വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത

സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത

സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത

“നിങ്ങൾ . . . ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.”​—⁠പ്രവൃത്തികൾ 1:8.

1. ബൈബിളധ്യാപകരെന്ന നിലയിൽ നാം എന്തിനു ശ്രദ്ധകൊടുക്കുന്നു, എന്തുകൊണ്ട്‌?

പ്രാപ്‌തരായ അധ്യാപകർ, വിദ്യാർഥികളോട്‌ എന്തു പറയുന്നു എന്നതിൽ മാത്രമല്ല എങ്ങനെ പറയുന്നു എന്നതിലും ശ്രദ്ധിക്കുന്നു. ബൈബിൾസത്യം പഠിപ്പിക്കുന്നവരെന്ന നിലയിൽ നമ്മളും അതുതന്നെയാണു ചെയ്യുന്നത്‌. പ്രസംഗിക്കുന്ന സന്ദേശത്തിനും അതു മറ്റുള്ളവർക്ക്‌ എത്തിച്ചുകൊടുക്കാനായി സ്വീകരിക്കുന്ന മാർഗങ്ങൾക്കും നാം ശ്രദ്ധകൊടുക്കുന്നു. ദൈവരാജ്യത്തിന്റെ സുവിശേഷം എന്ന നമ്മുടെ സന്ദേശത്തിനു യാതൊരു മാറ്റവുമില്ല. എന്നാൽ അത്‌ ആളുകൾക്ക്‌ എത്തിച്ചുകൊടുക്കുന്നതിന്‌ സാഹചര്യത്തിനനുസൃതമായി നാം വ്യത്യസ്‌ത മാർഗങ്ങൾ സ്വീകരിക്കുന്നു. എന്തുകൊണ്ടെന്നാൽ കഴിയുന്നത്ര ആളുകളുമായി സുവാർത്ത പങ്കുവെക്കാൻ നാം ആഗ്രഹിക്കുന്നു.

2. പ്രസംഗിക്കാൻ വ്യത്യസ്‌ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ നാം ആരെയാണ്‌ അനുകരിക്കുന്നത്‌?

2 പ്രസംഗിക്കാൻ വ്യത്യസ്‌ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ നാം പുരാതനകാലത്തെ ദൈവദാസന്മാരെയാണ്‌ അനുകരിക്കുന്നത്‌. അപ്പൊസ്‌തലനായ പൗലൊസിന്റെ കാര്യമെടുക്കുക. തന്നെക്കുറിച്ച്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; . . . ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി. ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.” (1 കൊരിന്ത്യർ 9:19-23) പൗലൊസിന്റെ വഴക്കമുള്ള സമീപനരീതി ഫലപ്രദമായിരുന്നു. നാം സംസാരിക്കുന്ന വ്യക്തികളുടെ ആവശ്യങ്ങളും വികാരങ്ങളും കണക്കിലെടുത്തുകൊണ്ട്‌ അവതരണം പൊരുത്തപ്പെടുത്തുന്നെങ്കിൽ നല്ല ഫലം കൊയ്യാൻ നമുക്കും സാധിക്കും.

‘ഭൂസീമകളിലേക്ക്‌’

3. (എ) പ്രസംഗപ്രവർത്തനത്തോടു ബന്ധപ്പെട്ട്‌ നാം എന്തു വെല്ലുവിളി നേരിടുന്നു? (ബി) യെശയ്യാവു 45:​22-ലെ വാക്കുകൾ ഇന്നു നിവൃത്തിയേറുന്നത്‌ എങ്ങനെ?

3 പ്രവർത്തനപ്രദേശം “ഭൂലോകത്തിൽ ഒക്കെയും” വ്യാപിച്ചുകിടക്കുന്നു എന്നതാണു സുവാർത്താപ്രസംഗകർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. (മത്തായി 24:14) പുതിയ ദേശങ്ങളിലേക്കു സുവാർത്ത വ്യാപിപ്പിക്കാൻ യഹോവയുടെ അനേകം ദാസന്മാർ കഴിഞ്ഞ നൂറ്റാണ്ടിൽ കഠിനമായി യത്‌നിച്ചു. ഫലമോ? ലോകവ്യാപകമായി അതിശയകരമായ വർധനയുണ്ടായി. 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ചുരുക്കം ചില ദേശങ്ങളിൽമാത്രമേ പ്രസംഗപ്രവർത്തനം നടന്നിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ യഹോവയുടെ സാക്ഷികൾ 235 ദേശങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു! അതേ, രാജ്യസുവാർത്ത ‘ഭൂസീമകളിലേക്കു’പോലും കടന്നുചെന്നിരിക്കുന്നു.​—⁠യെശയ്യാവു 45:​22.

4, 5. (എ) സുവാർത്ത വ്യാപിപ്പിക്കുന്നതിൽ ആർ ഒരു സുപ്രധാന പങ്കുവഹിച്ചിരിക്കുന്നു? (ബി) തങ്ങളുടെ പ്രദേശത്തു സേവിക്കുന്ന, വിദേശത്തുനിന്നുള്ളവരെക്കുറിച്ച്‌ ചില ബ്രാഞ്ച്‌ ഓഫീസുകൾ എന്തു പറഞ്ഞിരിക്കുന്നു?

