അലക്‌സാൻഡ്രിയയിലെ ഫൈലോ തിരുവെഴുത്തിനെ സിദ്ധാന്തവുമായി കൂട്ടിക്കുഴയ്‌ക്കുന്നു
അലക്‌സാൻഡ്രിയയിലെ ഫൈലോ തിരുവെഴുത്തിനെ സിദ്ധാന്തവുമായി കൂട്ടിക്കുഴയ്‌ക്കുന്നു
പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) 32-ൽ, മഹാനായ അലക്‌സാണ്ടർ തന്റെ സൈന്യവുമായി ഈജിപ്‌തിലേക്ക് ഇരച്ചുകയറി. ലോകം കീഴടക്കാനായി കിഴക്കോട്ടു നീങ്ങുന്നതിനു മുമ്പ് അദ്ദേഹം അലക്‌സാൻഡ്രിയ എന്ന പേരിൽ ഒരു നഗരം സ്ഥാപിച്ചു. യവന സംസ്‌കാരത്തിന്റെ ഒരു കേന്ദ്രമായിത്തീർന്നു അത്. അവിടെ, പൊ.യു.മു. ഏതാണ്ട് 20-ൽ മറ്റൊരു ജേതാവ് പിറന്നു. അദ്ദേഹത്തിന്റെ ആയുധങ്ങൾ വാളും കുന്തവും അല്ലായിരുന്നു, തത്ത്വശാസ്‌ത്ര വാദഗതികൾ ആയിരുന്നു. അലക്‌സാൻഡ്രിയയിലെ ഫൈലോ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. യഹൂദ പശ്ചാത്തലം ഉള്ളതിനാൽ ഫൈലോ ജൂദിയസ് എന്നും അദ്ദേഹം അറിയപ്പെടാനിടയായി.
പൊ.യു.മു. 607-ൽ യെരൂശലേം നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് യഹൂദന്മാർ ചിതറിക്കപ്പെട്ടു. നിരവധി യഹൂദന്മാർ ഈജിപ്‌തിൽ പാർക്കാൻ അത് ഇടയാക്കി. അലക്‌സാൻഡ്രിയയിൽ ആയിരക്കണക്കിന് യഹൂദന്മാർ ഉണ്ടായിരുന്നു. എന്നാൽ, യഹൂദന്മാരും അവരുടെ അയൽക്കാരായ ഗ്രീക്കുകാരും അത്ര രമ്യതയിൽ ആയിരുന്നില്ല. ഗ്രീക്ക് ദൈവങ്ങളെ ആരാധിക്കാൻ യഹൂദന്മാർ വിസമ്മതിച്ചു, അതേസമയം ഗ്രീക്കുകാർ എബ്രായ തിരുവെഴുത്തുകളെ പരിഹസിക്കുകയും ചെയ്‌തു. ഗ്രീക്ക് വിദ്യാഭ്യാസം നേടുകയും ഒപ്പം ഒരു യഹൂദനായി വളർന്നുവരികയും ചെയ്‌ത ഫൈലോയ്‌ക്ക് വാദകോലാഹലങ്ങളെല്ലാം പരിചിതമായിരുന്നു. യഹൂദമതമാണ് സത്യമതമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാൽ പലരിൽനിന്നും വ്യത്യസ്‌തമായി, വിജാതീയരെ ദൈവത്തിലേക്കു നയിക്കാൻ സമാധാനപരമായ മാർഗമാണ് ഫൈലോ അവലംബിച്ചത്. അവർക്ക് യഹൂദമതം സ്വീകാര്യമാക്കിത്തീർക്കാൻ അദ്ദേഹം ആഗ്രഹിച്ചു.
