വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദിമ ക്രിസ്‌ത്യാനിത്വം തഴച്ചുവളർന്നിടത്ത്‌ പ്രസംഗവേല വിപുലപ്പെടുത്തുന്നു

ആദിമ ക്രിസ്‌ത്യാനിത്വം തഴച്ചുവളർന്നിടത്ത്‌ പ്രസംഗവേല വിപുലപ്പെടുത്തുന്നു

ആദിമ ക്രിസ്‌ത്യാനിത്വം തഴച്ചുവളർന്നിടത്ത്‌ പ്രസംഗവേല വിപുലപ്പെടുത്തുന്നു

വൻകരയിൽനിന്ന്‌ ബൂട്ട്‌സിന്റെ ആകൃതിയിൽ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക്‌ ഇറങ്ങിക്കിടക്കുന്ന ഉപദ്വീപാണ്‌ ഇറ്റലി. ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുള്ള, മതപരവും സാംസ്‌കാരികവും ആയ സംഭവങ്ങൾ അരങ്ങേറിയ ഒരു സ്ഥലമാണിത്‌. വൈവിധ്യമാർന്ന പ്രകൃതിഭംഗി, പ്രശസ്‌തമായ കലാസൃഷ്ടികൾ, രുചികരമായ ഭക്ഷണം എന്നിവയെല്ലാം കോടിക്കണക്കിനു വിനോദസഞ്ചാരികളെ ഇവിടേക്ക്‌ ആകർഷിക്കുന്നു. ബൈബിൾവിദ്യാഭ്യാസവും ഇവിടെ നല്ല പുരോഗതി കൈവരിക്കുന്നു.

പൊതുയുഗം (പൊ.യു.) 33-ലെ പെന്തെക്കൊസ്‌തു നാളിൽ ക്രിസ്‌ത്യാനിത്വം സ്വീകരിച്ച യഹൂദരും യഹൂദ മതപരിവർത്തിതരും യെരൂശലേമിൽനിന്നു മടങ്ങിയെത്തിയപ്പോൾ ആയിരിക്കാം അന്നത്തെ ലോകശക്തിയുടെ തലസ്ഥാനമായ റോമിൽ സത്യക്രിസ്‌ത്യാനിത്വം ആദ്യമായി എത്തിച്ചേർന്നത്‌. ഏകദേശം പൊ.യു. 59-ൽ അപ്പൊസ്‌തലനായ പൗലൊസ്‌ ആദ്യമായി ഇറ്റലി സന്ദർശിച്ചപ്പോൾ, സമുദ്രതീരപ്രദേശമായ പുത്യൊലിയിൽ അവൻ ക്രിസ്‌തീയ “സഹോദരന്മാരെ കണ്ടു.”​—⁠പ്രവൃത്തികൾ 2:5-11; 28:11-16.

യേശുവും അപ്പൊസ്‌തലന്മാരും മുന്നറിയിച്ചതുപോലെ, പൊ.യു. ഒന്നാം നൂറ്റാണ്ട്‌ അവസാനിക്കുന്നതിനുമുമ്പായി വിശ്വാസത്യാഗികൾ സത്യക്രിസ്‌ത്യാനിത്വത്തിൽനിന്നു കൂട്ടംകൂട്ടമായി വിട്ടുപോയി. എന്നിരുന്നാലും, ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യത്തിനുമുമ്പായി ഇറ്റലി ഉൾപ്പെടെ മുഴു ലോകത്തിലും സുവാർത്ത പ്രസംഗിക്കുന്നതിൽ യേശുവിന്റെ യഥാർഥ അനുയായികൾ നേതൃത്വം വഹിച്ചിരിക്കുന്നു.​—⁠മത്തായി 13:36-43; പ്രവൃത്തികൾ 20:29, 30; 2 തെസ്സലൊനീക്യർ 2:3-8; 2 പത്രൊസ്‌ 2:1-3.

