വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തന്റെ വഴികളിൽ നടക്കുന്നവരെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുന്നു

തന്റെ വഴികളിൽ നടക്കുന്നവരെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുന്നു

ജീവിത കഥ

തന്റെ വഴികളിൽ നടക്കുന്നവരെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുന്നു

റോമുവാൾട്ട്‌ സ്റ്റാഫ്‌സ്‌കി പറഞ്ഞപ്രകാരം

1939 സെപ്‌റ്റംബറിൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ വടക്കൻ പോളണ്ട്‌ കടുത്ത പോരാട്ടത്തിന്റെ പിടിയിലമർന്നു. എനിക്കന്ന്‌ ഒമ്പതു വയസ്സായിരുന്നു. ജിജ്ഞാസയോടെ അടുത്തുള്ള യുദ്ധമേഖലയിലേക്കു ഞാൻ കടന്നുചെന്നു. ശ്വാസം മുട്ടിക്കുന്ന പുക അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നിരുന്നു. ആ പുകമറയ്‌ക്കിടയിലൂടെ കണ്ട കാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു​—⁠എങ്ങും ശവശരീരങ്ങൾ ചിതറിക്കിടക്കുന്നു! എത്രയും പെട്ടെന്ന്‌ വീട്ടിൽ തിരിച്ചെത്തിയാൽ മതിയെന്നായിരുന്നു പിന്നീട്‌ എന്റെ ചിന്ത. ഒപ്പം ചില ചോദ്യങ്ങൾ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു: “ഇത്തരം ഭയങ്കര കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌? യുദ്ധത്തിൽ അവൻ ആരുടെ പക്ഷത്താണ്‌?”

ജർമൻ ഭരണകൂടത്തിനുവേണ്ടി വേല ചെയ്യാൻ യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ പൗരന്മാർ നിർബന്ധിതരായി. ആരെങ്കിലും അതിനു വിസമ്മതിച്ചാൽ, “കരിങ്കാലി” എന്നോ “വിധ്വംസകൻ” എന്നോ എഴുതിയ ഒരു ബോർഡ്‌ കഴുത്തിൽ തൂക്കി അയാളെ ഒരു മരത്തിലോ പാലത്തിലോ തൂക്കിക്കൊല്ലുമായിരുന്നു. പരസ്‌പരം പോരാടിയിരുന്ന ജർമനിയുടെയും റഷ്യയുടെയും സൈന്യങ്ങൾക്കിടയിലായിരുന്നു ഗഡിനിയ എന്ന ഞങ്ങളുടെ പട്ടണം സ്ഥിതിചെയ്‌തിരുന്നത്‌. ഒരു ദിവസം വെള്ളം ശേഖരിക്കാനായി ഞങ്ങൾ പട്ടണത്തിനു വെളിയിൽ വന്നു. വെടിയുണ്ടകളും ബോംബുകളും തലയ്‌ക്കുമുകളിലൂടെ ചീറിപ്പായുന്നുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ എന്റെ ഇളയ സഹോദരൻ ഹെൻറിക്‌ മരണമടഞ്ഞു. സാഹചര്യം അതിഗുരുതരമായിരുന്നതിനാൽ ഞങ്ങൾ നാലു മക്കളെയും അമ്മ സുരക്ഷിതമായ ഒരു നിലവറയിലേക്കു മാറ്റി. അവിടെവെച്ച്‌, രണ്ടു വയസ്സുള്ള എന്റെ സഹോദരൻ യൂഗേന്യൂഷ്‌ തൊണ്ടമുള്ള്‌ (ഡിഫ്‌തീരിയ) പിടിപെട്ട്‌ മരിച്ചു.

“ദൈവം എവിടെ? ഈ കഷ്ടങ്ങളെല്ലാം അവൻ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?” എന്നീ ചോദ്യങ്ങൾ വീണ്ടും മനസ്സിൽ ഉയർന്നുവന്നു. തീക്ഷ്‌ണതയുള്ള ഒരു കത്തോലിക്കനെന്ന നിലയിൽ ഞാൻ മുടങ്ങാതെ പള്ളിയിൽ പോയിരുന്നെങ്കിലും ആ ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിച്ചു.