തിരുവെഴുത്തുകൾക്ക് പുതിയ അർഥം
അലക്‌സാൻഡ്രിയയിലെ പല യഹൂദന്മാരുടെയും കാര്യത്തിലെന്നപോലെ, ഫൈലോയുടെ മാതൃഭാഷയും ഗ്രീക്ക് ആയിരുന്നു. അതുകൊണ്ട്, എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്ക് സെപ്‌റ്റുവജിന്റ ഭാഷാന്തരം ആയിരുന്നു അദ്ദേഹത്തിന്റെ പഠനത്തിന് ആധാരം. അതു പരിശോധിച്ച അദ്ദേഹം, അതിൽ തത്ത്വശാസ്‌ത്ര സങ്കൽപ്പങ്ങൾ അടങ്ങിയിരിക്കുന്നതായും “മോശെ വലിയൊരു തത്ത്വജ്ഞാനി” ആയിരുന്നതായും ഉറച്ചുവിശ്വസിച്ചു.
നൂറ്റാണ്ടുകൾക്കു മുമ്പ് ഗ്രീക്ക് ബുദ്ധിജീവികൾക്ക് ദേവന്മാരെയും ദേവിമാരെയും—ഗ്രീക്ക് പുരാണങ്ങളിലെ രാക്ഷസന്മാരെയും ഭൂതങ്ങളെയും—കുറിച്ചുള്ള കഥകൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. അവർ ആ പഴങ്കഥകൾ പുനർവ്യാഖ്യാനം ചെയ്യാൻ തുടങ്ങി. അവരുടെ ഈ രീതിയെക്കുറിച്ച് പണ്ഡിതനായ ജെയിംസ് ഡ്രമൻഡ് ഇങ്ങനെ പറയുന്നു: “തത്ത്വചിന്തകർ, നിന്ദ്യവും അസംബന്ധം നിറഞ്ഞതും ആയ ഐതിഹ്യങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ഗൂഢാർഥങ്ങൾക്കായി പരതുകയും ഉത്തേജകമായ പ്രതീകാത്മക ഭാഷയിലൂടെ പ്രബുദ്ധതയേകുന്ന, ആഴമേറിയ സത്യം വെളിപ്പെടുത്താൻ രചയിതാക്കൾ ഉദ്ദേശിച്ചിരുന്നതായി നിഗമനത്തിലെത്തുകയും ചെയ്യുമായിരുന്നു.” ഇത് രൂപകകഥാവ്യാഖ്യാനം (allegorical interpretation) എന്നറിയപ്പെടുന്നു. തിരുവെഴുത്തുകൾ വിശദീകരിക്കാനായി ഈ രീതി അവലംബിക്കാൻ ഫൈലോ ശ്രമിച്ചു.
ഉദാഹരണമായി, സെപ്‌റ്റുവജിന്റിന്റെ ബാഗ്‌സ്‌റ്റാർ ഭാഷാന്തരത്തിലെ ഉല്‌പത്തി 3:22-നെക്കുറിച്ച് ചിന്തിക്കുക. അവിടെ ഇങ്ങനെ പറയുന്നു: “കർത്താവായ ദൈവം ആദാമിനും ഹവ്വായ്‌ക്കുംവേണ്ടി തോൽകൊണ്ട് വസ്‌ത്രം ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.” വസ്‌ത്രം ഉണ്ടാക്കുക എന്നത് അത്യുന്നത ദൈവത്തിനു ചേരുന്ന കാര്യമല്ലെന്നു ഗ്രീക്കുകാർക്കു തോന്നി. അതുകൊണ്ട് ഫൈലോ ആ വാക്യത്തിന് പ്രതീകാത്മകത കൽപ്പിച്ചുകൊണ്ട് ഇങ്ങനെ പ്രസ്‌താവിച്ചു: “നമ്മുടെ ചർമത്തിന്റെ അതായത് ശരീരത്തിന്റെ പ്രതീകമാണ് തോൽകൊണ്ടുള്ള വസ്‌ത്രം. കാരണം, ദൈവം ആദ്യം [അമൂർത്തമായ] ബുദ്ധിപ്രാപ്‌തിയെ സൃഷ്ടിച്ചിട്ട് അതിന് ആദാം എന്നു പേരിടുകയായിരുന്നു; അതിനുശേഷം അവൻ അതിന് ചൈതന്യമേകി, ആ ചൈതന്യത്തെ ജീവൻ എന്നു വിളിച്ചു. അവസാനമായി, അവൻ അതിന് ഒരു ശരീരവും നിർമിച്ചുനൽകി. അതിനെയാണ് പ്രതീകാത്മകമായി തോൽകൊണ്ടുള്ള വസ്‌ത്രമെന്നു ദൈവം വിളിച്ചത്.” ഈ വിധത്തിൽ, ദൈവം ആദാമിനെയും ഹവ്വായെയും വസ്‌ത്രം ഉടുപ്പിച്ചുവെന്നതിനെ തത്ത്വജ്ഞാനത്തിലൂടെ നോക്കിക്കാണാൻ ഫൈലോ ശ്രമിച്ചു.
