വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ തന്നെ “അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു”

യഹോവ തന്നെ “അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു”

യഹോവ തന്നെ “അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു”

“ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.”​—⁠എബ്രായർ 11:⁠6.

1, 2. യഹോവയുടെ ദാസന്മാരിൽ ചിലർക്കു നിഷേധാത്മക വികാരങ്ങൾ ഉണ്ടായേക്കാവുന്നത്‌ എന്തുകൊണ്ട്‌?

“ഏകദേശം 30 വർഷമായി ഞാൻ യഹോവയുടെ ഒരു സാക്ഷിയാണ്‌. എങ്കിലും ആ പേരിൽ അറിയപ്പെടാനുള്ള അർഹതയുണ്ടെന്ന്‌ എനിക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല. ഞാൻ പയനിയറിങ്‌ നടത്തുകയും മറ്റു പ്രത്യേക നിയമനങ്ങൾ ആസ്വദിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും അതൊന്നും ഒരു സാക്ഷിയായി അറിയപ്പെടാൻ ഞാൻ അർഹയാണെന്ന ബോധ്യം എന്നിൽ ഉളവാക്കിയിട്ടില്ല” എന്ന്‌ ബാർബറ സമ്മതിച്ചുപറയുന്നു. * കിത്ത്‌ എന്ന വ്യക്തിക്കും സമാനമായ അഭിപ്രായമാണുള്ളത്‌. അദ്ദേഹം പറയുന്നു: “സന്തുഷ്ടരായിരിക്കാൻ യഹോവയുടെ ജനത്തിനു നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും എന്റെ കാര്യത്തിൽ അതങ്ങനെ അല്ലായിരുന്നതിനാൽ ഞാൻ കൊള്ളരുതാത്തവനാണെന്ന തോന്നൽ എനിക്കു പലപ്പോഴും ഉണ്ടാകുമായിരുന്നു. കുറ്റബോധത്തിലേക്കു നയിച്ച ആ തോന്നൽ കാര്യങ്ങളെ വഷളാക്കിയതേയുള്ളൂ.”

2 കഴിഞ്ഞ കാലത്തെയും ഇക്കാലത്തെയും യഹോവയുടെ വിശ്വസ്‌ത ദാസന്മാരിൽ പലർക്കും സമാനമായ വികാരങ്ങളുമായി മല്ലിടേണ്ടിവന്നിട്ടുണ്ട്‌. നിങ്ങൾക്ക്‌ അങ്ങനെ ഉണ്ടായിട്ടുണ്ടോ? നിങ്ങൾക്ക്‌ ഒന്നൊന്നായി പ്രശ്‌നങ്ങൾ ഉണ്ടാകുകയും അതേസമയം സഹവിശ്വാസികൾ ആകുലതകളില്ലാതെ സന്തോഷകരമായ ജീവിതം നയിക്കുന്നതുപോലെ കാണപ്പെടുകയും ചെയ്‌തേക്കാം. തത്‌ഫലമായി, നിങ്ങൾക്ക്‌ യഹോവയുടെ അംഗീകാരമില്ലെന്നോ നിങ്ങൾ അവന്റെ ശ്രദ്ധയ്‌ക്ക്‌ അർഹനല്ലെന്നോ തോന്നിയേക്കാം. എന്നാൽ അതാണു വാസ്‌തവമെന്നു പെട്ടെന്നു നിഗമനം ചെയ്യരുത്‌. ബൈബിൾ നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “അരിഷ്ടന്റെ അരിഷ്ടത അവൻ [യഹോവ] നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്‌തത്‌.” (സങ്കീർത്തനം 22:24) തന്റെ വിശ്വസ്‌തരുടെ യാചനകൾ യഹോവ കേൾക്കുമെന്നു മാത്രമല്ല അവർക്കു പ്രതിഫലം കൊടുക്കുമെന്നും മിശിഹായെക്കുറിച്ചുള്ള ഈ പ്രാവചനിക വാക്കുകൾ പ്രകടമാക്കുന്നു.

3. ഈ വ്യവസ്ഥിതിയിലെ സമ്മർദങ്ങളിൽനിന്നു നാം ഒഴിവുള്ളവരല്ലാത്തത്‌ എന്തുകൊണ്ട്‌?

