വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗോള ബൈബിൾ വിദ്യാഭ്യാസത്തിലെ എന്റെ പങ്കിൽ ഞാൻ സന്തുഷ്ടയാണ്‌

ആഗോള ബൈബിൾ വിദ്യാഭ്യാസത്തിലെ എന്റെ പങ്കിൽ ഞാൻ സന്തുഷ്ടയാണ്‌

ജീവിത കഥ

ആഗോള ബൈബിൾ വിദ്യാഭ്യാസത്തിലെ എന്റെ പങ്കിൽ ഞാൻ സന്തുഷ്ടയാണ്‌

അന്ന മാഥേയാക്കിസ്‌ പറഞ്ഞപ്രകാരം

കപ്പലിനു തീപിടിച്ചു. അതു മുങ്ങുകയാണെങ്കിൽ 171 മീറ്റർ നീളമുള്ള ആ പടുകൂറ്റൻ നൗക എന്നെ ജലശ്‌മശാനത്തിലേക്കു വലിച്ചുതാഴ്‌ത്തും. രക്ഷപ്പെടാൻവേണ്ടി, ക്രൗര്യത്തോടെ അലറിയടുത്ത തിരമാലകളോടു മല്ലിട്ട്‌ ഞാൻ പരിഭ്രാന്തിയോടെ നീന്താൻ തുടങ്ങി. പൊങ്ങിക്കിടക്കാനുള്ള ഒരേയൊരു വഴി മറ്റൊരു സ്‌ത്രീയുടെ ലൈഫ്‌ ജാക്കറ്റിൽ മുറുകെപ്പിടിക്കുക എന്നതായിരുന്നു. ശക്തിക്കും ധൈര്യത്തിനുമായി ഞാൻ ദൈവത്തോടു പ്രാർഥിച്ചു. അതു മാത്രമേ എനിക്കപ്പോൾ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

വർഷം 1971. എന്റെ മൂന്നാമത്തെ മിഷനറി നിയമനസ്ഥലമായ ഇറ്റലിയിലേക്കു മടങ്ങുകയായിരുന്നു ഞാൻ. എനിക്കു സ്വന്തമായി ഉണ്ടായിരുന്നതെല്ലാംതന്നെ ആ അപകടം അപഹരിച്ചു. എന്നിരുന്നാലും എന്റെ ജീവൻ, സ്‌നേഹനിർഭരമായ ക്രിസ്‌തീയ സാഹോദര്യം, യഹോവയെ സേവിക്കാനുള്ള പദവി എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ടതായി ഞാൻ കണക്കാക്കിയിരുന്നവ എനിക്കു നഷ്ടപ്പെട്ടില്ല. ഇതിനോടകംതന്നെ മൂന്നു ഭൂഖണ്ഡങ്ങളിൽ സേവിക്കുന്നതിന്‌ ആ പദവി എന്നെ പ്രാപ്‌തയാക്കി, സംഭവബഹുലമായ എന്റെ ജീവിതത്തിലെ ഒരധ്യായം മാത്രമായിരുന്നു ആ കപ്പലപകടം.

1922-ലാണ്‌ ഞാൻ ജനിച്ചത്‌. യെരൂശലേമിന്‌ ഏകദേശം 16 കിലോമീറ്റർ വടക്കുള്ള രാമാലായിലാണ്‌ എന്റെ കുടുംബം താമസിച്ചിരുന്നത്‌. മാതാപിതാക്കൾ രണ്ടുപേരും ക്രേത്ത ദ്വീപിൽനിന്നുള്ളവരായിരുന്നു. പക്ഷേ ഡാഡി വളർന്നതു നസറെത്തിലാണ്‌. ഞങ്ങൾ അഞ്ചുമക്കൾ, മൂന്ന്‌ ആൺകുട്ടികളും രണ്ടു പെൺകുട്ടികളും. ഏറ്റവും ഇളയതായിരുന്നു ഞാൻ. രണ്ടാമത്തെ സഹോദരൻ സ്‌കൂളിൽനിന്നു വിനോദയാത്ര പോയപ്പോൾ യോർദ്ദാൻ നദിയിൽ മുങ്ങിമരിച്ചു. ഞങ്ങളുടെ കുടുംബത്തിന്‌ അതു താങ്ങാനായില്ല. ആ സംഭവത്തിനു ശേഷം രാമാലായിൽ താമസിക്കാൻ മമ്മി ഇഷ്ടപ്പെട്ടില്ല. അങ്ങനെ, എനിക്കു മൂന്നു വയസ്സുള്ളപ്പോൾ ഞങ്ങൾ ഗ്രീസിലെ ഏഥെൻസിലേക്കു മാറിപ്പാർത്തു.

