വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും” എണ്ണിയിരിക്കുന്നു

യഹോവ “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും” എണ്ണിയിരിക്കുന്നു

യഹോവ “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും” എണ്ണിയിരിക്കുന്നു

‘നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ [ആ കുരുവികളിലൊന്നുപോലും] നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.’​—⁠മത്തായി 10:29, 30, പി.ഒ.സി. ബൈബിൾ.

1, 2. (എ) ദൈവം തന്നെ ഉപേക്ഷിച്ചെന്ന്‌ ഇയ്യോബിനു തോന്നിപ്പോയത്‌ എന്തുകൊണ്ട്‌? (ബി) ഇയ്യോബ്‌ ദൈവത്തിനെതിരെ തിരിഞ്ഞെന്ന്‌ അവന്റെ വാക്കുകൾ അർഥമാക്കിയോ? വിശദീകരിക്കുക.

“ഞാൻ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റുനില്‌ക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളു. നീ എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.” കഠിന മനോവേദന അനുഭവിക്കുന്ന ഒരാളുടെ വാക്കുകളാണ്‌ ഇവ എന്നതിനു സംശയമില്ല! അവന്‌ ഉപജീവനമാർഗം നഷ്ടമായി, അസാധാരണമായ ഒരു വിപത്ത്‌ മക്കളുടെ ജീവൻ അപഹരിച്ചു, ഇപ്പോൾ ഒരു മാരക രോഗവും ബാധിച്ചിരിക്കുന്നു. ഇയ്യോബ്‌ എന്ന ആ മനുഷ്യനു നേരിടേണ്ടിവന്ന ഘോരമായ പരീക്ഷ നമ്മുടെ പ്രയോജനത്തിനായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു.​—⁠ഇയ്യോബ്‌ 30:20, 21.

2 ഇയ്യോബ്‌ ദൈവത്തിനെതിരെ തിരിഞ്ഞെന്ന്‌ അവന്റെ വാക്കുകൾ സൂചിപ്പിച്ചേക്കാം. എന്നാൽ വാസ്‌തവം അതായിരുന്നില്ല. തന്റെ ഉള്ളിലെ ദുഃഖം അവൻ വാക്കുകളിലൂടെ പ്രകടിപ്പിക്കുകയായിരുന്നു. (ഇയ്യോബ്‌ 6:2, 3) തന്റെ പ്രശ്‌നങ്ങൾക്കു കാരണം സാത്താനാണെന്ന്‌ ഇയ്യോബ്‌ അറിഞ്ഞിരുന്നില്ല. അതുകൊണ്ട്‌, ദൈവം തന്നെ ഉപേക്ഷിച്ചിരിക്കുകയാണെന്ന്‌ അവൻ തെറ്റായി നിഗമനം ചെയ്‌തു. ഒരവസരത്തിൽ അവൻ ദൈവത്തോട്‌ ഇങ്ങനെപോലും ചോദിച്ചു: “തിരുമുഖം മറെച്ചുകൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്‌?” *​—⁠ഇയ്യോബ്‌ 13:24.

3. കഷ്ടതകൾ നേരിടുമ്പോൾ നമുക്ക്‌ എന്തു തോന്നിയേക്കാം?

3 യഹോവയുടെ ജനത്തിൽപ്പെട്ട പലരും ഇന്ന്‌ നാനാവിധ കഷ്ടപ്പാടുകൾ അനുഭവിച്ചുകൊണ്ടാണിരിക്കുന്നത്‌. യുദ്ധങ്ങൾ, രാഷ്‌ട്രീയമോ സാമൂഹികമോ ആയ സംഘർഷങ്ങൾ, പ്രകൃതിവിപത്തുകൾ, വാർധക്യം, രോഗം, കടുത്ത ദാരിദ്ര്യം, ഗവൺമെന്റ്‌ നിരോധനം എന്നിവയായിരിക്കാം ഇതിനുള്ള കാരണം. നിങ്ങളും ഏതെങ്കിലും തരത്തിലുള്ള പരിശോധന നേരിടുന്നുണ്ടാകാം. യഹോവ നിങ്ങളിൽനിന്നു തന്റെ മുഖം മറയ്‌ക്കുകയാണെന്നു ചിലപ്പോഴൊക്കെ നിങ്ങൾക്കു തോന്നിയേക്കാം. ‘ദൈവം [തന്റെ ഏകജാതപുത്രനെ] നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു’വെന്ന, യോഹന്നാൻ 3:​16-ലെ വാക്കുകൾ നന്നായി അറിയാമെങ്കിലും ആശ്വാസത്തിനു യാതൊരു വകയുമില്ലാതെ കഷ്ടപ്പെടുന്ന ഒരവസ്ഥയിൽ നിങ്ങൾ ഇങ്ങനെ ചിന്തിച്ചുപോയേക്കാം: ‘ദൈവം യഥാർഥത്തിൽ എന്നെ സ്‌നേഹിക്കുന്നുണ്ടോ? എന്റെ അവസ്ഥ അവൻ കാണുന്നുണ്ടോ? അവന്‌ എന്നിൽ വ്യക്തിപരമായ താത്‌പര്യമുണ്ടോ?’

