പ്രവൃത്തികളാൽ മാത്രമല്ല, അനർഹദയയാലും രക്ഷിക്കപ്പെടുന്നു
പ്രവൃത്തികളാൽ മാത്രമല്ല, അനർഹദയയാലും രക്ഷിക്കപ്പെടുന്നു
‘നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികൾ [മാത്രം] കാരണമല്ല.’—എഫെസ്യർ 2:8, 9.
1. വ്യക്തിപരമായ നേട്ടങ്ങളോടുള്ള ബന്ധത്തിൽ ക്രിസ്‌ത്യാനികൾ പൊതുവേ മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തരായിരിക്കുന്നത് എങ്ങനെ, എന്തുകൊണ്ട്?
ആളുകൾ ഇന്ന് വ്യക്തിപരമായ നേട്ടങ്ങളിൽ വളരെയേറെ അഭിമാനംകൊള്ളുന്നു, അവയെക്കുറിച്ചു പൊങ്ങച്ചംപറയാൻ അവർ മിക്കപ്പോഴും തിടുക്കമുള്ളവരാണ്. എന്നാൽ ക്രിസ്‌ത്യാനികൾ വ്യത്യസ്‌തരാണ്. തങ്ങളുടെ നേട്ടങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നതിൽനിന്ന് അവർ ഒഴിഞ്ഞുനിൽക്കുന്നു, ആ നേട്ടങ്ങൾ സത്യാരാധനയോടു ബന്ധപ്പെട്ടവയാണെങ്കിൽപ്പോലും. യഹോവയുടെ ജനം ഒരു കൂട്ടമെന്ന നിലയിൽ കൈവരിക്കുന്ന നേട്ടങ്ങളിൽ സന്തോഷിക്കുമ്പോൾത്തന്നെ ആ നേട്ടത്തിനു വ്യക്തിപരമായി നൽകിയ സംഭാവനകൾ അവർ കൊട്ടിഘോഷിക്കുന്നില്ല. യഹോവയുടെ സേവനത്തിൽ വ്യക്തിപരമായ നേട്ടങ്ങളെക്കാൾ പ്രധാനം ശരിയായ ആന്തരമാണെന്ന് അവർ തിരിച്ചറിയുന്നു. ഒടുവിൽ നിത്യജീവനാകുന്ന ദാനം കരസ്ഥമാക്കുന്ന ഏവർക്കും അതു ലഭിക്കുന്നതു സ്വന്തപ്രാപ്‌തിയാലല്ല, വിശ്വാസത്താലും ദൈവത്തിന്റെ അനർഹദയയാലും ആണ്.—ലൂക്കൊസ് 17:10; യോഹന്നാൻ 3:16.
2, 3. പൗലൊസ് എന്തിനെക്കുറിച്ചാണു പ്രശംസിച്ചത്, എന്തുകൊണ്ട്?
2 അപ്പൊസ്‌തലനായ പൗലൊസിന് ഈ കാര്യം നന്നായി അറിയാമായിരുന്നു. അവന് “ജഡത്തിൽ ഒരു ശൂലം” ഉണ്ടായിരുന്നു. അതിൽനിന്ന് ആശ്വാസം ലഭിക്കുന്നതിനുവേണ്ടി മൂന്നു തവണ പ്രാർഥിച്ചപ്പോൾ യഹോവ അവന് ഉത്തരമരുളിയത് ഇപ്രകാരമായിരുന്നു: “എന്റെ കൃപ [“അനർഹദയ,” NW] നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.” യഹോവയുടെ തീരുമാനം താഴ്‌മയോടെ സ്വീകരിച്ചുകൊണ്ട് പൗലൊസ് പറഞ്ഞു: “ക്രിസ്‌തുവിന്റെ 2 കൊരിന്ത്യർ 12:7-9.
ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.” പൗലൊസ് വെച്ച താഴ്‌മയുള്ള ഈ മാതൃക നാം അനുകരിക്കേണ്ടതാണ്.—3 ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ പൗലൊസിന് പ്രമുഖമായ ഒരു പങ്ക് ഉണ്ടായിരുന്നെങ്കിലും തനിക്കു ചെയ്യാൻ കഴിഞ്ഞ കാര്യങ്ങൾ തന്റെ ഏതെങ്കിലും പ്രത്യേക പ്രാപ്‌തി നിമിത്തമല്ലെന്ന് അവൻ തിരിച്ചറിഞ്ഞു. വിനയത്തോടെ അവൻ ഇങ്ങനെ എഴുതി: “സകലവിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ [“ഏറ്റവും ചെറിയവനെക്കാൾ ചെറിയവനായ,” NW] എനിക്കു ജാതികളോടു ക്രിസ്‌തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും . . . ഈ കൃപ [“അനർഹദയ,” NW] നല്‌കിയിരിക്കുന്നു.” (എഫെസ്യർ 3:8, 9) ഇവിടെ പൗലൊസ് ആത്മപ്രശംസ നടത്തുകയോ സ്വയം നീതീകരിക്കാൻ ശ്രമിച്ചുകൊണ്ട് നിഗളിക്കുകയോ ചെയ്യുന്നില്ല. “ദൈവം നിഗളികളോടു എതിർത്തുനില്‌ക്കയും താഴ്‌മയുള്ളവർക്കു കൃപ [“അനർഹദയ,” NW] നല്‌കുകയും ചെയ്യുന്നു.” (യാക്കോബ് 4:6; 1 പത്രൊസ് 5:5) നമ്മുടെ സഹോദരങ്ങളിൽ ഏറ്റവും ചെറിയവനെക്കാൾ ചെറിയവനായി സ്വയം കരുതിക്കൊണ്ട് നാം പൗലൊസിന്റെ മാതൃക പിൻപറ്റുന്നുണ്ടോ?
‘മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്‌ഠരായി കരുതൽ’
4. മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്‌ഠരായി കാണാൻ ചിലപ്പോൾ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
4 അപ്പൊസ്‌തലനായ പൗലൊസ് ക്രിസ്‌ത്യാനികളെ ഇപ്രകാരം ബുദ്ധിയുപദേശിച്ചു: “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്‌മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്‌ഠൻ എന്നു എണ്ണിക്കൊൾവിൻ.” (ഫിലിപ്പിയർ 2:3) നാം ഉത്തരവാദിത്വസ്ഥാനത്തുള്ള ഒരാളാണെങ്കിൽ ഇതു വിശേഷിച്ച് ബുദ്ധിമുട്ടായിരുന്നേക്കാം. ഇന്ന് ലോകത്തിൽ വ്യാപകമായിരിക്കുന്ന മത്സരാത്മാവ് ഒരു പരിധിവരെ നമ്മെ സ്വാധീനിച്ചിരിക്കുന്നതാകാം ഒരുപക്ഷേ ഈ പ്രശ്‌നത്തിനു കാരണം. കുട്ടിക്കാലത്ത്, സഹോദരങ്ങളോടോ സഹപാഠികളോടോ മത്സരിക്കാൻ നമ്മെ പഠിപ്പിച്ചിരിക്കാം. ഒരുപക്ഷേ, കായികരംഗത്തോ പഠനത്തിലോ സ്‌കൂളിലെ മറ്റെല്ലാവരെയും പിന്നിലാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ തുടർച്ചയായി നമ്മെ പ്രോത്സാഹിപ്പിച്ചിരുന്നിരിക്കാം. നാം ഏറ്റെടുക്കുന്ന ഉചിതമായ ഏതു സംരംഭത്തിലും നമ്മുടെ പരമാവധി ചെയ്യുകയെന്നതു തീർച്ചയായും പ്രശംസനീയമാണ്. എന്നിരുന്നാലും ക്രിസ്‌ത്യാനികൾ അങ്ങനെ ചെയ്യുന്നത് തങ്ങളിലേക്ക് അനുചിതമായ ശ്രദ്ധ ക്ഷണിക്കാനല്ല, മറിച്ച് ആ പ്രവർത്തനത്തിൽനിന്നു പൂർണ പ്രയോജനം നേടുന്നതിനും ഒരുപക്ഷേ, മറ്റുള്ളവരുടെ പ്രയോജനത്തിൽ കലാശിക്കുന്നതിനും വേണ്ടിയാണ്. ഒന്നാമനായി പുകഴ്‌ത്തപ്പെടാൻ എല്ലായ്‌പോഴും ആഗ്രഹിക്കുന്നത് അപകടകരമായേക്കാം. അതെങ്ങനെ?
5. നിയന്ത്രിക്കുന്നില്ലെങ്കിൽ, മത്സരമനോഭാവം എന്തിലേക്കു നയിച്ചേക്കാം?
