വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവർ തങ്ങളെത്തന്നെ ലഭ്യമാക്കുന്നു

അവർ തങ്ങളെത്തന്നെ ലഭ്യമാക്കുന്നു

അവർ തങ്ങളെത്തന്നെ ലഭ്യമാക്കുന്നു

“നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു.” (സങ്കീർത്തനം 110:3) വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 118-ാമത്തെ ക്ലാസ്സിൽ പങ്കെടുത്ത 46 വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ആ വാക്കുകൾ അർഥനിർഭരമായിരുന്നു. വിദേശ രാജ്യങ്ങളിലെ ആളുകളുടെ ആത്മീയ ആവശ്യങ്ങൾക്കു വേണ്ടി കരുതാൻ ഭാവി മിഷനറിമാരെ പരിശീലിപ്പിക്കുന്ന ഈ സ്‌കൂളിൽ പങ്കെടുക്കാൻ എങ്ങനെയാണ്‌ ഇവർ തയ്യാറെടുത്തത്‌? 118-ാമത്തെ ക്ലാസ്സിൽ പങ്കെടുത്ത മൈക്കും സ്റ്റേസിയും ഇങ്ങനെ പറഞ്ഞു: “ലളിതമായ ജീവിതം നയിക്കാനുള്ള ഞങ്ങളുടെ തീരുമാനം ശ്രദ്ധാശൈഥില്യം കുറയ്‌ക്കാനും ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിച്ചു. ബിസിനസ്‌ മേഖലയിലെ ഞങ്ങളുടെ വിജയം ഞങ്ങളുടെ ആത്മീയ ലക്ഷ്യങ്ങളെ മൂടിക്കളയാൻ അനുവദിക്കരുത്‌ എന്നു ഞങ്ങൾ തീരുമാനിച്ചു.” മൈക്കിനെയും സ്റ്റേസിയെയും പോലെ ക്ലാസ്സിലുണ്ടായിരുന്ന മറ്റു വിദ്യാർഥികളും മനസ്സോടെ തങ്ങളെത്തന്നെ ലഭ്യമാക്കി. അവരിപ്പോൾ നാലു ഭൂഖണ്ഡങ്ങളിൽ രാജ്യഘോഷകരായി സേവിക്കുന്നു.

6,843 പേർ അടങ്ങുന്ന സന്തോഷഭരിതരായ സദസ്സിനു മുമ്പാകെ 2005 മാർച്ച്‌ 12 ശനിയാഴ്‌ചയായിരുന്നു ബിരുദദാനം. ഭരണസംഘത്തിലെ അംഗമായ തിയോഡർ ജാരറ്റ്‌സ്‌ സഹോദരനായിരുന്നു അധ്യക്ഷൻ. 28 ദേശങ്ങളിൽനിന്നെത്തിയ അതിഥികൾക്ക്‌ ഹൃദ്യമായ സ്വാഗതമരുളിയശേഷം അദ്ദേഹം ബൈബിൾ വിദ്യാഭ്യാസത്തിന്റെ മൂല്യത്തിലേക്ക്‌ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. അമേരിക്കൻ വിദ്യാഭ്യാസ വിചക്ഷണനായ വില്യം ലൈയോൺ ഫെൽപ്‌സിന്റെ പിൻവരുന്ന വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്‌ പ്രസംഗകൻ ഇങ്ങനെ പറഞ്ഞു: “ബൈബിളിനെ കുറിച്ചു സൂക്ഷ്‌മ പരിജ്ഞാനമുള്ള ഏതൊരു വ്യക്തിയും വിദ്യാസമ്പന്നനാണ്‌ എന്നു വാസ്‌തവമായും പറയാം.” ലൗകിക വിദ്യാഭ്യാസം പ്രയോജനപ്രദമായിരുന്നേക്കാം, എങ്കിലും ബൈബിൾ വിദ്യാഭ്യാസമാണ്‌ അതിലേറെ മഹത്തരം. നിത്യജീവനിലേക്കു നയിക്കുന്ന ദൈവിക പരിജ്ഞാനം സമ്പാദിക്കാൻ അത്‌ ആളുകളെ സഹായിക്കുന്നു. (യോഹന്നാൻ 17:3) ലോകമൊട്ടാകെ യഹോവയുടെ സാക്ഷികളുടെ 98,000-ത്തിലധികം സഭകളിലായി നടക്കുന്ന ആഗോള ബൈബിൾ വിദ്യാഭ്യാസ പരിപാടിയിൽ ഒരു വലിയ പങ്കു വഹിക്കാൻ സ്വമനസ്സാലെ മുന്നോട്ടുവന്ന ബിരുദധാരികളെ ജാരറ്റ്‌സ്‌ സഹോദരൻ അനുമോദിച്ചു.

