തൊഴിലും അതിന്റെ വെല്ലുവിളികളും
തൊഴിലും അതിന്റെ വെല്ലുവിളികളും
“അധ്വാനം—അതെത്ര സംതൃപ്‌തിദായകമാണ്! നമുക്കു ചെയ്‌തുതീർക്കാനുള്ള ഉദാത്തമായ കാര്യങ്ങളുടെ പട്ടിക അനന്തമായി നീണ്ടുകിടക്കുകയാണെന്ന അറിവ് എത്ര പുളകപ്രദമാണ്.” —കാതറിൻ മാൻസ്‌ഫീൽഡ്, ഗ്രന്ഥകാരി (1888-1923).
ഈ പ്രസ്‌താവനയിൽ കാണപ്പെടുന്നതുപോലുള്ള ആദർശഭദ്രമായ ഒരു വീക്ഷണമാണോ തൊഴിലിനെക്കുറിച്ചു നിങ്ങൾക്കുള്ളത്? വ്യക്തിപരമായി നിങ്ങൾ എങ്ങനെയാണു തൊഴിലിനെ കാണുന്നത്? സ്വച്ഛമായ വാരാന്തങ്ങൾക്കിടയിലുള്ള, ദൈർഘ്യമേറിയതും മനംമടുപ്പിക്കുന്നതും ആയ ഒരു കൃത്യം ആയിട്ടാണോ നിങ്ങൾ അതിനെ കണക്കാക്കുന്നത്? അതോ, ആസക്തിയുടെ വക്കോളം എത്തിനിൽക്കുന്ന ഗാഢമായ ഒരുതരം അഭിനിവേശമാണോ നിങ്ങൾക്ക് അതിനോടുള്ളത്?
അനേകരും അവരുടെ സമയത്തിന്റെ സിംഹഭാഗവും തൊഴിൽരംഗത്തു ചെലവഴിക്കുന്നു. നമ്മുടെ താമസസ്ഥലവും ജീവിതശൈലിയും നാം ചെയ്യുന്ന തൊഴിലിനെ ആശ്രയിച്ചിരുന്നേക്കാം. അനേകരുടെയും കാര്യത്തിൽ, പ്രായപൂർത്തി ആകുന്നതുമുതൽ തൊഴിലിൽനിന്നു വിരമിക്കുന്നതുവരെയുള്ള കാലത്ത് അവരുടെ ജീവിതത്തെ ഭരിക്കുന്ന പ്രമുഖ ഘടകം തൊഴിലാണ്. നമ്മിൽ ചിലർ തൊഴിലിനെ വലിയ ആത്മസംതൃപ്‌തി നൽകിത്തരുന്ന ഒന്നായി വീക്ഷിക്കുമ്പോൾ മറ്റു ചിലർ, അന്തസ്സിന്റെ അല്ലെങ്കിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അതിന്റെ മൂല്യം നിർണയിക്കുന്നത്. ഇനി, അതിനെ ഒരു നേരമ്പോക്ക് ആയിട്ടോ സമയംകൊല്ലി ആയിട്ടോ പോലും വീക്ഷിക്കുന്നവരുമുണ്ട്.
ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നവരും ജോലി ചെയ്യാൻ വേണ്ടി ജീവിക്കുന്നവരും ഉണ്ട്. മറ്റു ചിലരാകട്ടെ, ജോലിസാഹചര്യങ്ങൾ നിമിത്തം മരണമടയുന്നു. തൊഴിൽ മൂലമുണ്ടാകുന്ന വേദനയും മരണവും കുറച്ചൊന്നുമല്ല. ഉദാഹരണത്തിന്, ഐക്യരാഷ്‌ട്രങ്ങളുടെ അടുത്തകാലത്തെ ഒരു റിപ്പോർട്ട് അനുസരിച്ച് അത് “യുദ്ധം നിമിത്തമുണ്ടാകുന്നതോ മദ്യവും മയക്കുമരുന്നിന്റെ ഉപയോഗവും ചേർന്നു സൃഷ്ടിക്കുന്നതോ ആയ” ദുരിതത്തെയും ജീവഹാനിയെയും കടത്തിവെട്ടുന്നു. ഈ വിഷയത്തെക്കുറിച്ച് ദ ഗാർഡിയൻ എന്ന ലണ്ടൻ പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “തൊഴിൽസംബന്ധമായുണ്ടാകുന്ന അപകടങ്ങളോ രോഗങ്ങളോ നിമിത്തം ഓരോ വർഷവും 20 ലക്ഷത്തിലധികം പേർ മരണമടയുന്നു. . . . പൊടിപടലങ്ങൾ, രാസവസ്‌തുക്കൾ, ഒച്ച, റേഡിയേഷൻ എന്നിവയുമായുള്ള സമ്പർക്കം ക്യാൻസർ, ഹൃദ്രോഗങ്ങൾ, മസ്‌തിഷ്‌കാഘാതം എന്നിവയ്‌ക്കു കാരണമാകുന്നു.” കൂടാതെ, ബാലവേലയും നിർബന്ധിതവേലയും ഇന്നത്തെ തൊഴിൽമേഖലയുടെ മറ്റു രണ്ടു വികൃതമുഖങ്ങളാണ്.