നിരാശാജനകമായ തുടക്കം

ബൈബിൾ വിദ്യാർഥികളുടെ (യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌) ലോകവ്യാപക പ്രസംഗവേലയ്‌ക്കു നേതൃത്വം വഹിച്ചിരുന്ന ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ 1891-ൽ ഇറ്റലിയിലെ ചില നഗരങ്ങൾ ആദ്യമായി സന്ദർശിച്ചു. അവിടത്തെ പ്രസംഗപ്രവർത്തനത്തിനു കാര്യമായ ഫലം ഉണ്ടായില്ല എന്നു സമ്മതിച്ചുകൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “കൊയ്‌ത്തിന്‌ അൽപ്പമെങ്കിലും പ്രതീക്ഷ നൽകുന്ന പ്രോത്സാഹജനകമായ യാതൊന്നും ഇറ്റലിയിൽ ഞങ്ങൾ കണ്ടില്ല.” 1910-ലെ വസന്തത്തിൽ, റസ്സൽ സഹോദരൻ ഇറ്റലിയിൽ തിരിച്ചുവരികയും റോമിന്റെ ഹൃദയഭാഗത്തുള്ള ഒരു കായികകേന്ദ്രത്തിൽ ഒരു ബൈബിൾ പ്രഭാഷണം നടത്തുകയും ചെയ്‌തു. എന്തായിരുന്നു ഫലം? “മൊത്തത്തിൽ ആ യോഗം നിരാശ ഉളവാക്കിയ ഒന്നായിരുന്നു” എന്ന്‌ അദ്ദേഹം റിപ്പോർട്ടു ചെയ്‌തു.

ആദ്യമൊക്കെ ഇറ്റലിയിൽ സുവാർത്താപ്രസംഗത്തിനു നാമമാത്ര പുരോഗതിയേ ഉണ്ടായിരുന്നുള്ളൂ. ഫാസിസ്റ്റ്‌ സ്വേച്ഛാധിപത്യ ഭരണകൂടത്തിൽനിന്ന്‌ യഹോവയുടെ സാക്ഷികൾക്കു നേരിടേണ്ടിവന്ന പീഡനമാണ്‌ ഒരു കാരണം. രാജ്യത്തൊട്ടാകെ 150-ഓളം യഹോവയുടെ സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. വിദേശങ്ങളിലുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ വഴിയാണ്‌ അവരിൽ അനേകരും ബൈബിൾ സത്യം പഠിച്ചത്‌.

വിസ്‌മയകരമായ പുരോഗതി

രണ്ടാം ലോകയുദ്ധത്തെത്തുടർന്ന്‌ ധാരാളം മിഷനറിമാർ ഇറ്റലിയിലേക്കു തിരിച്ചു. എന്നാൽ, അവരെ നാടുകടത്തണമെന്ന്‌ വത്തിക്കാനിലെ പുരോഹിത ശ്രേഷ്‌ഠന്മാർ അധികാരികളോട്‌ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കത്തിടപാടുകൾ അവിടത്തെ ഔദ്യോഗിക രേഖകളിൽ കാണാവുന്നതാണ്‌. ചില മിഷനറിമാർ ഒഴികെ ബാക്കി എല്ലാവരും രാജ്യം വിട്ടുപോകാൻ നിർബന്ധിതരായിത്തീർന്നു.

അത്തരം പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും, ഇറ്റലിയിൽ ആളുകൾ കൂട്ടത്തോടെ യഹോവയുടെ ആരാധനയാകുന്ന “പർവ്വതത്തിലേക്ക്‌” ഒഴുകിയെത്താൻ തുടങ്ങി. (യെശയ്യാവു 2:2-4) സാക്ഷികളുടെ എണ്ണത്തിൽ ശ്രദ്ധാർഹമായ വർധന ഉണ്ടായി. 2004-ൽ, 248 പേർക്ക്‌ ഒരു സാക്ഷി എന്ന തോതിൽ രാജ്യപ്രസാധകരുടെ അത്യുച്ചം 2,33,527 ആയിത്തീർന്നു. ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിൽ 4,33,242 പേർ സംബന്ധിച്ചു. ഭേദപ്പെട്ട രാജ്യഹാളുകളിൽ കൂടിവന്നിരുന്ന, യഹോവയുടെ സാക്ഷികളുടെ 3,049 സഭകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും, അടുത്തകാലത്ത്‌ ഇവിടെ ചില ഭാഗങ്ങളിൽ വൻതോതിലുള്ള വളർച്ച അനുഭവപ്പെട്ടിരിക്കുന്നു.