4 ഈ പുരോഗതിക്കു കാരണം എന്താണ്‌? പല കാര്യങ്ങളുണ്ട്‌. വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽനിന്നു പരിശീലനം നേടിയ മിഷനറിമാരും, അടുത്തകാലത്ത്‌ ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നു ബിരുദം നേടിയ 20,000-ത്തോളം പേരും അതിമഹത്തായ പ്രവർത്തനം കാഴ്‌ചവെച്ചിരിക്കുന്നു. ഇതിനുപുറമേ, കൂടുതൽ രാജ്യപ്രസാധകരെ ആവശ്യമുള്ള ദേശങ്ങളിൽ സേവിക്കാനായി അനേകം സാക്ഷികൾ സ്വന്തം ചെലവിൽ അവിടങ്ങളിലേക്കു മാറിത്താമസിച്ചിരിക്കുന്നു. പുരുഷന്മാരും സ്‌ത്രീകളും ചെറുപ്പക്കാരും പ്രായമായവരും വിവാഹിതരും അവിവാഹിതരും ആയ, ആത്മത്യാഗികളായ അത്തരം ക്രിസ്‌ത്യാനികൾ രാജ്യസന്ദേശം ലോകമെമ്പാടും ഘോഷിക്കുന്നതിൽ ഒരു സുപ്രധാന പങ്കുവഹിക്കുന്നു. (സങ്കീർത്തനം 110:3; റോമർ 10:18) അവരുടെ സേവനത്തെ നാം വളരെ വിലമതിക്കുന്നു. പ്രവർത്തകരുടെ ആവശ്യം കൂടുതലുള്ള ചില സ്ഥലങ്ങളിൽ വിദേശത്തുനിന്നു വന്ന്‌ സേവിക്കുന്നവരെക്കുറിച്ച്‌ അവിടങ്ങളിലെ ബ്രാഞ്ച്‌ ഓഫീസുകൾ എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക.

5 “പ്രിയങ്കരരായ ഈ സാക്ഷികൾ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രസംഗിക്കുന്നതിനു നേതൃത്വമെടുക്കുകയും പുതിയ സഭകൾ സ്ഥാപിക്കാൻ സഹായിക്കുകയും പ്രാദേശിക സഹോദരീസഹോദരന്മാരുടെ ആത്മീയ വളർച്ചയിൽ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു.” (ഇക്വഡോർ) “ഇവിടെ സേവിക്കുന്ന വിദേശികളായ നൂറുകണക്കിനു സഹോദരങ്ങൾക്കു മടങ്ങിപ്പോകേണ്ടതായിവന്നാൽ, അതു സഭകൾക്കു കനത്ത ആഘാതമായിരിക്കും. അവരുടെ സാമീപ്യം ഞങ്ങൾക്കൊരു അനുഗ്രഹമാണ്‌.” (ഡൊമിനിക്കൻ റിപ്പബ്ലിക്ക്‌) “ഞങ്ങളുടെ മിക്ക സഭകളിലും കൂടുതൽപേരും സഹോദരിമാരാണ്‌, ചില സഭകളിൽ 70 ശതമാനത്തോളംപോലും. (സങ്കീർത്തനം 68:11) പുതുതായി സത്യത്തിൽ വന്നവരാണ്‌ അവരിലനേകരും. എന്നാൽ മറ്റു ദേശങ്ങളിൽനിന്നു വന്നിട്ടുള്ള അവിവാഹിതരായ പയനിയർ സഹോദരിമാർ ഈ പുതിയവർക്കു പരിശീലനം നൽകിക്കൊണ്ട്‌ അമൂല്യമായ പിന്തുണ നൽകുന്നു. യഥാർഥത്തിൽ വിദേശികളായ ഈ സഹോദരിമാർ, ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന ഒരു സമ്മാനമാണ്‌!” (പൂർവയൂറോപ്പിലുള്ള ഒരു ദേശം) മറ്റൊരു പ്രദേശത്തു സേവിക്കുന്നതിനെക്കുറിച്ച്‌ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? *​—⁠പ്രവൃത്തികൾ 16:9, 10.

‘സകലഭാഷകളിലുംനിന്നുള്ള പത്തുപേർ’

6. പ്രസംഗപ്രവർത്തനത്തിൽ നാം അഭിമുഖീകരിക്കുന്ന ഭാഷാപരമായ വെല്ലുവിളിയിലേക്കു സെഖര്യാവു 8:23 വിരൽചൂണ്ടുന്നത്‌ എങ്ങനെ?

6 ഭാഷയാണ്‌ മറ്റൊരു പ്രധാന വെല്ലുവിളി. ഭൂമിയിലെങ്ങും ആളുകൾ ഒട്ടനവധി ഭാഷകൾ സംസാരിക്കുന്നുവെന്നു നമുക്കറിയാം. ദൈവവചനം ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ആ കാലത്തു ജാതികളുടെ [ജനതകളുടെ] സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്‌ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.” (സെഖര്യാവു 8:23) ഈ പ്രവചനത്തിന്റെ ആധുനിക നിവൃത്തിയിൽ “പത്തുപേർ,” വെളിപ്പാടു 7:9-ൽ പ്രവചിക്കപ്പെട്ടിരിക്കുന്ന മഹാപുരുഷാരത്തെ ചിത്രീകരിക്കുന്നു. ഇവർ സകല ജനതകളിൽനിന്നു മാത്രമല്ല, ‘ജനതകളുടെ സകലഭാഷകളിലുംനിന്നു’ വരുന്നതായി സെഖര്യാവ്‌ പ്രവചിക്കുന്നു എന്നതു ശ്രദ്ധിക്കുക. പ്രവചനത്തിന്റെ ഈ സുപ്രധാന വശം നിവൃത്തിയേറിയിരിക്കുന്നതായി നമുക്കു കാണാൻ കഴിയുന്നുണ്ടോ? തീർച്ചയായും.

7. “സകലഭാഷകളിലുംനിന്നു”ള്ളവർക്കു സുവാർത്ത എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഏതു സ്ഥിതിവിവരക്കണക്കുകൾ പ്രകടമാക്കുന്നു?