4. വിട്ടുമാറാത്ത ഏതു പരിശോധന പൗലൊസിനു സഹിക്കേണ്ടിവന്നു, അത്തരമൊരു സാഹചര്യം നമ്മെ എങ്ങനെ ബാധിച്ചേക്കാം?

4 അപ്പൊസ്‌തലനായ പൗലൊസിന്‌ എന്തു സംഭവിച്ചെന്നു നോക്കുക. അവൻ ഇങ്ങനെ എഴുതി: “എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; . . . എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.” തുടർന്ന്‌ പൗലൊസ്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു.” യഹോവ അവന്റെ അപേക്ഷ കേട്ടു. എങ്കിലും, താൻ അത്ഭുതകരമായി അവന്റെ പ്രശ്‌നം പരിഹരിച്ചുകൊടുക്കുകയില്ലെന്ന്‌ അവൻ പൗലൊസിനു സൂചന നൽകി. പകരം, ‘ജഡത്തിലെ ശൂലവുമായി’ പൊരുത്തപ്പെട്ടു ജീവിക്കുന്നതിനുള്ള സഹായത്തിനായി അവൻ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കേണ്ടിയിരുന്നു. * (2 കൊരിന്ത്യർ 12:7-9) പൗലൊസിന്റെ കാര്യത്തിലെന്നപോലെ വിട്ടുമാറാത്ത ഒരു പരിശോധന നിങ്ങളും നേരിടുന്നുണ്ടായിരിക്കാം. ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘എന്റെ പരിശോധനയോടുള്ള ബന്ധത്തിൽ യഹോവ ഒന്നുംതന്നെ ചെയ്‌തിട്ടില്ലാത്തതായി കാണപ്പെടുന്നത്‌ അവന്‌ എന്റെ അവസ്ഥ അറിയാൻ പാടില്ലാത്തതുകൊണ്ടോ എന്നിൽ താത്‌പര്യമില്ലാത്തതുകൊണ്ടോ ആണോ?’ തീർച്ചയായും അല്ല! യേശു തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്ത്‌ അധികം താമസിയാതെ അവരോടു പറഞ്ഞ ഒരു കാര്യം, യഹോവ തന്റെ വിശ്വസ്‌ത ദാസന്മാരിൽ ഓരോരുത്തരിലും തത്‌പരനാണെന്ന വസ്‌തുതയ്‌ക്ക്‌ ഊന്നൽ നൽകുന്നു. ആ വാക്കുകൾക്ക്‌ ഇക്കാലത്തു നമ്മെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നു നോക്കാം.

“ഭയപ്പെടേണ്ടാ”​—⁠എന്തുകൊണ്ട്‌?

5, 6. (എ) അപ്പൊസ്‌തലന്മാർ നേരിടാനിരുന്ന കാര്യങ്ങളെപ്രതി ഭയപ്പെടാതിരിക്കാൻ യേശു അവരെ സഹായിച്ചത്‌ എങ്ങനെ? (ബി) യഹോവയ്‌ക്കു തന്നിൽ താത്‌പര്യമുണ്ടെന്ന ബോധ്യം പൗലൊസ്‌ പ്രകടമാക്കിയത്‌ എങ്ങനെ?

5 “അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധദീനവും വ്യാധിയും പൊറുപ്പിപ്പാനും” ഉള്ള അധികാരം ഉൾപ്പെടെ അപ്പൊസ്‌തലന്മാർക്ക്‌ യേശുവിൽനിന്ന്‌ അസാമാന്യ കഴിവുകൾ ലഭിച്ചിരുന്നു. എന്നാൽ അതൊന്നും അവർക്കു പരിശോധനകളോ ബുദ്ധിമുട്ടുകളോ ഉണ്ടാവുകയില്ലെന്ന്‌ അർഥമാക്കിയില്ല. പകരം, അവർക്കു നേരിടേണ്ടി വരുമായിരുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ യേശു അവരോടു പറഞ്ഞു. എന്നിരുന്നാലും, അവൻ അവരെ ഇങ്ങനെ ധൈര്യപ്പെടുത്തി: “ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.”​—⁠മത്തായി 10:1, 16-22, 28.