സുവാർത്താപ്രസംഗം വിവിധ ഭാഷകളിൽ

തൊഴിലോ മെച്ചപ്പെട്ട ജീവിതമോ തേടി ആഫ്രിക്ക, ഏഷ്യ, കിഴക്കൻ യൂറോപ്പ്‌ എന്നിവിടങ്ങളിൽനിന്ന്‌ അനേകർ ഇറ്റലിയിലേക്കു കുടിയേറുന്നു. വിപത്‌കരമായ സാഹചര്യങ്ങളിൽനിന്നു രക്ഷതേടി എത്തുന്നവരും ഉണ്ട്‌. ഈ ദശലക്ഷങ്ങളെ ആത്മീയമായി എങ്ങനെ സഹായിക്കാൻ കഴിയും?

ഇറ്റലിയിലെ അനേകം സാക്ഷികളും അൽബേനിയൻ, അറബി, അംഹാരിക്‌, ചൈനീസ്‌, ടഗാലോഗ്‌, പഞ്ചാബി, ബംഗാളി, സിംഹള തുടങ്ങിയ ഭാഷകൾ പഠിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. അന്യഭാഷകളിൽ സാക്ഷീകരിക്കാൻ അവരെ പഠിപ്പിക്കുന്നതിന്‌ 2001-മുതൽ ഭാഷാപഠന കോഴ്‌സും നടത്തുന്നുണ്ട്‌. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ, 17 ഭാഷകളിലായി നടത്തിയ 79 കോഴ്‌സുകളിൽ 3,711 സാക്ഷികൾ പങ്കെടുത്തു. അതിന്റെ ഫലമായി 25 ഭാഷകളിൽ 146 സഭകളും 274 കൂട്ടങ്ങളും സ്ഥാപിക്കാനും അവയെ കരുത്തുറ്റതാക്കാനും കഴിഞ്ഞു. അങ്ങനെ, ആത്മാർഥഹൃദയമുള്ള അനേകർ സുവാർത്ത കേൾക്കുകയും ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്‌തിരിക്കുന്നു. പലപ്പോഴും അസാധാരണമായ ഫലങ്ങൾ കൊയ്‌തുകൊണ്ട്‌ വേല മുന്നേറുകയാണ്‌.

ഒരിക്കൽ, ജോർജ്‌ എന്നു പേരുള്ള ഒരു മലയാളിയോട്‌ യഹോവയുടെ സാക്ഷികളിൽ ഒരാൾ ബൈബിളിനെക്കുറിച്ചു സംസാരിച്ചു. ജോലിയോടു ബന്ധപ്പെട്ട്‌ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം സന്തോഷത്തോടെ ബൈബിളധ്യയനത്തിനു സമ്മതിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഗിൽ എന്നു പേരുള്ള, ജോർജിന്റെ ഒരു പഞ്ചാബി സുഹൃത്ത്‌ രാജ്യഹാളിൽ വന്നു. അദ്ദേഹത്തിനും ബൈബിളധ്യയനം ആരംഭിച്ചു. തുടർന്ന്‌, തെലുങ്ക്‌ സംസാരിക്കുന്ന ഡേവിഡ്‌ എന്നൊരാളെ ഗിൽ സാക്ഷികൾക്കു പരിചയപ്പെടുത്തി. പെട്ടെന്നുതന്നെ ഡേവിഡും ബൈബിൾ പഠിക്കാൻ തുടങ്ങി. അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന സോണി, സുബാഷ്‌ എന്നീ രണ്ട്‌ ഇന്ത്യക്കാരും ബൈബിൾപഠനം ആരംഭിച്ചു.

