വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തൊഴിൽ—അനുഗ്രഹമോ ശാപമോ?

തൊഴിൽ—അനുഗ്രഹമോ ശാപമോ?

തൊഴിൽ—അനുഗ്രഹമോ ശാപമോ?

“തന്റെ പ്രയത്‌നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല.”​—⁠സഭാപ്രസംഗി 2:24.

“ഒരു ദിവസത്തെ ജോലി കഴിയുമ്പോഴേക്കും ആകെ വശംകെടും.” അടുത്തകാലത്തു നടന്ന ഒരു സർവേയിൽ പങ്കെടുത്ത തൊഴിലാളികളിൽ മൂന്നിലൊരാൾ വീതം പറഞ്ഞത്‌ അങ്ങനെയാണ്‌. ഇതിൽ ഒട്ടും അതിശയിക്കാനില്ല. കാരണം, സമ്മർദപൂരിതമായ ഒരു അന്തരീക്ഷത്തിലാണ്‌ ആളുകൾ ഇന്നു തൊഴിൽ ചെയ്യുന്നത്‌. നീണ്ട മണിക്കൂറുകൾ ജോലി ചെയ്‌തശേഷം ചെയ്‌തുതീർത്തതിലധികം ജോലിയുമായി അവർ വീട്ടിലേക്കു മടങ്ങുന്നു. എന്നിട്ടും മുതലാളിയുടെ വായിൽനിന്ന്‌ ഒരു നല്ല വാക്കുപോലും കേൾക്കാൻ അവർക്കു കഴിയുന്നില്ല.

വൻതോതിലുള്ള ഉത്‌പാദനം രംഗത്തുവന്നതോടെ, ഒരു കൂറ്റൻ യന്ത്രത്തിന്റെ നിർജീവമായ പൽച്ചക്രപ്പല്ലിന്റെ സ്ഥാനത്തേക്കു തങ്ങൾ തരംതാഴ്‌ത്തപ്പെട്ടതായി അനേകം തൊഴിലാളികളും വിചാരിക്കുന്നു. മിക്കപ്പോഴും, അവരുടെ പ്രചോദനവും സർഗാത്മകതയും മരവിച്ചുപോകുന്നു. സ്വാഭാവികമായും ഇത്‌ ജോലിയോടുള്ള മനോഭാവത്തെ സ്വാധീനിക്കുന്നു. ജോലിയിലുള്ള വ്യക്തിപരമായ താത്‌പര്യം വേഗത്തിൽ ചോർന്നുപോകുന്നു. തൊഴിൽരംഗത്ത്‌ വൈദഗ്‌ധ്യം കാട്ടാനുള്ള താത്‌പര്യം കെട്ടടങ്ങുന്നു. ഇതെല്ലാം തൊഴിൽവിരക്തിയിൽ കലാശിച്ചേക്കാം. ഒരുപക്ഷേ തൊഴിലിനോടു വെറുപ്പു തോന്നാൻപോലും അത്‌ ഇടയാക്കിയേക്കാം.

നമ്മുടെ മനോഭാവം പരിശോധിക്കൽ

സാഹചര്യങ്ങൾക്കു മാറ്റംവരുത്താൻ എപ്പോഴും നമുക്കു കഴിയില്ലെന്നതു സത്യംതന്നെ. എന്നാൽ നമ്മുടെ മനോഭാവത്തിനു മാറ്റംവരുത്താൻ കഴിയും എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? ജോലി സംബന്ധിച്ച്‌ നിഷേധാത്മകമായ ഒരു മനോഭാവം നിങ്ങളെ ഒരളവോളം സ്വാധീനിച്ചിട്ടുണ്ടെങ്കിൽ, ഈ വിഷയത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണവും തത്ത്വങ്ങളും പരിചിന്തിക്കുന്നത്‌ നിങ്ങൾക്കു പ്രയോജനം ചെയ്യും. (സഭാപ്രസംഗി 5:18) അങ്ങനെ ചെയ്‌തതിലൂടെ തൊഴിലിൽ വലിയ സന്തോഷവും സംതൃപ്‌തിയും കണ്ടെത്താൻ അനേകർക്കും കഴിഞ്ഞിരിക്കുന്നു.