ബൈബിൾ സത്യം ലഭിക്കുന്നു

അപ്രതീക്ഷിതമായ ഒരു ഉറവിൽനിന്നായിരുന്നു എന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം കിട്ടിയത്‌. 1945-ൽ യുദ്ധം അവസാനിച്ചശേഷം, 1947-ന്റെ ആരംഭത്തിൽ യഹോവയുടെ സാക്ഷികളിൽ ഒരാൾ ഗഡിനിയയിലുള്ള ഞങ്ങളുടെ വീടു സന്ദർശിച്ചു. എന്റെ അമ്മ അവരോടു സംസാരിച്ചു, സംഭാഷണം കുറച്ചൊക്കെ ഞാൻ ശ്രദ്ധിച്ചു. കേട്ട കാര്യങ്ങൾ ശരിയാണെന്നു തോന്നിയതിനാൽ ക്രിസ്‌തീയ യോഗങ്ങളിൽ പങ്കെടുക്കാനുള്ള ക്ഷണം ഞങ്ങൾ സ്വീകരിച്ചു. ബൈബിൾ സത്യം ശരിക്കൊന്നും മനസ്സിലായിരുന്നില്ലെങ്കിലും വെറും ഒരു മാസം കഴിഞ്ഞപ്പോൾ സ്ഥലത്തെ ഒരു കൂട്ടം സാക്ഷികളോടൊപ്പം, യുദ്ധങ്ങളും ക്രൂരതയും ഇല്ലാത്ത ഒരു നല്ല ലോകത്തെക്കുറിച്ചു ഞാൻ മറ്റുള്ളവരോടു പ്രസംഗിക്കാൻ തുടങ്ങി. അതെനിക്കു വലിയ സന്തോഷം കൈവരുത്തി.

1947 സെപ്‌റ്റംബറിൽ, സൊപ്പോട്ടിൽ നടന്ന ഒരു സർക്കിട്ട്‌ സമ്മേളനത്തിൽ ഞാൻ സ്‌നാപനമേറ്റു. തുടർന്നുവന്ന മേയിൽ, സമയത്തിന്റെ അധികപങ്കും മറ്റുള്ളവരോടു ബൈബിൾ സന്ദേശം പ്രസംഗിക്കാൻ വിനിയോഗിച്ചുകൊണ്ട്‌ സാധാരണ പയനിയർ സേവനം ആരംഭിച്ചു. വേലയെ ശക്തമായി എതിർത്ത സ്ഥലത്തെ പുരോഹിതൻ ഞങ്ങൾക്കെതിരെ ആക്രമണം ഇളക്കിവിട്ടു. ഒരിക്കൽ, രോഷാകുലരായ ഒരു കൂട്ടം ആളുകൾ ഞങ്ങളെ കല്ലെറിയുകയും നിർദയം മർദിക്കുകയും ചെയ്‌തു. മറ്റൊരു സന്ദർഭത്തിൽ, സ്ഥലത്തെ കന്യാസ്‌ത്രീകളും പുരോഹിതന്മാരും ഞങ്ങളെ ആക്രമിക്കാൻ ഒരു സംഘം ആളുകളെ ചട്ടംകെട്ടി. ഒരു പോലീസ്‌ സ്റ്റേഷനിൽ അഭയം പ്രാപിച്ചെങ്കിലും ഞങ്ങളെ ആക്രമിക്കാനായി അവർ സ്റ്റേഷൻ വളഞ്ഞു. ഒടുവിൽ കൂടുതൽ പോലീസുകാർ എത്തിച്ചേരുകയും ശക്തമായ പോലീസ്‌ അകമ്പടിയോടെ ഞങ്ങളെ അവിടെനിന്നു കൊണ്ടുപോകുകയും ചെയ്‌തു.

അന്നു ഞങ്ങൾ പ്രവർത്തിച്ചിരുന്ന പ്രദേശത്തു സഭ ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ വനത്തിലാണ്‌ ഞങ്ങൾ അന്തിയുറങ്ങിയിരുന്നത്‌. സാഹചര്യം ഗണ്യമാക്കാതെ പ്രസംഗ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു. ഇന്ന്‌ ആ പ്രദേശത്ത്‌ വിശ്വാസത്തിൽ ശക്തമായ നിരവധി സഭകളുണ്ട്‌.

ബെഥേൽ സേവനവും അറസ്റ്റും

1949-ൽ വൂച്ച്‌ ബെഥേലിൽ സേവിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. ബെഥേലിൽ സേവിക്കുകയെന്നത്‌ എന്തൊരു പദവിയായിരുന്നു! സങ്കടകരമെന്നു പറയട്ടെ, എനിക്കവിടെ അധികനാൾ തുടരാനായില്ല. ഞങ്ങളുടെ പ്രവർത്തനം ഔദ്യോഗികമായി നിരോധിക്കുന്നതിന്‌ ഒരു മാസം മുമ്പ്‌ 1950 ജൂണിൽ മറ്റു ബെഥേൽ അംഗങ്ങൾക്കൊപ്പം എന്നെയും അറസ്റ്റു ചെയ്‌തു. ജയിലിലേക്കു കൊണ്ടുപോയ എന്നെ അവർ ക്രൂരമായി ചോദ്യംചെയ്യാൻ തുടങ്ങി.

