വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നന്മ സുവിശേഷിക്കുന്നു’

‘നന്മ സുവിശേഷിക്കുന്നു’

‘നന്മ സുവിശേഷിക്കുന്നു’

‘നന്മ സുവിശേഷിക്കുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!’​—⁠യെശയ്യാവു 52:⁠7.

1, 2. (എ) ഭയാനകമായ എന്തു കാര്യങ്ങളാണു ദിവസവും സംഭവിക്കുന്നത്‌? (ബി) ദുർവാർത്തകൾ തുടർച്ചയായി കേൾക്കുന്നത്‌ ആളുകളിൽ എന്തു പ്രതികരണം ഉളവാക്കുന്നു?

ദുർവാർത്തകളുടെ വേലിയേറ്റം ലോകമെമ്പാടും ആളുകളെ അസ്വസ്ഥരാക്കുന്നു. മാരകരോഗങ്ങൾ മനുഷ്യരാശിയെ വേട്ടയാടുന്നതിനെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന വാർത്തകൾ റേഡിയോയിലൂടെ അവർ കേൾക്കുന്നു. ടെലിവിഷനിലേക്കു തിരിഞ്ഞാൽ, പട്ടിണിക്കോലങ്ങളായ കുട്ടികൾ സഹായത്തിനായി കേഴുന്ന ദയനീയരംഗങ്ങൾ അവർ കാണുന്നു. കെട്ടിടങ്ങൾ തകർക്കുകയും നിഷ്‌കളങ്കമായ ജീവിതങ്ങളെ തച്ചുടയ്‌ക്കുകയും ചെയ്യുന്ന ബോംബാക്രമണങ്ങളെക്കുറിച്ച്‌ അവർ പത്രങ്ങളിൽ വായിക്കുന്നു.

2 അതേ, ഭയാനകമായ കാര്യങ്ങളാണു ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. തീർച്ചയായും ‘ഈ ലോകത്തിന്റെ രംഗം’ മാറുകയാണ്‌. അത്‌ ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുന്നു. (1 കൊരിന്ത്യർ 7:31, NW) മുഴുലോകവും “കത്തിച്ചാമ്പലാകാൻ പോകുകയാണെന്നു” ചിലപ്പോഴൊക്കെ തോന്നുന്നതായി പശ്ചിമ യൂറോപ്പിലെ ഒരു വാർത്താപത്രിക പ്രസ്‌താവിച്ചു. മനോവ്യഥ അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിൽ അതിശയിക്കാനില്ല! ഐക്യനാടുകളിൽ ടെലിവിഷൻ വാർത്തകളെക്കുറിച്ചു നടന്ന ഒരു സർവേ വെളിപ്പെടുത്തിയതനുസരിച്ച്‌, ജനകോടികളുടെ വികാരങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട്‌ ഒരു വ്യക്തി ഇങ്ങനെ പറയുകയുണ്ടായി: ‘വാർത്ത കണ്ടുകഴിഞ്ഞാൽപ്പിന്നെ മനസ്സിനാകെ വല്ലാത്ത വിഷമമാണ്‌. ദുഃഖവാർത്തകളേ കേൾക്കാനുള്ളൂ. അത്‌ ഒരുതരം നിസ്സഹായതാബോധം ഉളവാക്കുന്നു.’

സകലരും കേൾക്കേണ്ട വാർത്ത

3. (എ) ഏതു സുവാർത്തയാണു ബൈബിളിലുള്ളത്‌? (ബി) ദൈവരാജ്യത്തിന്റെ സുവാർത്തയെ നിങ്ങൾ മൂല്യവത്തായി കരുതുന്നത്‌ എന്തുകൊണ്ട്‌?

3 ദുഃഖത്തിൽ മുങ്ങിത്താഴുന്ന ഈ ലോകത്തിൽ സദ്വാർത്ത കേൾക്കാനുണ്ടോ? തീർച്ചയായും! ബൈബിളിൽ സുവാർത്ത അടങ്ങിയിരിക്കുന്നു എന്നറിയുന്നത്‌ ആശ്വാസകരമാണ്‌. രോഗം, ദാരിദ്ര്യം, കുറ്റകൃത്യം, യുദ്ധം എന്നിവയ്‌ക്കും എല്ലാത്തരം അടിച്ചമർത്തലിനും ദൈവരാജ്യം അന്തംവരുത്തും എന്നതാണ്‌ ആ വാർത്ത. (സങ്കീർത്തനം 46:9; 72:12) സകലരും കേൾക്കേണ്ടതായ ഒരു വാർത്തയല്ലേ അത്‌? ആണെന്ന്‌ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, സകല ജനതകളിലുംപെട്ട ആളുകളുമായി സുവാർത്ത പങ്കുവെക്കാൻ ചെയ്‌തുകൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക്‌ അവർ എവിടെയും പേരുകേട്ടവരാണ്‌.​—⁠മത്തായി 24:14.

4. ഈ ലേഖനത്തിലും അടുത്തതിലും നമ്മുടെ ശുശ്രൂഷയുടെ ഏതു വശങ്ങൾ നാം പരിചിന്തിക്കുന്നതായിരിക്കും?

