വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഇപ്പോഴത്തെ ജീവിതം’ ഞാൻ പരമാവധി ആസ്വദിക്കുന്നു!

‘ഇപ്പോഴത്തെ ജീവിതം’ ഞാൻ പരമാവധി ആസ്വദിക്കുന്നു!

ജീവിത കഥ

‘ഇപ്പോഴത്തെ ജീവിതം’ ഞാൻ പരമാവധി ആസ്വദിക്കുന്നു!

റ്റെഡ്‌ ബക്കിങ്ങാം പറഞ്ഞപ്രകാരം

വർഷം 1950. ഞാൻ മുഴുസമയ ശുശ്രൂഷ തുടങ്ങിയിട്ട്‌ ആറു വർഷമായിരുന്നു, വിവാഹിതനായിട്ട്‌ ആറു മാസവും. അപ്പോഴാണ്‌ പെട്ടെന്ന്‌ എനിക്കു പോളിയോ ബാധിച്ചത്‌. എനിക്കന്ന്‌ 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഒമ്പതു മാസം ആശുപത്രിയിൽ ചെലവഴിച്ചത്‌ ജീവിതത്തെക്കുറിച്ച്‌ ആഴമായി ചിന്തിക്കാൻ എനിക്ക്‌ ഇഷ്ടംപോലെ സമയം നൽകി. ആ രോഗം സമ്മാനിച്ച പുതിയ വൈകല്യങ്ങളും പേറിക്കൊണ്ട്‌ എന്റെയും ഭാര്യ ജോയ്‌സിന്റെയും മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കുമായിരുന്നു?

എന്റെ പിതാവ്‌ മതത്തിൽ യാതൊരു താത്‌പര്യവുമുള്ള ആളായിരുന്നില്ല. എങ്കിലും 1938-ൽ ഗവൺമെന്റ്‌ (ഇംഗ്ലീഷ്‌) * എന്ന പുസ്‌തകത്തിന്റെ ഒരു പ്രതി അദ്ദേഹം കരസ്ഥമാക്കി. രാഷ്‌ട്രീയ പ്രക്ഷുബ്ധാവസ്ഥയും യുദ്ധത്തിനുള്ള സാധ്യതയുമായിരിക്കാം ഒരുപക്ഷേ അതു വാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. എന്റെ അറിവിൽ, അദ്ദേഹം ഒരിക്കലും അത്‌ വായിച്ചില്ല. എങ്കിലും വലിയ മതഭക്തയായിരുന്ന എന്റെ അമ്മ അതു വായിക്കുമായിരുന്നു. മാത്രമല്ല അതിലെ സന്ദേശത്തോടു വളരെ പെട്ടെന്നുതന്നെ പ്രതികരിക്കുകയും ചെയ്‌തു. ചർച്ച ഓഫ്‌ ഇംഗ്ലണ്ടിലെ അംഗത്വം ഉപേക്ഷിച്ച അമ്മ പിതാവിൽനിന്നുള്ള എതിർപ്പ്‌ ഉണ്ടായിരുന്നിട്ടും യഹോവയുടെ ഒരു വിശ്വസ്‌ത സാക്ഷിയായിത്തീർന്നു. 1990-ൽ മരിക്കുന്നതുവരെയും അമ്മ ആ നിലയിൽ തുടർന്നു.

ലണ്ടനു തെക്കുള്ള എപ്‌സമിലെ ഒരു രാജ്യഹാളിൽ നടക്കുന്ന ക്രിസ്‌തീയ യോഗത്തിന്‌ അമ്മ എന്നെ കൂട്ടിക്കൊണ്ടുപോയി. അത്തരം ഒരു യോഗത്തിൽ ഞാൻ സംബന്ധിക്കുന്നത്‌ ആദ്യമായിട്ടായിരുന്നു. മുമ്പൊരു കട നടത്തിയിരുന്ന മുറിയിലാണ്‌ സഭ കൂടിവന്നത്‌. അക്കാലത്ത്‌ യഹോവയുടെ സാക്ഷികളുടെ വേലയ്‌ക്കു മേൽനോട്ടം വഹിച്ചിരുന്ന ജെ. എഫ്‌. റഥർഫോർഡ്‌ നടത്തിയ ഒരു പ്രസംഗത്തിന്റെ റെക്കോർഡിങ്‌ ഞങ്ങൾ ശ്രദ്ധിച്ചു. അത്‌ എന്നിൽ ആഴമായ മതിപ്പുളവാക്കി.

ലണ്ടന്റെമേൽ നടന്ന രൂക്ഷമായ വ്യോമാക്രമണം അവിടത്തെ ജീവിതം ഒന്നിനൊന്ന്‌ അപകടകരമാക്കിത്തീർത്തു. അതുകൊണ്ട്‌ 1940-ൽ പിതാവ്‌ കുടുംബസമേതം ഏറെ സുരക്ഷിതമായ ഒരിടത്തേക്കു താമസംമാറാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ ലണ്ടന്‌ 45 കിലോമീറ്റർ പടിഞ്ഞാറു മാറിയുള്ള ഒരു ചെറിയ പട്ടണമായ മെയ്‌ഡൻഹെഡിൽ താമസമാക്കി. അത്‌ ഏതായാലും ഞങ്ങൾക്കു വലിയ ഉപകാരമായി. കാരണം, അവിടത്തെ സഭയിലെ 30 അംഗങ്ങൾ ഞങ്ങൾക്കു പ്രോത്സാഹനത്തിന്റെ ഒരു വലിയ ഉറവായിരുന്നു. 1917-ൽ സ്‌നാപനമേറ്റ ഫ്രെഡ്‌ സ്‌മിത്ത്‌ ആയിരുന്നു അവരിൽ ഒരാൾ. ആത്മീയമായി കരുത്തനായ ആ ക്രിസ്‌ത്യാനി എന്നിൽ വ്യക്തിപരമായി താത്‌പര്യമെടുക്കുകയും ഏറെ ഫലപ്രദനായ ഒരു പ്രസംഗകൻ ആയിത്തീരാൻ എന്നെ പരിശീലിപ്പിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ മാതൃകയ്‌ക്കും സ്‌നേഹപൂർവകമായ സഹായത്തിനും ഞാൻ അദ്ദേഹത്തോട്‌ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.