ന്യൂയോർക്കിൽ പോയിവന്നിരുന്ന ഒരു കപ്പലിലെ ജോലിക്കാരൻ ആയിരുന്നു ഡാഡി. അദ്ദേഹം ഐക്യനാടുകൾക്കുവേണ്ടി ചാരവൃത്തി ചെയ്യുന്നതായി എന്നെക്കൊണ്ടു സമ്മതിപ്പിക്കാൻ ചോദ്യം ചെയ്‌ത അധികാരികൾ ശ്രമിച്ചു. നിർദയമായ ആ ചോദ്യംചെയ്യലിനിടയിൽ, അന്നു പോളണ്ടിൽ ഞങ്ങളുടെ വേലയ്‌ക്കു നേതൃത്വം വഹിച്ചിരുന്ന വിൽഹെം ഷൈഡർ സഹോദരനെതിരെ എന്നെക്കൊണ്ടു സാക്ഷി പറയിക്കാൻ നാല്‌ ഓഫീസർമാർ പണിപ്പെട്ടു. പത്തലുകൊണ്ട്‌ അവർ എന്റെ ഉപ്പൂറ്റിയിൽ അടിച്ചു. രക്തം വാർന്ന്‌ നിലത്തുകിടക്കവേ, ഇനിയും സഹിക്കാനാവില്ലെന്നു തോന്നിയ ഞാൻ “യഹോവേ എന്നെ സഹായിക്കണേ!” എന്ന്‌ ഉറക്കെ വിളിച്ചപേക്ഷിച്ചു. അതു കേൾക്കെ വല്ലാത്ത ആശ്ചര്യം തോന്നിയ ഓഫീസർമാർ എന്നെ അടിക്കുന്നതു മതിയാക്കി. ഏതാനും മിനിട്ടുകൾക്കുള്ളിൽ അവർ ഉറക്കംപിടിച്ചു. എനിക്ക്‌ ആശ്വാസം തോന്നുകയും ശക്തി വീണ്ടുകിട്ടുകയും ചെയ്‌തു. തന്റെ സമർപ്പിത ദാസർ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ സ്‌നേഹപൂർവം പ്രതികരിക്കുമെന്ന്‌ ഈ അനുഭവം എന്നെ ബോധ്യപ്പെടുത്തി. ഇത്‌ എന്റെ വിശ്വാസം ബലപ്പെടുത്തുകയും ദൈവത്തിൽ പൂർണമായി ആശ്രയിക്കാൻ എന്നെ പഠിപ്പിക്കുകയും ചെയ്‌തു.

ചോദ്യംചെയ്യൽ സംബന്ധിച്ച ഒടുവിലത്തെ റിപ്പോർട്ടിൽ, ഞാൻ നൽകിയതെന്നു വ്യാജമായി അവകാശപ്പെട്ട ഒരു സാക്ഷ്യം അടങ്ങിയിരുന്നു. അതു നിഷേധിച്ചപ്പോൾ, “ഇനി കോടതിയിൽ പറഞ്ഞാൽ മതി!” എന്നായിരുന്നു ഒരു ഓഫീസറുടെ മറുപടി. എന്നാൽ, വിഷമിക്കേണ്ടതില്ലെന്ന്‌ മറ്റൊരു തടവുകാരൻ എന്നോടു പറഞ്ഞു. അന്തിമ റിപ്പോർട്ട്‌ ഒരു മിലിട്ടറി പ്രോസിക്യൂട്ടർ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അപ്പോൾ അങ്ങനെയൊരു സാക്ഷ്യം നൽകിയിട്ടില്ലെന്നു ബോധിപ്പിക്കാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുതന്നെയാണു സംഭവിച്ചതും.

സർക്കിട്ട്‌ വേലയും വീണ്ടുമൊരു തടവും

1951 ജനുവരിയിൽ മോചിതനായ ഞാൻ ഒരു മാസം കഴിഞ്ഞപ്പോൾ സർക്കിട്ട്‌ വേല ഏറ്റെടുത്തു. നിരോധനം നിലനിൽക്കെത്തന്നെ, സഭകളെ ശക്തിപ്പെടുത്താനും രഹസ്യപ്പോലീസിന്റെ ഉപദ്രവത്താൽ ചിതറിപ്പോയ സഹാരാധകരെ സഹായിക്കാനും വേണ്ടി മറ്റു ചില സഹോദരങ്ങളോടൊപ്പം ഞാൻ പ്രവർത്തിച്ചു. ശുശ്രൂഷയിൽ തുടരാൻ സഹോദരന്മാരെ ഞങ്ങൾ പ്രോത്സാഹിപ്പിച്ചു. പിൽക്കാലത്ത്‌, ഈ സഹോദരന്മാർ സഞ്ചാര മേൽവിചാരകന്മാരെ ധൈര്യപൂർവം പിന്തുണയ്‌ക്കുകയും ബൈബിൾ സാഹിത്യങ്ങൾ രഹസ്യമായി അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തു.