4 എന്നാൽ പ്രതികരണം തീരെയില്ലാത്ത പ്രദേശങ്ങളിൽപ്പോലും തൃപ്‌തികരവും അർഥവത്തും ആയ ഒരു വിധത്തിൽ സുവാർത്താപ്രസംഗം തുടരുന്നതിനു നമുക്ക്‌ എന്തു ചെയ്യാൻ കഴിയും? (ലൂക്കൊസ്‌ 8:15) നമ്മുടെ പ്രസംഗവേലയുടെ മൂന്നു മുഖ്യ വശങ്ങൾ ചുരുക്കമായി അവലോകനം ചെയ്യുന്നതു സഹായകമായിരിക്കും എന്നതിനു സംശയമില്ല. അവ പിൻവരുന്നവയാണ്‌: (1) നമ്മുടെ ആന്തരം, അഥവാ നാം എന്തുകൊണ്ട്‌ പ്രസംഗിക്കുന്നു; (2) നമ്മുടെ സന്ദേശം, അഥവാ നാം എന്തു പ്രസംഗിക്കുന്നു; (3) നാം അവലംബിക്കുന്ന മാർഗങ്ങൾ, അഥവാ നാം എങ്ങനെ പ്രസംഗിക്കുന്നു. ശരിയായ ആന്തരത്തോടെ, ഫലപ്രദമായ മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ നമ്മുടെ സന്ദേശം വ്യക്തമായി അവതരിപ്പിക്കുന്നെങ്കിൽ ലോകമെമ്പാടുമുള്ള വ്യത്യസ്‌ത തരക്കാരായ ആളുകൾക്ക്‌, ലഭ്യമായിരിക്കുന്നതിൽവെച്ച്‌ ഏറ്റവും നല്ല വാർത്ത, അതായത്‌ രാജ്യത്തിന്റെ സുവാർത്ത കേൾക്കാനുള്ള അവസരം പ്രദാനം ചെയ്യാൻ നമുക്കു സാധിക്കും. *

നാം സുവാർത്താപ്രസംഗത്തിൽ പങ്കെടുക്കുന്നതിന്റെ കാരണം

5. (എ) മറ്റെല്ലാറ്റിലുമുപരിയായി ശുശ്രൂഷയിൽ പങ്കുപറ്റാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌? (ബി) പ്രസംഗിക്കാനുള്ള ബൈബിൾ കൽപ്പന അനുസരിക്കുന്നതു ദൈവത്തോടുള്ള സ്‌നേഹത്തിന്റെ പ്രകടനമാണെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

5 ആദ്യമായി നമ്മുടെ ആന്തരത്തെക്കുറിച്ചു ചിന്തിക്കാം. എന്തുകൊണ്ടാണ്‌ നാം സുവാർത്ത പ്രസംഗിക്കുന്നത്‌? ഇക്കാര്യത്തിൽ യേശുവിനുണ്ടായിരുന്ന അതേ കാരണം തന്നെയാണു നമുക്കുമുള്ളത്‌. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ പിതാവിനെ സ്‌നേഹിക്കുന്നു.” (യോഹന്നാൻ 14:31; സങ്കീർത്തനം 40:8) മറ്റെല്ലാറ്റിലുമുപരിയായി നമ്മെ പ്രേരിപ്പിക്കുന്ന ഘടകം ദൈവത്തോടുള്ള സ്‌നേഹമാണ്‌. (മത്തായി 22:37, 38) ദൈവത്തോടുള്ള സ്‌നേഹവും ശുശ്രൂഷയും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതായി കാണിച്ചുകൊണ്ട്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം.” (1 യോഹന്നാൻ 5:3; യോഹന്നാൻ 14:21) ‘പോയി ശിഷ്യരെ ഉളവാക്കുക’ എന്ന കൽപ്പന ദൈവത്തിന്റെ കൽപ്പനകളിൽ ഉൾപ്പെട്ടതാണോ? (മത്തായി 28:​19, 20) അതേ. ആ വാക്കുകൾ പറഞ്ഞത്‌ യേശു ആയിരുന്നു എന്നതു സത്യംതന്നെ. എന്നാൽ അടിസ്ഥാനപരമായി യഹോവയിൽനിന്നാണ്‌ അവ വന്നിരിക്കുന്നത്‌. അതെങ്ങനെ? “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” എന്ന്‌ യേശു വിശദീകരിക്കുകയുണ്ടായി. (യോഹന്നാൻ 8:28; മത്തായി 17:5) അതുകൊണ്ട്‌ പ്രസംഗിക്കാനുള്ള കൽപ്പന അനുസരിക്കുന്നതിലൂടെ നാം യഹോവയെ സ്‌നേഹിക്കുന്നെന്നു പ്രകടമാക്കുകയാണു ചെയ്യുന്നത്‌.

6. ദൈവത്തോടുള്ള സ്‌നേഹം, പ്രസംഗിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നത്‌ ഏതെല്ലാം വിധങ്ങളിലാണ്‌?

