വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

നിത്യജീവൻ ലഭിക്കുന്നതു സംബന്ധിച്ച്‌ ദൈവദാസന്മാർക്ക്‌ ഉറപ്പുണ്ടായിരിക്കാനാവില്ലെന്നാണോ സെഫന്യാവു 2:​3-ലെ “പക്ഷെ” എന്ന പദം സൂചിപ്പിക്കുന്നത്‌?

ആ തിരുവെഴുത്ത്‌ ഇങ്ങനെ പറയുന്നു: “യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.” ഈ വാക്യത്തിൽ “പക്ഷെ” എന്നു പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അർമഗെദോനു മുമ്പ്‌ മരിച്ചുപോകുന്നവർക്കായി ദൈവം ചെയ്യാൻ പോകുന്നതു സംബന്ധിച്ച ബൈബിൾ വിവരണം, ആ ന്യായവിധി സമയത്ത്‌ യഹോവ തന്റെ വിശ്വസ്‌ത ദാസന്മാരോട്‌ എങ്ങനെ ഇടപെടുമെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും. ചിലർ ആത്മജീവികളായി സ്വർഗത്തിലെ അമർത്യജീവനിലേക്കു പുനരുത്ഥാനം പ്രാപിക്കും. മറ്റുള്ളവർ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രതീക്ഷയോടെ ഭൂമിയിലേക്കു പുനരുത്ഥാനത്തിൽ വരും. (യോഹന്നാൻ 5:28, 29; 1 കൊരിന്ത്യർ 15:53, 54) അർമഗെദോനു മുമ്പു മരിച്ചുപോകുന്ന തന്റെ വിശ്വസ്‌തരെ യഹോവ ഓർക്കുകയും അവർക്കു പ്രതിഫലം നൽകുകയും ചെയ്യുമെങ്കിൽ, തന്റെ കോപദിവസത്തിൽ ജീവനോടിരിക്കുന്ന ദാസന്മാരുടെ കാര്യത്തിലും അവൻ സമാനമായി പ്രവർത്തിക്കുമെന്നതിൽ സംശയമില്ല.

പത്രൊസ്‌ അപ്പൊസ്‌തലന്റെ നിശ്വസ്‌ത വാക്കുകളും പ്രോത്സാഹജനകമാണ്‌. അവൻ ഇപ്രകാരം എഴുതി: “[ദൈവം] ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്‌മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു . . . നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്‌തു. കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ . . . ന്യായവിധിദിവസത്തിലെ ദണ്ഡനത്തിനായി കാപ്പാനും അറിയുന്നുവല്ലോ.” (2 പത്രൊസ്‌ 2:5-10) യഹോവ മുൻകാലത്ത്‌ ദുഷ്ടന്മാരെ നശിപ്പിച്ചെങ്കിലും, തന്നെ വിശ്വസ്‌തമായി സേവിച്ച നോഹയെയും ലോത്തിനെയും അവൻ പരിപാലിച്ചു. സമാനമായി, അർമഗെദോനിൽ യഹോവ ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കുമ്പോൾ അവൻ ദൈവഭക്തിയുള്ളവരെ വിടുവിക്കും. നീതിമാന്മാരുടെ ഒരു “മഹാപുരുഷാരം” അതിജീവിക്കും.​—⁠വെളിപ്പാടു 7:9, 14.

അതുകൊണ്ട്‌, സെഫന്യാവ്‌ 2:⁠3-ൽ “പക്ഷെ” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌ തന്റെ അംഗീകാരമുള്ളവരെ സംരക്ഷിക്കാനുള്ള ദൈവത്തിന്റെ പ്രാപ്‌തി സംബന്ധിച്ച്‌ എന്തെങ്കിലും അനിശ്ചിതത്വമുണ്ടെന്ന അർഥത്തിലല്ലെന്നു കാണപ്പെടുന്നു. മറിച്ച്‌, ഒരു വ്യക്തി ന്യായവും സൗമ്യതയും അന്വേഷിക്കാൻ തുടങ്ങുമ്പോൾ, യഹോവയുടെ ക്രോധദിവസത്തിൽ മറയ്‌ക്കപ്പെടുന്നത്‌ ഒരു സാധ്യത മാത്രമാണെന്നാണ്‌ അത്‌ അർഥമാക്കുന്നത്‌. കാരണം, ഒരു വ്യക്തി ന്യായവിധി ദിവസത്തിൽ സംരക്ഷിക്കപ്പെടുമോ എന്നത്‌ ന്യായവും നീതിയും അന്വേഷിക്കുന്നതിൽ തുടരുന്നതിനെ ആശ്രയിച്ചിരിക്കും.​—⁠സെഫന്യാവു 2:⁠3.

[31-ാം പേജിലെ ചിത്രം]

കർത്താവിന്‌ തന്റെ ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാൻ അറിയാം’