വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കളേ, കുടുംബത്തിനുവേണ്ടി കരുതുവിൻ

മാതാപിതാക്കളേ, കുടുംബത്തിനുവേണ്ടി കരുതുവിൻ

മാതാപിതാക്കളേ, കുടുംബത്തിനുവേണ്ടി കരുതുവിൻ

‘തനിക്കുള്ളവർക്കുവേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞിരിക്കുന്നു.’​—⁠1 തിമൊഥെയൊസ്‌ 5:⁠8.

1, 2. (എ) കുടുംബങ്ങൾ ഒത്തൊരുമിച്ച്‌ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതായി കാണുന്നതു പ്രോത്സാഹജനകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) കൃത്യസമയത്തുതന്നെ യോഗത്തിനെത്തുന്നതുമായി ബന്ധപ്പെട്ട്‌ കുടുംബങ്ങൾ നേരിടുന്ന ചില വെല്ലുവിളികൾ ഏവ?

സഭായോഗം തുടങ്ങുന്നതിനു തൊട്ടുമുമ്പായി രാജ്യഹാളിൽ ഒന്നു കണ്ണോടിക്കുക. കുളിച്ച്‌ വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിച്ചെത്തിയിരിക്കുന്ന കുട്ടികൾ മാതാപിതാക്കളോടൊപ്പം ഇരിക്കുന്നത്‌ നിങ്ങൾക്കു കാണാനാകും. അത്തരം കുടുംബങ്ങൾ പരസ്‌പരവും യഹോവയോടും പ്രകടമാക്കുന്ന സ്‌നേഹം കാണുന്നത്‌ സന്തോഷകരമല്ലേ? എന്നിരുന്നാലും, കുട്ടികളെയുംകൊണ്ട്‌ കൃത്യസമയത്തു യോഗങ്ങൾക്കെത്തിച്ചേരാൻ മാതാപിതാക്കൾ ചെയ്യുന്ന ശ്രമം പലപ്പോഴും ഗൗനിക്കപ്പെടാതെ പോയേക്കാം.

2 മിക്കപ്പോഴും മാതാപിതാക്കൾ ദിവസം മുഴുവനും തിരക്കിലായിരിക്കും. സഭായോഗമുള്ള ദിവസത്തെ കാര്യമൊട്ടു പറയുകയുംവേണ്ട. ഭക്ഷണം പാകം ചെയ്യണം, മറ്റു വീട്ടുജോലികൾ ചെയ്‌തുതീർക്കണം, കുട്ടികളെക്കൊണ്ട്‌ ഗൃഹപാഠം ചെയ്യിക്കണം. എല്ലാവരും കുളിച്ച്‌, ഭക്ഷണം കഴിച്ച്‌ കൃത്യസമയത്തുതന്നെ തയ്യാറാകുന്നുവെന്ന്‌ ഉറപ്പുവരുത്തേണ്ടത്‌ മാതാപിതാക്കളായതുകൊണ്ട്‌ അവരാണ്‌ ഏറ്റവും കൂടുതൽ സമ്മർദം അനുഭവിക്കുന്നത്‌. ഇതിനുപുറമേ, ധൃതിപിടിച്ച്‌ കാര്യങ്ങൾ ചെയ്‌തുതീർക്കാൻ ശ്രമിക്കുമ്പോഴായിരിക്കും കുട്ടികൾ ഓരോരോ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. ഓടിക്കളിക്കുന്നതിനിടെ ഉടുപ്പ്‌ കീറിപ്പോയെന്ന പരാതിയുമായി മൂത്തവൻ എത്തുന്നു. ഇളയ കുട്ടി പാത്രത്തിലെ ഭക്ഷണം തട്ടിമറിച്ചിടുന്നു. ഇതിന്റെയെല്ലാം കൂട്ടത്തിൽ ഇടയ്‌ക്കിടെ കുട്ടികൾ തമ്മിലുള്ള ശണ്‌ഠ തീർക്കാനും പോകണം. (സദൃശവാക്യങ്ങൾ 22:15) ഫലമോ? മാതാപിതാക്കൾ ശ്രദ്ധാപൂർവം ചെയ്‌തിരിക്കുന്ന പ്ലാനുകളെല്ലാം തകിടംമറിഞ്ഞേക്കാം. എങ്കിലും, യോഗംതുടങ്ങുന്നതിന്‌ വളരെ മുമ്പുതന്നെ രാജ്യഹാളിൽ എത്താൻ ഇങ്ങനെയുള്ള കുടുംബങ്ങൾ പരമാവധി ശ്രമിക്കുന്നു, മിക്കപ്പോഴും അവർക്ക്‌ അതിനു സാധിക്കുകയും ചെയ്യുന്നു. ആഴ്‌ചകളും വർഷങ്ങളും കടന്നുപോകവേ, ഇത്തരം കുടുംബങ്ങൾ വിശ്വസ്‌തതയോടെ യോഗങ്ങൾക്കു ഹാജരാകുന്നതും കുട്ടികൾ യഹോവയുടെ ആരാധകരായി വളർന്നുവരുന്നതും കാണുന്നത്‌ എത്ര പ്രോത്സാഹജനകമാണ്‌!

