കുട്ടികളേ, യഹോവയെ സ്‌തുതിക്കുവിൻ!
കുട്ടികളേ, യഹോവയെ സ്‌തുതിക്കുവിൻ!
“ഭൂമിയിൽനിന്നു യഹോവയെ സ്‌തുതിപ്പിൻ. യുവാക്കളും യുവതികളും . . . യഹോവയുടെ നാമത്തെ സ്‌തുതിക്കട്ടെ.”—സങ്കീർത്തനം 148:7, 12, 13.
1, 2. (എ) ഏതുതരം നിയന്ത്രണങ്ങൾ സംബന്ധിച്ചു പല യുവജനങ്ങൾക്കും അറിയാം? (ബി) മാതാപിതാക്കൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെപ്രതി യുവജനങ്ങൾ നീരസപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
ചെയ്യാൻ അനുവാദമില്ലാത്ത കാര്യങ്ങളിൽ കുട്ടികൾ മിക്കപ്പോഴും അതീവ തത്‌പരരായിരിക്കും. തിരക്കേറിയ ഒരു റോഡ് തനിയെ മുറിച്ചുകടക്കാനും ഉറങ്ങാൻ പോകേണ്ടത് എപ്പോഴാണെന്നു സ്വയം തീരുമാനിക്കാനും വണ്ടിയോടിക്കാനുള്ള അനുവാദം ലഭിക്കാനും ഒക്കെ എപ്പോഴാണ് സാധിക്കുകയെന്ന് ഒട്ടും ആലോചിക്കാതെതന്നെ അവരിൽ അനേകർക്കും പറയാൻ കഴിയും. എന്തു കാര്യത്തിന് അനുവാദം ചോദിച്ചാലും “കുറേക്കൂടെ വലുതാകട്ടെ” എന്ന സ്ഥിരം പല്ലവി കേൾക്കേണ്ടിവരുന്നതായി ചില യുവപ്രായക്കാർക്കു തോന്നിയേക്കാം.
2 അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു നല്ലതിനാണെന്ന്, ഒരുപക്ഷേ നിങ്ങൾക്കു സംരക്ഷണം നൽകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മാതാപിതാക്കൾ അതു ചെയ്യുന്നതെന്നു യുവജനങ്ങളായ നിങ്ങൾക്ക് അറിയാം. മാതാപിതാക്കളെ അനുസരിക്കുന്നതു യഹോവയ്‌ക്കു പ്രസാദകരമാണെന്നും നിങ്ങൾ മനസ്സിലാക്കുന്നു. (കൊലൊസ്സ്യർ 3:20) എന്നിരുന്നാലും, ഇത്തരം നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ശരിക്കൊന്നു ജീവിച്ചു തുടങ്ങാനായിട്ടില്ലെന്നു നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നാറുണ്ടോ? മുതിർന്നുകഴിയുന്നതുവരെ പ്രാധാന്യമേറിയ കാര്യങ്ങളെല്ലാം നിങ്ങൾക്കു നിഷേധിക്കപ്പെട്ടിരിക്കുകയാണോ? തീർച്ചയായും അല്ല! നിങ്ങൾ നോക്കിപ്പാർത്തിരിക്കുന്ന ഏതൊരു പദവിയെക്കാളും പ്രാധാന്യമേറിയ ഒരു വേല ഇക്കാലത്തു നടക്കുന്നുണ്ട്. യുവജനങ്ങളായ നിങ്ങൾക്ക് ഈ വേലയിൽ പങ്കെടുക്കാനുള്ള അനുവാദമുണ്ടോ? തീർച്ചയായും. അനുവാദമുണ്ടെന്നു മാത്രമല്ല, അത്യുന്നത ദൈവംതന്നെ നിങ്ങളെ അതിനായി ക്ഷണിക്കുകയും ചെയ്യുന്നു!
3. ഏതു പ്രത്യേക വേലയിൽ പങ്കുപറ്റാൻ യഹോവ യുവജനങ്ങളെ ക്ഷണിക്കുന്നു, നാമിപ്പോൾ ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?
3 ഏതു വേലയെക്കുറിച്ചാണു നാം സംസാരിക്കുന്നത്? ഈ ലേഖനത്തിന്റെ ആധാരവാക്യം എന്താണു പറയുന്നതെന്നു നോക്കുക: “ഭൂമിയിൽനിന്നു യഹോവയെ സ്‌തുതിപ്പിൻ. യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും . . . യഹോവയുടെ നാമത്തെ സ്‌തുതിക്കട്ടെ.” (സങ്കീർത്തനം 148:7, 12, 13) ഇതാണു നിങ്ങൾക്കുള്ള അതിമഹത്തായ പദവി: നിങ്ങൾക്ക് യഹോവയെ സ്‌തുതിക്കാൻ കഴിയും. ആ വേലയിൽ പങ്കെടുക്കാൻ ഒരു യുവവ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക് ഉത്സാഹം തോന്നുന്നുണ്ടോ? അനേകർക്കും അങ്ങനെ തോന്നുന്നുണ്ട്. അങ്ങനെ തോന്നുന്നത് മൂല്യവത്തായിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കുന്നതിനായി നമുക്കിപ്പോൾ മൂന്നു ചോദ്യങ്ങൾ പരിചിന്തിക്കാം: നിങ്ങൾ യഹോവയെ സ്‌തുതിക്കേണ്ടത് എന്തുകൊണ്ട്? അവനെ ഫലകരമായി സ്‌തുതിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? യഹോവയെ സ്‌തുതിച്ചുതുടങ്ങാൻ പറ്റിയ സമയം എപ്പോഴാണ്?
യഹോവയെ സ്‌തുതിക്കേണ്ടത് എന്തുകൊണ്ട്?
