വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തന്നിൽ പ്രത്യാശവെക്കുന്നവരെ യഹോവ പരിപാലിക്കുന്നു

തന്നിൽ പ്രത്യാശവെക്കുന്നവരെ യഹോവ പരിപാലിക്കുന്നു

തന്നിൽ പ്രത്യാശവെക്കുന്നവരെ യഹോവ പരിപാലിക്കുന്നു

“നിന്റെ ദയയും സത്യവും [“സ്‌നേഹദയയും സത്യതയും,” Nw] എന്നെ നിത്യം പരിപാലിക്കും.”​—⁠സങ്കീർത്തനം 40:⁠11.

1. ദാവീദ്‌ രാജാവ്‌ യഹോവയോട്‌ എന്താണ്‌ അപേക്ഷിച്ചത്‌, ആ അപേക്ഷയ്‌ക്ക്‌ ഇപ്പോൾ ഉത്തരം ലഭിക്കുന്നത്‌ ഏതു വിധത്തിൽ?

പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവ്‌ “യഹോവെക്കായി കാത്തുകാത്തിരുന്നു” അഥവാ അവനിൽ പൂർണമായി പ്രത്യാശവെച്ചു. ദാവീദിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “അവൻ [യഹോവ] എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.” (സങ്കീർത്തനം 40:1) യഹോവ, തന്നെ സ്‌നേഹിച്ചവരെ പരിപാലിച്ചത്‌ അവൻ തുടർച്ചയായി കണ്ടറിഞ്ഞു. അതുകൊണ്ടാണ്‌ നിത്യം തന്നെ പരിപാലിക്കുന്നതിനു യഹോവയോട്‌ അപേക്ഷിക്കാൻ അവൻ പ്രേരിതനായത്‌. (സങ്കീർത്തനം 40:⁠11) “മെച്ചപ്പെട്ട പുനരുത്ഥാന”ത്തിനു (പി.ഒ.സി. ബൈബിൾ) യോഗ്യരായ വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരുടെ ഗണത്തിൽപ്പെടുന്ന ദാവീദ്‌, ആ സമ്മാനം ലഭിക്കാനുള്ള ഒരുവനെന്ന നിലയിൽ ഇപ്പോൾ യഹോവയുടെ സ്‌മരണയിൽ ഉണ്ട്‌. (എബ്രായർ 11:⁠32-35) അങ്ങനെ, ഭാവി സംബന്ധിച്ച്‌ സാധ്യമായ ഏറ്റവും നല്ല ഉറപ്പ്‌ അവനു ലഭിച്ചിരിക്കുന്നു. അവന്റെ പേര്‌ യഹോവയുടെ ‘സ്‌മരണപുസ്‌തകത്തിൽ’ എഴുതിയിട്ടുണ്ട്‌.—⁠മലാഖി 3:⁠16.

2. യഹോവയാൽ പരിപാലിക്കപ്പെടുന്നു എന്നതിന്റെ അർഥം മനസ്സിലാക്കാൻ തിരുവെഴുത്തുകൾ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

2 എബ്രായർക്കുള്ള ലേഖനത്തിന്റെ 11-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന വിശ്വസ്‌തർ യേശുക്രിസ്‌തുവിന്റെ ഭൗമിക ജീവിതത്തിനുമുമ്പ്‌ ജീവിച്ചിരുന്നവരാണെങ്കിലും, അവർ യേശുവിന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിൽ ജീവിച്ചവരാണ്‌: “തന്റെ ജീവനെ സ്‌നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും.” (യോഹന്നാൻ 12:⁠25) അപ്പോൾ, യഹോവയാൽ പരിപാലിക്കപ്പെടുന്നു എന്നതിന്റെ അർഥം വ്യക്തമായും, ദുരിതമോ പീഡനമോ ഉണ്ടാകാതിരിക്കുന്നുവെന്നല്ല, മറിച്ച്‌ ദൈവമുമ്പാകെ ഒരു നല്ല നില കാത്തുസൂക്ഷിക്കാൻ കഴിയത്തക്കവണ്ണം ആത്മീയമായി സംരക്ഷിക്കപ്പെടുന്നു എന്നാണ്‌.

3. ക്രിസ്‌തുയേശു യഹോവയാൽ പരിപാലിക്കപ്പെട്ടുവെന്നതിന്‌ എന്തു തെളിവാണുള്ളത്‌, അതിന്റെ ഫലമെന്തായിരുന്നു?

