വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ലോകത്തിന്റെ പോക്ക്‌ എങ്ങോട്ട്‌?

ഈ ലോകത്തിന്റെ പോക്ക്‌ എങ്ങോട്ട്‌?

ഈ ലോകത്തിന്റെ പോക്ക്‌ എങ്ങോട്ട്‌?

ആഗോള ഐക്യം. എത്ര നല്ലൊരു കാര്യമാണത്‌! വാസ്‌തവത്തിൽ സകലരും ആഗ്രഹിക്കുന്നത്‌ അതല്ലേ? തീർച്ചയായും, ഐക്യം ഒരു സംസാരവിഷയം ആയിരുന്നിട്ടുണ്ട്‌. പലപ്പോഴും, ലോകനേതാക്കളുടെ യോഗങ്ങളിലെ കേന്ദ്ര വിഷയമാണ്‌ ഇത്‌. 2000 ആഗസ്റ്റിൽ, സഹസ്രാബ്ദ ലോകസമാധാന ഉച്ചകോടിക്കായി ന്യൂയോർക്കിലെ ഐക്യരാഷ്‌ട്ര മന്ദിരത്തിൽ 1,000-ത്തിൽപ്പരം മതനേതാക്കൾ കൂടിവന്നു. ലോക സംഘർഷങ്ങൾക്കുള്ള പരിഹാരങ്ങൾ അവർ ചർച്ച ചെയ്‌തു. എന്നാൽ, ലോകസമാധാനത്തിനായുള്ള ആ സമ്മേളനത്തിൽപ്പോലും സമാധാനമില്ലായിരുന്നു. ലോകത്തിലെ സംഘർഷങ്ങൾ അവിടെയും പ്രതിഫലിച്ചു കാണാമായിരുന്നു. ഒരു യഹൂദ റബ്ബി വരുമായിരുന്നതിനാൽ യെരൂശലേമിൽനിന്നുള്ള ഒരു ഇസ്ലാമിക നിയമപണ്ഡിതൻ ആ സമ്മേളനത്തിൽ സംബന്ധിക്കാൻ വിസമ്മതിച്ചു. ചൈനയെ പ്രകോപിപ്പിക്കുമെന്ന ഭയം നിമിത്തം ഈ സമ്മേളനത്തിന്റെ സംഘാടകർ ആദ്യത്തെ രണ്ടു ദിവസത്തേക്ക്‌ ദലൈലാമയെ ക്ഷണിക്കാഞ്ഞതിൽ മറ്റുചിലർ അതൃപ്‌തി പ്രകടിപ്പിച്ചു.

2003 ഒക്ടോബറിൽ തായ്‌ലൻഡിൽവെച്ചു നടന്ന ഏഷ്യാ-പസിഫിക്‌ സാമ്പത്തിക സഹകരണ (എപിഇസി) ഉച്ചകോടിയിൽ പസിഫിക്‌ സമുദ്രതീരത്തുള്ള രാഷ്‌ട്രങ്ങൾ ലോക സുരക്ഷിതത്വ പ്രശ്‌നങ്ങൾ ചർച്ചയ്‌ക്കെടുത്തു. അതിൽ സംബന്ധിച്ച 21 രാഷ്‌ട്രങ്ങൾ ഭീകരവാദി ഗ്രൂപ്പുകളെ തകർക്കാൻ പ്രതിജ്ഞയെടുക്കുകയും ആഗോള സുരക്ഷിതത്വം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ സംബന്ധിച്ച്‌ ഒരു ധാരണയിലെത്തുകയും ചെയ്‌തു. എങ്കിലും, സമ്മേളനം നടന്നുകൊണ്ടിരിക്കെ നിരവധി പ്രതിനിധികൾ, പ്രധാനമന്ത്രിമാരിൽ ഒരാളുടെ പ്രസ്‌താവനയോട്‌ അതൃപ്‌തി രേഖപ്പെടുത്തി. ആ പ്രസ്‌താവന യഹൂദന്മാരോടുള്ള വിദ്വേഷപൂരിതമായ ഒരു ആക്രമണമാണെന്നു പറയപ്പെട്ടു.

ഐക്യം ഇല്ലാത്തത്‌ എന്തുകൊണ്ട്‌?