ഏതാനും ആഴ്‌ചകൾ കഴിഞ്ഞപ്പോൾ, മറാഠിക്കാരനായ ദിലീപ്‌ എന്ന വ്യക്തി സാക്ഷികളെ ഫോണിൽ വിളിച്ചു. “ഞാൻ ജോർജിന്റെ സ്‌നേഹിതനാണ്‌. എന്നെയും ബൈബിൾ പഠിപ്പിക്കാമോ?” എന്ന്‌ അദ്ദേഹം ആരാഞ്ഞു. പിന്നീട്‌, തമിഴ്‌നാട്ടുകാരനായ സുമിത്‌ എന്ന വ്യക്തിയും മുന്നോട്ടുവന്നു. ഒടുവിൽ ജോർജിന്റെ മറ്റൊരു കൂട്ടുകാരൻ ഫോണിൽ വിളിച്ച്‌ ബൈബിളധ്യയനം ആവശ്യപ്പെട്ടു. ജോർജ്‌ പിന്നീട്‌ മാക്‌സ്‌ എന്ന ഒരു ചെറുപ്പക്കാരനെയും രാജ്യഹാളിൽ കൊണ്ടുവന്നു. അദ്ദേഹത്തിനും ഒരു അധ്യയനം വേണമെന്നായി. അങ്ങനെ, ഇപ്പോൾ ആറു ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്‌. നാലെണ്ണംകൂടി തുടങ്ങാനുള്ള ക്രമീകരണം ചെയ്‌തുകഴിഞ്ഞു. അധ്യയനങ്ങൾ ഇംഗ്ലീഷിലാണ്‌ നടത്തുന്നത്‌. എന്നിരുന്നാലും ഉർദു, തമിഴ്‌, തെലുങ്ക്‌, പഞ്ചാബി, മലയാളം, മറാഠി, ഹിന്ദി എന്നീ ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങളും അധ്യയനത്തിൽ ഉപയോഗിക്കുന്നുണ്ട്‌.

ബധിരർ സുവാർത്ത “കേൾക്കുന്നു”

ഇറ്റലിയിൽ 90,000-ത്തിൽ അധികം ബധിരർ ഉണ്ട്‌. 1970-കളുടെ മധ്യത്തിൽ, അവരെ ബൈബിൾസത്യം പഠിപ്പിക്കുന്നതിൽ സാക്ഷികൾ ശ്രദ്ധിക്കാൻ തുടങ്ങി. ബധിരരായ ചില സാക്ഷികൾ ബധിരരോടു പ്രസംഗിക്കാൻ ആഗ്രഹിച്ച സഹശുശ്രൂഷകരെ ഇറ്റാലിയൻ ആംഗ്യഭാഷ പഠിപ്പിച്ചു. അതോടെ, ബധിരരായ കൂടുതൽ പേർ ബൈബിളിനു ശ്രദ്ധ നൽകാൻ തുടങ്ങി. ഇറ്റാലിയൻ ആംഗ്യഭാഷ ഉപയോഗിക്കുന്ന 1,400-ലധികം പേർ ഇന്നു ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നു. 15 സഭകളും 52 കൂട്ടങ്ങളും ആ ഭാഷയിൽ യോഗങ്ങൾ നടത്തുന്നുണ്ട്‌.

ആദ്യമൊക്കെ, ബധിരരോടുള്ള സുവാർത്താപ്രസംഗം പ്രധാനമായും ഓരോ സാക്ഷിയുടെയും വ്യക്തിപരമായ ശ്രമത്തെ ആശ്രയിച്ചിരുന്നു. എന്നാൽ 1978-ൽ, ഇറ്റലിയിലെ ബ്രാഞ്ച്‌ ഓഫീസ്‌ ബധിരർക്കായി കൺവെൻഷനുകൾ സംഘടിപ്പിക്കാൻ തുടങ്ങി. മിലാനിൽ നടക്കാനിരുന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ ആംഗ്യഭാഷയിലും പരിപാടികൾ നടത്തുന്നതായിരിക്കും എന്ന്‌ ആ വർഷം മേയിൽ സഹോദരങ്ങൾക്ക്‌ അറിയിപ്പു കിട്ടി. 1979 ഫെബ്രുവരിയിൽ മിലാനിലെ സമ്മേളനഹാളിൽ ബധിരർക്കായുള്ള ആദ്യത്തെ സർക്കിട്ട്‌ സമ്മേളനം നടന്നു.

