വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു”

“ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു”

“ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു”

പക്ഷികളെക്കുറിച്ചു ചിന്തിക്കുക. പ്രഭാതത്തിൽ ഉണർന്ന്‌ കുറേനേരം കലമ്പൽകൂട്ടിയിട്ട്‌ അവ തീറ്റതേടി പറന്നുപോകും. വൈകുന്നേരമാകുമ്പോൾ കൂടണയും. പിന്നെയും കുറച്ചുസമയം ചിലച്ചുബഹളമുണ്ടാക്കി അവ ഉറങ്ങാൻപോകും. ചില ഋതുക്കളിൽ അവ ഇണചേരും, മുട്ടയിടും, കുഞ്ഞുങ്ങളെ വളർത്തും. മറ്റു ജന്തുക്കൾക്കും ഏതാണ്ട്‌ സമാനമായ ജീവിതരീതിയാണുള്ളത്‌.

എന്നാൽ നമ്മൾ, മനുഷ്യർ, വ്യത്യസ്‌തരാണ്‌. നമ്മളും തിന്നുകയും ഉറങ്ങുകയും പുനരുത്‌പാദനം നടത്തുകയും ചെയ്യുന്നുണ്ട്‌. എങ്കിലും നമ്മിൽ പലരും ഈ കാര്യാദികൾകൊണ്ടു മാത്രം തൃപ്‌തരാകുന്നില്ല. നാം ഇവിടെ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌ എന്നറിയാൻ നാം ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ അർഥം നാം അന്വേഷിക്കുന്നു. ഭാവിയിലേക്കു പ്രത്യാശയോടെ നോക്കാൻ നാം ആഗ്രഹിക്കുന്നു. മനുഷ്യന്റെ ഉള്ളിലെ തീവ്രമായ ഈ ആഗ്രഹം അവനു മാത്രം സ്വന്തമായ ഒരു ഗുണം വെളിച്ചത്തുകൊണ്ടുവരുന്നു. അതാണ്‌ ആത്മീയത, അതായത്‌ ആത്മീയ കാര്യങ്ങൾക്കായുള്ള ആവശ്യവും അവ നിറവേറ്റാനുള്ള പ്രാപ്‌തിയും.

ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിച്ചു

മനുഷ്യനിൽ ആത്മീയത അന്തർലീനമായിരിക്കുന്നതിന്റെ കാരണത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നു: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്‌പത്തി 1:27) പാപവും അപൂർണതയും നമ്മെ കളങ്കിതരാക്കിയെങ്കിലും നാം ദൈവത്തിന്റെ “സ്വരൂപത്തിൽ” അഥവാ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ ദൈവത്തിന്റെ ചില ഗുണങ്ങൾ പ്രതിഫലിപ്പിക്കാനുള്ള പ്രാപ്‌തി നമുക്കുണ്ട്‌. (റോമർ 5:12) ഉദാഹരണത്തിന്‌, നമുക്ക്‌ സർഗാത്മക പ്രാപ്‌തികളുണ്ട്‌. ഒരളവിലുള്ള ജ്ഞാനം, നീതിബോധം, മറ്റുള്ളവരോട്‌ ആത്മത്യാഗപരമായ സ്‌നേഹം പ്രകടിപ്പിക്കാനുള്ള പ്രാപ്‌തി എന്നിവയൊക്കെ നമുക്കുണ്ട്‌. ഭൂതകാലത്തെക്കുറിച്ചു ചിന്തിക്കാനും ഭാവിയിലേക്കുവേണ്ട ആസൂത്രണങ്ങൾ നടത്താനും നമുക്കു കഴിവുണ്ട്‌.​—⁠സദൃശവാക്യങ്ങൾ 4:7; സഭാപ്രസംഗി 3:1, 11; മീഖാ 6:8; യോഹന്നാൻ 13:34; 1 യോഹന്നാൻ 4:⁠8.