ലോകത്തെ ഏകീകരിക്കുന്നതു സംബന്ധിച്ച്‌ നിരവധി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, കാര്യമായ ഫലമൊന്നും കാണാനാകുന്നില്ല. പലരുടെയും ആത്മാർഥമായ ശ്രമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട്‌, ഈ 21-ാം നൂറ്റാണ്ടിലും ആഗോള ഐക്യം മനുഷ്യവർഗത്തെ സംബന്ധിച്ചിടത്തോളം വഴുതിമാറുന്ന ഒരു സ്വപ്‌നം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

എപിഇസി ഉച്ചകോടിയിൽ സംബന്ധിച്ച പ്രധാനമന്ത്രിമാരിൽ ഒരാളുടെ വാക്കുകൾ അതിനു ഭാഗികമായി ഉത്തരം നൽകുന്നുണ്ട്‌. അദ്ദേഹം ഇപ്രകാരം പ്രസ്‌താവിച്ചു: “ദേശാഭിമാനം എന്നൊരു ഘടകവുമുണ്ട്‌.” വ്യക്തമായും, മാനവസമുദായം ദേശീയതയിൽ കുളിച്ചുനിൽക്കുകയാണ്‌. സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള ആഗ്രഹമാണ്‌ ഓരോ രാഷ്‌ട്രത്തെയും വംശീയ കൂട്ടത്തെയും നയിക്കുന്നത്‌. ദേശീയ പരമാധികാരവും ഒപ്പം മത്സര മനോഭാവവും അത്യാഗ്രഹവും സ്‌ഫോടനാത്മകമായ ഒരു സ്ഥിതിവിശേഷം ഉളവാക്കിയിരിക്കുന്നു. പല സന്ദർഭങ്ങളിലും ദേശീയ താത്‌പര്യങ്ങൾ ആഗോള താത്‌പര്യങ്ങൾക്കു വിരുദ്ധമാകുമ്പോൾ മുൻതൂക്കം ദേശീയ താത്‌പര്യങ്ങൾക്കായിരിക്കും.

“നാശകരമായ മഹാമാരി” എന്ന സങ്കീർത്തനക്കാരന്റെ പ്രയോഗം ദേശീയതയെ ഉചിതമായിത്തന്നെ വർണിക്കുന്നു. (സങ്കീർത്തനം 91:3) ഒരു മഹാവ്യാധിപോലെ മനുഷ്യവർഗത്തെ പിടികൂടിയിരിക്കുന്ന അത്‌ അവരെ ദുരിതക്കയത്തിലാഴ്‌ത്തിയിരിക്കുന്നു. ദേശീയതയ്‌ക്കും അതിൽനിന്ന്‌ ഉത്ഭൂതമാകുന്ന മറ്റു ജനതതികളോടുള്ള വിദ്വേഷത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഇന്നും അത്‌ വിഭാഗീയതയുടെ ജ്വാലകൾ ആളിക്കത്തിച്ചുകൊണ്ടിരിക്കുന്നു. അതിനു വിരാമമിടാൻ മാനുഷ ഭരണകർത്താക്കൾക്കു കഴിഞ്ഞിട്ടില്ല.

ലോകത്തിലെ പ്രശ്‌നങ്ങളുടെ മൂലകാരണം ദേശീയതയും സ്വാർഥ താത്‌പര്യവും ആണെന്ന്‌ പല അധികാരികളും തിരിച്ചറിയുന്നുണ്ട്‌. ഉദാഹരണത്തിന്‌, മുൻ ഐക്യരാഷ്‌ട്ര സെക്രട്ടറി ജനറൽ, യൂ താന്റ്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “നാം ഇക്കാലത്തു നേരിടുന്ന പല പ്രശ്‌നങ്ങൾക്കും കാരണം തെറ്റായ മനോഭാവങ്ങളാണ്‌ . . . ഇവയിൽ ഇടുങ്ങിയ ദേശീയചിന്താഗതി, അതായത്‌ ‘എന്റെ രാജ്യം, അതു ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ’ എന്ന ആശയം ഉൾപ്പെടുന്നു.’” എന്നിരുന്നാലും, സ്വാർഥ താത്‌പര്യത്തിൽ മുഴുകിയിരിക്കുന്ന ഇന്നത്തെ രാഷ്‌ട്രങ്ങൾ പരമാധികാരത്തിനായി പൂർവാധികം മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്‌. പരമാധികാരം കൈയാളുന്നവരാകട്ടെ, അത്‌ അൽപ്പംപോലും വിട്ടുകൊടുക്കാൻ തയ്യാറാകുന്നുമില്ല. ഉദാഹരണത്തിന്‌, യൂറോപ്യൻ യൂണിയനെക്കുറിച്ച്‌ ഇന്റർനാഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ ഇങ്ങനെ അഭിപ്രായപ്പെട്ടു: “യൂറോപ്യൻ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാന സ്വഭാവം മത്സരവും വിശ്വാസരാഹിത്യവുമാണ്‌. യൂറോപ്യൻ യൂണിയനിലെ മിക്ക അംഗരാഷ്‌ട്രങ്ങൾക്കും, അതിലെതന്നെ ഏതെങ്കിലും ഒരു രാഷ്‌ട്രം കൂടുതൽ സ്വാധീനം നേടുകയും നേതൃത്വമെടുക്കുകയും ചെയ്യുക എന്ന ആശയം ഇപ്പോഴും ദഹിക്കുന്നില്ല.”