മനശ്ശാസ്‌ത്രജ്ഞനായ സ്റ്റിവെൻ ബെർഗ്ലസ്, പിൻവരുന്ന കാര്യത്തെ ഒരു “സൂപ്പർനോവയുടെ പൊട്ടിത്തെറി”യോടു താരതമ്യപ്പെടുത്തി. ഉത്സാഹിയായ ഒരു വ്യക്തി തൊഴിൽരംഗത്ത് ഉയർച്ചയുടെ കൊടുമുടിയിൽ എത്തിക്കഴിയുമ്പോൾ, “ഒരു തൊഴിലിൽ താൻ തളയ്‌ക്കപ്പെട്ടുപോയിരിക്കു”ന്നതായി അയാൾക്കു തോന്നുന്നുവെന്ന് ബെർഗ്ലസ് പറയുന്നു. “തന്റെ തൊഴിൽ മാനസിക സംതൃപ്‌തി നൽകാതിരിക്കുമ്പോഴും അതിൽനിന്നു പുറത്തു കടക്കാനാവാത്ത ഒരവസ്ഥ. അത് അയാളിൽ ഭയപ്പാടും മനഃക്ലേശവും വിഷാദവും ഉളവാക്കുന്നു.”
കഠിനാധ്വാനവും തൊഴിലാസക്തിയും
അനേകരും ഇക്കാലത്തു ദീർഘനേരം ജോലി ചെയ്യുന്നതിനാൽ, കഠിനാധ്വാനികളെയും തൊഴിലാസക്തരെയും വേർതിരിച്ചറിയുക പ്രയാസമാണ്. അപകടവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്തിൽ ഒരു അഭയസ്ഥാനം ആയിട്ടാണ് തൊഴിലാസക്തർ ജോലിസ്ഥലത്തെ വീക്ഷിക്കുന്നത്.
അതേസമയം കഠിനാധ്വാനികളാകട്ടെ, ഒഴിച്ചുകൂടാനാവാത്തതും ചിലപ്പോഴൊക്കെ സംതൃപ്‌തിദായകവും ആയ ഒരു കടമ ആയിട്ടാണ് അതിനെ കാണുന്നത്. തൊഴിലാസക്തർ ജീവിതത്തിൽ മറ്റെല്ലാറ്റിനും ഉപരിയായി തൊഴിലിനെ പ്രതിഷ്‌ഠിക്കുമ്പോൾ, കഠിനാധ്വാനികൾ അങ്ങനെയല്ല. ഉദാഹരണത്തിന്, വിവാഹ വാർഷികംപോലെ, ജീവിതത്തിലെ സുപ്രധാന ദിനങ്ങളിൽ നേരത്തേതന്നെ ജോലി നിറുത്താനും മനസ്സും ഹൃദയവും കുടുംബ ജീവിതത്തിലേക്കു തിരിച്ചുകൊണ്ട് ആഘോഷങ്ങൾക്കായി കാലേകൂട്ടി എത്തിച്ചേരാനും അവർക്കറിയാം. അമിതമായി അധ്വാനിക്കുന്നതിൽ തൊഴിലാസക്തർ സംതൃപ്‌തി കണ്ടെത്തുന്നു. അവർക്കു തൊഴിൽ ഒരു ഹരമാണ്. എന്നാൽ കഠിനാധ്വാനികൾ അങ്ങനെയല്ല.ആധുനിക സമൂഹം അമിതജോലിയെ മഹത്ത്വീകരിക്കുന്നതിനാൽ കഠിനാധ്വാനത്തിനും തൊഴിലാസക്തിക്കും ഇടയിലുള്ള അതിർവരമ്പ് അവ്യക്തമായിരിക്കുന്നതായി കാണപ്പെടുന്നു. സെൽ ഫോണുകളും പേജറുകളും ഒക്കെ രംഗത്തെത്തിയതോടെ തൊഴിൽ, ജോലിസ്ഥലത്തുനിന്നു വീടുകളിലേക്കു കടന്നുകയറ്റം നടത്തിയിരിക്കുകയാണ്. ഇങ്ങനെ, ഏതിടവും ജോലിസ്ഥലവും ഏതു സമയവും ജോലിസമയവും ആയിരിക്കുമ്പോൾ ചിലർ തങ്ങൾക്കുതന്നെ ദോഷം വരുത്തിവെച്ചുകൊണ്ട് ‘മരിച്ചുകിടന്നു’ പണിയെടുക്കുന്നു.