5 ഒരു വ്യക്തി, മത്സരത്തിന്റെയോ അഹങ്കാരത്തിന്റെയോ മനോഭാവം നിയന്ത്രിക്കുന്നില്ലെങ്കിൽ അയാൾ ആദരവില്ലാത്തവനും ധാർഷ്‌ട്യക്കാരനും ആയി മാറാൻ ഇടയുണ്ട്. അയാൾ മറ്റുള്ളവരുടെ പ്രാപ്‌തികളിലും പദവികളിലും അസൂയാലുവായിത്തീർന്നേക്കാം. സദൃശവാക്യങ്ങൾ 28:22 പറയുന്നു: “കണ്ണുകടിയുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവൻ അറിയുന്നതുമില്ല.” അയാൾ, തനിക്ക് അർഹതയില്ലാത്ത സ്ഥാനങ്ങൾ കരസ്ഥമാക്കാൻ ധിക്കാരപൂർവം ശ്രമിക്കുകപോലും ചെയ്‌തേക്കാം. പിറുപിറുപ്പും വിമർശന മനോഭാവവും ക്രിസ്‌ത്യാനികൾ അവശ്യം വർജിക്കേണ്ടതാണെങ്കിലും തന്റെ പ്രവൃത്തികളെ ന്യായീകരിക്കുന്നതിനുവേണ്ടി അയാൾ അവ അവലംബിച്ചേക്കാം. (യാക്കോബ് 3:14-16) എന്തുതന്നെയായാലും, അയാളിപ്പോൾ സ്വാർഥ മനോഭാവം വളർത്തിയെടുക്കുന്നതിന്റെ അപകടം അഭിമുഖീകരിക്കുകയാണ്.
6. മത്സര മനോഭാവത്തിനെതിരെ ബൈബിൾ മുന്നറിയിപ്പു നൽകുന്നത് എങ്ങനെ?
6 അതുകൊണ്ട് ബൈബിൾ, ക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുത്.” (ഗലാത്യർ 5:26) ഇത്തരം മനോഭാവത്തിന് അടിപ്പെട്ടുപോയ ഒരു സഹക്രിസ്‌ത്യാനിയെക്കുറിച്ച് അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “സഭെക്കു ഞാൻ ഒന്നെഴുതിയിരുന്നു: എങ്കിലും അവരിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല. അതുകൊണ്ടു ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർവ്വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന്നു ഓർമ്മ വരുത്തും.” ഒരു ക്രിസ്‌ത്യാനിയുടെ എത്ര സങ്കടകരമായ പതനം!—3 യോഹന്നാൻ 9, 10.
7. ഇന്നത്തെ മത്സരാത്മക തൊഴിൽരംഗത്ത് ഒരു ക്രിസ്‌ത്യാനി എന്ത് ഒഴിവാക്കാൻ ആഗ്രഹിക്കും?
7 തീർച്ചയായും, ഒരു ക്രിസ്‌ത്യാനിക്ക് മത്സരാത്മകമായ എല്ലാ മേഖലകളും പൂർണമായി ഒഴിവാക്കാനാകുമെന്നു വിചാരിക്കുന്നതു യാഥാർഥ്യത്തിനു നിരക്കുന്നതല്ല. ഉദാഹരണത്തിന് അയാളുടെ ലൗകിക തൊഴിലിൽ, അയാൾ നൽകുന്ന അതേ തരത്തിലുള്ള സാധനങ്ങളോ സേവനങ്ങളോ പ്രദാനംചെയ്യുന്ന മറ്റു വ്യക്തികളോടോ സ്ഥാപനങ്ങളോടോ ഉള്ള സാമ്പത്തിക മത്സരം ഉൾപ്പെട്ടേക്കാം. എന്നാൽ അത്തരം സാഹചര്യങ്ങളിൽപ്പോലും ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും പരിഗണനയുടെയും ആത്മാവു പ്രകടമാക്കിക്കൊണ്ട് ബിസിനസ് തുടരാൻ ഒരു ക്രിസ്‌ത്യാനി ആഗ്രഹിക്കും. അയാൾ നിയമവിരുദ്ധമോ ക്രിസ്‌തീയവിരുദ്ധമോ ആയ ഏതു നടപടിയും നിരസിക്കുകയും കിടമത്സരത്തിന്റെയും കഴുത്തറപ്പൻ മനോഭാവത്തിന്റെയും പേരിൽ അറിയപ്പെടുന്നത് ഒഴിവാക്കുകയും ചെയ്യും. ഏതു മേഖലയിലായാലും, ഒന്നാം സ്ഥാനം കരസ്ഥമാക്കുകയെന്നതാണു ജീവിതത്തിലെ അതിപ്രധാന സംഗതിയെന്ന് അയാൾ കരുതുകയില്ല. ഒരു ക്രിസ്‌ത്യാനി, ലൗകിക കാര്യങ്ങളിൽ അത്തരമൊരു മനോഭാവമാണു പ്രകടമാക്കേണ്ടതെങ്കിൽ, ആരാധനയുടെ കാര്യത്തിൽ അത് എത്രയധികം!