7 ചില സ്ഥിതിവിവരക്കണക്കുകൾ പരിചിന്തിക്കുക. അമ്പതു വർഷംമുമ്പ്‌ നമ്മൾ 90 ഭാഷകളിൽ സാഹിത്യം പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന്‌ ആ സംഖ്യ 400-ലും അധികമായി ഉയർന്നിരിക്കുന്നു. താരതമ്യേന വളരെ കുറച്ചുപേർ സംസാരിക്കുന്ന ഭാഷകളിൽപ്പോലും സാഹിത്യം ലഭ്യമാക്കുന്നതിൽ “വിശ്വസ്‌തനും വിവേകിയുമായ അടിമ” കഴിവിന്റെ പരമാവധി പ്രവർത്തിച്ചിരിക്കുന്നു. (മത്തായി 24:45, NW) ഉദാഹരണത്തിന്‌, 47,000 പേർ സംസാരിക്കുന്ന ഗ്രീൻലാൻഡിക്‌, 15,000 പേർ സംസാരിക്കുന്ന പലാവുവൻ, 7,000-ത്തോളം പേർ സംസാരിക്കുന്ന യാപ്പിസ്‌ എന്നീ ഭാഷകളിൽ ഇപ്പോൾ ബൈബിൾസാഹിത്യം ലഭ്യമാണ്‌.

പുതിയ അവസരങ്ങളിലേക്കുള്ള ‘ഒരു വലിയ വാതിൽ’

8, 9. ഏതു സംഭവവികാസം നമുക്ക്‌ ‘ഒരു വലിയ വാതിൽ’ തുറന്നുതന്നിരിക്കുന്നു, ആയിരക്കണക്കിനു സാക്ഷികൾ അതിനോട്‌ എങ്ങനെ പ്രതികരിച്ചിരിക്കുന്നു?

8 അന്യഭാഷക്കാരോടു സുവാർത്ത പ്രസംഗിക്കാൻ ഇക്കാലത്തു നാം വിദേശത്തേക്കു പോകേണ്ടതില്ല. അടുത്തകാലത്ത്‌, സാമ്പത്തിക ഭദ്രതയുള്ള ദേശങ്ങളിൽ എത്തിച്ചേർന്നിരിക്കുന്ന കോടിക്കണക്കിനു കുടിയേറ്റക്കാരും അഭയാർഥികളും വിവിധ ഭാഷാക്കൂട്ടങ്ങൾക്കു ജന്മം നൽകിയിരിക്കുന്നു. ഉദാഹരണത്തിന്‌, ഫ്രാൻസിലെ പാരീസിൽ ഏകദേശം 100-ഉം കാനഡയിലെ ടൊറന്റോയിൽ 125-ഉം ഭാഷാക്കൂട്ടങ്ങൾ ഉണ്ട്‌. ഇംഗ്ലണ്ടിലെ ലണ്ടനിൽ 300-ലധികം വിദേശ ഭാഷാക്കൂട്ടങ്ങളാണുള്ളത്‌! മറ്റു ദേശക്കാർ തങ്ങളുടെ പ്രവർത്തനപ്രദേശങ്ങളിൽ എത്തിയിരിക്കുന്നത്‌, സകല ജനതകളിലുംപെട്ടവരോടു സുവാർത്ത പ്രസംഗിക്കാനുള്ള അവസരം നൽകിക്കൊണ്ട്‌ അനേകം സഭകൾക്കും ‘ഒരു വലിയ വാതിൽ’ തുറന്നുകൊടുത്തിരിക്കുന്നു.​—⁠1 കൊരിന്ത്യർ 16:⁠9.

9 മറ്റു ഭാഷകൾ പഠിച്ചുകൊണ്ട്‌ ഈ വെല്ലുവിളി സ്വീകരിക്കാൻ ആയിരക്കണക്കിനു സാക്ഷികൾ മുന്നോട്ടുവന്നിരിക്കുന്നു. അവരിലനേകർക്കും ഇതത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ദൈവവചനത്തിലുള്ള സത്യം പഠിക്കാൻ കുടിയേറ്റക്കാരെയും അഭയാർഥികളെയും സഹായിക്കുമ്പോൾ അനുഭവിക്കാൻ കഴിയുന്ന സന്തോഷം അത്തരം കഷ്ടപ്പാടുകളെയെല്ലാം കടത്തിവെട്ടുന്നു. സമീപകാലത്ത്‌ ഒരു പശ്ചിമ യൂറോപ്യൻ രാജ്യത്തു നടന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ സ്‌നാപനമേറ്റവരിൽ ഏകദേശം 40 ശതമാനവും അന്യദേശക്കാർ ആയിരുന്നു.

10. സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്‌തകം നിങ്ങൾ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു? (26-ാം പേജിലുള്ള, “സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്‌തകത്തിന്റെ സവിശേഷതകൾ” എന്ന ചതുരം കാണുക.)

10 നമ്മിൽ പലരും ഒരു വിദേശ ഭാഷ പഠിക്കാൻ പറ്റിയ സ്ഥാനത്തല്ലെന്നുള്ളതു ശരിയാണ്‌. എന്നിരുന്നാലും ഈയിടെ പ്രസിദ്ധീകരിച്ച, സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത * എന്ന ചെറുപുസ്‌തകം നന്നായി ഉപയോഗിച്ചുകൊണ്ട്‌ അന്യഭാഷക്കാരെ സഹായിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ നമുക്കു കഴിയും. അതിൽ, ആകർഷകമായ ബൈബിൾസന്ദേശം പല ഭാഷകളിൽ കൊടുത്തിരിക്കുന്നു. (യോഹന്നാൻ 4:37) ശുശ്രൂഷയിൽ ഈ ചെറുപുസ്‌തകം നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ?