4, 5. (എ) 148-ാം സങ്കീർത്തനം അനുസരിച്ച് നമുക്ക് മഹത്തായ ഏതു പദവിയുണ്ട്? (ബി) സംസാരിക്കാനോ ചിന്തിക്കാനോ കഴിവില്ലാത്ത സൃഷ്ടികൾക്ക് യഹോവയെ സ്‌തുതിക്കാനാകുന്നത് എങ്ങനെ?
4 യഹോവയെ സ്‌തുതിക്കേണ്ടതിന്റെ ഒരു മുഖ്യ കാരണം അവൻ സ്രഷ്ടാവാണ് എന്നതാണ്. 148-ാം സങ്കീർത്തനം ഇതിന്റെ സത്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കുന്നു. ഒന്നു ചിന്തിക്കുക: ഹൃദയത്തെ സ്‌പർശിക്കുന്ന മനോഹരമായ ഒരു ഗാനം കുറെ പേർ ചേർന്ന് സ്വരൈക്യത്തോടെ ആലപിക്കുന്നതു നിങ്ങൾ കേൾക്കുന്നുവെന്നിരിക്കട്ടെ, നിങ്ങൾക്ക് എന്തു തോന്നും? സുപ്രധാനവും ആനന്ദദായകവും പ്രോത്സാഹജനകവുമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന, സത്യമാണെന്നു നിങ്ങൾക്ക് അറിയാവുന്ന, വാക്കുകളാണ് ആ ഗാനത്തിന്റെ ഈരടികളെങ്കിലോ? ആ വാക്കുകൾ മനഃപാഠമാക്കി ആ കൂട്ടത്തോടൊപ്പം ചേർന്നു പാടാൻ നിങ്ങൾക്ക് ആഗ്രഹം തോന്നില്ലേ? നമ്മിൽ പലർക്കും തോന്നും. അതിനോടു സമാനമായ, എന്നാൽ അതിലും ഏറെ മഹത്തരമായ ഒരു അവസരമാണു നിങ്ങളുടെ മുമ്പാകെയുള്ളതെന്ന് 148-ാം സങ്കീർത്തനം വ്യക്തമാക്കുന്നു. യഹോവയെ സ്വരൈക്യത്തോടെ സ്‌തുതിക്കുന്ന വലിയൊരു കൂട്ടത്തെയാണ് ആ സങ്കീർത്തനം വർണിക്കുന്നത്. എന്നാൽ, അതു വായിക്കുമ്പോൾ അസാധാരണമായ ഒന്ന് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടേക്കാം. എന്താണത്?
5 മേൽപ്പറഞ്ഞ സങ്കീർത്തനത്തിൽ വർണിച്ചിരിക്കുന്ന പല സ്‌തുതിപാഠകർക്കും സംസാരിക്കാനോ ചിന്തിക്കാനോ ഉള്ള കഴിവില്ല. ഉദാഹരണത്തിന്, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, മഞ്ഞ്, കാറ്റ്, പർവതങ്ങൾ, കുന്നുകൾ എന്നിവയെല്ലാം യഹോവയെ സ്‌തുതിക്കുന്നതായി നാം അവിടെ വായിക്കുന്നു. ജീവനില്ലാത്ത ഇവയ്‌ക്ക് എങ്ങനെയാണു യഹോവയെ സ്‌തുതിക്കാനാകുക? (3, 8, 9 വാക്യങ്ങൾ) വൃക്ഷങ്ങളും കടൽജീവികളും മറ്റു ജന്തുക്കളും ചെയ്യുന്നതുപോലെതന്നെ. (7, 9, 10 വാക്യങ്ങൾ) നിങ്ങൾ മനോഹരമായ ഒരു സൂര്യാസ്‌തമയം കണ്ടാസ്വദിച്ചിട്ടുണ്ടോ, നക്ഷത്രങ്ങൾ കണ്ണുചിമ്മുന്ന ആകാശത്തിലൂടെ തെന്നിനീങ്ങുന്ന ചന്ദ്രബിംബത്തെ നോക്കിനിന്നിട്ടുണ്ടോ? ഒരു പൂച്ചക്കുഞ്ഞിന്റെയോ പട്ടിക്കുഞ്ഞിന്റെയോ കളികൾ കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ടോ? ചില പ്രകൃതിദൃശ്യങ്ങൾ കണ്ട് അതിശയിച്ചുപോയിട്ടുണ്ടോ? ഉണ്ടെങ്കിൽ, സൃഷ്ടിയിൽനിന്നുള്ള സ്‌തുതിഗീതം നിങ്ങൾ ‘കേട്ടിരിക്കുന്നു.’ യഹോവ സർവശക്തനായ സ്രഷ്ടാവാണെന്ന്, ശക്തിയിലും ബുദ്ധിയിലും സ്‌നേഹത്തിലും അവനു തുല്യനായി ആരുമില്ലെന്ന്, അവന്റെ സകല സൃഷ്ടികളും നമ്മെ ഓർമപ്പെടുത്തുന്നു.—റോമർ 1:20; വെളിപ്പാടു 4:11.
