വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രണ്ടു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ

രണ്ടു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

രണ്ടു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ

ഒന്നു രാജാക്കന്മാർ എന്ന ബൈബിൾ പുസ്‌തകം പ്രതിപാദിക്കുന്ന ചരിത്രത്തിന്റെ തുടർച്ചയാണ്‌ രണ്ടു രാജാക്കന്മാരുടെ പുസ്‌തകം. വടക്കേ ദേശമായ ഇസ്രായേലിലെ 12 രാജാക്കന്മാരും തെക്കേ ദേശമായ യെഹൂദായിലെ 17 രാജാക്കന്മാരും ഉൾപ്പെടെ 29 രാജാക്കന്മാരെക്കുറിച്ചുള്ള വിവരണം ഇതിൽ അടങ്ങിയിരിക്കുന്നു. ഏലീയാവ്‌, എലീശാ, യെശയ്യാവ്‌ എന്നീ പ്രവാചകന്മാരുടെ പ്രവർത്തനങ്ങളും ഇതു വിവരിക്കുന്നു. സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്‌ കൃത്യമായ കാലാനുക്രമത്തിലല്ലെങ്കിലും, ശമര്യയുടെയും യെരൂശലേമിന്റെയും നാശം വരെയുള്ള ചരിത്രം ഇതു പ്രദാനംചെയ്യുന്നു. പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) 920 മുതൽ പ്രവാചകനായ യിരെമ്യാവ്‌ ഈ പുസ്‌തകത്തിന്റെ എഴുത്തു പൂർത്തിയാക്കിയ, പൊ.യു.മു. 580 വരെയുള്ള 340 വർഷത്തെ സംഭവങ്ങളാണ്‌ രണ്ടു രാജാക്കന്മാരിൽ അടങ്ങിയിരിക്കുന്നത്‌.

രണ്ടു രാജാക്കന്മാരുടെ പുസ്‌തകം നമുക്ക്‌ എത്ര മൂല്യവത്താണ്‌? യഹോവയെയും ആളുകളോട്‌ അവൻ ഇടപെട്ട വിധത്തെയും കുറിച്ച്‌ ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു? ഈ പുസ്‌തകത്തിൽ പരാമർശിച്ചിരിക്കുന്ന രാജാക്കന്മാരുടെയും പ്രവാചകന്മാരുടെയും മറ്റുള്ളവരുടെയും പ്രവർത്തനങ്ങളിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും? നമുക്കു നോക്കാം.

എലീശാ ഏലീയാവിന്റെ പിൻഗാമിയായിത്തീരുന്നു

(2 രാജാക്കന്മാർ 1:1-8:29)

ഇസ്രായേലിലെ അഹസ്യാവ്‌ രാജാവ്‌ മാളികയുടെ കിളിവാതിലിലൂടെ വീണ്‌ രോഗശയ്യയിലാകുന്നു. താൻ മരിച്ചുപോകുമെന്ന്‌ ഏലീയാപ്രവാചകനിൽനിന്ന്‌ അവനു വിവരം ലഭിക്കുന്നു. അഹസ്യാവിന്റെ മരണത്തെത്തുടർന്ന്‌ അവന്റെ സഹോദരനായ യെഹോരാം രാജാവാകുന്നു. ഈ സമയത്ത്‌ യെഹോശാഫാത്താണ്‌ യെഹൂദായിലെ രാജാവ്‌. ഏലീയാവ്‌ ഒരു ചുഴലിക്കാറ്റിൽ എടുക്കപ്പെടുന്നതിനെത്തുടർന്ന്‌ അവന്റെ ദാസനായ എലീശാ പ്രവാചക ദൗത്യം ഏറ്റെടുക്കുന്നു. തുടർന്നുള്ള ഏകദേശം 60 വർഷത്തെ ശുശ്രൂഷയ്‌ക്കിടയിൽ അവൻ അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. —“എലീശായുടെ അത്ഭുതങ്ങൾ” എന്ന ചതുരം കാണുക.

ഒരു മോവാബ്യ രാജാവ്‌ ഇസ്രായേലിനു ഭീഷണി ഉയർത്തുമ്പോൾ, യെഹോരാമും യെഹോശാഫാത്തും ഏദോം രാജാവും അവനെതിരെ യുദ്ധത്തിനു പുറപ്പെടുന്നു. യെഹോശാഫാത്തിന്റെ വിശ്വസ്‌തത അവർക്കു വിജയം നേടിക്കൊടുക്കുന്നു. പിന്നീട്‌, അരാമ്യ രാജാവ്‌ ഇസ്രായേലിനെതിരെ ഒരു മിന്നലാക്രമണത്തിനു പദ്ധതിയിടുന്നെങ്കിലും എലീശാ അതു നിഷ്‌ഫലമാക്കുന്നു. ക്ഷുഭിതനായ രാജാവ്‌ എലീശായെ പിടിക്കാൻ “ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി” അയയ്‌ക്കുന്നു. (2 രാജാക്കന്മാർ 6:14) പ്രവാചകൻ രണ്ട്‌ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും അരാമ്യ പടക്കൂട്ടത്തെ സമാധാനത്തോടെ തിരിച്ചയയ്‌ക്കുകയും ചെയ്യുന്നു. കാലക്രമത്തിൽ, അരാം രാജാവായ ബെൻ-ഹദദ്‌ ശമര്യയെ ഉപരോധിക്കുമ്പോൾ ആ ദേശം കടുത്ത ക്ഷാമത്തിന്റെ പിടിയിലാകുന്നു. എന്നാൽ അതു നീളുകയില്ലെന്ന്‌ എലീശാ പ്രവചിക്കുന്നു.