മുഴുസമയ സേവനത്തിൽ പ്രവേശിക്കുന്നു

1941-ൽ ഞാൻ സ്‌നാപനമേറ്റു. മാർച്ചു മാസത്തിലെ തണുപ്പുള്ള ഒരു ദിവസം തെംസ്‌ നദിയിലായിരുന്നു അത്‌. അന്നെനിക്ക്‌ 15 വയസ്സായിരുന്നു. എന്റെ ജ്യേഷ്‌ഠൻ ജിം അപ്പോഴേക്കും മുഴുസമയ സുവിശേഷകനായി പേർ ചാർത്തിയിരുന്നു. ജിമ്മും ഭാര്യ മാജും ഇപ്പോൾ ബർമിങ്‌ഹാമിലാണു താമസിക്കുന്നത്‌. അവർ തങ്ങളുടെ ആയുസ്സിന്റെ ഏതാണ്ട്‌ മുഴുവനുംതന്നെ, ബ്രിട്ടനിൽ ഉടനീളം സർക്കിട്ട്‌, ഡിസ്‌ട്രിക്‌റ്റ്‌ നിയമനങ്ങളിൽ ചെലവഴിച്ചു. അതുപോലെതന്നെ എന്റെ ഇളയ പെങ്ങൾ റോബീനയും ഭർത്താവ്‌ ഫ്രാങ്കും യഹോവയോടുള്ള വിശ്വസ്‌ത സേവനത്തിൽ തുടരുന്നു.

ഒരു വസ്‌ത്രനിർമാതാവിന്റെ അക്കൗണ്ടന്റായി ഞാൻ ജോലിചെയ്യുകയായിരുന്നു. ഒരു ദിവസം മാനേജിങ്‌ ഡയറക്ടർ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്കു വിളിപ്പിച്ചു. കമ്പനിക്ക്‌ ആവശ്യമായ സാധനങ്ങൾ വാങ്ങുന്നയാൾ എന്ന നിലയിലുള്ള ഒരു നല്ല ജോലി വാഗ്‌ദാനം ചെയ്യാനായിരുന്നു അത്‌. എന്നാൽ, ജ്യേഷ്‌ഠന്റെ മാതൃക പിൻപറ്റുന്നതിനെക്കുറിച്ച്‌ കുറെനാളായി ചിന്തിച്ചുവരികയായിരുന്ന ഞാൻ തൊഴിലുടമയുടെ വാഗ്‌ദാനം വിനയപൂർവം നിരസിച്ചു. അതിന്റെ കാരണവും വിശദീകരിച്ചു. അതിശയകരമെന്നു പറയട്ടെ, അത്തരമൊരു മൂല്യവത്തായ ക്രിസ്‌തീയ പ്രവർത്തനഗതി പിന്തുടരാനുള്ള എന്റെ ആഗ്രഹത്തെ അദ്ദേഹം ഹാർദമായി അഭിനന്ദിക്കുകയാണു ചെയ്‌തത്‌. അങ്ങനെ 1944-ൽ നോർതാംപ്‌ടണിൽ നടന്ന ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനെ തുടർന്ന്‌ ഞാൻ ഒരു മുഴുസമയ സുവിശേഷകനായിത്തീർന്നു.

ഡെവൺ പ്രവിശ്യയിലെ എക്‌സെറ്റെറിലേക്കായിരുന്നു എന്റെ ആദ്യ നിയമനം. ആ നഗരം അപ്പോൾ യുദ്ധകാല ബോംബാക്രമണങ്ങളിൽനിന്നു സാവധാനം മോചനം പ്രാപിച്ചുവരുകയായിരുന്നു. പയനിയർമാരായ ഫ്രാങ്ക്‌ മിഡ്‌ൽടണും ഭാര്യ രൂത്തും താമസിക്കുന്ന ഒരു അപ്പാർട്ട്‌മെന്റിൽ ഞാനും താമസമാക്കി. അവർ എന്നോടു വളരെ ദയാപുരസ്സരമാണ്‌ ഇടപെട്ടത്‌. അന്ന്‌ 18 വയസ്സുമാത്രം ഉണ്ടായിരുന്ന എനിക്ക്‌ വസ്‌ത്രമലക്കാനോ പാചകം ചെയ്യാനോ ഒന്നും കാര്യമായി അറിയില്ലായിരുന്നു. എന്നാൽ ക്രമേണ ഞാൻ അതെല്ലാം പഠിച്ചെടുത്തു.