6, 7. (എ) ബുദ്ധിശക്തിയുള്ള ഏതു സൃഷ്ടികൾ യഹോവയെ സ്‌തുതിക്കുന്നതായാണ് 148-ാം സങ്കീർത്തനം വർണിക്കുന്നത്? (ബി) യഹോവയെ സ്‌തുതിക്കാൻ നാം പ്രചോദിതരായേക്കാവുന്നത് എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
6 ബുദ്ധിശക്തിയുള്ള സൃഷ്ടികളും യഹോവയെ സ്‌തുതിക്കുന്നതായി 148-ാം സങ്കീർത്തനം വർണിക്കുന്നു. യഹോവയുടെ സ്വർഗീയ ‘സൈന്യം’ അഥവാ ദൂതന്മാർ ദൈവത്തെ സ്‌തുതിക്കുന്നതായി 2-ാം വാക്യം നമ്മോടു പറയുന്നു. 11-ാം വാക്യം, ദൈവത്തെ സ്‌തുതിക്കുന്നതിൽ പങ്കുചേരാൻ രാജാക്കന്മാരെയും ന്യായാധിപന്മാരെയും പോലെ അധികാരവും സ്വാധീനശക്തിയും ഉള്ള മനുഷ്യരെ ക്ഷണിക്കുന്നു. ശക്തരായ ദൂതന്മാർ യഹോവയെ സ്‌തുതിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നെങ്കിൽ, ദൈവത്തെ സ്‌തുതിക്കുന്നത് ഒരു കുറച്ചിലാണെന്ന് നിസ്സാരരായ മനുഷ്യരിൽ ആർക്കെങ്കിലും പറയാൻ കഴിയുമോ? 12-ഉം 13-ഉം വാക്യങ്ങൾ യഹോവയുടെ സ്‌തുതിപാഠകരോടു ചേരാൻ യുവജനങ്ങളായ നിങ്ങളെയും ക്ഷണിക്കുന്നു. അതു ചെയ്യാൻ നിങ്ങൾ പ്രേരിതരാകുന്നില്ലേ?
7 ഒരു ഉദാഹരണം നോക്കുക. സ്‌പോർട്‌സിലോ കലയിലോ സംഗീതത്തിലോ കഴിവു തെളിയിച്ചിട്ടുള്ള ഒരു അടുത്ത സുഹൃത്ത് നിങ്ങൾക്ക് ഉണ്ടെങ്കിൽ, ആ കുട്ടിയെക്കുറിച്ച് നിങ്ങളുടെ വീട്ടിലുള്ളവരോടും മറ്റു കൂട്ടുകാരോടും നിങ്ങൾ സംസാരിക്കില്ലേ? തീർച്ചയായും. യഹോവ ചെയ്‌തിരിക്കുന്ന സകലതിനെയും കുറിച്ചു മനസ്സിലാക്കുന്നത് നമ്മിൽ സമാനമായ ഫലം ഉളവാക്കും. ഉദാഹരണത്തിന്, താരനിബിഡമായ ആകാശം ‘വാക്കു പൊഴിയാൻ’ ഇടയാക്കുന്നുവെന്നു സങ്കീർത്തനം 19:1, 2 പറയുന്നു. യഹോവ ചെയ്‌തിരിക്കുന്ന വിസ്‌മയകരമായ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ, നമ്മുടെ ദൈവത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാതിരിക്കാൻ നമുക്കാവില്ല.
8, 9. ഏതു രണ്ടു കാരണങ്ങളാൽ നാം യഹോവയെ സ്‌തുതിക്കാൻ അവൻ ആഗ്രഹിക്കുന്നു?
യെശയ്യാവു 55:8) തന്നെക്കുറിച്ചുതന്നെയോ തന്റെ ഗുണങ്ങളെക്കുറിച്ചോ അവന് യാതൊരു അനിശ്ചിതത്വവും ഇല്ല. (യെശയ്യാവു 45:5) എങ്കിലും, നാം അവനെ സ്‌തുതിക്കാൻ അവൻ ആഗ്രഹിക്കുന്നു, നാം അങ്ങനെ ചെയ്യുമ്പോൾ അത് അവനെ പ്രസാദിപ്പിക്കുന്നു. എന്തുകൊണ്ട്? രണ്ടു കാരണങ്ങൾ പരിചിന്തിക്കുക. ഒന്നാമതായി, നാം അവനെ സ്‌തുതിക്കേണ്ടതാണെന്ന് അവനറിയാം. ആത്മീയ ആവശ്യം അതായത്, ആരാധിക്കാനുള്ള ആവശ്യം സഹിതമാണ് അവൻ നമ്മെ സൃഷ്ടിച്ചത്. (മത്തായി 5:3) നാം ആ ആവശ്യം തൃപ്‌തിപ്പെടുത്തുന്നത് യഹോവയെ സന്തോഷിപ്പിക്കുന്നു, നിങ്ങൾ പോഷകപ്രദമായ ആഹാരം കഴിക്കുന്നത് നിങ്ങളുടെ മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതുപോലെതന്നെ.—യോഹന്നാൻ 4:34.
8 യഹോവയെ സ്‌തുതിക്കേണ്ടതിന്റെ മറ്റൊരു പ്രമുഖ കാരണം, നാം അങ്ങനെ ചെയ്യാൻ അവൻ ആഗ്രഹിക്കുന്നു എന്നതാണ്. എന്തുകൊണ്ട്? മനുഷ്യരുടെ സ്‌തുതി അവന് ആവശ്യമുള്ളതുകൊണ്ടാണോ? അല്ല. മനുഷ്യരായ നമുക്കു പലപ്പോഴും മറ്റുള്ളവരിൽനിന്നുള്ള അഭിനന്ദനവും പ്രശംസയുമൊക്കെ ആവശ്യമായിരിക്കാം. എന്നാൽ യഹോവ നമ്മെക്കാളെല്ലാം വളരെ വളരെ ഉയർന്നവനാണ്. (9 രണ്ടാമതായി, നാം യഹോവയെ സ്‌തുതിക്കുന്നത് മറ്റുള്ളവർ കേൾക്കണമെന്ന് അവനറിയാം. അപ്പൊസ്‌തലനായ പൗലൊസ് യുവാവായ തിമൊഥെയൊസിന് ഇപ്രകാരം എഴുതി: “നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനില്‌ക്ക; അങ്ങനെ ചെയ്‌താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.” (1 തിമൊഥെയൊസ് 4:16) അതേ, യഹോവയാം ദൈവത്തെക്കുറിച്ചു നിങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുകയും അങ്ങനെ അവനെ സ്‌തുതിക്കുകയും ചെയ്യുമ്പോൾ അവരും യഹോവയെക്കുറിച്ച് അറിയാൻ ഇടയായേക്കാം. അത്തരം പരിജ്ഞാനം അവരെ നിത്യരക്ഷയിലേക്കു നയിക്കുന്നു.—യോഹന്നാൻ 17:3.