കുറച്ചുകാലത്തിനുശേഷം എലീശാ ദമസ്‌കൊസിലേക്കു പോകുന്നു. രോഗശയ്യയിലായ ബെൻ-ഹദദ്‌ രാജാവ്‌, താൻ സൗഖ്യം പ്രാപിക്കുമോയെന്നു പ്രവാചകനോടു ചോദിച്ചറിയാൻ ഹസായേലിനെ അയയ്‌ക്കുന്നു. രാജാവ്‌ മരിക്കുമെന്നും അവനു പകരം ഹസായേൽ ഭരണം ഏറ്റെടുക്കുമെന്നും എലീശാ പ്രവചിക്കുന്നു. പിറ്റേ ദിവസംതന്നെ, ഹസായേൽ ഒരു നനഞ്ഞ “കമ്പിളി”കൊണ്ട്‌ രാജാവിനെ ശ്വാസംമുട്ടിച്ചുകൊല്ലുകയും അധികാരം കയ്യടക്കുകയും ചെയ്യുന്നു. (2 രാജാക്കന്മാർ 8:15) യെഹൂദായിൽ, യെഹോശാഫാത്തിന്റെ പുത്രനായ യെഹോരാം രാജാവാകുന്നു, അവനുശേഷം അവന്റെ പുത്രനായ അഹസ്യാവും.​—⁠“യെഹൂദായിലെയും ഇസ്രായേലിലെയും രാജാക്കന്മാർ” എന്ന ചതുരം കാണുക.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

2:9​—⁠‘ഏലീയാവിന്റെ ആത്മാവിൽ ഇരട്ടി പങ്ക്‌’ തനിക്കു വേണമെന്ന്‌ എലീശാ ആവശ്യപ്പെട്ടത്‌ എന്തുകൊണ്ട്‌? ധൈര്യത്തിന്റെയും നിർഭയത്വത്തിന്റെയും ആത്മാവായിരുന്നു ഏലീയാവ്‌ പ്രകടിപ്പിച്ചിരുന്നത്‌. ഇസ്രായേലിലെ ഒരു പ്രവാചകനെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം നിറവേറ്റാൻ എലീശായ്‌ക്ക്‌ ആവശ്യമായിരുന്നതും അതുതന്നെയായിരുന്നു. ഇതു തിരിച്ചറിഞ്ഞ എലീശാ, ഏലീയാവിന്റെ ആത്മാവിൽ ഇരട്ടി പങ്ക്‌ ആവശ്യപ്പെടുന്നു. ഏലീയാവിന്റെ പിൻഗാമിയായി നിയമിതനായിരുന്ന എലീശാ ആറു കൊല്ലക്കാലം അവന്റെ സഹായിയായി സേവിച്ചു. അതിനാൽ എലീശാ ഏലീയാവിനെ തന്റെ ആത്മീയ പിതാവായി വീക്ഷിച്ചു, ആത്മീയ അർഥത്തിൽ ഏലീയാവിന്റെ ആദ്യജാതനായിരുന്നു എലീശാ. (1 രാജാക്കന്മാർ 19:19-21; 2 രാജാക്കന്മാർ 2:12) അങ്ങനെ, ഒരു ആദ്യജാതന്‌ പിതാവിന്റെ സ്വത്തിന്റെ രണ്ടു പങ്ക്‌ ലഭിച്ചിരുന്നതുപോലെ എലീശാ, ഏലീയാവിന്റെ ആത്മീയ സ്വത്തിന്റെ രണ്ടു പങ്കു ചോദിക്കുകയും സ്വന്തമാക്കുകയും ചെയ്‌തു.