3 യേശുതന്നെ ക്രൂരമായ പീഡനത്തിനും നിന്ദയ്‌ക്കും പാത്രമായി. ഒടുവിൽ ഏറ്റവും അപമാനകരവും വേദനാജനകവും ആയ ഒരു രീതിയിൽ അവനെ കൊല്ലുന്നതിൽ അവന്റെ ശത്രുക്കൾ വിജയിച്ചു. എന്നിരുന്നാലും ഇതൊന്നും, മിശിഹായെ പരിപാലിക്കുമെന്ന ദൈവത്തിന്റെ വാഗ്‌ദാനം പാലിക്കപ്പെട്ടില്ല എന്നർഥമാക്കുന്നില്ല. (യെശയ്യാവു 42:⁠1-7) അപമാനകരമായ മരണശേഷം മൂന്നാം ദിവസം യേശു ഉയിർത്തെഴുന്നേറ്റു. അത്‌, ദാവീദിന്റെ കാര്യത്തിലെന്നപോലെ, സഹായത്തിനായുള്ള യേശുവിന്റെ നിലവിളി യഹോവ കേട്ടെന്നു തെളിയിക്കുന്നു. യഹോവ യേശുവിന്‌ നിർമലത പാലിക്കുന്നതിനുള്ള ശക്തി നൽകി. (മത്തായി 26:⁠39) ഈ വിധത്തിൽ പരിപാലിക്കപ്പെട്ടതിനാൽ യേശുവിന്‌ സ്വർഗത്തിൽ അമർത്യത ലഭിച്ചു, മറുവിലയിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ലക്ഷക്കണക്കിനു മനുഷ്യർക്ക്‌ നിത്യജീവന്റെ പ്രത്യാശയും.

4. അഭിഷിക്ത ക്രിസ്‌ത്യാനികൾക്കും “വേറെ ആടുകൾ”ക്കും എന്ത്‌ ഉറപ്പു ലഭിച്ചിരിക്കുന്നു

4 ദാവീദിന്റെയും യേശുവിന്റെയും കാലത്തെന്നപോലെതന്നെ ഇന്നും, തന്റെ ദാസരെ പരിപാലിക്കാൻ യഹോവ മനസ്സൊരുക്കവും പ്രാപ്‌തിയും ഉള്ളവനാണെന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. (യാക്കോബ്‌ 1:⁠17) യേശുവിന്റെ അഭിഷിക്ത സഹോദരന്മാരിൽ ഇപ്പോഴും ഭൂമിയിൽ ശേഷിക്കുന്നവർക്ക്‌ യഹോവയുടെ ഈ വാഗ്‌ദാനത്തിൽ ആശ്രയിക്കാനാകും: ‘അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ ക്ഷയം, മാലിന്യം, വാട്ടം എന്നിവ ഇല്ലാത്ത അവകാശം സൂക്ഷിച്ചിരിക്കുന്നു.’ (1 പത്രൊസ്‌ 1:⁠4, 5) സമാനമായി, ഭൗമിക പ്രത്യാശയുള്ള “വേറെ ആടുകൾ”ക്കും ദൈവത്തിലും സങ്കീർത്തനക്കാരനിലൂടെ അവൻ നൽകിയ വാഗ്‌ദാനത്തിലും ആശ്രയിക്കാൻ കഴിയും: “യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, [“വിശ്വസ്‌തരുമായുള്ളോരേ,” NW] അവനെ സ്‌നേഹിപ്പിൻ; യഹോവ വിശ്വസ്‌തന്മാരെ കാക്കുന്നു.”—⁠യോഹന്നാൻ 10:⁠16; സങ്കീർത്തനം 31:⁠23.

ആത്മീയമായി പരിപാലിക്കപ്പെടുന്നു

5, 6. (എ) ആധുനിക നാളിൽ ദൈവജനം പരിപാലിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ? (ബി) അഭിഷിക്തർക്ക്‌ യഹോവയുമായി എന്തു ബന്ധമാണുള്ളത്‌, ഭൗമിക പ്രത്യാശയുള്ള ആളുകളെ സംബന്ധിച്ചെന്ത്‌?

5 ആധുനികകാലത്ത്‌, തന്റെ ജനത്തെ ആത്മീയമായി പരിപാലിക്കുന്നതിന്‌ യഹോവ ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്‌. പീഡനങ്ങളിൽനിന്നോ ജീവിതത്തിൽ സാധാരണമായിരിക്കുന്ന ബുദ്ധിമുട്ടുകൾ, ദുരന്തങ്ങൾ എന്നിവയിൽനിന്നോ സംരക്ഷണം നൽകുന്നില്ലെങ്കിലും അവർക്കു തന്നോടുള്ള അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നതിനുവേണ്ട സഹായവും പ്രോത്സാഹനവും അവൻ വിശ്വസ്‌തമായി നൽകിയിരിക്കുന്നു. ദൈവത്തിന്റെ സ്‌നേഹപുരസ്സരമായ കരുതലായ മറുവിലയിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്‌ അവർ ഈ ബന്ധം പടുത്തുയർത്തിയിരിക്കുന്നത്‌. ഈ വിശ്വസ്‌ത ക്രിസ്‌ത്യാനികളിൽ ചിലർ, ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ സഹഭരണാധികാരികൾ ആയിത്തീരുന്നതിന്‌ ദൈവാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു. അവർ ദൈവത്തിന്റെ ആത്മീയ പുത്രന്മാർ എന്ന നിലയിൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു, അവർക്ക്‌ ഈ വാക്കുകൾ ബാധകമാകുന്നു: ദൈവം ‘നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്‌നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി വെച്ചു. അവനിൽ നമുക്കു [മറുവിലയിലൂടെ] പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ട്‌.’​—⁠കൊലൊസ്സ്യർ 1:⁠13, 14.