ബിരുദധാരികൾക്കു കാലോചിതമായ പ്രോത്സാഹനം

അധ്യക്ഷന്റെ പ്രാരംഭ പ്രസ്‌താവനകൾക്കു ശേഷം, സങ്കീർത്തനം 52:8-നെ ആധാരമാക്കി, “ദൈവത്തിന്റെ ആലയത്തിൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആയിരിക്കാൻ നിങ്ങൾക്കു കഴിയുന്ന വിധം” എന്ന പ്രസംഗം വില്യം സാമുവൽസൺ നിർവഹിച്ചു. ഫലസമൃദ്ധി, അഴക്‌, അന്തസ്സ്‌ എന്നിവയുടെ പ്രതീകമായിട്ടാണ്‌ ഒലിവുമരത്തെ ബൈബിളിൽ ആലങ്കാരികമായി പരാമർശിച്ചിരിക്കുന്നതെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു. (യിരെമ്യാവു 11:16) വിദ്യാർഥികളെ ഒലിവുമരത്തോടു താരതമ്യപ്പെടുത്തിക്കൊണ്ട്‌ പ്രസംഗകൻ പറഞ്ഞു: “നിങ്ങളുടെ മിഷനറി നിയമനങ്ങളിലെ രാജ്യഘോഷണ വേല വിശ്വസ്‌തതയോടെ നിർവഹിക്കുമ്പോൾ നിങ്ങളെ അഴകും അന്തസ്സും ഉള്ളവരായി യഹോവ കണക്കാക്കും.” വരൾച്ചയുടെ സമയത്തു പിടിച്ചുനിൽക്കണമെങ്കിൽ ഒലിവുമരത്തിനു പടർന്നിറങ്ങിയ വേരുകൾ അനിവാര്യമാണ്‌. സമാനമായി, വിദേശ നിയമനത്തിൽ നേരിട്ടേക്കാവുന്ന പരിശോധനകളും എതിർപ്പും നിസ്സംഗതയും മറ്റും തരണം ചെയ്യുന്നതിന്‌ വിദ്യാർഥികൾ തങ്ങളുടെ ആത്മീയ വേരുകൾ ബലവത്താക്കേണ്ടതുണ്ട്‌.​—⁠മത്തായി 13:​20, 21; കൊലൊസ്സ്യർ 2:​6, 7.

പരിപാടിയിൽ പ്രസംഗിച്ച മൂന്നു ഭരണസംഘാംഗങ്ങളിൽ ഒരാളായ ജോൺ ഇ. ബാറിന്റെ പ്രസംഗവിഷയം “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്നതായിരുന്നു. (മത്തായി 5:13) ഉപ്പ്‌ ഭക്ഷണപദാർഥങ്ങൾ കേടാകാതെ സംരക്ഷിക്കുന്നതുപോലെ, ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുന്ന മിഷനറിമാർ ആളുകളെ ധാർമികവും ആത്മീയവുമായ ക്ഷയത്തിൽനിന്നു സംരക്ഷിച്ചുകൊണ്ട്‌ ജീവരക്ഷാകരമായ വേലയായിരിക്കും ചെയ്യുന്നത്‌. തുടർന്ന്‌, മറ്റുള്ളവരുമായി ‘സമാധാനമുള്ളവർ’ ആയിരിക്കാൻ ബാർ സഹോദരൻ പിതൃനിർവിശേഷമായ സ്‌നേഹത്തോടെ ബിരുദധാരികളെ പ്രോത്സാഹിപ്പിച്ചു. (മർക്കൊസ്‌ 9:50) “ആത്മാവിന്റെ ഫലം നട്ടുവളർത്തുക, നിങ്ങളുടെ പെരുമാറ്റവും സംസാരവും എല്ലായ്‌പോഴും അനുകമ്പയും പരിഗണനയും നിറഞ്ഞതാണെന്ന്‌ ഉറപ്പുവരുത്തുക,” പ്രസംഗകൻ ആഹ്വാനം ചെയ്‌തു.