3 ഈ വ്യവസ്ഥിതിയുടെ സമ്മർദങ്ങളിൽനിന്ന്‌ ആരും, യഹോവയുടെ ജനം പോലും ഒഴിവുള്ളവരല്ല. യഹോവയുടെ മുഖ്യശത്രുവായ പിശാചായ സാത്താൻ ഭരിക്കുന്ന ലോകത്തിലാണു നാം ജീവിക്കുന്നത്‌. (2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19) യഹോവയുടെ ദാസന്മാർക്ക്‌ അത്ഭുതകരമായി സംരക്ഷണം ലഭിക്കുന്നില്ല, വാസ്‌തവത്തിൽ അവരാണ്‌ സാത്താന്റെ മുഖ്യ ലക്ഷ്യം. (ഇയ്യോബ്‌ 1:7-12; വെളിപ്പാടു 2:10) അക്കാരണത്താൽ, യഹോവ നമുക്കായി കരുതുന്നുണ്ടെന്ന പൂർണ ബോധ്യത്തോടെ ദൈവത്തിന്റെ നിയമിത സമയംവരെ നാം ‘കഷ്ടതയിൽ സഹിഷ്‌ണുത കാണിക്കുകയും പ്രാർഥനയിൽ ഉറ്റിരിക്കുകയും’ ചെയ്യേണ്ടതുണ്ട്‌. (റോമർ 12:13) നമ്മുടെ ദൈവമായ യഹോവ നമ്മെ സ്‌നേഹിക്കുന്നില്ലെന്നു വിചാരിക്കാൻ ഇടയാക്കുന്നതിന്‌ ഈ ലോകത്തിലെ സമ്മർദങ്ങളെ നാം അനുവദിക്കരുത്‌!

സഹിഷ്‌ണുതയുടെ പുരാതന ദൃഷ്ടാന്തങ്ങൾ

4. അരിഷ്ടതകൾ സഹിക്കേണ്ടിവന്ന, യഹോവയുടെ ചില വിശ്വസ്‌ത ദാസർ ആരെല്ലാം?

4 യഹോവയുടെ പല പുരാതന ദാസർക്കും അരിഷ്ടതകൾ സഹിക്കേണ്ടിവന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌, കുട്ടികളില്ലാതിരുന്നതിനെപ്രതി ഹന്നാ ‘മനോവ്യസനം’ അനുഭവിച്ചിരുന്നു. മക്കളില്ലാതിരിക്കുന്നത്‌ ദൈവം തന്നെ മറന്നുകളഞ്ഞതിനു തുല്യമായിട്ടാണ്‌ അവൾക്കു തോന്നിയത്‌. (1 ശമൂവേൽ 1:9-11) ഈസേബെൽ രാജ്ഞി തന്നെ കൊല്ലാൻ ശ്രമിക്കുന്ന കാര്യം മനസ്സിലാക്കിയ ഏലീയാവ്‌ ഭയപ്പെട്ട്‌ യഹോവയോട്‌ ഇപ്രകാരം പ്രാർഥിച്ചു: “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ.” (1 രാജാക്കന്മാർ 19:4) പിൻവരുംവിധം തുറന്നുപറഞ്ഞപ്പോൾ അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ അപൂർണതയുടെ ഭാരം പൂർണമായി അനുഭവിച്ചറിഞ്ഞിട്ടുണ്ടാകണം: “നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.” തുടർന്ന്‌ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ!”​—⁠റോമർ 7:21-24.

5. (എ) ഹന്നാ, ഏലീയാവ്‌, പൗലൊസ്‌ എന്നിവർക്കു പ്രതിഫലം ലഭിച്ചത്‌ എങ്ങനെ? (ബി) നിഷേധാത്മക വികാരങ്ങളുമായി നമുക്കു പോരാട്ടമുണ്ടെങ്കിൽ ദൈവവചനത്തിൽനിന്ന്‌ എങ്ങനെ ആശ്വാസം നേടാം?