അതിൽപ്പിന്നെ, ആംഗ്യഭാഷയിൽ കൂടുതൽ വൈദഗ്‌ധ്യം നേടാൻ അധികമധികം സുവിശേഷകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ ബ്രാഞ്ച്‌ ഓഫീസ്‌ ബധിരരുടെ ആത്മീയ പോഷണത്തിന്‌ അടുത്ത ശ്രദ്ധ നൽകിയിരിക്കുന്നു. 1995 മുതൽ, ബധിരരായ സാക്ഷികളെ ശുശ്രൂഷയിൽ പരിശീലിപ്പിക്കാനും ക്രിസ്‌തീയ യോഗങ്ങൾ സംഘടിപ്പിക്കാനും വേണ്ടി ചില കൂട്ടങ്ങൾ സന്ദർശിക്കാൻ പ്രത്യേക പയനിയർമാരെ (മുഴുസമയ സുവിശേഷകരെ) അയച്ചിരിക്കുന്നു. പരിപാടികൾ മെച്ചമായി വീക്ഷിക്കാൻ കഴിയേണ്ടതിന്‌ മൂന്നു സമ്മേളനഹാളുകളിൽ ഏറ്റവും നവീനമായ വീഡിയോ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ, ബധിരർക്ക്‌ ആത്മീയ ആഹാരം പ്രദാനം ചെയ്യാനായി ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളുടെ വീഡിയോ കാസെറ്റുകളും ലഭ്യമാണ്‌.

ബധിരർക്ക്‌ ആത്മീയ സഹായം നൽകുന്നതിൽ സാക്ഷികൾ പ്രകടമാക്കുന്ന വർധിച്ച താത്‌പര്യം ആളുകൾ നിരീക്ഷിച്ചിരിക്കുന്നു. ബധിരർക്കായുള്ള ഇറ്റാലിയൻ സൊസൈറ്റിയുടെ പാരോളെ & സേനി എന്ന മാസിക, ഒരു കത്തോലിക്ക മോൺസിഞ്ഞോർ അയച്ച കത്തിലെ പിൻവരുന്ന ഭാഗം ഉദ്ധരിച്ചു: “എപ്പോഴും ഒരാളുടെ സഹായം ആവശ്യമായിരിക്കുന്നതിനാൽ ബധിരരുടെ അവസ്ഥ വളരെ പരിതാപകരമാണ്‌. ഉദാഹരണത്തിന്‌, യാതൊരു പ്രയാസവും കൂടാതെ ഒറ്റയ്‌ക്കു പള്ളിയിൽ എത്തിച്ചേരാൻ ബധിരനായ ഒരു വ്യക്തിക്കു കഴിയുമെങ്കിലും, അവിടെ നടക്കുന്ന വായനയും അറിയിപ്പുകളും ഗീതാലാപനങ്ങളും മറ്റും മനസ്സിലാക്കാൻ ആംഗ്യഭാഷ അറിയാവുന്ന മറ്റൊരാളുടെ സഹായം കൂടിയേ തീരൂ.” മാസിക ഇപ്രകാരം കൂട്ടിച്ചേർത്തു: “ഈ പ്രശ്‌നം കൈകാര്യം ചെയ്യാൻ സഭയ്‌ക്ക്‌ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നതു ദൗർഭാഗ്യകരമാണെന്ന്‌ [മോൺസിഞ്ഞോർ] ഏറ്റുപറഞ്ഞു. ഇടവകപ്പള്ളിയിൽ വരുന്ന ബധിരരെ അപേക്ഷിച്ച്‌ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിൽ കൂടിവരുന്ന ബധിരർ ഏറെ നന്നായി പരിപാലിക്കപ്പെടുന്നു എന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്‌തു.”

സുവാർത്ത ജയിലറകളിലേക്ക്‌

തടവിലായിരിക്കുന്ന ഒരു വ്യക്തിക്കു സ്വതന്ത്രനായിരിക്കാൻ കഴിയുമോ? കഴിയും. ദൈവവചനം കൈക്കൊള്ളുകയും ജീവിതത്തിൽ അതു ബാധകമാക്കുകയും ചെയ്യുന്നവരെ ‘സ്വതന്ത്രരാക്കാനുള്ള’ കഴിവ്‌ ദൈവവചനത്തിനുണ്ട്‌. പാപത്തിൽനിന്നും വ്യാജമതത്തിൽനിന്നും ഉള്ള സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു യേശു ‘ബദ്ധന്മാരോട്‌’ അഥവാ, തടവുകാരോട്‌ പ്രസംഗിച്ചത്‌. (യോഹന്നാൻ 8:32; ലൂക്കൊസ്‌ 4:16-19) തടവുകാരോടു പ്രസംഗിക്കുന്നതിലൂടെ ഇറ്റലിയിൽ നല്ല ഫലം ലഭിക്കുന്നുണ്ട്‌. ജയിൽപ്പുള്ളികളെ സന്ദർശിച്ച്‌ അവരെ ആത്മീയമായി സഹായിക്കാൻ ഏകദേശം 400 യഹോവയുടെ സാക്ഷികൾക്കു ഗവൺമെന്റ്‌ അംഗീകാരം നൽകി. ഇങ്ങനെയൊരു കാര്യത്തിനുവേണ്ടി ആദ്യമായി അനുവാദം ചോദിച്ചുവാങ്ങിയത്‌ ഈ കത്തോലിക്കേതര സംഘടന ആയിരുന്നു.