ഉല്‌പത്തി 2:10-14-നെക്കുറിച്ചും ചിന്തിക്കുക. ഈ വാക്യം, ഏദെൻ തോട്ടത്തിനു വെള്ളം ലഭിച്ചിരുന്നത് എവിടെനിന്നാണെന്നു വിശദീകരിക്കുകയും അവിടെനിന്ന് ഒഴുകിയിരുന്ന നാലു നദികളെക്കുറിച്ചു പറയുകയും ചെയ്യുന്നു. ഫൈലോ ഏദെൻ തോട്ടത്തെക്കുറിച്ചുള്ള വർണനയിലെ വാക്കുകൾക്കുള്ളിലേക്കു ചൂഴ്‌ന്നിറങ്ങി. ആ പ്രദേശത്തെക്കുറിച്ച് അഭിപ്രായപ്പെട്ടശേഷം അദ്ദേഹം പറഞ്ഞു: “ഈ വാക്യത്തിന് പ്രതീകാത്മക അർഥവുമുണ്ട്; കാരണം, നാലു നദികൾ നാലു ഗുണങ്ങളുടെ അടയാളമാണ്.” പീശോൻ വിവേകത്തെയും ഗീഹൊൻ സമചിത്തതയെയും ടൈഗ്രീസ് മനക്കരുത്തിനെയും യൂഫ്രട്ടീസ് നീതിയെയും കുറിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. അങ്ങനെ, പ്രതീകാത്മകത ഭൂമിശാസ്‌ത്രത്തിന്റെ സ്ഥാനം കൈയടക്കുന്നു.
സൃഷ്ടിപ്പിൻ വിവരണം, കയീൻ ഹാബെലിനെ കൊന്നതു സംബന്ധിച്ച വിവരണം, നോഹയുടെ കാലത്തെ ജലപ്രളയം, ബാബേലിൽ ഭാഷ കലക്കിയത്, മോശൈക ന്യായപ്രമാണത്തിലെ നിരവധി തത്ത്വങ്ങൾ എന്നിവയെ വിശകലനം ചെയ്യാൻ ഫൈലോ ഈ സമീപനം കൈക്കൊണ്ടു. മുൻ ഖണ്ഡികയിലെ ഉദാഹരണം കാണിക്കുന്നതുപോലെ, പലപ്പോഴും ബൈബിൾ വാക്യങ്ങളുടെ അക്ഷരാർഥം അംഗീകരിച്ചശേഷം, താൻ കണ്ടെത്തിയ പ്രതീകാത്മക
അർഥം അദ്ദേഹം അതുമായി കൂട്ടിക്കുഴയ്‌ക്കുമായിരുന്നു. ഫൈലോ ഇങ്ങനെ പറയുമായിരുന്നു: “ഒരുപക്ഷേ നാം ഇക്കാര്യങ്ങളെ പ്രതീകാത്മക അർഥത്തിൽ കാണേണ്ടതുണ്ടായിരിക്കാം.” ഫൈലോയുടെ കൃതികളിൽ മുന്തിനിന്ന പ്രതീകാത്മകത തിരുവെഴുത്തുകളുടെ വ്യക്തമായ അർഥത്തിന് മങ്ങലേൽപ്പിച്ചു.ദൈവം ആരാണ്?