5 ഹന്നാ, ഏലീയാവ്‌, പൗലൊസ്‌ എന്നിവരെല്ലാം സഹിഷ്‌ണുതയോടെ യഹോവയെ സേവിച്ചു. ദൈവം അവർക്കു സമൃദ്ധമായി പ്രതിഫലം നൽകി. (1 ശമൂവേൽ 1:20; 2:21; 1 രാജാക്കന്മാർ 19:5-18; 2 തിമൊഥെയൊസ്‌ 4:8) എന്നിരുന്നാലും ദുഃഖം, നിരാശ, ഭയം എന്നിങ്ങനെയുള്ള സകല മാനുഷിക വികാരങ്ങളുമായും അവർക്കു മല്ലിടേണ്ടിവന്നു. ചിലപ്പോഴൊക്കെ നിഷേധാത്മക വികാരങ്ങൾ തോന്നുന്നെങ്കിൽ അതു നമ്മെ അതിശയിപ്പിക്കരുത്‌. യഹോവ യഥാർഥത്തിൽ എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്നു തോന്നാൻ ജീവിതോത്‌കണ്‌ഠകൾ ഇടയാക്കുമ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? ദൈവവചനത്തിൽ നിങ്ങൾക്ക്‌ ആശ്വാസം കണ്ടെത്താം. ഉദാഹരണത്തിന്‌ മുൻ ലേഖനത്തിൽ, യഹോവ “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും” എണ്ണിയിരിക്കുന്നു എന്ന യേശുവിന്റെ പ്രസ്‌താവന നാം ചർച്ചചെയ്യുകയുണ്ടായി. (മത്തായി 10:​30, പി.ഒ.സി. ബൈബിൾ) യഹോവയ്‌ക്ക്‌ തന്റെ ഓരോ ദാസനിലും ആഴമായ താത്‌പര്യം ഉണ്ടെന്നാണ്‌ പ്രോത്സാഹജനകമായ ആ വാക്കുകൾ സൂചിപ്പിക്കുന്നത്‌. കൂടാതെ, കുരുവികളെക്കുറിച്ചുള്ള യേശുവിന്റെ ഉപമയും ഓർക്കുക. ആ ചെറുപക്ഷികളിൽ ഒന്നുപോലും നിലത്തു വീഴുന്നത്‌ യഹോവ അറിയുന്നുണ്ടെങ്കിൽ, നിങ്ങളുടെ ബുദ്ധിമുട്ട്‌ അവൻ കാണാതിരിക്കുമോ?

6. നിഷേധാത്മക വികാരങ്ങളോടു പോരാടുന്നവർക്ക്‌ ആശ്വാസത്തിന്റെ ഉറവായിരിക്കാൻ ബൈബിളിനു കഴിയുന്നത്‌ എങ്ങനെ?

6 സർവശക്തനും സ്രഷ്ടാവും ആയ യഹോവയാം ദൈവത്തിന്റെ ദൃഷ്ടിയിൽ അപൂർണ മനുഷ്യരായ നമുക്കു വിലയേറിയവരായിരിക്കാൻ കഴിയുമെന്നതു സത്യമാണോ? തീർച്ചയായും! അതു സംബന്ധിച്ചു നമുക്ക്‌ ഉറപ്പു നൽകുന്ന ധാരാളം ബൈബിൾവാക്യങ്ങളുണ്ട്‌. അവ വിചിന്തനം ചെയ്യുന്നതിലൂടെ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ നാം പ്രതിധ്വനിപ്പിക്കുകയായിരിക്കും: “എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.” (സങ്കീർത്തനം 94:19) ദൈവവചനത്തിലെ ഈ ആശ്വാസ വാക്കുകളിൽ ചിലത്‌ നമുക്കിപ്പോൾ പരിചിന്തിക്കാം. നമ്മെ ദൈവം വിലയേറിയവരായി കാണുന്നുവെന്നും അവന്റെ ഹിതം ചെയ്യുന്നതിൽ തുടരുന്നെങ്കിൽ അവൻ പ്രതിഫലം നൽകുമെന്നും പൂർണമായി മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കും.

യഹോവയുടെ “നിക്ഷേപം”

7. ദുഷിച്ച അവസ്ഥയിലായിരുന്ന ജനതയോട്‌ മലാഖിയിലൂടെ ഏതു കാര്യമാണ്‌ യഹോവ മുൻകൂട്ടിപ്പറഞ്ഞത്‌?

7 പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) അഞ്ചാം നൂറ്റാണ്ടിൽ യഹൂദന്മാർക്കിടയിൽ പരിതാപകരമായ ഒരു സാഹചര്യമാണ്‌ ഉണ്ടായിരുന്നത്‌. പുരോഹിതന്മാർ, ആളുകൾ കൊണ്ടുവരുന്ന ഊനമുള്ള മൃഗങ്ങളെ സ്വീകരിക്കുകയും അവയെ യഹോവയുടെ ബലിപീഠത്തിൽ യാഗമർപ്പിക്കുകയും ചെയ്‌തിരുന്നു. ന്യായാധിപന്മാർ പക്ഷപാതം കാട്ടിയിരുന്നു. ക്ഷുദ്രപ്രയോഗവും നുണപറച്ചിലും വഞ്ചനയും വ്യഭിചാരവും സർവസാധാരണമായിരുന്നു. (മലാഖി 1:8; 2:9; 3:5) തികച്ചും ദുഷിച്ച അവസ്ഥയിലായിരുന്ന ആ ജനതയോട്‌ മലാഖി ശ്രദ്ധേയമായ ഒരു കാര്യം മുൻകൂട്ടിപ്പറഞ്ഞു. കാലാന്തരത്തിൽ തന്റെ ജനത്തെ യഹോവ ഒരു അംഗീകൃത നിലയിലേക്കു തിരിച്ചുകൊണ്ടുവരുമായിരുന്നു. നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും.”​—⁠മലാഖി 3:17.