ഒരിക്കലും വിചാരിക്കാത്ത വിധങ്ങളിലായിരിക്കാം ബൈബിൾസന്ദേശം ആളുകൾക്കു ലഭ്യമാകുന്നത്‌. യഹോവയുടെ സാക്ഷികളുടെ ബൈബിൾ വിദ്യാഭ്യാസ പ്രവർത്തനത്തെക്കുറിച്ച്‌ തടവുകാർ മറ്റു തടവുകാരോടു സംസാരിക്കുന്നു. തത്‌ഫലമായി, യഹോവയുടെ സാക്ഷികളിൽ ഒരാൾ തങ്ങളെ സന്ദർശിക്കണമെന്ന്‌ അവരിൽ ചിലർ അഭ്യർഥിച്ചിരിക്കുന്നു. അല്ലെങ്കിൽ, അങ്ങനെ ചെയ്യാൻ, ബൈബിൾ പഠനം ആരംഭിച്ചിട്ടുള്ള കുടുംബാംഗങ്ങൾ തടവുകാരെ പ്രോത്സാഹിപ്പിക്കുന്നു. കൊലപാതകമോ ഗുരുതരമായ മറ്റു കുറ്റകൃത്യങ്ങളോ ചെയ്‌തതിന്റെ പേരിൽ ആജീവനാന്ത തടവുശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ചില തടവുകാർ അനുതപിക്കുകയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്‌തിട്ടുണ്ട്‌. യഹോവയാം ദൈവത്തിനുള്ള സമർപ്പണത്തിന്റെ അടയാളമായി സ്‌നാപനമേൽക്കാൻ ഇത്‌ അവരെ യോഗ്യരാക്കുന്നു.

ബൈബിൾവിഷയങ്ങൾ സംബന്ധിച്ചു പരസ്യപ്രസംഗങ്ങൾ നടത്താനും യേശുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാനും ബൈബിൾ വിദ്യാഭ്യാസത്തിനായി യഹോവയുടെ സാക്ഷികൾ നിർമിച്ച വീഡിയോ കാസെറ്റുകൾ പ്രദർശിപ്പിക്കാനും ധാരാളം ജയിലുകളിൽ ക്രമീകരണം ചെയ്‌തിരിക്കുന്നു. മിക്കപ്പോഴും തടവുകാർ കൂട്ടമായി ഈ യോഗങ്ങളിൽ സംബന്ധിക്കുന്നു.

ജയിൽപ്പുള്ളികൾക്കു സഹായകമായ വിഷയങ്ങൾ അടങ്ങിയിട്ടുള്ള മാസികകൾ വ്യാപകമായി വിതരണം ചെയ്‌തുകൊണ്ട്‌ സാക്ഷികൾ ആ സമൂഹത്തെ പ്രായോഗികമായ വിധങ്ങളിൽ സഹായിക്കുന്നു. ഉദാഹരണത്തിന്‌, 2001 മേയ്‌ 8 ലക്കം ഉണരുക! (ഇംഗ്ലീഷ്‌) “തടവുകാരെ നവീകരിക്കാൻ കഴിയുമോ?” എന്ന വിഷയം ചർച്ചചെയ്‌തു. 2003 ഏപ്രിൽ 8 ലക്കം (ഇംഗ്ലീഷ്‌) “മയക്കുമരുന്നിന്റെ ഉപയോഗം കുടുംബത്തിൽ​—⁠നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?” എന്ന വിഷയവും പരിചിന്തിച്ചു. ഈ മാസികകളുടെ ആയിരക്കണക്കിനു പ്രതികൾ അവിടെ വിതരണം ചെയ്യുകയുണ്ടായി. അതിന്റെ ഫലമായി ഇപ്പോൾ നൂറുകണക്കിനു ബൈബിളധ്യയനങ്ങൾ നടത്തുന്നു. ജയിൽ കാവൽക്കാരിൽ ചിലരും ബൈബിൾസന്ദേശത്തിൽ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.