കുടുംബത്തിൽ ബൈബിൾസത്യം എത്തുന്നു

ഞങ്ങൾ ഗ്രീസിൽ വന്ന്‌ അധികം കഴിയുന്നതിനുമുമ്പ്‌, 22 വയസ്സുള്ള എന്റെ മൂത്ത സഹോദരൻ നിക്കോസ്‌ ബൈബിൾ വിദ്യാർഥികളുമായി​—⁠യഹോവയുടെ സാക്ഷികൾ അന്ന്‌ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌​—⁠സമ്പർക്കത്തിൽ വന്നു. ബൈബിൾ പരിജ്ഞാനം നിക്കോസിനെ വളരെ സന്തുഷ്ടനാക്കി, ക്രിസ്‌തീയ ശുശ്രൂഷയ്‌ക്കായുള്ള തീക്ഷ്‌ണതയും ജ്വലിച്ചു. ഇതു ഡാഡിയെ ചൊടിപ്പിച്ചു. ഡാഡി നിക്കോസിനെ വീട്ടിൽനിന്ന്‌ ഇറക്കിവിട്ടു. എന്നാൽ ഡാഡി പാലസ്‌തീനിലേക്കു പോകുമ്പോൾ, മമ്മിയും ചേച്ചിയും ഞാനും നിക്കോസിന്റെ കൂടെ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിച്ചിരുന്നു. ആ യോഗങ്ങളിൽ കേട്ട കാര്യങ്ങൾ മമ്മി അത്യുത്സാഹത്തോടെ സംസാരിക്കുന്നത്‌ ഞാൻ ഇന്നും ഓർക്കുന്നു. പക്ഷേ, ഏറെത്താമസിയാതെ കാൻസർ പിടിപെട്ടു മമ്മി മരിച്ചു, മമ്മിക്ക്‌ അപ്പോൾ 42 വയസ്സായിരുന്നു. ദുഷ്‌കരമായ ആ സമയങ്ങളിൽ ചേച്ചി ആരിയാഡ്‌നി ഞങ്ങളുടെ കുടുംബത്തെ സ്‌നേഹപൂർവം പരിപാലിച്ചു. ചെറുപ്പമായിരുന്നെങ്കിലും ചേച്ചി എനിക്ക്‌ അമ്മയെപ്പോലെയായിരുന്നു.

ഡാഡി ഏഥെൻസിലുള്ളപ്പോഴൊക്കെ ഓർത്തഡോക്‌സ്‌ പള്ളിയിൽ എന്നെയും കൊണ്ടുപോകുമായിരുന്നു. ഡാഡിയുടെ മരണശേഷവും ഞാൻ പള്ളിയിൽപ്പോക്കു തുടർന്നു, പക്ഷേ ഇടയ്‌ക്കൊക്കെ മാത്രം. ദൈവികഭക്തി അനുസരിച്ചു നടക്കുന്നതിന്റെ യാതൊരു ലാഞ്ചനയും പള്ളിക്കാരുടെ ജീവിതത്തിൽ കാണാതിരുന്നതിനാൽ ഞാൻ ക്രമേണ പോക്കു നിറുത്തി.

ഡാഡിയുടെ മരണശേഷം എനിക്ക്‌ സാമ്പത്തിക കാര്യാലയത്തിൽ ഒരു നല്ല ജോലികിട്ടി. എന്റെ സഹോദരനാകട്ടെ രാജ്യപ്രസംഗവേലയ്‌ക്കായി തന്റെ ജീവിതം സമർപ്പിച്ചിരിക്കുകയായിരുന്നു. ഗ്രീസിൽ അദ്ദേഹം വളരെ വർഷം സേവിച്ചു. 1934-ൽ അദ്ദേഹം സൈപ്രസിലേക്കു പോയി. ആ ദ്വീപിൽ അപ്പോൾ സ്‌നാപനമേറ്റ സാക്ഷികൾ ആരും ഇല്ലായിരുന്നു. അതുകൊണ്ട്‌ അവിടെ പ്രസംഗവേല വികസിപ്പിക്കുന്നതിനുള്ള പദവി അദ്ദേഹത്തിനു ലഭിച്ചു. വിവാഹത്തെത്തുടർന്ന്‌ ഭാര്യ ഗലാത്യായും നിരവധി വർഷങ്ങൾ മുഴുസമയ ശുശ്രൂഷയിൽ ചെലവഴിച്ചു. * നിക്കോസ്‌ കൂടെക്കൂടെ ഞങ്ങൾക്ക്‌ ബൈബിളധിഷ്‌ഠിത പുസ്‌തകങ്ങളും മാസികകളും അയച്ചുതരുമായിരുന്നു. പക്ഷേ അതൊന്നും ഞങ്ങൾ തുറന്നുനോക്കാറേയില്ലായിരുന്നു. മരണംവരെ നിക്കോസ്‌ സൈപ്രസിൽ തുടർന്നു.

ബൈബിൾസത്യം സ്വന്തമാക്കുന്നു

1940-ൽ, ഏഥെൻസിലെ തീക്ഷ്‌ണതയുള്ള ഒരു സാക്ഷിയും നിക്കോസിന്റെ സുഹൃത്തുമായ ജോർജ്‌ ഡൂറാസ്‌ ഞങ്ങളെ സന്ദർശിച്ചു. ഒരു ചെറിയ കൂട്ടം അദ്ദേഹത്തിന്റെ വീട്ടിൽവെച്ചു ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. അതിൽ സംബന്ധിക്കാനുള്ള ക്ഷണം ഞങ്ങൾ സസ്സന്തോഷം സ്വീകരിച്ചു. പഠിച്ചകാര്യങ്ങൾ ഞങ്ങൾ പെട്ടെന്നുതന്നെ മറ്റുള്ളവരോടു പറയാൻ തുടങ്ങി. ബൈബിളിൽനിന്നുള്ള പരിജ്ഞാനം സമ്പാദിച്ചത്‌ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാൻ എന്നെയും ചേച്ചിയെയും പ്രേരിപ്പിച്ചു. ആരിയാഡ്‌നി 1942-ലും ഞാൻ 1943-ലും സ്‌നാപനമേറ്റു.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ, നിക്കോസ്‌ ഞങ്ങളെ സൈപ്രസിലേക്കു ക്ഷണിച്ചു. അങ്ങനെ 1945-ൽ ഞങ്ങൾ നിക്കോഷ്യയിലെത്തി. ഗ്രീസിൽനിന്നു വ്യത്യസ്‌തമായി സൈപ്രസിൽ പ്രസംഗവേലയ്‌ക്ക്‌ പ്രതിബന്ധങ്ങളൊന്നുമില്ലായിരുന്നു. ഞങ്ങൾ വീടുതോറും മാത്രമല്ല തെരുവുസാക്ഷീകരണത്തിലും ഏർപ്പെട്ടു.