8. മലാഖി 3:17 തത്ത്വത്തിൽ മഹാപുരുഷാരത്തിനും ബാധകമാക്കാവുന്നത്‌ എന്തുകൊണ്ട്‌?

8 മലാഖിയുടെ പ്രവചനത്തിന്‌, 1,44,000 പേരടങ്ങുന്ന ആത്മീയ ജനതയായ അഭിഷിക്ത ക്രിസ്‌ത്യാനികളോടുള്ള ബന്ധത്തിൽ ഒരു ആധുനിക നിവൃത്തിയുണ്ട്‌. ആ ജനത “ഒരു നിക്ഷേപം” അഥവാ യഹോവയുടെ ‘സ്വന്തജനം’ ആണ്‌. (1 പത്രൊസ്‌ 2:9) മലാഖിയുടെ പ്രവചനം “വെള്ളനിലയങ്കി ധരിച്ചു . . . സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്‌ക്കുന്ന” മഹാപുരുഷാരത്തിനും പ്രോത്സാഹജനകമാണ്‌. (വെളിപ്പാടു 7:4, 9) ഇവർ അഭിഷിക്തരോടൊപ്പം ഏക ഇടയനായ യേശുക്രിസ്‌തുവിന്റെ കീഴിൽ ഒരാട്ടിൻകൂട്ടം ആയിത്തീരും.​—⁠യോഹന്നാൻ 10:16.

9. യഹോവയുടെ ജനം അവന്‌ “ഒരു നിക്ഷേപം” ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 തന്റെ ഭക്തരെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്‌? മലാഖി 3:​17-ൽ കണ്ടതുപോലെ, സ്‌നേഹവാനായ ഒരു പിതാവിനു സ്വന്തം മകനോടു തോന്നുന്ന വികാരമാണ്‌ അവന്‌ അവരോടുള്ളത്‌. എത്ര നല്ല രീതിയിലാണ്‌ യഹോവ തന്റെ ജനത്തെ വിശേഷിപ്പിക്കുന്നതെന്നു നോക്കുക​—⁠“ഒരു നിക്ഷേപം.” മറ്റു ഭാഷാന്തരങ്ങൾ ഈ പ്രയോഗത്തെ “എന്റെ സ്വന്തം,” “എന്റെ ഏറ്റവും വിലപ്പെട്ട സ്വത്ത്‌,” “എന്റെ രത്‌നങ്ങൾ” എന്നെല്ലാമാണു വിവർത്തനം ചെയ്‌തിരിക്കുന്നത്‌. തന്നെ സേവിക്കുന്നവർക്കു യഹോവ അത്രമാത്രം വിലകൽപ്പിക്കുന്നത്‌ എന്തുകൊണ്ട്‌? അവൻ കൃതജ്ഞതയുള്ള ദൈവമാണെന്നതാണ്‌ ഒരു കാരണം. (എബ്രായർ 6:10) ഹൃദയപൂർവം തന്നെ സേവിക്കുന്നവരിലേക്ക്‌ അവൻ അടുത്തുവരുകയും അവരെ വിശേഷതയുള്ളവരായി കാണുകയും ചെയ്യുന്നു.

10. യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നത്‌ എങ്ങനെ?

10 നിങ്ങൾ ഒരു നിക്ഷേപംപോലെ വീക്ഷിക്കുന്ന വിലയേറിയ ഒരു വസ്‌തുവിനെക്കുറിച്ചു ചിന്തിക്കുക. അതു സംരക്ഷിക്കാൻ നിങ്ങൾ ശ്രമിക്കില്ലേ? തന്റെ “നിക്ഷേപ”ത്തോടുള്ള ബന്ധത്തിൽ യഹോവയും ഇതുതന്നെയാണ്‌ ചെയ്യുന്നത്‌. അവൻ തന്റെ ജനത്തെ എല്ലാ പരിശോധനകളിൽനിന്നും ദുരന്തങ്ങളിൽനിന്നും സംരക്ഷിക്കുന്നില്ല എന്നതു സത്യംതന്നെ. (സഭാപ്രസംഗി 9:11) എങ്കിലും, ആത്മീയമായ വിധത്തിൽ തന്റെ ജനത്തെ യഹോവ സംരക്ഷിക്കും. ഏതൊരു പരിശോധനയിന്മധ്യേയും സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി അവൻ അവർക്കു നൽകുന്നു. (1 കൊരിന്ത്യർ 10:13) അക്കാരണത്താൽ, ദൈവത്തിന്റെ ജനമായിരുന്ന പുരാതന ഇസ്രായേല്യരോട്‌ മോശെ ഇപ്രകാരം പറഞ്ഞു: “ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ . . . നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല.” (ആവർത്തനപുസ്‌തകം 31:6) യഹോവ തന്റെ ജനത്തിനു പ്രതിഫലം നൽകും. അവർ അവന്‌ “ഒരു നിക്ഷേപ”മാണ്‌.