50 വയസ്സുള്ള വിക്ടർ ഗർഡ്‌ ആയിരുന്നു പ്രസംഗവേലയിലെ എന്റെ പങ്കാളി. അയർലൻഡുകാരനായ അദ്ദേഹം 1920-കൾമുതൽ സാക്ഷീകരണത്തിൽ ഏർപ്പെട്ടുവരികയായിരുന്നു. സമയം ഫലകരമായി പട്ടികപ്പെടുത്താനും ബൈബിൾ വായനയിൽ ആഴമായ താത്‌പര്യം നട്ടുവളർത്താനും വ്യത്യസ്‌ത ബൈബിൾ പരിഭാഷകളുടെ മൂല്യം തിരിച്ചറിയാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. ആ സ്വഭാവരൂപവത്‌കരണ വർഷങ്ങളിൽ വിക്ടറിന്റെ അചഞ്ചലമായ ദൃഷ്ടാന്തം എനിക്ക്‌ അങ്ങേയറ്റം ഉപകരിച്ചു.

നിഷ്‌പക്ഷത പാലിക്കുന്നതിന്റെ വെല്ലുവിളി

യുദ്ധം അവസാനിക്കാറായിരുന്നു. എങ്കിലും അധികൃതർ യുവാക്കന്മാരെ നിർബന്ധിച്ചു സൈന്യത്തിൽ ചേർത്തുകൊണ്ടിരുന്നു. 1943-ൽ ഞാൻ മെയ്‌ഡൻഹെഡിലെ ഒരു കോടതി മുമ്പാകെ ഹാജരായി സുവിശേഷ പ്രസംഗകൻ എന്ന നിലയിൽ സൈനിക സേവനത്തിൽനിന്നു വിട്ടുനിൽക്കാനുള്ള എന്റെ അവകാശം വ്യക്തമാക്കിയിരുന്നു. കോടതി എന്റെ അപേക്ഷ തള്ളിയെങ്കിലും എക്‌സെറ്റെറിലേക്കു പോയി എന്റെ നിയമനം ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ, എക്‌സെറ്റെറിൽ ആയിരിക്കുമ്പോഴാണ്‌ പ്രാദേശിക കോടതിയിൽ ഹാജരാകാനുള്ള ഉത്തരവ്‌ എനിക്കു ലഭിക്കുന്നത്‌. ആറുമാസത്തെ കഠിനതടവിനു വിധിക്കുമ്പോൾ മജിസ്‌ട്രേറ്റ്‌ എന്നോടു പറഞ്ഞത്‌, അതിലും കൂടിയ കാലത്തേക്ക്‌ ശിക്ഷ വിധിക്കാൻ കഴിയാത്തതിൽ തനിക്കു ഖേദമുണ്ടെന്നാണ്‌. ആറു മാസം കഴിഞ്ഞപ്പോൾ അടുത്ത നാലു മാസം കൂടി ജയിലിൽ കഴിയാനായിരുന്നു ഉത്തരവ്‌.

ജയിലിൽ സാക്ഷിയായി ഉണ്ടായിരുന്നതു ഞാൻ മാത്രമാണ്‌. അതുകൊണ്ട്‌ വാർഡന്മാർ എന്നെ വിളിച്ചിരുന്നത്‌ യഹോവ എന്നാണ്‌. ഹാജർ വിളിക്കുന്ന സമയത്ത്‌ എന്നെ അങ്ങനെ വിളിക്കുമ്പോൾ വിളികേൾക്കാൻ വിഷമം തോന്നിയെങ്കിലും ഓരോ ദിവസവും ദൈവത്തിന്റെ നാമം ഉച്ചരിച്ചു കേൾക്കുന്നത്‌ എത്ര വലിയ പദവിയായിരുന്നു! യഹോവയുടെ സാക്ഷികളിൽ ഒരാൾ എന്ന നിലയിലുള്ള എന്റെ മനസ്സാക്ഷിപൂർവകമായ നിലപാടു നിമിത്തമാണു ഞാൻ ജയിലിലായിരിക്കുന്നത്‌ എന്നു മനസ്സിലാക്കാൻ ഇത്‌ മറ്റു തടവുകാരെ സഹായിച്ചു. പിന്നീട്‌, നോർമൻ കാസ്‌ട്രോയെ അതേ ജയിലിലേക്ക്‌ കൊണ്ടുവന്നു. അതോടെ എന്റെ പേരു മാറി. ഞങ്ങളെ മോശെയും അഹരോനും എന്നു വിളിക്കാൻ തുടങ്ങി.

എന്നെ എക്‌സെറ്റെറിൽനിന്നു ബ്രിസ്റ്റലിലേക്കും ഒടുവിൽ വിൻചെസ്റ്റർ ജയിലിലേക്കും മാറ്റി. സാഹചര്യങ്ങൾ എല്ലായ്‌പോഴും സുഖകരമായിരുന്നില്ല. എന്നാൽ നർമബോധം ഉണ്ടായിരിക്കാൻ അവ എന്നെ സഹായിച്ചു. വിൻചെസ്റ്ററിൽവെച്ച്‌ എനിക്കും നോർമനും ഒരുമിച്ചു സ്‌മാരകം ആചരിക്കാൻ കഴിഞ്ഞത്‌ സന്തോഷകരമായ ഒരു അനുഭവമായി. ജയിലിൽ ഞങ്ങളെ കാണാൻ വന്ന ഫ്രാൻസിസ്‌ കുക്ക്‌ ഞങ്ങൾക്കു വേണ്ടി ഒരു ഉഗ്രൻ പ്രസംഗം നടത്തി.