രണ്ടുവർഷത്തിനു ശേഷം ആരിയാഡ്‌നിക്ക്‌ ഗ്രീസിലേക്കു തിരിച്ചുപോകേണ്ടിവന്നു. അവിടെവെച്ച്‌ അവൾ തന്റെ ഭാവിഭർത്താവിനെ കണ്ടുമുട്ടി. യഹോവയുടെ ആരാധകനായിരുന്ന ആ വ്യക്തിയെ വിവാഹം കഴിച്ച്‌ അവൾ ഏഥെൻസിൽത്തന്നെ തുടർന്നു. താമസിയാതെ, ഗ്രീസിലേക്കു മടങ്ങിവന്ന്‌ ഏഥെൻസിൽ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാൻ ചേച്ചിയും ഭർത്താവും എന്നെ ക്ഷണിച്ചു. മുഴുസമയ ശുശ്രൂഷ എന്ന ലക്ഷ്യം എനിക്ക്‌ എപ്പോഴും ഉണ്ടായിരുന്നതിനാൽ പ്രവർത്തകരെ കൂടുതൽ ആവശ്യമായിരുന്ന ഏഥെൻസിലേക്കു ഞാൻ മടങ്ങി.

പുതിയ വാതിലുകൾ തുറക്കപ്പെടുന്നു

1947 നവംബർ ഒന്നിന്‌ ഞാൻ പയനിയറിങ്‌ തുടങ്ങി. ഓരോ മാസവും പ്രസംഗവേലയിൽ 150 മണിക്കൂർ ചെലവഴിച്ചു. വിശാലമായ പ്രദേശമായിരുന്നു ഞങ്ങളുടെ സഭയുടേത്‌, ധാരാളം നടക്കേണ്ടതുണ്ടായിരുന്നു. എങ്കിലും ഞാൻ നിരവധി അനുഗ്രഹങ്ങൾ ആസ്വദിച്ചു. പ്രസംഗവേലയിൽ ഏർപ്പെടുകയോ ക്രിസ്‌തീയ യോഗങ്ങൾക്കു സംബന്ധിക്കുകയോ ചെയ്യുന്ന ആരെയും പോലീസ്‌ അറസ്റ്റു ചെയ്യുമായിരുന്നു. താമസിയാതെ ഞാനും അറസ്റ്റിലായി.

മതപരിവർത്തനം നടത്തി എന്ന കുറ്റമാണ്‌ എന്റെമേൽ ചുമത്തിയത്‌, അന്ന്‌ അതു ഗുരുതരമായ കുറ്റമായിരുന്നു. തുടർന്ന്‌ ഏഥെൻസിലെ, സ്‌ത്രീകൾക്കുള്ള അവാറോഫ്‌ ജയിലിൽ എനിക്കു രണ്ടുമാസത്തെ തടവുശിക്ഷ വിധിച്ചു. ജയിലിൽ അപ്പോൾത്തന്നെ മറ്റൊരു സാക്ഷി ഉണ്ടായിരുന്നു. തടവറയിലായിരുന്നെങ്കിലും ഞങ്ങൾ രണ്ടുപേരും അത്യന്തം ആഹ്ലാദകരവും ബലപ്പെടുത്തുന്നതുമായ ക്രിസ്‌തീയ സഹവാസം ആസ്വദിച്ചു. ജയിൽശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ഞാൻ പയനിയറിങ്‌ തുടർന്നു. ബൈബിൾ പഠിക്കാൻ ഞാൻ അന്നു സഹായിച്ചിരുന്നവരിൽ അനേകരും ഇന്നും യഹോവയുടെ വിശ്വസ്‌ത ദാസരായി തുടരുന്നത്‌ എനിക്കു വർധിച്ച സന്തോഷം പകരുന്നു.

ഐക്യനാടുകളിൽ വെച്ചു നടത്തപ്പെടുന്ന, മിഷനറി വേലയ്‌ക്കായി മുഴുസമയ ശുശ്രൂഷകരെ പരിശീലിപ്പിക്കുന്ന വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 16-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാൻ 1949-ൽ എനിക്കു ക്ഷണം ലഭിച്ചു. ഞാനും കുടുംബാംഗങ്ങളും ആഹ്ലാദഭരിതരായി. 1950-ലെ വേനൽക്കാലത്ത്‌ ന്യൂയോർക്ക്‌ നഗരത്തിൽ വെച്ചുനടക്കുന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ സംബന്ധിച്ചിട്ട്‌ ഗിലെയാദിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചു.