അധികാരികളിൽനിന്നുള്ള പ്രത്യേക അനുമതി വാങ്ങിക്കൊണ്ട്‌, കോസ്റ്റാന്റിനോ എന്ന തടവുകാരൻ സാൻ രേമോയിലെ രാജ്യഹാളിനടുത്ത്‌ സ്‌നാപനപ്പെട്ടു. ആ പ്രദേശത്തുള്ള 138 സാക്ഷികൾ തദവസരത്തിൽ സന്നിഹിതരായിരുന്നു. അവരെല്ലാം “എന്നെ സ്‌നേഹംകൊണ്ടു മൂടി,” സ്‌നാപനത്തിനുശേഷം കോസ്റ്റാന്റിനോ വികാരഭരിതനായി പറഞ്ഞു. ഒരു പ്രാദേശിക പത്രം ജയിൽ വാർഡന്റെ പിൻവരുന്ന വാക്കുകൾ റിപ്പോർട്ടുചെയ്‌തു: “വളരെ സന്തോഷത്തോടെയാണ്‌ ഞങ്ങൾ ഇതിനുള്ള അനുമതി നൽകിയത്‌. . . . ഒരു തടവുകാരനെ വ്യക്തിപരവും ആത്മീയവും സാമൂഹികവും ആയി പുനരുദ്ധരിക്കാൻ സഹായിക്കുന്ന എന്തും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.” ബൈബിളിന്റെ സൂക്ഷ്‌മപരിജ്ഞാനം കോസ്റ്റാന്റിനോയുടെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റത്തെ ശ്ലാഘിച്ചുകൊണ്ട്‌ ഭാര്യയും മകളും ഇങ്ങനെ പറഞ്ഞു: “അദ്ദേഹത്തിന്റെ മനംമാറ്റത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. ആൾ ഇപ്പോൾ വളരെ സൗമ്യനാണ്‌. ഞങ്ങളെക്കുറിച്ചു കൂടുതൽ ചിന്തിക്കാനും തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തെ കൂടുതൽ ആശ്രയിക്കാനും ആദരിക്കാനും ഇപ്പോൾ ഞങ്ങൾക്കു കഴിയുന്നു.” അവരും ഇപ്പോൾ ബൈബിൾ പഠിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നു.

മോഷണം, സായുധകൊള്ള, മയക്കുമരുന്നു കള്ളക്കടത്ത്‌, കൊലപാതകം എന്നീ കുറ്റങ്ങൾക്കായി 2024 വരെ തടവിനു ശിക്ഷിക്കപ്പെട്ട വ്യക്തിയാണ്‌ സെർജോ. മൂന്നു വർഷത്തോളം തിരുവെഴുത്തുകൾ പരിശോധിച്ച അദ്ദേഹം ജീവിതത്തിൽ നിർണായക മാറ്റങ്ങൾ വരുത്തുകയും സ്‌നാപനമേൽക്കാൻ തീരുമാനിക്കുകയും ചെയ്‌തു. എൽബ ദ്വീപിലുള്ള പോർട്ടോ ആറ്റ്‌സുറോ ജയിലിൽനിന്ന്‌, യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാപനമേൽക്കുന്ന 15-ാമത്തെ തടവുകാരനാണ്‌ സെർജോ. ജയിലിന്റെ സ്‌പോർട്‌സ്‌ ഗ്രൗണ്ടിൽവെച്ച്‌, ഒരു വലിയ വെള്ളത്തൊട്ടിയിൽ അനേകം തടവുകാരുടെ സാന്നിധ്യത്തിലാണ്‌ അദ്ദേഹം സ്‌നാപനമേറ്റത്‌.

