വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനശ്ശാന്തി തേടി . . .

മനശ്ശാന്തി തേടി . . .

മനശ്ശാന്തി തേടി . . .

സന്തുഷ്ട ദാമ്പത്യം, മിടുക്കരായ രണ്ടു കുട്ടികൾ, എന്നിട്ടും ജീവിതത്തിൽ എന്തിന്റെയോ അഭാവം ആൽബർട്ടിന്‌ അനുഭവപ്പെട്ടു. ഒരു തൊഴിൽ കണ്ടെത്താൻ പാടുപെടുന്നതിനിടയിൽ അദ്ദേഹം രാഷ്‌ട്രീയത്തിൽ ചെന്നുപെട്ടു, സോഷ്യലിസം സ്വീകരിച്ചു. പ്രാദേശിക കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സജീവ അംഗമായിത്തീരുകപോലും ചെയ്‌തു.

എന്നാൽ കമ്മ്യൂണിസം പെട്ടെന്നുതന്നെ ആൽബർട്ടിനെ നിരാശനാക്കുകയാണുണ്ടായത്‌. അദ്ദേഹം രാഷ്‌ട്രീയം ഉപേക്ഷിച്ച്‌ തന്റെ കുടുംബത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു. കുടുംബത്തിന്റെ സന്തോഷമായിരുന്നു പിന്നെ അദ്ദേഹത്തിന്റെ ജീവിതോദ്ദേശ്യം. എങ്കിലും, ആൽബർട്ടിന്റെ ഉള്ളിൽ പിന്നെയും ഒരു ശൂന്യത നിഴലിച്ചിരുന്നു, യഥാർഥ മനശ്ശാന്തി അദ്ദേഹത്തിന്‌ അപ്പോഴും ലഭിച്ചില്ല.

ആൽബർട്ടിന്റേതുപോലുള്ള അനുഭവം ഒട്ടും വിരളമല്ല. ജീവിതത്തിന്‌ അർഥപൂർണമായ ഒരു ഉദ്ദേശ്യം കണ്ടെത്താനായി കോടിക്കണക്കിനാളുകൾ വിവിധ പ്രത്യയശാസ്‌ത്രങ്ങളും തത്ത്വശാസ്‌ത്രങ്ങളും മതങ്ങളും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്‌. പാശ്ചാത്യലോകം 1960-കളിൽ ഹിപ്പി പ്രസ്ഥാനത്തിന്റെ ഉദയംകണ്ടു, പരമ്പരാഗത ധാർമിക സാമൂഹിക മൂല്യങ്ങളോടുള്ള മത്സരമായിരുന്നു ആ പ്രസ്ഥാനം. വിശേഷിച്ചും യുവജനങ്ങൾ സന്തുഷ്ടിയും ജീവിതത്തിന്റെ അർഥവും അന്വേഷിച്ച്‌ ലഹരിമരുന്നുകളിലും ഹിപ്പിപ്രസ്ഥാനത്തിന്റെ ആധ്യാത്മിക ആചാര്യന്മാരുടെയും ആത്മീയ നേതാക്കളുടെയും തത്ത്വശാസ്‌ത്രങ്ങളിലും അഭയംതേടി. പക്ഷേ, യഥാർഥ സന്തുഷ്ടി കൊണ്ടുവരാൻ ഈ പ്രസ്ഥാനത്തിനു കഴിഞ്ഞില്ല. പകരം, അതു മയക്കുമരുന്ന്‌ ആസക്തരെയും കുത്തഴിഞ്ഞ ധാർമികതയുള്ള യുവാക്കളെയും സൃഷ്ടിക്കുകയും ധാർമിക ആശയക്കുഴപ്പത്തിലേക്കുള്ള സമൂഹത്തിന്റെ പതനത്തിന്‌ ആക്കംകൂട്ടുകയുമാണു ചെയ്‌തത്‌.

സമ്പത്ത്‌, അധികാരം, വിദ്യാഭ്യാസം എന്നിവയിലൂടെ സന്തുഷ്ടി കണ്ടെത്താൻ നൂറ്റാണ്ടുകളിലുടനീളം അനേകർ ശ്രമിച്ചിട്ടുണ്ട്‌. ഈ മാർഗങ്ങളെല്ലാം ഒടുവിൽ നിരാശയിലേക്കു നയിക്കുന്നു. “ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നത്‌,” യേശു പറഞ്ഞു. (ലൂക്കൊസ്‌ 12:15) ധനം വാരിക്കൂട്ടാനുള്ള ശ്രമങ്ങൾ സാധാരണ അസന്തുഷ്ടിയിലാണു കലാശിക്കുക. ബൈബിൾ പറയുന്നു: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു . . . ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”​—⁠1 തിമൊഥെയൊസ്‌ 6:9, 10.

അങ്ങനെയെങ്കിൽ, ഒരുവന്‌ മനശ്ശാന്തിയും ജീവിതത്തിന്‌ ഒരു ഉദ്ദേശ്യവും കണ്ടെത്താൻ എങ്ങനെ കഴിയും? പൊട്ടക്കണ്ണന്റെ മാവേലേറു പോലെ, ജീവിതംകൊണ്ട്‌ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി കണ്ടുപിടിക്കേണ്ട ഒന്നാണോ അത്‌? തീർച്ചയായും അല്ല. മനുഷ്യനു മാത്രമുള്ള ഒരു സുപ്രധാന ആവശ്യം തൃപ്‌തിപ്പെടുത്തുന്നതിലൂടെ മാത്രമേ അതു കണ്ടെത്താനാവൂ. അടുത്ത ലേഖനത്തിൽ നാം അതു കാണാൻ പോകുകയാണ്‌.

[3-ാം പേജിലെ ചിത്രം]

സമ്പത്ത്‌, അധികാരം, വിദ്യാഭ്യാസം എന്നിവ തേടിപ്പോകുന്നത്‌ മനശ്ശാന്തി കണ്ടെത്താൻ നിങ്ങളെ സഹായിക്കുമോ?