6 ഭയപ്പെടേണ്ടതില്ലാത്തതിന്റെ കാരണം അപ്പൊസ്‌തലന്മാർക്കു വിശദീകരിച്ചുകൊടുക്കാനായി യേശു തുടർന്ന്‌ രണ്ടു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു. അവൻ അവരോടു പറഞ്ഞു: “ഒരു നാണയത്തുട്ടിനു രണ്ടു കുരുവികൾ വിൽക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.” (മത്തായി 10:29-31, പി.ഒ.സി. ബൈ.) പ്രതികൂല സാഹചര്യങ്ങളിൽ ഭയപ്പെടാതിരിക്കുന്നതും യഹോവ നമുക്കുവേണ്ടി വ്യക്തിപരമായി കരുതുമെന്ന ബോധ്യം ഉണ്ടായിരിക്കുന്നതും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതായി യേശു ചൂണ്ടിക്കാട്ടിയതു ശ്രദ്ധിക്കുക. വ്യക്തമായും അപ്പൊസ്‌തലനായ പൗലൊസിന്‌ അത്തരമൊരു ബോധ്യമുണ്ടായിരുന്നു. അവൻ എഴുതി: “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്‌പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്‌കാതിരിക്കുമോ?” (റോമർ 8:31, 32) നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്തുതന്നെ ആയിരുന്നാലും, യഹോവയോടു വിശ്വസ്‌തനായി നിൽക്കുന്നിടത്തോളം കാലം അവൻ വ്യക്തിപരമായി കരുതുമെന്ന ഉറപ്പ്‌ നിങ്ങൾക്കും ഉണ്ടായിരിക്കാനാകും. അപ്പൊസ്‌തലന്മാർക്കുള്ള യേശുവിന്റെ ഉദ്‌ബോധനം അടുത്തു പരിശോധിച്ചാൽ ഈ ആശയം കുറേക്കൂടി വ്യക്തമാകും.

ഒരു കുരുവിയുടെ വില

7, 8. (എ) യേശുവിന്റെ നാളിൽ കുരുവികളെ എങ്ങനെയാണു വീക്ഷിച്ചിരുന്നത്‌? (ബി) മത്തായി 10:​29-ൽ “ചെറിയ കുരുവി” എന്നർഥം വരുന്ന ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

7 യേശുവിന്റെ ദൃഷ്ടാന്തങ്ങൾ തന്റെ ഓരോ ദാസനോടുമുള്ള യഹോവയുടെ താത്‌പര്യം നന്നായി ചിത്രീകരിക്കുന്നു. ആദ്യമായി കുരുവിയുടെ കാര്യമെടുക്കുക. യേശുവിന്റെ നാളിൽ കുരുവിയെ ഭക്ഷണത്തിന്‌ ഉപയോഗിച്ചിരുന്നു, എന്നാൽ വിളകൾക്കു ഭീഷണിയായിരുന്നതിനാൽ അവയെ പൊതുവേ ഉപദ്രവകാരികളായിട്ടാണു വീക്ഷിച്ചിരുന്നത്‌. എണ്ണത്തിൽ ധാരാളമുണ്ടായിരുന്ന അവയുടെ വില വളരെ തുച്ഛമായിരുന്നു. പണത്തിന്റെ ഇന്നത്തെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഏകദേശം രണ്ടു രൂപയ്‌ക്ക്‌ രണ്ടെണ്ണത്തിനെ വാങ്ങാൻ കഴിയുമായിരുന്നു. അതിന്റെ ഇരട്ടി വിലയ്‌ക്ക്‌ നാലിനു പകരം അഞ്ചെണ്ണം വാങ്ങാമായിരുന്നു. അഞ്ചാമത്തേതിനെ യാതൊരു വിലയും ഇല്ലാത്തതുപോലെയാണ്‌ നൽകിയിരുന്നത്‌!​—⁠ലൂക്കൊസ്‌ 12:⁠6.

8 സർവസാധാരണമായി കാണപ്പെടുന്ന ഈ പക്ഷിയുടെ വലുപ്പത്തെക്കുറിച്ചും ഒന്നു ചിന്തിക്കുക. പൂർണവളർച്ചയെത്തിയ കുരുവിപോലും മറ്റുപല പക്ഷികളോടുമുള്ള താരതമ്യത്തിൽ തീരെ ചെറുതാണ്‌. എന്നാൽ, മത്തായി 10:​29-ൽ “കുരുവി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം ചെറിയ കുരുവിയെയാണ്‌ അർഥമാക്കുന്നത്‌. തീർത്തും പ്രാധാന്യം കുറഞ്ഞ ഒരു പക്ഷിയെ അപ്പൊസ്‌തലന്മാർ ഭാവനയിൽ കാണാൻ യേശു ആഗ്രഹിച്ചെന്നു വ്യക്തം. ഒരു പരാമർശകൃതി പറയുന്നപ്രകാരം, “തീരെ ചെറിയ ഒരു പക്ഷിയെ, തീർത്തും ചെറുതിനെ”യാണ്‌ യേശു പരാമർശിക്കുന്നത്‌.

9. കുരുവികളെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം ശക്തമായ ഏത്‌ ആശയമാണു നൽകുന്നത്‌?