ദൈവമാണ്‌ അതിശ്രേഷ്‌ഠനായ ജോലിക്കാരൻ. ദൈവം വേല ചെയ്യുന്നവനാണ്‌. ഒരുപക്ഷേ ആ വിധത്തിൽ നാം അവനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ ദൈവത്തെ സംബന്ധിച്ച്‌ അങ്ങനെയൊരു ചിത്രമാണ്‌ തുടക്കത്തിൽത്തന്നെ ബൈബിൾ നമുക്കു നൽകുന്നത്‌. യഹോവ ആകാശവും ഭൂമിയും സൃഷ്ടിക്കുന്നതിനെക്കുറിച്ചു പറഞ്ഞുകൊണ്ട്‌ ഉൽപ്പത്തി വിവരണം ആരംഭിക്കുന്നു. (ഉല്‌പത്തി 1:1) അപ്രകാരം സൃഷ്ടിക്രിയയ്‌ക്കു തുടക്കം കുറിച്ചപ്പോൾ ദൈവം ഏതെല്ലാം റോളുകളിൽ പ്രവർത്തിക്കാൻ തുടങ്ങി എന്നതിനെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ! രൂപസംവിധായകൻ, സംഘാടകൻ, എഞ്ചിനീയർ, കലാകാരൻ, നിർമാണവസ്‌തു വിദഗ്‌ധൻ, വികസനപ്രവർത്തകൻ, രസതന്ത്രജ്ഞൻ, ജീവശാസ്‌ത്രജ്ഞൻ, ജന്തുശാസ്‌ത്രജ്ഞൻ, പ്രോഗ്രാമർ, ഭാഷാശാസ്‌ത്രജ്ഞൻ തുടങ്ങി എത്രയെത്ര റോളുകളാണ്‌ അവൻ സ്വീകരിച്ചത്‌.​—⁠സദൃശവാക്യങ്ങൾ 8:12, 22-31.

ദൈവത്തിന്റെ പ്രവൃത്തിയുടെ ഗുണനിലവാരത്തെക്കുറിച്ച്‌ എന്തു പറയാൻ കഴിയും? അത്‌ “എത്രയും നല്ലത്‌” ആയിരുന്നെന്നു ബൈബിൾ രേഖ പ്രകടമാക്കുന്നു. (ഉല്‌പത്തി 1:4, 31) സൃഷ്ടി “ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു” എന്നതിനു സംശയമില്ല. നാമും അവനെ സ്‌തുതിക്കണം!​—⁠സങ്കീർത്തനം 19:1; 148:⁠1.

എന്നാൽ ഭൗതിക ആകാശങ്ങളെയും ഭൂമിയെയും ആദ്യ മനുഷ്യ ജോഡിയെയും സൃഷ്ടിച്ചതോടെ ദൈവത്തിന്റെ പ്രവൃത്തി അവസാനിച്ചില്ല. യഹോവയുടെ പുത്രനായ യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു.” (യോഹന്നാൻ 5:17) അതേ, തന്റെ സൃഷ്ടികൾക്ക്‌ ആവശ്യമായിരിക്കുന്നതു നൽകിക്കൊണ്ടും അവയെ പുലർത്തിക്കൊണ്ടും തന്റെ വിശ്വസ്‌ത ആരാധകരെ സംരക്ഷിച്ചുകൊണ്ടും യഹോവ തുടർന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌. (നെഹെമ്യാവു 9:6; സങ്കീർത്തനം 36:6; 145:15, 16) “ദൈവത്തിന്റെ കൂട്ടുവേലക്കാർ” എന്ന നിലയിൽ മനുഷ്യരെ ഉപയോഗിച്ചുകൊണ്ടുപോലും അവൻ ചില കാര്യങ്ങൾ നിർവഹിക്കുന്നു.​—⁠1 കൊരിന്ത്യർ 3:⁠9.

തൊഴിലിന്‌ ഒരു അനുഗ്രഹം ആയിരിക്കാൻ കഴിയും. വേല ഒരു ശാപമാണെന്നു ബൈബിൾ പറയുന്നില്ലേ? ആദാമും ഹവ്വായും മത്സരിച്ചപ്പോൾ, വേല ചെയ്‌തു കഷ്ടപ്പെടാൻ ഇടയാക്കിക്കൊണ്ട്‌ ദൈവം അവരെ ശിക്ഷിച്ചെന്ന്‌ ഉല്‌പത്തി 3:17-19 സൂചിപ്പിക്കുന്നതായി തോന്നിയേക്കാം. അവരെ കുറ്റംവിധിക്കവേ, ദൈവം ആദാമിനോട്‌ ഇങ്ങനെ പറഞ്ഞു: ‘[നിലത്തു] തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും.’ വേലയെ ഒന്നടങ്കം നിന്ദിക്കുന്ന ഒരു പ്രസ്‌താവന ആയിരുന്നോ അത്‌?