“മറ്റേയാളിനോടുള്ള താരതമ്യത്തിലല്ല”
8, 9. (എ) ക്രിസ്‌തീയ മൂപ്പന്മാർക്ക് പരസ്‌പരം മത്സരിക്കുന്നതിനു യാതൊരു കാരണവും ഇല്ലാത്തത് എന്തുകൊണ്ട്? (ബി) 1 പത്രൊസ് 4:10 എല്ലാ ദൈവദാസന്മാർക്കും ബാധകമാകുന്നത് എന്തുകൊണ്ട്?
8 ക്രിസ്‌ത്യാനികൾക്ക് ആരാധനയോടുള്ള ബന്ധത്തിൽ ഉണ്ടായിരിക്കേണ്ട മനോഭാവം പിൻവരുന്ന നിശ്വസ്‌ത വാക്കുകളിൽ വിശദീകരിച്ചിരിക്കുന്നു: “ഓരോരുത്തനും തന്റെ സ്വന്തം പ്രവൃത്തി എന്തെന്നു തെളിയിക്കട്ടെ, അപ്പോൾ അവനു തന്നേക്കുറിച്ചുതന്നെ ആഹ്ലാദത്തിനു കാരണമുണ്ടായിരിക്കും, മറ്റേയാളിനോടുള്ള താരതമ്യത്തിലല്ല.” (ഗലാത്യർ 6:4, NW) സഭയിലെ മൂപ്പന്മാർ, തങ്ങൾ പരസ്‌പരം മത്സരത്തിൽ ഏർപ്പെട്ടിരിക്കുകയല്ലെന്ന് ഓർത്തുകൊണ്ട്, ഒരു കൂട്ടമെന്ന നിലയിൽ സഹകരിക്കുകയും ഒത്തൊരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. സഭയുടെ ആകമാന ക്ഷേമത്തിനായി ഓരോരുത്തർക്കും വ്യക്തിഗതമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെപ്രതി അവർ സന്തോഷിക്കുന്നു. അങ്ങനെ അവർ, ഛിദ്രിപ്പിക്കുന്ന മത്സരം ഒഴിവാക്കുകയും സഭയിലെ മറ്റുള്ളവർക്ക് ഐക്യത്തിന്റെ ഒരു മികച്ച മാതൃകവെക്കുകയും ചെയ്യുന്നു.
9 പ്രായമോ അനുഭവപരിചയമോ നൈസർഗിക കഴിവുകളോ നിമിത്തം മൂപ്പന്മാരിൽ ചിലർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ കാര്യപ്രാപ്‌തിയുള്ളവർ ആയിരിക്കാം, അല്ലെങ്കിൽ അവർക്കു മെച്ചപ്പെട്ട ഉൾക്കാഴ്‌ച ഉണ്ടായിരുന്നേക്കാം. തത്‌ഫലമായി യഹോവയുടെ സംഘടനയിൽ മൂപ്പന്മാർക്കു വ്യത്യസ്‌ത ഉത്തരവാദിത്വങ്ങളാണുള്ളത്. പരസ്‌പരം താരതമ്യംചെയ്യുന്നതിനു പകരം, അവർ ഈ ബുദ്ധിയുപദേശം മനസ്സിൽപ്പിടിക്കുന്നു: “ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ [“ദൈവത്തിന്റെ അനർഹദയയുടെ,” NW] നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.” (1 പത്രൊസ് 4:10) വാസ്‌തവത്തിൽ ഈ തിരുവെഴുത്ത് യഹോവയുടെ എല്ലാ ദാസന്മാർക്കും ബാധകമാണ്, കാരണം എല്ലാവർക്കും സൂക്ഷ്‌മപരിജ്ഞാനമാകുന്ന “വരം” ഒരളവോളം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ക്രിസ്‌തീയ ശുശ്രൂഷയിൽ ഏർപ്പെടുന്നതിനുള്ള പദവിയും എല്ലാവരും ആസ്വദിക്കുന്നു.
10. നമ്മുടെ വിശുദ്ധ സേവനം ഏതു വിധത്തിലുള്ളതാണെങ്കിൽ മാത്രമേ യഹോവയ്‌ക്കു സ്വീകാര്യമായിരിക്കുകയുള്ളൂ?
10 നമ്മുടെ വിശുദ്ധ സേവനം സ്‌നേഹത്താലും ഭക്തിയാലും പ്രചോദിതമായിരിക്കുമ്പോൾ മാത്രമേ അത് യഹോവയ്‌ക്കു പ്രസാദകരമായിരിക്കുകയുള്ളൂ. സദൃശവാക്യങ്ങൾ 24:12; 1 ശമൂവേൽ 16:7) അതുകൊണ്ട് ഇടയ്‌ക്കിടെ നാമെല്ലാം സ്വയം ഇങ്ങനെ ചോദിക്കണം: ‘എന്ത് ആന്തരത്തോടെയാണ് ഞാൻ യഹോവയെ സേവിക്കുന്നത്?’—സങ്കീർത്തനം 24:3, 4; മത്തായി 5:8.