6 വിശ്വസ്‌തരായ ലക്ഷക്കണക്കിനു മറ്റു ക്രിസ്‌ത്യാനികൾക്കും മറുവിലയെന്ന ദിവ്യ കരുതലിൽനിന്നു പ്രയോജനം നേടാൻ കഴിയുമെന്ന്‌ ഉറപ്പു ലഭിച്ചിട്ടുണ്ട്‌. നാം ഇങ്ങനെ വായിക്കുന്നു: “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നത്‌.” (മർക്കൊസ്‌ 10:⁠45) ആ ക്രിസ്‌ത്യാനികൾ ‘ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം’ അഥവാ ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുന്ന സമയത്തിനായി കാത്തിരിക്കുന്നു. (റോമർ 8:⁠20) ഇതിനിടയിൽ, ദൈവത്തോടുള്ള വ്യക്തിപരമായ സൗഹൃദം അവർ അമൂല്യമായി കരുതുകയും ആ ബന്ധം ശക്തിപ്പെടുത്താൻ ആത്മാർഥമായി യത്‌നിക്കുകയും ചെയ്യുന്നു.

7. ഇന്ന്‌ ഏതു മാർഗത്തിലൂടെയാണ്‌ യഹോവ തന്റെ ജനത്തിന്റെ ആത്മീയമായി പരിപാലിക്കുന്നത്‌?

7 തന്റെ ജനത്തെ ആത്മീയമായി പരിപാലിക്കുന്നതിന്‌ യഹോവ അവലംബിക്കുന്ന ഒരു മാർഗം പുരോഗമനാത്മകമായ പരിശീലനം പ്രദാനംചെയ്യുക എന്നതാണ്‌. സത്യത്തെക്കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനത്തിൽ അവർ വളർന്നുവരാൻ ഇത്‌ ഇടയാക്കുന്നു. തന്റെ വചനം, സംഘടന, പരിശുദ്ധാത്മാവ്‌ എന്നീ മുഖാന്തരങ്ങളിലൂടെ യഹോവ തുടർച്ചയായ മാർഗനിർദേശവും പ്രദാനംചെയ്യുന്നു. “വിശ്വസ്‌തനും വിവേകിയുമായ അടിമ”യുടെ മാർഗനിർദേശത്തിൻകീഴിൽ, ലോകമെമ്പാടുമുള്ള ദൈവജനം ഒരു അന്താരാഷ്‌ട്ര കുടുംബംപോലെയാണ്‌. ദേശമോ സാമൂഹികനിലയോ ഗണ്യമാക്കാതെ, അടിമവർഗം ഈ കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾ​—⁠അവശ്യ സന്ദർഭങ്ങളിൽ ഭൗതിക ആവശ്യങ്ങൾപോലും​—⁠നിറവേറ്റുന്നു.​—⁠മത്തായി 24:⁠45, NW.

8. തന്റെ വിശ്വസ്‌തരെക്കുറിച്ച്‌ യഹോവയ്‌ക്ക്‌ എന്തു ബോധ്യമുണ്ട്‌, അവൻ അവർക്ക്‌ എന്ത്‌ ഉറപ്പു നൽകുന്നു?

8 യേശുവിനെ അവന്റെ ശത്രുക്കളുടെ ഉഗ്രമായ ആക്രമണങ്ങളിൽനിന്ന്‌ യഹോവ ശാരീരികമായി സംരക്ഷിച്ചില്ല. ഇന്ന്‌ ക്രിസ്‌ത്യാനികളെയും അവൻ ആ വിധത്തിൽ സംരക്ഷിക്കുന്നില്ല. എന്നാൽ ഇത്‌ ഒരിക്കലും ദൈവത്തിന്റെ അപ്രീതിയുടെ സൂചനയല്ല. തീർച്ചയായും ദൈവത്തിന്‌ അവരിൽ അപ്രീതിയില്ല! മറിച്ച്‌, സാർവത്രിക വിവാദവിഷയത്തിൽ അവർ തന്റെ പക്ഷം ഉയർത്തിപ്പിടിക്കുമെന്നതു സംബന്ധിച്ച്‌ അവന്‌ ഉറപ്പുണ്ടെന്നാണ്‌ അതു കാണിക്കുന്നത്‌. (ഇയ്യോബ്‌ 1:⁠8-12; സദൃശവാക്യങ്ങൾ 27:⁠11) യഹോവ തന്നോടു വിശ്വസ്‌തരായിരിക്കുന്നവരെ ഒരിക്കലും കൈവിടില്ല, കാരണം “യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ [“വിശ്വസ്‌തരെ, NW”] ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു.”​—⁠സങ്കീർത്തനം 37:⁠28.