ഗിലെയാദ്‌ അധ്യാപകനായ വാലസ്‌ ലിവറൻസിന്റെ പ്രസംഗവിഷയം “ആഴക്കടലിലൂടെ മുന്നേറുക” എന്നതായിരുന്നു. ആഴക്കടലിലൂടെ യാത്രചെയ്യുന്ന ഒരു കപ്പലിന്‌ ശരിയായ ദിശയിൽത്തന്നെ നീങ്ങാൻ കഴിയുന്നതുപോലെ “ദൈവത്തിന്റെ ആഴങ്ങളെ”​—⁠അതായത്‌ ദൈവോദ്ദേശ്യങ്ങളെയും അതു നിറവേറുന്ന വിധത്തെയും കുറിച്ചുള്ള സത്യം​—⁠ഗ്രഹിക്കുന്നത്‌ ആത്മീയ പുരോഗതി വരുത്താൻ ഒരുവനെ സഹായിക്കും. (1 കൊരിന്ത്യർ 2:10) “ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠ”ങ്ങൾകൊണ്ടു തൃപ്‌തിയടഞ്ഞ്‌ ആത്മീയമായി ആഴമില്ലാത്ത വെള്ളത്തിൽ ആയിരിക്കുന്നത്‌ നമ്മുടെ പുരോഗതിയെ തടയും. കൂടാതെ നമ്മുടെ ‘വിശ്വാസക്കപ്പൽ തകർന്നുപോകുന്നതിനു’പോലും അത്‌ ഇടയാക്കിയേക്കാം. (എബ്രായർ 5:12, 13; 1 തിമൊഥെയൊസ്‌ 1:19) “‘ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ്‌ എന്നിവയുടെ ആഴം’ മിഷനറി നിയമനങ്ങളിൽ നിലനിൽക്കാൻ നിങ്ങളെ സഹായിക്കട്ടെ,” ലിവറൻസ്‌ സഹോദരൻ ഉപസംഹരിച്ചു.​—⁠റോമർ 11:33.

“നിങ്ങൾ നിങ്ങളുടെ പൈതൃകത്തിനൊത്തു ജീവിക്കുമോ?” എന്നതായിരുന്നു ഗിലെയാദ്‌ സ്‌കൂളിലെ മറ്റൊരു അധ്യാപകനായ മാർക്ക്‌ നൂമാറിന്റെ പ്രസംഗവിഷയം. അറുപതിലേറെ വർഷമായി വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ, അതിന്റെ ബിരുദധാരികളുടെ ‘സാക്ഷ്യത്തിന്റെ കൂമ്പാരം’ അഥവാ വമ്പിച്ച സാക്ഷ്യം മൂലം വിശ്വാസ്യതയും കീർത്തിയും നേടിയിരിക്കുന്നു. (ഉല്‌പത്തി 31:48) ഗിലെയാദിന്റെ ഈ പൈതൃകം അതിന്റെ 118-ാമത്തെ ക്ലാസ്സിനും കൈമാറുകയാണ്‌. നെഹെമ്യാവിന്റെ കാലത്തെ തെക്കോവ്യരെ അനുകരിച്ചുകൊണ്ട്‌, പ്രാദേശിക സഭയോടും സഹ മിഷനറിമാരോടും താഴ്‌മയോടെ സഹകരിക്കാൻ നൂമാർ സഹോദരൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. നെഹെമ്യാവ്‌ “ശ്രേഷ്‌ഠന്മാർ” എന്നുവിളിച്ചവരുടെ അഹങ്കാരമനോഭാവത്തെ ഒഴിവാക്കാനും നിശബ്ദരായി പിന്നണിയിൽ പ്രവർത്തിക്കാൻ മനസ്സൊരുക്കമുള്ളവരായിരിക്കാനും സഹോദരൻ അവരെ ഉദ്‌ബോധിപ്പിച്ചു.​—⁠നെഹെമ്യാവു 3:⁠5.

പ്രബോധനാത്മകമായ അനുഭവങ്ങളും അഭിമുഖങ്ങളും

പരിപാടിയുടെ അടുത്തഭാഗം “ദൈവവചനം പരന്നു” എന്നതായിരുന്നു. (പ്രവൃത്തികൾ 6:7) സ്‌കൂൾ നടന്ന സമയത്ത്‌ വയൽശുശ്രൂഷയിൽ ഏർപ്പെട്ടപ്പോൾ ഉണ്ടായ അനുഭവങ്ങൾ വിദ്യാർഥികൾ പുനരവതരണം നടത്തി. ഗിലെയാദ്‌ സ്‌കൂൾ അധ്യാപകനായ ലോറൻസ്‌ ബോവെനായിരുന്നു ഈ പരിപാടി നടത്തിയത്‌. വിദ്യാർഥികൾ ദൈവവചനം ശുഷ്‌കാന്തിയോടെ ഘോഷിച്ചെന്നും യഹോവ അവരുടെ ശ്രമങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചെന്നും വ്യക്തമാക്കുന്നതായിരുന്നു ആ അനുഭവങ്ങൾ.