9 കുരുവികളെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം ശക്തമായ ഒരു ആശയം വ്യക്തമാക്കുന്നു: മനുഷ്യരുടെ ദൃഷ്ടിയിൽ വിലയില്ലാത്തതു യഹോവയാം ദൈവത്തിനു വിലയേറിയതാണ്‌. യഹോവ അറിയാതെ ചെറിയ കുരുവികളിൽ ഒന്നുപോലും “നിലംപതിക്കുകയില്ല” എന്നു കൂട്ടിച്ചേർത്തുകൊണ്ട്‌ യേശു ഈ വസ്‌തുതയ്‌ക്ക്‌ കൂടുതലായ ഊന്നൽ നൽകി. * ഇതു നൽകുന്ന പാഠം വ്യക്തമാണ്‌: തീരെ ചെറുതും നിസ്സാരവും ആയ ഒരു പക്ഷിയെ യഹോവയാം ദൈവം ശ്രദ്ധിക്കുന്നെങ്കിൽ, തന്നെ സേവിക്കാൻ തീരുമാനിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ സാഹചര്യം സംബന്ധിച്ച്‌ അവൻ എത്രമാത്രം ചിന്തയുള്ളവനായിരിക്കും!

10. “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു” എന്ന പ്രസ്‌താവനയുടെ പ്രസക്തിയെന്ത്‌?

10 കുരുവികളെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിനു പുറമേ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.” (മത്തായി 10:​30, പി.ഒ.സി. ബൈ.) ഹ്രസ്വവും അർഥഗർഭവും ആയ ഈ പ്രസ്‌താവന, കുരുവികളെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിനു കൂടുതലായ അർഥം പകരുന്നു. ഇതു ചിന്തിക്കുക: മനുഷ്യരുടെ തലയിൽ ശരാശരി 1,00,000 മുടിയിഴകളുണ്ട്‌. അവ എല്ലാംതന്നെ ഏതാണ്ട്‌ ഒരുപോലെയാണിരിക്കുന്നത്‌. അതുകൊണ്ട്‌, നമ്മുടെ പ്രത്യേക ശ്രദ്ധയ്‌ക്ക്‌ അർഹമായ മുടിയിഴകൾ ഒന്നുംതന്നെ ഇല്ല. എന്നാൽ, യഹോവയാം ദൈവം നമ്മുടെ തലയിലെ ഓരോ മുടിയും ശ്രദ്ധിക്കുന്നു, അത്‌ എണ്ണുന്നു. അങ്ങനെയെങ്കിൽ, യഹോവ അറിയാത്തതായി എന്തെങ്കിലും നമ്മുടെ ജീവിതത്തിലുണ്ടോ? യഹോവ തന്റെ ഓരോ ആരാധകന്റെയും വ്യക്തിത്വം മനസ്സിലാക്കുകതന്നെ ചെയ്യുന്നു. അതേ, അവൻ “ഹൃദയത്തെ നോക്കുന്നു.”​—⁠1 ശമൂവേൽ 16:⁠7.

11. യഹോവയ്‌ക്കു തന്നിൽ വ്യക്തിപരമായ താത്‌പര്യമുണ്ടെന്ന ബോധ്യം ദാവീദ്‌ പ്രകടിപ്പിച്ചത്‌ എങ്ങനെ?

11 അനേകം അരിഷ്ടതകൾ സഹിക്കേണ്ടിവന്നിട്ടുള്ള ദാവീദിന്‌ യഹോവ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന ബോധ്യമുണ്ടായിരുന്നു. അവൻ എഴുതി: “യഹോവേ, നീ എന്നെ ശോധന ചെയ്‌തു അറിഞ്ഞിരിക്കുന്നു; ഞാൻ ഇരിക്കുന്നതും എഴുന്നേല്‌ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.” (സങ്കീർത്തനം 139:1, 2) യഹോവ നിങ്ങളെയും വ്യക്തിപരമായി അറിയുന്നുവെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. (യിരെമ്യാവു 17:10) സകലവും കാണുന്ന യഹോവയുടെ ദൃഷ്ടികളിൽപ്പെടാതിരിക്കാൻ തക്കവണ്ണം പ്രാധാന്യം കുറഞ്ഞവരാണു നിങ്ങളെന്ന്‌ പെട്ടെന്നു നിഗമനം ചെയ്യരുത്‌!

“എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ”

12. തന്റെ ജനം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ സംബന്ധിച്ച്‌ യഹോവ പൂർണമായും ബോധവാനാണെന്നു നമുക്ക്‌ എങ്ങനെ അറിയാം?