അനുകൂല പ്രതികരണം ഇല്ലാത്തപ്പോൾ

11. ചില പ്രദേശങ്ങളിൽ കൂടുതലായ ഏതു വെല്ലുവിളി നാം അഭിമുഖീകരിക്കുന്നു?

11 ഭൂമിയിൽ സാത്താന്റെ സ്വാധീനം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കെ, മറ്റൊരു വെല്ലുവിളികൂടെ നാം അഭിമുഖീകരിക്കുന്നു​—⁠ചില പ്രദേശങ്ങളിൽ നമ്മുടെ സന്ദേശത്തിന്‌ ഒട്ടുംതന്നെ അനുകൂല പ്രതികരണം ലഭിക്കുന്നില്ല. അതു നമ്മെ ആശ്ചര്യപ്പെടുത്തുന്നില്ല. കാരണം ഇത്തരം സാഹചര്യം ഉണ്ടാകുമെന്ന്‌ യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. നമ്മുടെ നാളിനെക്കുറിച്ച്‌ അവൻ പറഞ്ഞു: “അനേകരുടെ സ്‌നേഹം തണുത്തുപോകും.” (മത്തായി 24:12) അതേ, അനേകർക്കും ഇന്നു ദൈവത്തിലുള്ള വിശ്വാസവും ബൈബിളിനോടുള്ള ആദരവും വലിയ അളവിൽ നഷ്ടമായിരിക്കുന്നു. (2 പത്രൊസ്‌ 3:3, 4) തത്‌ഫലമായി ലോകത്തിന്റെ ചില ഭാഗങ്ങളിൽ, ക്രിസ്‌തുവിന്റെ ശിഷ്യരായിത്തീരുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്‌. എന്നാൽ പ്രതികരണം ഇല്ലാത്ത അത്തരം പ്രദേശങ്ങളിൽ വിശ്വസ്‌തതയോടെ പ്രസംഗിക്കുന്ന നമ്മുടെ പ്രിയ സഹോദരീസഹോദരന്മാരുടെ പ്രയത്‌നങ്ങളെല്ലാം വ്യർഥമാണെന്ന്‌ ഇതർഥമാക്കുന്നില്ല. (എബ്രായർ 6:10) എന്തുകൊണ്ട്‌? പിൻവരുന്ന വസ്‌തുത പരിചിന്തിക്കുക.

12. പ്രസംഗപ്രവർത്തനത്തിന്റെ രണ്ടു ലക്ഷ്യങ്ങൾ ഏവ?

12 മത്തായിയുടെ സുവിശേഷം നമ്മുടെ പ്രസംഗപ്രവർത്തനത്തിന്റെ രണ്ടു സുപ്രധാന ലക്ഷ്യങ്ങൾ പ്രദീപ്‌തമാക്കുന്നു. ‘സകല [ജനതകളെയും] ശിഷ്യരാക്കുക’ എന്നതാണ്‌ അതിലൊന്ന്‌. (മത്തായി 28:20) കൂടാതെ, രാജ്യസന്ദേശം ഒരു “സാക്ഷ്യമായി” ഉതകുകയും ചെയ്യുന്നു. (മത്തായി 24:14) ഈ രണ്ടു ലക്ഷ്യങ്ങളും പ്രധാനമാണ്‌. എന്നാൽ രണ്ടാമതു പറഞ്ഞതാണു വിശേഷാൽ ശ്രദ്ധേയം. എന്തുകൊണ്ട്‌?

13, 14. (എ) ക്രിസ്‌തുവിന്റെ സാന്നിധ്യം സംബന്ധിച്ച അടയാളത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത എന്ത്‌? (ബി) നാം എന്ത്‌ ഓർക്കണം, വിശേഷിച്ചും പ്രതികരണം കുറഞ്ഞ പ്രദേശങ്ങളിൽ പ്രസംഗിക്കുമ്പോൾ?

13 “നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്ത്‌” എന്ന്‌ അപ്പൊസ്‌തലന്മാർ യേശുവിനോടു ചോദിച്ചതായി ബൈബിളെഴുത്തുകാരനായ മത്തായി രേഖപ്പെടുത്തുന്നു. (മത്തായി 24:3) ആഗോള പ്രസംഗപ്രവർത്തനം ആ അടയാളത്തിന്റെ ഒരു മുഖ്യ സവിശേഷത ആയിരിക്കുമെന്ന്‌ യേശു മറുപടി പറഞ്ഞു. ശിഷ്യരെ ഉളവാക്കുന്നതിനെയാണോ യേശു അർഥമാക്കിയത്‌? അല്ല. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്നാണ്‌ അവൻ പറഞ്ഞത്‌. (മത്തായി 24:14) അങ്ങനെ രാജ്യപ്രസംഗവേലതന്നെ അടയാളത്തിന്റെ ഒരു പ്രമുഖ ഭാഗമായിരിക്കുമെന്ന്‌ യേശു പ്രകടമാക്കി.

14 അതുകൊണ്ട്‌ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കവേ, ഒരു കാര്യം നമുക്ക്‌ ഓർക്കാം: ശിഷ്യരെ ഉളവാക്കുന്നതിൽ നാം എല്ലായ്‌പോഴും വിജയിക്കുന്നില്ലെങ്കിൽപ്പോലും ‘സാക്ഷ്യം’ നൽകുന്നതിൽ നാം തീർച്ചയായും വിജയിച്ചുകൊണ്ടിരിക്കുകയാണ്‌. ആളുകളുടെ പ്രതികരണം എന്തുതന്നെ ആയിരുന്നാലും, നാം എന്താണു ചെയ്യുന്നതെന്ന്‌ അവർക്കറിയാം. അങ്ങനെ, യേശുവിന്റെ പ്രവചനം നിവർത്തിക്കുന്നതിൽ നാം പങ്കുപറ്റുന്നു. (യെശയ്യാവു 52:7; വെളിപ്പാടു 14:6, 7) പശ്ചിമ യൂറോപ്പിലുള്ള ജോർഡി എന്ന യുവസാക്ഷി ഇങ്ങനെ പറഞ്ഞു: “മത്തായി 24:​14-ന്റെ നിവൃത്തിയിൽ പങ്കുപറ്റാൻ യഹോവ എന്നെ ഉപയോഗിക്കുകയാണെന്ന്‌ അറിയുന്നത്‌ എന്നെ സന്തുഷ്ടനാക്കുന്നു.” (2 കൊരിന്ത്യർ 2:15-17) നിങ്ങൾക്കും അങ്ങനെതന്നെയാണു തോന്നുന്നത്‌ എന്നതിനു സംശയമില്ല.