1951 ഏപ്രിലിൽ ഒരു ദിവസം, ക്രിസ്‌തീയ യോഗത്തിൽ സംബന്ധിച്ചശേഷം റോഡിലേക്കിറങ്ങിയ എന്നെ രഹസ്യപ്പോലീസ്‌ അറസ്റ്റു ചെയ്‌തു. അവർ എന്റെ ചലനങ്ങൾ സുസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ വിസമ്മതിച്ചപ്പോൾ അവർ എന്നെ ബിഡ്‌ഗോഷ്‌ക്കിലുള്ള ഒരു ജയിലിലേക്കു കൊണ്ടുപോയി. അന്നു രാത്രിയിൽത്തന്നെ ചോദ്യംചെയ്യൽ ആരംഭിച്ചു. ഓഫീസർമാരുടെ സിഗരറ്റുകളിൽനിന്നുള്ള പുകകൊണ്ടു നിറഞ്ഞ ഒരു മുറിക്കുള്ളിൽ വെള്ളംപോലും കുടിക്കാനില്ലാതെ ആറു ദിവസം രാവും പകലും ഒരു ഭിത്തിക്കു സമീപം നിൽക്കാൻ അവർ എന്നോടു കൽപ്പിച്ചു. കൂടാതെ, വടികൊണ്ട്‌ എന്നെ അടിക്കുകയും സിഗരറ്റുകൊണ്ട്‌ പൊള്ളിക്കുകയും ചെയ്‌തു. ബോധം മറഞ്ഞപ്പോൾ എന്റെമേൽ വെള്ളം ഒഴിച്ചുകൊണ്ട്‌ ചോദ്യംചെയ്യൽ തുടർന്നു. സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി ഞാൻ യഹോവയോട്‌ അപേക്ഷിച്ചു, അവൻ എന്നെ ബലപ്പെടുത്തി.

ബിഡ്‌ഗോഷ്‌ക്കിലെ ജയിൽവാസത്തിലൂടെ ചില പ്രയോജനങ്ങൾ ഉണ്ടായി. മറ്റൊരു വിധത്തിലും കണ്ടുമുട്ടാൻ സാധ്യതയില്ലാതിരുന്ന ആളുകളോടു ബൈബിൾ സത്യം അറിയിക്കാൻ എനിക്കു സാധിച്ചു. യഥാർഥത്തിൽ, സാക്ഷ്യം നൽകാൻ പറ്റിയ ധാരാളം അവസരങ്ങൾ അതു തുറന്നുതന്നു. ദുഃഖത്തിലും നിരാശയിലും കഴിഞ്ഞിരുന്ന തടവുകാർ വളരെ ഉത്സാഹത്തോടെ സുവാർത്ത സ്വീകരിച്ചു.

രണ്ടു സുപ്രധാന മാറ്റങ്ങൾ

1952-ൽ മോചിതനായി അധികം കഴിയുന്നതിനു മുമ്പ്‌ ഞാൻ നേളയെ കണ്ടുമുട്ടി. തീക്ഷ്‌ണതയുള്ള ഒരു പയനിയർ സഹോദരിയായിരുന്ന നേള പോളണ്ടിന്റെ വടക്കുഭാഗത്തായിരുന്നു പ്രവർത്തിച്ചിരുന്നത്‌. പിന്നീട്‌ നമ്മുടെ സാഹിത്യം രഹസ്യമായി അച്ചടിച്ചിരുന്ന “ബേക്കറി”യിലും അവർ വേല ചെയ്‌തു. ജാഗ്രതയും ആത്മത്യാഗവും ആവശ്യമായിരുന്ന ക്ലേശപൂർണമായ ഒരു ജോലിയായിരുന്നു അത്‌. 1954-ൽ വിവാഹിതരായ ഞങ്ങൾ, മകൾ ലിഡിയ ജനിക്കുന്നതുവരെ ഒരുമിച്ച്‌ മുഴുസമയ ശുശ്രൂഷ തുടർന്നു. പിന്നീട്‌, എനിക്കു സഞ്ചാര വേലയിൽ തുടരാൻ കഴിയേണ്ടതിന്‌ നേള മുഴുസമയ സേവനം നിറുത്തി വീട്ടിലേക്കു മടങ്ങുകയും മകളെ പരിപാലിക്കുകയും ചെയ്‌തു.