10. നമ്മുടെ ദൈവത്തെ സ്‌തുതിക്കാൻ നാം പ്രേരിതരാകുന്നത് എന്തുകൊണ്ട്?
10 യഹോവയെ സ്‌തുതിക്കുന്നതിനു വേറൊരു കാരണവുമുണ്ട്. കഴിവുകളുള്ള ആ സുഹൃത്തിന്റെ ദൃഷ്ടാന്തം ഓർക്കുക. മറ്റുള്ളവർ ആ കുട്ടിയെക്കുറിച്ചു നുണ പരത്തുകയോ അവന്റെ സത്‌പേരിനു കളങ്കം വരുത്തുകയോ ചെയ്യുന്നതായി കേട്ടാൽ, അവനെ പ്രശംസിക്കാനും അനുമോദിക്കാനും ഉള്ള നിങ്ങളുടെ തീരുമാനത്തെ നിങ്ങൾ കൂടുതലായി ശക്തിപ്പെടുത്തില്ലേ? ഈ ലോകത്തിൽ യഹോവ നിന്ദിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. (യോഹന്നാൻ 8:44; വെളിപ്പാടു 12:9) അതുകൊണ്ട്, അവനെ സ്‌നേഹിക്കുന്നവർ അവനെക്കുറിച്ചുള്ള സത്യം സംസാരിക്കാനും തെറ്റിദ്ധാരണ തിരുത്താനും പ്രേരിതരായിത്തീരുന്നു. ഭരണാധികാരിയെന്ന നിലയിൽ നിങ്ങൾക്കു വേണ്ടത് യഹോവയെ ആണ്, അവന്റെ മുഖ്യ എതിരാളിയായ സാത്താനെ അല്ല എന്നു പ്രകടമാക്കിക്കൊണ്ട് നിങ്ങൾ യഹോവയോടു സ്‌നേഹവും വിലമതിപ്പും കാണിക്കുമോ? യഹോവയെ സ്‌തുതിക്കുന്നതിലൂടെ അതെല്ലാം നിങ്ങൾക്കു ചെയ്യാനാകും. എങ്ങനെ? അതാണ് അടുത്ത ചോദ്യം.
ചില കുട്ടികൾ യഹോവയെ സ്‌തുതിച്ച വിധം
11. യഹോവയെ സ്‌തുതിക്കുന്നതിൽ കുട്ടികൾക്ക് വിജയംവരിക്കാൻ കഴിയുമെന്ന് ഏതു ബൈബിൾ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
11 യഹോവയെ സ്‌തുതിക്കുന്നതിൽ കുട്ടികൾ മിക്കപ്പോഴും വിജയംവരിച്ചിട്ടുള്ളതായി ബൈബിൾ പ്രകടമാക്കുന്നു. ഉദാഹരണത്തിന്, ഒരു ഇസ്രായേല്യ പെൺകുട്ടിയുടെ കാര്യമെടുക്കുക. സിറിയക്കാർ അവളെ തടവുകാരിയായി പിടിച്ചുകൊണ്ടുപോയിരുന്നു. അവൾ തന്റെ യജമാനത്തിയോട് യഹോവയുടെ പ്രവാചകനായ എലീശയെക്കുറിച്ചു ധൈര്യസമേതം സാക്ഷീകരിച്ചു. അവളുടെ വാക്കുകൾ നിമിത്തം ഒരു അത്ഭുതം നടക്കാനും ശക്തമായൊരു സാക്ഷ്യം നൽകപ്പെടാനും ഇടയായി. (2 രാജാക്കന്മാർ 5:1-17) കുട്ടിയായിരിക്കെ യേശുവും സധൈര്യം സാക്ഷീകരിച്ചു. 12 വയസ്സുള്ളപ്പോൾ ഒരവസരത്തിൽ അവൻ യെരൂശലേമിലെ ആലയത്തിൽവെച്ചു മതനേതാക്കന്മാരോട് സധൈര്യം ചോദ്യങ്ങൾ ചോദിച്ചു. യഹോവയുടെ വഴികൾ സംബന്ധിച്ചുള്ള അവന്റെ ഗ്രാഹ്യം ആ നേതാക്കന്മാരെ അത്ഭുതപ്പെടുത്തി. യേശുവിന്റെ ചെറുപ്രായത്തിൽ ശ്രദ്ധേയമായ അനേകം സംഭവങ്ങൾ നടന്നിരിക്കാമെങ്കിലും തിരുവെഴുത്തുകളിൽ രേഖപ്പെടുത്താൻ യഹോവ തിരഞ്ഞെടുത്തത് ഇതാണ്.—ലൂക്കൊസ് 2:46-49.
12, 13. (എ) മരണത്തിനു തൊട്ടുമുമ്പ് ദേവാലയത്തിൽവെച്ച് യേശു എന്തു ചെയ്‌തു, അവിടെയുള്ള ആളുകളിൽ അത് എന്തു ഫലം ഉളവാക്കി? (ബി) ബാലന്മാരുടെ സ്‌തുതിപ്രകടനത്തോട് യേശു എങ്ങനെ പ്രതികരിച്ചു?