3. യഹോവ കുടുംബങ്ങളെ വളരെയേറെ മൂല്യവത്തായി കരുതുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

3 ഒരു മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ ബുദ്ധിമുട്ടേറിയതും ക്ഷീണിപ്പിക്കുന്നതും ആണെങ്കിലും, നിങ്ങളുടെ ശ്രമങ്ങളെ യഹോവ അങ്ങേയറ്റം വിലമതിക്കുന്നുവെന്നു നിങ്ങൾക്ക്‌ ഉറപ്പുള്ളവരായിരിക്കാം. കുടുംബക്രമീകരണത്തിന്റെ ശിൽപ്പി യഹോവയാണ്‌. അക്കാരണത്താൽ, ഓരോ കുടുംബത്തിനും “പേർ വരുവാൻ കാരണമായ”വൻ​—⁠അവ അസ്‌തിത്വത്തിൽ വരാൻ ഇടയാക്കിയവൻ​—⁠അവനാണെന്നു ബൈബിൾ പറയുന്നു. (എഫെസ്യർ 3:14, 15) അതുകൊണ്ട്‌, മാതാപിതാക്കളായ നിങ്ങൾ കുടുംബക്രമീകരണത്തിലെ നിങ്ങളുടെ പങ്ക്‌ ശരിയായ വിധത്തിൽ നിറവേറ്റാൻ ശ്രമിക്കുമ്പോൾ അഖിലാണ്ഡ പരമാധികാരിയെ ആദരിക്കുകയാണു ചെയ്യുന്നത്‌. (1 കൊരിന്ത്യർ 10:31) അതു വലിയൊരു പദവിയല്ലേ? അതിനാൽ, യഹോവ മാതാപിതാക്കൾക്ക്‌ നൽകിയിരിക്കുന്ന ഉത്തരവാദിത്വത്തെക്കുറിച്ച്‌ ഇപ്പോൾ പരിചിന്തിക്കുന്നത്‌ ഉചിതമാണ്‌. ഈ ലേഖനം വിശേഷാൽ, കുടുംബത്തിനുവേണ്ടി കരുതാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ചാണു ചർച്ച ചെയ്യുന്നത്‌. മാതാപിതാക്കൾ അതു ചെയ്യാൻ ദൈവം പ്രതീക്ഷിക്കുന്ന മൂന്നു വിധങ്ങളെക്കുറിച്ച്‌ നമുക്കിപ്പോൾ പരിചിന്തിക്കാം.

ഭൗതികമായി കരുതൽ

4. കുട്ടികൾക്കുവേണ്ടി കരുതുന്നതിനോടുള്ള ബന്ധത്തിൽ യഹോവ കുടുംബത്തിൽ ഏതെല്ലാം ക്രമീകരണം ചെയ്‌തിരിക്കുന്നു?

4 അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” (1 തിമൊഥെയൊസ്‌ 5:8) “കരുതാത്തവൻ” എന്നു പറഞ്ഞപ്പോൾ പൗലൊസ്‌ ആരെയാണ്‌ ഉദ്ദേശിച്ചത്‌? കുടുംബനാഥനെ അഥവാ പിതാവിനെ. ഭർത്താവിന്റെ സഹായിയെന്ന നിലയിൽ ദൈവം സ്‌ത്രീക്കും മാന്യമായ ഒരു സ്ഥാനം നൽകുന്നുണ്ട്‌. (ഉല്‌പത്തി 2:18) ബൈബിൾ കാലങ്ങളിലെ സ്‌ത്രീകൾ കുടുംബത്തിനുവേണ്ടി കരുതുന്നതിൽ തങ്ങളുടെ ഭർത്താക്കന്മാരെ സഹായിച്ചിരുന്നു. (സദൃശവാക്യങ്ങൾ 31:13, 14, 16) ഇക്കാലത്ത്‌, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണം കൂടിവരുകയാണ്‌. * ഒറ്റയ്‌ക്കു കുടുംബഭാരം പേറുന്ന, ഇങ്ങനെയുള്ള ക്രിസ്‌ത്യാനികളിൽ പലരും കുടുംബം പോറ്റാൻ ചെയ്യുന്ന ശ്രമം അഭിനന്ദനം അർഹിക്കുന്നു. തീർച്ചയായും, ഒരു കുടുംബത്തിൽ മാതാവും പിതാവും ഉണ്ടായിരിക്കുന്നതാണ്‌ ഉചിതമായ രീതി. അതിൽ പിതാവ്‌ നേതൃത്വമെടുക്കുന്നു.

5, 6. (എ) പ്രിയപ്പെട്ടവർക്കുവേണ്ടി കരുതാൻ ശ്രമിക്കുന്നവർ നേരിടുന്ന ചില വെല്ലുവിളികൾ ഏവ? (ബി) കുടുംബത്തിനുവേണ്ടി കരുതുന്നതിൽ, ലൗകിക തൊഴിൽ സംബന്ധിച്ച ഏതു കാഴ്‌ചപ്പാട്‌ ക്രിസ്‌തീയ പിതാക്കന്മാരെ സഹായിക്കും?

5 കുടുംബത്തിനുവേണ്ടി കരുതുന്നതിനെക്കുറിച്ച്‌ 1 തിമൊഥെയൊസ്‌ 5:​8-ൽ പൗലൊസ്‌ പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌ എന്താണ്‌? കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങളെക്കുറിച്ചാണ്‌ അവൻ സംസാരിക്കുന്നതെന്ന്‌ സന്ദർഭം സൂചിപ്പിക്കുന്നു. ഇക്കാലത്ത്‌, കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റാൻ ഒരു കുടുംബനാഥനു നിരവധി പ്രതിബന്ധങ്ങൾ നേരിടേണ്ടിവന്നേക്കാം. സാമ്പത്തിക ബുദ്ധിമുട്ട്‌ ലോകത്തിൽ എവിടെയുമുണ്ട്‌. തൊഴിലില്ലായ്‌മയുടെ വർധന, തൊഴിൽ നഷ്ടം, വർധിച്ചുവരുന്ന ജീവിതച്ചെലവ്‌ എന്നിവയും സാഹചര്യത്തെ രൂക്ഷമാക്കുന്നു. ഇത്തരം വെല്ലുവിളികൾക്കു മധ്യേ പിടിച്ചുനിൽക്കാൻ ഒരു പിതാവിനെ എന്തു സഹായിക്കും?