ഐക്യനാടുകളിൽ എത്തിച്ചേർന്നപ്പോൾ ന്യൂയോർക്ക്‌ നഗരത്തിൽ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത്‌ ഒരു ഹൗസ്‌കീപ്പറായി ഏതാനും മാസം സേവിക്കാനുള്ള പദവി എനിക്കു ലഭിച്ചു. വളരെ വൃത്തിയും വെടിപ്പുമുള്ള, പ്രസന്നമായ, കെട്ടുപണിചെയ്യുന്ന ഒരു അന്തരീക്ഷം. എവിടെയും സഹോദരീസഹോദരന്മാരുടെ പുഞ്ചിരിക്കുന്ന മുഖങ്ങൾ. അവിടെ ചെലവഴിച്ച ആറുമാസം ഞാൻ ഇന്നും പ്രിയങ്കരമായി കരുതുന്നു. ഒടുവിൽ, ഗിലെയാദ്‌ ക്ലാസ്സിൽ സംബന്ധിക്കാനുള്ള സമയം വന്നെത്തി, ഗഹനമായ ബൈബിൾ പഠനവും പ്രബോധനവും നിറഞ്ഞ അഞ്ചുമാസം അതിവേഗം കടന്നുപോയി. തിരുവെഴുത്തു പരിജ്ഞാനം എത്ര മനോഹരവും സമ്പന്നവുമാണെന്ന്‌ വിദ്യാർഥികളായ ഞങ്ങൾ തിരിച്ചറിഞ്ഞു. അത്‌ ഞങ്ങളുടെ സന്തോഷം വർധിപ്പിച്ചു. സത്യത്തിന്റെ ജീവദായകമായ പരിജ്ഞാനം മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഞങ്ങളുടെ ആഗ്രഹം തീവ്രമായി.

ആദ്യത്തെ മിഷനറി നിയമനം

ഗിലെയാദ്‌ സ്‌കൂളിൽ, മിഷനറി നിയമനം ലഭിക്കുന്നതിനു മുമ്പ്‌ ഞങ്ങൾക്കു മിഷനറി പങ്കാളികളെ തിരഞ്ഞെടുക്കാൻ അനുവാദമുണ്ടായിരുന്നു. രൂത്ത്‌ ഹെമ്മിഗ്‌ (ഇപ്പോൾ ബോസ്സ്‌ഹാർഡ്‌) എന്ന പ്രിയങ്കരിയായ ഒരു സഹോദരിയായിരുന്നു എന്റെ സഹകാരി. ഏഷ്യയുടെയും യൂറോപ്പിന്റെയും ഒരു സംഗമസ്ഥാനമായ തുർക്കിയിലെ ഈസ്റ്റാൻബുളിലേക്കു നിയമനം ലഭിച്ചപ്പോൾ രൂത്തും ഞാനും ആഹ്ലാദഭരിതരായി! ആ രാജ്യത്ത്‌ പ്രസംഗവേലയ്‌ക്ക്‌ അപ്പോൾ നിയമാനുമതി ഇല്ലെന്നു ഞങ്ങൾക്കറിയാമായിരുന്നു. എങ്കിലും യഹോവ ഞങ്ങളെ പിന്തുണയ്‌ക്കും എന്നതിൽ ഞങ്ങൾക്കു തെല്ലും സംശയമുണ്ടായിരുന്നില്ല.

പല ദേശങ്ങളിൽനിന്നുള്ള വിഭിന്ന സംസ്‌കാരങ്ങളിലെ ആളുകൾ പാർത്തിരുന്ന ഒരു മനോഹര നഗരമായിരുന്നു ഈസ്റ്റാൻബുൾ. ലോകമെമ്പാടും നിന്നുള്ള ഏറ്റവും കൊതിയൂറുന്ന വിഭവങ്ങൾ അവിടെയുണ്ടായിരുന്നു. ആളുകൾ നിറഞ്ഞൊഴുകുന്ന വ്യാപാരസ്ഥലങ്ങൾ, കൗതുകമുണർത്തുന്ന മ്യൂസിയങ്ങൾ, നല്ലവരായ അയൽക്കാർ, എന്നും നമ്മെ പുളകംകൊള്ളിക്കുന്ന ജലസഞ്ചയം എല്ലാം അവിടെയുണ്ടായിരുന്നു. എല്ലാറ്റിനുമുപരി ദൈവത്തെക്കുറിച്ചു പഠിക്കാൻ ആഗ്രഹിച്ച ആത്മാർഥഹൃദയരായ ആളുകളെയും ഞങ്ങൾ അവിടെ കണ്ടു. പ്രധാനമായും യഹൂദന്മാർ, ഗ്രീക്കുകാർ, അർമേനിയക്കാർ എന്നിവർ ചേർന്ന ചെറിയൊരു കൂട്ടമായിരുന്നു ഈസ്റ്റാൻബുളിലെ സാക്ഷികൾ. മറ്റു പല ദേശങ്ങളിൽനിന്നുള്ളവരും അവിടെയുണ്ടായിരുന്നു, ടർക്കിഷ്‌ ഉൾപ്പെടെ വിവിധ ഭാഷകൾ പഠിക്കാൻ അതു സഹായകമായി. സത്യത്തിനുവേണ്ടി ദാഹിക്കുന്ന വ്യത്യസ്‌ത ദേശക്കാരായ ആളുകളെ കണ്ടെത്തുന്ന വേല ഞങ്ങൾ നന്നായി ആസ്വദിച്ചു. അവരിൽ അനേകരും യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരുന്നു.