2:11—⁠“ഏലീയാവു ചുഴലിക്കാറ്റിൽ” കയറിപ്പോയത്‌ എവിടേക്കായിരുന്നു? അവൻ പോയത്‌, ഭൗതിക പ്രപഞ്ചത്തിലെ ഒരു വിദൂര സ്ഥലത്തേക്കോ ദൈവവും അവന്റെ ദൂതപുത്രന്മാരും വസിക്കുന്ന ആത്മീയ മണ്ഡലത്തിലേക്കോ ആയിരുന്നില്ല. (ആവർത്തനപുസ്‌തകം 4:19; സങ്കീർത്തനം 11:4; മത്തായി 6:9; 18:​10,11) ന്യൂ ഇൻഡ്യ ബൈബിൾ വേർഷൻ ഇപ്രകാരം പറയുന്നു: “ഏലീയാവ്‌ ഒരു ചുഴലിക്കാറ്റിൽ ആകാശത്തിലേക്കുയർന്നു.” (സങ്കീർത്തനം 78:26; മത്തായി 6:26) ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച അഗ്നിരഥം ഏലീയാവിനെ ഭൂമിയുടെ മറ്റൊരു ഭാഗത്തേക്കു കൊണ്ടുപോയതായി കാണപ്പെടുന്നു. അവൻ അവിടെ കുറെക്കാലം ജീവിച്ചു. യഥാർഥത്തിൽ വർഷങ്ങൾക്കുശേഷം ഏലീയാവ്‌ അവിടെനിന്ന്‌, യെഹൂദാ രാജാവായ യെഹോരാമിന്‌ ഒരു കത്തയച്ചു.​—⁠2 ദിനവൃത്താന്തം 21:1, 12-15.

5:​15, 16—⁠നയമാൻ നൽകിയ പ്രതിഫലം എലീശാ സ്വീകരിക്കാതിരുന്നത്‌ എന്തുകൊണ്ട്‌? നയമാൻ അത്ഭുതകരമായി സുഖം പ്രാപിച്ചത്‌ തന്റെ കഴിവുകൊണ്ടല്ല, യഹോവയുടെ ശക്തികൊണ്ടാണെന്ന്‌ അറിയാമായിരുന്നതിനാലാണ്‌ എലീശാ പ്രതിഫലം നിരസിച്ചത്‌. ദൈവം നൽകിയ പദവി ഉപയോഗിച്ചു നേട്ടമുണ്ടാക്കുന്ന കാര്യം അവനു ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. യഹോവയുടെ സേവനം സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ ഇന്നുള്ള സത്യാരാധകർ ശ്രമിക്കുന്നില്ല. യേശുവിന്റെ പിൻവരുന്ന ഉദ്‌ബോധനത്തോട്‌ അവർ പറ്റിനിൽക്കുന്നു: “സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.”​—⁠മത്തായി 10:⁠8.

5:​18, 19—⁠ഒരു മതകർമത്തിൽ പങ്കെടുക്കേണ്ടിവരുന്നതിനാൽ തന്നോടു ക്ഷമിക്കണമെന്നായിരുന്നോ നയമാൻ അപേക്ഷിച്ചത്‌? അരാം രാജാവ്‌ വ്യക്തമായും പ്രായാധിക്യത്താൽ ദുർബലനായിരുന്നതിനാൽ നയമാന്റെമേൽ ചാരിക്കൊണ്ടായിരുന്നു രിമ്മോന്റെ ക്ഷേത്രത്തിൽ കുമ്പിട്ടിരുന്നത്‌. അപ്പോൾ നയമാനും അങ്ങനെ ചെയ്യേണ്ടതായിവന്നു. എന്നാൽ തികച്ചും യാന്ത്രികമായിട്ട്‌, രാജാവിന്റെ ശരീരം താങ്ങുന്നതിനുവേണ്ടി മാത്രമായിരുന്നു അവൻ അങ്ങനെ ചെയ്‌തത്‌, ആരാധിക്കാൻവേണ്ടി ആയിരുന്നില്ല. ഈ ഗവൺമെന്റ്‌ ഉദ്യോഗത്തിൽ തുടരുന്നതിൽ തന്നോടു ക്ഷമിക്കണമെന്നായിരുന്നു നയമാൻ യഹോവയോട്‌ അപേക്ഷിച്ചത്‌. നയമാന്റെ വാക്കുകൾ വിശ്വസിച്ചുകൊണ്ട്‌, “സമാധാനത്തോടെ പോക” എന്ന്‌ എലീശാ അവനോടു പറഞ്ഞു.

നമുക്കുള്ള പാഠങ്ങൾ:

1:​13, 14. മറ്റുള്ളവരുടെ അനുഭവങ്ങളിൽനിന്നു പഠിക്കുന്നതും താഴ്‌മയോടെ പ്രവർത്തിക്കുന്നതും ജീവൻ രക്ഷിക്കുന്നു.

2:​2, 4, 6. ഏലീയാവിന്റെ സഹായിയായി ഏകദേശം ആറു വർഷം സേവിച്ചിട്ടും എലീശാ അവനെ വിട്ടുപിരിയാൻ തയ്യാറല്ലായിരുന്നു. വിശ്വസ്‌തതയുടെയും സൗഹൃദത്തിന്റെയും എത്ര നല്ല ദൃഷ്ടാന്തം!​—⁠സദൃശവാക്യങ്ങൾ 18:24.