6 യഹോവ നൽകിയിരിക്കുന്ന ഒരു ഉത്തരവാദിത്വമാണ്‌ താൻ നിറവേറ്റുന്നതെന്ന വസ്‌തുത ഒരു പിതാവ്‌ മനസ്സിൽപ്പിടിക്കണം. ഈ കൽപ്പന അനുസരിക്കാൻ പ്രാപ്‌തിയുണ്ടായിട്ടും അതിനു കൂട്ടാക്കാത്ത ഒരു വ്യക്തി “വിശ്വാസം തള്ളിക്കളഞ്ഞ” ഒരുവനു സമനാണെന്ന്‌ പൗലൊസിന്റെ നിശ്വസ്‌ത വാക്കുകൾ പ്രകടമാക്കുന്നു. ദൈവമുമ്പാകെ അങ്ങനെ കാണപ്പെടാതിരിക്കാൻ ഒരു ക്രിസ്‌ത്യാനി തന്റെ പരമാവധി ശ്രമിക്കും. സങ്കടകരമെന്നു പറയട്ടെ, ഇന്നത്തെ ലോകത്തിൽ അനേകരും ‘വാത്സല്യം’ അഥവാ സ്വാഭാവിക പ്രിയം ഇല്ലാത്തവരാണ്‌. (2 തിമൊഥെയൊസ്‌ 3:1, 3) നിരവധി പിതാക്കന്മാർ തങ്ങളുടെ ഉത്തരവാദിത്വം വെച്ചൊഴിയുകയും കുടുംബത്തെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. എന്നാൽ ക്രിസ്‌തീയ ഭർത്താക്കന്മാർ അങ്ങനെയല്ല, സ്വന്ത കുടുംബത്തിനുവേണ്ടി കരുതാനുള്ള ഉത്തരവാദിത്വത്തെ അവർ ലാഘവത്തോടെ വീക്ഷിക്കുന്നില്ല. തങ്ങളുടെ പല സഹപ്രവർത്തകരിൽനിന്നു വ്യത്യസ്‌തമായി ഈ ക്രിസ്‌തീയ പിതാക്കന്മാർ, ഏറ്റവും “താഴ്‌ന്ന” ഒരു തൊഴിലിനെപ്പോലും മാന്യതയും പ്രാധാന്യവും ഉള്ളതായി, യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ഒരു മാർഗമായി വീക്ഷിക്കും. കാരണം, പ്രിയപ്പെട്ടവർക്കുവേണ്ടി കരുതാൻ ആ തൊഴിൽ തങ്ങളെ പ്രാപ്‌തരാക്കുന്നുവെന്ന്‌ അവർക്കറിയാം.

7. മാതാപിതാക്കൾ യേശുവിന്റെ മാതൃകയെക്കുറിച്ചു ചിന്തിക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

7 യേശുവിന്റെ ഉത്തമ മാതൃകയെക്കുറിച്ചു ചിന്തിക്കുന്നതും കുടുംബനാഥന്മാർക്കു പ്രയോജനം ചെയ്യും. ബൈബിൾ യേശുവിനെ “നിത്യപിതാവ്‌” എന്ന്‌ പ്രാവചനികമായി പരാമർശിച്ചിരിക്കുന്നത്‌ ഓർക്കുക. (യെശയ്യാവു 9:6, 7) മനുഷ്യവർഗത്തിലെ വിശ്വാസം പ്രകടമാക്കുന്നവരുടെ പിതാവെന്ന നിലയിൽ “ഒടുക്കത്തെ ആദാം” ആയ യേശു, ‘ഒന്നാം മനുഷ്യനായ ആദാമിന്റെ’ സ്ഥാനം വിജയകരമായി ഏറ്റെടുത്തിരിക്കുന്നു. (1 കൊരിന്ത്യർ 15:45 ) സ്വാർഥനായ ഒരു പിതാവായിത്തീർന്ന ആദാമിൽനിന്നു വ്യത്യസ്‌തമായി യേശു മാതൃകായോഗ്യനായ ഒരു പിതാവാണ്‌. അവനെക്കുറിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു: “അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്‌നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു.” (1 യോഹന്നാൻ 3:16 ) അതേ, മറ്റുള്ളവർക്കുവേണ്ടി യേശു മനസ്സോടെ സ്വജീവൻ ത്യജിച്ചു. അതു മാത്രമല്ല, ദൈനംദിന ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽപ്പോലും അവൻ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു തന്റേതിനെക്കാൾ പ്രാധാന്യം നൽകി. ആ ആത്മത്യാഗ മനോഭാവം അനുകരിക്കുന്നത്‌ മാതാപിതാക്കളായ നിങ്ങൾക്കും കുടുംബത്തിനും ഒരുപോലെ പ്രയോജനം ചെയ്യും.

8, 9. (എ) മക്കൾക്കുവേണ്ടി നിസ്സ്വാർഥം കരുതുന്നതു സംബന്ധിച്ച്‌ മാതാപിതാക്കൾക്ക്‌ പക്ഷികളിൽനിന്ന്‌ എന്തു പഠിക്കാവുന്നതാണ്‌? (ബി) ഒട്ടനവധി ക്രിസ്‌തീയ മാതാപിതാക്കളും ആത്മത്യാഗ മനോഭാവം പ്രകടമാക്കുന്നത്‌ എങ്ങനെ?