എന്നാൽ സങ്കടകരമെന്നു പറയട്ടെ, രൂത്തിന്‌ അവിടെ താമസിക്കുന്നതിനുള്ള അനുമതി പുതുക്കുക അസാധ്യമായിരുന്നു. അതുകൊണ്ട്‌ രൂത്തിന്‌ രാജ്യം വിടേണ്ടിവന്നു. സ്വിറ്റ്‌സർലൻഡിൽ രൂത്ത്‌ മുഴുസമയ ശുശ്രൂഷയിൽ തുടരുന്നു. വർഷങ്ങളിത്രയും കഴിഞ്ഞിട്ടും, പ്രസന്നമായ, കെട്ടുപണിചെയ്യുന്ന ആ സഖിത്വം ഇപ്പോഴുമുണ്ടായിരുന്നെങ്കിലെന്നു ഞാൻ ആശിച്ചുപോകുന്നു.

ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്ക്‌

1963-ൽ, തുർക്കിയിൽ തുടരുന്നതിനുള്ള അനുമതി എനിക്കു പുതുക്കിക്കിട്ടിയില്ല. അവിടത്തെ സഹവിശ്വാസികളോടു യാത്രപറയുന്നത്‌ ഹൃദയഭേദകമായിരുന്നു. അവർ ആത്മീയ പുരോഗതി വരുത്തുന്നതിനായി അനേകം കഷ്ടതകൾ സഹിക്കുന്നത്‌ ഞാൻ നേരിൽ കണ്ടിട്ടുള്ളതാണ്‌. എനിക്കൊരു പ്രോത്സാഹനമെന്നവണ്ണം കുടുംബാംഗങ്ങൾ ന്യൂയോർക്ക്‌ നഗരത്തിലേക്കുള്ള എന്റെ യാത്രച്ചെലവു വഹിച്ചു. അവിടെ ഒരു കൺവെൻഷൻ ഉണ്ടായിരുന്നു. എന്നാൽ എന്റെ അടുത്ത നിയമനം എനിക്കപ്പോഴും ലഭിച്ചിരുന്നില്ല.

കൺവെൻഷനു ശേഷം എന്നെ പെറുവിലെ ലിമയിലേക്കു നിയമിച്ചു. എന്റെ പയനിയർ പങ്കാളിയാകാൻ പോകുന്ന ഒരു യുവസഹോദരിയോടൊപ്പം ന്യൂയോർക്കിൽനിന്നു ഞാൻ നേരെ നിയമനസ്ഥലത്തേക്കു പോയി. ഞാൻ സ്‌പാനീഷ്‌ ഭാഷ പഠിച്ചു. യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിനു മുകളിലുള്ള മിഷനറി ഭവനത്തിലാണു ഞങ്ങൾ താമസിച്ചത്‌. അവിടത്തെ പ്രസംഗപ്രവർത്തനം സന്തോഷകരമായിരുന്നു, പ്രാദേശിക സഹോദരീസഹോദരന്മാരെ അടുത്തറിഞ്ഞതു നല്ലൊരു അനുഭവമായി.

വീണ്ടും പുതിയ നിയമനം, പുതിയ ഭാഷ

ക്രമേണ, ഗ്രീസിലുള്ള എന്റെ കുടുംബാംഗങ്ങൾ പ്രായാധിക്യത്തിന്റെയും ആരോഗ്യക്ഷയത്തിന്റെയും ബുദ്ധിമുട്ടുകൾ നേരിടാൻ തുടങ്ങി. മുഴുസമയ ശുശ്രൂഷ നിറുത്തിയിട്ട്‌ സാധാരണ ജീവിതമെന്നു പറയുന്നതിലേക്കു മടങ്ങിവന്നു തങ്ങളെ സഹായിക്കാൻ അവർ ഒരിക്കലും ആവശ്യപ്പെട്ടില്ല. എന്നിരുന്നാലും, നന്നായി ആലോചിക്കുകയും പ്രാർഥിക്കുകയും ചെയ്‌തശേഷം ഞാൻ ഒരു തീരുമാനത്തിലെത്തി. എന്റെ കുടുംബത്തോട്‌ ഏറ്റവും അടുത്തുള്ള ഒരിടത്തുതന്നെ സേവിക്കുന്നതായിരിക്കും നല്ലതെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾ അതിനെ പിന്തുണയ്‌ക്കുകയും എന്നെ ഇറ്റലിയിലേക്കു നിയമിക്കുകയും ചെയ്‌തു. നിയമനമാറ്റംമൂലം ഉണ്ടായ യാത്രച്ചെലവ്‌ എന്റെ കുടുംബാംഗങ്ങൾ വഹിച്ചു. വാസ്‌തവത്തിൽ ഇറ്റലിയിൽ സുവിശേഷകരുടെ വലിയ ആവശ്യമുണ്ടായിരുന്നു.