സകല മാനുഷ ഭരണത്തിന്റെയും അനന്തരഫലത്തെ സംബന്ധിച്ച്‌ ദൈവവചനമായ ബൈബിൾ കൃത്യമായി ഇപ്രകാരം പ്രസ്‌താവിക്കുന്നു: ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരം നടത്തിയിരിക്കുന്നു.’ (സഭാപ്രസംഗി 8:9) വ്യത്യസ്‌ത രാജ്യങ്ങളായി ലോകത്തെ കീറിമുറിക്കുകവഴി വ്യക്തികളും സമൂഹങ്ങളും പിൻവരുന്ന ബൈബിൾതത്ത്വത്തിന്റെ നിവൃത്തി അനുഭവിച്ചറിഞ്ഞിരിക്കുന്നു: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.”​—⁠സദൃശവാക്യങ്ങൾ 18:⁠1.

നമുക്ക്‌ അത്യുത്തമമായത്‌ എന്താണെന്ന്‌ അറിയാവുന്ന സ്രഷ്ടാവ്‌, മനുഷ്യർ സ്വന്തം ഗവൺമെന്റുകൾ രൂപീകരിക്കാനും തങ്ങളെത്തന്നെ ഭരിക്കാനും ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. അങ്ങനെ ചെയ്യുകവഴി, ദൈവത്തിന്റെ ഉദ്ദേശ്യത്തെയും സകലതും അവന്റേതാണെന്ന വസ്‌തുതയെയും മനുഷ്യർ അവഗണിച്ചിരിക്കുന്നു. സങ്കീർത്തനം 95:3-5 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ. ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ. സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.” പരമാധികാരിയായിരിക്കാൻ അർഹനായിരിക്കുന്നതു ദൈവം മാത്രമാണ്‌. തങ്ങളുടെ ഭരണാധികാരിയെന്ന നിലയിൽ സകലരും അവനെ അംഗീകരിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ പരമാധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന രാഷ്‌ട്രങ്ങൾ ദൈവത്തിന്റെ ഹിതത്തിനു വിരുദ്ധമായാണു പ്രവർത്തിക്കുന്നത്‌.​—⁠സങ്കീർത്തനം 2:⁠2.

എന്താണ്‌ ആവശ്യം?

സകലരുടെയും നന്മയ്‌ക്കായി പ്രവർത്തിക്കുന്ന ഒരു സാർവലൗകിക ഭരണം നിലവിൽ വന്നാൽ മാത്രമേ ഈ ലോകം ഏകീകരിക്കപ്പെടുകയുള്ളൂ. ചിന്തിക്കുന്ന പലയാളുകളും അതിന്റെ ആവശ്യം തിരിച്ചറിയുന്നുണ്ട്‌. എന്നിരുന്നാലും, അവർ മിക്കപ്പോഴും അസ്ഥാനത്താണ്‌ ആശ്രയമർപ്പിക്കുന്നത്‌. ഉദാഹരണമായി, ആഗോള ഐക്യത്തിനായി ഐക്യരാഷ്‌ട്രങ്ങളിലേക്കു നോക്കാൻ മതനേതാക്കൾ ഉൾപ്പെടെയുള്ള അനേകർ ആളുകളോട്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. എന്നാൽ, മാനുഷ സംഘടനകൾക്ക്‌, അവയുടെ ആദർശങ്ങൾ എത്ര ഉദാത്തമായിരുന്നാലും, മനുഷ്യവർഗത്തിന്റെ അന്തർദേശീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. മറിച്ച്‌, ഇത്തരം സംഘടനകളിൽ മിക്കവയും വ്യത്യസ്‌ത രാജ്യങ്ങൾക്കിടയിലെ അനൈക്യത്തിന്റെ പ്രതിഫലനമായി മാറിയിരിക്കുന്നു.

