സത്യോപദേശങ്ങൾ എവിടെ കണ്ടെത്താം?
സത്യോപദേശങ്ങൾ എവിടെ കണ്ടെത്താം?
ടിബറ്റിലുള്ള ഒരു മനുഷ്യൻ, പ്രാർഥനകൾ എഴുതിയിട്ടിട്ടുള്ള ഒരു കൊച്ചു ഡ്രം കറക്കുന്നു. അങ്ങനെ ചെയ്യുന്ന ഓരോ പ്രാവശ്യവും ആ പ്രാർഥനകൾ ദൈവത്തിങ്കലേക്ക് ഉയരുന്നതായി അയാൾ വിശ്വസിക്കുന്നു. ഇന്ത്യയിലെ പല വീടുകളിലും ആരാധനയ്‌ക്കായി വേർതിരിച്ചിരിക്കുന്ന ഒരു കൊച്ചു പൂജാമുറിയുണ്ട്. അവിടെ, ദേവീദേവന്മാരുടെ വിഗ്രഹങ്ങൾക്കുമുമ്പാകെ കുടുംബാംഗങ്ങൾ ധൂപവർഗങ്ങളും പുഷ്‌പങ്ങളും മറ്റും അർപ്പിക്കുന്നു. ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ഇറ്റലിയിലെ പ്രൗഢഗംഭീരമായ ഒരു പള്ളിയിൽ, യേശുവിന്റെ അമ്മയായ മറിയയുടെ പ്രതിമയ്‌ക്കുമുമ്പിൽ ഒരു സ്‌ത്രീ കയ്യിൽ കൊന്തയുമായി മുട്ടുകുത്തി പ്രാർഥിക്കുന്നു.
മതത്തിനു മനുഷ്യരുടെ ജീവിതത്തിലുള്ള സ്വാധീനം നിങ്ങൾ നേരിൽക്കണ്ടു മനസ്സിലാക്കിയിട്ടുണ്ടാകാം. “മതം . . . ലോകമെങ്ങുമുള്ള മാനവസമുദായങ്ങളുടെ ജീവരക്തം ആയിരുന്നിട്ടുണ്ട്, ഇപ്പോഴും അത് അങ്ങനെതന്നെയാണ്” എന്ന് ലോകമതങ്ങൾ—ഏതൽക്കാല വിശാസങ്ങളിലേക്ക് ഒരു എത്തിനോട്ടം (ഇംഗ്ലീഷ്) എന്ന പുസ്‌തകം പ്രസ്‌താവിക്കുന്നു. “മാനവ സമൂഹത്തിൽ ദൈവത്തിന് എക്കാലത്തും ഒരു സ്ഥാനം ഉണ്ടായിരുന്നിട്ടുണ്ട്—പൊതുവേ, സ്രഷ്ടാവും നിയന്താവും എന്ന നിലയിൽ. തീർത്തും മതേതര സ്വഭാവമുള്ള സമൂഹങ്ങളുടെ കാര്യത്തിൽപ്പോലും അതു സത്യമാണ്,” ദൈവം—ഒരു ഹ്രസ്വ ചരിത്രം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ജോൺ ബോക്കർ പറയുന്നു.
നിസ്സംശയമായും, മതം ജനകോടികളുടെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നു. ആത്മീയത മാറ്റിനിറുത്താവുന്ന ഒന്നല്ലെന്നും മനുഷ്യന് അതിനോട് അദമ്യമായ ഒരു ആഗ്രഹമുണ്ടെന്നും ഉള്ളതിന്റെ ശക്തമായ തെളിവല്ലേ ഇത്? ദി അൺഡിസ്‌കവേർഡ് സെൽഫ് എന്ന തന്റെ പുസ്‌തകത്തിൽ പ്രശസ്‌ത മനശ്ശാസ്‌ത്രജ്ഞനായിരുന്ന ഡോ. കാൾ ജി. ജങ്, പരമമായ ഒരു ശക്തിയെ ആരാധിക്കുന്നതിനുള്ള മനുഷ്യന്റെ ആവശ്യം പരാമർശിക്കുകയും “അതിന്റെ തെളിവുകൾ മനുഷ്യചരിത്രത്തിലുടനീളം കാണാൻ കഴിയും” എന്നു പ്രസ്‌താവിക്കുകയും ചെയ്യുന്നു.