വീണ്ടും ഒരു പുതിയ ഭാഷ എനിക്കു പഠിക്കേണ്ടിവന്നു, ഇറ്റാലിയൻ. ആദ്യനിയമനം ഫോഗിയ നഗരത്തിലായിരുന്നു. പിന്നീട്‌ ആവശ്യം അധികമുള്ള നേപ്പിൾസിലേക്കു മാറ്റം കിട്ടി. നേപ്പിൾസിലെ അതിമനോഹരമായ പ്രദേശങ്ങളിലൊന്നായ പൊസിലിപ്പോ ആയിരുന്നു എന്റെ നിയമന പ്രദേശം. വിശാലമായ ആ പ്രദേശത്ത്‌ സുവാർത്ത പ്രസംഗിക്കുന്ന ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേല ഞാൻ നന്നായി ആസ്വദിച്ചു, യഹോവയുടെ സഹായത്താൽ എനിക്ക്‌ നിരവധി ബൈബിളധ്യയനങ്ങൾ തുടങ്ങാൻ കഴിഞ്ഞു. കാലാന്തരത്തിൽ ആ പ്രദേശത്ത്‌ ഒരു വലിയ സഭ രൂപംകൊണ്ടു.

അവിടെ എന്റെ ആദ്യത്തെ ബൈബിൾ വിദ്യാർഥികൾ ഒരു അമ്മയും നാലുമക്കളും ഉൾപ്പെട്ട ഒരു കുടുംബമായിരുന്നു. അമ്മയും രണ്ടു പെൺമക്കളും ഇന്നും യഹോവയുടെ സാക്ഷികളാണ്‌. ഒരു കൊച്ചുപെൺകുട്ടിയുള്ള ദമ്പതികളുമായും ഞാൻ അധ്യയനം നടത്തിയിരുന്നു. കുടുംബം മുഴുവനും സത്യത്തിൽ പുരോഗമിച്ച്‌ സമർപ്പിച്ചു സ്‌നാപനമേറ്റു. അവരുടെ മകൾ ഇപ്പോൾ യഹോവയുടെ ഒരു വിശ്വസ്‌ത ദാസനെ വിവാഹം ചെയ്‌ത്‌ തീക്ഷ്‌ണതയോടെ ദൈവത്തെ സേവിക്കുന്നു. ഒരു വലിയ കുടുംബത്തോടൊത്തുള്ള ബൈബിളധ്യയനവേളയിൽ ദൈവവചനത്തിന്റെ ശക്തിയിൽ ഞാൻ അതിശയിച്ചുപോയി. ദൈവം വിഗ്രഹാരാധന അംഗീകരിക്കുന്നില്ലെന്നു കാണിക്കുന്ന ഒട്ടേറെ തിരുവെഴുത്തുകൾ വായിച്ചുകഴിഞ്ഞപ്പോൾ കുടുംബത്തിലെ മാതാവ്‌ അധ്യയനം തീരാൻപോലും കാത്തിരിക്കാതെ വീട്ടിലുള്ള എല്ലാ വിഗ്രഹങ്ങളും എടുത്തുകളഞ്ഞു!

കടലിലെ ആപത്ത്‌

ഇറ്റലിയിൽനിന്നു ഗ്രീസിലേക്കും തിരിച്ചും യാത്രചെയ്യേണ്ടിവരുമ്പോൾ ഞാൻ എല്ലായ്‌പോഴും കപ്പലിലാണു പോയിരുന്നത്‌. കടൽയാത്ര സാധാരണഗതിയിൽ വളരെ ഉല്ലാസകരമായിരിക്കും. പക്ഷേ 1971 വേനൽക്കാലത്തെ ആ യാത്ര അങ്ങനെയായിരുന്നില്ല. ഹെലെനാ എന്ന കപ്പലിൽ ഞാൻ ഇറ്റലിയിലേക്കു മടങ്ങിവരികയായിരുന്നു. ആഗസ്റ്റ്‌ 28-ാം തീയതി അതിരാവിലെ കപ്പലിന്റെ അടുക്കളയിൽ അഗ്നിബാധയുണ്ടായി. തീ പടരാൻ തുടങ്ങി, യാത്രക്കാർ പരിഭ്രാന്തരായി. സ്‌ത്രീകൾ തലചുറ്റിവീണു, കുട്ടികൾ നിലവിളിച്ചു, പുരുഷന്മാർ ഒച്ചവെക്കാനും തട്ടിക്കയറാനും തുടങ്ങി. ഡെക്കിന്റെ രണ്ടുവശത്തും വെച്ചിരിക്കുന്ന ലൈഫ്‌ബോട്ടുകളിൽ കയറാൻ ആളുകൾ ഓടി. ആവശ്യത്തിന്‌ ലൈഫ്‌ജാക്കറ്റുകൾ ഉണ്ടായിരുന്നില്ല. ലൈഫ്‌ബോട്ടുകൾ വെള്ളത്തിലേക്ക്‌ ഇറക്കാനുള്ള ക്രമീകരണങ്ങൾ വേണ്ടവിധം പ്രവർത്തിച്ചുമില്ല. എനിക്ക്‌ ലൈഫ്‌ജാക്കറ്റ്‌ ഇല്ലായിരുന്നു. അഗ്നിനാമ്പുകൾ ഒന്നിനൊന്ന്‌ ഉയരുകയാണ്‌. കടലിലേക്കു ചാടുക, അതുമാത്രമേ എനിക്കു ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