12 മുതിർന്നപ്പോൾ, യഹോവയെ സ്‌തുതിക്കാൻ യേശു കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്‌തു. ഉദാഹരണത്തിന്, മരണത്തിന് ഏതാനും ദിവസം മുമ്പ് യെരൂശലേം ദേവാലയത്തിൽ ആയിരിക്കെ യേശു അവിടെ ‘അത്ഭുതങ്ങൾ’ പ്രവർത്തിച്ചെന്ന് ബൈബിൾ പറയുന്നു. ആ വിശുദ്ധസ്ഥലത്തെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തവരെ അവൻ അവിടെനിന്നു പുറത്താക്കി. അന്ധരെയും മുടന്തരെയും സൗഖ്യമാക്കി. അവിടെയുണ്ടായിരുന്ന സകലരും, പ്രത്യേകിച്ച് മതനേതാക്കന്മാർ, യഹോവയെയും അവന്റെ പുത്രനായ മിശിഹായെയും സ്‌തുതിക്കാൻ പ്രേരിതരാകേണ്ടതായിരുന്നു. സങ്കടകരമെന്നു പറയട്ടെ, അക്കാലത്തെ ഭൂരിപക്ഷവും അങ്ങനെ ചെയ്‌തില്ല. യേശു ദൈവത്താൽ അയയ്‌ക്കപ്പെട്ടവനാണെന്ന് അറിയാമായിരുന്നെങ്കിലും അവർ മതനേതാക്കന്മാരെ ഭയപ്പെട്ടിരുന്നു. എങ്കിലും ഒരുകൂട്ടം ആളുകൾ അവനുവേണ്ടി സധൈര്യം ശബ്ദമുയർത്തുകതന്നെ ചെയ്‌തു. അവർ ആരായിരുന്നുവെന്നു നിങ്ങൾക്കറിയാമോ? ബൈബിൾ പറയുന്നു: “മഹാപുരോഹിതന്മാരും ശാസ്‌ത്രിമാരും അവൻ [യേശു] ചെയ്‌ത അത്ഭുതങ്ങളെയും ദാവീദ്‌പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു: ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു [യേശുവിനോടു] ചോദിച്ചു.”—മത്തായി 21:15, 16; യോഹന്നാൻ 12:42.
13 തനിക്കു സ്‌തുതിപാടുന്ന ബാലന്മാരെ യേശു നിശ്ശബ്ദരാക്കുമെന്നാണ് ആ പുരോഹിതന്മാർ കരുതിയത്. അവൻ അങ്ങനെ ചെയ്‌തോ? ഇല്ല. യേശു ആ പുരോഹിതന്മാരോട് ഇങ്ങനെ പറഞ്ഞു: “ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്‌ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ.” വ്യക്തമായും, ആ ബാലന്മാർ നടത്തിയ സ്‌തുതിപ്രകടനത്തിൽ യേശുവും അവന്റെ പിതാവും സംപ്രീതരായിരുന്നു. മുതിർന്നവരെല്ലാം ചെയ്യേണ്ടിയിരുന്ന കാര്യമാണ് ആ ബാലന്മാർ ചെയ്‌തത്. അവരുടെ യുവമനസ്സുകൾക്കു കാര്യങ്ങളെല്ലാം വളരെ വ്യക്തമായിരുന്നിരിക്കണം. ഈ മനുഷ്യൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതും ധൈര്യത്തോടും വിശ്വാസത്തോടുംകൂടെ സംസാരിക്കുന്നതും ദൈവത്തോടും ദൈവജനത്തോടും തീവ്രസ്‌നേഹം പ്രകടമാക്കുന്നതും അവർ കണ്ടു. താൻ വാഗ്‌ദത്ത ‘ദാവീദുപുത്രൻ,’ മിശിഹാ ആണെന്ന അവന്റെ പ്രസ്‌താവന തികച്ചും ശരിയായിരുന്നു. ആ ബാലന്മാർ പ്രകടമാക്കിയ വിശ്വാസം നിമിത്തം അവർക്കു പ്രവചനം നിവർത്തിക്കാനുള്ള പദവിപോലും ലഭിച്ചു.—സങ്കീർത്തനം 8:2.
14. കുട്ടികൾക്കുള്ള സവിശേഷ കഴിവുകൾ ദൈവത്തെ സ്‌തുതിക്കാൻ അവരെ സജ്ജരാക്കുന്നത് എങ്ങനെ?
14 അത്തരം ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും? കുട്ടികൾക്ക് യഹോവയെ സ്‌തുതിക്കുന്നതിൽ വളരെ വിജയംവരിക്കാൻ കഴിയും എന്നതുതന്നെ. സത്യം വളരെ വ്യക്തവും സരളവും ആയി കാണാനും ആത്മാർഥതയോടും തീക്ഷ്‌ണതയോടും കൂടെ വിശ്വാസം പ്രകടമാക്കാനും ഉള്ള സവിശേഷ പ്രാപ്‌തി അവർക്കുണ്ട്. സദൃശവാക്യങ്ങൾ 20:29-ൽ പരാമർശിച്ചിരിക്കുന്ന വേറൊരു സവിശേഷതയും അവർക്കുണ്ട്. അത് ഇങ്ങനെ പറയുന്നു: “യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ.” (സദൃശവാക്യങ്ങൾ 20:29) അതേ, യുവപ്രായക്കാരായ നിങ്ങൾക്കുള്ള ശക്തിയും ഊർജവും യഹോവയെ സ്‌തുതിക്കുന്നതിൽ ഒരു മുതൽക്കൂട്ടാണ്. ഈ പ്രാപ്‌തികൾ ഫലകരമായി ഉപയോഗിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
നിങ്ങൾക്ക് എങ്ങനെ യഹോവയെ സ്‌തുതിക്കാം?