ശക്തമായ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് ദൈവം സ്ഥിതിചെയ്യുന്നുണ്ടെന്നു ഫൈലോ വാദിച്ചു. കരയെയും നദികളെയും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും വർണിച്ചശേഷം അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “സകല സൃഷ്ടികളിലുംവെച്ച് കലാപരതയും കരവിരുതും ഒത്തിണങ്ങിയതാണ് ഈ ലോകം, എല്ലാ പ്രകാരത്തിലും നിപുണനായ, ജ്ഞാനത്തിന്റെ നിറകുടമായ ഒരു വ്യക്തിയാൽ നിർമിക്കപ്പെട്ടതുപോലെ. ഈ വിധത്തിലാണു ദൈവം സ്ഥിതിചെയ്യുന്നുണ്ടെന്നതു സംബന്ധിച്ച ആശയം നമുക്കു ലഭിച്ചത്.” അത് നല്ലൊരു വാദഗതി ആയിരുന്നു.—റോമർ 1:20.
എന്നാൽ സർവശക്തനായ ദൈവത്തിന്റെ പ്രകൃതം സംബന്ധിച്ച് വിശദീകരിക്കവേ ഫൈലോ സത്യത്തിൽനിന്ന് ബഹുദൂരം അകന്നുപോയി. ദൈവത്തിന് ‘വ്യതിരിക്ത ഗുണങ്ങളില്ലെന്നും’ അവനെ ‘മനസ്സിലാക്കാനാവില്ലെന്നും’ ആണ് അദ്ദേഹം അവകാശപ്പെട്ടത്. “ദൈവത്തിന്റെ പ്രകൃതത്തെയോ വ്യതിരിക്ത ഗുണങ്ങളെയോ കുറിച്ച് അന്വേഷണം നടത്താനുള്ള ഉദ്ദേശ്യത്തിൽ മുന്നോട്ടു പോകുന്നതു തികഞ്ഞ വിഡ്‌ഢിത്ത”മാണെന്നു പറഞ്ഞുകൊണ്ട്, ദൈവത്തെ അറിയാനുള്ള ശ്രമങ്ങളെ അദ്ദേഹം നിരുത്സാഹപ്പെടുത്തി. ഈ ആശയത്തിന്റെ ഉറവിടം ബൈബിളല്ല, മറിച്ച് പുറജാതീയ തത്ത്വചിന്തകനായ പ്ലേറ്റോ ആയിരുന്നു.
ദൈവത്തെ മനസ്സിലാക്കാൻ തികച്ചും അസാധ്യമായതിനാൽ അവനെ വ്യക്തിപരമായൊരു പേരു നൽകി വിളിക്കാനാവില്ലെന്നു ഫൈലോ അവകാശപ്പെട്ടു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “അതിനാൽ, ജീവനുള്ള യഥാർഥ ദൈവത്തിന് യാതൊരു വ്യക്തിനാമവും ഉചിതമായി നൽകാനാവില്ല എന്നത് തികച്ചും ന്യായയുക്തമായിരുന്നു.” സത്യത്തിന് എത്രയോ വിരുദ്ധം!
ദൈവത്തിന്റെ വ്യക്തിപരമായ നാമം സംബന്ധിച്ച് ബൈബിൾ യാതൊരു സംശയത്തിനും ഇടനൽകുന്നില്ല. സങ്കീർത്തനം 83:18 പറയുന്നു: “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.” ദൈവം ഇങ്ങനെ പറയുന്നതായി യെശയ്യാവു 42:8 ഉദ്ധരിക്കുന്നു: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം.” ഈ ബൈബിൾ വാക്യങ്ങളെക്കുറിച്ച് അറിവുള്ള ഒരു യഹൂദനായിരുന്ന ഫൈലോ ദൈവത്തിനു പേരില്ലെന്നു പഠിപ്പിച്ചത് എന്തുകൊണ്ട്? കാരണം, ബൈബിളിലെ വ്യക്തിത്വമുള്ള ദൈവത്തെക്കുറിച്ചല്ല, മറിച്ച് ഗ്രീക്ക് തത്ത്വശാസ്‌ത്രത്തിലെ ആർക്കും സമീപിക്കാനാവാത്ത, പേരില്ലാത്ത ഒരു ദൈവത്തെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്.