മറ്റുള്ളവർക്കു മീതെ നമ്മെത്തന്നെ ഉയർത്തുകയാണു നമ്മുടെ ലക്ഷ്യമെങ്കിൽ നമ്മുടെ സേവനത്തിൽ യഹോവ പ്രസാദിക്കുകയില്ല. അതുകൊണ്ട് സത്യാരാധനയെ പിന്തുണയ്‌ക്കുന്ന നമ്മുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കുന്നതു മർമപ്രധാനമാണ്. മനുഷ്യർക്കാർക്കും മറ്റുള്ളവരുടെ ആന്തരങ്ങളെ കൃത്യമായി വിലയിരുത്താനാവില്ലെങ്കിലും യഹോവ “ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ” ആണ്. (വിശ്വാസത്തിന്റെ പ്രവൃത്തികൾ സംബന്ധിച്ച ഉചിതമായ വീക്ഷണം
11. ശുശ്രൂഷയിലെ നമ്മുടെ പ്രവർത്തനം സംബന്ധിച്ച് ന്യായയുക്തമായ ഏതു ചോദ്യങ്ങൾ പരിചിന്തിക്കാവുന്നതാണ്?
11 യഹോവയുടെ അംഗീകാരം നേടുന്നതിൽ ആന്തരത്തിനു പരമപ്രാധാന്യമാണുള്ളതെങ്കിൽ വിശ്വാസത്തിന്റെ പ്രവൃത്തികൾക്കു നാം ഏതളവോളം പരിഗണന നൽകണം? ശരിയായ ആന്തരത്തോടെ നാം ശുശ്രൂഷ നിർവഹിക്കുന്നിടത്തോളം, നാം എന്തു ചെയ്യുന്നുവെന്നതോ എത്രമാത്രം ചെയ്യുന്നുവെന്നതോ സംബന്ധിച്ച് രേഖ സൂക്ഷിക്കേണ്ടത് യഥാർഥത്തിൽ ആവശ്യമാണോ? ഈ ചോദ്യങ്ങൾ ന്യായയുക്തമാണ്, കാരണം സംഖ്യകൾക്ക്, നാം യഹോവയുടെ സേവനത്തിൽ യഥാർഥത്തിൽ ചെയ്യുന്ന കാര്യങ്ങളെക്കാൾ പ്രാധാന്യം വരാൻ നാം ആഗ്രഹിക്കുന്നില്ല. അതായത് ഒരു നല്ല റിപ്പോർട്ട് ഉണ്ടാക്കുകയെന്നത് നമ്മുടെ ക്രിസ്‌തീയ പ്രവർത്തനത്തിലെ ഒരു മുഖ്യസംഗതി ആയിരിക്കാൻ നാം അനുവദിക്കുന്നില്ല.
12, 13. (എ) നാം, നമ്മുടെ വയൽസേവന രേഖ സൂക്ഷിക്കുന്നതിനുള്ള ചില കാരണങ്ങൾ ഏവ? (ബി) നമ്മുടെ പ്രസംഗവേലയുടെ ആകമാന റിപ്പോർട്ടു കാണുമ്പോൾ സന്തോഷിക്കുന്നതിന് നമുക്ക് എന്തെല്ലാം കാരണങ്ങൾ ഉണ്ട്?