8 വഴിതെറ്റിപ്പോയ ദൈവജനത്തോടുള്ള യേശുവിന്റെ വാക്കുകളിൽനിന്നു നിസ്സ്വാർഥ സ്‌നേഹം സംബന്ധിച്ച്‌ ധാരാളം കാര്യങ്ങൾ മാതാപിതാക്കൾക്ക്‌ പഠിക്കാനാകും. അവൻ ഇങ്ങനെ പറഞ്ഞു: “കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു.” (മത്തായി 23:37) തന്റെ ചിറകിൻകീഴെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു പിടക്കോഴിയുടെ ചിത്രമാണ്‌ യേശു ഈ വാക്കുകളിലൂടെ വരച്ചുകാട്ടിയത്‌. കുഞ്ഞുങ്ങളുടെ സംരക്ഷണാർഥം തന്റെ ജീവൻപോലും അപകടത്തിലാക്കാൻ തയ്യാറാകുന്ന ഒരു തള്ളപ്പക്ഷിയുടെ കാര്യമെടുക്കുക. അതിന്റെ സഹജവാസനയിൽനിന്നു മാതാപിതാക്കൾക്കു ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നതു ശരിതന്നെ. എന്നിരുന്നാലും, തങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റാനായി ആൺപക്ഷിയും പെൺപക്ഷിയും നിത്യവും ചെയ്യുന്ന കാര്യങ്ങളും വളരെ ശ്രദ്ധേയമാണ്‌. ആഹാരം തേടാനും അതു കുഞ്ഞുങ്ങൾക്കു കൊണ്ടുവന്നു കൊടുക്കാനുമായി അവ തുടർച്ചയായി വരുകയും പോകുകയും ചെയ്യുന്നു. പറന്നു തളർന്നിരിക്കുമെങ്കിലും അവ, അടങ്ങാത്ത വിശപ്പുമായി വായ്‌ തുറന്നിരിക്കുന്ന കുഞ്ഞുങ്ങൾക്കു തീറ്റ എത്തിച്ചുകൊടുക്കുന്നു. കുഞ്ഞുങ്ങൾക്കായി കരുതുന്നതിൽ യഹോവയുടെ പല സൃഷ്ടികളും ‘[സഹജ] ജ്ഞാനം’ പ്രകടമാക്കുന്നു.​—⁠സദൃശവാക്യങ്ങൾ 30:24.

9 സമാനമായ ഒരു വിധത്തിൽ, ലോകമെമ്പാടുമുള്ള ക്രിസ്‌തീയ മാതാപിതാക്കളും ആദരണീയമായ ആത്മത്യാഗ മനോഭാവം പ്രകടമാക്കുന്നു. മക്കൾക്കു യാതൊരു ദോഷവും വരാതിരിക്കാനായി എല്ലാം സ്വയം സഹിക്കാൻ നിങ്ങൾ തയ്യാറാകുന്നു. മാത്രമല്ല, പ്രിയപ്പെട്ടവർക്കുവേണ്ടി കരുതുന്നതിനായി നിങ്ങൾ ദിവസവും മനസ്സോടെ പല ത്യാഗങ്ങളും ചെയ്യുന്നു. നിങ്ങളിൽ പലരും അതിരാവിലെ എഴുന്നേൽക്കുന്നു, ദിവസം മുഴുവൻ കഠിനാധ്വാനം ചെയ്‌ത്‌ അവശരായി തിരിച്ചെത്തുന്നു. വെച്ചുവിളമ്പാൻ പാടുപെടുന്നു. മക്കൾക്കു വൃത്തിയുള്ള വസ്‌ത്രങ്ങളും ഉചിതമായ പാർപ്പിടവും വേണ്ടത്ര വിദ്യാഭ്യാസവും ഉറപ്പുവരുത്താനായി നിങ്ങൾ കഠിനശ്രമം ചെയ്യുന്നു. ഇത്‌ നിങ്ങൾ ദിവസങ്ങളോളവും വർഷങ്ങളോളവും ചെയ്‌തുകൊണ്ടിരിക്കുന്നു. തീർച്ചയായും അത്തരം ആത്മത്യാഗവും സഹിഷ്‌ണുതയും യഹോവയ്‌ക്ക്‌ പ്രസാദകരമാണ്‌! (എബ്രായർ 13:16) അതോടൊപ്പം, കുടുംബത്തിനുവേണ്ടി കരുതേണ്ട കൂടുതൽ പ്രധാനപ്പെട്ട വിധങ്ങളുണ്ടെന്ന കാര്യം നിങ്ങൾ വിസ്‌മരിക്കുന്നുമില്ല.

ആത്മീയമായി കരുതൽ

10, 11. എന്താണ്‌ മനുഷ്യന്റെ ഏറ്റവും പ്രധാന ആവശ്യം, മക്കളുടെ ഈ ആവശ്യം നിറവേറ്റുന്നതിന്‌ ആദ്യമായി ക്രിസ്‌തീയ മാതാപിതാക്കൾ എന്തു ചെയ്യണം?

10 ഭൗതികമായി കരുതുന്നതിനെക്കാൾ ഏറെ പ്രധാനമാണ്‌ ആത്മീയമായി കരുതുന്നത്‌. യേശു ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (മത്തായി 4:4; 5:3) ആത്മീയമായി കരുതാൻ മാതാപിതാക്കളായ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

11 ഈ വിഷയത്തോടുള്ള ബന്ധത്തിൽ, ആവർത്തനപുസ്‌തകം 6:5-7 വാക്യങ്ങളുടെ അത്രയും ഉദ്ധരിക്കപ്പെട്ടിട്ടുള്ള തിരുവെഴുത്തുകൾ ഇല്ലെന്നുതന്നെ പറയാം. ദയവായി ബൈബിൾ തുറന്ന്‌ ആ ഭാഗം വായിക്കുക. ആത്മീയത നട്ടുവളർത്താനും യഹോവയോടു സ്‌നേഹം വളർത്തിയെടുക്കാനും അവന്റെ വചനങ്ങൾ ഹൃദയത്തിൽ സംഗ്രഹിക്കാനും ആദ്യം മാതാപിതാക്കളോടുതന്നെ കൽപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. അതേ, നിങ്ങൾ ബൈബിളിന്റെ നല്ലൊരു പഠിതാവ്‌ ആയിരിക്കണം. അതായത്‌, നിങ്ങൾ ബൈബിൾ ക്രമമായി വായിക്കുകയും യഹോവയുടെ വഴികളും തത്ത്വങ്ങളും നിയമങ്ങളും സംബന്ധിച്ച യഥാർഥ ഗ്രാഹ്യം നേടാനും അവയോടു സ്‌നേഹം വളർത്തിയെടുക്കാനുമായി അതേക്കുറിച്ചു ധ്യാനിക്കുകയും വേണം. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ മനസ്സ്‌ ആവേശജനകമായ ബൈബിൾ സത്യങ്ങളാൽ നിറയും. സന്തോഷം അനുഭവിക്കാനും യഹോവയോട്‌ ആദരവും സ്‌നേഹവും തോന്നാനും അതു നിങ്ങളെ പ്രേരിപ്പിക്കും. കുട്ടികൾക്കു പകർന്നുകൊടുക്കാൻ ധാരാളം നല്ല കാര്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കും.​—⁠ലൂക്കൊസ്‌ 6:45.