6 കൂടാതെ, യഹോവയ്‌ക്കെതിരെ സാത്താൻ പ്രചരിപ്പിക്കുന്ന നുണകൾ തെറ്റാണെന്നു തെളിയിക്കാൻ നാം ആഗ്രഹിക്കുന്നു. (2 കൊരിന്ത്യർ 4:4) ഈ വിധത്തിലും യഹോവയോടുള്ള സ്‌നേഹം പ്രസംഗപ്രവർത്തനത്തിനു നമ്മെ പ്രേരിപ്പിക്കുന്നു. ദൈവഭരണത്തിന്റെ നീതിയുക്തത സാത്താൻ ചോദ്യം ചെയ്‌തിരിക്കുന്നു. (ഉല്‌പത്തി 3:1-5) യഹോവയുടെ സാക്ഷികളെന്ന നിലയിൽ, സാത്താന്റെ ദൂഷണങ്ങൾ മറനീക്കിക്കാട്ടുന്നതിലും മനുഷ്യവർഗത്തിനു മുമ്പാകെ ദൈവനാമം മഹത്ത്വീകരിക്കുന്നതിലും പങ്കുവഹിക്കാൻ നാം ആഗ്രഹിക്കുന്നു. (യെശയ്യാവു 43:10-12) യഹോവയുടെ ഗുണങ്ങളും വഴികളും അറിയാൻ ഇടയായതുകൊണ്ടും നാം ശുശ്രൂഷയിൽ ഏർപ്പെടുന്നു. നമുക്ക്‌ അവനോടു കൂടുതൽ അടുപ്പം തോന്നുന്നു, അവനെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ നമുക്കു ശക്തമായ പ്രചോദനം തോന്നുന്നു. യഥാർഥത്തിൽ, യഹോവയുടെ നന്മയും നീതിനിഷ്‌ഠമായ വഴികളും നമുക്ക്‌ എന്തെന്നില്ലാത്ത സന്തോഷം പകരുന്നതിനാൽ അവനെക്കുറിച്ചു സംസാരിക്കാതിരിക്കാൻ നമുക്കു സാധിക്കില്ല. (സങ്കീർത്തനം 145:7-12) അവനെ സ്‌തുതിക്കാനും, ശ്രദ്ധിക്കുന്ന സകലരോടും അവന്റെ “സൽഗുണങ്ങളെ” ഘോഷിക്കാനും നാം പ്രചോദിതരാകുന്നു.​—⁠1 പത്രൊസ്‌ 2:9; യെശയ്യാവു 43:21.

7. ദൈവത്തോടുള്ള സ്‌നേഹത്തിനു പുറമേ മറ്റെന്തു പ്രധാന കാരണത്താലാണു നാം പ്രസംഗവേലയിൽ ഏർപ്പെടുന്നത്‌?

7 നാം ശുശ്രൂഷയിൽ പങ്കുപറ്റുന്നതിൽ തുടരുന്നതിനു മറ്റൊരു പ്രധാന കാരണമുണ്ട്‌: ദുർവാർത്തകളുടെ നിലയ്‌ക്കാത്ത കുത്തൊഴുക്കിനാൽ നിരാശിതരായി കഴിയുന്ന വ്യക്തികളെയും വിവിധ കാരണങ്ങളാൽ കഷ്ടപ്പെടുന്നവരെയും ആശ്വസിപ്പിക്കാൻ നാം ആത്മാർഥമായി ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ യേശുവിനെ അനുകരിക്കാൻ നാം ശ്രമിക്കുന്നു. ഉദാഹരണത്തിന്‌, മർക്കൊസ്‌ 6-ാം അധ്യായത്തിലെ വിവരണം ശ്രദ്ധിക്കുക.

8. ആളുകളോടുള്ള യേശുവിന്റെ മനോഭാവത്തെക്കുറിച്ച്‌ മർക്കൊസ്‌ 6-ാം അധ്യായം എന്തു വെളിപ്പെടുത്തുന്നു?

8 ഒരു പ്രസംഗപര്യടനത്തിനുശേഷം തിരിച്ചെത്തിയ അപ്പൊസ്‌തലന്മാർ തങ്ങൾ ചെയ്‌തതും പഠിപ്പിച്ചതും ആയ സകല കാര്യങ്ങളും യേശുവിനോടു വിവരിക്കുന്നു. അവർ ക്ഷീണിതരാണെന്നു കണ്ടപ്പോൾ, തന്നോടൊപ്പം വന്ന്‌ “അല്‌പം ആശ്വസിച്ചുകൊൾവിൻ” എന്ന്‌ യേശു അവരോടു പറയുന്നു. അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്തസ്ഥലത്തേക്കു പോകുന്നു. എന്നാൽ ജനം കടൽത്തീരത്തുകൂടെ ഓടി അവരുടെ ഒപ്പമെത്തുന്നു. യേശു അപ്പോൾ എന്താണു ചെയ്യുന്നത്‌? വിവരണം പറയുന്നു: “അവൻ . . . വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.” (മർക്കൊസ്‌ 6:31-34) ക്ഷീണം വകവെക്കാതെ തുടർന്നും സുവാർത്ത പങ്കുവെക്കാൻ മനസ്സലിവ്‌ യേശുവിനെ പ്രേരിപ്പിക്കുന്നു. വ്യക്തമായും, അവന്‌ അവരോട്‌ ആഴമായ സഹാനുഭൂതി തോന്നുന്നു.