ഞാൻ കടലിലേക്കു ചാടിയ ഉടൻതന്നെ ലൈഫ്‌ജാക്കറ്റ്‌ ധരിച്ച ഒരു സ്‌ത്രീ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു കണ്ടു. അവർക്കു നീന്തലറിയില്ലെന്നു തോന്നി, ഞാൻ അവരെ പിടിച്ചുവലിച്ച്‌ മുങ്ങുന്ന കപ്പലിന്റെ സമീപത്തുനിന്നു മാറ്റി. കടൽ കൂടുതൽ പ്രക്ഷുബ്ധമായിക്കൊണ്ടിരുന്നു, പൊങ്ങിക്കിടക്കാനുള്ള എന്റെ ശ്രമം എന്നെ തളർത്തി. രക്ഷപ്പെടാൻ യാതൊരു വഴിയും കണ്ടില്ല, എന്നാൽ ധൈര്യത്തിനായി ഞാൻ യഹോവയോടു പ്രാർഥിക്കുന്നുണ്ടായിരുന്നു, അത്‌ എനിക്കു ശക്തിപകർന്നു. പൗലൊസ്‌ അപ്പൊസ്‌തലൻ അകപ്പെട്ട കപ്പൽച്ചേതത്തെക്കുറിച്ച്‌ ഞാൻ ഓർത്തു.​—⁠പ്രവൃത്തികൾ 27-ാം അധ്യായം.

ഞാൻ ആ സ്‌ത്രീയുടെ ലൈഫ്‌ജാക്കറ്റിൽ പിടിച്ചു കിടന്നു. ശക്തിയുണ്ടെന്നു തോന്നുമ്പോൾ നീന്തും, ഒപ്പം യഹോവയോടു പ്രാർഥിക്കുകയും ചെയ്യും. അങ്ങനെ നാലുമണിക്കൂർ ഞാൻ തിരമാലകളോടു മല്ലിട്ടു. ഒടുവിൽ അതാ ഒരു ചെറിയ ബോട്ട്‌ അടുത്തുവരുന്നു. അവർ എന്നെ രക്ഷപ്പെടുത്തി, പക്ഷേ ആ സ്‌ത്രീ അതിനോടകം മരിച്ചിരുന്നു. രക്ഷപ്പെട്ടവർ ഇറ്റലിയിലെ ബാരി പട്ടണത്തിൽ എത്തി. അവിടെ എന്നെ ആശുപത്രിയിലാക്കി, എനിക്കു പ്രഥമശുശ്രൂഷ ലഭിച്ചു. കുറച്ചു ദിവസം എനിക്ക്‌ ആശുപത്രിയിൽ കിടക്കേണ്ടിവന്നു. നിരവധി സാക്ഷികൾ എന്നെ കാണാനെത്തി, എനിക്ക്‌ ആവശ്യമായതെല്ലാം അവർ നൽകി. അവർ പ്രകടമാക്കിയ ക്രിസ്‌തീയ സ്‌നേഹം ആശുപത്രി വാർഡിലുണ്ടായിരുന്ന മറ്റാളുകളിൽ മതിപ്പുളവാക്കി. *

പൂർണമായി സുഖം പ്രാപിച്ചശേഷം എനിക്ക്‌ റോമിൽ നിയമനം ലഭിച്ചു. നഗരമധ്യത്തിലെ ബിസിനസ്‌ പ്രദേശത്തു പ്രവർത്തിക്കാൻ എന്നോട്‌ ആവശ്യപ്പെട്ടു. യഹോവയുടെ സഹായത്താൽ അഞ്ചുവർഷം ഞാൻ അതു ചെയ്‌തു. മൊത്തം 20 വർഷം ഇറ്റലിയിൽ ഞാൻ ശുശ്രൂഷ ആസ്വദിച്ചു. ഇറ്റാലിയൻ ജനതയെ ഞാൻ സ്‌നേഹിച്ചു.

വീണ്ടും തുടങ്ങിയിടത്തേക്ക്‌

ക്രമേണ ആരിയാഡ്‌നിയുടെയും ഭർത്താവിന്റെയും ആരോഗ്യനില വഷളായി. അവരുടെ സമീപത്തു താമസിക്കുകയാണെങ്കിൽ എനിക്കുവേണ്ടി അവർ സ്‌നേഹപൂർവം ചെയ്‌തതിനെല്ലാം എന്തെങ്കിലും മടക്കിക്കൊടുക്കാൻ എനിക്കു കഴിയുമല്ലോ എന്നു ഞാൻ ചിന്തിച്ചു. ഇറ്റലിവിട്ടുപോകുന്നത്‌ ഹൃദയഭേദകമായിരുന്നു. എന്നിരുന്നാലും, ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾ അനുമതി നൽകി. 1985-ലെ വേനൽക്കാലംമുതൽ ഞാൻ ഏഥെൻസിൽ പയനിയറിങ്‌ നടത്തുന്നു. 1947-ൽ ഇവിടെയാണ്‌ ഞാൻ മുഴുസമയ ശുശ്രൂഷയ്‌ക്കു തുടക്കമിട്ടത്‌.

എന്റെ സഭയുടെ നിയമനപ്രദേശത്തു ഞാൻ പ്രവർത്തിച്ചു. നഗരമധ്യത്തിലുള്ള ബിസിനസ്‌ സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ കഴിയുമോ എന്നു ഞാൻ ബ്രാഞ്ച്‌ ഓഫീസിനോടു ചോദിച്ചു. ഒരു സഹപയനിയറോടൊത്ത്‌ മൂന്നു വർഷം ഞാൻ അതു ചെയ്‌തു. വീട്ടിൽ കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത ആളുകൾക്ക്‌ ഒരു സമ്പൂർണ സാക്ഷ്യം നൽകുന്നതിനു ഞങ്ങൾക്കു കഴിഞ്ഞു.