സ്‌നേഹദയയാലും സത്യതയാലും പരിപാലിക്കപ്പെടുന്നു

9, 10. (എ) യഹോവയുടെ സത്യത അവന്റെ ജനത്തെ പരിപാലിക്കുന്നത്‌ എങ്ങനെ? (ബി) തന്നോടു വിശ്വസ്‌തത കാണിക്കുന്നവരെ, യഹോവ തന്റെ സ്‌നേഹദയയാൽ പരിപാലിക്കുന്നുവെന്ന്‌ ബൈബിൾ പ്രകടമാക്കുന്നത്‌ എങ്ങനെ?

9 40-ാം സങ്കീർത്തനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാർഥനയിൽ, യഹോവയുടെ സ്‌നേഹദയയാലും സത്യതയാലും പരിപാലിക്കപ്പെടേണ്ടതിന്‌ ദാവീദ്‌ യാചിച്ചു. യഹോവയുടെ സത്യതയും നീതിസ്‌നേഹവും അവൻ തന്റെ നിലവാരങ്ങൾ വ്യക്തമായി പ്രസ്‌താവിക്കേണ്ടത്‌ ആവശ്യമാക്കിത്തീർക്കുന്നു. ഈ നിലവാരങ്ങളനുസരിച്ചു ജീവിക്കുന്നവർ ഒരു വലിയ അളവോളം ഹൃദയവ്യഥകൾ, ഭയം, ഈ നിലവാരങ്ങൾ അവഗണിക്കുന്ന ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ എന്നിവയിൽനിന്നു സംരക്ഷിക്കപ്പെടുന്നു. ദൃഷ്ടാന്തത്തിന്‌, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗം, കുത്തഴിഞ്ഞ ലൈംഗികത, അക്രമാസക്തമായ ജീവിതശൈലി എന്നിവ ഒഴിവാക്കുന്നെങ്കിൽ നമ്മെത്തന്നെയും നമ്മുടെ പ്രിയപ്പെട്ടവരെയും ഹൃദയഭേദകമായ ധാരാളം പ്രശ്‌നങ്ങളിൽനിന്നു സംരക്ഷിക്കാൻ നമുക്കു കഴിയും. ദാവീദിനെപ്പോലെ, ചിലപ്പോഴൊക്കെ യഹോവയുടെ സത്യതയുടെ പാതയിൽനിന്നു വ്യതിചലിച്ചുപോകുന്ന വ്യക്തികൾക്കുപോലും, അനുതപിക്കുന്ന ദുഷ്‌പ്രവൃത്തിക്കാർക്ക്‌ ദൈവം ഇപ്പോഴും ഒരു ‘മറവിടം’ ആണെന്നുള്ള ഉറപ്പുണ്ടായിരിക്കാൻ കഴിയും. അങ്ങനെയുള്ളവർക്ക്‌ ഇങ്ങനെ സന്തോഷിച്ചാർക്കാൻ കഴിയും: “നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും” അഥവാ കാത്തുകൊള്ളും. (സങ്കീർത്തനം 32:⁠7) ദൈവത്തിന്റെ സ്‌നേഹദയയുടെ എത്ര വലിയ പ്രകടനം!

10 ദൈവം പെട്ടെന്നുതന്നെ നശിപ്പിക്കാൻപോകുന്ന ദുഷ്ടലോകത്തിൽനിന്നു വേർപെട്ടിരിക്കാൻ അവൻ തന്റെ ദാസർക്കു മുന്നറിയിപ്പു നൽകുന്നുവെന്ന വസ്‌തുത അവന്റെ സ്‌നേഹദയയുടെ മറ്റൊരു ഉദാഹരണമാണ്‌. നാം ഇങ്ങനെ വായിക്കുന്നു: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്‌നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്‌നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.” ഈ മുന്നറിയിപ്പിനു ചെവികൊടുക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ നമുക്ക്‌ നമ്മുടെ ജീവൻ അക്ഷരാർഥത്തിൽത്തന്നെ കാത്തുസൂക്ഷിക്കാൻ കഴിയും, എന്നേക്കുമായി. കാരണം, തിരുവെഴുത്ത്‌ ഇങ്ങനെ തുടരുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—⁠1 യോഹന്നാൻ 2:⁠15-17.

ചിന്താപ്രാപ്‌തി, വിവേകം, ജ്ഞാനം എന്നിവയാൽ പരിപാലിക്കപ്പെടുന്നു

11, 12. ചിന്താപ്രാപ്‌തി, വിവേകം, ജ്ഞാനം എന്നിവ നമ്മെ പരിപാലിക്കുന്നത്‌ എങ്ങനെയെന്നു വിശദീകരിക്കുക.