15. യഹോവയെ ഫലകരമായി സ്‌തുതിക്കുന്നതിന് നിങ്ങളുടെ ആന്തരം എങ്ങനെയുള്ളത് ആയിരിക്കണം?
15 സ്‌തുതി ഹൃദയത്തിൽനിന്നുള്ളതാണെങ്കിൽ മാത്രമേ അതു ഫലകരമായിരിക്കുകയുള്ളൂ. നിങ്ങൾ യഹോവയെ സ്‌തുതിക്കുന്നതു കേവലം മറ്റുള്ളവരുടെ പ്രേരണ നിമിത്തമാണെങ്കിൽ, അതു ഫലകരമായി ചെയ്യാൻ നിങ്ങൾക്കാവില്ല. ഓർക്കുക, ഏറ്റവും പ്രധാനപ്പെട്ട കൽപ്പന ഇതാണ്: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.” (മത്തായി ) ദൈവവചനത്തിന്റെ പഠനത്തിലൂടെ നിങ്ങൾ യഹോവയെ വ്യക്തിപരമായി അറിഞ്ഞിട്ടുണ്ടോ? അത്തരം പഠനം നിങ്ങളുടെ ഹൃദയത്തിൽ യഹോവയോടുള്ള സ്‌നേഹം വളർന്നുവരാൻ ഇടയാക്കും. ആ സ്‌നേഹം പ്രകടമാക്കാനുള്ള സ്വാഭാവിക വിധം അവനെ സ്‌തുതിക്കുക എന്നുള്ളതാണ്. ആന്തരം ശുദ്ധവും ശക്തവും ആയിക്കഴിഞ്ഞാൽ, യഹോവയെ ഉത്സാഹപൂർവം സ്‌തുതിക്കാൻ നിങ്ങൾ സജ്ജനായിരിക്കും. 22:37
16, 17. യഹോവയെ സ്‌തുതിക്കുന്നതിൽ പെരുമാറ്റം എന്തു പങ്കുവഹിക്കുന്നു? ദൃഷ്ടാന്തീകരിക്കുക.
16 നിങ്ങൾ എന്തു പറയും എന്നു ചിന്തിക്കുന്നതിനു മുമ്പ് എങ്ങനെ പ്രവർത്തിക്കും എന്നു ചിന്തിക്കുക. മര്യാദയും ആദരവും സത്യസന്ധതയും ഇല്ലാത്ത ഒരു പ്രകൃതമായിരുന്നു എലീശായുടെ നാളിലെ ആ ഇസ്രായേല്യ പെൺകുട്ടിയുടേത് എങ്കിൽ, യഹോവയുടെ പ്രവാചകനെക്കുറിച്ച് അവൾ പറഞ്ഞ കാര്യങ്ങൾ അവളെ പിടിച്ചുകൊണ്ടുപോയ സിറിയക്കാർ ശ്രദ്ധിക്കുമായിരുന്നെന്നു നിങ്ങൾ കരുതുന്നുണ്ടോ? സാധ്യതയില്ല. സമാനമായി, മറ്റുള്ളവരെ ആദരിക്കുന്ന, സത്യസന്ധതയും നല്ല പെരുമാറ്റവും ഉള്ള വ്യക്തികളാണു നിങ്ങളെന്നു മറ്റുള്ളവർക്കു കാണാൻ കഴിയുന്നെങ്കിൽ അവർ നിങ്ങളെ ശ്രദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. (റോമർ 2:21) ഒരു ഉദാഹരണം നോക്കാം.
17 പോർട്ടുഗലിലെ ഒരു 11 വയസ്സുകാരിക്ക്, സ്‌കൂളിൽ തന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷിക്കു ചേരാത്ത വിശേഷദിനങ്ങൾ ആഘോഷിക്കാനുള്ള സമ്മർദം ഉണ്ടായി. താൻ അതിൽ പങ്കെടുക്കുകയില്ലാത്തതിന്റെ കാരണം അവൾ അധ്യാപികയോട് ആദരവോടെ വിശദീകരിച്ചു. എങ്കിലും, അധ്യാപിക അവളെ പരിഹസിക്കുകയാണുണ്ടായത്. തുടർന്ന് അവർ കൂടെക്കൂടെ ഈ പെൺകുട്ടിയെ തരംതാഴ്‌ത്തി കാണിക്കുകയും അവളുടെ മതത്തെ കളിയാക്കുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും, അവൾ അധ്യാപികയോടു വളരെ ആദരവോടെതന്നെ ഇടപെട്ടു. വർഷങ്ങൾക്കുശേഷം, ഈ യുവസഹോദരി സാധാരണ പയനിയർ എന്നനിലയിൽ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു. ഒരു കൺവെൻഷനിൽ, സ്‌നാപനം നിരീക്ഷിക്കാൻ പോയ അവൾ അതിൽ ഒരാളെ തിരിച്ചറിഞ്ഞു. അത് ആരായിരുന്നെന്നോ? അവളുടെ മുൻ അധ്യാപിക! സന്തോഷാശ്രുക്കളോടെ അവർ പരസ്‌പരം ആലിംഗനം ചെയ്‌തു. തന്റെ വിദ്യാർഥിനിയുടെ ആദരവോടുകൂടിയ പെരുമാറ്റം എപ്പോഴും തന്റെ മനസ്സിലുണ്ടായിരുന്നെന്ന് അവർ ആ യുവസഹോദരിയോടു പറഞ്ഞു. തന്നെ സന്ദർശിച്ച ഒരു സാക്ഷിയോട് ആ അധ്യാപിക തന്റെ മുൻ വിദ്യാർഥിനിയുടെ പെരുമാറ്റത്തെക്കുറിച്ചു സംസാരിച്ചിരുന്നു. അതേത്തുടർന്ന്, ഒരു ബൈബിളധ്യയനം ആരംഭിക്കുകയും അവർ സത്യം സ്വീകരിക്കുകയും ചെയ്‌തു. അതേ, യഹോവയെ സ്‌തുതിക്കുന്നതിൽ അതിശക്തമായ ഒരു മാർഗമായി വർത്തിക്കാൻ നിങ്ങളുടെ പെരുമാറ്റത്തിനു കഴിയും.