9. പ്രസംഗവേലയിലേർപ്പെടാൻ പ്രേരിപ്പിക്കുന്ന ശരിയായ ആന്തരം സംബന്ധിച്ച്‌ മർക്കൊസ്‌ 6-ാം അധ്യായത്തിലെ വിവരണത്തിൽനിന്നു നാം എന്തു പഠിക്കുന്നു?

9 ഈ വിവരണം നമ്മെ എന്താണു പഠിപ്പിക്കുന്നത്‌? ക്രിസ്‌ത്യാനികളെന്ന നിലയിൽ, സുവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും നമുക്കു കടപ്പാടു തോന്നുന്നു. “സകല[തരം] മനുഷ്യരും രക്ഷപ്രാപി”ക്കാൻ ദൈവം ആഗ്രഹിക്കുന്നതിനാൽ, സുവാർത്ത പ്രസംഗിക്കുന്നതിനു നമുക്ക്‌ ഉത്തരവാദിത്വം ഉള്ളതായി നാം തിരിച്ചറിയുന്നു. (1 തിമൊഥെയൊസ്‌ 2:4) എന്നാൽ കർത്തവ്യബോധം മാത്രമല്ല, അനുകമ്പയും ശുശ്രൂഷയിൽ ഏർപ്പെടാൻ നമ്മെ പ്രചോദിപ്പിക്കുന്നു. യേശുവിന്‌ ആളുകളോടു തോന്നിയതുപോലുള്ള ആഴമായ സഹാനുഭൂതി നമുക്കുണ്ടെങ്കിൽ അവരുമായി സുവാർത്ത പങ്കുവെക്കാൻ നമ്മാലാവതു ചെയ്യാൻ ഹൃദയം നമ്മെ പ്രേരിപ്പിക്കും. (മത്തായി 22:39) ഇത്തരം ഒരു ആന്തരം ഉണ്ടെങ്കിൽ മടുപ്പുകൂടാതെ സുവാർത്ത പ്രസംഗിക്കാൻ നാം പ്രേരിതരായിത്തീരും.

നമ്മുടെ സന്ദേശം​—⁠ദൈവരാജ്യത്തിന്റെ സുവാർത്ത

10, 11. (എ) നാം ഘോഷിക്കുന്ന സന്ദേശത്തെ യെശയ്യാവ്‌ വർണിക്കുന്നത്‌ എങ്ങനെ? (ബി) യേശു എങ്ങനെയാണ്‌ നന്മ സുവിശേഷിച്ചത്‌, ആധുനിക കാലത്ത്‌ ദൈവദാസന്മാർ യേശുവിന്റെ ദൃഷ്ടാന്തം അനുകരിച്ചിരിക്കുന്നത്‌ എങ്ങനെ?

10 നമ്മുടെ ശുശ്രൂഷയുടെ രണ്ടാമത്തെ വശത്തിന്‌​—⁠നമ്മുടെ സന്ദേശത്തിന്‌​—⁠ഇപ്പോൾ ശ്രദ്ധകൊടുക്കാം. എന്താണു നാം പ്രസംഗിക്കുന്നത്‌? നാം പ്രസിദ്ധമാക്കുന്ന സന്ദേശത്തെ പ്രവാചകനായ യെശയ്യാവ്‌ മനോഹരമായി ഇങ്ങനെ വർണിച്ചു: “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!”​—⁠യെശയ്യാവു 52:⁠7.

11 ഈ തിരുവെഴുത്തിലെ, “നിന്റെ ദൈവം വാഴുന്നു” എന്ന സുപ്രധാന വാക്കുകൾ, നാം പ്രസംഗിക്കേണ്ട സന്ദേശം ദൈവരാജ്യത്തിന്റെ സുവാർത്തയാണെന്നു നമ്മെ ഓർമിപ്പിക്കുന്നു. (മർക്കൊസ്‌ 13:10) നമ്മുടെ സന്ദേശത്തിന്റെ അന്തഃസത്ത എത്ര ശ്രേഷ്‌ഠമാണെന്നും ഈ വാക്യം വെളിവാക്കുന്നു. ‘രക്ഷ,’ ‘സുവാർത്ത,’ ‘സമാധാനം,’ ‘നന്മ’ എന്നിങ്ങനെയുള്ള പദങ്ങളാണു യെശയ്യാവ്‌ ഉപയോഗിക്കുന്നത്‌. യെശയ്യാവിന്റെ കാലത്തിനു നൂറ്റാണ്ടുകൾക്കുശേഷം, പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ, യേശുക്രിസ്‌തു ശ്രദ്ധേയമായ ഒരു വിധത്തിൽ ആ പ്രവചനം നിവർത്തിച്ചു. വരാനിരിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള ശുഭകരമായ വാർത്ത തീക്ഷ്‌ണതയോടെ ഘോഷിക്കുന്നതിൽ അവൻ മാതൃകവെച്ചു. (ലൂക്കൊസ്‌ 4:43) ആധുനിക കാലത്ത്‌, വിശേഷിച്ച്‌ 1919 മുതൽ, ദൈവത്തിന്റെ സ്ഥാപിത രാജ്യത്തെയും ആ രാജ്യം കൈവരുത്തുന്ന അനുഗ്രഹങ്ങളെയും കുറിച്ചുള്ള സുവാർത്ത സതീക്ഷ്‌ണം ഘോഷിച്ചുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ യേശുവിന്റെ മാതൃക അനുകരിച്ചിരിക്കുന്നു.