2:​23, 24. കഷണ്ടിക്കാരനായിരുന്ന എലീശായെ ഏലീയാവിന്റെ ഔദ്യോഗിക വസ്‌ത്രത്തിൽ കണ്ടതായിരുന്നു അവനെ കളിയാക്കാനുണ്ടായ പ്രധാന കാരണമെന്നു തോന്നുന്നു. എലീശാ യഹോവയുടെ പ്രവാചകനാണെന്ന്‌ അറിയാമായിരുന്ന കുട്ടികൾക്ക്‌ അവനെ അവിടെ കാണുന്നത്‌ ഇഷ്ടമല്ലായിരുന്നു. ബേഥേലിലേക്കു പോകാനോ ഏലീയാവിനെപ്പോലെ ആകാശത്തേക്കു കയറിപ്പോകാനോ സൂചിപ്പിച്ചുകൊണ്ട്‌ “കയറിപ്പോ” (ഓശാന ബൈബിൾ) എന്ന്‌ അവർ അവനോടു പറഞ്ഞു. അവർ തങ്ങളുടെ മാതാപിതാക്കളുടെ ശത്രുതാമനോഭാവം പ്രതിഫലിപ്പിക്കുകയായിരുന്നു എന്നതു വ്യക്തമാണ്‌. ദൈവത്തിന്റെ പ്രതിനിധികളെ ആദരിക്കാൻ മാതാപിതാക്കൾ മക്കളെ പഠിപ്പിക്കുന്നത്‌ എത്ര ജീവത്‌പ്രധാനമാണ്‌!

3:​14, 18, 24. യഹോവയുടെ വചനം എല്ലായ്‌പോഴും നിവൃത്തിയേറുന്നു.

3:22. പ്രഭാത സൂര്യന്റെ വെളിച്ചത്തിൽ വെള്ളം രക്തംപോലെ കാണപ്പെട്ടു. ഒരുപക്ഷേ, പുതുതായി വെട്ടിയുണ്ടാക്കിയ കുഴികളിൽ ചുവന്ന കളിമണ്ണ്‌ ഉണ്ടായിരുന്നിരിക്കാം. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിൽ പ്രകൃതിയിലെ പ്രതിഭാസങ്ങൾ ഉപയോഗപ്പെടുത്താൻ യഹോവ തീരുമാനിച്ചേക്കാം.

4:​8-11. എലീശാ “വിശുദ്ധനായോരു ദൈവപുരുഷൻ” ആണെന്നു തിരിച്ചറിഞ്ഞ, ശൂനേമിലുള്ള ഒരു സ്‌ത്രീ അവന്‌ ആതിഥ്യമരുളി. യഹോവയുടെ വിശ്വസ്‌ത ആരാധകരെ ഈ രീതിയിൽ നാം സത്‌കരിക്കേണ്ടതല്ലേ?

5:⁠3. അത്ഭുതം പ്രവർത്തിക്കാൻ ദൈവം പ്രാപ്‌തനാണെന്ന്‌ ഈ ഇസ്രായേല്യ പെൺകുട്ടി വിശ്വസിച്ചിരുന്നു. തന്റെ വിശ്വാസത്തെക്കുറിച്ചു സംസാരിക്കാനുള്ള ധൈര്യവും അവൾക്കുണ്ടായിരുന്നു. ചെറുപ്പക്കാരായ നിങ്ങൾ, ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കാൻ ശ്രമിക്കുകയും അധ്യാപകരോടും സഹപാഠികളോടും സത്യത്തെക്കുറിച്ചു സംസാരിക്കാൻ ധൈര്യം പ്രകടമാക്കുകയും ചെയ്യുന്നുണ്ടോ?

5:​9-19. അഹങ്കാരിയായ ഒരു വ്യക്തിക്കു താഴ്‌മ പഠിക്കാനാകുമെന്ന്‌ നയമാന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നില്ലേ?​—⁠1 പത്രൊസ്‌ 5:⁠5.

5:​20-27. കപടജീവിതം നയിക്കുന്നത്‌ എത്ര വിപത്‌കരമാണ്‌! അത്‌ ഉളവാക്കുന്ന ഹൃദയവേദനയും മറ്റു ദുരന്തങ്ങളും കണക്കിലെടുക്കുന്നത്‌ അത്തരം ഒരു ഗതി ഒഴിവാക്കാൻ നമ്മെ സഹായിക്കും.