12 യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്‌തകം പറയുന്നതു ശ്രദ്ധിക്കൂ: “പ്രസംഗവേലയുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകളിൽ യേശുക്രിസ്‌തുവിന്റെ ആദിമ അനുഗാമികൾ തത്‌പരരായിരുന്നു. (മർക്കൊ. 6:30) പെന്തെക്കൊസ്‌തിൽ ശിഷ്യരുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ 120-ഓളം പേരാണു സന്നിഹിതരായിരുന്നതെന്ന് പ്രവൃത്തികൾ എന്ന ബൈബിൾ പുസ്‌തകം നമ്മോടു പറയുന്നു. പെട്ടെന്നുതന്നെ ശിഷ്യരുടെ എണ്ണം 3,000-മായും തുടർന്ന് 5,000-മായും വർധിച്ചു. . . . (പ്രവൃ. 1:15; 2:5-11, 41, 47; 4:4; 6:7) വർധന സംബന്ധിച്ചുള്ള ആ നല്ല വാർത്തകൾ ശിഷ്യരെ എത്രമാത്രം പ്രോത്സാഹിപ്പിച്ചിരിക്കണം!” അതേ കാരണത്താൽ ഇന്ന്, യേശുവിന്റെ പിൻവരുന്ന വാക്കുകളുടെ നിവൃത്തിയായി ലോകവ്യാപകമായി നിർവഹിക്കപ്പെടുന്ന വേല സംബന്ധിച്ച കൃത്യമായ രേഖകൾ സൂക്ഷിക്കാൻ യഹോവയുടെ സാക്ഷികൾ യത്‌നിക്കുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അത്തരം റിപ്പോർട്ടുകൾ, ലോകവ്യാപക വയലിൽ നിർവഹിക്കപ്പെടുന്ന വേലയുടെ യഥാർഥ ചിത്രം പ്രദാനംചെയ്യുന്നു. പ്രസംഗവേലയുടെ പുരോഗതിക്ക് എവിടെയാണു സഹായം ആവശ്യമുള്ളതെന്നും ഏതുതരം സാഹിത്യം എത്രത്തോളം ആവശ്യമാണെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
13 അപ്പോൾ, നമ്മുടെ പ്രസംഗ പ്രവർത്തനം റിപ്പോർട്ടു ചെയ്യുന്നത് രാജ്യസുവാർത്ത പ്രസംഗിക്കുകയെന്ന നിയോഗം കൂടുതൽ ഫലപ്രദമായി ചെയ്യുന്നതിനു നമ്മെ പ്രാപ്‌തരാക്കുന്നു. മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നമ്മുടെ സഹോദരങ്ങൾ ചെയ്യുന്ന വേലയെക്കുറിച്ചു കേൾക്കുമ്പോൾ നാം പ്രോത്സാഹിതരാകുന്നില്ലേ? ലോകവ്യാപകമായുള്ള വളർച്ചയെയും വികസനത്തെയും കുറിച്ചുള്ള വാർത്തകൾ നമ്മെ സന്തോഷഭരിതരാക്കുകയും കൂടുതൽ പ്രവർത്തനത്തിനു പ്രചോദിപ്പിക്കുകയും യഹോവയുടെ അനുഗ്രഹം സംബന്ധിച്ച് ഉറപ്പു നൽകുകയും ചെയ്യുന്നു. നമ്മുടെ വ്യക്തിപരമായ റിപ്പോർട്ടും ലോകവ്യാപക റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത് എത്ര ആഹ്ലാദകരമാണ്! ലോകമെമ്പാടും ചെയ്യപ്പെടുന്ന വേലയോടുള്ള താരതമ്യത്തിൽ നമ്മുടെ പങ്ക് ചെറുതാണ്, എന്നാൽ അത് യഹോവയുടെ ശ്രദ്ധിയിൽപ്പെടാതെ പോകുന്നില്ല. (മർക്കൊസ് 12:42, 43) നിങ്ങളുടെ റിപ്പോർട്ട് ഇല്ലെങ്കിൽ ആകമാന റിപ്പോർട്ട് അപൂർണമായിരിക്കും എന്നത് ഓർക്കുക.
14. പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതു കൂടാതെ, യഹോവയ്‌ക്കുള്ള നമ്മുടെ ആരാധനയിൽ എന്ത് ഉൾപ്പെട്ടിട്ടുണ്ട്?
14 തീർച്ചയായും, യഹോവയുടെ സമർപ്പിത ദാസരെന്ന നിലയിൽ ഓരോ സാക്ഷിയും നിവർത്തിക്കുന്ന ഉത്തരവാദിത്വങ്ങളിൽ ഏറെയും റിപ്പോർട്ടിൽ പ്രത്യക്ഷപ്പെടുന്നില്ല. ക്രമമായ വ്യക്തിഗത ബൈബിൾ പഠനം, ക്രിസ്‌തീയ യോഗങ്ങളിൽ ഹാജരാകലും പങ്കുപറ്റലും, സഭാപരമായ ഉത്തരവാദിത്വങ്ങൾ, സഹവിശ്വാസികളുടെ ആവശ്യങ്ങളിൽ സഹായിക്കൽ, ലോകവ്യാപക രാജ്യവേലയ്‌ക്കുള്ള സാമ്പത്തിക പിന്തുണ തുടങ്ങിയ കാര്യങ്ങൾ അവയിൽ ചിലതാണ്. അതുകൊണ്ട്, നമ്മുടെ വയൽസേവന റിപ്പോർട്ട്, പ്രസംഗവേലയിൽ തീക്ഷ്‌ണത നിലനിറുത്താനും മന്ദീഭാവം ഒഴിവാക്കാനും നമ്മെ സഹായിച്ചുകൊണ്ട് അതിന്റേതായ പങ്കു വഹിക്കുന്നുണ്ടെങ്കിലും അതു സംബന്ധിച്ച് നമുക്ക് ഉചിതമായ ഒരു കാഴ്‌ചപ്പാട് ഉണ്ടായിരിക്കണം. നിത്യജീവനുള്ള നമ്മുടെ യോഗ്യത നിർണയിക്കുന്ന ഒരു ആത്മീയ ലൈസൻസ് അല്ലെങ്കിൽ പാസ്സ്‌പോർട്ട് ആയി അതിനെ വീക്ഷിക്കരുത്.