ആ വർഷംതന്നെ സുപ്രധാനമായ മറ്റൊരു തീരുമാനവും ഞങ്ങൾക്ക്‌ എടുക്കേണ്ടിവന്നു. പോളണ്ടിന്റെ മൂന്നിലൊന്നു ഭാഗം ഉൾപ്പെട്ട ഒരു പ്രദേശത്ത്‌ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായി സേവിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. പ്രാർഥനാപൂർവം ഞങ്ങൾ അക്കാര്യം പരിചിന്തിച്ചു. നിരോധനത്തിൻ കീഴിലായിരുന്ന സഹോദരങ്ങളെ ബലപ്പെടുത്തേണ്ടത്‌ എത്ര പ്രധാനമാണെന്ന്‌ എനിക്കറിയാമായിരുന്നു. പല സഹോദരങ്ങളെയും അറസ്റ്റു ചെയ്‌തിരുന്നതിനാൽ വലിയ ആത്മീയ പ്രോത്സാഹനത്തിന്റെ ആവശ്യമുണ്ടായിരുന്നു. നേളയുടെ പിന്തുണയോടെ ഞാൻ ആ നിയമനം സ്വീകരിച്ചു. 38 വർഷം അതിൽ തുടരാൻ യഹോവ എന്നെ സഹായിച്ചു.

“ബേക്കറി”യുടെ ചുമതല വഹിക്കുന്നു

അക്കാലത്ത്‌, രഹസ്യ സങ്കേതങ്ങളിൽ പ്രവർത്തിപ്പിച്ചിരുന്ന “ബേക്കറി”കളുടെ ചുമതല വഹിച്ചിരുന്നത്‌ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായിരുന്നു. ഞങ്ങളുടെ അച്ചടിപ്രവർത്തനം കണ്ടുപിടിക്കാനും സ്‌തംഭിപ്പിക്കാനും ആയി പോലീസ്‌ ഞങ്ങളെ വിടാതെ പിന്തുടർന്നിരുന്നു. ചിലപ്പോഴൊക്കെ അവർക്കു വിജയിക്കാൻ കഴിഞ്ഞെങ്കിലും ആവശ്യമായ ആത്മീയ ഭക്ഷണത്തിന്‌ ഞങ്ങൾക്ക്‌ ഒരിക്കലും മുട്ടുണ്ടായില്ല. യഹോവയുടെ കരുതൽ വ്യക്തമായും പ്രകടമായിരുന്നു.

വിശ്വസ്‌തതയും ആത്മത്യാഗവും അനുസരണവും ഉള്ള വ്യക്തികളെ മാത്രമേ ആയാസകരവും അപകടകരവും ആയ പ്രിന്റിങ്‌ വേലയ്‌ക്കു ക്ഷണിച്ചിരുന്നുള്ളൂ. “ബേക്കറി”യുടെ പ്രവർത്തനം സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിന്‌ അത്തരം ഗുണങ്ങൾ അനിവാര്യമായിരുന്നു. രഹസ്യമായി പ്രിന്റിങ്‌ നടത്താൻ ഒരു സ്ഥലം കണ്ടുപിടിക്കുക എന്നതും ദുഷ്‌കരമായിരുന്നു. അനുയോജ്യമെന്നു തോന്നിയ ചില സ്ഥലങ്ങൾ ഉണ്ടായിരുന്നെങ്കിലും അവിടെയുള്ള സഹോദരങ്ങൾ അത്ര ജാഗ്രതയുള്ളവർ ആയിരുന്നില്ല. മറ്റു ചില സ്ഥലങ്ങളിലാകട്ടെ, സ്ഥിതി മറിച്ചായിരുന്നു. ഏതായാലും സഹോദരങ്ങൾ അസാധാരണമായ ത്യാഗമനഃസ്ഥിതി പ്രകടമാക്കി. എന്നോടൊപ്പം പ്രവർത്തിച്ച എല്ലാ സഹോദരീസഹോദരന്മാരും എനിക്കു പ്രിയങ്കരരായിരുന്നു.

സുവാർത്തയ്‌ക്കായി വാദിക്കുന്നു

ക്ലേശപൂർണമായ ആ വർഷങ്ങളിൽ, നിയമവിരുദ്ധ പ്രവർത്തനങ്ങളും അട്ടിമറിയും നടത്തുന്നതായി ആരോപിച്ചുകൊണ്ട്‌ ഞങ്ങളെ സ്ഥിരം കോടതികയറ്റിയിരുന്നു. ഞങ്ങൾക്കായി വാദിക്കാൻ അഭിഭാഷകർ ഇല്ലായിരുന്നത്‌ ഒരു പ്രശ്‌നമായിരുന്നു. ചില അഭിഭാഷകർ സഹതാപം പ്രകടിപ്പിച്ചെങ്കിലും, ഞങ്ങളെ സഹായിച്ചുകൊണ്ട്‌ അധികാരികളുടെ അപ്രീതി സമ്പാദിക്കാൻ അവരിൽ മിക്കവരും ആഗ്രഹിച്ചില്ല. എന്നിരുന്നാലും യഹോവയ്‌ക്ക്‌ ഞങ്ങളുടെ ആവശ്യം അറിയാമായിരുന്നു, കൃത്യസമയത്തുതന്നെ അവൻ വേണ്ടതു ചെയ്‌തു.