എന്നിട്ടും, അനേകരും ദൈവത്തിൽ വിശ്വസിക്കുന്നതായി അവകാശപ്പെടുകയോ മതത്തിൽ അൽപ്പമെങ്കിലും താത്‌പര്യം പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല. ദൈവത്തിന്റെ അസ്‌തിത്വത്തെ ചിലർ സംശയിക്കുകയോ
നിരാകരിക്കുകയോ ചെയ്യുന്നതിന്റെ പ്രമുഖ കാരണം, അവർക്കു പരിചിതമായ മതങ്ങൾക്കൊന്നും അവരുടെ ആത്മീയ ആവശ്യം തൃപ്‌തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ്. “ഒരു തത്ത്വസംഹിതയോടുള്ള അർപ്പണബോധം; അടിപതറാത്ത വിശ്വസ്‌തത അഥവാ കൂറ്; നീതിബോധം; ഭക്തിനിർഭരമായ പ്രിയം അഥവാ അടുപ്പം” എന്നൊക്കെയാണ് മതത്തെ നിർവചിച്ചിരിക്കുന്നത്. ഇതനുസരിച്ച് നിരീശ്വരവാദികൾ ഉൾപ്പെടെ എല്ലാവരുംതന്നെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മതവിശ്വാസികളാണെന്നു പറയാൻ കഴിയും. കാരണം തങ്ങൾ വിശ്വസിക്കുന്ന തത്ത്വങ്ങളോട് അവർ അർപ്പണബോധം പ്രകടിപ്പിക്കുന്നവരാണ്.ആത്മീയ ആവശ്യം തൃപ്‌തിപ്പെടുത്താനുള്ള ശ്രമത്തിൽ, പിന്നിട്ട ആയിരക്കണക്കിനു വർഷങ്ങളിൽ മനുഷ്യൻ അനേകം ആരാധനാ സമ്പ്രദായങ്ങൾ പരീക്ഷിച്ചിരിക്കുന്നു. മാനവരാശി ഇന്ന് വ്യത്യസ്‌തങ്ങളായ അസംഖ്യം മതവിശ്വാസങ്ങൾ ആചരിക്കുന്നതിലേക്ക് അതു നയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, പരമമായ ഒരു ശക്തിയിൽ വിശ്വസിക്കാൻ എല്ലാ മതങ്ങളുംതന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, ആ ശക്തി ആരാണ് അല്ലെങ്കിൽ എന്താണ് എന്ന കാര്യത്തിൽ അവയ്‌ക്കു വ്യത്യസ്‌ത അഭിപ്രായങ്ങളാണുള്ളത്. അതുപോലെതന്നെ മിക്ക മതങ്ങളും രക്ഷ അല്ലെങ്കിൽ മോക്ഷം പ്രാപിക്കുന്നതിനു വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. എന്നാൽ രക്ഷ എന്താണെന്നും അത് എങ്ങനെ നേടാമെന്നും സംബന്ധിച്ച അവയുടെ പഠിപ്പിക്കലുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. വിസ്‌മയിപ്പിക്കുംവിധം വൈവിധ്യമാർന്ന ഇത്തരം മതവിശ്വാസങ്ങൾ നിലവിലിരിക്കെ, ദൈവത്തിനു പ്രസാദകരമായ നിർവ്യാജ പഠിപ്പിക്കലുകൾ നമുക്ക് എങ്ങനെ കണ്ടെത്താം?