സന്ദേശത്തെ എതിർക്കുമ്പോൾ

15. (എ) യേശു തന്റെ അനുഗാമികൾക്ക്‌ എന്തു മുന്നറിയിപ്പു നൽകി? (ബി) എതിർപ്പിന്മധ്യേയും പ്രസംഗിക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നത്‌ എന്ത്‌?

15 രാജ്യസുവാർത്തയുടെ പ്രസംഗത്തിനു വെല്ലുവിളി സൃഷ്ടിക്കുന്ന മറ്റൊരു ഘടകമാണ്‌ എതിർപ്പ്‌. “എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും” എന്ന്‌ ശിഷ്യന്മാർക്ക്‌ യേശു മുന്നറിയിപ്പു നൽകി. (മത്തായി 24:9) ആദിമ ക്രിസ്‌ത്യാനികളെപ്പോലെ യേശുവിന്റെ ഇന്നുള്ള ശിഷ്യന്മാരെയും ജനം ദ്വേഷിക്കുകയും എതിർക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. (പ്രവൃത്തികൾ 5:17, 18, 40; 2 തിമൊഥെയൊസ്‌ 3:12; വെളിപ്പാടു 12:12, 17) ചില ദേശങ്ങളിൽ ഗവൺമെന്റ്‌ അവരെ നിരോധിച്ചിരിക്കുന്നു. എങ്കിലും അവിടെയുള്ള സത്യക്രിസ്‌ത്യാനികൾ ദൈവത്തെ അനുസരിച്ചുകൊണ്ട്‌ രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ തുടരുന്നു. (ആമോസ്‌ 3:8; പ്രവൃത്തികൾ 5:29; 1 പത്രൊസ്‌ 2:21) അങ്ങനെ ചെയ്യാൻ അവരെയും ലോകമെമ്പാടുമുള്ള മറ്റു സാക്ഷികളെയും പ്രാപ്‌തരാക്കുന്നത്‌ എന്താണ്‌? തന്റെ പരിശുദ്ധാത്മാവു മുഖേന യഹോവ അവരെ ശക്തീകരിക്കുന്നു.​—⁠സെഖര്യാവു 4:6; എഫെസ്യർ 3:16; 2 തിമൊഥെയൊസ്‌ 4:17.

16. പ്രസംഗവേലയും ദൈവാത്മാവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതായി യേശു പ്രകടിപ്പിച്ചത്‌ എങ്ങനെ?

16 ദൈവാത്മാവും പ്രസംഗവേലയും തമ്മിലുള്ള അടുത്ത ബന്ധത്തിന്‌ അടിവരയിട്ടുകൊണ്ട്‌ യേശു തന്റെ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു . . . ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃത്തികൾ 1:8; വെളിപ്പാടു 22:17) സംഭവങ്ങളുടെ ക്രമം സംബന്ധിച്ച്‌ ഈ തിരുവെഴുത്തു പറയുന്നതു പ്രധാനമാണ്‌. ആദ്യം ശിഷ്യന്മാർക്കു പരിശുദ്ധാത്മാവു ലഭിക്കുന്നു. തുടർന്ന്‌ അവർ ആഗോള സാക്ഷീകരണവേല കയ്യേൽക്കുന്നു. ദൈവാത്മാവിന്റെ സഹായത്താൽ മാത്രമേ സഹിച്ചുനിൽക്കാനും ‘സകലജാതികൾക്കും സാക്ഷ്യം’ കൊടുക്കാനും അവർക്കു കഴിയൂ. (മത്തായി 24:13, 14; യെശയ്യാവു 61:1, 2) അതുകൊണ്ട്‌, പരിശുദ്ധാത്മാവിനെ യേശു “സഹായി” എന്നു വിളിച്ചത്‌ ഉചിതമാണ്‌. (യോഹന്നാൻ 15:​26, NW) ദൈവാത്മാവ്‌ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയും വഴിനടത്തുകയും ചെയ്യുമെന്ന്‌ അവൻ പറഞ്ഞു.​—⁠യോഹന്നാൻ 14:16, 26; 16:13.

17. നമുക്കു കടുത്ത എതിർപ്പു നേരിടുമ്പോൾ പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

17 സുവാർത്ത പ്രസംഗിക്കവേ നാം കടുത്ത എതിർപ്പു നേരിടുമ്പോൾ, ഏതെല്ലാം വിധങ്ങളിലാണ്‌ ദൈവാത്മാവു നമ്മെ സഹായിക്കുന്നത്‌? അതു നമ്മെ ശക്തീകരിക്കുകയും നമ്മുടെ പീഡകരെ പ്രതിരോധിക്കുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്‌, ശൗൽ രാജാവിന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവം പരിചിന്തിക്കുക.

ദൈവാത്മാവ്‌ പ്രതിരോധിക്കുന്നു

18. (എ) അതിനീചമായ എന്തു മാറ്റമാണു ശൗലിൽ പ്രകടമായത്‌? (ബി) ദാവീദിനെ ഉപദ്രവിക്കാൻ ശൗൽ ഏതു മാർഗം സ്വീകരിച്ചു?