11 ദൈവത്തിന്റെ അംഗീകാരം നേടാൻ പ്രത്യാശിക്കുന്നവർക്ക്‌ ഇങ്ങനെ എഴുതാൻ ദാവീദിന്റെ പുത്രനായ ശലോമോൻ നിശ്വസ്‌തനാക്കപ്പെട്ടു: “വകതിരിവു [“ചിന്താപ്രാപ്‌തി,” NW] നിന്നെ കാക്കും; വിവേകം നിന്നെ [കാത്തു]സൂക്ഷിക്കും.” അവൻ ഇങ്ങനെയും ഉദ്‌ബോധിപ്പിച്ചു: “ജ്ഞാനം സമ്പാദിക്ക: . . . അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ [കാത്തു]സൂക്ഷിക്കും.”​—⁠സദൃശവാക്യങ്ങൾ 2:⁠11; 4:⁠5, 6.

12 നാം ദൈവവചനത്തിൽനിന്നു പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ ചിന്താപ്രാപ്‌തി ഉപയോഗിക്കുകയായിരിക്കും. അങ്ങനെ ചെയ്യുന്നത്‌ ഉചിതമായ മുൻഗണനകൾ വെക്കാൻ കഴിയത്തക്കവിധം മെച്ചപ്പെട്ട വിവേകം വികസിപ്പിച്ചെടുക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നു. ഇതു മർമപ്രധാനമാണ്‌, എന്തുകൊണ്ടെന്നാൽ നമ്മിൽ മിക്കവർക്കും ഒരുപക്ഷേ വ്യക്തിപരമായ അനുഭവത്തിൽനിന്ന്‌ അറിയാവുന്നതുപോലെ, ആളുകൾ മനഃപൂർവമായോ അല്ലാതെയോ ജ്ഞാനപൂർവകമല്ലാത്ത മുൻഗണനകൾ വെക്കുന്നതു പ്രശ്‌നങ്ങളിലേക്കു നയിക്കുന്നു. സാത്താന്റെ ലോകം ഭൗതിക ധനം, പ്രമുഖസ്ഥാനം, അധികാരം തുടങ്ങിയ ലക്ഷ്യങ്ങളാൽ നമ്മെ വശീകരിക്കാൻ ശ്രമിക്കുന്നു. അതേസമയം, പ്രാധാന്യമേറിയ ആത്മീയ മൂല്യങ്ങൾ ലാക്കാക്കി പ്രവർത്തിക്കാൻ യഹോവ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. രണ്ടാമത്തേതിനു മുൻഗണന കൊടുക്കുന്നതിൽ പരാജയപ്പെടുന്നത്‌ കുടുംബച്ഛിദ്രത്തിനും സുഹൃദ്‌ബന്ധങ്ങൾ തകരുന്നതിനും ആത്മീയ ലാക്കുകൾ മങ്ങിപ്പോകുന്നതിനും ഇടയാക്കിയേക്കാം. അങ്ങനെ സംഭവിക്കുന്നത്‌ ഒരു വ്യക്തി യേശു സൂചിപ്പിച്ച ആ ദയനീയ യാഥാർഥ്യത്തെ അഭിമുഖീകരിക്കുന്നതിലേക്കു നയിക്കും: “ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്‌താൽ അവന്നു എന്തു പ്രയോജനം?” (മർക്കൊസ്‌ 8:⁠36) യേശുവിന്റെ പിൻവരുന്ന ബുദ്ധിയുപദേശത്തിനു ചെവികൊടുക്കാൻ ജ്ഞാനം നിർദേശിക്കുന്നു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”​—⁠മത്തായി 6:⁠33.

സ്വാർഥരായിത്തീരുന്നതിന്റെ അപകടം

13, 14. സ്വാർഥരായിരിക്കുക എന്നതിന്റെ അർഥമെന്ത്‌, അങ്ങനെ ആയിത്തീരുന്നതു ജ്ഞാനരഹിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 മനുഷ്യർ ജന്മനാ തങ്ങളിൽത്തന്നെ താത്‌പര്യമുള്ളവരാണ്‌. എന്നാൽ വ്യക്തിപരമായ ആഗ്രഹങ്ങളും താത്‌പര്യങ്ങളും ജീവിതത്തിലെ പരമപ്രധാന സംഗതികളായി മാറുമ്പോൾ അതു പ്രശ്‌നങ്ങളിലേക്കു നയിക്കും. അതുകൊണ്ട്‌ യഹോവയോടുള്ള നമ്മുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിന്‌ സ്വാർഥത ഒഴിവാക്കാൻ അവൻ നമ്മെ പ്രബോധിപ്പിക്കുന്നു. സ്വാർഥരായിരിക്കുക എന്നതിന്റെ അർഥം “സ്വന്തം ആഗ്രഹങ്ങളെയോ ആവശ്യങ്ങളെയോ താത്‌പര്യങ്ങളെയോ കുറിച്ചു മാത്രം ചിന്തയുള്ളവർ” ആയിരിക്കുക എന്നാണ്‌. ആ വിവരണം ഇന്നത്തെ അനേകം ആളുകളെ കൃത്യമായി ചിത്രീകരിക്കുന്നില്ലേ? ശ്രദ്ധേയമായി, സാത്താന്യ ദുഷ്ടവ്യവസ്ഥിതിയുടെ “അന്ത്യകാലത്തു” ‘മനുഷ്യർ സ്വസ്‌നേഹികൾ’ അഥവാ സ്വാർഥർ ആയിത്തീരുമെന്നും ബൈബിൾ മുൻകൂട്ടിപ്പറയുന്നു.​—⁠2 തിമൊഥെയൊസ്‌ 3:⁠1, 2.