സ്‌കൂളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്‌ത ബെഥേൽ കുടുംബാംഗങ്ങളുമായി റിച്ചാർഡ്‌ ആഷ്‌ സഹോദരൻ അഭിമുഖം നടത്തി. സ്‌കൂളിൽനിന്നു പൂർണ പ്രയോജനം നേടാൻ വിദ്യാർഥികളെ സഹായിക്കുന്നതിൽ ബെഥേൽ കുടുംബം പിന്തുണ നൽകുന്നത്‌ എങ്ങനെയാണെന്നു വ്യക്തമാക്കുന്നതായിരുന്നു അവരുടെ അഭിപ്രായങ്ങൾ. തുടർന്ന്‌ കഴിഞ്ഞ ക്ലാസ്സുകളിലെ ഏതാനും ബിരുദധാരികളുമായി ജെഫ്രി ജാക്‌സൺ സംസാരിച്ചു. മിഷനറി ജീവിതത്തിൽ യഹോവയ്‌ക്കു സ്‌തുതിയും മഹത്ത്വവും കരേറ്റാൻ കഴിയുന്ന ഒട്ടനവധി അവസരങ്ങളെക്കുറിച്ച്‌ അവർ ഊന്നിപ്പറഞ്ഞു. അവരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “ഒരു മിഷനറിയെന്ന നിലയിൽ നിങ്ങൾ ചെയ്യുന്നതെല്ലാം ആളുകൾ നിരീക്ഷിക്കും. അവർ ശ്രദ്ധിക്കും, ഓർത്തിരിക്കും.” അതുകൊണ്ട്‌, എല്ലായ്‌പോഴും നല്ല ദൃഷ്ടാന്തം വെക്കാൻ ശ്രമിക്കുന്നതിനു വിദ്യാർഥികൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. വിലയേറിയ ഈ മാർഗനിർദേശങ്ങൾ വരും നാളുകളിൽ നിശ്ചയമായും പ്രയോജനം ചെയ്യും.

ഭരണസംഘത്തിലെ ഒരംഗമായ സ്റ്റീഫൻ ലെറ്റ്‌ സമാപന പ്രസംഗം നടത്തി. “‘ജീവജല’ വാഹകരായി പുറപ്പെടുക” എന്നതായിരുന്നു പ്രസംഗവിഷയം. (യോഹന്നാൻ 7:38) കഴിഞ്ഞ അഞ്ചുമാസം ദൈവത്തിന്റെ സത്യവചനത്തിൽനിന്നു സമൃദ്ധമായി കുടിച്ചുകൊണ്ട്‌ വിദ്യാർഥികൾ അളവറ്റ പ്രയോജനങ്ങൾ നേടിയെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ പുതിയ മിഷനറിമാർ തങ്ങൾ സമ്പാദിച്ച വിവരങ്ങൾ എന്തുചെയ്യും? ഈ ആത്മീയജലം മറ്റുള്ളവരുമായി നിസ്സ്വാർഥം പങ്കുവെക്കാൻ ലെറ്റ്‌ സഹോദരൻ ബിരുദധാരികളെ ആഹ്വാനം ചെയ്‌തു. അങ്ങനെ മറ്റുള്ളവരുടെയും ഉള്ളിൽ അത്‌ “നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും,” അദ്ദേഹം പറഞ്ഞു. (യോഹന്നാൻ 4:14) “‘ജീവജലത്തിന്റെ ഉറവായ’ യഹോവയ്‌ക്ക്‌ അവൻ അർഹിക്കുന്ന ആദരവും മഹത്ത്വവും കൊടുക്കാൻ ഒരിക്കലും മറക്കരുത്‌. വരണ്ടുണങ്ങിയ മഹാബാബിലോനിൽനിന്നു പുറത്തുവന്നവരെ പഠിപ്പിക്കുമ്പോൾ ക്ഷമ പ്രകടമാക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു. (യിരെമ്യാവു 2:13) ലെറ്റ്‌ സഹോദരൻ തന്റെ ഉപസംഹാരത്തിൽ, ആത്മാവിനെയും മണവാട്ടിയെയും ശുഷ്‌കാന്തിയോടെ അനുകരിച്ചുകൊണ്ട്‌ പിൻവരുന്ന പ്രകാരം പറയാൻ ബിരുദധാരികളെ പ്രോത്സാഹിപ്പിച്ചു: “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.”​—⁠വെളിപ്പാടു 22:17.