18 ഇസ്രായേലിന്റെ ആദ്യത്തെ രാജാവ്‌ എന്ന നിലയിൽ ശൗൽ നല്ല തുടക്കം കാഴ്‌ചവെച്ചെങ്കിലും പിന്നീട്‌ അവൻ യഹോവയ്‌ക്കു പുറംതിരിഞ്ഞുകളഞ്ഞു. (1 ശമൂവേൽ 10:1, 24; 11:14, 15; 15:17-23) തത്‌ഫലമായി ദൈവാത്മാവ്‌ അവനെ മേലാൽ സഹായിക്കാതെയായി. ദാവീദ്‌ അടുത്ത രാജാവായി അഭിഷേകം ചെയ്യപ്പെട്ടു, ദൈവാത്മാവിന്റെ സഹായവും അവനുണ്ടായിരുന്നു. ദാവീദിനെതിരെ ശൗലിന്റെ കോപം ആളിക്കത്താൻ ഇത്‌ ഇടയാക്കി. (1 ശമൂവേൽ 16:1, 13, 14) വെറുമൊരു കിന്നരവുമായി നടക്കുന്ന ദാവീദിനെ തന്റെ കൈവശമുള്ള കുന്തംകൊണ്ട്‌ എളുപ്പത്തിൽ കൊല്ലാൻ കഴിയുമെന്നു ശൗൽ വിചാരിച്ചു. ഒരിക്കൽ കിന്നരം വായിച്ചുകൊണ്ടിരുന്ന ‘ദാവീദിനെ ചുവരോടുചേർത്തു കുത്തുവാൻ വിചാരിച്ചുകൊണ്ടു ശൌൽ കുന്തം [എറിഞ്ഞു]. എന്നാൽ ദാവീദ്‌ രണ്ടു പ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു.’ (1 ശമൂവേൽ 18:10, 11) പിന്നീട്‌, ദാവീദിന്റെ സ്‌നേഹിതനും തന്റെ പുത്രനും ആയ യോനാഥാന്റെ വാക്കുകൾക്കു ചെവികൊടുത്തുകൊണ്ട്‌ ശൗൽ ആണയിട്ടു: ‘യഹോവയാണെ, [ദാവീദിനെ] കൊല്ലുകയില്ല.’ എന്നിട്ടും ശൗൽ വീണ്ടും “ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേർത്തു കുത്തുവാൻ നോക്കി.” എന്നാൽ ദാവീദ്‌ “ശൌലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറെച്ചു.” ദാവീദ്‌ ഓടിപ്പോയെങ്കിലും ശൗൽ അവനെ പിന്തുടർന്നു. ആ നിർണായക സാഹചര്യത്തിൽ ദൈവാത്മാവ്‌ ശൗലിന്റെ പ്രതിയോഗിയായി മാറി. ഏതു വിധത്തിൽ?​—⁠1 ശമൂവേൽ 19:6, 10.

19. ദൈവാത്മാവ്‌ ദാവീദിനെ സംരക്ഷിച്ചത്‌ എങ്ങനെ?

19 ദാവീദ്‌ ശമൂവേൽ പ്രവാചകന്റെ അടുക്കലേക്ക്‌ ഓടിപ്പോയി. എന്നാൽ ദാവീദിനെ പിടിക്കാൻ ശൗൽ ആളയച്ചു. ദാവീദ്‌ ഒളിച്ചിരിക്കുന്ന സ്ഥലത്ത്‌ അവർ എത്തിയപ്പോൾ, ‘ദൈവത്തിന്റെ ആത്മാവ്‌ ശൌലിന്റെ ദൂതന്മാരുടെമേൽ വന്നു, അവർ പ്രവചിച്ചു.’ ദൈവാത്മാവിന്റെ സ്വാധീനം അത്രമേൽ ശക്തമായിരുന്നതിനാൽ തങ്ങൾ എന്തിനാണു വന്നതെന്ന കാര്യംതന്നെ അവർ വിസ്‌മരിച്ചുകളഞ്ഞു. ദാവീദിനെ പിടിച്ചുകൊണ്ടുവരാൻ രണ്ടു പ്രാവശ്യംകൂടി ശൗൽ ആളയച്ചു. അപ്പോഴൊക്കെയും അതുതന്നെ സംഭവിച്ചു. ഒടുവിൽ ശൗൽരാജാവുതന്നെ ദാവീദിനെ പിടിക്കാൻ ഇറങ്ങിത്തിരിച്ചു. പക്ഷേ, ദൈവാത്മാവിനെ മറികടക്കാൻ അവനും കഴിഞ്ഞില്ല. യഥാർഥത്തിൽ “അന്നു രാപകൽ മുഴുവനും” പരിശുദ്ധാത്മാവ്‌ അവനെ നിഷ്‌ക്രിയനാക്കി. അങ്ങനെ ദാവീദിന്‌ രക്ഷപ്പെടാൻ ആവശ്യത്തിനു സമയം ലഭിച്ചു.​—⁠1 ശമൂവേൽ 19:20-24.

20. ദാവീദിനെ ശൗൽ ദ്രോഹിച്ചതു സംബന്ധിച്ച വിവരണത്തിൽനിന്നു നാം ഏതു പാഠം പഠിക്കുന്നു?

