വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏതു പരിശോധനയെയും അതിജീവിക്കാൻ നമുക്കു കഴിയും!

ഏതു പരിശോധനയെയും അതിജീവിക്കാൻ നമുക്കു കഴിയും!

ഏതു പരിശോധനയെയും അതിജീവിക്കാൻ നമുക്കു കഴിയും!

നിങ്ങൾ ഇപ്പോൾ ഏതെങ്കിലും ഒരു പരിശോധനയെ നേരിട്ടുകൊണ്ടിരിക്കുകയാണോ? അതിനെ മറികടക്കാൻ കഴിയാതെ നിങ്ങൾ വലയുകയാണോ? മറ്റാരും അനുഭവിച്ചിട്ടില്ലാത്തതും മോചനം ഇല്ലാത്തതും ആയ പരീക്ഷയാണതെന്നുപോലും ചിലപ്പോഴൊക്കെ നിങ്ങൾക്കു തോന്നുന്നുണ്ടോ? എന്നാൽ വിഷമിക്കേണ്ടതില്ല! നാം നേരിടുന്ന പരിശോധന എന്തുതന്നെ ആയിരുന്നാലും അതിനെ വിജയകരമായി തരണം ചെയ്യാനുള്ള പ്രാപ്‌തി നമുക്കു നൽകാൻ ദൈവത്തിനു കഴിയുമെന്നു ബൈബിൾ ഉറപ്പുനൽകുന്നു.

ദൈവദാസർക്ക്‌ ‘വിവിധ പരീക്ഷകൾ’ ഉണ്ടാകുമെന്നു ബൈബിൾ സമ്മതിച്ചുപറയുന്നു. (യാക്കോബ്‌ 1:2) “വിവിധ” എന്നതിന്റെ ഗ്രീക്കു പദം പിക്കിലോസ്‌ ആണ്‌. “ഒട്ടനവധി” അല്ലെങ്കിൽ “പല രൂപത്തിലും ഭാവത്തിലും ഉള്ള” എന്ന അർഥത്തിലായിരുന്നു മുൻകാലങ്ങളിൽ അത്‌ ഉപയോഗിച്ചിരുന്നത്‌. അതിനാൽ ആ പദം “പരിശോധനകൾ എത്ര വ്യത്യസ്‌തങ്ങളായിരിക്കാം” എന്നതിന്‌ ഊന്നൽ നൽകുന്നു. അതുകൊണ്ട്‌, ‘വിവിധ പരീക്ഷകൾ’ എന്നത്‌ വ്യത്യസ്‌ത രൂപത്തിലും ഭാവത്തിലും നമ്മെ അഭിമുഖീകരിക്കുന്ന പരിശോധനകളെയാണ്‌ അർഥമാക്കുന്നത്‌. എന്നാൽ അത്തരം ഏതൊരു പരീക്ഷയെയും മറികടക്കാൻ പ്രാപ്‌തരാക്കിക്കൊണ്ട്‌ യഹോവ നമ്മെ പിന്താങ്ങുന്നു. അതു സംബന്ധിച്ചു നമുക്ക്‌ എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

“വിവിധമായുള്ള ദൈവകൃപ”

ക്രിസ്‌ത്യാനികൾ “നാനാ പരീക്ഷകളാൽ ദുഃഖി”തരാണെന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ ചൂണ്ടിക്കാട്ടുന്നു. (1 പത്രൊസ്‌ 1:6) പിന്നീട്‌, “വിവിധമായുള്ള ദൈവകൃപ”യെക്കുറിച്ച്‌ അവൻ തന്റെ നിശ്വസ്‌ത എഴുത്തിൽ പ്രസ്‌താവിച്ചു. (1 പത്രൊസ്‌ 4:10) “നാനാ,” “വിവിധമായുള്ള” എന്നീ പദപ്രയോഗങ്ങളിൽ, പിക്കിലോസ്‌ എന്ന പദത്തിന്റെതന്നെ ഒരു രൂപമാണ്‌ അടങ്ങിയിരിക്കുന്നത്‌. ഈ പ്രയോഗത്തെക്കുറിച്ച്‌ അഭിപ്രായപ്പെട്ടുകൊണ്ട്‌ ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ പറയുന്നു: “അതിമഹത്തായ ഒരു ആശയമാണ്‌ ഇത്‌. . . . ദൈവത്തിന്റെ കൃപയെ [അഥവാ, അനർഹദയയെ] പിക്കിലോസുമായി ബന്ധിപ്പിച്ചുപറയുന്നതിന്റെ അർഥം, ദൈവകൃപയ്‌ക്കു പരിഹരിക്കാനാകാത്ത യാതൊരു മാനുഷ സാഹചര്യവും ഇല്ല എന്നാണ്‌.” അദ്ദേഹം തുടരുന്നു: “ദൈവകൃപയ്‌ക്കു കടന്നുചെല്ലാനും വിജയകരമായി തരണം ചെയ്യാനും കഴിയാത്തതായ ജീവിത സാഹചര്യങ്ങളോ പ്രതിസന്ധികളോ അടിയന്തിരഘട്ടങ്ങളോ ഉണ്ടായിരിക്കുക സാധ്യമല്ല. സകലത്തിനും പര്യാപ്‌തമായ ദൈവകൃപയുടെ നിറപ്പകിട്ടാർന്ന ചിത്രം മനസ്സിൽ ഓടിയെത്താൻ ഇടയാക്കുന്നതാണ്‌ പിക്കിലോസ്‌ എന്ന അർഥഗർഭമായ പദം.”