ഇസ്രായേലും യെഹൂദായും പ്രവാസത്തിലേക്കു പോകുന്നു

(2 രാജാക്കന്മാർ 9:1-25:30)

ഇസ്രായേലിലെ രാജാവായി യേഹൂ അഭിഷേകം ചെയ്യപ്പെടുന്നു. ഒട്ടും താമസിക്കാതെ അവൻ ആഹാബിന്റെ ഗൃഹത്തെ നിർമൂലമാക്കാൻ പടനീക്കം നടത്തുന്നു. അതിവിദഗ്‌ധമായി അവൻ “ഇസ്രായേലിൽനിന്നു ബാലിനെ നശിപ്പിച്ചു”കളയുന്നു അഥവാ ബാലാരാധന തുടച്ചുനീക്കുന്നു. (2 രാജാക്കന്മാർ 10:28) തന്റെ മകനായ അഹസ്യാവിനെ യേഹൂ വധിച്ചെന്നു മനസ്സിലാക്കുമ്പോൾ അഥല്യാ ‘യെഹൂദാ രാജസന്തതിയെ ഒക്കെയും നശിപ്പിക്കാൻ’ പുറപ്പെടുകയും സിംഹാസനം പിടിച്ചെടുക്കുകയും ചെയ്യുന്നു. (2 രാജാക്കന്മാർ 11:1) അഹസ്യാവിന്റെ ആൺകുഞ്ഞായ യോവാശ്‌ മാത്രമേ രക്ഷപ്പെടുന്നുള്ളൂ. ആറു വർഷത്തെ അജ്ഞാത വാസത്തിനുശേഷം അവൻ യെഹൂദായിലെ രാജാവായി അഭിഷേകം ചെയ്യപ്പെടുന്നു. പുരോഹിതനായ യെഹോയാദാ യോവാശിനെ അഭ്യസിപ്പിക്കുന്നു, അങ്ങനെ അവൻ യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്യുന്നതിൽ തുടരുന്നു.

യേഹൂവിനുശേഷം ഇസ്രായേൽ ഭരിക്കുന്ന എല്ലാ രാജാക്കന്മാരും യഹോവയ്‌ക്ക്‌ അനിഷ്ടമായ കാര്യങ്ങൾ ചെയ്യുന്നു. യേഹൂവിന്റെ കൊച്ചുമകന്റെ കാലത്ത്‌ എലീശായ്‌ക്കു സ്വാഭാവിക മരണം സംഭവിക്കുന്നു. യോവാശിനുശേഷം യെഹൂദാ ഭരിക്കുന്ന നാലാമത്തെ രാജാവ്‌ ആഹാസ്‌ ആണ്‌. അവൻ ‘യഹോവെക്കു പ്രസാദമായുള്ളതു ചെയ്യുന്നില്ല.’ (2 രാജാക്കന്മാർ 16:1, 2) എന്നിരുന്നാലും അവന്റെ പുത്രനായ ഹിസ്‌കീയാവ്‌ രാജാവ്‌ ‘യഹോവയോടു ചേർന്നിരിക്കുന്നു.’ (2 രാജാക്കന്മാർ 17:20; 18:6) പൊ.യു.മു. 740-ൽ, ഹിസ്‌കീയാവ്‌ യെഹൂദായിലും ഹോശേയ ഇസ്രായേലിലും ഭരണം നടത്തുമ്പോൾ അശ്ശൂർ രാജാവായ ശൽമനേസെർ ‘ശമര്യയെ പിടിച്ചു ഇസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോകുന്നു.’ (2 രാജാക്കന്മാർ 17:6) അതേത്തുടർന്ന്‌ ഇസ്രായേൽ ദേശത്തു പരദേശികൾ എത്തിച്ചേരുകയും ശമര്യ മതത്തിനു ജന്മം നൽകുകയും ചെയ്യുന്നു.

ഹസ്‌കീയാവിനെത്തുടർന്ന്‌ യെഹൂദാ ഭരിക്കുന്ന ഏഴു രാജാക്കന്മാരിൽ യോശീയാവ്‌ മാത്രമാണ്‌ ദേശത്തുനിന്നു വ്യാജാരാധന തുടച്ചുനീക്കാൻ നടപടിയെടുക്കുന്നത്‌. ഒടുവിൽ പൊ.യു.മു. 607-ൽ, ബാബിലോന്യർ യെരൂശലേം പിടിച്ചടക്കുകയും ‘യെഹൂദാ സ്വദേശം വിട്ട്‌ [പ്രവാസത്തിലേക്കു] പോകുകയും ചെയ്യുന്നു.’​—⁠2 രാജാക്കന്മാർ 25:21.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

13:​20, 21—⁠ഈ അത്ഭുതം ‘തിരുശേഷിപ്പുകളുടെ’ വണക്കത്തെ അനുകൂലിക്കുന്നുവോ? ഇല്ല. എലീശായുടെ അസ്ഥികളെ ആരും പൂജിച്ചതായി ബൈബിൾ പറയുന്നില്ല. ജീവിച്ചിരുന്നപ്പോൾ എലീശാ ചെയ്‌ത അത്ഭുതങ്ങളുടെ കാര്യത്തിലെന്നപോലെ ഈ അത്ഭുതവും ദൈവത്തിന്റെ ശക്തിയാലായിരുന്നു സംഭവിച്ചത്‌.