അല്ല. മറിച്ച്‌, ആദാമിന്റെയും ഹവ്വായുടെയും അവിശ്വസ്‌തത നിമിത്തം, ഏദെൻ പറുദീസയുടെ അതിരുകൾ വികസിപ്പിക്കാൻ ആ സമയത്തു കഴിയുമായിരുന്നില്ല എന്നാണ്‌ അതർഥമാക്കിയത്‌. ദൈവം നിലത്തെ ശപിച്ചുകളഞ്ഞു. മണ്ണിൽനിന്ന്‌ എന്തെങ്കിലും വിളയിക്കാൻ ഒരു വ്യക്തി അതിൽ ശരിക്കും അധ്വാനിക്കേണ്ടതായിവന്നു.​—⁠റോമർ 8:20, 21.

ഒരു ശാപമായിട്ടല്ല, നാം വിലമതിക്കേണ്ട ഒരു അനുഗ്രഹമായിട്ടാണ്‌ ബൈബിൾ തൊഴിലിനെ വിശേഷിപ്പിക്കുന്നത്‌. മുമ്പു പറഞ്ഞതുപോലെ ദൈവംതന്നെ കഠിനമായി അധ്വാനിക്കുന്ന ഒരുവനാണ്‌. മനുഷ്യനെ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചുകൊണ്ട്‌, തന്റെ ഭൗമിക സൃഷ്ടിക്രിയകളെ പരിപാലിക്കാനുള്ള പ്രാപ്‌തിയും അധികാരവും അവൻ അവർക്കു നൽകിയിരിക്കുന്നു. (ഉല്‌പത്തി 1:26, 28; 2:15) ഉല്‌പത്തി 3:​19-ലെ വാക്കുകൾ പ്രസ്‌താവിക്കുന്നതിനു മുമ്പാണ്‌ ദൈവം ആ നിയമനം നൽകിയത്‌. വേല ഒരു ശാപവും തിന്മയും ആയിരുന്നെങ്കിൽ അതു ചെയ്യാൻ അവൻ ആളുകളെ പ്രോത്സാഹിപ്പിക്കില്ലായിരുന്നു. പ്രളയത്തിനു മുമ്പും പിമ്പും നോഹയ്‌ക്കു ധാരാളം വേല ചെയ്യാനുണ്ടായിരുന്നു. ക്രിസ്‌തീയ കാലഘട്ടത്തിൽ ജീവിച്ചിരുന്ന യേശുവിന്റെ ശിഷ്യന്മാരും വേല ചെയ്യാൻ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു.​—⁠1 തെസ്സലൊനീക്യർ 4:12.

എങ്കിൽപ്പോലും ഇക്കാലത്ത്‌, വേല എന്നു പറയുന്നത്‌ പലപ്പോഴും ഭാരിച്ച ഒരു സംഗതിയാണെന്നു നമുക്കെല്ലാവർക്കും അറിയാം. സമ്മർദം, അപകടങ്ങൾ, വിരസത, നിരാശ, മത്സരം, വഞ്ചന, അനീതി മുതലായവ തൊഴിൽരംഗത്ത്‌ “മുള്ളും പറക്കാരയും” പോലെ വളർന്നിരിക്കുന്നു. എന്നാൽ വേല അതിൽത്തന്നെ ഒരു ശാപമല്ല. വേലയെയും അതിന്റെ അനുഭവത്തെയും ദൈവത്തിൽനിന്നുള്ള ഒരു ദാനമായിട്ടാണ്‌ സഭാപ്രസംഗി 3:⁠13-ൽ ബൈബിൾ വിശേഷിപ്പിക്കുന്നത്‌.​—⁠“തൊഴിൽ സംബന്ധമായ സമ്മർദം കൈകാര്യം ചെയ്യൽ” എന്ന ചതുരം കാണുക.