20 വർഷത്തെ തടവിനു വിധിക്കപ്പെട്ട ലേയോനാർഡോ, പർമയിലുള്ള രാജ്യഹാളിൽവെച്ചു സ്‌നാപനമേൽക്കുന്നതിനു പ്രത്യേക അനുമതി സമ്പാദിച്ചു. “ജയിലിന്റെ ഇരുളിൽനിന്നു മോചനം നേടുക എന്ന ലക്ഷ്യത്തിലല്ല, ആഴത്തിൽ അനുഭവപ്പെട്ട ആത്മീയ ആവശ്യം നിറവേറ്റുക എന്ന ലക്ഷ്യത്തിലാണ്‌ താൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരാൻ തീരുമാനിച്ചതെന്നു വ്യക്തമാക്കാൻ” താൻ ആഗ്രഹിച്ചതായി, പ്രാദേശിക വർത്തമാനപത്രവുമായുള്ള ഒരു അഭിമുഖത്തിൽ ലേയോനാർഡോ പ്രസ്‌താവിച്ചു. “തെറ്റുകൾ നിറഞ്ഞതായിരുന്നു എന്റെ ജീവിതം. എന്നാൽ എല്ലാം ഞാൻ പിമ്പിൽ വിട്ടുകളഞ്ഞിരിക്കുന്നു. സ്വഭാവത്തിനു മാറ്റം വരുത്താൻ കുറെ സമയം വേണ്ടിവന്നെങ്കിലും ഇപ്പോൾ ഞാൻ പഴയ ആളല്ല. നല്ലവനായിത്തുടരാൻ ഞാൻ എന്നും ശ്രമിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

കൊലപാതകക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട സാൽവാറ്റോറെ, സ്‌പോലെറ്റോയിൽ കനത്ത സുരക്ഷാസംവിധാനമുള്ള തടവറയിലാണ്‌. ജയിലിനുള്ളിൽ നടന്ന അദ്ദേഹത്തിന്റെ സ്‌നാപനം അനേകരിലും മതിപ്പുളവാക്കി. ജയിൽ വാർഡൻ പറഞ്ഞു: “എല്ലാവരോടുമുള്ള നല്ല പെരുമാറ്റത്തിൽ കലാശിക്കുന്ന ഒരു തിരഞ്ഞെടുപ്പ്‌, സാമൂഹിക തലത്തിൽ പ്രാധാന്യം അർഹിക്കുന്ന ഒന്നായതിനാൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്‌. അങ്ങനെ ചെയ്യുന്നത്‌, തടവിൽ കഴിയുന്നവർക്കും മുഴു സമൂഹത്തിനും പ്രയോജനപ്രദമാണ്‌.” സാൽവാറ്റോറെയുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ കണ്ട്‌ അദ്ദേഹത്തിന്റെ ഭാര്യയും ഒരു മകളും ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കുന്നു. സാൽവാറ്റോറെയിൽനിന്നു സത്യത്തെക്കുറിച്ചു സാക്ഷ്യം ലഭിച്ച ഒരു തടവുകാരൻ യഹോവയുടെ സമർപ്പിത ദാസനായി സ്‌നാപനമേറ്റു.

ആദിമ ക്രിസ്‌ത്യാനിത്വം വികസിക്കുകയും വളർച്ച പ്രാപിക്കുകയും ചെയ്‌ത രാജ്യങ്ങളിൽ ഒന്നാണ്‌ ഇറ്റലി. (പ്രവൃത്തികൾ 2:10; റോമർ 1:​3, 4) ഇക്കാലത്തു നാം ചെയ്യുന്ന കൊയ്‌ത്തുവേലയുടെ ഫലമായി, വളരെ പണിപ്പെട്ട്‌ പൗലൊസും സഹക്രിസ്‌ത്യാനികളും സുവാർത്ത പ്രസംഗിച്ച അതേ പ്രദേശങ്ങളിൽ ആത്മീയ വളർച്ചയും വികസനവും അവിരാമം തുടരുകയാണ്‌.​—⁠പ്രവൃത്തികൾ 23:11; 28:14-16.

[13-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഇറ്റലി

റോം

[15-ാം പേജിലെ ചിത്രങ്ങൾ]

ബിറ്റോന്റോ സമ്മേളന ഹാളും ഒരു ഇറ്റാലിയൻ ആംഗ്യഭാഷാ സഭയും, റോം

[16-ാം പേജിലെ ചിത്രം]

ബൈബിൾസത്യം തടവുകാരെ ‘സ്വതന്ത്രരാക്കുന്നു’

[17-ാം പേജിലെ ചിത്രങ്ങൾ]

ആദിമ ക്രിസ്‌ത്യാനിത്വം തഴച്ചുവളർന്ന പ്രദേശങ്ങളിൽ ആത്മീയ വളർച്ച അവിരാമം തുടരുന്നു