‘സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ളവർ’
15. സത്‌പ്രവൃത്തികൾകൊണ്ടുമാത്രം നമുക്കു രക്ഷ സാധ്യമാകില്ലെങ്കിലും അവ അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
15 സത്‌പ്രവൃത്തികൾകൊണ്ടുമാത്രം നമുക്കു രക്ഷ സാധ്യമാകില്ലെങ്കിലും അവ അനിവാര്യമാണെന്നുള്ളതു വ്യക്തമാണ്. അതുകൊണ്ടാണ് ക്രിസ്‌ത്യാനികളെ “സൽപ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ളോരു സ്വന്തജന”മെന്നു വിളിച്ചിരിക്കുന്നതും അന്യോന്യം “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ” പ്രോത്സാഹിപ്പിച്ചിരിക്കുന്നതും. (തീത്തൊസ് 2:14; എബ്രായർ 10:25) മറ്റൊരു ബൈബിളെഴുത്തുകാരനായ യാക്കോബ് പ്രവൃത്തികളുടെ പ്രാധാന്യം കൂടുതൽ വ്യക്തമായി ഊന്നിപ്പറഞ്ഞു: “ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.”—യാക്കോബ് 2:26.
16. പ്രവൃത്തികളെക്കാൾ പ്രധാനമായിരിക്കുന്നത് എന്താണ്, എന്നാൽ നാം എന്തു സംബന്ധിച്ച് ജാഗ്രതയുള്ളവർ ആയിരിക്കണം?
16 സത്‌പ്രവൃത്തികൾ പ്രധാനമായിരിക്കാമെങ്കിലും അവ ചെയ്യാൻ പ്രേരിപ്പിക്കുന്ന ആന്തരം കൂടുതൽ പ്രധാനമാണ്. അതുകൊണ്ട് ഇടയ്‌ക്കിടെ നമ്മുടെ ആന്തരം പരിശോധിക്കുന്നതു ജ്ഞാനപൂർവകമാണ്. എന്നാൽ നമുക്കാർക്കും മറ്റുള്ളവരുടെ ആന്തരം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തതിനാൽ മറ്റുള്ളവരെ വിധിക്കുന്നതിനെതിരെ നാം ജാഗ്രത പുലർത്തണം. നമ്മോട് ഇങ്ങനെ ചോദിച്ചിരിക്കുന്നു: “മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ?” ഉത്തരം വ്യക്തമാണ്: “അവൻ നില്‌ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ.” (റോമർ 14:4) എല്ലാവരുടെയും യജമാനനായ യഹോവയും അവൻ നിയമിച്ചിരിക്കുന്ന ന്യായാധിപനായ ക്രിസ്‌തുയേശുവും നമ്മെ വിധിക്കും. അത് നമ്മുടെ പ്രവൃത്തികളുടെമാത്രം അടിസ്ഥാനത്തിൽ ആയിരിക്കുകയില്ല, മറിച്ച് നമ്മുടെ ആന്തരം, നമുക്കു ലഭിച്ച അവസരങ്ങൾ, നമ്മുടെ സ്‌നേഹം, ഭക്തി എന്നിവയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും. ക്രിസ്‌ത്യാനികളോട് ആവശ്യപ്പെട്ടിരിക്കുന്ന കാര്യം നാം പ്രവർത്തിച്ചിട്ടുണ്ടോയെന്ന് യഹോവയ്‌ക്കും ക്രിസ്‌തുയേശുവിനും മാത്രമേ കൃത്യമായി വിധിക്കാൻ കഴിയുകയുള്ളൂ: ക്രിസ്‌ത്യാനികളെ അനുശാസിച്ചിരിക്കുന്നത് എന്താണെന്ന് അപ്പൊസ്‌തലനായ പൗലൊസ് വ്യക്തമാക്കുന്നു: “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്‌പാൻ ശ്രമിക്ക [“പരമാവധി പ്രവർത്തിക്കുക,” NW].”—2 തിമൊഥെയൊസ് 2:15; 2 പത്രൊസ് 1:10; 3:14.
17. നമ്മുടെ പരമാവധി ചെയ്യാൻ ശ്രമിക്കവേ, നാം യാക്കോബ് 3:17 മനസ്സിൽപ്പിടിക്കേണ്ടത് എന്തുകൊണ്ട്?