മരിച്ചവരുടെ അവസ്ഥ എന്ത്?
സൈക്കി ശരീരത്തിൽനിന്നു വേറിട്ട ഒന്നാണെന്നാണ് ഫൈലോ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, “സൈക്കിയും ശരീരവും ചേർന്നതാണ്” മനുഷ്യൻ. മരണാനന്തരം ശരീരത്തെ അതിജീവിക്കുന്ന എന്തെങ്കിലുമുണ്ടോ? ഫൈലോയുടെ വിശദീകരണം ശ്രദ്ധിക്കുക: “നാം ജീവനോടിരിക്കുമ്പോൾ സൈക്കി നമ്മുടെ ശരീരത്തിൽ മരിച്ച് അടക്കപ്പെട്ടിരിക്കുകയാണ്, ഒരു കല്ലറയിലെന്നപോലെ. എന്നാൽ അത് [ശരീരം] മരിച്ചാൽ, നമ്മുടെ സൈക്കി തിന്മയിൽനിന്നും അത് ബന്ധിക്കപ്പെട്ടിരുന്ന ശരീരത്തിൽനിന്നും സ്വതന്ത്രമായി സ്വാഭാവിക ജീവിതം നയിച്ചുതുടങ്ങും.” സൈക്കിയുടെ മരണം പ്രതീകാത്മകമാണെന്നും അത് മരിക്കുന്നേയില്ലെന്നും അത് അമർത്യമാണെന്നും ആണ് ഫൈലോ പഠിപ്പിച്ചത്.
എന്നാൽ ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? സഭാപ്രസംഗി 9:5, 10 ഇപ്രകാരം പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ. ചെയ്‌വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്‌ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” മരണാനന്തരം ശരീരത്തെ വിട്ടുപിരിയുന്ന ഒരു അമർത്യഭാഗം മനുഷ്യന് ഇല്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. *
ഫൈലോയുടെ മരണശേഷം യഹൂദന്മാരുടെ മനസ്സുകളിൽ അദ്ദേഹത്തിന് ഒട്ടുംതന്നെ സ്ഥാനമില്ലായിരുന്നു. എന്നാൽ, ക്രൈസ്‌തവലോകം മറിച്ചാണ് ചെയ്‌തത്. ഫൈലോ ക്രിസ്‌തുമതത്തിലേക്കു പരിവർത്തനം ചെയ്‌തെന്ന് യൂസേബിയസും മറ്റു സഭാനേതാക്കന്മാരും വിശ്വസിച്ചിരുന്നു. സഭാപിതാക്കന്മാരിൽ ഒരാളായാണ് ജെറോം അദ്ദേഹത്തെ കണ്ടത്. യഹൂദന്മാരല്ല, വിശ്വാസത്യാഗികളായ ക്രിസ്‌ത്യാനികളായിരുന്നു ഫൈലോയുടെ കൃതികളുടെ കാവൽക്കാർ.
ഫൈലോയുടെ കൃതികൾ മതമണ്ഡലത്തിൽ ഒരു വിപ്ലവംതന്നെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ സ്വാധീനഫലമായി നാമധേയക്രിസ്‌ത്യാനികൾ, ആത്മാവിന്റെ അമർത്യതയെന്ന പഠിപ്പിക്കൽ സ്വീകരിച്ചു.