14 മറ്റുള്ളവരിൽ താത്‌പര്യമെടുക്കാനും അവരെ തങ്ങളെപ്പോലെതന്നെ സ്‌നേഹിക്കാനും ഉള്ള ബൈബിളിന്റെ കൽപ്പന അനുസരിക്കുന്നതിലെ ജ്ഞാനം ക്രിസ്‌ത്യാനികൾ മനസ്സിലാക്കുന്നു. (ലൂക്കൊസ്‌ 10:⁠27; ഫിലിപ്പിയർ 2:⁠4) ഇതു പ്രായോഗികമല്ലെന്ന്‌ ആളുകൾ പൊതുവേ വിചാരിച്ചേക്കാം. എന്നാൽ വിജയകരമായ ദാമ്പത്യം, സന്തുഷ്ടമായ കുടുംബ ബന്ധങ്ങൾ, സംതൃപ്‌തിദായകമായ സൗഹൃദം എന്നിവ ആസ്വദിക്കുന്നതിന്‌ ഇതു മർമപ്രധാനമാണ്‌. അപ്പോൾ, തന്നോടുതന്നെയുള്ള സ്വാഭാവിക താത്‌പര്യം പ്രാധാന്യമേറിയ കാര്യങ്ങൾ ഒഴിവാക്കുന്ന അളവോളം ജീവിതത്തിൽ സ്ഥാനം പിടിക്കാൻ യഹോവയുടെ ഒരു യഥാർഥ സേവകൻ ഒരിക്കലും അനുവദിക്കരുത്‌. ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറിയ കാര്യങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്‌ താൻ ആരാധിക്കുന്ന ദൈവമായ യഹോവയുടെ താത്‌പര്യങ്ങളാണ്‌.

15, 16. (എ) സ്വാർഥമനോഭാവത്തിന്‌ എന്തിലേക്കു നയിക്കാൻ കഴിയും, ആരുടെ അനുഭവം ഇത്‌ ഉദാഹരിക്കുന്നു? (ബി) ഒരു വ്യക്തി മറ്റുള്ളവരെ വിധിക്കാൻ തിടുക്കംകൂട്ടുമ്പോൾ അയാൾ യഥാർഥത്തിൽ എന്താണു ചെയ്യുന്നത്‌?

15 സ്വാർഥമനോഭാവത്തിന്‌ ഒരുവനെ സ്വയം നീതിമാനായി കാണുന്നതിലേക്കു നയിക്കാനാകും, അതാകട്ടെ ഒരു വ്യക്തി ഇടുങ്ങിയ ചിന്താഗതിയോ ധിക്കാരമനോഭാവമോ ഉള്ള ആളായിത്തീരുന്നതിന്‌ ഇടയാക്കിയേക്കാം. ബൈബിൾ ഉചിതമായി ഇങ്ങനെ പറയുന്നു: “വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവർത്തിക്കുന്നുവല്ലോ.” (റോമർ 2:⁠1; 14:⁠4, 10) യേശുവിന്റെ നാളിലെ മതനേതാക്കൾ, യേശുവിനെയും അവന്റെ അനുഗാമികളെയും കുറ്റംവിധിക്കാൻ യോഗ്യതയുള്ളവരായി തങ്ങളെത്തന്നെ കണക്കാക്കത്തക്കവണ്ണം സ്വന്തം നീതി സംബന്ധിച്ച്‌ വളരെ ബോധ്യമുള്ളവരായിരുന്നു. അങ്ങനെ ചെയ്‌തുകൊണ്ട്‌ അവർ തങ്ങളെത്തന്നെ വിധികർത്താക്കൾ ആക്കിത്തീർത്തു. തങ്ങളുടെതന്നെ പോരായ്‌മകൾ കാണാൻ കഴിയാതിരുന്ന അവർ വാസ്‌തവത്തിൽ തങ്ങളുടെമേൽത്തന്നെ കുറ്റവിധി വരുത്തുകയാണു ചെയ്‌തത്‌.