12 യഹോവയ്‌ക്ക്‌ തന്റെ ദാസരെ വ്യക്തിപരമായി അറിയാമെന്നു മാത്രമല്ല അവർ ഓരോരുത്തരും ആയിരിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ സംബന്ധിച്ച്‌ അവൻ പൂർണമായി ബോധവാനുമാണ്‌. ഉദാഹരണത്തിന്‌, ഇസ്രായേല്യർ അടിമകളെന്ന നിലയിൽ അടിച്ചമർത്തപ്പെട്ട സന്ദർഭത്തിൽ യഹോവ മോശെയോട്‌ ഇങ്ങനെ പറഞ്ഞു: “മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ . . . കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.” (പുറപ്പാടു 3:7) നാം ഒരു പ്രതികൂല സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, സംഭവിക്കുന്ന കാര്യങ്ങൾ യഹോവ കാണുന്നുണ്ടെന്നും അവൻ നമ്മുടെ നിലവിളി കേൾക്കുന്നുണ്ടെന്നും അറിയുന്നത്‌ എത്രയോ ആശ്വാസകരമാണ്‌! നമ്മുടെ കഷ്ടങ്ങൾ സംബന്ധിച്ച്‌ അവൻ ഒരിക്കലും നിർവികാരനല്ല.

13. തന്റെ ദാസന്മാരോട്‌ യഹോവയ്‌ക്ക്‌ അനുകമ്പയുണ്ടെന്ന്‌ എന്തു പ്രകടമാക്കുന്നു?

13 യഹോവയുമായി ഒരു ബന്ധത്തിലേക്കു വന്നിരിക്കുന്നവരോട്‌ അവൻ പ്രകടമാക്കുന്ന കരുതൽ, ഇസ്രായേല്യരോട്‌ അവൻ പ്രകടമാക്കിയ വികാരങ്ങളിൽനിന്നു വ്യക്തമാണ്‌. ആ ജനതയുടെ കഷ്ടപ്പാടുകൾക്കു കാരണം മിക്കപ്പോഴും അവരുടെതന്നെ ശാഠ്യം ആയിരുന്നെങ്കിലും യഹോവയെക്കുറിച്ച്‌ യെശയ്യാവ്‌ ഇങ്ങനെ എഴുതി: “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു.” (യെശയ്യാവു 63:9) അതുകൊണ്ട്‌, നിങ്ങൾ വേദനിക്കുമ്പോൾ യഹോവയും വേദനിക്കുന്നുവെന്ന്‌ അവന്റെ ഒരു വിശ്വസ്‌ത ദാസനെന്ന നിലയിൽ നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. പ്രതികൂല സാഹചര്യങ്ങളെ നിർഭയം നേരിടാനും യഹോവയെ സേവിക്കാൻ പരമാവധി ശ്രമിക്കാനും അതു നിങ്ങളെ പ്രേരിപ്പിക്കുന്നില്ലേ?​—⁠1 പത്രൊസ്‌ 5:6, 7.

14. ഏതു സാഹചര്യത്തിലാണ്‌ ദാവീദ്‌ 56-ാം സങ്കീർത്തനം രചിച്ചത്‌?

14 തന്നോട്‌ യഹോവയ്‌ക്കു താത്‌പര്യവും അനുകമ്പയും ഉണ്ടെന്ന ദാവീദ്‌ രാജാവിന്റെ ബോധ്യം 56-ാം സങ്കീർത്തനത്തിൽ പ്രതിഫലിക്കുന്നു. തന്നെ കൊല്ലാൻ അന്വേഷിച്ചുകൊണ്ടിരുന്ന ശൗൽരാജാവിൽനിന്ന്‌ ഓടിപ്പോയ സന്ദർഭത്തിലാണ്‌ ദാവീദ്‌ ഇതു രചിച്ചത്‌. ദാവീദ്‌ ഗത്തിലേക്കു രക്ഷപ്പെട്ടെങ്കിലും ഫെലിസ്‌ത്യർ അവനെ തിരിച്ചറിഞ്ഞപ്പോൾ അവർ തന്നെ പിടിക്കുമോയെന്ന്‌ അവൻ ഭയപ്പെട്ടു. അവൻ എഴുതി: “എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു; ഗർവ്വത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ.” ആപത്‌കരമായ ഈ സാഹചര്യത്തിൽ ദാവീദ്‌ യഹോവയിലേക്കു തിരിഞ്ഞു. “ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു” എന്ന്‌ അവൻ പറഞ്ഞു.​—⁠സങ്കീർത്തനം 56:2, 5.

15. (എ) തന്റെ കണ്ണീർ ഒരു തുരുത്തിയിൽ ആക്കിവെക്കാനോ മനോവ്യസനത്തെ ഒരു പുസ്‌തകത്തിൽ എഴുതിവെക്കാനോ അപേക്ഷിച്ചപ്പോൾ ദാവീദ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌? (ബി) വിശ്വാസത്തിനു വെല്ലുവിളി ഉയർത്തുന്ന ഒരു സാഹചര്യം നേരിടുമ്പോൾ എന്തു സംബന്ധിച്ചു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും?