യുദ്ധാനന്തര വർഷങ്ങളിലെ മാറ്റങ്ങൾ

1946-ൽ ബ്രിസ്റ്റലിൽ നടന്ന കൺവെൻഷനിൽ സംബന്ധിക്കവേ​—⁠അവിടെവെച്ച്‌ “ദൈവം സത്യവാൻ” എന്ന ബൈബിൾ പഠന സഹായി പ്രകാശനം ചെയ്യപ്പെട്ടു⁠—⁠ഞാൻ ജോയ്‌സ്‌ മോർ എന്ന സുന്ദരിയായ ഒരു യുവതിയെ കണ്ടുമുട്ടി. ജോയ്‌സും ഡെവണിൽ പയനിയറായി സേവിക്കുകയായിരുന്നു. ഞങ്ങളുടെ സൗഹൃദം പൂത്തുലഞ്ഞു. നാലു വർഷത്തിനുശേഷം ടിവർടണിൽവെച്ച്‌​—⁠1947 മുതൽ ഞാൻ അവിടെയായിരുന്നു​—⁠ഞങ്ങൾ വിവാഹിതരായി. ഞങ്ങൾ ഒരു മുറി വാടകയ്‌ക്കെടുത്തു താമസിച്ചു. ഒരു ആഴ്‌ചത്തേക്ക്‌ 15 ഷില്ലിങ്‌ (60 രൂപ) ആയിരുന്നു അതിന്റെ വാടക. തികച്ചും സന്തോഷകരമായ ഒരു ജീവിതമായിരുന്നു അത്‌.

വിവാഹം കഴിഞ്ഞുള്ള ആദ്യ വർഷത്തിൽ തെക്കുള്ള ബ്രിക്‌സ്‌ഹമിലേക്ക്‌ ഞങ്ങൾക്കു താമസം മാറ്റേണ്ടി വന്നു. സുന്ദരമായ ഒരു തുറമുഖ പട്ടണമായിരുന്നു അത്‌. ട്രോളിങ്‌ എന്നു വിളിക്കപ്പെടുന്ന മത്സ്യബന്ധനരീതി ആദ്യം വികസിപ്പിച്ചെടുത്തത്‌ അവിടെയായിരുന്നു. അവിടെയെത്തി അധികനാൾ ആകുന്നതിനു മുമ്പേ എനിക്കു പോളിയോ ബാധിച്ചു. ലണ്ടനിലെ ഒരു കൺവെൻഷനിൽ സംബന്ധിക്കാനായി പോകുമ്പോഴായിരുന്നു അത്‌. ഞാൻ അബോധാവസ്ഥയിലായി. ഒടുവിൽ, തുടക്കത്തിൽ വിവരിച്ചതുപോലെ, ഒമ്പതു മാസത്തിനുശേഷം എന്നെ ആശുപത്രിയിൽനിന്നു ഡിസ്‌ചാർജ്‌ ചെയ്‌തു. വലതു കൈയുടെയും രണ്ടു കാലുകളുടെയും സ്വാധീനം ഏറെ നഷ്ടപ്പെട്ടു, ഇപ്പോഴും അവ അങ്ങനെതന്നെയാണ്‌. വടിയൂന്നാതെ നടക്കാൻ മേലാ എന്ന അവസ്ഥ വന്നു. എന്റെ പ്രിയ ഭാര്യ എന്നെ സംബന്ധിച്ചിടത്തോളം ഒരു സന്തത സഹചാരിയും സന്തോഷം നിറഞ്ഞ സാന്നിധ്യവും പ്രോത്സാഹനത്തിന്റെ ഒരു ഉറവുമായിരുന്നു, പ്രത്യേകിച്ചും മുഴുസമയ ശുശ്രൂഷ തുടരാൻ അവൾക്കു കഴിഞ്ഞതിനാൽ. എന്നാൽ, ഇനിയിപ്പോൾ ഞങ്ങൾ എന്തു ചെയ്യും? യഹോവയുടെ കൈ കുറുകിയിട്ടില്ല എന്ന്‌ ഞാൻ ഉടൻതന്നെ പഠിക്കാൻ പോകുകയായിരുന്നു.

പിറ്റേവർഷം ഞങ്ങൾ ലണ്ടനിലെ വിമ്പിൾഡണിൽ നടന്ന ഒരു സമ്മേളനത്തിൽ സംബന്ധിച്ചു. അപ്പോഴേക്കും വടിയുടെ സഹായമില്ലാതെ എനിക്കു നടക്കാറായിരുന്നു. ബ്രിട്ടനിലെ വേലയുടെ മേൽനോട്ടം വഹിക്കുന്ന പ്രൈസ്‌ ഹ്യൂസിനെ അവിടെവെച്ചു ഞങ്ങൾ കണ്ടുമുട്ടി. എന്നെ കണ്ടതേ അദ്ദേഹം പറഞ്ഞു: “താങ്കളെ ഞങ്ങൾക്കു സർക്കിട്ട്‌ വേലയിൽ ആവശ്യമുണ്ട്‌!” ഇതിൽപ്പരം ഒരു പ്രോത്സാഹനം എനിക്കു കിട്ടാനില്ലായിരുന്നു. എന്നാൽ എനിക്ക്‌ അതിനു കഴിയുമോ? എന്റെയും ജോയ്‌സിന്റെയും സംശയം അതായിരുന്നു. എന്നാൽ ഒരാഴ്‌ചത്തെ പരിശീലനവും യഹോവയിലുള്ള സമ്പൂർണമായ ആശ്രയവും ഞങ്ങൾക്ക്‌ അതിനുള്ള ധൈര്യം പകർന്നുതന്നു. ഞങ്ങൾ ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തേക്കു യാത്രതിരിച്ചു. അവിടെയായിരുന്നു സർക്കിട്ട്‌ മേൽവിചാരകനായുള്ള എന്റെ നിയമനം. എനിക്കന്ന്‌ 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവിടത്തെ സാക്ഷികൾ എന്നോടു കാണിച്ച ദയയും ക്ഷമയും ഞാൻ ഇന്നും അങ്ങേയറ്റം വിലമതിപ്പോടെ ഓർമിക്കുന്നു. അവർ എനിക്കു വലിയൊരു സഹായമായിരുന്നു.