ഇത്തരം അനാരോഗ്യകരമായ ഒരു മനോഭാവത്തോടു ചിലർ പ്രതികരിക്കുന്നത് എങ്ങനെയാണ്? അമിതമായി അധ്വാനിക്കുകയും തൊഴിൽ സമ്മർദം അനുഭവിക്കുകയും ചെയ്യുന്നവർ തൊഴിൽസ്ഥലത്തേക്ക് ആത്മീയത കടത്തിക്കൊണ്ടുവന്ന് മതത്തെയും തൊഴിലിനെയും കൂട്ടിക്കുഴയ്‌ക്കാൻ ശ്രമിക്കുന്നതായി സാമൂഹിക ശാസ്‌ത്രജ്ഞർ നിരീക്ഷിച്ചിരിക്കുന്നു. “ആത്മീയതയും തൊഴിലും തമ്മിലുള്ള ഈ കൂട്ടിക്കുഴയ്‌ക്കൽ ഒരു നാട്ടുനടപ്പ് ആയിത്തീർന്നിരിക്കുകയാണ്” എന്ന് സാൻ ഫ്രാൻസിസ്‌കോ എക്‌സാമിനർ റിപ്പോർട്ടു ചെയ്‌തു.
സാങ്കേതികവിദ്യയുടെ ഒരു പ്രമുഖ കേന്ദ്രമായ, ഐക്യനാടുകളിലെ സിലിക്കൺ വാലിയെക്കുറിച്ച് അടുത്ത കാലത്തെ ഒരു റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “തൊഴിലവസരങ്ങൾ തുടർച്ചയായി വെട്ടിക്കുറയ്‌ക്കുന്നതിന്റെ ഫലമായി ജോലിസ്ഥലത്തെ പാർക്കിങ് മേഖലകൾ ശൂന്യമായി കിടക്കുന്നതു കണ്ട് എക്‌സിക്യൂട്ടിവുകൾ നെടുവീർപ്പിടുമ്പോൾ, സായാഹ്ന ബൈബിൾ പഠനകേന്ദ്രങ്ങളിൽ എത്തുന്നവർ തങ്ങളുടെ വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള സ്ഥലത്തിനായി നെട്ടോട്ടത്തിലാണ്.” അതിന്റെ അർഥം എന്തുതന്നെ ആയിരുന്നാലും, ജോലി സംബന്ധിച്ച തങ്ങളുടെ വീക്ഷണത്തിൽ ബൈബിളിന് ഒരു ക്രിയാത്മക സ്വാധീനം ഉള്ളതായി ലോകമെമ്പാടുമുള്ള അനേകം ആളുകൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തെ കൂടുതൽ സമനിലയോടെ നോക്കിക്കാണാൻ അത് അവരെ സഹായിക്കുന്നു.
ജോലി സംബന്ധിച്ചു സമനിലയുള്ള ഒരു വീക്ഷണം പുലർത്താൻ ബൈബിൾ നമ്മെ സഹായിക്കുന്നത് എങ്ങനെയാണ്? ഇക്കാലത്തു നാം ജോലിസ്ഥലത്ത് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ വിജയകരമായി തരണം ചെയ്യാൻ നമ്മെ സഹായിക്കുന്ന ഏതെങ്കിലും തിരുവെഴുത്തു തത്ത്വങ്ങളുണ്ടോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾ പരിചിന്തിക്കും.