15:​1-6—⁠യഹോവ അസര്യാവിന്‌ (ഉസ്സീയാവ്‌) കുഷ്‌ഠം വരുത്തിയത്‌ എന്തുകൊണ്ട്‌? “അവൻ [ഉസ്സീയാവ്‌] ബലവാനായപ്പോൾ അവന്റെ ഹൃദയം . . . നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്‌തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.” “ഉസ്സീയാരാജാവിനെ തടുത്തു”കൊണ്ട്‌ “വിശുദ്ധമന്ദിരത്തിൽനിന്നു പൊയ്‌ക്കോൾക” എന്നു പുരോഹിതന്മാർ പറഞ്ഞപ്പോൾ അവൻ അവരോടു കയർത്തു. അപ്പോൾത്തന്നെ അവനെ കുഷ്‌ഠം ബാധിച്ചു.​—⁠2 ദിനവൃത്താന്തം 26:16-20.

18:​19-21, 25—⁠ഹിസ്‌കീയാവ്‌ ഈജിപ്‌തുമായി സഖ്യം ചേർന്നിരുന്നോ? ഇല്ല. റബ്‌ശാക്കേയുടെ ഈ ആരോപണം വ്യാജമായിരുന്നു, തന്റെ ആക്രമണത്തിന്‌ “യഹോവയുടെ അനുവാദം” (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഉണ്ടെന്ന അവകാശവാദംപോലെതന്നെ. വിശ്വസ്‌ത രാജാവായ ഹിസ്‌കീയാവ്‌ പൂർണമായും യഹോവയിൽ ആശ്രയിച്ചു.

നമുക്കുള്ള പാഠങ്ങൾ:

9:​7, 26. വ്യാജാരാധനയും നിരപരാധികളുടെ രക്തം ചൊരിയുന്നതും യഹോവ വെറുക്കുന്നുവെന്ന്‌ ആഹാബിന്റെ ഗൃഹത്തിന്മേലുള്ള കഠിനമായ ന്യായവിധി പ്രകടമാക്കുന്നു.

9:20. അതിശീഘ്രം രഥം തെളിക്കുന്നവനെന്ന നിലയിലുള്ള യേഹൂവിന്റെ പ്രശസ്‌തി, തന്റെ നിയമനം നിറവേറ്റുന്നതിലുള്ള അവന്റെ തീക്ഷ്‌ണതയ്‌ക്കു തെളിവായിരുന്നു. തീക്ഷ്‌ണതയുള്ള ഒരു രാജ്യഘോഷകനെന്ന സത്‌പേര്‌ നിങ്ങൾക്കുണ്ടോ?​—⁠2 തിമൊഥെയൊസ്‌ 4:⁠2.

9:​36, 37; 10:17; 13:​18, 19, 25; 14:25; 19:​20, 32-36; 20:​16, 17; 24:13. യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന വചനം തീർച്ചയായും നിവൃത്തിയേറുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.​—⁠യെശയ്യാവു 55:10, 11.

10:15. തന്നോടൊപ്പം രഥത്തിൽ കയറാനുള്ള യേഹൂവിന്റെ ക്ഷണം പൂർണമനസ്സോടെ സ്വീകരിച്ച യോനാദാബിനെപ്പോലെ, ആധുനിക യേഹൂവായ യേശുക്രിസ്‌തുവിനെയും അവന്റെ അഭിഷിക്ത അനുഗാമികളെയും “മഹാപുരുഷാരം” മനസ്സോടെ പിന്തുണയ്‌ക്കുന്നു.​—⁠വെളിപ്പാടു 7:⁠9.

10:​30, 31. യേഹൂവിന്റെ ജീവിതരേഖ കറയറ്റതല്ലായിരുന്നെങ്കിലും അവൻ ചെയ്‌ത എല്ലാ നല്ല കാര്യങ്ങളും യഹോവ വിലമതിച്ചു. തീർച്ചയായും ‘ദൈവം നമ്മുടെ പ്രവൃത്തി മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.’​—⁠എബ്രായർ 6:10.

13:​14-19. യേഹൂവിന്റെ കൊച്ചുമകനായ യോവാശ്‌ വേണ്ടത്ര ഉത്സാഹം പ്രകടിപ്പിക്കാതെ മൂന്നു പ്രാവശ്യം മാത്രം അമ്പു നിലത്തടിച്ചതിനാൽ, അരാമ്യരെ പരിമിതമായി തോൽപ്പിക്കാനേ അവനു കഴിഞ്ഞുള്ളൂ. യഹോവ നൽകുന്ന നിയമനം നാം പൂർണ ഹൃദയത്തോടെയും തീക്ഷ്‌ണതയോടെയും ചെയ്യാൻ അവൻ പ്രതീക്ഷിക്കുന്നു.

