വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌കൂളിൽ യഹോവയെ സ്‌തുതിക്കുന്നു

സ്‌കൂളിൽ യഹോവയെ സ്‌തുതിക്കുന്നു

സ്‌കൂളിൽ യഹോവയെ സ്‌തുതിക്കുന്നു

ലോകമെമ്പാടും യഹോവയുടെ യുവസാക്ഷികൾ ദൈവത്തെ സ്‌തുതിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്‌. തങ്ങളുടെ സംസാരത്താലും നടത്തയാലും അവർ ഇതു ചെയ്യുന്നു. ഈ ചെറുപ്പക്കാരുടെ തീക്ഷ്‌ണതയെ സാക്ഷ്യപ്പെടുത്തുന്ന ഏതാനും അനുഭവങ്ങൾ നോക്കുക.

ഗ്രീസിലെ ഒരു യുവസാക്ഷിക്ക്‌ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച്‌ റിപ്പോർട്ടു തയ്യാറാക്കാനുള്ള ഒരു നിയമനം ലഭിച്ചു. വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്‌) ഉപയോഗിച്ച്‌ ഗവേഷണം നടത്തിയപ്പോൾ, ഉണരുക! മാസികയിൽനിന്ന്‌ പ്രയോജനപ്രദമായ വിവരങ്ങൾ അവൾക്കു ലഭിച്ചു. ഉപന്യാസത്തിന്റെ ഒടുവിൽ, വിവരങ്ങൾക്കു താൻ കടപ്പെട്ടിരിക്കുന്നത്‌ ഉണരുക!യോടാണെന്ന്‌ അവൾ സൂചിപ്പിക്കുകയും ചെയ്‌തു. താൻ വായിച്ചിട്ടുള്ളതിൽവെച്ച്‌ ഏറ്റവും നല്ല ഒരു ഉപന്യാസമാണ്‌ ഇതെന്ന്‌ അവളുടെ അധ്യാപിക അഭിപ്രായപ്പെട്ടു. അവർ ഈ വിവരങ്ങൾ പിന്നീട്‌ ഒരു സെമിനാറിൽ ഉപയോഗിക്കുകയുണ്ടായി. അതിനു നല്ല പ്രതികരണവും ലഭിച്ചു. അതുകൊണ്ട്‌, “അധ്യാപകർ​—⁠അവർ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്‌തേനെ?” എന്ന പരമ്പര വന്ന ഉണരുക! ഉൾപ്പെടെ മാസികയുടെ കൂടുതൽ പ്രതികൾ അധ്യാപികയ്‌ക്കു നൽകാൻ ഈ യുവസഹോദരി തീരുമാനിച്ചു. പിന്നീട്‌ ക്ലാസ്സിൽ അധ്യാപിക ഉണരുക! മാസികയെക്കുറിച്ച്‌ വളരെ അനുകൂലമായി സംസാരിച്ചു. വിദ്യാർഥികളിൽ ചിലർ അതിന്റെ പ്രതികൾ ആവശ്യപ്പെട്ടുതുടങ്ങി. അവർക്കു വായിക്കാനായി ഉണരുക!യുടെ മറ്റു പ്രതികൾ ഈ സഹോദരിക്ക്‌ കൊണ്ടുവരേണ്ടിവന്നു.