ലോഗോസിനെ (അഥവാ വചനത്തെ) സംബന്ധിച്ചുള്ള ഫൈലോയുടെ പഠിപ്പിക്കൽ, വിശ്വാസത്യാഗം ഭവിച്ച ക്രിസ്‌ത്യാനിത്വത്തിന്റെ ബൈബിൾ വിരുദ്ധ പഠിപ്പിക്കലായ ത്രിത്വോപദേശം വികാസംപ്രാപിക്കുന്നതിലേക്കു നയിച്ചു.വഴിതെറ്റിക്കപ്പെടരുത്
എബ്രായ തിരുവെഴുത്തുകൾ സംബന്ധിച്ച തന്റെ പഠനത്തിൽ, “വ്യക്തമായ ഭാഷയ്‌ക്കു പിന്നിൽ ഒളിഞ്ഞുകിടക്കാൻ ഇടയുള്ള പ്രതീകാത്മകമായ യാതൊരു അർഥവും താൻ വിട്ടുകളയുന്നില്ലെന്നു” ഫൈലോ ഉറപ്പുവരുത്തി. എന്നാൽ, ആവർത്തനപുസ്‌തകം 4:2-ൽ കാണുന്നപ്രകാരം ദൈവനിയമത്തെക്കുറിച്ച് മോശെ ഇപ്രകാരം പ്രസ്‌താവിച്ചിരുന്നു: “ഞാൻ നിങ്ങളോടു കല്‌പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‌പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്‌പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുത്.” എത്രതന്നെ നല്ല ഉദ്ദേശ്യങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ സിദ്ധാന്തം കനത്ത മൂടൽമഞ്ഞുപോലെ, ദൈവത്തിന്റെ നിശ്വസ്‌ത വചനം വ്യക്തമായി പഠിപ്പിക്കുന്ന കാര്യങ്ങളെ അവ്യക്തമാക്കിക്കളഞ്ഞു.
അപ്പൊസ്‌തലനായ പത്രൊസ് പറയുന്നു: “ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിർമ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ.” (2 പത്രൊസ് 1:16) ഫൈലോയുടെ എഴുത്തുകളിൽനിന്നു വ്യത്യസ്‌തമായി, പത്രൊസ് ആദിമ ക്രിസ്‌തീയ സഭയ്‌ക്കു നൽകിയ പ്രബോധനം വസ്‌തുതകളെ അടിസ്ഥാനമാക്കിയുള്ളതും ദൈവാത്മാവിന്റെ വഴിനടത്തിപ്പിനാൽ എഴുതപ്പെട്ടതും ആയിരുന്നു. ‘സത്യത്തിന്റെ ആ ആത്മാവായിരുന്നു’ സകല സത്യവും മനസ്സിലാക്കാൻ അവരെ നയിച്ചത്.—യോഹന്നാൻ 16:13.
ബൈബിളിലെ ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്നപക്ഷം, മാനുഷിക ചിന്തയിൽ അധിഷ്‌ഠിതമായ വ്യാഖ്യാനങ്ങളല്ല, ശരിയായ മാർഗനിർദേശമാണ് നിങ്ങൾക്ക് ആവശ്യം. യഹോവയെയും അവന്റെ ഹിതത്തെയും സംബന്ധിച്ച സൂക്ഷ്‌മ പരിജ്ഞാനവും നല്ലൊരു പഠിതാവായിരിക്കുന്നതിനുള്ള താഴ്‌മയും നിങ്ങൾക്ക് ആവശ്യമാണ്. അത്തരമൊരു നല്ല മനോഭാവത്തോടെ നിങ്ങൾ ബൈബിളിനെ സമീപിക്കുന്നെങ്കിൽ, ‘ക്രിസ്‌തുവേശുവിങ്കലുള്ള വിശ്വാസത്താൽ നിങ്ങളെ രക്ഷക്കു ജഞാനിയാക്കാൻ കഴിയുന്ന തിരുവെഴുത്തുകൾ’ ഗ്രഹിക്കാൻ നിങ്ങൾക്കു സാധിക്കും. നിങ്ങളെ “സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ” ആക്കാൻ ദൈവത്തിന്റെ വചനത്തിനു കഴിയുമെന്നു നിങ്ങൾ മനസ്സിലാക്കും.—2 തിമൊഥെയൊസ് 3:14-17.
[അടിക്കുറിപ്പ്]
^ ഖ. 17 സൈക്കിയെ അഥവാ നെഫെഷിനെക്കുറിച്ച് 1910-ലെ ദ ജുവിഷ് എൻസൈക്ലോപീഡിയ ഇപ്രകാരം പറയുന്നു: “ശരീരം നശിച്ചശേഷം നെഫെഷ് തുടർന്നു ജീവിക്കുന്നുവെന്ന വിശ്വാസം തത്ത്വശാസ്‌ത്രപരമോ ദൈവശാസ്‌ത്രപരമോ ആയ ഒരു സിദ്ധാന്തമാണ്. വിശുദ്ധ തിരുവെഴുത്തുകളിൽ ഒരിടത്തും ഈ വിശ്വാസം വ്യക്തമായി പഠിപ്പിക്കപ്പെടുന്നില്ല. അത് ഒരു അടിസ്ഥാന വിശ്വാസമല്ല.”