നിങ്ങളുടെ വേലയാൽ ദൈവത്തെ മഹത്ത്വപ്പെടുത്താൻ കഴിയും. തൊഴിലിൽ ഗുണമേന്മയും സാമർഥ്യവും തെളിയിക്കുന്നവർ എന്നും പ്രശംസിക്കപ്പെട്ടിട്ടുണ്ട്‌. ജോലി സംബന്ധിച്ച ബൈബിളിന്റെ വീക്ഷണത്തിൽ ഗുണമേന്മയ്‌ക്ക്‌ ഒരു പ്രധാന പങ്കുണ്ട്‌. ദൈവംതന്നെ തന്റെ വേല വളരെ ഭംഗിയായിട്ടാണ്‌ ചെയ്യുന്നത്‌. അവൻ നമുക്കു ചില കഴിവുകളും പ്രാപ്‌തികളും നൽകിയിട്ടുണ്ട്‌. അവ നല്ല കാര്യങ്ങൾക്കായി നാം ഉപയോഗിക്കാൻ അവൻ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്‌, പുരാതന ഇസ്രായേലിന്റെ കാലത്തു സമാഗമന കൂടാരം നിർമിക്കവേ, ബെസലേലിനെയും ഒഹൊലിയാബിനെയും പോലുള്ള വ്യക്തികളെ യഹോവ ജ്ഞാനവും ഗ്രഹണപ്രാപ്‌തിയും അറിവും കൊണ്ടു നിറയ്‌ക്കുകയും കലാവൈശിഷ്‌ട്യം ആവശ്യമായിരുന്ന ചില പ്രത്യേക കാര്യങ്ങൾ ചെയ്യാൻ പ്രാപ്‌തരാക്കുകയും ചെയ്‌തു. (പുറപ്പാടു 31:1-11) അവർ ചെയ്‌ത വേലയുടെ പുരോഗതിയിലും ശിൽപ്പവിദ്യയിലും രൂപകൽപ്പനയിലും മറ്റു വിശദാംശങ്ങളിലും ദൈവത്തിനു പ്രത്യേക താത്‌പര്യം ഉണ്ടായിരുന്നു എന്നാണ്‌ ഇതു കാണിക്കുന്നത്‌.

വ്യക്തിപരമായ കഴിവുകളും തൊഴിൽ ശീലങ്ങളും സംബന്ധിച്ചു നമുക്കുള്ള ധാരണയെ ഈ അറിവ്‌ ശക്തമായി സ്വാധീനിക്കേണ്ടതാണ്‌. അവ ഒരർഥത്തിൽ ദൈവം നൽകിയിരിക്കുന്ന ദാനങ്ങളാണെന്നും അതുകൊണ്ടുതന്നെ അവയെ നിസ്സാരമായി വീക്ഷിക്കരുതെന്നും തിരിച്ചറിയാൻ അതു നമ്മെ സഹായിക്കുന്നു. അങ്ങനെ, തങ്ങളുടെ പ്രവർത്തനങ്ങളെ ദൈവം തൂക്കിനോക്കുന്നുവെന്ന ചിന്തയോടെ അവ ശരിയായി നിർവഹിക്കാൻ ക്രിസ്‌ത്യാനികൾ ഉദ്‌ബോധിപ്പിക്കപ്പെടുന്നു. കൊലൊസ്സ്യർ 3:​23-ൽ നാം ഇങ്ങനെ വായിക്കുന്നു: “നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ.” നന്നായി വേല ചെയ്യാനും, അങ്ങനെ സഹപ്രവർത്തകർക്കും മറ്റുള്ളവർക്കും ക്രിസ്‌തീയ സന്ദേശം കൂടുതൽ ആകർഷകമാക്കിത്തീർക്കാനും ദൈവദാസന്മാരോട്‌ ആവശ്യപ്പെട്ടിരിക്കുന്നു.​—⁠“ജോലിസ്ഥലത്ത്‌ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുമ്പോൾ” എന്ന ചതുരം കാണുക.

മേൽപ്പറഞ്ഞതിന്റെ വീക്ഷണത്തിൽ, നമ്മുടെ തൊഴിലിന്റെ ഗുണനിലവാരത്തെയും തൊഴിലിലുള്ള നമ്മുടെ ഉത്സാഹത്തെയും കുറിച്ചു ചിന്തിക്കുന്നതു നല്ലതാണ്‌. നാം ജോലി നിർവഹിക്കുന്ന വിധം ദൈവത്തെ സന്തോഷിപ്പിക്കുമോ? നമുക്കു നിയമിച്ചുതന്നിട്ടുള്ള ജോലികൾ നിർവഹിക്കുന്ന രീതിയിൽ നാം പൂർണമായും സംതൃപ്‌തരാണോ? അല്ലെന്നുവരികിൽ, നാം പുരോഗതി വരുത്തേണ്ടിയിരിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 10:4; 22:29.

തൊഴിലും ആത്മീയതയും സമനിലയിൽ നിറുത്തുക. കഠിനാധ്വാനം അഭിനന്ദനാർഹമാണ്‌. എന്നാൽ, തൊഴിലിലും ജീവിതത്തിലും സംതൃപ്‌തി കണ്ടെത്താൻ സഹായിക്കുന്ന മറ്റൊരു സുപ്രധാന ഘടകമുണ്ട്‌. അതാണ്‌ ആത്മീയത. കഠിനമായി അധ്വാനിക്കുകയും ജീവിതം വെച്ചുനീട്ടിയ എല്ലാ ആഡംബരങ്ങളും സുഖസൗകര്യങ്ങളും ആസ്വദിക്കുകയും ചെയ്‌ത ശലോമോൻ രാജാവ്‌ ഒടുവിൽ ഈ നിഗമനത്തിൽ എത്തിച്ചേർന്നു: “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്‌.”​—⁠സഭാപ്രസംഗി 12:13.