പരിഹാരത്തിനായി മാനുഷ സംഘടനകളിൽ ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകിക്കൊണ്ട്‌ ബൈബിൾ ഇപ്രകാരം പറയുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്‌.” (സങ്കീർത്തനം 146:3) ആഗോള ഐക്യത്തിന്‌ യാതൊരു സാധ്യതയുമില്ലെന്നാണോ ഇതിനർഥം? ഒരിക്കലുമല്ല. അതിന്‌ വേറൊരു മാർഗമുണ്ട്‌.

ലോകത്തെ ഏകീകരിക്കാൻ പ്രാപ്‌തിയുള്ള ഒരു ഗവൺമെന്റ്‌ ദൈവം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു എന്നതു സംബന്ധിച്ച്‌ പലരും അജ്ഞരാണ്‌. യഹോവയാം ദൈവത്തെക്കുറിച്ച്‌ ബൈബിൾ ഇപ്രകാരം പറയുന്നു: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു. എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും.” (സങ്കീർത്തനം 2:6, 8) ഈ തിരുവെഴുത്ത്‌ ‘തന്റെ രാജാവിനെ വാഴിച്ചിരിക്കുന്നവൻ’ എന്ന്‌ യഹോവയാം ദൈവത്തെ വിശേഷിപ്പിക്കുന്നു എന്നതു ശ്രദ്ധിക്കുക. 7-ാം വാക്യം അനുസരിച്ച്‌ യഹോവ ഈ രാജാവിനെ “എന്റെ പുത്രൻ” എന്നു പരാമർശിക്കുന്നു. അത്‌ അവന്റെ അതിശ്രേഷ്‌ഠ ആത്മപുത്രനായ യേശുക്രിസ്‌തുവല്ലാതെ മറ്റാരുമല്ല. സകല രാഷ്‌ട്രങ്ങൾക്കുംമേൽ അവന്‌ അധികാരം നൽകപ്പെട്ടിരിക്കുന്നു.

ആഗോള ഐക്യം സാധ്യമാകുന്ന വിധം

ദൈവം സ്ഥാപിച്ചിരിക്കുന്ന ഈ സ്വർഗീയ ഭരണാധിപത്യത്തെ ബഹുഭൂരിപക്ഷം ആളുകളും അംഗീകരിക്കുന്നില്ല. രാഷ്‌ട്രങ്ങൾ തങ്ങൾക്കുണ്ടെന്നു കരുതുന്ന പരമാധികാരത്തിനുള്ള അവകാശത്തിൽ നിർബന്ധപൂർവം കടിച്ചുതൂങ്ങുകയാണ്‌. എന്നാൽ, ദൈവം തന്റെ പരമാധികാരത്തെയും താൻ സ്ഥാപിച്ചിരിക്കുന്ന ഗവൺമെന്റിനെയും അംഗീകരിക്കാൻ കൂട്ടാക്കാത്തവരെ വെച്ചുപൊറുപ്പിക്കുകയില്ല. ഈ ക്രമീകരണത്തെ സ്വീകരിക്കാൻ വിസമ്മതിക്കുന്നവരോടുള്ള ബന്ധത്തിൽ സങ്കീർത്തനം 2:9 ഇപ്രകാരം പറയുന്നു: “ഇരിമ്പുകോൽകൊണ്ടു നീ [പുത്രൻ, അഥവാ യേശുക്രിസ്‌തു] അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.” രാഷ്‌ട്രങ്ങൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, ദൈവവുമായി ഏറ്റുമുട്ടുന്ന ഒരു സാഹചര്യത്തിലേക്ക്‌ അവർ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു” കൂട്ടിച്ചേർക്കപ്പെടുന്ന “സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ”ക്കുറിച്ച്‌ ബൈബിളിലെ അവസാന പുസ്‌തകം പറയുന്നു. (വെളിപ്പാടു 16:14) രാഷ്‌ട്രങ്ങളും അവരുടെ ഭിന്നിപ്പിക്കുന്ന മാർഗങ്ങളും നിർമൂലമാക്കപ്പെടും. അങ്ങനെ ദൈവത്തിന്റെ ഗവൺമെന്റിന്‌ അതിന്റെ വേല തടസ്സം കൂടാതെ ചെയ്യാൻ സാധിക്കും.