[10-ാം പേജിലെ ചതുരം/ചിത്രം]
ഫൈലോ വസിച്ചിരുന്ന നഗരം
ഫൈലോയുടെ ജീവിതവും പ്രവർത്തനവും ഈജിപ്‌തിലെ അലക്‌സാൻഡ്രിയയിൽ ആയിരുന്നു. ഗ്രന്ഥങ്ങളുടെയും പണ്ഡിതോചിത ചർച്ചകളുടെയും കാര്യത്തിൽ നൂറ്റാണ്ടുകളോളം ആ നഗരം ലോകത്തിൽ തലയെടുപ്പോടെ നിന്നിരുന്നു.
ആ നഗരത്തിലെ സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്ന പ്രശസ്‌ത പണ്ഡിതന്മാരിൽനിന്നു വിദ്യാർഥികൾ അറിവു സമ്പാദിച്ചു. അലക്‌സാൻഡ്രിയയിലെ ഗ്രന്ഥശാല ലോകപ്രശസ്‌തമായിത്തീർന്നു. സകല ലിഖിതരേഖകളുടെയും പ്രതികൾ ഉണ്ടായിരിക്കാൻ ഗ്രന്ഥശാലയുടെ അധികൃതർ ശ്രമിച്ചിരുന്നതിനാൽ ലക്ഷക്കണക്കിന് പുസ്‌തകങ്ങളാണ് അവിടെ വന്നുചേർന്നത്.
പിൽക്കാലത്ത്, അലക്‌സാൻഡ്രിയയുടെ ലോകപ്രശസ്‌തിക്കും അറിവിന്റെ കേന്ദ്രമെന്ന നിലയിലുള്ള പ്രതാപത്തിനും മങ്ങലേറ്റുതുടങ്ങി. റോമൻ ചക്രവർത്തിമാർ തങ്ങളുടെ നഗരമായ റോമിന് പ്രാധാന്യം നൽകിയതോടെ സാംസ്‌കാരിക കേന്ദ്രം യൂറോപ്പിലേക്കു മാറി. വിദേശശക്തികൾ നഗരത്തെ കീഴടക്കിയ പൊ.യു. ഏഴാം നൂറ്റാണ്ടായപ്പോഴേക്കും അലക്‌സാൻഡ്രിയയുടെ പതനം അതിന്റെ പാരമ്യത്തിലെത്തി. പ്രശസ്‌തമായ ആ ഗ്രന്ഥശാല നഷ്ടമായതിനെപ്രതി ചരിത്രകാരന്മാർ ഇപ്പോഴും വിലപിക്കുകയാണ്. ആ സംഭവം, അവിടത്തെ സംസ്‌കാരത്തെ 1,000 വർഷം പിന്നിലാക്കിക്കളഞ്ഞുവെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം.