വ്യക്തമായും, ഏതു കാര്യം ചെയ്യുമ്പോഴും നാം ദൈവേഷ്ടം കണക്കിലെടുക്കണം. അവന്റെ ഇഷ്ടത്തിനു ചേർച്ചയിലാണോ നാം പ്രവർത്തിക്കുന്നത്‌, അതോ അതിനു വിരുദ്ധമായിട്ടാണോ നമ്മുടെ നീക്കം? ദൈവത്തെ സന്തോഷിപ്പിക്കുക എന്നതാണോ നമ്മുടെ ലക്ഷ്യം അതോ സ്വയം പ്രീണിപ്പിക്കാനാണോ നാം ശ്രമിക്കുന്നത്‌? നാം ദൈവേഷ്ടമല്ല പ്രവർത്തിക്കുന്നതെങ്കിൽ, നിരാശയും ഏകാന്തതയും ശൂന്യതാബോധവും ക്രമേണ നമ്മെ വേട്ടയാടും.

തൊഴിൽരംഗത്ത്‌ ഇനി ഒന്നുംതന്നെ നേടാനില്ലാതെ ശൂന്യതാബോധവുമായി കഴിയുന്ന എക്‌സിക്യൂട്ടീവുകൾ ‘തങ്ങൾക്കു പ്രിയങ്കരമായി തോന്നുന്ന മഹത്തായ ഒരു സംരംഭം തേടിപ്പിടിക്കുകയും അതിനെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു’ എന്ന്‌ സ്റ്റിവെൻ ബെർഗ്ലസ്‌ അഭിപ്രായപ്പെട്ടു. എന്നാൽ, ഉദ്ദേശ്യപൂർവകമായ വേല ചെയ്യാനുള്ള കഴിവുകളും പ്രാപ്‌തികളും നമുക്കു നൽകിയവനെ സേവിക്കുന്നതിനെക്കാൾ മഹത്തായ മറ്റൊരു സംരംഭവും ഇല്ല. സ്രഷ്ടാവിനെ പ്രീതിപ്പെടുത്തുന്ന വേല ചെയ്യുന്നത്‌ നമ്മെ ഒരിക്കലും അസംതൃപ്‌തർ ആക്കുകയില്ല. യഹോവ യേശുവിനു നിയമിച്ചുകൊടുത്ത വേല അവനു ഭക്ഷണത്തെപ്പോലെ ബലദായകവും സംതൃപ്‌തികരവും നവോന്മേഷപ്രദവും ആയിരുന്നു. (യോഹന്നാൻ 4:34; 5:36) അതിശ്രേഷ്‌ഠ ജോലിക്കാരനായ ദൈവം, തന്റെ “കൂട്ടുവേലക്കാർ” ആയിരിക്കാൻ നമ്മെ ക്ഷണിക്കുന്നു എന്ന കാര്യവും ഓർക്കുക.​—⁠1 കൊരിന്ത്യർ 3:⁠9.

ദൈവത്തെ ആരാധിക്കുന്നതും ആത്മീയമായി വളർച്ച പ്രാപിക്കുന്നതും, പ്രതിഫലദായകമായ വേലയും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാൻ നമ്മെ സജ്ജരാക്കുന്നു. ജോലിസ്ഥലം മിക്കപ്പോഴും സമ്മർദങ്ങളും ഏറ്റുമുട്ടലുകളും തിരക്കും നിറഞ്ഞ ഒന്നായിരിക്കെ, അടിയുറച്ച വിശ്വാസവും ആത്മീയതയും, മെച്ചപ്പെട്ട തൊഴിലാളികളോ തൊഴിൽദാതാക്കളോ ആയിരിക്കാനുള്ള നമ്മുടെ ശ്രമത്തിന്‌ ആവശ്യമായ കരുത്തു പ്രദാനം ചെയ്യുന്നു. അതേസമയം, ഈ അഭക്ത ലോകത്തിലെ ജീവിതയാഥാർഥ്യങ്ങൾ വിശ്വാസത്തിൽ നാം വളർച്ച പ്രാപിക്കേണ്ട വശങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.​—⁠1 കൊരിന്ത്യർ 16:13, 14.