ചോദ്യം ചെയ്യലിനിടയിൽ ക്രൂരമായി മർദിക്കപ്പെട്ട, ക്രാക്കോവിൽനിന്നുള്ള സഞ്ചാര മേൽവിചാരകനായ അലൊവൈസി പ്രൊസ്റ്റാക്കിനെ ജയിലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. മാനസികവും ശാരീരികവും ആയ പീഡനത്തിന്മധ്യേ അടിപതറാതെ നിലകൊണ്ട അദ്ദേഹം ആശുപത്രിയിലുള്ള മറ്റു തടവുകാരുടെ ആദരവും പ്രശംസയും പിടിച്ചുപറ്റി. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന, വിറ്റോൾഡ്‌ ലിസ്‌-ഓൾഷെവ്‌സ്‌കി എന്ന ഒരു അഭിഭാഷകന്‌ പ്രൊസ്റ്റാക്‌ സഹോദരന്റെ ധൈര്യത്തിൽ മതിപ്പു തോന്നി. സഹോദരനുമായി പല പ്രാവശ്യം സംസാരിച്ചശേഷം അദ്ദേഹം ഇങ്ങനെ വാഗ്‌ദാനം ചെയ്‌തു: “ഇവിടെനിന്നു പുറത്തിറങ്ങിയശേഷം തൊഴിൽ തുടരാൻ അനുവാദം ലഭിക്കുന്ന ഉടൻതന്നെ യഹോവയുടെ സാക്ഷികൾക്കായി വാദിക്കാൻ ഞാൻ മുന്നോട്ടു വരുന്നതായിരിക്കും.” അദ്ദേഹം വാക്കു പാലിക്കുകയും ചെയ്‌തു.

ഞങ്ങളെ സഹായിക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു സംഘം അഭിഭാഷകർ ഓൾഷെവ്‌സ്‌ക്കിയോടൊപ്പം ഉണ്ടായിരുന്നു. എതിർപ്പ്‌ അതികഠിനമായിരുന്ന സമയത്ത്‌ സഹോദരങ്ങൾക്കായി മാസത്തിൽ ഏകദേശം 30 കേസുകൾ​—⁠ദിവസവും ഒന്നു വീതം​—⁠അവർ വാദിച്ചു! ഓൾഷെവ്‌സ്‌കിയുമായി നിരന്തരം ബന്ധപ്പെടാനും എല്ലാ കേസുകളുടെയും മുഴു വിശദാംശങ്ങളും അദ്ദേഹത്തിനു നൽകാനും എന്നെ നിയമിച്ചു. 1960-കളിലും 1970-കളിലും ആയി ഏഴു വർഷം ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു.

അതിനിടെ അഭിഭാഷകവൃത്തിയോടു ബന്ധപ്പെട്ട ധാരാളം കാര്യങ്ങൾ ഞാൻ പഠിച്ചു. വിചാരണകൾ, അഭിഭാഷകരുടെ നല്ലതും മോശവും ആയ അഭിപ്രായങ്ങൾ, വാദപ്രതിവാദം നടത്തുന്ന വിധങ്ങൾ, കുറ്റം ആരോപിക്കപ്പട്ട സഹവിശ്വാസികളുടെ സാക്ഷ്യം എന്നിങ്ങനെ പലതും ഞാൻ നിരീക്ഷിച്ചുകൊണ്ടിരുന്നു. സഹോദരങ്ങളെ, പ്രത്യേകിച്ചും സാക്ഷികളായി വിസ്‌തരിക്കപ്പെടുന്നവരെ സഹായിക്കുന്നതിൽ​—⁠കോടതിയിൽ എന്തു പറയണമെന്നും എപ്പോൾ മൗനം പാലിക്കണമെന്നും ഒക്കെ അവർക്കു പറഞ്ഞുകൊടുക്കുന്നതിൽ​—⁠അതെല്ലാം വളരെ ഉപകാരമായി.