ദൈവത്തെ ആരാധിക്കാനുള്ള നമ്മുടെ സ്വാഭാവികമായ ആഗ്രഹം നമ്മുടെ ആത്മീയ പ്രാപ്‌തിയുടെ സ്‌പഷ്ടമായ പ്രകടനമാണ്‌. നമ്മുടെ സ്രഷ്ടാവുമായി ഒരു ബന്ധം ഉണ്ടായിരിക്കുക എന്ന ആവശ്യം ഉചിതമായി തൃപ്‌തിപ്പെടുത്താത്തപക്ഷം നമുക്ക്‌ യഥാർഥവും നിലനിൽക്കുന്നതുമായ സന്തുഷ്ടി കണ്ടെത്താൻ കഴിയില്ല. “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു” എന്ന്‌ യേശു പറഞ്ഞു. (മത്തായി 5:​3, NW) എന്നിരുന്നാലും ആത്മീയ സത്യങ്ങൾകൊണ്ട്‌, അതായത്‌ ദൈവത്തെയും അവന്റെ നിലവാരങ്ങളെയും മനുഷ്യവർഗത്തോടുള്ള ബന്ധത്തിൽ അവന്റെ ഉദ്ദേശ്യത്തെയും സംബന്ധിച്ച ശരിയായ വസ്‌തുതകൾകൊണ്ടുവേണം നാം ആ ആവശ്യം തൃപ്‌തിപ്പെടുത്താൻ. ആത്മീയ സത്യം നമുക്കെവിടെ കിട്ടും? അതു ബൈബിളിൽ ലഭ്യമാണ്‌.

“നിന്റെ വചനം സത്യം ആകുന്നു”

പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ്‌ 3:16, 17) പൗലൊസിന്റെ വാക്കുകൾ യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിലായിരുന്നു. ദൈവത്തോടുള്ള പ്രാർഥനയിൽ യേശു പറഞ്ഞു: “നിന്റെ വചനം സത്യം ആകുന്നു.” ആ വചനം വിശുദ്ധ ബൈബിളാണെന്ന്‌ ഇന്നു നമുക്കറിയാം. നമ്മുടെ വിശ്വാസങ്ങളും നിലവാരങ്ങളും അതിനോടു ചേർച്ചയിലാണോയെന്നു പരിശോധിക്കുന്നത്‌ ജ്ഞാനമായിരിക്കും.​—⁠യോഹന്നാൻ 17:17.

നമ്മുടെ വിശ്വാസങ്ങൾ ദൈവവചനവുമായി ഒത്തുനോക്കുമ്പോൾ നാം പുരാതന ബെരോവയിലുള്ളവരെ അനുകരിക്കുകയാണു ചെയ്യുന്നത്‌. പൗലൊസ്‌ പഠിപ്പിക്കുന്നതു തിരുവെഴുത്തുകൾക്കു ചേർച്ചയിലാണോയെന്ന്‌ അവർ പരിശോധിച്ച്‌ ഉറപ്പുവരുത്തി. ഇങ്ങനെ ചെയ്‌തതിന്‌ അവരെ വിമർശിക്കുന്നതിനു പകരം ലൂക്കൊസ്‌ അവരെ അഭിനന്ദിച്ചു. അവർ “വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു” എന്ന്‌ അവൻ എഴുതി. (പ്രവൃത്തികൾ 17:11) പരസ്‌പര വിരുദ്ധമായ മത-ധാർമിക പഠിപ്പിക്കലുകൾ വ്യാപകമായിരിക്കുന്ന ചുറ്റുപാടിലാണ്‌ നാമിന്ന്‌. അതുകൊണ്ട്‌ ഉത്തമരായ ബെരോവക്കാരുടെ ദൃഷ്ടാന്തം അനുകരിക്കേണ്ടതു പ്രധാനമാണ്‌.