തൊഴിൽ ഒരു അനുഗ്രഹം ആയിരിക്കുമ്പോൾ

ദൈവസേവനത്തിൽ ഇപ്പോൾ കഠിനമായി അധ്വാനിക്കുന്നവർക്ക്‌, ദൈവം പുനഃസ്ഥാപിക്കുന്ന പറുദീസയിൽ ജീവിക്കാനുള്ള പ്രത്യാശയുണ്ട്‌. അന്നു ഭൂമിയിലെല്ലായിടത്തും ആളുകൾക്കു മൂല്യവത്തായ വേല ചെയ്യാൻ ഉണ്ടായിരിക്കും. അക്കാലത്തെ ജീവിതത്തെക്കുറിച്ച്‌ യഹോവയുടെ പ്രവാചകനായ യെശയ്യാവ്‌ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.”​—⁠യെശയ്യാവു 65:​21, 22.

അന്നു വേല എന്തൊരു അനുഗ്രഹം ആയിരിക്കും! നിങ്ങളെ സംബന്ധിച്ചുള്ള ദൈവേഷ്ടത്തെക്കുറിച്ചു പഠിച്ചുകൊണ്ടും അതിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ടും യഹോവയുടെ അനുഗ്രഹത്തിനു പാത്രമാകുന്നവരോടൊപ്പം നിങ്ങളും ഉണ്ടായിരിക്കട്ടെ. നിങ്ങളുടെ ‘സകലപ്രയത്‌നവും നിങ്ങൾക്കു സുഖ’ദായകമായിത്തീരട്ടെ.—⁠സഭാപ്രസംഗി 3:13.

[8-ാം പേജിലെ ആകർഷകവാക്യം]

ദൈവമാണ്‌ അതിശ്രേഷ്‌ഠ ജോലിക്കാരൻ: ഉല്‌പത്തി 1:1, 4, 31; യോഹന്നാൻ 5:17

[8-ാം പേജിലെ ആകർഷകവാക്യം]

തൊഴിൽ ഒരു അനുഗ്രഹം ആയിരിക്കാൻ കഴിയും: ഉല്‌പത്തി 1:28; 2:15; 1 തെസ്സലൊനീക്യർ 4:12

[8-ാം പേജിലെ ആകർഷകവാക്യം]

നിങ്ങളുടെ വേലയാൽ ദൈവത്തെ മഹത്ത്വപ്പെടുത്താൻ കഴിയും: പുറപ്പാടു 31:1-11; കൊലൊസ്സ്യർ 3:23

[8-ാം പേജിലെ ആകർഷകവാക്യം]

തൊഴിലും ആത്മീയതയും സമനിലയിൽ നിറുത്തുക: സഭാപ്രസംഗി 12:13; 1 കൊരിന്ത്യർ 3:⁠9

[6-ാം പേജിലെ ചതുരം/ചിത്രം]

തൊഴിൽ സംബന്ധമായ സമ്മർദം കൈകാര്യം ചെയ്യൽ

ജോലിസമ്മർദത്തെ ഒരു തൊഴിൽദുരന്തമായിട്ടാണ്‌ ചികിത്സകർ കണക്കാക്കുന്നത്‌. അതു കുടൽപ്പുണ്ണിനും വിഷാദത്തിനും ഇടയാക്കിയേക്കാം എന്നുമാത്രമല്ല ആത്മഹത്യയിലേക്കുപോലും നയിച്ചേക്കാം. അതിനെ കുറിക്കാൻ ജപ്പാൻകാർക്ക്‌ ഒരു പ്രത്യേക പദംതന്നെയുണ്ട്‌​—⁠കാരോഷി. “അമിതവേല നിമിത്തമുള്ള മരണം” എന്നാണ്‌ അതിന്റെ അർഥം.

തൊഴിലിനോടു ബന്ധപ്പെട്ട അനേകം ഘടകങ്ങൾ സമ്മർദത്തിന്‌ ഇടയാക്കിയേക്കാം. ജോലിസമയത്തിന്റെ ദൈർഘ്യത്തിലോ തൊഴിൽ സാഹചര്യങ്ങളിലോ ഉണ്ടാകുന്ന മാറ്റം, മേലധികാരികളുമായുള്ള പ്രശ്‌നങ്ങൾ, ഉത്തരവാദിത്വങ്ങളിലോ തസ്‌തികകളിലോ വരുന്ന മാറ്റം, തൊഴിൽ വിരാമം, പിരിച്ചുവിടൽ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. മറ്റൊരു ജോലിയോ ജോലിസാഹചര്യമോ സ്വീകരിച്ചുകൊണ്ട്‌ ചിലർ അത്തരം സമ്മർദങ്ങളോടു പ്രതികരിക്കുന്നു. സമ്മർദങ്ങൾ ഉള്ളിലൊതുക്കാൻ ശ്രമിക്കുന്ന ചിലരാകട്ടെ, ജീവിതത്തിന്റെ മറ്റു മണ്ഡലങ്ങളിൽ​—⁠മിക്കപ്പോഴും കുടുംബജീവിതത്തിൽ​—⁠അതിനെ കടിഞ്ഞാൺ ഊരിവിടുന്നു. വൈകാരികമായ ആഘാതത്തെത്തുടർന്ന്‌ വിഷാദത്തിലേക്കും നിരാശയിലേക്കും വീണുപോകുന്നവരുമുണ്ട്‌.