യഹോവ​—⁠പ്രതിഫലം നൽകുന്ന ദൈവം

11, 12. യഹോവയെ പ്രതിഫലദായകനെന്ന നിലയിൽ കാണുന്നത്‌ സംശയത്തെ ചെറുത്തുതോൽപ്പിക്കാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

11 യഹോവ തന്റെ ദാസന്മാർക്കു വിലകൽപ്പിക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവാണ്‌ അവൻ അവർക്കു പ്രതിഫലം നൽകുന്നു എന്നത്‌. ഇസ്രായേല്യരോട്‌ അവൻ ഇപ്രകാരം പറഞ്ഞു: “എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ?” (മലാഖി 3:10) ഒടുവിൽ യഹോവ തന്റെ ദാസന്മാർക്കു പ്രതിഫലമായി നിത്യജീവൻ നൽകും. (യോഹന്നാൻ 5:24; വെളിപ്പാടു 21:​4, 5) അമൂല്യമായ ഈ പ്രതിഫലം, യഹോവയുടെ സ്‌നേഹവും ഔദാര്യവും എത്ര വലുതാണ്‌ എന്നതിന്റെ തെളിവാണ്‌. തന്നെ സേവിക്കാൻ തീരുമാനിക്കുന്നവരെ യഹോവ വിലയേറിയവരായി കാണുന്നുവെന്നും ഇതു പ്രകടമാക്കുന്നു. യഹോവയെ ഉദാരമതിയായ ഒരു പ്രതിഫലദായകനായി വീക്ഷിക്കാൻ പഠിക്കുന്നത്‌, ദൈവമുമ്പാകെയുള്ള നമ്മുടെ നില സംബന്ധിച്ച ഏതൊരു സംശയവും ദൂരീകരിക്കാൻ നമ്മെ സഹായിക്കും. യഥാർഥത്തിൽ യഹോവയെ ആ വിധത്തിൽ വീക്ഷിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു! പൗലൊസ്‌ എഴുതി: “ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.”​—⁠എബ്രായർ 11:⁠6.

12 യഹോവയെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ നാം അവനെ സേവിക്കുന്നത്‌, പ്രതിഫലം വാഗ്‌ദാനം ചെയ്‌തിരിക്കുന്നതുകൊണ്ടല്ല. എങ്കിലും, പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷ മനസ്സിൽ അടുപ്പിച്ചുനിറുത്തുന്നത്‌ അനുചിതമോ സ്വാർഥപരമോ അല്ല. (കൊലൊസ്സ്യർ 3:23, 24) തന്റെ ഭക്തരോടുള്ള സ്‌നേഹവും അവർക്കു കൽപ്പിക്കുന്ന ഉയർന്ന മൂല്യവും നിമിത്തം തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു പ്രതിഫലം നൽകാൻ യഹോവ മുൻകൈയെടുക്കുന്നു.

13. മറുവില ക്രമീകരണം യഹോവയ്‌ക്കു നമ്മോടുള്ള സ്‌നേഹത്തിന്റെ ഏറ്റവും വലിയ തെളിവായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 യഹോവയുടെ ദൃഷ്ടിയിൽ മനുഷ്യർക്കു മൂല്യമുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ മറുവില ക്രമീകരണം. അപ്പൊസ്‌തലനായ യോഹന്നാൻ ഇപ്രകാരം എഴുതി: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.” (യോഹന്നാൻ 3:16) യേശുക്രിസ്‌തു മുഖേനയുള്ള മറുവില ക്രമീകരണം, യഹോവ നമ്മെ വിലയേറിയവരായി കണക്കാക്കുന്നില്ലെന്നോ നമ്മെ സ്‌നേഹിക്കുന്നില്ലെന്നോ ഉള്ള ആശയത്തിനു കടകവിരുദ്ധമാണ്‌. യഹോവ നമുക്കുവേണ്ടി ഇത്ര വലിയ വില​—⁠തന്റെ ഏകജാതപുത്രന്റെ ജീവൻ​—⁠നൽകിയെങ്കിൽ അവൻ തീർച്ചയായും നമ്മെ അത്യധികം സ്‌നേഹിക്കുന്നുണ്ട്‌.

14. മറുവിലയെ പൗലൊസ്‌ എങ്ങനെ വീക്ഷിച്ചു?