12. കുട്ടികളിൽ ബൈബിൾ സത്യങ്ങൾ ഉൾനടുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക്‌ എങ്ങനെ യേശുവിന്റെ മാതൃക അനുകരിക്കാം?

12 ആത്മീയമായി ശക്തരായ മാതാപിതാക്കൾ, എല്ലാ അവസരങ്ങളിലും മക്കളിൽ യഹോവയുടെ വചനങ്ങൾ ‘ഉപദേശിച്ചുകൊടുക്കാൻ’ അഥവാ “ഉൾനടാൻ” (NW) ഉള്ള, ആവർത്തനപുസ്‌തകം 6:​7-ലെ ബുദ്ധിയുപദേശം ബാധകമാക്കാൻ സജ്ജരാണ്‌. ‘ഉൾനടുക’ എന്നാൽ ആവർത്തനത്തിലൂടെ പഠിപ്പിക്കുകയും ആശയങ്ങൾ മനസ്സിൽ പതിപ്പിക്കുകയും ചെയ്യുക എന്നാണ്‌. നമുക്കെല്ലാം, പ്രത്യേകിച്ചു കുട്ടികൾക്ക്‌, കാര്യങ്ങൾ പഠിക്കാൻ അത്‌ ആവർത്തിക്കേണ്ടതുണ്ടെന്ന്‌ യഹോവയ്‌ക്കു നന്നായി അറിയാം. അക്കാരണത്താൽ യേശു തന്റെ ശുശ്രൂഷയിൽ ആവർത്തനം ഉപയോഗിച്ചു. ഉദാഹരണത്തിന്‌, മത്സരികളും അഹങ്കാരികളും ആയിരിക്കാതെ വിനയമുള്ളവരായിരിക്കാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കവേ, ഒരേ തത്ത്വംതന്നെ ആവർത്തിക്കാൻ അവൻ വ്യത്യസ്‌ത മാർഗങ്ങൾ അവലംബിച്ചു. ന്യായവാദം ചെയ്‌തും ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചും സ്വന്തം പ്രവൃത്തിയിലൂടെ അതു പ്രകടിപ്പിച്ചുകാണിച്ചുമൊക്കെ അവൻ അവരെ പഠിപ്പിച്ചു. (മത്തായി 18:1-4; 20:25-27; യോഹന്നാൻ 13:12-15) എങ്കിലും യേശു ഒരിക്കൽപ്പോലും അക്ഷമനായിത്തീർന്നില്ല. സമാനമായി, മക്കൾക്ക്‌ യഹോവയുടെ തത്ത്വങ്ങൾ ഗ്രഹിച്ച്‌ ബാധകമാക്കാൻ കഴിയുന്നതുവരെ അത്‌ ക്ഷമാപൂർവം ആവർത്തിച്ചുകൊണ്ട്‌ അടിസ്ഥാന സത്യങ്ങൾ അവരെ പഠിപ്പിക്കാനുള്ള വഴികൾ മാതാപിതാക്കൾ കണ്ടെത്തണം.

13, 14. ബൈബിൾ സത്യം മക്കളിൽ ഉൾനടാനാകുന്ന ചില സന്ദർഭങ്ങൾ ഏവ, ഇതിന്‌ എന്തെല്ലാം ഉപയോഗിക്കാം?

13 കുടുംബാധ്യയന വേള അതിനുള്ള നല്ല അവസരമാണ്‌. ക്രമമായ, കെട്ടുപണി ചെയ്യുന്ന, സന്തോഷകരമായ കുടുംബ ബൈബിളധ്യയനം കുടുംബത്തിന്റെ ആത്മീയതയുടെ പ്രധാന ഘടകമാണ്‌. യഹോവയുടെ സംഘടനയിലൂടെ ലഭ്യമാകുന്ന സാഹിത്യം ഉപയോഗപ്പെടുത്തുകയും അധ്യയനം കുട്ടികളുടെ ആവശ്യങ്ങളോടു പൊരുത്തപ്പെടുത്തുകയും ചെയ്‌തുകൊണ്ട്‌ ലോകമെമ്പാടുമുള്ള ക്രിസ്‌തീയ കുടുംബങ്ങൾ ഈ പഠനക്രമീകരണത്തിൽനിന്നു സന്തോഷം കണ്ടെത്തുന്നു. ഇക്കാര്യത്തിൽ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌), യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്നീ പുസ്‌തകങ്ങൾ വളരെ വലിയ സഹായമാണ്‌. * എന്നിരുന്നാലും, കുടുംബാധ്യയന വേളയിൽ മാത്രമല്ല കുട്ടികളെ പഠിപ്പിക്കാവുന്നത്‌.