ആത്മീയ സത്യം തിരിച്ചറിയുന്നതിനുള്ള മറ്റൊരു മാർഗം, അത്‌ ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്ന വിധം നിരീക്ഷിക്കുകയെന്നതാണ്‌. (മത്തായി 7:17) ഉദാഹരണത്തിന്‌, ബൈബിൾ തത്ത്വങ്ങൾക്കനുസരിച്ചു ജീവിക്കുന്നത്‌ ഒരു വ്യക്തിയെ മെച്ചപ്പെട്ട ഭർത്താവും പിതാവും അല്ലെങ്കിൽ മെച്ചപ്പെട്ട ഭാര്യയും മാതാവും ആക്കിത്തീർക്കും. ഒപ്പം, അതു കുടുംബസന്തുഷ്ടിക്കു സംഭാവനചെയ്യുകയും ഒരുവന്റെ ആന്തരിക സംതൃപ്‌തി വർധിപ്പിക്കുകയും ചെയ്യും. “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ” അഥവാ സന്തുഷ്ടർ എന്ന്‌ യേശു പറഞ്ഞു.​—⁠ലൂക്കൊസ്‌ 11:⁠28.

യേശുവിന്റെ വാക്കുകൾ, പുരാതന ഇസ്രായേല്യരോടുള്ള അവന്റെ സ്വർഗീയ പിതാവിന്റെ വാക്കുകൾ മനസ്സിലേക്കു കൊണ്ടുവരുന്നു: “യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” (യെശയ്യാവു 48:17, 18) നന്മയെയും നീതിയെയും സ്‌നേഹിക്കുന്ന സകലരും ഇത്തരമൊരു ഹൃദയോഷ്‌മളമായ അഭ്യർഥനയോടു പ്രതികരിക്കാൻ പ്രേരിതരാകും.

ചിലർ ‘കർണരസം’ തേടുന്നു

ഇസ്രായേല്യർ മതപരമായ ഭോഷ്‌കുകളാൽ വഴിതെറ്റിക്കപ്പെട്ട സാഹചര്യത്തിലാണ്‌ ദൈവം മേൽപ്പറഞ്ഞ ഹൃദയോഷ്‌മളമായ അഭ്യർഥന നടത്തുന്നത്‌. (സങ്കീർത്തനം 106:35-40) നമ്മളും വ്യാജം സംബന്ധിച്ച്‌ ജാഗ്രതയുള്ളവരായിരിക്കണം. നാമമാത്ര ക്രിസ്‌ത്യാനികളെക്കുറിച്ച്‌ പൗലൊസ്‌ എഴുതി: “അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.”​—⁠2 തിമൊഥെയൊസ്‌ 4:3, 4.

മദ്യപാനം, സ്വവർഗരതി, വിവാഹേതര ലൈംഗികബന്ധങ്ങൾ തുടങ്ങിയ തെറ്റായ മോഹങ്ങൾക്കു വളംവെച്ചുകൊടുക്കുന്ന പ്രവർത്തനഗതികളെ വെച്ചുപൊറുപ്പിച്ചുകൊണ്ട്‌ മതനേതാക്കൾ ആളുകൾക്ക്‌ ‘കർണരസം പകരുന്നു.’ എന്നാൽ ഇത്തരം സംഗതികൾക്കു സമ്മതം മൂളുന്നവരും അതു ചെയ്യുന്നവരും “ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന്‌ ബൈബിൾ സ്‌പഷ്ടമായി പറയുന്നു.​—⁠1 കൊരിന്ത്യർ 6:9, 10; റോമർ 1:24-32.