20:​2-6. യഹോവ “പ്രാർത്ഥന കേൾക്കുന്ന” ദൈവമാണ്‌.​—⁠സങ്കീർത്തനം 65:⁠2.

24:​3, 4. മനശ്ശെയുടെ രക്തപാതകം നിമിത്തം യെഹൂദായോടു “ക്ഷമിപ്പാൻ യഹോവെക്കു മനസ്സായില്ല.” നിരപരാധികളുടെ രക്തത്തെ ദൈവം ആദരിക്കുന്നു. കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിന്‌ ഉത്തരവാദികളായവരെ നശിപ്പിച്ചുകൊണ്ട്‌ അത്തരം രക്തച്ചൊരിച്ചിലിന്‌ യഹോവ പ്രതികാരം ചെയ്യുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.​—⁠സങ്കീർത്തനം 37:9-11; 145:20.

നമുക്കു മൂല്യവത്തായ ഒരു വിവരണം

രണ്ടു രാജാക്കന്മാർ എന്ന പുസ്‌തകം യഹോവയെ വാഗ്‌ദാനങ്ങൾ നിവർത്തിക്കുന്നവനായി ചിത്രീകരിക്കുന്നു. ആദ്യം ഇസ്രായേലിലെയും തുടർന്ന്‌ യെഹൂദായിലെയും നിവാസികൾ പ്രവാസത്തിലേക്കു പോയിയെന്ന വസ്‌തുത, ആവർത്തനപുസ്‌തകം 28:15-29:​28-ലെ പ്രാവചനിക ന്യായവിധി സത്യമായിത്തീർന്നത്‌ എങ്ങനെയെന്നു നമ്മെ ശക്തമായി ഓർമിപ്പിക്കുന്നു. യഹോവയുടെ നാമത്തിനും സത്യാരാധനയ്‌ക്കും വേണ്ടി അങ്ങേയറ്റം തീക്ഷ്‌ണത പ്രകടമാക്കിയ ഒരു പ്രവാചകനായി എലീശായെ രണ്ടു രാജാക്കന്മാർ വർണിക്കുന്നു. ന്യായപ്രമാണം ആദരിക്കുന്ന, താഴ്‌മയുള്ള രാജാക്കന്മാരായിട്ടാണ്‌ ഹിസ്‌കീയാവിനെയും യോശീയാവിനെയും ചിത്രീകരിച്ചിരിക്കുന്നത്‌.

രണ്ടു രാജാക്കന്മാരിൽ പരാമർശിച്ചിരിക്കുന്ന രാജാക്കന്മാരുടെയും പ്രവാചകന്മാരുടെയും മറ്റുള്ളവരുടെയും മനോഭാവങ്ങളും പ്രവർത്തനങ്ങളും പരിചിന്തിക്കുമ്പോൾ, ഏതെല്ലാം കാര്യങ്ങൾ പിൻപറ്റണമെന്നും ഏതെല്ലാം ഒഴിവാക്കണമെന്നും സംബന്ധിച്ചു നാം മൂല്യവത്തായ പാഠങ്ങൾ പഠിക്കുന്നില്ലേ? (റോമർ 15:4; 1 കൊരിന്ത്യർ 10:11) അതേ, “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവു”മുള്ളതാണ്‌.​—⁠എബ്രായർ 4:12.

[10-ാം പേജിലെ ചതുരം/ചിത്രം]

എലീശായുടെ അത്ഭുതങ്ങൾ

1. യോർദ്ദാൻ നദിയിലെ വെള്ളം വിഭജിക്കുന്നു.​—⁠2 രാജാക്കന്മാർ 2:14

2. യെരീഹോയിലെ മലിനജലം ശുദ്ധമാക്കുന്നു.​—⁠2 രാജാക്കന്മാർ 2:19-22

3. പരിഹാസികളായ ബാലന്മാരെ കരടികൾ ആക്രമിക്കുന്നു.​—⁠2 രാജാക്കന്മാർ 2:23, 24

4. സൈന്യത്തിനു ജലം എത്തിച്ചുകൊടുക്കുന്നു.​—⁠2 രാജാക്കന്മാർ 3:16-26

5. ഒരു വിധവയ്‌ക്കു സമൃദ്ധമായി ഭക്ഷ്യ എണ്ണ ലഭ്യമാക്കുന്നു.​—⁠2 രാജാക്കന്മാർ 4:1-7

6. വന്ധ്യയായ ഒരു ശൂനേമ്യ സ്‌ത്രീ ഗർഭം ധരിക്കുന്നു.​—⁠2 രാജാക്കന്മാർ 4:8-17

7. മരിച്ചുപോയ ഒരു കുട്ടിയെ ഉയിർപ്പിക്കുന്നു.​—⁠2 രാജാക്കന്മാർ 4:18-37

8. വിഷംകലർന്ന പായസം ഭക്ഷ്യയോഗ്യമാകുന്നു.​—⁠2 രാജാക്കന്മാർ 4:38-41

9. 20 അപ്പംകൊണ്ട്‌ നൂറുപേർ ഭക്ഷിച്ചു തൃപ്‌തരാകുന്നു.​—⁠2 രാജാക്കന്മാർ 4:42-44

10. നയമാന്റെ കുഷ്‌ഠം ഭേദമാകുന്നു.​—⁠2 രാജാക്കന്മാർ 5:1-14

11. നയമാന്റെ കുഷ്‌ഠം ഗേഹസിക്കു പിടിപെടുന്നു.​—⁠2 രാജാക്കന്മാർ 5:24-27

12. കോടാലി വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ഇടയാക്കുന്നു.​—⁠2 രാജാക്കന്മാർ 6:5-7