17 നമ്മിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്ന കാര്യത്തിൽ യഹോവ ന്യായബോധമുള്ളവനാണ്. യാക്കോബ് 3:17 അനുസരിച്ച് ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ മറ്റു കാര്യങ്ങളോടൊപ്പം ‘ശാന്തവും [“ന്യായബോധമുള്ളതും,” NW]’ ആണ്. ഈ കാര്യത്തിൽ യഹോവയെ അനുകരിക്കുന്നത് ജ്ഞാനവും യഥാർഥ നേട്ടവും ആയിരിക്കുകയില്ലേ? അങ്ങനെയെങ്കിൽ, നാം നമ്മെക്കുറിച്ചോ സഹോദരങ്ങളെക്കുറിച്ചോ ന്യായയുക്തമല്ലാത്തതും നിറവേറ്റാനാകാത്തതും ആയ പ്രതീക്ഷകൾ വെച്ചുപുലർത്താൻ ശ്രമിക്കരുത്.
18. നമ്മുടെ പ്രവൃത്തികളും യഹോവയുടെ അനർഹദയയും സംബന്ധിച്ച് സമനിലയുള്ള വീക്ഷണമുണ്ടെങ്കിൽ നമുക്ക് എന്തിനുവേണ്ടി കാത്തിരിക്കാനാകും?
18 വിശ്വാസത്തിൽനിന്ന് ഉരുത്തിരിയുന്ന നമ്മുടെ പ്രവൃത്തികൾ സംബന്ധിച്ചും യഹോവയുടെ അനർഹദയ സംബന്ധിച്ചും സമനിലയുള്ള ഒരു വീക്ഷണം പുലർത്തുന്നിടത്തോളം, നാം യഹോവയുടെ യഥാർഥ ദാസന്മാരുടെ ഒരു മുഖമുദ്രയായ സന്തോഷം നിലനിറുത്തും. (യെശയ്യാവു 65:13, 14) നാം വ്യക്തിപരമായി എത്രത്തോളം ചെയ്യാൻ പ്രാപ്‌തരാണെന്നതു പരിഗണിക്കാതെ, ഒരു കൂട്ടമെന്ന നിലയിൽ തന്റെ ജനത്തിന്മേൽ യഹോവ അനുഗ്രഹങ്ങൾ വർഷിക്കുന്നതിൽ നമുക്ക് ആനന്ദിക്കാം. ദൈവത്തിനു ‘പ്രാർത്ഥനയും അപേക്ഷയും സ്‌തോത്രവും’ കരേറ്റുന്നതിൽ തുടരുന്നതിലൂടെ നമ്മുടെ പരമാവധി ചെയ്യാൻ സഹായിക്കണമേയെന്ന് നാം അവനോടു യാചിക്കും. അപ്പോൾ, സംശയലേശമെന്യേ, ‘സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.’ (ഫിലിപ്പിയർ 4:4-7) അതേ, നമ്മുടെ പ്രവൃത്തികളാൽ മാത്രമല്ല, യഹോവയുടെ അനർഹദയയാലും ആണ് നാം രക്ഷിക്കപ്പെടുന്നതെന്ന അറിവിൽനിന്നു നമുക്ക് ആശ്വാസവും പ്രോത്സാഹനവും നേടാനാകും!
നിങ്ങൾക്കു വിശദീകരിക്കാമോ?
• ക്രിസ്‌ത്യാനികൾ വ്യക്തിപരമായ നേട്ടങ്ങളെച്ചൊല്ലി ആത്മപ്രശംസ നടത്താത്തത് എന്തുകൊണ്ട്?
• ക്രിസ്‌ത്യാനികൾ മത്സരാത്മക മനോഭാവം ഒഴിവാക്കുന്നത് എന്തുകൊണ്ട്?
• ക്രിസ്‌ത്യാനികൾ വയൽശുശ്രൂഷയിലെ തങ്ങളുടെ ക്രിസ്‌തീയ പ്രവർത്തനം റിപ്പോർട്ടു ചെയ്യുന്നത് എന്തുകൊണ്ട്?
• ക്രിസ്‌ത്യാനികൾ സഹക്രിസ്‌ത്യാനികളെ വിധിക്കുന്നത് ഒഴിവാക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രം]
‘എന്റെ അനർഹദയ നിനക്കു മതി’
[17-ാം പേജിലെ ചിത്രങ്ങൾ]
സഭയുടെ ക്ഷേമത്തിനായി തങ്ങൾക്ക് ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളെപ്രതി മൂപ്പന്മാർ സന്തോഷിക്കുന്നു
[18, 19 പേജുകളിലെ ചിത്രങ്ങൾ]
നിങ്ങളുടെ റിപ്പോർട്ടില്ലെങ്കിൽ ആകമാന റിപ്പോർട്ട് അപൂർണം ആയിരിക്കും