തൊഴിൽരംഗത്തുണ്ടാകുന്ന സമ്മർദം കൈകാര്യം ചെയ്യാൻ ക്രിസ്‌ത്യാനികൾ സുസജ്ജരാണ്‌. പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകവേ, ആത്മീയവും വൈകാരികവും ആയി നമ്മെ ബലപ്പെടുത്തുന്ന അടിസ്ഥാനപരമായ അസംഖ്യം തത്ത്വങ്ങൾ ബൈബിളിലുണ്ട്‌. ഉദാഹരണത്തിന്‌ യേശു പറഞ്ഞു: “നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി.” നാളത്തെ പ്രശ്‌നങ്ങളിലല്ല, ഇന്നത്തെ പ്രശ്‌നങ്ങളിൽ ശ്രദ്ധിക്കാനാണ്‌ യേശു നമ്മെ പ്രോത്സാഹിപ്പിക്കുന്നത്‌. പ്രശ്‌നങ്ങൾ ഊതിപ്പെരുപ്പിച്ചുകൊണ്ട്‌ സമ്മർദം വർധിപ്പിക്കാതിരിക്കാൻ ഇതു നമ്മെ സഹായിക്കും.​—⁠മത്തായി 6:25-34.

ക്രിസ്‌ത്യാനികൾ സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കേണ്ടത്‌ അനിവാര്യമാണ്‌. നാം തകർച്ചയുടെ വക്കിൽ എത്തിനിൽക്കുന്നതായി തോന്നുമ്പോൾ, ഏതു പ്രതിസന്ധികളെയും കൈകാര്യം ചെയ്യാനുള്ള ജ്ഞാനവും മനസ്സമാധാനവും ഹൃദയാനന്ദവും നമുക്കു നൽകാൻ ദൈവത്തിനു കഴിയും. “കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി.​—⁠എഫെസ്യർ 6:10; ഫിലിപ്പിയർ 4:⁠7.

സമ്മർദപൂരിതമായ സാഹചര്യങ്ങൾക്കുപോലും നല്ല ഫലങ്ങൾ ഉളവാക്കാനാകും എന്നും ഓർക്കുക. യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ അവനെ വിളിച്ചപേക്ഷിക്കാൻ പരിശോധനകൾ നമ്മെ സഹായിക്കുന്നു. ക്രിസ്‌തീയ വ്യക്തിത്വവും സമ്മർദത്തിൻകീഴിൽ സഹിച്ചുനിൽക്കാനുള്ള പ്രാപ്‌തിയും നട്ടുവളർത്തുന്നതിൽ തുടരാൻ നമ്മെ പ്രചോദിപ്പിക്കാനും അവയ്‌ക്കു കഴിയും. പൗലൊസ്‌ എഴുതി: “കഷ്ടത സഹിഷ്‌ണുതയെയും സഹിഷ്‌ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.”​—⁠റോമർ 5:3, 4.

അതിനാൽ, നിരാശയും ദുഃഖവും ഉളവാക്കുന്നതിനു പകരം, ആത്മീയ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഒരു ഘടകമായി വർത്തിക്കാൻപോലും സമ്മർദത്തിനു കഴിയും.

[7-ാം പേജിലെ ചതുരം/ചിത്രം]

ജോലിസ്ഥലത്ത്‌ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുമ്പോൾ

സഹപ്രവർത്തകർക്കും മറ്റുള്ളവർക്കും ബൈബിൾസന്ദേശം ഏറെ ആകർഷകമാക്കാൻ ജോലിസ്ഥലത്ത്‌ ഒരു ക്രിസ്‌ത്യാനി പ്രകടമാക്കുന്ന മനോഭാവത്തിനും പെരുമാറ്റത്തിനും കഴിയും. ‘നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന്നു [മേലധികാരികൾക്കു] കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും എതിർ പറകയോ വഞ്ചിച്ചെടുക്കയോ ചെയ്യാതെ സകലത്തിലും നല്ല വിശ്വസ്‌തത കാണിക്കുന്നവരും’ ആയിരിപ്പിൻ എന്ന്‌ തീത്തൊസിനുള്ള ലേഖനത്തിൽ, തൊഴിൽ ചെയ്യുന്നവരെ അപ്പൊസ്‌തലനായ പൗലൊസ്‌ ഉദ്‌ബോധിപ്പിക്കുന്നു.​—⁠തീത്തൊസ്‌ 2:9, 10.