12. അനുകൂലമായി പ്രതികരിക്കുന്നവരിൽ രാജ്യസുവാർത്ത എന്തു ഫലം ഉളവാക്കുന്നു?

12 അനുകൂലമായി പ്രതികരിക്കുന്നവരിൽ രാജ്യസുവാർത്ത എന്തു ഫലം ഉളവാക്കുന്നു? യേശുവിന്റെ കാലത്തെന്നപോലെ ഇന്നും അതു പ്രത്യാശയും ആശ്വാസവും കൈവരുത്തുന്നു. (റോമർ 12:12; 15:4) നല്ലൊരു കാലം വരുമെന്നു വിശ്വസിക്കാൻ ഈടുറ്റ കാരണങ്ങൾ ഉണ്ടെന്നു മനസ്സിലാക്കുമ്പോൾ പരമാർഥഹൃദയമുള്ളവർ പ്രത്യാശാനിർഭരരായിത്തീരുന്നു. (മത്തായി 6:9, 10; 2 പത്രൊസ്‌ 3:13) അത്തരം പ്രത്യാശ, ശുഭാപ്‌തിവിശ്വാസമുള്ളവരായിരിക്കാൻ ദൈവഭയമുള്ളവരെ ഏറെ സഹായിക്കുന്നു. അവർ ‘ദുർവ്വർത്തമാനം നിമിത്തം ഭയപ്പെടുകയില്ല’ എന്ന്‌ സങ്കീർത്തനക്കാരൻ പ്രസ്‌താവിക്കുന്നു.​—⁠സങ്കീർത്തനം 112:1, 7.

‘ഹൃദയംതകർന്നവരെ മുറികെട്ടുന്ന’ സന്ദേശം

13. സുവാർത്ത സ്വീകരിക്കുന്നവർക്ക്‌ ഉടനടി ലഭിക്കുന്ന പ്രയോജനങ്ങളെ യെശയ്യാപ്രവാചകൻ വർണിക്കുന്നത്‌ എങ്ങനെ?

13 നാം പ്രസംഗിക്കുന്ന സുവാർത്ത ശ്രദ്ധിക്കുന്നവർക്ക്‌ ഉടനടി ആശ്വാസവും പ്രയോജനങ്ങളും ലഭിക്കുന്നു. എങ്ങനെ? അത്തരം ചില അനുഗ്രഹങ്ങൾ പരാമർശിച്ചുകൊണ്ട്‌ യെശയ്യാപ്രവാചകൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും . . . അവൻ എന്നെ അയച്ചിരിക്കുന്നു.”​—⁠യെശയ്യാവു 61:​1-3; ലൂക്കൊസ്‌ 4:16-21.

14. (എ) ‘ഹൃദയംതകർന്നവരെ മുറികെട്ടുക’ എന്ന പ്രയോഗം രാജ്യസന്ദേശത്തെക്കുറിച്ച്‌ എന്തു സൂചിപ്പിക്കുന്നു? (ബി) ഹൃദയംതകർന്നവരോടു യഹോവയ്‌ക്കുള്ള വികാരം നമുക്ക്‌ എങ്ങനെ പ്രതിഫലിപ്പിക്കാം?

14 സുവാർത്ത പ്രസംഗിക്കുന്നതിലൂടെ യേശു “ഹൃദയം തകർന്നവരെ മുറികെട്ടു”മെന്ന്‌ പ്രവചനം പറയുന്നു. എത്ര അർഥഗർഭമായ ഒരു ചിത്രമാണ്‌ യെശയ്യാവ്‌ ഇവിടെ വരച്ചുകാട്ടുന്നത്‌! ഒരു വ്യക്തിയുടെ പരുക്കേറ്റ ശരീരഭാഗത്തിന്‌ ആവശ്യമായ താങ്ങു ലഭിക്കാനായി ഒരു നഴ്‌സ്‌, പാഡോ മറ്റോ വെച്ച്‌ അവിടം ചുറ്റിക്കെട്ടുന്നതുപോലെ, രാജ്യദൂതിനോട്‌ അനുകൂലമായി പ്രതികരിക്കുന്നവരും ഏതെങ്കിലും രീതിയിൽ ക്ലേശമനുഭവിക്കുന്നവരും ആയ സകലർക്കും സഹാനുഭൂതിയുള്ള പ്രസാധകർ താങ്ങും ബലവും പ്രദാനംചെയ്യുന്നു. സഹായം ആവശ്യമുള്ളവരെ പിന്താങ്ങുന്നതിലൂടെ അവർ യഹോവയുടെ വികാരം പ്രതിഫലിപ്പിക്കുന്നു. (യെഹെസ്‌കേൽ 34:15, 16) ദൈവത്തെക്കുറിച്ച്‌ സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.”​—⁠സങ്കീർത്തനം 147:⁠3.