14 ആവർത്തനപുസ്‌തകം 6:7 പ്രകടമാക്കുന്നതനുസരിച്ച്‌, കുട്ടികളുമായി ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്യാൻ മാതാപിതാക്കളായ നിങ്ങൾക്കു നിരവധി അവസരങ്ങളുണ്ട്‌. കുട്ടികളോടൊത്തു യാത്ര ചെയ്യുമ്പോഴോ ഏതെങ്കിലും ജോലി ചെയ്യുമ്പോഴോ വിശ്രമിക്കുമ്പോഴോ ഒക്കെ അവരുടെ ആത്മീയ ആവശ്യം നിറവേറ്റാനുള്ള അവസരം നിങ്ങൾക്കു ലഭിച്ചേക്കാം. എന്നാൽ, ബൈബിൾ സത്യങ്ങളെക്കുറിച്ചു വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കണമെന്നല്ല ഇതിനർഥം. മറിച്ച്‌, കുടുംബാംഗങ്ങൾ തമ്മിലുള്ള സംഭാഷണം ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്ന തരത്തിലുള്ളതാക്കിത്തീർക്കാൻ ശ്രദ്ധിക്കുക എന്നാണ്‌. ഉദാഹരണത്തിന്‌, നാനാ വിഷയങ്ങളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ ഉണരുക! മാസികയിൽ വരുന്നുണ്ട്‌. യഹോവ സൃഷ്ടിച്ചിരിക്കുന്ന ജീവജാലങ്ങൾ, പ്രകൃതിഭംഗിയുള്ള സ്ഥലങ്ങൾ, വൈവിധ്യമാർന്ന മാനവ സംസ്‌കാരങ്ങൾ എന്നിവ സംബന്ധിച്ച സംഭാഷണങ്ങൾക്കു തുടക്കമിടാൻ അത്തരം ലേഖനങ്ങൾ ഉപകരിച്ചേക്കാം. വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ കൂടുതലായി വായിക്കാനുള്ള പ്രേരണ കുട്ടികൾക്കു നൽകാൻ അത്തരം സംഭാഷണങ്ങൾ ഇടയാക്കും.​—⁠മത്തായി 24:45-47, NW.

15. ക്രിസ്‌തീയ ശുശ്രൂഷയെ രസകരവും പ്രതിഫലദായകവുമായി വീക്ഷിക്കാൻ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാം?

15 കുട്ടികളുമൊത്തു കെട്ടുപണിചെയ്യുന്ന സംഭാഷണത്തിൽ ഏർപ്പെടുന്നത്‌ മറ്റൊരു ആത്മീയ ആവശ്യം തൃപ്‌തിപ്പെടുത്താൻ നിങ്ങളെ സഹായിക്കും. തങ്ങളുടെ വിശ്വാസം മറ്റുള്ളവരോടു ഫലകരമായി പങ്കുവെക്കാൻ കുട്ടികൾ പഠിക്കേണ്ടതുണ്ട്‌. വീക്ഷാഗോപുരത്തിലെയോ ഉണരുക!യിലെയോ രസകരമായ ഏതെങ്കിലും ആശയത്തെക്കുറിച്ചു സംസാരിക്കുമ്പോൾ, പ്രസ്‌തുത വിവരം ശുശ്രൂഷയിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു വ്യക്തമാക്കാനുള്ള അവസരങ്ങൾ കണ്ടെത്താൻ നിങ്ങൾക്കു ശ്രമിക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌, നിങ്ങൾക്ക്‌ ഇങ്ങനെ ചോദിക്കാം: “യഹോവയെക്കുറിച്ചുള്ള ഈ കാര്യം കൂടുതൽ ആളുകൾ അറിയുന്നെങ്കിൽ അതു വളരെ നന്നായിരിക്കില്ലേ? ഈ വിഷയത്തിൽ ഒരാളുടെ താത്‌പര്യം ഉണർത്താൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?” പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ കൂടുതലായ താത്‌പര്യം വളർത്തിയെടുക്കാൻ അത്തരം ചർച്ചകൾ കുട്ടികളെ സഹായിച്ചേക്കാം. തുടർന്ന്‌ നിങ്ങളോടൊപ്പം ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ, നിങ്ങൾ സംസാരിച്ച കാര്യങ്ങൾ ബാധകമാക്കുന്ന വിധം കുട്ടികൾ നേരിട്ടു കാണുന്നു. വലിയ സംതൃപ്‌തി നൽകുന്ന, രസകരവും സന്തോഷകരവും ആയ ഒരു വേലയാണ്‌ ശുശ്രൂഷയെന്നും അവർ തിരിച്ചറിഞ്ഞേക്കാം.​—⁠പ്രവൃത്തികൾ 20:35.

16. മാതാപിതാക്കളുടെ പ്രാർഥനയിൽനിന്നു കുട്ടികൾ എന്തു പഠിച്ചേക്കാം?

16 പ്രാർഥിക്കുമ്പോഴും മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുകയാണ്‌. യേശു ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിക്കുകയും നിരവധി സന്ദർഭങ്ങളിൽ അവരോടുകൂടെ പ്രാർഥിക്കുകയും ചെയ്‌തു. (ലൂക്കൊസ്‌ 11:1-13) യഹോവയുടെ സ്വന്തം പുത്രനോടൊത്തു പ്രാർഥിക്കുകവഴി അവർ എന്തുമാത്രം കാര്യങ്ങൾ പഠിച്ചുകാണുമെന്നു ചിന്തിക്കുക! സമാനമായി, നിങ്ങളുടെ പ്രാർഥനയിൽനിന്നു കുട്ടികൾക്കു ധാരാളം കാര്യങ്ങൾ പഠിക്കാനാകും. ഉദാഹരണത്തിന്‌, നാം യഹോവയോടു ഹൃദയംതുറന്നു സംസാരിക്കാനും നമ്മെ ഭാരപ്പെടുത്തുന്ന ഏതൊരു പ്രശ്‌നവുമായും അവനെ സമീപിക്കാനും അവൻ ആഗ്രഹിക്കുന്നുവെന്നു കുട്ടികൾ മനസ്സിലാക്കിയേക്കാം. അതേ, സ്വർഗീയ പിതാവുമായി തങ്ങൾക്ക്‌ ഒരു ബന്ധം സ്ഥാപിക്കാനാകുമെന്ന അതിപ്രധാനമായ ആത്മീയ സത്യം മനസ്സിലാക്കുന്നതിനു കുട്ടികളെ സഹായിക്കാൻ നിങ്ങളുടെ പ്രാർഥനകൾക്കു കഴിയും.​—⁠1 പത്രൊസ്‌ 5:⁠7.