20 ശൗലിനെയും ദാവീദിനെയും സംബന്ധിച്ചുള്ള ഈ വിവരണത്തിൽ നമ്മെ ബലപ്പെടുത്തുന്ന ഒരു പാഠം അടങ്ങിയിരിക്കുന്നു: ദൈവാത്മാവ്‌ പ്രതിരോധിക്കുമ്പോൾ, ദൈവദാസന്മാരെ പീഡിപ്പിക്കുന്നവർക്കു വിജയിക്കാനാവില്ല. (സങ്കീർത്തനം 46:11; 125:2) ദാവീദ്‌ ഇസ്രായേലിനു രാജാവാകുമെന്ന്‌ ദൈവം നിശ്ചയിച്ചിരുന്നു. അതിനു മാറ്റംവരുത്താൻ ആർക്കും സാധിക്കുമായിരുന്നില്ല. നമ്മുടെ കാലത്ത്‌, ‘രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടണം’ എന്ന്‌ യഹോവ നിശ്ചയിച്ചിരിക്കുന്നു. അതിന്റെ നിവൃത്തി തടയാൻ ആർക്കും കഴിയില്ല.​—⁠പ്രവൃത്തികൾ 5:40, 42.

21. (എ) ഇന്നത്തെ ചില എതിരാളികൾ പ്രവർത്തിക്കുന്നത്‌ എങ്ങനെ? (ബി) നമുക്ക്‌ എന്തു ബോധ്യം ഉണ്ട്‌?

21 നമ്മുടെ പ്രവർത്തനത്തിനു തടയിടാൻ ചില മത, രാഷ്‌ട്രീയ നേതാക്കൾ നുണ പ്രചരിപ്പിക്കുകയും ആക്രമണം അഴിച്ചുവിടുകയുംപോലും ചെയ്യുന്നു. എന്നാൽ ദാവീദിനെ ആത്മീയമായി സഹായിച്ചതുപോലെതന്നെ യഹോവ, ഇന്നത്തെ അവന്റെ ജനത്തെയും സംരക്ഷിക്കും. (മലാഖി 3:6) അതുകൊണ്ട്‌ ദാവീദിനെപ്പോലെ ആത്മവിശ്വാസത്തോടെ നാമും ഇങ്ങനെ പറയുന്നു: “ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും?” (സങ്കീർത്തനം 56:11; 121:1-8; റോമർ 8:31) രാജ്യത്തിന്റെ സുവിശേഷം സകല ജനതകളോടും പ്രസംഗിക്കാനുള്ള ദൈവദത്ത നിയമനം നിർവഹിക്കുന്നതിലുള്ള എല്ലാ വെല്ലുവിളികളെയും യഹോവയുടെ സഹായത്തോടെ തുടർന്നും നമുക്കു മറികടക്കാം.

[അടിക്കുറിപ്പുകൾ]

^ ഖ. 5 22-ാം പേജിലുള്ള, “ആഴമായ സംതൃപ്‌തി കൈവരുത്തുന്നു” എന്ന ചതുരം കാണുക.

^ ഖ. 10 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• സുവാർത്താപ്രസംഗത്തിനു നാം വ്യത്യസ്‌ത മാർഗങ്ങൾ സ്വീകരിക്കുന്നത്‌ എന്തുകൊണ്ട്‌?

• പുതുതായ ഏത്‌ അവസരങ്ങളിലേക്കു നയിക്കുന്ന ‘ഒരു വലിയ വാതിൽ’ തുറക്ക പ്പെട്ടിരിക്കുന്നു?

• പ്രതികരണം കുറഞ്ഞ പ്രദേശങ്ങളിൽപ്പോലും പ്രസംഗപ്രവർത്തനം എന്തു ലക്ഷ്യം കൈവരിക്കുന്നു?

• സുവാർത്താപ്രസംഗം നിറുത്തലാക്കാൻ യാതൊരു എതിരാളിക്കും സാധ്യമല്ലാത്തത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[22-ാം പേജിലെ ചതുരം]

ആഴമായ സംതൃപ്‌തി കൈവരുത്തുന്നു

ഐക്യത്തിൽ യഹോവയെ സേവിക്കുന്നത്‌ അവർക്കു സന്തോഷവും ആസ്വാദനവും പ്രദാനം ചെയ്യുന്നു.” സ്‌പെയിനിൽനിന്നു ബൊളീവിയയിലേക്കു മാറിത്താമസിച്ച ഒരു കുടുംബത്തെക്കുറിച്ചുള്ള പ്രസ്‌താവനയാണ്‌ ഇത്‌. ഒറ്റപ്പെട്ട ഒരു കൂട്ടത്തെ സഹായിക്കാൻ ആ കുടുംബത്തിലെ ഒരു അംഗം മുമ്പ്‌ അവിടേക്കു പോയിരുന്നു. അതിലൂടെ അദ്ദേഹത്തിന്‌ അനുഭവിക്കാൻ കഴിഞ്ഞ സന്തോഷം അദ്ദേഹത്തിന്റെ മാതാപിതാക്കളിൽ വലിയ മതിപ്പുളവാക്കി. ഒട്ടും വൈകാതെ, 14-നും 25-നും ഇടയ്‌ക്കു പ്രായമുള്ള മറ്റു നാല്‌ ആൺമക്കളെയുംകൂട്ടി ആ പ്രദേശത്തു സേവിക്കാനായി അവരും അവിടേക്കു മാറിത്താമസിച്ചു. ആൺമക്കളിൽ മൂന്നുപേർ ഇപ്പോൾ പയനിയറിങ്‌ ചെയ്യുന്നു. ബൊളീവിയയിലേക്ക്‌ ആദ്യം പുറപ്പെട്ട മകൻ ഈയിടെ ശുശ്രൂഷാ പരിശീലന സ്‌കൂളിൽ സംബന്ധിക്കുകയുണ്ടായി.