15 തുടർന്ന്‌, സങ്കീർത്തനം 56:​8-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, ദാവീദ്‌ ശ്രദ്ധേയമായ ഈ പ്രസ്‌താവനകൾ നടത്തുന്നു: “നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്‌തകത്തിൽ ഇല്ലയോ?” യഹോവയുടെ ആർദ്രപരിപാലനം സംബന്ധിച്ച എത്ര ഹൃദയസ്‌പർശിയായ വിവരണം! സമ്മർദം അനുഭവിക്കുമ്പോൾ നാം കണ്ണീരോടെ യഹോവയെ വിളിച്ചപേക്ഷിച്ചേക്കാം. പൂർണമനുഷ്യനായ യേശുപോലും അങ്ങനെ ചെയ്‌തു. (എബ്രായർ 5:7) യഹോവ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും തന്റെ കണ്ണീർ ഒരു തുരുത്തിയിൽ ആക്കിവെക്കുകയോ മനോവ്യസനത്തെ ഒരു പുസ്‌തകത്തിൽ എഴുതിവെക്കുകയോ ചെയ്‌താലെന്നപോലെ ഓർക്കുമെന്നും ദാവീദിനു ബോധ്യമുണ്ടായിരുന്നു. * നിങ്ങളുടെ കണ്ണീരും ആ തുരുത്തിയുടെ നല്ലൊരു ഭാഗം നിറയ്‌ക്കുമെന്നോ അത്തരമൊരു പുസ്‌തകത്തിന്റെ നിരവധി പേജുകൾ വരുമെന്നോ നിങ്ങൾ വിചാരിക്കുന്നുണ്ടാകാം. സാഹചര്യം അതാണെങ്കിൽ ആശ്വാസം കൈക്കൊള്ളുക. ബൈബിൾ നമുക്ക്‌ ഈ ഉറപ്പുതരുന്നു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.”​—⁠സങ്കീർത്തനം 34:18.

ദൈവത്തിന്റെ ഉറ്റ സ്‌നേഹിതനായിത്തീരുക

16, 17. (എ) തന്റെ ജനം അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ ദൈവം ചിന്തയുള്ളവനാണെന്നു നമുക്ക്‌ എങ്ങനെ അറിയാം? (ബി) തന്നോടുള്ള സഖിത്വം ആസ്വദിക്കാൻ യഹോവ മനുഷ്യർക്കായി എന്തു ചെയ്‌തിരിക്കുന്നു?

16 യഹോവ നമ്മുടെ ഓരോ മുടിയിഴയും എണ്ണിയിരിക്കുന്നുവെന്ന വസ്‌തുത, നാം ആരാധിക്കുന്ന സ്‌നേഹവാനും കരുതലുള്ളവനും ആയ ദൈവത്തെക്കുറിച്ചു കുറെ കാര്യങ്ങൾ നമ്മോടു പറയുന്നു. ദുഃഖവും ദുരിതവും ഇല്ലാതാകുന്നതിന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയലോകം വരുന്നതുവരെ നാം കാത്തിരിക്കണമെങ്കിലും, യഹോവ ഇപ്പോൾത്തന്നെ തന്റെ ജനത്തിനുവേണ്ടി മഹത്തായ ഒരു കാര്യം ചെയ്യുന്നുണ്ട്‌. ദാവീദ്‌ ഇപ്രകാരം എഴുതി: “യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.”​—⁠സങ്കീർത്തനം 25:14.

17 “യഹോവയുടെ സഖിത്വം.” അപൂർണ മനുഷ്യർക്ക്‌ അങ്ങനെയൊരു കാര്യം ചിന്തിക്കാൻപോലും കഴിയില്ല! എങ്കിലും, തന്നെ ഭയപ്പെടുന്നവരെ തന്റെ കൂടാരത്തിലെ അതിഥികളായിരിക്കാൻ യഹോവ ക്ഷണിക്കുന്നു. (സങ്കീർത്തനം 15:1-5) തന്റെ അതിഥികൾക്കായി യഹോവ എന്താണു ചെയ്യുന്നത്‌? ദാവീദ്‌ പറയുന്നതനുസരിച്ച്‌, അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. യഹോവ അവരെ പൂർണമായി വിശ്വസിക്കുന്നു. തന്റെ ഉദ്ദേശ്യങ്ങൾ എന്താണെന്നും അവയ്‌ക്കു ചേർച്ചയിൽ എങ്ങനെ നടക്കണമെന്നും അവരെ അറിയിക്കേണ്ടതിന്‌ അവൻ തന്റെ “രഹസ്യം” പ്രവാചകന്മാർക്കു വെളിപ്പെടുത്തുകയും ചെയ്യുന്നു.​—⁠ആമോസ്‌ 3:⁠7.

18. യഹോവയുമായി നമുക്ക്‌ ഒരു അടുത്ത ബന്ധമുണ്ടായിരിക്കാൻ അവൻ ആഗ്രഹിക്കുന്നുവെന്നു നമുക്ക്‌ എങ്ങനെ അറിയാം?