ബൈബിൾ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കുന്നതിനു ധൈര്യം ആവശ്യമാണ്‌, വിശേഷിച്ച്‌ പരിഹാസം നേരിടേണ്ടിവരുമ്പോൾ. പക്ഷേ നമുക്ക്‌ അതിനു കഴിയും എന്നതാണു വാസ്‌തവം. മുമ്പ്‌ മയക്കുമരുന്ന്‌ ഉപയോഗിച്ചിരുന്നവരും വ്യഭിചാരം ചെയ്‌തിരുന്നവരും മദ്യപന്മാരും തെരുവുഗുണ്ടകളും മോഷ്ടാക്കളും നുണപറയുന്നവരും ഒക്കെ ആയിരുന്ന നിരവധി ആളുകൾ യഹോവയുടെ സാക്ഷികളുടെ ഇടയിലുണ്ട്‌. എന്നാൽ അവരൊക്കെ ദൈവത്തിന്റെ വചനം സഗൗരവം സ്വീകരിച്ചു. ‘കർത്താവിന്നു യോഗ്യമാകുംവണ്ണം നടക്കാൻ’ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ അവർ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി. (കൊലൊസ്സ്യർ 1:9, 10; 1 കൊരിന്ത്യർ 6:11) ദൈവവുമായി സമാധാന ബന്ധത്തിൽ ആയപ്പോൾ മനശ്ശാന്തിയും നാം കാണാൻ പോകുന്നതുപോലെ ഒരു യഥാർഥ ഭാവിപ്രത്യാശയും അവർക്കു കൈവന്നു.

രാജ്യ പ്രത്യാശ

അനുസരണമുള്ള മനുഷ്യവർഗത്തിനുവേണ്ടി വാഗ്‌ദാനം ചെയ്‌തിരിക്കുന്ന നിലനിൽക്കുന്ന സമാധാനം സംബന്ധിച്ച ബൈബിൾ പ്രത്യാശ ദൈവരാജ്യം ഒരു യാഥാർഥ്യമാക്കും. “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന്‌ യേശു മാതൃകാ പ്രാർഥനയിൽ പറഞ്ഞു. (മത്തായി 6:10) അതേ, ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ ആകുമെന്ന്‌ ഉറപ്പുവരുത്താൻ ദൈവരാജ്യത്തിനു മാത്രമേ കഴിയൂ. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ യേശുക്രിസ്‌തുവിന്റെ കൈകളിലുള്ള ആ സ്വർഗീയ രാജ്യം അഥവാ ഗവൺമെന്റ്‌ ആണ്‌ ഭൂമിയിൽ തന്റെ പരമാധികാരത്തിന്റെ ഔചിത്യം പ്രകടമാക്കുന്നതിനുള്ള ദൈവത്തിന്റെ മാർഗം.​—⁠സങ്കീർത്തനം 2:7-12; ദാനീയേൽ 7:13, 14.

ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ യേശുക്രിസ്‌തു അനുസരണമുള്ള മനുഷ്യവർഗത്തെ സകലവിധ ബന്ധനങ്ങളിൽനിന്നും മോചിപ്പിക്കും. ആദാമ്യപാപത്തിന്റെയും അതിന്റെ പരിണതഫലങ്ങളായ രോഗം, മരണം എന്നിവയുടെയും നീരാളിപ്പിടുത്തത്തിൽനിന്നുള്ള മോചനവും ഇതിലുൾപ്പെടും. വെളിപ്പാടു 21:3, 4 പറയുന്നു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; . . . അവൻ [യഹോവയാം ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”

നിലനിൽക്കുന്ന സമാധാനം ഭൂമിയിലെങ്ങും കളിയാടും. നമുക്ക്‌ ഇക്കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌? അതിന്റെ കാരണത്തെക്കുറിച്ച്‌ യെശയ്യാവു 11:9 പറയുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും [രാജ്യത്തിന്റെ പ്രജകൾ] ചെയ്‌കയില്ല.” സകലരും ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനം നേടിയവരും അവനോട്‌ അനുസരണമുള്ളവരും ആയിരിക്കും. ആ പ്രത്യാശ ഹൃദയോഷ്‌മളമായി തോന്നുന്നില്ലേ? എങ്കിൽ, യഹോവയെക്കുറിച്ചുള്ള മൂല്യവത്തായ ആ “പരിജ്ഞാനം” സമ്പാദിക്കാൻ തുടങ്ങുന്നതിനുള്ള സമയം ഇപ്പോഴാണ്‌.