ദിവ്യാധിപത്യ പ്രവർത്തനത്തിന്റെ വ്യത്യസ്‌ത മേഖലകളിൽ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും സഭകൾ സന്ദർശിക്കുന്നതാണു ക്രിസ്‌തീയ സഹോദരങ്ങളോടു ഞങ്ങളെ ഏറ്റവും അധികം അടുപ്പിച്ചതെന്നു ഞങ്ങൾ കണ്ടെത്തി. ഞങ്ങൾക്കു കാറില്ലായിരുന്നു. അതുകൊണ്ട്‌ ട്രെയിനിലോ ബസ്സിലോ ആണു ഞങ്ങൾ സഞ്ചരിച്ചിരുന്നത്‌. രോഗം എനിക്കു സമ്മാനിച്ച പ്രതിബന്ധങ്ങളുമായി ഞാൻ പൊരുത്തപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളുവെങ്കിലും 1957 വരെ ഞങ്ങൾ ആ പദവി ആസ്വദിച്ചു. അത്‌ സംതൃപ്‌തിദായകമായ ഒരു ജീവിതമായിരുന്നു, എന്നാൽ ആ വർഷം കൂടുതലായ ഒരു വെല്ലുവിളി ഉയർന്നുവന്നു.

മിഷനറി സേവനത്തിലേക്ക്‌

ഗിലെയാദിന്റെ 30-ാമത്തെ ക്ലാസ്സിൽ സംബന്ധിക്കാനുള്ള ക്ഷണം ഞങ്ങളെ പുളകംകൊള്ളിച്ചു. ശാരീരിക പരിമിതികളുമായി ഞാൻ നന്നായി പൊരുത്തപ്പെട്ടുവരികയായിരുന്നു. അതുകൊണ്ട്‌ ഞാനും ജോയ്‌സും ആ ക്ഷണം സന്തോഷപൂർവം സ്വീകരിച്ചു. യഹോവയുടെ ഹിതം ചെയ്യാൻ ശ്രമിക്കുന്നപക്ഷം അതിനുള്ള ശക്തി എല്ലായ്‌പോഴും അവൻ പ്രദാനം ചെയ്യുമെന്ന്‌ അനുഭവം ഞങ്ങളെ പഠിപ്പിച്ചിരുന്നു. യു.എ⁠സ്‌.എ.-യിലെ ന്യൂയോർക്കിലുള്ള മനോഹരമായ സൗത്ത്‌ ലാൻസിങ്ങിൽ സ്ഥിതിചെയ്‌തിരുന്ന വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽ വെച്ചായിരുന്നു ഞങ്ങളുടെ പരിശീലനം. അഞ്ചു മാസത്തെ ആ തീവ്രമായ പരിശീലന പരിപാടി പെട്ടെന്നാണു കഴിഞ്ഞുപോയത്‌. സഞ്ചാരവേലയിൽ ഏർപ്പെട്ടിരുന്ന ദമ്പതികളായിരുന്നു വിദ്യാർഥികളിൽ ഏറെയും. വിദേശ മിഷനറി വയലിൽ സേവിക്കാനായി സ്വമേധയാ മുന്നോട്ടുവരാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്നു ക്ലാസ്സിലുള്ളവരോടു ചോദിച്ചപ്പോൾ അതിനു തത്‌ക്ഷണം തയ്യാറായവരുടെ കൂട്ടത്തിൽ ഞങ്ങളുമുണ്ടായിരുന്നു. എവിടെയായിരുന്നു ഞങ്ങളുടെ നിയമനം? പൂർവാഫ്രിക്കയിലെ ഉഗാണ്ടയിൽ!

ഉഗാണ്ടയിൽ ആ സമയത്ത്‌ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചിരുന്നതിനാൽ, അവിടെ താമസിച്ചുകൊണ്ട്‌ ലൗകിക ജോലി കണ്ടെത്താൻ എനിക്കു നിർദേശം ലഭിച്ചു. ട്രെയിൻ മാർഗവും കടൽമാർഗവും ദീർഘദൂരം സഞ്ചരിച്ച്‌ ഒടുവിൽ ഞങ്ങൾ ഉഗാണ്ടയിലെ കാംപാലയിൽ എത്തിച്ചേർന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഞങ്ങളെ കണ്ടതിൽ സന്തോഷമുള്ളവരായിരുന്നില്ല. അവിടെ ഏതാനും മാസം മാത്രം താമസിക്കാനുള്ള അനുമതിയേ അവർ ഞങ്ങൾക്കു നൽകിയുള്ളൂ. ആ കാലാവധി കഴിഞ്ഞപ്പോൾ ഞങ്ങളോട്‌ അവിടെനിന്നു പോകാൻ ആജ്ഞാപിച്ചു. ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്നുള്ള നിർദേശമനുസരിച്ച്‌ ഞങ്ങൾ ഉത്തര റൊഡേഷ്യയിലേക്കു (ഇപ്പോഴത്തെ സാംബിയ) യാത്രയായി. അവിടെവെച്ച്‌ ഗിലെയാദിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന നാലു പേരെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ ഞങ്ങൾക്കു വളരെ സന്തോഷം തോന്നി. ഫ്രാങ്ക്‌ ലൂയിസും ഭാര്യ കാരിയും, ഹെയ്‌സ്‌ ഹോസ്‌കിൻസും ഭാര്യ ഹാരിയറ്റും ആയിരുന്നു അവർ. അവിടെ ചെന്ന്‌ അധികം താമസിയാതെ ഞങ്ങൾക്ക്‌ ദക്ഷിണ റൊഡേഷ്യയിലേക്കു (ഇപ്പോഴത്തെ സിംബാബ്‌വേ) മാറ്റം കിട്ടി.