തുടർന്ന്‌ വിവിധ ദേശങ്ങളിൽനിന്നു ലഭിച്ച ആശംസാസന്ദേശങ്ങൾ വായിച്ചുകൊണ്ട്‌ ജാരറ്റ്‌സ്‌ സഹോദരൻ പരിപാടി ഉപസംഹരിച്ചു. അതുകഴിഞ്ഞപ്പോൾ ബിരുദധാരികളുടെ ഒരു പ്രതിനിധി തങ്ങളുടെ നന്ദിപ്രകാശിപ്പിച്ചുകൊണ്ടുള്ള ഒരു കത്തു വായിക്കുകയുണ്ടായി.

ആവശ്യം അധികമുള്ളിടത്തു പ്രവർത്തിക്കാൻ നിങ്ങളെത്തന്നെ ലഭ്യമാക്കാൻ കഴിയുമോ? എങ്കിൽ ഈ ബിരുദധാരികൾ ചെയ്‌തതുപോലെ ആത്മീയ ലക്ഷ്യങ്ങൾ പിന്തുടരുക. ഒരു മിഷനറിയെന്ന നിലയിൽ വിദേശവയലിലോ ഒരു ശുശ്രൂഷകനെന്ന നിലയിൽ സ്വന്തം ഭവനത്തിനടുത്തോ ആയിരുന്നാലും ദൈവസേവനത്തിനായി തന്നെത്തന്നെ സന്തോഷത്തോടെ വിട്ടുകൊടുക്കുന്ന ഒരു വ്യക്തിക്കു ലഭിക്കുന്ന സന്തുഷ്ടിയും സംതൃപ്‌തിയും നിങ്ങളും ആസ്വദിക്കുക.

[13-ാം പേജിലെ ചതുരം]

ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്‌

പ്രതിനിധാനം ചെയ്‌ത രാജ്യങ്ങളുടെ എണ്ണം: 8

നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 19

വിദ്യാർഥികളുടെ എണ്ണം: 46

ശരാശരി വയസ്സ്‌: 33.0

സത്യത്തിലായിരുന്ന ശരാശരി വർഷം: 16.5

മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 12.9

[15-ാം പേജിലെ ചിത്രം]

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽനിന്നു ബിരുദം നേടുന്ന 118-ാമത്തെ ക്ലാസ്സ്‌

ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക്‌ എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.

(1) എ. ബ്രോക്‌മൈർ; എസ്‌. മെലോനീ; എൻ. സിമൊൺട്‌സ്‌; വൈ. ലോപ്പസ്‌; സി. ഹൊവാർഡ്‌; (2) റ്റി. ജോസ്‌ഡ്രെബ്‌സ്‌കി; ഡി. ബ്രൗൺ; എച്ച്‌. ഹെർനാൻഡെസ്‌; ഐ. മലാഗോൺ; എ. ജോൺസ്‌; എൽ. കോണൽ; (3) ജെ. ഹൊവാർഡ്‌; ഇ. ലാറൂ; ബി. ഷാംസ്‌; എസ്‌. ഹേയ്‌സ്‌; ഒ. ബ്രൗൺ; (4) ജെ. ബറൽ; എം. ഹാമെർ; എ. മായെർ; കെ. കിം; ആർ. സ്റ്റാൻലി; ആർ. റേനി; (5) പി. ജോസ്‌ഡ്രെബ്‌സ്‌കി; കെ. സില്ലവെറ്റ്‌സ്‌; എസ്‌. ഫെരിസ്‌; ബി. ടോറെസ്‌; എഫ്‌. ടോറെസ്‌; (6) ജെ. കോണൽ; ആർ. ഹെർനാൻഡെസ്‌; എം. മെലോനീ; ജെ. മലാഗോൺ; ആർ. ഷാംസ്‌; ജെ. ഹേയ്‌സ്‌; (7) എ. ഫെരിസ്‌; ജെ. ഹാമെർ; ജി. സ്റ്റാൻലി; സി. കിം; എസ്‌. സിമൊൺട്‌സ്‌; ഡി. ലോപ്പസ്‌; ഡി. ബറൽ; (8) ഡി. ബ്രോക്‌മൈർ; ജെ. മായെർ; എസ്‌. റേനി; എസ്‌. സില്ലവെറ്റ്‌സ്‌; ആർ. ജോൺസ്‌; ജെ. ലാറൂ;