അഖിലാണ്ഡ പരമാധികാരിയെന്ന നിലയിൽ യഹോവയാം ദൈവം, ഈ ലോകത്തെ ഏകീകരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്താൻ തന്റെ ശക്തി ജ്ഞാനപൂർവം പുത്രനിലൂടെ പ്രയോഗിക്കും. ദൈവത്തിന്റെ ഗവൺമെന്റ്‌ യഥാർഥ ഐക്യം കൈവരുത്തുകയും നീതിസ്‌നേഹികളായ സകലരുടെയുംമേൽ അനുഗ്രഹം ചൊരിയുകയും ചെയ്യും. നിങ്ങളുടെ ബൈബിളിലെ 72-ാം സങ്കീർത്തനം വായിക്കാൻ എന്തുകൊണ്ട്‌ അൽപ്പ സമയം വിനിയോഗിച്ചുകൂടാ? ദൈവപുത്രന്റെ കീഴിലെ ഭരണം മനുഷ്യവർഗത്തിനുവേണ്ടി എന്തെല്ലാം ചെയ്യുമെന്നതിന്റെ ഒരു പ്രാവചനിക ചിത്രം നമുക്ക്‌ അവിടെ കാണാം. മനുഷ്യർ യഥാർഥമായ ആഗോള ഐക്യം ആസ്വദിക്കും. അടിച്ചമർത്തൽ, അക്രമം, ദാരിദ്ര്യം തുടങ്ങിയ അവരുടെ സകല പ്രശ്‌നങ്ങളും നീങ്ങിപ്പോയിരിക്കും.

ഈ വിഭജിത ലോകത്തിൽ അത്തരമൊരു പ്രതീക്ഷ അയഥാർഥമാണെന്നു പലരും കരുതുന്നു. എന്നാൽ അതു ശരിയല്ല. ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ ഒരിക്കലും പരാജയമടഞ്ഞിട്ടില്ല, ഒരിക്കലും പരാജയമടയുകയുമില്ല. (യെശയ്യാവു 55:10, 11) ഈ മാറ്റങ്ങൾ നേരിൽ കാണാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ? നിങ്ങൾക്ക്‌ അതിന്‌ സാധിക്കും. വാസ്‌തവത്തിൽ, ആ കാലത്തിനുവേണ്ടി ഒരുകൂട്ടം ആളുകൾ ഇപ്പോൾത്തന്നെ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്‌. അവർ സകല രാഷ്‌ട്രങ്ങളിലും നിന്നുള്ളവരാണ്‌. എങ്കിലും അന്യോന്യം പോരടിക്കാതെ അവർ ഐക്യത്തോടെ ദൈവത്തിന്റെ പരമാധികാരത്തിനു കീഴ്‌പെടുന്നു. (യെശയ്യാവു 2:2-4) ആരാണ്‌ അവർ? യഹോവയുടെ സാക്ഷികൾ. അവരുടെ യോഗസ്ഥലങ്ങൾ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചുകൂടേ? അങ്ങനെ ചെയ്യുന്നപക്ഷം, ദൈവത്തിന്റെ പരമാധികാരത്തിനു കീഴ്‌പെടാനും അനന്തമായ ഐക്യം ആസ്വദിക്കാനുമായി നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരുകൂട്ടം ആളുകളോടൊത്തുള്ള ഉന്മേഷദായകമായ സഹവാസം ആസ്വദിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം.

[7-ാം പേജിലെ ചിത്രങ്ങൾ]

സകല രാഷ്‌ട്രങ്ങളിലും നിന്നുള്ള ആളുകൾ, ഏകീകരിക്കപ്പെട്ട ഒരു ലോകത്തിലെ ജീവിത ത്തിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്‌

[4-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Saeed Khan/AFP/Getty Images

[5-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ദുഃഖാർത്തയായ സ്‌ത്രീ: Igor Dutina/AFP/Getty Images; പ്രക്ഷോഭകർ: Said Khatib/AFP/Getty Images; സായുധ വാഹനങ്ങൾ: Joseph Barrak/AFP/Getty Images