ട്രെയിനിലാണു ഞങ്ങൾ അങ്ങോട്ടു പോയത്‌. ബുളവേയോയിൽ എത്തിച്ചേരുന്നതിനു മുമ്പ്‌ ഗംഭീരമായ വിക്ടോറിയ വെള്ളച്ചാട്ടം ആദ്യമായി കാണാൻ ഞങ്ങൾക്കു കഴിഞ്ഞു. കുറച്ചുകാലം ഞങ്ങൾ മക്ലക്കി കുടുംബത്തോടൊപ്പമാണു കഴിഞ്ഞത്‌. അവിടെ താമസമാക്കിയ ആദ്യ സാക്ഷികളിൽ അവരും പെടും. അടുത്ത 16 വർഷം അവരെ അടുത്തറിയാനുള്ള പദവി ഞങ്ങൾക്കു ലഭിച്ചു.

മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നു

ആഫ്രിക്കൻ വയലുമായി പരിചിതമാകാനുള്ള രണ്ടാഴ്‌ചത്തെ പരിശീലനത്തിനു ശേഷം ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായി എനിക്കു നിയമനം ലഭിച്ചു. ആഫ്രിക്കയിലെ കാട്ടുപ്രദേശങ്ങളിൽ സാക്ഷീകരിക്കാൻ പോകുമ്പോൾ ആഹാരം, വെള്ളം, കിടക്ക, വസ്‌ത്രങ്ങൾ, ഫിലിം പ്രൊജക്ടർ, ഇലക്‌ട്രിക്‌ ജനറേറ്റർ, വലിയ സ്‌ക്രീൻ, മറ്റു സാധനങ്ങൾ എന്നിവയെല്ലാം ഒപ്പം കരുതണമായിരുന്നു. കുണ്ടുംകുഴിയും നിറഞ്ഞ ഭൂപ്രദേശത്തുകൂടെ ഞങ്ങളെയും വഹിച്ചുകൊണ്ടു പോകാൻ പറ്റിയ ഒരു ട്രക്കിൽ ഇതെല്ലാം കയറ്റിയായിരുന്നു യാത്ര.

ഞാൻ ആഫ്രിക്കയിലെ സർക്കിട്ട്‌ മേൽവിചാരകന്മാരോടൊപ്പം പ്രവർത്തിച്ചപ്പോൾ ജോയ്‌സ്‌ അവരുടെ ഭാര്യമാരെയും ഞങ്ങളോടൊപ്പം വന്ന കുട്ടികളെയും സഹായിക്കുന്നതിൽ സന്തോഷമുള്ളവളായിരുന്നു. മരങ്ങളോ കുറ്റിച്ചെടികളോ അങ്ങിങ്ങായി മാത്രം വളരുന്ന ആഫ്രിക്കയിലെ പുൽപ്രദേശങ്ങളിലൂടെയുള്ള നടപ്പ്‌ ശരിക്കും ക്ഷീണിപ്പിക്കുന്നതാണ്‌, വെയിലത്താണെങ്കിൽ പ്രത്യേകിച്ചും. എങ്കിലും ഈ കാലാവസ്ഥയിൽ എന്റെ ശാരീരിക പരിമിതികളുമായി പൊരുത്തപ്പെടാൻ കൂടുതൽ എളുപ്പമാണെന്ന്‌ പെട്ടെന്നുതന്നെ ഞാൻ കണ്ടെത്തി. അതിനു ഞാൻ നന്ദിയുള്ളവനായിരുന്നു.

പൊതുവേ ആളുകൾ നിർധനരായിരുന്നു. അവരിൽ അനേകരും പാരമ്പര്യത്തിലും അന്ധവിശ്വാസങ്ങളിലും ആമഗ്നരും ബഹുഭാര്യത്വം ആചരിച്ചുപോന്നവരും ആയിരുന്നെങ്കിലും അവർക്കു ബൈബിളിനോട്‌ ആഴമായ ആദരവുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ, സഭായോഗങ്ങൾ നടത്തിയിരുന്നത്‌ വലിയ തണൽമരങ്ങളുടെ ചുവട്ടിൽ വെച്ചായിരുന്നു. രാത്രിയിൽ വെളിച്ചത്തിനായി വിളക്കുകൾ തൂക്കിയിടുമായിരുന്നു. യഹോവയുടെ ഗംഭീരസൃഷ്ടികളിൽ ഒന്നായ താരനിബിഡമായ ആകാശത്തിനു കീഴിൽ ഇരുന്ന്‌ ദൈവവചനം പഠിക്കുമ്പോഴൊക്കെ ഭയാദരവിന്റേതായ ഒരു വികാരം ഞങ്ങളുടെ ഉള്ളിൽ വന്നു നിറയുമായിരുന്നു.