കേസുകൾ നടക്കുന്ന സമയത്ത്‌ യഹോവയുടെ സാക്ഷികളുടെ ഭവനങ്ങളിലാണ്‌ ഓൾഷെവ്‌സ്‌കി മിക്കപ്പോഴും രാത്രി ചെലവഴിച്ചത്‌. ഹോട്ടലിൽ മുറിയെടുക്കാൻ പണമില്ലാത്തതുകൊണ്ടായിരുന്നില്ല അങ്ങനെ ചെയ്‌തത്‌. “വാദത്തിനുമുമ്പ്‌ നിങ്ങളുടെ ചേതോവികാരങ്ങളുമായി കുറച്ചെങ്കിലും താദാത്മ്യം പ്രാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന്‌ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്താൽ അനേകം കേസുകൾക്കും അനുകൂല വിധിയുണ്ടായി. എനിക്കുവേണ്ടി പലപ്പോഴും വാദിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അദ്ദേഹം എന്നോടു പണം വാങ്ങിയില്ല. മറ്റൊരു സന്ദർഭത്തിൽ 30 കേസുകൾ വാദിച്ചതിനു ഫീസു വാങ്ങാൻ വിസമ്മതിച്ചതിന്റെ കാരണമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ വേലയ്‌ക്കായി നിസ്സാരമായ എന്തെങ്കിലുമൊന്നു സംഭാവന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്നാൽ, നമുക്കു വരുമായിരുന്ന ചെലവിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ അതു നിസ്സാര തുകയായിരുന്നില്ല. ഓൾഷെവ്‌സ്‌കിയുടെ പ്രവർത്തനം അധികാരികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങളെ സഹായിക്കുന്നതിൽനിന്ന്‌ അദ്ദേഹത്തെ തടഞ്ഞില്ല.

ആ വിചാരണകൾ നടന്ന സമയത്ത്‌ സഹോദരങ്ങൾ നൽകിയ ശക്തമായ സാക്ഷ്യം വിവരിക്കാൻ എനിക്കു വാക്കുകളില്ല. വിസ്‌താരം നടക്കുന്നതു കാണാനും കുറ്റം ആരോപിക്കപ്പെട്ട സഹോദരങ്ങളെ ബലപ്പെടുത്താനും അനേകർ കോടതി സന്ദർശിച്ചു. ഏറ്റവും വിചാരണകൾ നടന്ന ഒരു വർഷം 30,000 പേർ വരെ ഇങ്ങനെ വന്നതായി ഞാൻ ഓർക്കുന്നു. തീർച്ചയായും സാക്ഷികളുടെ ഒരു വൻ സംഘംതന്നെ!

ഒരു പുതിയ നിയമനം

1989 ആയപ്പോഴേക്കും നമ്മുടെ പ്രവർത്തനത്തിന്മേലുള്ള നിരോധനം പിൻവലിക്കപ്പെട്ടിരുന്നു. മൂന്നു വർഷം കഴിഞ്ഞപ്പോൾ ഒരു പുതിയ ബ്രാഞ്ച്‌ ഓഫീസ്‌ പണിയുകയും സമർപ്പിക്കുകയും ചെയ്‌തു. അവിടത്തെ ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസസിൽ വേല ചെയ്യാൻ ക്ഷണം ലഭിച്ച ഞാൻ അതു സന്തോഷത്തോടെ സ്വീകരിച്ചു. രക്തം സംബന്ധിച്ച നിലപാടുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന സഹോദരങ്ങളെ മൂന്നു പേരടങ്ങിയ ഞങ്ങളുടെ സംഘം പിന്തുണച്ചു. ക്രിസ്‌തീയ മനസ്സാക്ഷിയുടെ അടിസ്ഥാനത്തിലുള്ള സ്വന്തം നിലപാടിനായി വാദിക്കാൻ ഞങ്ങൾ അവരെ സഹായിച്ചു.​—⁠പ്രവൃത്തികൾ 15:29.

പരസ്യശുശ്രൂഷയിൽ യഹോവയെ സേവിക്കാൻ ലഭിച്ച പദവിക്കായി ഞാനും ഭാര്യയും അങ്ങേയറ്റം കൃതജ്ഞതയുള്ളവരാണ്‌. നേള എന്നും എനിക്കു പ്രോത്സാഹനവും പിന്തുണയും ആയിരുന്നിട്ടുണ്ട്‌. ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങളിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുകയും അതുപോലെതന്നെ ജയിലിൽ കഴിയുകയും ചെയ്‌ത സമയങ്ങളിലൊന്നും, ഞാൻ കൂടെയില്ലാത്തതിന്റെ പേരിൽ നേള ഒരിക്കലും പരാതിപ്പെട്ടില്ല എന്നതു ഞാൻ നന്ദിയോടെ ഓർക്കുന്നു. പ്രയാസകരമായ സാഹചര്യങ്ങളിൽ സ്വയം തകർന്നുപോകുന്നതിനുപകരം അവൾ മറ്റുള്ളവരെ ആശ്വസിപ്പിച്ചു.