ഈ ഉദാഹരണം പരിചിന്തിക്കുക. ഒരു ബിസിനസ്സുകാരൻ യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തേക്ക്‌ ഇങ്ങനെ എഴുതി: “യഹോവയുടെ സാക്ഷികളെ ജോലിയിൽ നിയമിക്കാനുള്ള അനുവാദത്തിനായിട്ടാണ്‌ ഞാൻ ഈ കത്തെഴുതുന്നത്‌. അവർ സത്യസന്ധരും ആത്മാർഥതയുള്ളവരും ആശ്രയയോഗ്യരും ആണ്‌. തൊഴിലുടമയെ അവർ ഒരിക്കലും വഞ്ചിക്കില്ല. അതുകൊണ്ടാണ്‌ അവരെ നിയമിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്‌. എനിക്കു പൂർണമായും വിശ്വസിക്കാൻ കഴിയുന്ന ഒരേയൊരു വിഭാഗമാണ്‌ യഹോവയുടെ സാക്ഷികൾ. ദയവായി എന്നെ സഹായിക്കുക.”

ക്രിസ്‌തീയ യുവതിയായ കൈൽ ഒരു സ്വകാര്യ സ്‌കൂളിലെ റിസപ്‌ഷനിസ്റ്റാണ്‌. ഒരു തെറ്റിദ്ധാരണയെത്തുടർന്ന്‌ സഹപ്രവർത്തകരിലൊരാൾ ചില വിദ്യാർഥികളുടെ മുമ്പിൽവെച്ച്‌ അവരോട്‌ അപമര്യാദയായി സംസാരിച്ചു. കൈൽ പറയുന്നു: “യഹോവയുടെ നാമത്തിന്‌ അപമാനം വരാതിരിക്കാൻ ഞാൻ വളരെ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു.” ബൈബിൾ തത്ത്വങ്ങൾ എങ്ങനെ ബാധകമാക്കാമെന്ന്‌ തുടർന്നുള്ള അഞ്ചു ദിവസവും അവർ ചിന്തിച്ചു. “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” എന്ന റോമർ 12:​18-ലെ തത്ത്വം കൈൽ ഓർത്തു. അങ്ങനെയൊരു പ്രശ്‌നത്തിനു കാരണമായതിൽ ഇ-മെയിലിലൂടെ അവർ സഹപ്രവർത്തകയോടു ക്ഷമ ചോദിക്കുകയും കാര്യങ്ങൾ സംസാരിക്കാൻ ജോലി കഴിഞ്ഞ്‌ അൽപ്പനേരം നിൽക്കണമെന്ന്‌ അഭ്യർഥിക്കുകയും ചെയ്‌തു. കാര്യങ്ങൾ നേരിൽ സംസാരിച്ചുകഴിഞ്ഞപ്പോൾ സഹപ്രവർത്തകയുടെ വിദ്വേഷം കെട്ടടങ്ങി. കൈൽ വളരെ ജ്ഞാനപൂർവകമായ സമീപനമാണു കൈക്കൊണ്ടതെന്ന്‌ അവർ അംഗീകരിച്ചുപറഞ്ഞു. “നിന്റെ മതമാണ്‌ ഇതിനു നിന്നെ സഹായിച്ചതെന്നു ഞാൻ കരുതുന്നു” എന്ന്‌ ആ സഹപ്രവർത്തക കൈലിനോടു പറഞ്ഞു. വിടപറയുന്നതിനുമുമ്പായി അവർ കൈലിനെ ഊഷ്‌മളമായി ആലിംഗനം ചെയ്‌തു. ഇതിൽനിന്നു താൻ പഠിച്ച കാര്യത്തെക്കുറിച്ചു കൈൽ പറയുന്നു: “ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നപക്ഷം നമുക്ക്‌ ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല.”

[4, 5 പേജുകളിലെ ചിത്രം]

ഒരു യന്ത്രത്തിന്റെ നിർജീവമായ പൽച്ചക്രപ്പല്ലിന്റെ സ്ഥാനമാണ്‌ തങ്ങൾക്കുള്ളതെന്ന്‌ അനേകം തൊഴിലാളികൾക്കും തോന്നുന്നു

[കടപ്പാട്‌]

Japan Information Center, Consulate General of Japan in NY

[8-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ഭൂഗോളം: NASA photo