നിങ്ങൾ രാജ്യസന്ദേശം ശ്രദ്ധിക്കുമോ?

ദൈവരാജ്യം മുഖാന്തരം ദൈവം സാത്താന്റെ എല്ലാ പണികളെയും തകർക്കുകയും തന്റെ നീതിപാതകളിൽ നടക്കാൻ ആളുകളെ അഭ്യസിപ്പിക്കുകയും ചെയ്യും. അതിനാൽ, യേശുക്രിസ്‌തുവിന്റെ പഠിപ്പിക്കലുകൾ ദൈവരാജ്യത്തെ കേന്ദ്രീകരിച്ചായിരുന്നതിൽ അതിശയിക്കാനില്ല. “ഞാൻ . . . ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു” എന്ന്‌ അവൻ പറഞ്ഞു. (ലൂക്കൊസ്‌ 4:43) ഇതേ സന്ദേശം മറ്റുള്ളവരെയും അറിയിക്കാൻ അവൻ തന്റെ അനുഗാമികളോടു പറഞ്ഞു. (മത്തായി 28:19, 20) “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന്‌ അവൻ മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:14) അന്ത്യം അതിവേഗം അടുത്തുവരികയാണ്‌. അതുകൊണ്ട്‌ ആത്മാർഥഹൃദയരായ ആളുകൾ ജീവരക്ഷാകരമായ സുവാർത്തയ്‌ക്കു ചെവികൊടുക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

പ്രാരംഭ ലേഖനത്തിൽ പരാമർശിച്ച ആൽബർട്ടിന്റെ കാര്യമെടുക്കുക. ഭാര്യയും മകനും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം രാജ്യസന്ദേശം കേട്ടു. ആദ്യമൊക്കെ ആൽബർട്ടിനു സംശയമായിരുന്നു. സാക്ഷികളുടെ പഠിപ്പിക്കലുകൾ തുറന്നുകാട്ടുന്നതിന്‌ തന്റെ ഭാര്യയെയും മകനെയും സന്ദർശിക്കാൻ അദ്ദേഹം സ്ഥലത്തെ ഒരു പുരോഹിതനോട്‌ ആവശ്യപ്പെടുകപോലും ചെയ്‌തു. പക്ഷേ ഇക്കാര്യത്തിൽ ഉൾപ്പെടാൻ പുരോഹിതൻ താത്‌പര്യപ്പെട്ടില്ല. അതുകൊണ്ട്‌ ഒരു ബൈബിൾ ചർച്ച കേട്ടുകൊണ്ട്‌ സ്വന്തമായി കുറ്റം കണ്ടുപിടിക്കാൻ ആൽബർട്ട്‌ തീരുമാനിച്ചു. ഒരു തവണത്തെ ചർച്ചയ്‌ക്കിരുന്ന ആൽബർട്ട്‌ പിന്നെ പഠിക്കാനുള്ള അതീവ താത്‌പര്യത്തോടെ അധ്യയനത്തിൽ പങ്കുചേർന്നു. തന്റെ മനോഭാവത്തിനു മാറ്റം വന്നത്‌ എന്തുകൊണ്ടാണെന്ന്‌ അദ്ദേഹം പിന്നീടു വിശദീകരിച്ചു. “ഞാൻ ഇക്കാലമത്രയും അന്വേഷിച്ചുകൊണ്ടിരുന്നത്‌ ഇതായിരുന്നു,” അദ്ദേഹം പറഞ്ഞു.