[കടപ്പാട്]
L. Chapons/Illustrirte Familien-Bibel nach der deutschen Uebersetzung Dr. Martin Luthers
[12-ാം പേജിലെ ചതുരം]
രൂപകകഥാവ്യാഖ്യാനം ഇന്ന്
“മനുഷ്യസ്വഭാവത്തെയോ, അനുഭവത്തെയോ കുറിച്ചുള്ള സത്യങ്ങളെയും സാമാന്യവത്‌കരണങ്ങളെയും സംബന്ധിച്ചുള്ള ആശയം പകരാൻ പ്രതീകാത്മക രൂപങ്ങൾ, വസ്‌തുക്കൾ, പ്രവൃത്തികൾ എന്നിവയുപയോഗിക്കുന്ന, എഴുതപ്പെട്ടതോ, വാഗ്രൂപത്തിലുള്ളതോ, അതോ ദൃഷ്ടിഗോചരമായ രീതിയിലോ ഉള്ള ഭാവപ്രകടനങ്ങളുടെ സൃഷ്ടി”യാണ് രൂപകകഥ. ഈ ആഖ്യാനരീതി അവലംബിക്കുന്ന വിവരണങ്ങൾ, ഒളിഞ്ഞുകിടക്കുന്ന സുപ്രധാന കാര്യങ്ങളുടെ പ്രതീകമാണെന്നാണ് പറയപ്പെടുന്നത്. അലക്‌സാൻഡ്രിയയിലെ ഫൈലോയെപ്പോലെ ആധുനിക കാലത്തും ചില മതോപദേഷ്ടാക്കൾ ബൈബിളിനെ വിശദീകരിക്കാനായി രൂപകകഥാവ്യാഖ്യാനം അവലംബിക്കുന്നുണ്ട്.
ഉല്‌പത്തി 1-11 അധ്യായങ്ങളെക്കുറിച്ചു ചിന്തിക്കുക. മനുഷ്യന്റെ സൃഷ്ടി മുതൽ ബാബേൽ ഗോപുരം പണിത സമയത്ത് അവർ ചിതറിക്കപ്പെട്ടതുവരെയുള്ള ചരിത്രമാണ് അവിടത്തെ പ്രതിപാദ്യം. ബൈബിളിന്റെ ആ ഭാഗത്തെക്കുറിച്ച് ഒരു കത്തോലിക്ക പരിഭാഷയായ ദ ന്യൂ അമേരിക്കൻ ബൈബിൾ ഇപ്രകാരം പറയുന്നു: “സത്യത്തെ കാത്തുസൂക്ഷിക്കേണ്ടിയിരുന്ന ഇസ്രായേൽ ജനതയ്‌ക്ക് ഈ അധ്യായങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്ന സത്യങ്ങൾ ഗ്രഹിക്കുന്നതിനായി, അക്കാലത്ത് പരിചിതമായിരുന്ന കാര്യങ്ങളിലൂടെ വേണമായിരുന്നു അവ അവതരിപ്പിക്കാൻ. ഇക്കാരണത്താൽ, അക്ഷരാർഥമാകുന്ന അങ്കിക്കുള്ളിലെ സത്യത്തെ വേർതിരിച്ചറിയാൻ ശ്രമിക്കണം.” ഉല്‌പത്തി 1-11 അധ്യായങ്ങളെ അക്ഷരാർഥത്തിൽ എടുക്കരുതെന്നായിരുന്നു അത് പ്രസ്‌താവിച്ചത്. മറിച്ച്, അങ്കി അഥവാ വസ്‌ത്രം ശരീരത്തെ മറയ്‌ക്കുന്നതുപോലെ, വാക്കുകൾ ആഴമായ അർഥത്തെ മറച്ചുവെച്ചിരിക്കുകയാണ്.
എന്നാൽ, ഉല്‌പത്തിപ്പുസ്‌തകത്തിന്റെ ആ ആദ്യ അധ്യായങ്ങൾ അക്ഷരാർഥത്തിൽ സത്യമാണെന്നു യേശു പഠിപ്പിക്കുകയുണ്ടായി. (മത്തായി 19:4-6; 24:37-39) അപ്പൊസ്‌തലന്മാരായ പൗലൊസും പത്രൊസും അങ്ങനെതന്നെ പഠിപ്പിച്ചു. (പ്രവൃത്തികൾ 17:24-26; 2 പത്രൊസ് 2:5; 3:6, 7) മുഴു ദൈവവചനവുമായും യോജിക്കാത്ത വിശദീകരണങ്ങൾ ആത്മാർഥഹൃദയമുള്ള ബൈബിൾ വിദ്യാർഥികൾ തള്ളിക്കളയുന്നു.
[9-ാം പേജിലെ ചിത്രം]
അലക്‌സാൻഡ്രിയയിലെ വലിയ വിളക്കുമരം
[കടപ്പാട്]
Archives Charmet/Bridgeman Art Library