രാജ്യസന്ദേശം വ്യക്തികൾക്കു മാറ്റംവരുത്തുന്ന വിധം

15, 16. സഹായം ആവശ്യമുള്ളവർക്കു രാജ്യസന്ദേശം താങ്ങും ബലവും നൽകുന്നുവെന്ന്‌ യഥാർഥ ജീവിതാനുഭവങ്ങൾ പ്രകടമാക്കുന്നത്‌ എങ്ങനെ?

15 ഹൃദയംതകർന്നവർക്കു രാജ്യസന്ദേശം താങ്ങും ബലവും നൽകുന്നത്‌ എങ്ങനെയെന്ന്‌ അനേകം ജീവിതാനുഭവങ്ങൾ പ്രകടമാക്കുന്നു. തെക്കേ അമേരിക്കയിലുള്ള ഒറെയാന എന്ന, പ്രായമായ സ്‌ത്രീയുടെ കാര്യമെടുക്കുക. ജീവിക്കാനുള്ള സകല ആഗ്രഹവും നശിച്ച അവസ്ഥയിലായിരുന്നു അവർ. അങ്ങനെയിരിക്കെ, യഹോവയുടെ സാക്ഷികളിൽ ഒരാൾ ഒറെയാനയെ സന്ദർശിക്കാനും ബൈബിളും എന്റെ ബൈബിൾ കഥാ പുസ്‌തകം എന്ന പ്രസിദ്ധീകരണവും വായിച്ചുകേൾപ്പിക്കാനും തുടങ്ങി. * വിഷാദമഗ്നയായ ആ സ്‌ത്രീ ആദ്യമൊക്കെ കട്ടിലിൽത്തന്നെ കിടക്കുമായിരുന്നു. കണ്ണുകളടച്ചും ഇടയ്‌ക്കിടെ നെടുവീർപ്പിട്ടുകൊണ്ടും, വായിക്കുന്ന കാര്യങ്ങൾ അവർ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ ഏറെ താമസിയാതെ, കട്ടിലിൽ എഴുന്നേറ്റിരുന്ന്‌ വായന ശ്രദ്ധിക്കാൻ അവർ ശ്രമം നടത്തി. കുറേക്കൂടി കഴിഞ്ഞപ്പോൾ, ബൈബിളധ്യാപികയുടെ വരവുംകാത്ത്‌ അവർ സ്വീകരണമുറിയിലെ കസേരയിൽ ഇരിക്കാൻ തുടങ്ങി. തുടർന്ന്‌ ആ സ്‌ത്രീ രാജ്യഹാളിലെ യോഗങ്ങളിൽ സംബന്ധിച്ചു. അവിടെനിന്നു പഠിച്ച കാര്യങ്ങളാൽ പ്രോത്സാഹിതയായിത്തീർന്ന അവർ, വീടിനടുത്തുകൂടി പോകുന്ന എല്ലാവർക്കും ബൈബിൾ പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കാൻ ആരംഭിച്ചു. അങ്ങനെ, 93-ാം വയസ്സിൽ ഒറെയാന യഹോവയുടെ ഒരു സാക്ഷിയായി സ്‌നാപനമേറ്റു. ജീവിതത്തിലേക്കു തിരിച്ചുവരാൻ രാജ്യസന്ദേശം അവർക്കു പ്രേരണയായി.​—⁠സദൃശവാക്യങ്ങൾ 15:30; 16:24.

16 രോഗം നിമിത്തം മരണത്തിന്റെ വക്കിൽ എത്തിനിൽക്കുന്നവരെപ്പോലും രാജ്യസന്ദേശം നിർണായകമായ വിധത്തിൽ പിന്തുണയ്‌ക്കുന്നു. പശ്ചിമ യൂറോപ്പിലെ മരിയയുടെ ദൃഷ്ടാന്തം നോക്കുക. മാരകമായ രോഗം ബാധിച്ചതിനെത്തുടർന്ന്‌ അവളുടെ എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചിരുന്നു. യഹോവയുടെ സാക്ഷികൾ സന്ദർശിക്കുമ്പോൾ തികച്ചും മനസ്സിടിഞ്ഞ ഒരവസ്ഥയിലായിരുന്നു അവൾ. എന്നാൽ ദൈവോദ്ദേശ്യങ്ങളെക്കുറിച്ചു പഠിച്ചപ്പോൾ മരിയയുടെ ജീവിതത്തിനു വീണ്ടും അർഥം കൈവന്നു. അവൾ സ്‌നാപനമേൽക്കുകയും പ്രസംഗപ്രവർത്തനത്തിൽ തീക്ഷ്‌ണതയോടെ ഏർപ്പെടുകയും ചെയ്‌തു. ജീവിതത്തിന്റെ അവസാനത്തെ രണ്ടു വർഷങ്ങളിൽ അവളുടെ കണ്ണുകളിൽ പ്രത്യാശയും ആനന്ദവും നിറഞ്ഞുനിന്നിരുന്നു. പുനരുത്ഥാനത്തിലുള്ള ശക്തമായ പ്രത്യാശയോടെയാണ്‌ അവൾ മരിച്ചത്‌.​—⁠റോമർ 8:38, 39.