18 അപൂർണരായ നമുക്കു പരമോന്നതനായ യഹോവയാം ദൈവത്തിന്റെ ഉറ്റ സുഹൃത്തുക്കളായിരിക്കാൻ കഴിയുമെന്നറിയുന്നതു പ്രോത്സാഹജനകം തന്നെ. യഥാർഥത്തിൽ അങ്ങനെ ചെയ്യാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുകയാണ്‌. “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്നു ബൈബിൾ പറയുന്നു. (യാക്കോബ്‌ 4:8) യഹോവയുമായി നാം ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ അവൻ ആഗ്രഹിക്കുന്നു. അത്തരമൊരു ബന്ധം സാധ്യമാക്കാനായി അവൻ ഇതിനോടകംതന്നെ നടപടികൾ സ്വീകരിച്ചിരിക്കുന്നു. യേശുവിന്റെ മറുവിലയാഗം സർവശക്തനായ ദൈവവുമായി നമുക്കു സുഹൃദ്‌ബന്ധത്തിലാകുന്നതിനുള്ള വഴി തുറന്നിരിക്കുന്നു. ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “അവൻ ആദ്യം നമ്മെ സ്‌നേഹിച്ചതുകൊണ്ടു നാം സ്‌നേഹിക്കുന്നു.”​—⁠1 യോഹന്നാൻ 4:19.

19. യഹോവയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹിഷ്‌ണുതയ്‌ക്കു കഴിയുന്നതെങ്ങനെ?

19 പ്രതികൂല സാഹചര്യങ്ങളിൽ നാം സഹിച്ചുനിൽക്കുമ്പോൾ ആ ഉറ്റബന്ധം ശക്തമായിത്തീരുന്നു. ശിഷ്യനായ യാക്കോബ്‌ എഴുതി: “എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു [“സഹിഷ്‌ണുതയ്‌ക്കു,” NW] തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.” (യാക്കോബ്‌ 1:4) സഹിച്ചുനിൽക്കുന്നതിലൂടെ കൈവരിക്കാനാകുന്ന “പ്രവൃത്തി” എന്താണ്‌? പൗലൊസിന്റെ ‘ജഡത്തിലെ ശൂല’ത്തെക്കുറിച്ച്‌ ഓർക്കുക. അവന്റെ കാര്യത്തിൽ സഹിഷ്‌ണുത എന്തു ഫലമാണ്‌ ഉളവാക്കിയത്‌? തന്റെ പരിശോധനകളെക്കുറിച്ച്‌ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ആകയാൽ ക്രിസ്‌തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. അതുകൊണ്ടു ഞാൻ ക്രിസ്‌തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.” (2 കൊരിന്ത്യർ 12:9, 10) സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി​—⁠ആവശ്യമെങ്കിൽ “സാധാരണയിൽ കവിഞ്ഞ ശക്തി”​—⁠യഹോവ നൽകുമെന്ന്‌ പൗലൊസ്‌ സ്വന്തം അനുഭവത്തിൽനിന്നു മനസ്സിലാക്കി. അതാകട്ടെ ക്രിസ്‌തുവിനോടും യഹോവയാം ദൈവത്തോടും കൂടുതൽ അടുക്കാൻ അവനെ സഹായിക്കുകയും ചെയ്‌തു.​—⁠2 കൊരിന്ത്യർ 4:​7, NW; ഫിലിപ്പിയർ 4:11-13.

20. പ്രതികൂല സാഹചര്യങ്ങളിൽ യഹോവ നമുക്കു പിന്തുണയും ആശ്വാസവും നൽകുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകുന്നത്‌ എങ്ങനെ?

20 ഒരുപക്ഷേ നിങ്ങളുടെ പരിശോധനകൾ തുടർന്നുപോകാൻ യഹോവ അനുവദിച്ചിട്ടുണ്ടാകാം. സാഹചര്യം അതാണെങ്കിൽ, ദൈവഭയം പ്രകടമാക്കുന്നവരോടുള്ള അവന്റെ പിൻവരുന്ന വാഗ്‌ദാനം മനസ്സിൽപ്പിടിക്കുക: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.” (എബ്രായർ 13:5) അത്തരം പിന്തുണയും ആശ്വാസവും നിങ്ങൾക്ക്‌ അനുഭവിക്കാനാകും. “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും” യഹോവ എണ്ണിയിരിക്കുന്നു. നിങ്ങൾ പ്രകടമാക്കുന്ന സഹിഷ്‌ണുത അവൻ കാണുന്നുണ്ട്‌. നിങ്ങൾ വേദനിക്കുമ്പോൾ അവനും വേദനിക്കുന്നു. അവൻ യഥാർഥമായും നിങ്ങൾക്കായി കരുതുന്നു. അവൻ “നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും” ഒരിക്കലും മറന്നുകളയുകയില്ല.​—⁠എബ്രായർ 6:10.