14 അതിനാൽ, നിഷേധാത്മക ചിന്തകൾ മനസ്സിൽ തലപൊക്കുമ്പോൾ മറുവില ക്രമീകരണത്തെക്കുറിച്ചു ചിന്തിക്കുക. അതേ, അതിനെ യഹോവയിൽനിന്നു നിങ്ങൾക്കു വ്യക്തിപരമായി ലഭിച്ചിരിക്കുന്ന ഒരു സമ്മാനമായി വീക്ഷിക്കുക. അപ്പൊസ്‌തലനായ പൗലൊസ്‌ ചെയ്‌തത്‌ അതാണ്‌. അവൻ പറഞ്ഞത്‌ എന്താണെന്ന്‌ ഓർക്കുക: “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ.” എന്നാൽ അവൻ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “എന്നെ സ്‌നേഹിച്ചു എനിക്കുവേണ്ടി തന്നെത്താൻ ഏല്‌പിച്ചുകൊടുത്ത” “നമ്മുടെ കർത്താവായ യേശുക്രിസ്‌തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്‌തോത്രം ചെയ്യുന്നു.” (റോമർ 7:24, 25; ഗലാത്യർ 2:20) അതു പറഞ്ഞപ്പോൾ പൗലൊസ്‌ ആത്മപ്രശംസ നടത്തുകയല്ലായിരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ യഹോവ തനിക്കു വിലകൽപ്പിക്കുന്നുണ്ടെന്ന ബോധ്യം അവനുണ്ടായിരുന്നു. പൗലൊസിനെപ്പോലെ നിങ്ങളും ദൈവം നിങ്ങൾക്കു വ്യക്തിപരമായി നൽകിയിരിക്കുന്ന ഒരു സമ്മാനമായി മറുവിലയെ വീക്ഷിക്കാൻ പഠിക്കണം. യഹോവ ശക്തനായ ഒരു രക്ഷകൻ മാത്രമല്ല സ്‌നേഹവാനായ ഒരു പ്രതിഫലദായകനുമാണ്‌.

സാത്താന്റെ തന്ത്രങ്ങൾക്കെതിരെ ജാഗരൂകരായിരിക്കുക

15-17. (എ) നിഷേധാത്മക വികാരങ്ങളെ പിശാച്‌ മുതലെടുക്കുന്നത്‌ എങ്ങനെ? (ബി) ഇയ്യോബിന്റെ അനുഭവത്തിൽനിന്നു നമുക്ക്‌ എന്തു പ്രോത്സാഹനം ഉൾക്കൊള്ളാം?

15 എങ്കിലും, ദൈവവചനത്തിലെ നിശ്വസ്‌ത ആശ്വാസവാക്കുകൾ യഥാർഥത്തിൽ നിങ്ങൾക്കു വ്യക്തിപരമായി ബാധകമാകുന്നവയാണെന്നു വിശ്വസിക്കുക ബുദ്ധിമുട്ടായിരിക്കാം. ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവൻ എന്ന പ്രതിഫലം മറ്റുള്ളവർക്കുള്ളതാണെന്നും എനിക്ക്‌ അതിനുള്ള യോഗ്യതയില്ലെന്നും നിങ്ങൾ വിചാരിച്ചേക്കാം. സാഹചര്യം ഇതാണെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

16 അപ്പൊസ്‌തലനായ പൗലൊസ്‌ എഫെസ്യർക്കു നൽകിയ പിൻവരുന്ന ഉദ്‌ബോധനം നിങ്ങൾക്ക്‌ അറിയാമെന്നതിൽ സംശയമില്ല. “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്‌പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.” (എഫെസ്യർ 6:11) സാത്താന്റെ ഉപായങ്ങളെന്നു കേൾക്കുമ്പോൾ ഭൗതികത്വവും അധാർമികതയും പോലുള്ള കാര്യങ്ങളായിരിക്കാം പെട്ടെന്നു നമ്മുടെ മനസ്സിലേക്കു വരിക. അതു ശരിയാണുതാനും. ഈ പ്രലോഭനങ്ങൾ കഴിഞ്ഞകാലത്തെയും ഇക്കാലത്തെയും നിരവധി ദൈവദാസരെ കെണിയിലാക്കിയിട്ടുണ്ട്‌. എന്നാൽ, സാത്താന്റെ മറ്റൊരു തന്ത്രത്തെ അതായത്‌, യഹോവയാം ദൈവം തങ്ങളെ സ്‌നേഹിക്കുന്നില്ലെന്ന്‌ ആളുകളെ വിശ്വസിപ്പിക്കാനുള്ള അവന്റെ ശ്രമത്തെ നാം അവഗണിച്ചുകളയരുത്‌.