18. ബൈബിളിനെയും യഹോവയാം ദൈവത്തെയും കുറിച്ചുള്ള സംഭാഷണങ്ങൾക്കു തുടക്കമിടാൻ ബുദ്ധിമുട്ടുള്ള ഒരു യുവവ്യക്തിക്ക് എന്തു ചെയ്യാവുന്നതാണ്?
18 സ്‌കൂളിലായിരിക്കെ വിശ്വാസത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തിനു തുടക്കമിടുക എന്നത് എപ്പോഴും അത്ര എളുപ്പമല്ലെന്നു നിങ്ങൾക്കു തോന്നാറുണ്ടോ? ഉണ്ടെങ്കിൽ, അതു നിങ്ങൾക്കു മാത്രമുള്ള ഒരു പ്രശ്‌നമല്ല. എന്നിരുന്നാലും, മറ്റുള്ളവർ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു ചോദിക്കാൻ ഇടയാകുന്ന ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കാൻ നിങ്ങൾക്കു കഴിയും. ഉദാഹരണത്തിന്, അനുവദനീയമെങ്കിൽ, ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ കൂടെ കരുതാനും ഉച്ചയ്‌ക്കത്തെ ഇടവേളയ്‌ക്കോ അനുയോജ്യമായ മറ്റേതെങ്കിലും സമയത്തോ അതു വായിക്കാനും ശ്രമിക്കരുതോ? എന്താണു വായിക്കുന്നതെന്നു സഹപാഠികൾ നിങ്ങളോടു ചോദിച്ചേക്കാം. വായിക്കുന്ന പുസ്‌തകത്തെയോ ലേഖനത്തെയോ കുറിച്ചു രസകരമായി തോന്നുന്ന ആശയങ്ങൾ നിങ്ങൾക്ക് അവരുമായി പങ്കുവെക്കാനാവും. അതേ, ഇപ്പോൾ അവരുമായി ഒരു നല്ല സംഭാഷണം നിങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. സഹപാഠി എന്തു വിശ്വസിക്കുന്നുവെന്ന് അറിയാനായി ചോദ്യങ്ങൾ ഉപയോഗിക്കുക. ശ്രദ്ധാപൂർവം കേൾക്കുകയും നിങ്ങൾ ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ പങ്കുവെക്കുകയും ചെയ്യുക. 29-ാം പേജിലെ അനുഭവത്തിൽനിന്നു കാണാൻ കഴിയുന്നതുപോലെ, സ്‌കൂളിൽ നിരവധി യുവജനങ്ങൾ യഹോവയെ സ്‌തുതിക്കുന്നുണ്ട്. ഇത് അവർക്കു വലിയ സന്തോഷം കൈവരുത്തുകയും യഹോവയെ അറിയാൻ നിരവധിപേരെ സഹായിക്കുകയും ചെയ്യുന്നു.
19. വീടുതോറുമുള്ള ശുശ്രൂഷയിൽ മെച്ചപ്പെടാൻ യുവജനങ്ങൾക്ക് എങ്ങനെ കഴിയും?
19 യഹോവയെ സ്‌തുതിക്കാനുള്ള ഏറ്റവും ഫലകരമായ മാർഗം വീടുതോറുമുള്ള ശുശ്രൂഷയാണ്. നിങ്ങൾ 1 തിമൊഥെയൊസ് 4:15) ഈ വിധങ്ങളിൽ യഹോവയെ എത്രയധികം സ്‌തുതിക്കുന്നുവോ നിങ്ങളുടെ ഫലപ്രാപ്‌തിയും അത്രയധികം വർധിക്കും. ഒപ്പം ശുശ്രൂഷ ഏറെ ആസ്വാദ്യവും ആയിത്തീരും.
ഇതുവരെ അതു തുടങ്ങിയിട്ടില്ലെങ്കിൽ, എന്തുകൊണ്ട് അതൊരു ലക്ഷ്യമാക്കിക്കൂടാ? അതിൽ പങ്കെടുത്തുതുടങ്ങിയെങ്കിൽ, നിങ്ങൾക്കു മറ്റു ലക്ഷ്യങ്ങൾ വെക്കാനാകുമോ? ഉദാഹരണത്തിന്, എല്ലാ വീട്ടിലും ഒരേ കാര്യംതന്നെ പറയുന്നതിനു പകരം, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സുവാർത്ത അവതരിപ്പിക്കാനുള്ള മാർഗങ്ങൾ തേടാവുന്നതാണ്. അതു സംബന്ധിച്ച നിർദേശങ്ങൾക്കായി മാതാപിതാക്കളെയോ അനുഭവപരിചയമുള്ള മറ്റു സഹോദരങ്ങളെയോ നിങ്ങൾക്കു സമീപിക്കാനാകും. ബൈബിൾ കൂടുതലായി ഉപയോഗിക്കാനും ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്താനും ഒരു ബൈബിളധ്യയനം തുടങ്ങാനും എങ്ങനെ സാധിക്കുമെന്നു പഠിക്കുക. (നിങ്ങൾ യഹോവയെ സ്‌തുതിച്ചുതുടങ്ങേണ്ടത് എപ്പോൾ?
