമെന്നു തോന്നിപ്പോകുന്ന വേഗത്തിൽ പല രാജ്യങ്ങളും സാമ്പത്തിക വളർച്ച നേടി. കാര്യങ്ങളെല്ലാം ശരിയായ ദിശയിൽത്തന്നെ നീങ്ങുന്നതുപോലെ തോന്നി.

അത്തരം പ്രതീക്ഷകൾ വെച്ചുപുലർത്തിയിട്ടു വർഷങ്ങൾ ഏറെ ആയിട്ടില്ല. എന്നാൽ, ഇപ്പോൾ നാം പിൻവരുംവിധം ചോദിച്ചുപോകുന്നു: ‘എന്താണ്‌ സംഭവിച്ചത്‌? പ്രതീക്ഷിച്ചിരുന്ന ആഗോള ഐക്യം എവിടെ?’ ഇന്ന്‌, ലോകം എതിർദിശയിലാണു നീങ്ങുന്നത്‌. ചാവേർ ആക്രമണം, ഭീകരാക്രമണം, കൂട്ട നശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, അസ്വസ്ഥജനകമായ മറ്റു സംഭവവികാസങ്ങൾ എന്നിവയെല്ലാം വാർത്തകളിലെ പതിവ്‌ ഇനങ്ങൾ ആയിത്തീർന്നിരിക്കുന്നു. ഇത്തരം സംഭവങ്ങൾ ലോകത്തെ ആഗോള ഐക്യത്തിൽനിന്ന്‌ വിദൂരത്തിലേക്കു തള്ളിനീക്കുന്നതായാണു കാണുന്നത്‌. ഒരു പ്രമുഖ സാമ്പത്തിക വിദഗ്‌ധൻ അടുത്തകാലത്തു നടത്തിയ പ്രസ്‌താവന ശ്രദ്ധിക്കുക: “ഒന്നിനൊന്നു രൂക്ഷമാകുന്ന അക്രമപരമ്പരയുടെ പിടിയിൽ അമർന്നുകൊണ്ടിരിക്കുകയാണു നാം.”

ആഗോള ഐക്യമോ ശിഥിലീകരണമോ?

ഐക്യരാഷ്‌ട്രങ്ങൾ രൂപംകൊണ്ടപ്പോഴുള്ള പ്രഖ്യാപിത ഉദ്ദേശ്യങ്ങളിൽ ഒന്ന്‌, “ജനതകൾക്കുള്ള തുല്യാവകാശം, സ്വയം നിർണയാവകാശം എന്നിവയെ മാനിച്ചുകൊണ്ട്‌ രാഷ്‌ട്രങ്ങൾക്കിടയിൽ സൗഹാർദപരമായ ബന്ധങ്ങൾ വളർത്തിയെടുക്കുക” എന്നതായിരുന്നു. ഏതാണ്ട്‌ 60 വർഷം പിന്നിട്ടിരിക്കുന്ന ഇക്കാലത്ത്‌, മഹത്തായ ആ ഉദ്ദേശ്യം നടപ്പിലായോ? ഇല്ലേയില്ല! രാഷ്‌ട്രങ്ങൾക്ക്‌ ഏറെ താത്‌പര്യമുള്ളത്‌ “സൗഹാർദപരമായ ബന്ധങ്ങ”ളിലല്ല “സ്വയം കാര്യങ്ങൾ നിർണയിക്കുന്നതി”ലാണെന്നു തോന്നുന്നു. തങ്ങളുടെതന്നെ പേരും പരമാധികാരവും സ്ഥാപിച്ചെടുക്കാനായി പെടാപ്പാടു പെടുന്ന ജനതകളും വംശീയ കൂട്ടങ്ങളും ലോകത്തെ വലിയ അളവിൽ കീറിമുറിച്ചിരിക്കുന്നു. ഐക്യരാഷ്‌ട്രങ്ങളുടെ പ്രാരംഭദശയിൽ 51 അംഗരാഷ്‌ട്രങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ഇപ്പോൾ അത്‌ 191 ആയി.

നാം കണ്ടുകഴിഞ്ഞതുപോലെ, ആഗോള ഐക്യം സാധ്യമാകുമെന്ന പ്രതീക്ഷ 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്‌ ശക്തമായിരുന്നു. പിന്നീടിങ്ങോട്ട്‌, ലോകസമുദായം ഒന്നിനൊന്നു ശിഥിലമാകുന്ന കാഴ്‌ചയ്‌ക്ക്‌ മനുഷ്യവർഗം സാക്ഷ്യം വഹിച്ചിരിക്കുന്നു. അതോടെ ആ പ്രതീക്ഷ നിരാശയ്‌ക്കു വഴിമാറി. യൂഗോസ്ലോവിയയുടെ ശിഥിലീകരണം, ചെച്‌നിയയും റഷ്യയും തമ്മിലുള്ള സംഘർഷങ്ങൾ, ഇറാഖ്‌ യുദ്ധം, മധ്യപൂർവദേശത്ത്‌ വ്യാപകമായിരിക്കുന്ന നരഹത്യ എന്നിവയെല്ലാം അനൈക്യം മുമ്പെന്നത്തെക്കാളും വളർന്നിരിക്കുന്നതിന്റെ തെളിവുകളാണ്‌.

പല സമാധാന ശ്രമങ്ങളും ആത്മാർഥവും സദുദ്ദേശ്യപരവും ആയിരുന്നിട്ടുണ്ട്‌ എന്നതിനു സംശയമില്ല. എന്നിട്ടും ആഗോള ഐക്യം വഴുതിമാറുന്നതായാണു കാണുന്നത്‌. അതുകൊണ്ട്‌ അനേകർ ഇപ്രകാരം ചോദിച്ചുപോകുന്നു: ‘ആഗോള ഐക്യം കൈവരിക്കാൻ ഇത്ര പ്രയാസമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഈ ലോകത്തിന്റെ പോക്ക്‌ എങ്ങോട്ടാണ്‌?’

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

AP Photo/Lionel Cironneau

Arlo K. Abrahamson/AFP/ Getty Images