17 ദൈവത്തിൽനിന്ന്‌ ആളുകളെ അകറ്റിക്കളയാനുള്ള ശ്രമത്തിന്റെ ഭാഗമായി അത്തരം വികാരങ്ങളെ ചൂഷണം ചെയ്യുന്നതിൽ പിശാച്‌ വിദഗ്‌ധനാണ്‌. ഇയ്യോബിനോട്‌ ബിൽദാദ്‌ പറഞ്ഞത്‌ എന്താണെന്നു നോക്കുക: “മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്‌ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും? ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല. പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?” (ഇയ്യോബ്‌ 25:4-6; യോഹന്നാൻ 8:44) ആ വാക്കുകൾ ഇയ്യോബിനെ എത്ര നിരുത്സാഹപ്പെടുത്തിയിട്ടുണ്ടാകണം. നിങ്ങളെ നിരുത്സാഹപ്പെടുത്താൻ സാത്താനെ അനുവദിക്കരുത്‌. പകരം, സാത്താന്റെ തന്ത്രങ്ങൾ സംബന്ധിച്ചു ജാഗ്രത പാലിക്കുക. ശരി ചെയ്യാനായി സകല പോരാട്ടവും നടത്താനുള്ള ശക്തിയും കരുത്തും അതു നിങ്ങൾക്കു നൽകും. (2 കൊരിന്ത്യർ 2:11) ഇയ്യോബിനെ തിരുത്തേണ്ടിവന്നെങ്കിലും, നഷ്ടമായ സകലതും ഇരട്ടി നൽകിക്കൊണ്ട്‌ യഹോവ അവന്റെ സഹിഷ്‌ണുതയ്‌ക്കു പ്രതിഫലം നൽകി. —ഇയ്യോബ്‌ 42:10.

യഹോവ ‘നമ്മുടെ ഹൃദയത്തെക്കാൾ വലിയവൻ’

18, 19. എങ്ങനെയാണ്‌ ‘ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവൻ’ ആയിരിക്കുന്നത്‌, അവൻ ‘എല്ലാം അറിയുന്നത്‌’ ഏതു വിധത്തിൽ?

18 നിരുത്സാഹത്തിന്റേതായ വികാരങ്ങൾ വളരെ ശക്തമാണെങ്കിൽ അവയെ മറികടക്കുക ബുദ്ധിമുട്ടാണെന്നതു സത്യംതന്നെ. എങ്കിലും, “ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും” ക്രമേണ മറികടക്കുന്നതിനു നിങ്ങളെ സഹായിക്കാൻ യഹോവയുടെ ആത്മാവിനു കഴിയും. (2 കൊരിന്ത്യർ 10:4, 5) നിഷേധാത്മക വികാരങ്ങൾ നിങ്ങളെ കീഴടക്കുമെന്നു തോന്നുമ്പോൾ അപ്പൊസ്‌തലനായ യോഹന്നാന്റെ പിൻവരുന്ന വാക്കുകളെക്കുറിച്ച്‌ ചിന്തിക്കുക: “നാം സത്യത്തിന്റെ പക്ഷത്തു നില്‌ക്കുന്നവർ എന്നു ഇതിനാൽ അറിയും; ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.”​—⁠1 യോഹന്നാൻ 3:19, 20.

19 ‘ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനാണ്‌’ എന്നു പറയുന്നതിന്റെ അർഥമെന്താണ്‌? പലപ്പോഴും, പ്രത്യേകിച്ച്‌ നമ്മുടെ അപൂർണതകളോ കുറവുകളോ നമ്മെ കുത്തിനോവിക്കുമ്പോൾ, ഹൃദയം നമ്മെ കുറ്റംവിധിച്ചേക്കാം. അല്ലെങ്കിൽ നമ്മുടെ പശ്ചാത്തലം നിമിത്തം, നാം ചെയ്യുന്നതൊന്നും യഹോവയ്‌ക്ക്‌ സ്വീകാര്യമാവില്ലെന്നു നമ്മെക്കുറിച്ചുതന്നെ നിഷേധാത്മകമായി ചിന്തിക്കാനും ഏറെ ചായ്‌വ്‌ കാണിച്ചേക്കാം. യഹോവയുടെ ചിന്താഗതികൾ അതിനെക്കാളൊക്കെ ഉയരത്തിലുള്ളവയാണെന്ന്‌ അപ്പൊസ്‌തലനായ യോഹന്നാന്റെ വാക്കുകൾ ഉറപ്പുതരുന്നു. അവൻ നമ്മുടെ തെറ്റുകൾ മറന്നുകളയുകയും നമ്മുടെ യഥാർഥ കഴിവുകൾ കാണുകയും ചെയ്യുന്നു. നമ്മുടെ ആന്തരവും ഉദ്ദേശ്യങ്ങളും അവന്‌ അറിയാം. ദാവീദ്‌ എഴുതി: “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:14) അതേ, നമ്മെക്കുറിച്ച്‌ നമ്മെക്കാൾ മെച്ചമായി യഹോവയ്‌ക്കറിയാം!