പരിശോധനകളെ വെല്ലുന്ന ദയ

ദൈവത്തിന്റെ അനർഹദയ പ്രകടമാകുന്ന ഒരു വിധം ക്രിസ്‌തീയ സഭയിലെ വിവിധ അംഗങ്ങളിലൂടെ ആണെന്നു പത്രൊസ്‌ പറയുന്നു. (1 പത്രൊസ്‌ 4:11 ) ഓരോ ദൈവദാസനും വ്യത്യസ്‌തമായ ആത്മീയ ദാനങ്ങൾ അഥവാ പ്രാപ്‌തികൾ ഉണ്ട്‌. പരിശോധനകൾ അഭിമുഖീകരിക്കുന്നവർക്ക്‌ അവ പ്രോത്സാഹനത്തിന്റെ ഉറവ്‌ ആയിരുന്നേക്കാം. (റോമർ 12:6-8) ഉദാഹരണത്തിന്‌, സഭയിലുള്ള ചിലർ പ്രാപ്‌തരായ ബൈബിൾ പ്രബോധകരാണ്‌. ഉൾക്കാഴ്‌ച പ്രതിഫലിപ്പിക്കുന്ന അവരുടെ വാക്കുകൾ മറ്റുള്ളവരെ ധൈര്യപ്പെടുത്തുകയും സഹിച്ചുനിൽക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. (നെഹെമ്യാവു 8:1-4, 8, 12) മറ്റു ചിലരാകട്ടെ, സഹായം ആവശ്യമുള്ളവർക്ക്‌ ക്രമമായി അവരുടെ വീടുകളിൽ ഇടയസന്ദർശനങ്ങൾ നടത്തുന്നു. അത്തരം സന്ദർശനങ്ങൾ “ഹൃദയങ്ങൾക്കു ആശ്വാസം” പകരുന്ന പ്രോത്സാഹന വേളകളാണ്‌. (കൊലൊസ്സ്യർ 2:2) മേൽവിചാരകന്മാർ വിശ്വാസത്തെ ബലപ്പെടുത്തുന്ന അത്തരം സന്ദർശനങ്ങൾ നടത്തുമ്പോൾ അവർ ആത്മീയ വരങ്ങൾ നൽകുകയാണു ചെയ്യുന്നത്‌. (യോഹന്നാൻ 21:16) പരിശോധനകൾ നിമിത്തം ദുഃഖം അനുഭവിക്കുന്നവരോട്‌ ഊഷ്‌മളതയും അനുകമ്പയും ആർദ്രതയും പ്രകടമാക്കുന്നതിൽ മുന്നിട്ടുനിൽക്കുന്ന ചിലരും സഭകളിൽ ഉണ്ട്‌. (പ്രവൃത്തികൾ 4:36; റോമർ 12:10; കൊലൊസ്സ്യർ 3:10) സ്‌നേഹസമ്പന്നരായ അത്തരം സഹോദരീസഹോദരന്മാരുടെ സമാനുഭാവവും ക്രിയാത്മകമായ പിന്തുണയും ദൈവത്തിന്റെ അനർഹദയയുടെ ഗണ്യമായ ഒരു പ്രകടനം അഥവാ പ്രതിഫലനമാണ്‌.​—⁠സദൃശവാക്യങ്ങൾ 12:25; 17:17.

‘സർവ്വാശ്വാസവും നല്‌കുന്ന ദൈവം’

എല്ലാറ്റിലും പ്രധാനമാണ്‌ യഹോവ പ്രദാനം ചെയ്യുന്ന ആശ്വാസം. “സർവ്വാശ്വാസവും നല്‌കുന്ന ദൈവ”മാണ്‌ അവൻ. (2 കൊരിന്ത്യർ 1:​3, 4) തന്റെ നിശ്വസ്‌ത വചനത്തിലൂടെ ജ്ഞാനവും പരിശുദ്ധാത്മാവിലൂടെ ശക്തിയും നൽകിക്കൊണ്ടാണ്‌ സഹായത്തിനുള്ള നമ്മുടെ പ്രാർഥനകൾക്കു യഹോവ പ്രധാനമായും ഉത്തരം നൽകുന്നത്‌. (യെശയ്യാവു 30:18, 21; ലൂക്കൊസ്‌ 11:13; യോഹന്നാൻ 14:16) അപ്പൊസ്‌തലനായ പൗലൊസിന്റെ നിശ്വസ്‌ത വാഗ്‌ദാനം നമ്മെ ശക്തിപ്പെടുത്തുന്നതാണ്‌. അവൻ ഇങ്ങനെ പറഞ്ഞു: “ദൈവം വിശ്വസ്‌തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.”​—⁠1 കൊരിന്ത്യർ 10:13.

അതേ, നാം നേരിടുന്ന പരിശോധനകൾ ഏതു തരത്തിലുള്ളവയായാലും അതിനെ മറികടക്കാൻ ദൈവത്തിന്റെ അനർഹദയ നമ്മെ സഹായിക്കും. (യാക്കോബ്‌ 1:17) തന്റെ ദാസന്മാർ അഭിമുഖീകരിച്ചേക്കാവുന്ന പരിശോധനകളും വെല്ലുവിളികളും എത്ര വൈവിധ്യമാർന്നവ ആയിരുന്നാലും, തക്കസമയത്ത്‌ അനുയോജ്യമായ സഹായം യഹോവ പ്രദാനം ചെയ്യും. “ദൈവത്തിന്റെ ബഹുവിധമായ ജ്ഞാന”ത്തിന്റെ ഒരു തെളിവു മാത്രമാണത്‌. (എഫെസ്യർ 3:10) നിങ്ങൾ അതിനോടു യോജിക്കുന്നില്ലേ?

[31-ാം പേജിലെ ചിത്രങ്ങൾ]

പരിശോധനകൾ തരണം ചെയ്യാൻ യഹോവ നമ്മെ സഹായിക്കുന്നു