ആഫ്രിക്കൻ റിസർവുകളിൽ വാച്ച്‌ ടവർ സൊസൈറ്റിയുടെ ഫിലിമുകൾ പ്രദർശിപ്പിക്കുന്നതായിരുന്നു മറ്റൊരു അവിസ്‌മരണീയ അനുഭവം. ഒരു സഭയിൽ ഒരുപക്ഷേ 30 സാക്ഷികളേ ഉണ്ടായിരിക്കുകയുള്ളുവെങ്കിലും, അത്തരം സന്ദർഭങ്ങളിൽ പലപ്പോഴും 1,000-മോ അതിലേറെയോ ആളുകളെ പ്രതീക്ഷിക്കാൻ കഴിയുമെന്ന്‌ ഞങ്ങൾക്ക്‌ അറിയാമായിരുന്നു.

ഉഷ്‌ണമേഖലാ പ്രദേശങ്ങളിൽ ഇടയ്‌ക്കൊക്കെ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്‌. എന്നാൽ എല്ലാ സമയത്തും ഒരു ക്രിയാത്മക വീക്ഷണം നിലനിറുത്തേണ്ടത്‌ അനിവാര്യമാണ്‌. ഞാനും ജോയ്‌സും ഈ സാഹചര്യത്തെ ഒരുവിധം നന്നായി കൈകാര്യം ചെയ്യാൻ പഠിച്ചു. എനിക്ക്‌ ഇടയ്‌ക്കൊക്കെ മലമ്പനി ഉണ്ടാകാറുണ്ടായിരുന്നു. ജോയ്‌സിനാണെങ്കിൽ അമീബയുടെ ഉപദ്രവവും.

പിന്നീട്‌ ഞങ്ങൾക്ക്‌ സോൾസ്‌ബെറിയിലെ (ഇപ്പോഴത്തെ ഹരാരേ) ബ്രാഞ്ച്‌ ഓഫീസിൽ നിയമനം ലഭിച്ചു. അവിടെ ഞങ്ങൾക്ക്‌ യഹോവയുടെ മറ്റു വിശ്വസ്‌ത ദാസരോടൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിക്കാനുള്ള പദവി ആസ്വദിക്കാനായി. ലെസ്റ്റർ ഡേവി, ജോർജ്‌ ബ്രാഡ്‌ലി ഭാര്യ റൂബി എന്നിവർ ആയിരുന്നു അവരിൽ ചിലർ. ഗവൺമെന്റ്‌ എന്നെ വിവാഹ രജിസ്‌ട്രാർ ആയി നിയമിച്ചു. അങ്ങനെ ആഫ്രിക്കൻ സഹോദരങ്ങളുടെ വിവാഹം നടത്തിക്കൊടുക്കാനും അതുവഴി സഭകളിലെ ക്രിസ്‌തീയ ദാമ്പത്യബന്ധം ദൃഢമാക്കാനും എനിക്കു കഴിഞ്ഞു. ഏതാനും വർഷം കഴിഞ്ഞപ്പോൾ മറ്റൊരു പദവി എന്നെ തേടിയെത്തി. രാജ്യത്തെ, മുഖ്യമായും ഇംഗ്ലീഷ്‌ സംസാരിക്കുന്ന സഭകളെല്ലാം സന്ദർശിക്കുക എന്നതായിരുന്നു അത്‌. സഹോദരങ്ങളെ ഈ വിധത്തിൽ അടുത്തറിയുന്നത്‌ ഞാനും ജോയ്‌സും ഒരു ദശകത്തിലേറെ ആസ്വദിച്ചു. അവരുടെ ആത്മീയ പുരോഗതിയിൽ ഞങ്ങൾ ആഹ്ലാദിച്ചു. ആ കാലയളവിൽ ബോട്‌സ്വാനയിലും മൊസാമ്പിക്കിലും ഉള്ള സഹോദരങ്ങളെയും ഞങ്ങൾ സന്ദർശിക്കുകയുണ്ടായി.

വീണ്ടും മറ്റൊരിടത്തേക്ക

തെക്കൻ ആഫ്രിക്കയിൽ ആഹ്ലാദകരമായ നിരവധി വർഷങ്ങൾ ചെലവഴിച്ചശേഷം 1975-ൽ ഞങ്ങൾക്ക്‌ പശ്ചിമാഫ്രിക്കയിലെ സിയെറാ ലിയോണിലേക്കു നിയമനം ലഭിച്ചു. അവിടത്തെ ബ്രാഞ്ച്‌ ഓഫീസിലെ പുതിയ പ്രവർത്തന മേഖല ഞങ്ങൾ ആസ്വദിച്ചു തുടങ്ങി. എന്നാൽ അധികനാൾ അവിടെ തുടരാനായില്ല. മലമ്പനി കലശലായിത്തീർന്നതു നിമിത്തം ഞാൻ ക്ഷീണിതനും അവശനും ആയി. ഒടുവിൽ ചികിത്സയ്‌ക്കായി എനിക്കു ലണ്ടനിൽ പോകേണ്ടി വന്നു. അവിടെ ചെന്നപ്പോൾ ആഫ്രിക്കയിലേക്കു മടങ്ങേണ്ട എന്നായി നിർദേശം. ഇതു ഞങ്ങളെ ദുഃഖിതരാക്കിയെങ്കിലും ലണ്ടൻ ബെഥേൽ കുടുംബത്തിലേക്ക്‌ എനിക്കും ജോയ്‌സിനും ഊഷ്‌മള സ്വാഗതം ലഭിച്ചു. ലണ്ടനിലെ പല സഭകളിലും നിരവധി ആഫ്രിക്കൻ സഹോദരങ്ങൾ ഉണ്ടായിരുന്നു. ഇതും പരിചിതമായ ചുറ്റുപാടിലാണെന്ന തോന്നൽ ഞങ്ങളിൽ ഉളവാക്കി. എന്റെ ആരോഗ്യം മെച്ചപ്പെട്ടപ്പോൾ വീണ്ടും മറ്റൊരു ദിനചര്യയുമായി ഞങ്ങൾ പൊരുത്തപ്പെട്ടു. പർച്ചേസിങ്‌ ഡിപ്പാർട്ടുമെന്റിൽ ഞാൻ നിയമിതനായി. ഇതു രസകരമായ ജോലി ആയിരുന്നിട്ടുണ്ട്‌, പ്രത്യേകിച്ചും പിന്നീടുണ്ടായ വികസനം പരിഗണിക്കുമ്പോൾ.