20. യഹോവയെ സേവിക്കാനുള്ള പ്രായമായിട്ടില്ലെന്നു യുവജനങ്ങൾ വിചാരിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
20 ഈ ചർച്ചയിലെ മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്. ബൈബിൾ നൽകുന്ന വളച്ചുകെട്ടില്ലാത്ത ഉത്തരം ശ്രദ്ധിക്കുക: “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.” (സഭാപ്രസംഗി 12:1) അതേ, യഹോവയെ സ്‌തുതിച്ചുതുടങ്ങേണ്ട സമയം ഇപ്പോഴാണ്. എന്നാൽ, “യഹോവയെ സ്‌തുതിക്കാനുള്ള പ്രായം എനിക്കായിട്ടില്ല. എനിക്ക് അനുഭവപരിചയമില്ല. ഞാൻ കുറച്ചുകൂടെ വലുതാകട്ടെ” എന്നൊക്കെ നിങ്ങൾക്കു തോന്നിയേക്കാം. അങ്ങനെ തോന്നുന്ന ആദ്യ വ്യക്തിയല്ല നിങ്ങൾ. യുവപ്രായത്തിലായിരിക്കെ യിരെമ്യാവ് യഹോവയോട് ഇങ്ങനെ പറഞ്ഞു: “അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ.” എങ്കിലും, ഒട്ടും ഭയക്കേണ്ടതില്ലെന്ന് യഹോവ അവന് ഉറപ്പുകൊടുത്തു. (യിരെമ്യാവു 1:6, 7) അതുപോലെ, യഹോവയെ സ്‌തുതിക്കുമ്പോൾ നമുക്കു ഭയക്കേണ്ടതായി യാതൊന്നുമില്ല. യഹോവയ്‌ക്കു പൂർണമായി നീക്കാൻ കഴിയാത്ത യാതൊരു പ്രശ്‌നവും നമുക്കുണ്ടാവില്ല.—സങ്കീർത്തനം 118:6.
21, 22. യഹോവയെ സ്‌തുതിക്കുന്ന യുവജനങ്ങളെ മഞ്ഞുകണങ്ങളോട് ഉപമിച്ചിരിക്കുന്നത് എന്തുകൊണ്ട്, അത് പ്രോത്സാഹജനകമായിരിക്കുന്നത് എന്തുകൊണ്ട്?
21 യുവജനങ്ങളായ നിങ്ങളോടുള്ള ഞങ്ങളുടെ ആഹ്വാനം ഇതാണ്: യഹോവയെ സ്‌തുതിക്കുന്നതിൽനിന്നു പിന്മാറി നിൽക്കരുത്! ഈ ഭൂമിയിൽ നിർവഹിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അതിപ്രധാന വേലയിൽ പങ്കുചേരുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം നിങ്ങളുടെ യുവപ്രായമാണ്. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾ യഹോവയെ സ്‌തുതിക്കുന്ന അതിമഹത്തായ സാർവത്രിക കുടുംബത്തിന്റെ ഭാഗമായിത്തീരും. അതിൽ യഹോവ സന്തുഷ്ടനാണ്. യഹോവയോടുള്ള സങ്കീർത്തനക്കാരന്റെ പിൻവരുന്ന നിശ്വസ്‌ത വാക്കുകൾ ശ്രദ്ധിക്കുക: “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്‌ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.”—സങ്കീർത്തനം 110:3.
22 പ്രഭാതസൂര്യന്റെ കിരണങ്ങളേറ്റു തിളങ്ങുന്ന മഞ്ഞുകണങ്ങൾ കാണാൻ എന്തു ഭംഗിയാണ്, അല്ലേ? തിളങ്ങുന്ന എണ്ണമറ്റ ഈ മഞ്ഞുകണങ്ങൾ മനസ്സിനു കുളിർമയേകുന്നു. ഈ നിർണായകനാളുകളിൽ തന്നെ സ്‌തുതിക്കുന്ന യുവജനങ്ങളായ നിങ്ങളെ യഹോവ വീക്ഷിക്കുന്നത് അങ്ങനെയാണ്. വ്യക്തമായും, യഹോവയെ സ്‌തുതിക്കാനുള്ള നിങ്ങളുടെ തീരുമാനം അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) അതുകൊണ്ട് യുവജനങ്ങളേ, എല്ലാപ്രകാരത്തിലും യഹോവയെ സ്‌തുതിക്കുക!
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• യഹോവയെ സ്‌തുതിക്കുന്നതിനുള്ള ചില സുപ്രധാന കാരണങ്ങൾ ഏവ?
• യഹോവയെ സ്‌തുതിക്കുന്നതിൽ യുവജനങ്ങൾക്കു വളരെ വിജയം വരിക്കാൻ കഴിയുമെന്ന് ഏതു ബൈബിൾ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
• ഇക്കാലത്ത് യുവജനങ്ങൾക്കു യഹോവയെ സ്‌തുതിക്കാൻ കഴിയുന്നത് എങ്ങനെ?
• യുവജനങ്ങൾ എപ്പോൾ യഹോവയെ സ്‌തുതിച്ചുതുടങ്ങണം, എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[25-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളുടെ ഒരു സുഹൃത്തിനു ശ്രദ്ധേയമായ കഴിവുണ്ടെങ്കിൽ, അതേക്കുറിച്ചു നിങ്ങൾ മറ്റുള്ളവരോടു പറയില്ലേ?
[27-ാം പേജിലെ ചിത്രം]
സഹപാഠികൾ നിങ്ങളുടെ വിശ്വാസങ്ങളിൽ തത്‌പരരായിരിക്കാം
[28-ാം പേജിലെ ചിത്രം]
ശുശ്രൂഷയിൽ മെച്ചപ്പെടാൻ ആഗ്രഹിക്കുന്ന പക്ഷം, നിർദേശങ്ങൾക്കായി അനുഭവസമ്പന്നരായ സാക്ഷികളെ സമീപിക്കുക