16 യേശുവിനെ ഒറ്റിക്കൊടുത്ത അവന്റെ അനുഗാമി യൂദാ, മറ്റുള്ളവരെ വിധിക്കുന്നവനായിത്തീരാൻ തന്നെത്തന്നെ അനുവദിച്ചു. ബേഥാന്യയിൽവെച്ച്‌, ലാസറിന്റെ സഹോദരിയായ മറിയ സുഗന്ധതൈലംകൊണ്ട്‌ യേശുവിനെ അഭിഷേകം ചെയ്‌തപ്പോൾ യൂദാ ശക്തമായ വിയോജിപ്പു പ്രകടിപ്പിച്ചു. “ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്ത്‌” എന്നു ചോദിച്ചുകൊണ്ട്‌ അവൻ തന്റെ രോഷം പ്രകടമാക്കി. എന്നാൽ ബൈബിൾ വിവരണം തുടർന്ന്‌ ഇങ്ങനെ വിശദീകരിക്കുന്നു: “ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്‌.” (യോഹന്നാൻ 12:⁠1-6) മറ്റുള്ളവരെ വിധിക്കാൻ തിടുക്കം കാണിക്കുകയും അങ്ങനെ തങ്ങളുടെമേൽത്തന്നെ കുറ്റവിധി വരുത്തുകയും ചെയ്‌ത യൂദായെയോ മതനേതാക്കന്മാരെയോ പോലെ നമുക്ക്‌ ഒരിക്കലും ആയിത്തീരാതിരിക്കാം.

17. അഹംഭാവമോ അതിരുകടന്ന ആത്മവിശ്വാസമോ ഉള്ളവരായിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടം ദൃഷ്ടാന്തീകരിക്കുക.

17 ഖേദകരമെന്നു പറയട്ടെ, ചില ആദിമ ക്രിസ്‌ത്യാനികൾ യൂദായെപ്പോലെ കള്ളന്മാരായിരുന്നില്ലെങ്കിലും, തങ്ങൾ വലിയ ആളുകളാണെന്നു ഭാവിച്ച്‌ അഹങ്കാരത്തിന്‌ അടിമകളായിത്തീർന്നു. അവരെക്കുറിച്ച്‌ യാക്കോബ്‌ ഇങ്ങനെ എഴുതി: “നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു.” അവൻ ഇപ്രകാരം കൂട്ടിച്ചേർത്തു: “ഈവക പ്രശംസ [“അഹംഭാവം,” NW] എല്ലാം ദോഷം ആകുന്നു.” (യാക്കോബ്‌ 4:⁠16) നമ്മുടെ നേട്ടങ്ങളെയോ യഹോവയുടെ സേവനത്തിൽ ആസ്വദിക്കുന്ന പദവികളെയോ കുറിച്ചു പൊങ്ങച്ചം പറയുന്നത്‌ നമുക്കുതന്നെ കുഴപ്പം വരുത്തിവെക്കും. (സദൃശവാക്യങ്ങൾ 14:⁠16) അപ്പൊസ്‌തലനായ പത്രൊസിനു സംഭവിച്ചത്‌ എന്താണെന്നു നമുക്കറിയാം. അമിത ആത്മവിശ്വാസത്തിന്റെ നൈമിഷിക തിരത്തള്ളലിൽ അവൻ ഇങ്ങനെ വമ്പു പറഞ്ഞു: “എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല. . . . നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല.” യഥാർഥത്തിൽ നമുക്ക്‌ നമ്മെക്കുറിച്ചു പൊങ്ങച്ചം പറയാൻ ഒന്നുമില്ല. നാം ആസ്വദിക്കുന്നതെല്ലാം യഹോവയുടെ സ്‌നേഹദയ ഒന്നുകൊണ്ടുമാത്രം ലഭിച്ചതാണ്‌. ഇത്‌ ഓർമിക്കുന്നത്‌ അഹംഭാവമുള്ളവരാകാതിരിക്കാൻ നമ്മെ സഹായിക്കും.​—⁠മത്തായി 26:⁠33-35, 69-75.

18. യഹോവ അഹങ്കാരത്തെ എങ്ങനെ വീക്ഷിക്കുന്നു?

18 നമ്മോട്‌ ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു: “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്‌ചക്കു മുമ്പെ ഉന്നതഭാവം.” എന്തുകൊണ്ട്‌? യഹോവ ഉത്തരം നൽകുന്നു: “ഡംഭം, അഹങ്കാരം . . . എന്നിവയെ ഞാൻ പകെക്കുന്നു” അഥവാ വെറുക്കുന്നു. (സദൃശവാക്യങ്ങൾ 8:⁠13; 16:⁠18) ‘അശ്ശൂർരാജാവിന്റെ അഹങ്കാരവും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയും’ കണ്ട്‌ യഹോവയുടെ ക്രോധം ജ്വലിച്ചതിൽ അതിശയിക്കാനില്ല! (യെശയ്യാവു 10:⁠12) യഹോവ അവനോടു കണക്കുചോദിച്ചു അഥവാ അവനെ ശിക്ഷിച്ചു. പെട്ടെന്നുതന്നെ, അഹങ്കാരികളും സ്വയം പ്രാമാണ്യം കൽപ്പിക്കുന്നവരും ആയ നേതാക്കൾ ഉൾപ്പെടെ സാത്താന്യ ലോകത്തിന്റെ ദൃശ്യവും അദൃശ്യവും ആയ മുഴു ഘടകങ്ങളും കണക്കുബോധിപ്പിക്കേണ്ടിവരും. നമുക്ക്‌ ഒരിക്കലും യഹോവയുടെ എതിരാളികളുടെ തന്നിഷ്ട മനോഭാവം പ്രകടിപ്പിക്കാതിരിക്കാം.