കാലം കടന്നുപോകവേ, യഹോവയെ സേവിക്കാനുള്ള എന്റെ ആഗ്രഹം ഒന്നിനൊന്നു വർധിക്കുകയാണ്‌, പക്ഷേ എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. എന്റെ സഹോദരീ ഭർത്താവ്‌ മരിച്ചു. എനിക്കു മാതൃതുല്യയായിരുന്ന ആരിയാഡ്‌നിക്കു കാഴ്‌ച നഷ്ടപ്പെട്ടു. എന്നെക്കുറിച്ചു പറഞ്ഞാൽ, മുഴുസമയ ശുശ്രൂഷയിലായിരുന്നപ്പോൾ എനിക്കു നല്ല ആരോഗ്യമുണ്ടായിരുന്നു. എന്നാൽ അടുത്തകാലത്ത്‌, ഗോവണിപ്പടിയിൽനിന്നു വീണ്‌ എന്റെ വലതുകൈ ഒടിഞ്ഞു. മറ്റൊരു വീഴ്‌ചയിൽ എന്റെ ഇടുപ്പെല്ലുപൊട്ടി. ഒരു ശസ്‌ത്രക്രിയയും വേണ്ടിവന്നു, കുറെക്കാലത്തേക്ക്‌ ഞാൻ കിടപ്പിലായിരുന്നു. ഇപ്പോൾ ഊന്നുവടിയുടെ സഹായത്തോടെ മാത്രമേ എനിക്കു നടക്കാൻ സാധിക്കൂ. ആരെങ്കിലും കൂടെവരാനില്ലാതെ പുറത്തുപോകാനും പറ്റില്ല. എങ്കിലും എന്റെ ആരോഗ്യനില മെച്ചപ്പെടും എന്ന പ്രത്യാശയോടെ, കഴിയുന്നതിന്റെ പരമാവധി ഞാൻ ചെയ്യുന്നു. പരിമിതമായാണെങ്കിലും ബൈബിൾ വിദ്യാഭ്യാസവേലയിൽ പങ്കെടുക്കുന്നതാണ്‌ ഇന്നും എന്റെ സന്തോഷത്തിന്റെയും സംതൃപ്‌തിയുടെയും പ്രധാന ഉറവ്‌.

മുഴുസമയ ശുശ്രൂഷയിലായിരുന്ന സന്തോഷകരമായ കഴിഞ്ഞ നാളുകളെക്കുറിച്ചോർക്കുമ്പോൾ യഹോവയോടുള്ള നന്ദിയാൽ എന്റെ ഹൃദയം നിറഞ്ഞു തുളുമ്പുന്നു. യഹോവയും അവന്റെ ഭൗമിക സംഘടനയും ആശ്രയയോഗ്യമായ മാർഗനിർദേശങ്ങളും വിലയേറിയ സഹായവും എനിക്കു നിരന്തരം നൽകിയിട്ടുണ്ട്‌. യഹോവയെ സേവിക്കാൻ ഞാൻ മുഴുജീവിതവും ഉഴിഞ്ഞുവെച്ചപ്പോൾ എന്റെ കഴിവുകൾ ഏറ്റവും മെച്ചമായി ഉപയോഗിക്കാൻ എന്നെ പ്രാപ്‌തയാക്കിയത്‌ അതാണ്‌. സേവനത്തിൽ തുടരാൻ എന്നെ ശക്തീകരിക്കേണമേ എന്നതാണ്‌ യഹോവയോടുള്ള എന്റെ ഹൃദയംഗമമായ പ്രാർഥന. അവൻ നയിക്കുന്ന ആഗോള ബൈബിൾ വിദ്യാഭ്യാസ വേലയിലെ എന്റെ എളിയ പങ്കിനെപ്രതി ഞാൻ സന്തുഷ്ടയാണ്‌.​—⁠മലാഖി 3:10.

[അടിക്കുറിപ്പുകൾ]

^ ഖ. 10 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1995 (ഇംഗ്ലീഷ്‌), പേ. 73-89 കാണുക.

^ ഖ. 34 കൂടുതൽ വിവരങ്ങൾക്ക്‌ 1972 ഫെബ്രുവരി ലക്കം ഇംഗ്ലീഷ്‌ ഉണരുക!യുടെ 12-16 പേജുകൾ കാണുക.

[9-ാം പേജിലെ ചിത്രം]

ആരിയാഡ്‌നിയോടും ഭർത്താവ്‌ മിഖാലിസിനോടും ഒപ്പം, ഞാൻ ഗിലെയാദിനു പോകുമ്പോൾ

[10-ാം പേജിലെ ചിത്രം]

രൂത്ത്‌ ഹെമ്മിഗിനെയും എന്നെയും തുർക്കിയിലെ ഈസ്റ്റാൻബുളിൽ നിയമിച്ചപ്പോൾ

[11-ാം പേജിലെ ചിത്രം]

1970-കളുടെ പ്രാരംഭത്തിൽ ഇറ്റലിയിൽ

[12-ാം പേജിലെ ചിത്രം]

ആരിയാഡ്‌നിയോടൊപ്പം ഇന്ന്‌