ഒടുവിൽ ആൽബർട്ട്‌ തന്റെ ആത്മീയ ആവശ്യം തൃപ്‌തിപ്പെടുത്താൻ തുടങ്ങി. അദ്ദേഹത്തിനു പിന്നീടൊരിക്കലും ദുഃഖിക്കേണ്ടിവന്നിട്ടില്ല. ജീവിതകാലമത്രയും തിരഞ്ഞുകൊണ്ടിരുന്നത്‌​—⁠സമൂഹത്തെ കാർന്നുതിന്നുന്ന അനീതിക്കും അഴിമതിക്കുമുള്ള പരിഹാരവും ഭാവിപ്രത്യാശയും​—⁠ബൈബിൾ സത്യം അദ്ദേഹത്തിനു നൽകി. കൂടാതെ അത്‌ അദ്ദേഹത്തിനു മനശ്ശാന്തിയും പ്രദാനം ചെയ്‌തു. നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുന്നുണ്ടോ? 6-ാം പേജിലെ ചതുരത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഒന്നു വായിച്ചുനോക്കരുതോ? കൂടുതലായ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമുണ്ട്‌.

[6-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുന്നുണ്ടോ?

നിങ്ങൾക്കു ലഭിക്കുന്ന ആത്മീയ ആഹാരംകൊണ്ട്‌ നിങ്ങൾ തൃപ്‌തനാണോ? പിൻവരുന്ന ചോദ്യങ്ങൾ വായിച്ച്‌ നിങ്ങൾക്കു ശരിയായി ഉത്തരം നൽകാൻ കഴിയുന്നവയ്‌ക്കു നേരെ അടയാളമിടാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

□ ദൈവം ആരാണ്‌, അവന്റെ പേരെന്താണ്‌?

□ യേശുക്രിസ്‌തു ആരാണ്‌? അവൻ മരിക്കേണ്ടിവന്നത്‌ എന്തുകൊണ്ട്‌? യേശുവിന്റെ മരണം നിങ്ങൾക്കു പ്രയോജനം ചെയ്യുന്നതെങ്ങനെ?

□ പിശാച്‌ ഉണ്ടോ? ഉണ്ടെങ്കിൽ അവൻ എവിടെനിന്നു വന്നു?

□ മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുന്നു?

□ ഭൂമിയെയും മനുഷ്യനെയും സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണ്‌?

□ ദൈവരാജ്യം എന്താണ്‌?

□ ധാർമികത സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങൾ എന്തെല്ലാം?

□ കുടുംബത്തിൽ ഭർത്താവിനും ഭാര്യക്കും ദൈവം കൊടുത്തിരിക്കുന്ന റോളുകൾ എന്തെല്ലാമാണ്‌? കുടുംബസന്തുഷ്ടി വർധിപ്പിക്കുന്ന ചില ബൈബിൾ തത്ത്വങ്ങൾ ഏതെല്ലാം?

മേൽപ്പറഞ്ഞ ഏതെങ്കിലും ചോദ്യത്തിന്റെ ഉത്തരം സംബന്ധിച്ച്‌ നിങ്ങൾക്ക്‌ ഉറപ്പില്ലെങ്കിൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെ ഒരു പ്രതി നിങ്ങൾക്ക്‌ ആവശ്യപ്പെടാവുന്നതാണ്‌. 300-ഓളം ഭാഷകളിലുള്ള ഈ ലഘുപത്രിക 16 അടിസ്ഥാന ബൈബിൾ വിഷയങ്ങൾ ചർച്ചചെയ്യുകയും മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കെല്ലാം തിരുവെഴുത്തധിഷ്‌ഠിതമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുന്നു.

[4-ാം പേജിലെ ചിത്രങ്ങൾ]

മൃഗങ്ങളിൽനിന്നു വ്യത്യസ്‌തമായി മനുഷ്യന്‌ ആത്മീയ ആവശ്യമുണ്ട്‌

[5-ാം പേജിലെ ചിത്രം]

‘അവർ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കും.’​—⁠2 തിമൊഥെയൊസ്‌ 4:⁠3.

[7-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ മിശിഹൈക രാജ്യം നിലനിൽക്കുന്ന സമാധാനം കൈവരുത്തും