19. ദൈവജനം അഭിമാനമുള്ളവരും അതേസമയം താഴ്‌മയുള്ളവരും ആയിരിക്കുന്നത്‌ ഏതർഥത്തിൽ?

19 സത്യക്രിസ്‌ത്യാനികൾക്ക്‌ യഹോവയുടെ സേവകരായിരിക്കുന്നതിൽ അഭിമാനിക്കുന്നതിന്‌ എല്ലാ കാരണവുമുണ്ട്‌. (യിരെമ്യാവു 9:⁠24, NW) അതേസമയം താഴ്‌മയുള്ളവരായിരിക്കാനും അവർക്കു സകല കാരണവുമുണ്ട്‌. എന്തുകൊണ്ട്‌? “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” എന്നതിനാൽത്തന്നെ. (റോമർ 3:⁠23) അതുകൊണ്ട്‌ യഹോവയുടെ സേവകരെന്ന നിലയിലുള്ള നമ്മുടെ സ്ഥാനം കാത്തുസൂക്ഷിക്കുന്നതിന്‌ നമുക്ക്‌ അപ്പൊസ്‌തലനായ പൗലൊസിന്റെ മനോഭാവമുണ്ടായിരിക്കണം. അവൻ ഇങ്ങനെ പറഞ്ഞു: “ക്രിസ്‌തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു.” തുടർന്ന്‌ പൗലൊസ്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “ആ പാപികളിൽ ഞാൻ ഒന്നാമൻ.”​—⁠1 തിമൊഥെയൊസ്‌ 1:⁠15.

20. ഏതു വിധത്തിലാണ്‌ യഹോവ തന്റെ ജനത്തെ ഇപ്പോൾ പരിപാലിക്കുന്നത്‌, ഭാവിയിൽ അവൻ അവരെ എങ്ങനെ സംരക്ഷിക്കും?

20 ദൈവിക താത്‌പര്യങ്ങൾക്കു മുൻഗണന കൊടുക്കുന്നതിനുവേണ്ടി, യഹോവയുടെ ജനം സന്തോഷപൂർവം തങ്ങളുടെ വ്യക്തിഗത താത്‌പര്യങ്ങൾ രണ്ടാം സ്ഥാനത്തേക്കു മാറ്റുന്നു. തന്നിമിത്തം യഹോവ അവരെ ആത്മീയമായി പരിപാലിക്കുന്നതിൽ തുടരുമെന്ന്‌ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും. മഹോപദ്രവം ആഞ്ഞടിക്കുമ്പോൾ, യഹോവ തന്റെ ജനത്തെ ആത്മീയമായി മാത്രമല്ല ഭൗതികമായും പരിപാലിക്കുമെന്നതു സംബന്ധിച്ചും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. ദൈവത്തിന്റെ പുതിയ ലോകത്തിലേക്കു പ്രവേശിക്കുമ്പോൾ ഇങ്ങനെ ഉദ്‌ഘോഷിക്കാൻ അവർക്കു സാധിക്കും: “ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം.”​—⁠യെശയ്യാവു 25:⁠9.

നിങ്ങൾ ഓർമിക്കുന്നുവോ?

• ദാവീദ്‌ രാജാവും യേശുക്രിസ്‌തുവും പരിപാലിക്കപ്പെട്ടത്‌ എങ്ങനെ?

• ഇന്ന്‌ യഹോവയുടെ ജനം പരിപാലിക്കപ്പെടുന്നത്‌ എങ്ങനെ?

• നാം സ്വാർഥത ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

• നമുക്ക്‌ അഭിമാനിക്കാനും അതേസമയം താഴ്‌മയുള്ളവരായിരിക്കാനും കഴിയുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രങ്ങൾ]

ദാവീദിനെയും യേശുവിനെയും യഹോവ പരിപാലിച്ചത്‌ എങ്ങനെ?

[11-ാം പേജിലെ ചിത്രങ്ങൾ]

ഏതെല്ലാം വിധങ്ങളിലാണ്‌ ദൈവജനം ഇന്ന്‌ ആത്മീയമായി പരിപാലിക്കപ്പെടുന്നത്‌?

[12-ാം പേജിലെ ചിത്രങ്ങൾ]

യഹോവയെ സേവിക്കുന്നതിൽ അഭിമാനിക്കുന്നവരെങ്കിലും നാം എല്ലായ്‌പോഴും താഴ്‌മയുള്ളവരായിരിക്കണം