“ഭംഗിയുള്ള കിരീടവും” “രാജമുടിയും”

20. യഹോവ തന്റെ ദാസന്മാരെ വീക്ഷിക്കുന്ന വിധം സംബന്ധിച്ച്‌ യെശയ്യാവിന്റെ പുനഃസ്ഥിതീകരണ പ്രവചനം എന്തു വെളിപ്പെടുത്തുന്നു?

20 പുരാതന കാലത്ത്‌ യഹോവ തന്റെ ജനത്തിന്‌ പ്രവാചകനായ യെശയ്യാവിലൂടെ പുനഃസ്ഥിതീകരണ പ്രത്യാശ നൽകി. ബാബിലോന്യ പ്രവാസത്തിൽ ദുഃഖിതരായി കഴിഞ്ഞിരുന്ന അവർക്ക്‌ ഈ ആശ്വാസവും ഉറപ്പും ആയിരുന്നു വേണ്ടിയിരുന്നത്‌! മാതൃദേശത്തേക്ക്‌ അവർ മടങ്ങിവരുന്ന കാലം മുൻകൂട്ടിക്കണ്ടുകൊണ്ട്‌ യഹോവ ഇങ്ങനെ പ്രസ്‌താവിച്ചു: “യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കും.” (യെശയ്യാവു 62:3) ഈ വാക്കുകളിലൂടെ യഹോവ തന്റെ ജനത്തിന്‌ അന്തസ്സും മഹത്ത്വവും നൽകി. ഇക്കാലത്ത്‌ ആത്മീയ ഇസ്രായേലിന്റെ കാര്യത്തിലും അവൻ അതുതന്നെ ചെയ്‌തിരിക്കുന്നു. അവർ സകലരുടെയും പുകഴ്‌ചാപാത്രമാകേണ്ടതിന്‌ അവൻ അവരെ ഉയർത്തിപ്പിടിച്ചിരിക്കുന്നതുപോലെയാണ്‌ ഇത്‌.

21. വിശ്വസ്‌തമായ സഹിഷ്‌ണുതയ്‌ക്ക്‌ യഹോവ പ്രതിഫലം നൽകുമെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?

21 ഈ പ്രവചനം ആദ്യം നിറവേറുന്നത്‌ അഭിഷിക്തരിലാണെങ്കിലും തന്നെ സേവിക്കുന്ന എല്ലാവർക്കും യഹോവ നൽകുന്ന മഹത്ത്വത്തെ അതു ചിത്രീകരിക്കുന്നു. അതിനാൽ, സംശയങ്ങൾ തലപൊക്കുമ്പോൾ, അപൂർണരാണെങ്കിലും നിങ്ങൾക്ക്‌ “ഭംഗിയുള്ള കിരീടവും” “രാജമുടിയും” പോലെ വിലയുള്ളവരായിരിക്കാൻ കഴിയുമെന്നതു മനസ്സിൽപ്പിടിക്കുക. യഹോവയുടെ ഹിതം ചെയ്യാൻ ആത്മാർഥമായി ശ്രമിച്ചുകൊണ്ട്‌ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിൽ തുടരുക. (സദൃശവാക്യങ്ങൾ 27:11) അങ്ങനെ ചെയ്യുന്നതു മുഖാന്തരം, വിശ്വസ്‌തമായ സഹിഷ്‌ണുതയ്‌ക്ക്‌ യഹോവ പ്രതിഫലം നൽകുമെന്നു നിങ്ങൾക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും.

[അടിക്കുറിപ്പ്‌]

^ ഖ. 1 ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• നാം യഹോവയ്‌ക്ക്‌ “ഒരു നിക്ഷേപം” ആയിരിക്കുന്നത്‌ എങ്ങനെ?

• യഹോവയെ പ്രതിഫലദായകനായി വീക്ഷിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• സാത്താന്റെ ഏതെല്ലാം ‘തന്ത്രങ്ങൾ’ക്കെതിരെ നാം ജാഗരൂകരായിരിക്കണം?

• ഏതു വിധത്തിലാണു ദൈവം ‘നമ്മുടെ ഹൃദയത്തെക്കാൾ വലിയവൻ’ ആയിരിക്കുന്നത്‌?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

പൗലൊസ്‌

[26-ാം പേജിലെ ചിത്രം]

ഏലീയാവ്‌

[26-ാം പേജിലെ ചിത്രം]

ഹന്നാ

[28-ാം പേജിലെ ചിത്രം]

ദൈവവചനത്തിൽ നിരവധി ആശ്വാസവാക്കുകളുണ്ട്‌