ഒരു ഉദാഹരണം. 1974-ൽ മറ്റു സഞ്ചാര മേൽവിചാരകന്മാരോടൊപ്പം എന്നെ അറസ്റ്റു ചെയ്‌തപ്പോൾ അതറിഞ്ഞ ചില സഹോദരന്മാർ ഭാര്യയെ ദയാപൂർവം വിവരം ധരിപ്പിക്കാൻ ആഗ്രഹിച്ചു. “നേള സഹോദരീ, ഒരു ദുഃഖവാർത്ത അറിയിക്കാനാണ്‌ ഞങ്ങൾ ഇപ്പോൾ വന്നത്‌,” അവർ അവളോടു പറഞ്ഞു. ഞാൻ മരിച്ചുപോയെന്നു കരുതിയ അവൾ പെട്ടെന്നു സ്‌തബ്ധയായിപ്പോയി. യഥാർഥത്തിൽ സംഭവിച്ചത്‌ എന്താണെന്നു മനസ്സിലാക്കിയപ്പോൾ അവൾ പറഞ്ഞു: “ഓ, ആശ്വാസമായി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടല്ലോ! ആദ്യമായിട്ടൊന്നുമല്ലല്ലോ അദ്ദേഹം അറസ്റ്റിലാവുന്നത്‌.” അവളുടെ ക്രിയാത്മക മനോഭാവം തങ്ങളിൽ ആഴമായ വിലമതിപ്പുണ്ടാക്കിയതായി സഹോദരന്മാർ പിന്നീട്‌ എന്നോടു പറയുകയുണ്ടായി.

വേദനാകരമായ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, യഹോവയുടെ വഴികളിൽ നടന്ന ഞങ്ങളെ അവൻ എല്ലായ്‌പോഴും സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ട്‌. മകൾ ലിഡിയയും ഭർത്താവ്‌ ആൽഫ്രെറ്റ്‌ ഡെറൂഷായും ഉത്തമ ക്രിസ്‌തീയ ദമ്പതികളായി ജീവിക്കുന്ന കാഴ്‌ച ഞങ്ങളെ ഏറെ സന്തുഷ്ടരാക്കുന്നു. അവർ മക്കളായ ക്രിസ്റ്റൊഫറെയും ജോനാഥാനെയും ദൈവത്തിന്റെ സമർപ്പിത ദാസരായി വളർത്തിക്കൊണ്ടുവന്നിരിക്കുന്നതും ഞങ്ങളുടെ സന്തോഷത്തെ വർധിപ്പിക്കുന്നു. എന്റെ അനുജൻ റിഷാർഡും ഇളയ സഹോദരി ഉർസൂളായും വർഷങ്ങളായി വിശ്വസ്‌ത ക്രിസ്‌ത്യാനികളാണ്‌.

യഹോവ ഒരിക്കലും ഞങ്ങളെ കൈവിട്ടില്ല. അവനെ തുടർന്നും പൂർണ ഹൃദയത്തോടെ സേവിക്കുക എന്നതാണ്‌ ഞങ്ങളുടെ ആഗ്രഹം. സങ്കീർത്തനം 37:​34 എത്ര സത്യമാണെന്ന്‌ ഞങ്ങളുടെ ജീവിതാനുഭവം തെളിയിക്കുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും.” ആ സമയത്തിനായി ഞങ്ങൾ നോക്കിപ്പാർത്തിരിക്കുകയാണ്‌.

[17-ാം പേജിലെ ചിത്രം]

ക്രാക്കോവിലുള്ള ഒരു സഹോദരന്റെ തോട്ടത്തിൽവെച്ച്‌ നടന്ന സമ്മേളനത്തിൽനിന്ന്‌, 1964

[18-ാം പേജിലെ ചിത്രം]

ഭാര്യ നേളയോടും മകൾ ലിഡിയയോടും ഒപ്പം, 1968

[20-ാം പേജിലെ ചിത്രം]

ചെറുപ്രായത്തിലുള്ള ഒരു സാക്ഷിയുമൊത്ത്‌ അവന്റെ രക്തരഹിത ഹൃദയ ശസ്‌ത്രക്രിയയ്‌ക്കുമുമ്പ്‌

[20-ാം പേജിലെ ചിത്രം]

കാറ്റോവിസിലുള്ള ഒരു ആശുപത്രിയിലെ, കുട്ടികൾക്കു രക്തരഹിത ഹൃദയ ശസ്‌ത്രക്രിയ നടത്തുന്ന വിഭാഗത്തിന്റെ ചീഫ്‌ സർജനായ ഡോ. വൈറ്റ്‌സുമൊത്ത്‌

[20-ാം പേജിലെ ചിത്രം]

2002-ൽ നേളയോടൊപ്പം