1990-കളുടെ ആരംഭത്തിൽ എന്റെ പ്രിയ ജോയ്‌സിന്‌ മോട്ടോർ ന്യൂറോൺ രോഗം പിടിപെട്ടു. 1994-ൽ അവൾ മരണമടഞ്ഞു. സ്‌നേഹമയിയും വിശ്വസ്‌തയും ആയ ഒരു ഭാര്യയാണ്‌ താനെന്ന്‌ അവൾ തന്റെ ജീവിതംകൊണ്ടു തെളിയിച്ചു. ഞങ്ങൾക്കു നേരിടേണ്ടിവന്ന വ്യത്യസ്‌ത സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ എപ്പോഴും അവൾ മനസ്സൊരുക്കമുള്ളവളായിരുന്നു. ഇതുപോലുള്ള ഒരു നഷ്ടവുമായി പൊരുത്തപ്പെടാൻ, വ്യക്തമായ ഒരു ആത്മീയ കാഴ്‌ചപ്പാടു നിലനിറുത്തുന്നതും ഭാവിയിലേക്കു നോക്കിപ്പാർത്തിരിക്കുന്നതിൽ തുടരുന്നതും പ്രധാനമാണെന്നു ഞാൻ കണ്ടെത്തിയിരിക്കുന്നു. പ്രസംഗവേല ഉൾപ്പെടെയുള്ള ഒരു നല്ല ദിവ്യാധിപത്യ പട്ടികയോടു പ്രാർഥനാപൂർവം പറ്റിനിൽക്കുന്നതും മനസ്സിനെ പൂർണമായി വ്യാപൃതമാക്കിനിറുത്താൻ എന്നെ സഹായിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 3:5, 6.

ബെഥേൽ സേവനം ഒരു പദവിയും ഉത്‌കൃഷ്ടമായ ജീവിതരീതിയുമാണ്‌. അത്‌, നിരവധി ചെറുപ്പക്കാരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം പ്രദാനംചെയ്യുന്നുവെന്നു മാത്രമല്ല, അനേകം ആഹ്ലാദവേളകൾ സമ്മാനിക്കുകയും ചെയ്യുന്നു. ഇവിടെ ലണ്ടൻ ബെഥേലിൽ ധാരാളം സന്ദർശകർ വരുന്നുവെന്നതാണ്‌ ഒരനുഗ്രഹം. ആഫ്രിക്കയിലായിരുന്നപ്പോൾ പരിചയപ്പെട്ട പ്രിയ സുഹൃത്തുക്കളെ ചിലപ്പോഴൊക്കെ ഞാൻ കാണാറുണ്ട്‌, അപ്പോൾ മധുരസ്‌മരണകൾ ഒഴുകിയെത്തുകയായി. ഇതെല്ലാം ‘ഇപ്പോഴത്തെ ജീവിതം’ പൂർണമായി ആസ്വദിക്കുന്നതിൽ തുടരാനും “വരുവാനിരിക്കുന്ന” ജീവിതത്തിനായി ഉറപ്പോടും പ്രത്യാശയോടുംകൂടി നോക്കിപ്പാർത്തിരിക്കാനും എന്നെ സഹായിക്കുന്നു.​—⁠1 തിമൊഥെയൊസ്‌ 4:⁠8.

[അടിക്കുറിപ്പ്‌]

^ ഖ. 5 യഹോവയുടെ സാക്ഷികൾ 1928-ൽ പ്രസിദ്ധീകരിച്ചത്‌, പക്ഷേ ഇപ്പോൾ അച്ചടിക്കപ്പെടുന്നില്ല.

[25-ാം പേജിലെ ചിത്രം]

1946-ൽ അമ്മയോടൊപ്പം

[26-ാം പേജിലെ ചിത്രം]

ജോയ്‌സിനോടൊപ്പം വിവാഹദിനത്തിൽ, 1950-ൽ

[26-ാം പേജിലെ ചിത്രം]

1953-ൽ ബ്രിസ്റ്റലിലെ ഒരു കൺവെൻഷനിൽവെച്ച്‌

[27-ാം പേജിലെ ചിത്രങ്ങൾ]

ദക്ഷിണ റൊഡേഷ്യയിലെ (ഇപ്പോഴത്തെ സിംബാബ്‌വേ) ഒരു ഒറ്റപ്പെട്ട കൂട്ടത്തെയും (മുകളിൽ) ഒരു സഭയെയും (ഇടത്‌) സേവിക്കുന്നു