വൈകാരികമായി കരുതൽ

17, 18. (എ) കുട്ടികളെ സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം ബൈബിൾ വെളിപ്പെടുത്തുന്നത്‌ എങ്ങനെ? (ബി) കുട്ടികളെ സ്‌നേഹിക്കുന്നതിൽ മാതാപിതാക്കൾ യഹോവയെ എങ്ങനെ അനുകരിക്കണം?

17 കുട്ടികൾക്കു സുപ്രധാനമായ വൈകാരിക ആവശ്യങ്ങളുമുണ്ട്‌. അതിനായി കരുതേണ്ടത്‌ എത്ര പ്രധാനമാണെന്നു ദൈവവചനമായ ബൈബിൾ മാതാപിതാക്കളോടു പറയുന്നുണ്ട്‌. ഉദാഹരണത്തിന്‌, ‘പുത്രപ്രിയമാർ’ അഥവാ മക്കളെ സ്‌നേഹിക്കുന്നവർ ആയിരിക്കാൻ യുവതികൾ ഉദ്‌ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നത്‌, ചെറുപ്പക്കാരായ അമ്മമാർ സുബോധം അഥവാ വിവേകം ഉള്ളവരായിരിക്കാൻ ഓർമിപ്പിക്കപ്പെടുന്നതുമായാണു ബന്ധപ്പെട്ടിരിക്കുന്നത്‌. (തീത്തൊസ്‌ 2:​4, 5) അതേ, ഒരു കുട്ടിയെ സ്‌നേഹിക്കുന്നതു വിവേകത്തിന്റെ ലക്ഷണമാണ്‌. സ്‌നേഹിക്കാനും ആജീവനാന്ത പ്രയോജനങ്ങൾ നേടാനും ഇത്‌ ഒരു കുട്ടിയെ പഠിപ്പിക്കുന്നു. നേരേമറിച്ച്‌, കുട്ടിയെ സ്‌നേഹിക്കാതിരിക്കുന്നത്‌ അവിവേകമായിരിക്കും. അതു വളരെയേറെ ദുഃഖം വരുത്തിവെക്കുന്നു. കൂടാതെ, അപൂർണരെങ്കിലും നമ്മെ ധാരാളമായി സ്‌നേഹിക്കുന്ന യഹോവയെ അനുകരിക്കുന്നതിൽ വീഴ്‌ച വരുത്തുന്നതിനെയും അത്‌ അർഥമാക്കുന്നു.​—⁠സങ്കീർത്തനം 103:8-14.

18 തന്റെ ഭൗമിക മക്കളെ സ്‌നേഹിക്കുന്നതിൽ യഹോവ മുൻകൈയെടുക്കുകപോലും ചെയ്യുന്നു. ‘അവൻ ആദ്യം നമ്മെ സ്‌നേഹിച്ചു’വെന്ന്‌ 1 യോഹന്നാൻ 4:19 പ്രസ്‌താവിക്കുന്നു. മക്കളുമായി സ്‌നേഹനിർഭരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ മുൻകൈയെടുത്തുകൊണ്ട്‌ പിതാക്കന്മാരായ നിങ്ങൾ വിശേഷിച്ച്‌ യഹോവയുടെ മാതൃക അനുകരിക്കേണ്ടതാണ്‌. കുട്ടികൾ നിരുത്സാഹപ്പെടാതിരിക്കേണ്ടതിന്‌ അവരെ കോപിപ്പിക്കരുതെന്നു ബൈബിൾ മാതാപിതാക്കളോടു കൽപ്പിക്കുന്നു. (കൊലൊസ്സ്യർ 3:21) മാതാവോ പിതാവോ തങ്ങളെ സ്‌നേഹിക്കുന്നില്ലെന്നോ തങ്ങൾക്കു വിലകൽപ്പിക്കുന്നില്ലെന്നോ ഉള്ള ധാരണപോലെ കുട്ടികളെ പ്രകോപിതരാക്കുന്ന കാര്യങ്ങൾ അധികമില്ല. തങ്ങളുടെ വികാരവായ്‌പുകൾ പ്രകടിപ്പിക്കാൻ മടിയുള്ള പിതാക്കന്മാർ യഹോവയുടെ മാതൃക ഓർമിക്കുന്നതു നന്നായിരിക്കും. തന്റെ പുത്രന്റെ മേലുള്ള അംഗീകാരവും അവനോടുള്ള സ്‌നേഹവും പ്രദർശിപ്പിക്കാനായി യഹോവ സ്വർഗത്തിൽനിന്നു സംസാരിക്കുകപോലും ചെയ്‌തു. (മത്തായി 3:17; 17:5) യേശുവിന്‌ അത്‌ എത്രമാത്രം പ്രോത്സാഹനം പകർന്നിരിക്കണം! അതുപോലെ, മാതാപിതാക്കൾ മക്കളോടു സ്‌നേഹവും അംഗീകാരവും തുറന്നു പ്രകടമാക്കുമ്പോൾ അതു കുട്ടികൾക്ക്‌ ഏറെ ശക്തിയും പ്രോത്സാഹനവും നൽകും.

19. ശിക്ഷണം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, എന്തു സമനില പാലിക്കാൻ ക്രിസ്‌തീയ മാതാപിതാക്കൾ ശ്രമിക്കണം?