ആഫ്രിക്കയിലെ ബെനിനിലുള്ള കൗമാരപ്രായക്കാരിയായ ഒരു ക്രിസ്‌ത്യാനിക്ക്‌ അസാധാരണ വിധത്തിലുള്ള സമ്മർദമാണു നേരിട്ടത്‌. അവിടത്തെ രീതിയനുസരിച്ച്‌, ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്കു ട്യൂഷൻ കൊടുത്ത്‌ തങ്ങളുടെ മക്കളെ പരീക്ഷയ്‌ക്ക്‌ ഒരുക്കാനായി കുറെ മാതാപിതാക്കൾ ചേർന്ന്‌ അധ്യാപകരെ ഏർപ്പെടുത്തി. എന്നാൽ, എല്ലാ ശനിയാഴ്‌ചയും രാവിലെ ക്ലാസ്സുകൾ നടത്താനാണ്‌ ഈ അധ്യാപകർ തീരുമാനിച്ചത്‌. ഈ യുവസഹോദരി ഇപ്രകാരം പറഞ്ഞുകൊണ്ട്‌ തന്റെ വിയോജിപ്പു പ്രകടിപ്പിച്ചു: “ശനിയാഴ്‌ച രാവിലെയാണ്‌ സഭയിലുള്ള എല്ലാവരും പ്രസംഗവേലയിൽ ഏർപ്പെടുന്നത്‌. എന്നെ സംബന്ധിച്ചിടത്തോളം വാരത്തിലെ ഏറ്റവും സന്തോഷകരമായ സമയമാണത്‌. അതു നഷ്ടമാകാൻ ഞാൻ ഒരു കാരണവശാലും സമ്മതിക്കില്ല!” ഒരു സാക്ഷിയായ അവളുടെ പിതാവ്‌ ഒരുകൂട്ടം മാതാപിതാക്കളെയും അധ്യാപകരെയും സമീപിച്ച്‌ പട്ടികയിൽ മാറ്റം വരുത്തിക്കിട്ടാൻ ശ്രമിച്ചു. പക്ഷേ ആരും അതിനു തയ്യാറായില്ല. അങ്ങനെ, ട്യൂഷൻ കൂടാതെതന്നെ പഠിക്കാൻ ഈ യുവസഹോദരി തീരുമാനിച്ചു. അവൾ സഭയോടൊത്ത്‌ പ്രസംഗവേലയിൽ ഏർപ്പെട്ടു. എന്നാൽ അവളുടെ സഹപാഠികൾ പ്രസംഗവേലയും ഒപ്പം അവളുടെ ദൈവത്തെയും ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചുകൊണ്ട്‌ അവളെ പരിഹസിക്കുമായിരുന്നു. ഈ സഹോദരി പരീക്ഷയ്‌ക്കു തോൽക്കുമെന്നുതന്നെ അവർ വിചാരിച്ചു. എന്നാൽ മറിച്ചാണു സംഭവിച്ചത്‌. ട്യൂഷനു പോയ കുട്ടികളെല്ലാം തോറ്റുപോകുകയും ഈ സഹോദരി മാത്രം ജയിക്കുകയും ചെയ്‌തു. പരിഹാസികളുടെ വായടഞ്ഞുപോയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. “നീ ദൈവസേവനം തുടരണം” എന്നാണ്‌ ഇപ്പോൾ സഹപാഠികൾ അവളോടു പറയുന്നത്‌.

ചെക്ക്‌ റിപ്പബ്ലിക്കിൽ, 12 വയസ്സുള്ള പെൺകുട്ടിക്ക്‌ ഒരു പുസ്‌തകത്തെക്കുറിച്ച്‌ റിപ്പോർട്ടു തയ്യാറാക്കാനുള്ള അവസരം ലഭിച്ചു. അതിനായി, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം ഉപയോഗിക്കാൻ അവളുടെ അമ്മ അവളെ പ്രോത്സാഹിപ്പിച്ചു. പിൻവരുന്ന ചോദ്യങ്ങളോടെയാണ്‌ അവൾ റിപ്പോർട്ടു തുടങ്ങിയത്‌: “നിങ്ങൾ എന്തു വിചാരിക്കുന്നു? ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ ആരായിരിക്കാം?” യേശുവിനെയും ഭൂമിയിലെ അവന്റെ ജീവിതത്തെയും പഠിപ്പിക്കലുകളെയും കുറിച്ച്‌ അവൾ വിശദീകരിച്ചു. തുടർന്ന്‌, “ക്ഷമയുടെ ഒരു പാഠം” എന്ന അധ്യായം അവൾ ചർച്ച ചെയ്‌തു. അധ്യാപിക ആശ്ചര്യത്തോടെ ഇങ്ങനെ പറഞ്ഞു: “നീ അവതരിപ്പിച്ചിട്ടുള്ളതിലേക്കും ഏറ്റവും നല്ല റിപ്പോർട്ടാണിത്‌!” എന്നിട്ട്‌ അവർ ആ പുസ്‌തകത്തിന്റെ ഒരു പ്രതി സന്തോഷപൂർവം സ്വീകരിച്ചു. ചില സഹപാഠികളും പുസ്‌തകം ആവശ്യപ്പെട്ടു. പിറ്റേദിവസം ഈ പെൺകുട്ടിക്ക്‌ 18 പ്രതികൾ വിതരണം ചെയ്യാൻ കഴിഞ്ഞു!

സ്‌കൂളിൽ യഹോവയെ സ്‌തുതിക്കുന്നതിലൂടെ ഇത്തരം യുവജനങ്ങൾ വലിയ സന്തോഷം അനുഭവിക്കുന്നു. അവരുടെ യുവസഹജമായ തീക്ഷ്‌ണത നമുക്കെല്ലാം അനുകരിക്കാം.