17. (എ) രാജ്യസന്ദേശം സ്വീകരിക്കുന്നവരുടെ ജീവിതത്തിൽ അതു മാറ്റങ്ങൾ വരുത്തുന്നത്‌ എങ്ങനെ? (ബി) ‘കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും [യഹോവ] നിവിർത്തുന്നു’ എന്ന്‌ വ്യക്തിപരമായ ഏത്‌ അനുഭവങ്ങളിലൂടെ നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു?

17 ബൈബിൾ സത്യത്തിനായി കാംക്ഷിക്കുന്നവരുടെ ജീവിതത്തിൽ രാജ്യസന്ദേശം വരുത്തുന്ന മാറ്റങ്ങൾക്കു തെളിവാണ്‌ ഇത്തരം റിപ്പോർട്ടുകൾ. പ്രിയപ്പെട്ടവരുടെ മരണത്താൽ ദുഃഖത്തിലാണ്ടുപോയവർ പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു പഠിക്കുമ്പോൾ പുതുചൈതന്യം പ്രാപിക്കുന്നു. (1 തെസ്സലൊനീക്യർ 4:13) ദാരിദ്ര്യത്തിൽ കഴിയുകയും കുടുംബത്തെ പോറ്റാൻ കഷ്ടപ്പെടുകയും ചെയ്യുന്നവർക്ക്‌ അത്‌ ആത്മാഭിമാനവും ധൈര്യവും പകരുന്നു. യഹോവയോടു വിശ്വസ്‌തരായിരിക്കുന്നെങ്കിൽ അവൻ ഒരുനാളും തങ്ങളെ കൈവിടുകയില്ലെന്ന്‌ അവർ മനസ്സിലാക്കുന്നു. (സങ്കീർത്തനം 37:28) വിഷാദവുമായി മല്ലിടുന്ന അനേകർ യഹോവയുടെ സഹായത്താൽ ക്രമേണ അതിനെ നേരിടാനുള്ള ശക്തിയാർജിക്കുന്നു. ചിലപ്പോഴെല്ലാം അവർ അതിനെ തരണം ചെയ്യുകപോലും ചെയ്യുന്നു. (സങ്കീർത്തനം 40:1, 2) തന്റെ വചനത്തിലൂടെ പ്രദാനംചെയ്യുന്ന ശക്തിയാൽ ഇപ്പോൾപ്പോലും യഹോവ “കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും . . . നിവിർത്തുന്നു” എന്നതാണു സത്യം. (സങ്കീർത്തനം 145:14) നമ്മുടെ പ്രദേശത്തും സഭയിലും ഉള്ള ഹൃദയംതകർന്നവർക്ക്‌ രാജ്യത്തിന്റെ സുവാർത്ത ആശ്വാസം പകരുന്നത്‌ എങ്ങനെയെന്നു നിരീക്ഷിക്കുമ്പോൾ, ഇന്നു ലഭ്യമായിട്ടുള്ളതിലേക്കും അത്യുത്തമമായ വാർത്തയാണു നമ്മുടെ പക്കലുള്ളതെന്നു നാം വീണ്ടുംവീണ്ടും ഓർമിപ്പിക്കപ്പെടുന്നു!​—⁠സങ്കീർത്തനം 51:17.

‘അവർക്കുവേണ്ടി ദൈവത്തോടുള്ള എന്റെ യാചന’

18. യഹൂദന്മാർ സുവാർത്ത തള്ളിക്കളഞ്ഞപ്പോൾ പൗലൊസ്‌ എങ്ങനെ പ്രതികരിച്ചു, എന്തുകൊണ്ട്‌?

18 നമ്മുടെ സന്ദേശം അത്യുത്തമമായ ഒന്നായിരുന്നിട്ടും അനേകർ അതു തള്ളിക്കളയുന്നു. അതു നമ്മിൽ എന്തു പ്രതികരണം ഉളവാക്കിയേക്കാം? അപ്പൊസ്‌തലനായ പൗലൊസിനു തോന്നിയതുപോലെതന്നെയാണു നമുക്കും തോന്നുന്നത്‌. അവൻ യഹൂദന്മാരോടു കൂടെക്കൂടെ പ്രസംഗിച്ചെങ്കിലും അവരിലനേകരും ആ രക്ഷാസന്ദേശം തള്ളിക്കളഞ്ഞു. അത്‌ അവനു വലിയ മനോവേദന ഉളവാക്കി. “എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ട്‌” എന്ന്‌ അവൻ സമ്മതിച്ചുപറഞ്ഞു. (റോമർ 9:2) താൻ സുവിശേഷം അറിയിച്ച യഹൂദന്മാരോട്‌ പൗലൊസിന്‌ അനുകമ്പയുണ്ടായിരുന്നു. അവർ അതു തള്ളിക്കളഞ്ഞപ്പോൾ അവനു ദുഃഖം തോന്നി.

19. (എ) ചിലപ്പോഴൊക്കെ നമുക്കു നിരുത്സാഹം തോന്നിയേക്കാമെന്നതു സ്വാഭാവികം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) പ്രസംഗവേലയിൽ തുടരാൻ പൗലൊസിനെ സഹായിച്ചത്‌ എന്ത്‌?