19 വാക്കുകളിലൂടെ മാത്രമല്ല മാതാപിതാക്കൾക്കു സ്‌നേഹം പ്രകടിപ്പിക്കാവുന്നത്‌. പ്രവൃത്തികളിലൂടെയായിരിക്കണം അതു മുഖ്യമായും പ്രകടമാകേണ്ടത്‌. ഭൗതികവും ആത്മീയവും ആയി കരുതുന്നതും സ്‌നേഹത്തിന്റെ പ്രകടനമാണ്‌, പ്രത്യേകിച്ചും, സ്‌നേഹമാണ്‌ അങ്ങനെ ചെയ്യാൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നു മാതാപിതാക്കൾ പ്രകടമാക്കുമ്പോൾ. ആവശ്യമെങ്കിൽ ശിക്ഷണം നൽകുന്നതും മാതാപിതാക്കളുടെ സ്‌നേഹത്തിന്റെ അതിപ്രധാന വശമാണ്‌. യഹോവ “താൻ സ്‌നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.” (എബ്രായർ 12:​6) ശിക്ഷണം നൽകാതിരിക്കുന്നത്‌, കുട്ടികളോടുള്ള സ്‌നേഹമില്ലായ്‌മയുടെ ലക്ഷണമാണ്‌! (സദൃശവാക്യങ്ങൾ 13:24) യഹോവ എല്ലായ്‌പോഴും “ന്യായമായി” ശിക്ഷിച്ചുകൊണ്ടു സമനില പാലിക്കുന്നു. (യിരെമ്യാവു 46:28) അപൂർണരായ മാതാപിതാക്കൾക്ക്‌ എല്ലായ്‌പോഴും അത്തരം സമനില പാലിക്കാൻ സാധ്യമായെന്നു വരില്ല. എങ്കിലും അതിനായുള്ള നിങ്ങളുടെ ശ്രമംതന്നെ വളരെ മൂല്യവത്താണ്‌. സന്തുഷ്ടവും ഫലോത്‌പാദകവും ആയ ജീവിതം നയിക്കാൻ ദൃഢവും സ്‌നേഹനിർഭരവും ആയ ശിക്ഷണം കുട്ടിയെ സഹായിക്കുന്നു. (സദൃശവാക്യങ്ങൾ 22:6) തന്റെ കുട്ടിക്കുവേണ്ടി ഓരോ ക്രിസ്‌തീയ മാതാപിതാക്കളും ആഗ്രഹിക്കുന്നത്‌ അതല്ലേ?

20. ‘ജീവൻ തിരഞ്ഞെടുക്കാൻ’ ഏറ്റവും നല്ല അവസരം കുട്ടികൾക്കു നൽകാൻ മാതാപിതാക്കൾക്ക്‌ എങ്ങനെ കഴിയും?

20 മാതാപിതാക്കളായ നിങ്ങൾ യഹോവ നിയമിച്ചു നൽകിയിരിക്കുന്ന സുപ്രധാന വേല നിറവേറ്റുമ്പോൾ​—⁠കുട്ടികളുടെ ഭൗതികവും ആത്മീയവും വൈകാരികവും ആയ ആവശ്യങ്ങൾക്കായി കരുതുമ്പോൾ​—⁠അതിന്റെ പ്രതിഫലം വളരെ വലുതാണ്‌. അതുവഴി, ‘ജീവൻ തിരഞ്ഞെടുക്കാനും’ തുടർന്ന്‌ ‘ജീവിച്ചിരിക്കാനും’ ഉള്ള ഏറ്റവും നല്ല അവസരം നിങ്ങൾ കുട്ടികൾക്കു നൽകുകയാണു ചെയ്യുന്നത്‌. (ആവർത്തനപുസ്‌തകം 30:​19, 20) യഹോവയെ സേവിക്കാൻ തീരുമാനിക്കുകയും വളർന്നുവരവേ ജീവനിലേക്കുള്ള പാതയിൽ നിലനിൽക്കുകയും ചെയ്യുന്ന കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾക്കു പറഞ്ഞറിയിക്കാനാവാത്ത സന്തോഷം കൈവരുത്തുന്നു. (സങ്കീർത്തനം 127:3-5) അത്തരം സന്തോഷം നിത്യം നിലനിൽക്കും! എന്നാൽ, ഇപ്പോൾ യുവജനങ്ങൾക്ക്‌ എങ്ങനെയാണ്‌ യഹോവയെ സ്‌തുതിക്കാനാകുക. അടുത്ത ലേഖനം ഇതു ചർച്ചചെയ്യും.

[അടിക്കുറിപ്പുകൾ]

^ ഖ. 4 ഈ ചർച്ചയിൽ, കുടുംബത്തിനുവേണ്ടി കരുതുന്ന വ്യക്തിയെ പുല്ലിംഗത്തിലായിരിക്കും പരാമർശിക്കുക. എന്നിരുന്നാലും, കുടുംബം പോറ്റേണ്ട സാഹചര്യത്തിലായിരിക്കുന്ന ക്രിസ്‌തീയ സ്‌ത്രീകൾക്കും ഇതിലെ തത്ത്വങ്ങൾ ബാധകമാണ്‌.

^ ഖ. 13 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

പിൻവരുന്ന മേഖലകളിൽ കുട്ടികൾക്കുവേണ്ടി കരുതാൻ മാതാപിതാക്കൾക്ക്‌ എങ്ങനെ കഴിയും?

• ഭൗതികമായി

• ആത്മീയമായി

• വൈകാരികമായി

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റാനായി പല പക്ഷികളും അക്ഷീണം പ്രവർത്തിക്കുന്നു

[20-ാം പേജിലെ ചിത്രം]

ആദ്യം മാതാപിതാക്കൾ സ്വന്തം ആത്മീയത കരുത്തുറ്റതാക്കണം

[20, 21 പേജുകളിലെ ചിത്രങ്ങൾ]

സ്രഷ്ടാവിനെക്കുറിച്ചു കുട്ടികളെ പഠിപ്പിക്കാനായി നിരവധി അവസരങ്ങൾ മാതാപിതാക്കൾക്കു കണ്ടെത്താൻ കഴിയും

[22-ാം പേജിലെ ചിത്രം]

മാതാപിതാക്കളുടെ അംഗീകാരം കുട്ടികൾക്ക്‌ ശക്തിയും ധൈര്യവും പകർന്നുകൊടുക്കുന്നു