13. ഒരു ദാസൻ അഗ്നിമയ രഥങ്ങൾ കാണുന്നു.​—⁠2 രാജാക്കന്മാർ 6:15-17

14. അരാമ്യ പടക്കൂട്ടത്തെ അന്ധരാക്കുന്നു.​—⁠2 രാജാക്കന്മാർ 6:18

15. അരാമ്യ പടക്കൂട്ടത്തിനു കാഴ്‌ച തിരിച്ചുലഭിക്കുന്നു.​—⁠2 രാജാക്കന്മാർ 6:19-23

16. മരിച്ചുപോയ വ്യക്തി വീണ്ടും ജീവിക്കുന്നു.​—⁠2 രാജാക്കന്മാർ 13:20, 21

[12-ാം പേജിലെ ചാർട്ട്‌/ചിത്രങ്ങൾ]

യെഹൂദായിലെയും ഇസ്രായേലിലെയും രാജാക്കന്മാർ

ശൗൽ/ദാവീദ്‌/ശലോമോൻ: പൊ.യു.മു. 1117/1077/1037 *

യെഹൂദാ രാജ്യം തീയതി (പൊ.യു.മു.) ഇസ്രായേൽ രാജ്യം

രെഹബെയാം ․․․․․997․․․․․ യൊരോബെയാം

അബീയാവ്‌/ആസാ ․․․․․980/978․․․․․

․․․․․976/975/952․․․․․ നാദാബ്‌/ബയെശാ/ഏലാ

․․․․․951/951/951․․․․․ സിമ്രി/ഒമ്രി/തിബ്‌നി

․․․․․940․․․․․ ആഹാബ്‌

യെഹോശാഫാത്ത്‌ ․․․․․937․․․․․

․․․․․920/917․․․․․ അഹസ്യാവ്‌/യെഹോരാം

യെഹോരാം ․․․․․913․․․․․

അഹസ്യാവ്‌ ․․․․․906․․․․․

(അഥല്യാ) ․․․․․905․․․․․ യേഹൂ

യോവാശ്‌ ․․․․․898․․․․․

․․․․․876/859․․․․․ യെഹോവാഹാസ്‌/യോവാശ്‌

അമസ്യാവ്‌ ․․․․․858․․․․․

․․․․․844․․․․․ യൊരോബെയാം രണ്ടാമൻ

അസര്യാവ്‌ (ഉസ്സീയാവ്‌) ․․․․․829․․․․․

․․․․․803/791/791․․․․․ സെഖര്യാവ്‌/ശല്ലൂം/മെനഹേം

․․․․․780/778․․․․․ പെക്കഹ്യാവ്‌/പേക്കഹ്‌

യോഥാം/ആഹാസ്‌ ․․․․․777/762․․․․․

․․․․․758․․․․․ ഹോശേയ

ഹിസ്‌കീയാവ്‌ ․․․․․746․․․․․

․․․․․740․․․․․ ശമര്യ പിടിച്ചെടുക്കുന്നു

മനശ്ശെ/ആമോൻ/യോശീയാവ്‌ ․․․․․716/661/659․․․․․

യെഹോവാഹാസ്‌/യെഹോയാക്കീം ․․․․․628/628․․․․․

യെഹോയാഖീൻ/സിദെക്കീയാവ്‌ ․․․․․618/617․․․․․

യെരൂശലേം നശിപ്പിക്കപ്പെടുന്നു ․․․․․607․․․․․

[അടിക്കുറിപ്പ്‌]

^ ഖ. 66 വർഷങ്ങളിൽ ചിലത്‌ ഭരണത്തിന്റെ ഏകദേശ ആരംഭം സൂചിപ്പിക്കുന്നു.

[8, 9 പേജുകളിലെ ചിത്രം]

താഴ്‌മ പ്രകടിപ്പിച്ച നയമാൻ യഹോവയുടെ ശക്തിയാൽ സുഖം പ്രാപിച്ചു

[8, 9 പേജുകളിലെ ചിത്രം]

“ഏലീയാവു ചുഴലിക്കാറ്റിൽ . . . കയറി”പ്പോയപ്പോൾ അവന്‌ എന്തു സംഭവിച്ചു?