[അടിക്കുറിപ്പുകൾ]

^ ഖ. 2 നീതിമാനായ ദാവീദും കോരഹിന്റെ വിശ്വസ്‌ത പുത്രന്മാരും സമാനമായ പ്രസ്‌താവനകൾ നടത്തുകയുണ്ടായി.​—⁠സങ്കീർത്തനം 10:1; 44:24.

^ ഖ. 4 പൗലൊസിന്റെ ‘ജഡത്തിലെ ശൂലം’ എന്തായിരുന്നുവെന്നു ബൈബിൾ പറയുന്നില്ല. ഒന്നുകിൽ അത്‌ കാഴ്‌ചക്കുറവുപോലെയുള്ള ഒരു ശാരീരിക പ്രശ്‌നമായിരുന്നിരിക്കാം, അല്ലെങ്കിൽ പൗലൊസിന്റെ അപ്പൊസ്‌തലികത്വത്തെയും ശുശ്രൂഷയെയും വെല്ലുവിളിച്ച കള്ള അപ്പൊസ്‌തലന്മാരോ മറ്റുള്ളവരോ ആയിരുന്നിരിക്കാം.​—⁠2 കൊരിന്ത്യർ 11:6, 13-15; ഗലാത്യർ 4:15; 6:11.

^ ഖ. 9 കുരുവി നിലത്തു വീഴുന്നത്‌ അതു ചാകുന്നതിനെ മാത്രമല്ലായിരിക്കാം അർഥമാക്കുന്നതെന്നു ചില പണ്ഡിതന്മാർ സൂചിപ്പിക്കുന്നു. മൂലഭാഷാശൈലി അനുസരിച്ച്‌ തീറ്റതേടാനായി പക്ഷി നിലത്തിറങ്ങുന്നതിനെയും അത്‌ അർഥമാക്കാമെന്ന്‌ അവർ അഭിപ്രായപ്പെടുന്നു. അതു സത്യമാണെങ്കിൽ, പക്ഷിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ദൈവം ശ്രദ്ധയും കരുതലും കാണിക്കുന്നുവെന്ന്‌ അത്‌ അർഥമാക്കും, അല്ലാതെ അതു ചാകുമ്പോൾ മാത്രമല്ല.​—⁠മത്തായി 6:26.

^ ഖ. 15 പുരാതന കാലങ്ങളിൽ, ചെമ്മരിയാടിന്റെയോ കോലാടിന്റെയോ കന്നുകാലിയുടെയോ ഊറയ്‌ക്കിട്ട തുകലുകൊണ്ടാണ്‌ തുരുത്തികൾ ഉണ്ടാക്കിയിരുന്നത്‌. പാൽ, നെയ്യ്‌, വെണ്ണ, വെള്ളം എന്നിവ ശേഖരിച്ചുവെക്കാൻ അവ ഉപയോഗിച്ചിരുന്നു. പൂർണമായി സംസ്‌കരിച്ചെടുത്ത തുകലിൽ എണ്ണയോ വീഞ്ഞോ ഒഴിച്ചുവെക്കാമായിരുന്നു.

നിങ്ങൾ ഓർമിക്കുന്നുവോ?

• ദൈവം തന്നെ ഉപേക്ഷിച്ചിരിക്കുന്നുവെന്ന്‌ ഒരു വ്യക്തിക്കു തോന്നാൻ ഇടയാക്കിയേക്കാവുന്ന ഘടകങ്ങളേവ?

• കുരുവികളെയും നമ്മുടെ മുടിയിഴകൾ എണ്ണുന്നതിനെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തങ്ങളിൽനിന്നുള്ള പാഠമെന്ത്‌?

• ഒരുവന്റെ കണ്ണീർ യഹോവയുടെ ‘തുരുത്തിയിൽ’ ആക്കിവെക്കുകയോ മനോവ്യസനത്തെ അവന്റെ ‘പുസ്‌തകത്തിൽ’ രേഖപ്പെടുത്തുകയോ ചെയ്യുക എന്നതിന്റെ അർഥമെന്ത്‌?

• നമുക്ക്‌ എങ്ങനെ ‘യഹോവയുമായി സഖിത്വം’ ആസ്വദിക്കാൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[22-ാം പേജിലെ ചിത്രം]

യഹോവ പൗലൊസിന്റെ ‘ജഡത്തിലെ ശൂലം’ നീക്കാതിരുന്നത്‌ എന്തുകൊണ്ട്‌?

[23-ാം പേജിലെ ചിത്രം]

കുരുവികളെ സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

[കടപ്പാട്‌]

© J. Heidecker/VIREO

[25-ാം പേജിലെ ചിത്രം]

ക്രമമായി ബൈബിൾ വായിക്കുമ്പോൾ, ദൈവം നമ്മെ ഓരോരുത്തരെയും കുറിച്ചു കരുതലുള്ളവനാണെന്ന ഉറപ്പ്‌ നമുക്കു ലഭിക്കും