കിഴക്കൻ യൂറോപ്പിൽ സേവിക്കുന്ന, കാനഡയിൽനിന്നുള്ള, 30 വയസ്സുകാരി ആഞ്‌ജെലിക്ക പറയുന്നു: “വെല്ലുവിളികൾ നിരവധിയാണ്‌. എങ്കിലും ആളുകളെ ആത്മീയമായി സഹായിക്കുന്നത്‌ എനിക്കു സംതൃപ്‌തി നൽകുന്നു. തദ്ദേശവാസികളായ സാക്ഷികളുടെ നന്ദിപ്രകടനങ്ങളും എന്റെ ഹൃദയത്തെ സ്‌പർശിക്കുന്നു. അവരെ സഹായിക്കാൻ ചെന്നതിൽ അവർ മിക്കപ്പോഴും എന്നോടു നന്ദി പറയുന്നു.”

“പ്രാദേശികമായ ഒട്ടനവധി ആചാരമര്യാദകൾ ഞങ്ങൾക്കു പരിചിതമല്ലായിരുന്നു,” ഐക്യനാടുകളിൽനിന്നുവന്ന്‌ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സേവിക്കുന്ന, 20-കളുടെ ഒടുവിലുള്ള രണ്ടു ജഡിക സഹോദരിമാർ പറയുന്നു. “എന്നിരുന്നാലും ഞങ്ങൾ നിയമനത്തോടു പറ്റിനിന്നു. ഞങ്ങളുടെ ബൈബിൾ വിദ്യാർഥികളിൽ ഏഴു പേർ ഇപ്പോൾ യോഗങ്ങൾക്കു വരുന്നുണ്ട്‌.” സഭ ഇല്ലാത്ത ഒരു പട്ടണത്തിൽ ഒരു കൂട്ടം രാജ്യപ്രസാധകരെ സംഘടിപ്പിക്കുന്നതിൽ ഈ സഹോദരിമാർ നിർണായക പങ്കു വഹിച്ചു.

നാലു വർഷത്തിലധികമായി വിദേശത്തു സേവിക്കുന്ന, 20-കളുടെ ഒടുവിലുള്ള ലോറ പറയുന്നു: “ജീവിതം ലളിതമാക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ദാരിദ്ര്യമല്ല, സുബോധവും സ്വതന്ത്ര തിരഞ്ഞെടുപ്പുമാണു ലളിതമായ ഒരു ജീവിതം നയിക്കുന്നതിനു പിന്നിലെന്നു കാണാൻ ഇതു പ്രസാധകരെ സഹായിക്കുന്നു. മറ്റുള്ളവരെ, പ്രത്യേകിച്ചു യുവപ്രായക്കാരെ സഹായിക്കാൻ കഴിയുന്നത്‌, അന്യദേശത്തു സേവിക്കുന്നതിന്റെ ക്ലേശങ്ങളെ വെല്ലുന്ന സന്തോഷം അനുഭവിക്കാൻ എന്നെ പ്രാപ്‌തയാക്കുന്നു. മറ്റൊന്നിനുംവേണ്ടി ഇവിടത്തെ സേവനം ഞാൻ കൈവിടില്ല. യഹോവ അനുവദിക്കുന്നിടത്തോളം ഞാൻ ഇതിൽ തുടരും.”

[26-ാം പേജിലെ ചതുരം/ചിത്രം]

സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്‌തകത്തിന്റെ സവിശേഷതകൾ

സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്‌തകത്തിൽ ഒരു പേജിലൊതുങ്ങുന്ന സന്ദേശം കൊടുത്തിരിക്കുന്നു, മൊത്തം 29 ഭാഷകളിൽ. നിങ്ങൾതന്നെ നേരിട്ടു സംസാരിക്കുന്നതായി വീട്ടുകാരനു തോന്നത്തക്ക വിധത്തിലാണ്‌ അതു തയ്യാറാക്കിയിരിക്കുന്നത്‌.

നമുക്കു വശമില്ലാത്ത ഭാഷ സംസാരിക്കുന്നവരെ ഫലപ്രദമായി സഹായിക്കാൻ അവലംബിക്കേണ്ട ഏതാനും പടികൾ ഇതിന്റെ ആമുഖത്തിൽ കൊടുത്തിട്ടുണ്ട്‌. അവ ശ്രദ്ധാപൂർവം വായിക്കുകയും ആത്മാർഥതയോടെ ബാധകമാക്കുകയും ചെയ്യുക.

സന്ദേശം ഏതെല്ലാം ഭാഷകളിൽ അവതരിപ്പിച്ചിരിക്കുന്നെന്നു മാത്രമല്ല, അവ ഓരോന്നിന്റെയും ഭാഷാചിഹ്നവും ഉള്ളടക്കപ്പട്ടികയിൽ കാണാം. വിവിധ ഭാഷകളിലുള്ള നമ്മുടെ ലഘുലേഖകളിലും മറ്റു സാഹിത്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഭാഷാചിഹ്നങ്ങൾ തിരിച്ചറിയാനും ഇതു നിങ്ങളെ സഹായിക്കും.

[ചിത്രം]

ശുശ്രൂഷയിൽ ഈ ചെറുപുസ്‌തകം നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ?

[23-ാം പേജിലെ ചിത്രങ്ങൾ]

നമ്മുടെ ബൈബിൾ സാഹിത്യങ്ങൾ ഇപ്പോൾ 400-ലധികം ഭാഷകളിൽ ലഭ്യമാണ്‌

ഘാന

ലാപ്‌ലാൻഡ്‌ (സ്വീഡൻ)

ഫിലിപ്പീൻസ്‌

[24, 25 പേജുകളിലെ ചിത്രങ്ങൾ]

രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള പ്രദേശത്തു സേവിക്കാൻ നിങ്ങൾക്കാകുമോ?

ഇക്വഡോർ

ഡൊമിനിക്കൻ റിപ്പബ്ലിക്ക്‌