19 അനുകമ്പയാണു നമ്മെയും പ്രസംഗ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നത്‌. അതുകൊണ്ട്‌ അനേകരും രാജ്യസന്ദേശം തള്ളിക്കളയുമ്പോൾ നിരുത്സാഹം തോന്നുമെന്നതു സ്വാഭാവികമാണ്‌. നാം സുവിശേഷം അറിയിക്കുന്ന ആളുകളുടെ ആത്മീയക്ഷേമത്തിൽ നമുക്കു യഥാർഥ താത്‌പര്യമുണ്ടെന്ന്‌ അതു പ്രകടമാക്കുന്നു. എങ്കിലും പൗലൊസ്‌ അപ്പൊസ്‌തലന്റെ ദൃഷ്ടാന്തം നാം ഓർക്കണം. പ്രസംഗവേലയിൽ തുടരാൻ അവനെ എന്താണു സഹായിച്ചത്‌? യഹൂദന്മാർ സുവാർത്ത തള്ളിക്കളഞ്ഞത്‌ അവനെ ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തെങ്കിലും അവരിൽ ആരും അനുകൂലമായി പ്രതികരിക്കുകയില്ലെന്ന്‌ അവൻ വിധിയെഴുതിയില്ല. ചിലരെങ്കിലും ക്രിസ്‌തുവിനെ സ്വീകരിക്കുമെന്നുതന്നെയായിരുന്നു അവന്റെ പ്രതീക്ഷ. ഓരോ യഹൂദനെയുംകുറിച്ചുള്ള തന്റെ വികാരം പ്രതിഫലിപ്പിച്ചുകൊണ്ട്‌ അവൻ ഇങ്ങനെ എഴുതി: “അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്‌ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.”​—⁠റോമർ 10:⁠1.

20, 21. (എ) ശുശ്രൂഷയുടെ കാര്യത്തിൽ പൗലൊസിന്റെ ദൃഷ്ടാന്തം നമുക്ക്‌ എങ്ങനെ പിൻപറ്റാം? (ബി) അടുത്ത ലേഖനത്തിൽ ശുശ്രൂഷയുടെ ഏതു വശം നാം പരിചിന്തിക്കും?

20 പൗലൊസ്‌ എടുത്തുപറഞ്ഞ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക. ചിലരെങ്കിലും രക്ഷപ്രാപിക്കണമെന്നത്‌ അവന്റെ ഹൃദയവാഞ്‌ഛയായിരുന്നു. അതിനായി അവൻ ദൈവത്തോടു പ്രാർഥിക്കുകയും ചെയ്‌തു. നാം ഇന്നു പൗലൊസിന്റെ ദൃഷ്ടാന്തം അനുകരിക്കുന്നു. സുവാർത്തയോട്‌ അനുകൂലമായി പ്രതികരിച്ചേക്കാവുന്ന ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെ കണ്ടെത്താൻ നാം ഹൃദയംഗമമായി ആഗ്രഹിക്കുന്നു. അവരെ കണ്ടെത്താനും രക്ഷയിലേക്കു നയിക്കുന്ന പാതയിൽ സഞ്ചരിക്കാൻ അവരെ സഹായിക്കാനും നമുക്കു കഴിയേണ്ടതിനു നാം യഹോവയോടു തുടർച്ചയായി പ്രാർഥിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 11:30; യെഹെസ്‌കേൽ 33:11; യോഹന്നാൻ 6:44.

21 എന്നാൽ കഴിയുന്നത്ര വ്യക്തികളുമായി രാജ്യസന്ദേശം പങ്കുവെക്കാൻ എന്തുകൊണ്ട്‌ പ്രസംഗിക്കുന്നു, എന്തു പ്രസംഗിക്കുന്നു എന്നിവയോടൊപ്പം എങ്ങനെ പ്രസംഗിക്കുന്നു എന്നതിനും നാം ശ്രദ്ധകൊടുക്കണം. അടുത്ത ലേഖനം ഈ വിഷയം പരിചിന്തിക്കുന്നതായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 4 ഈ ലേഖനത്തിൽ ആദ്യത്തെ രണ്ടു വശങ്ങളും, അടുത്ത ലേഖനത്തിൽ മൂന്നാമത്തേതും നാം പരിചിന്തിക്കും.

^ ഖ. 15 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾ എന്തു പഠിച്ചിരിക്കുന്നു?

• നാം ശുശ്രൂഷയിൽ പങ്കുപറ്റുന്നതിന്റെ കാരണങ്ങൾ ഏവ?

• നാം ഘോഷിക്കുന്ന പ്രധാന സന്ദേശം എന്ത്‌?

• രാജ്യസന്ദേശം സ്വീകരിക്കുന്നവർ എന്ത്‌ അനുഗ്രഹങ്ങൾ പ്രാപിക്കുന്നു?

• ശുശ്രൂഷയിൽ തുടരാൻ നമ്മെ എന്തു സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രങ്ങൾ]

രാജ്യസന്ദേശം ഹൃദയംതകർന്നവരെ ബലപ്പെടുത്തുന്നു

[20-ാം പേജിലെ ചിത്രങ്ങൾ]

ശുശ്രൂഷയിൽ സഹിച്ചുനിൽക്കാൻ പ്രാർഥന നമ്മെ സഹായിക്കുന്നു