വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിലകെട്ടവരാണെന്ന ചിന്ത നിങ്ങളെ വേട്ടയാടുന്നുവോ?

വിലകെട്ടവരാണെന്ന ചിന്ത നിങ്ങളെ വേട്ടയാടുന്നുവോ?

വിലകെട്ടവരാണെന്ന ചിന്ത നിങ്ങളെ വേട്ടയാടുന്നുവോ?

നിഷേധാത്മക ചിന്തകളുമായുള്ള പോരാട്ടം നിറഞ്ഞതായിരുന്നു ലീനയുടെ ജീവിതം. “ചെറുപ്രായത്തിൽ വർഷങ്ങളോളം ലൈംഗിക ചൂഷണത്തിന്‌ ഇരയായത്‌ എന്റെ ആത്മാഭിമാനത്തിനു കനത്ത ക്ഷതമേൽപ്പിച്ചു,” അവൾ പറഞ്ഞു. “ഒന്നിനും കൊള്ളാത്തവളാണെന്ന ചിന്ത എന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.” യൗവനത്തിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട്‌ സിമോൺ ഇങ്ങനെ പറയുന്നു: “വിലകെട്ടവളാണെന്ന തോന്നലും ശൂന്യതാബോധവും എന്നെ വേട്ടയാടിയിരുന്നു.” ഇത്തരം വികാരങ്ങൾ സൃഷ്ടിക്കുന്ന ആഴമായ അസന്തുഷ്ടി ഇന്നു ലോകമെങ്ങും ആളുകൾ അനുഭവിക്കുന്നതായി കാണപ്പെടുന്നു. കൗമാരപ്രായക്കാർക്കു ടെലിഫോണിലൂടെ ബുദ്ധിയുപദേശം നൽകുന്ന ഒരു സ്ഥാപനം പറയുന്നതനുസരിച്ച്‌, സഹായം ആവശ്യപ്പെടുന്നവരിൽ ഏകദേശം പകുതിയും “വിലകെട്ടവരാണെന്ന തോന്നൽ [തങ്ങളെ] വിടാതെ പിടികൂടിയിരിക്കു”ന്നതായി വെളിപ്പെടുത്തുന്നു.

ഒരു വ്യക്തി വിലകെട്ടവനാണെന്നു ചിന്തിക്കാൻ മറ്റുള്ളവർ ഇടയാക്കുമ്പോഴാണ്‌ അയാളിൽ അപര്യാപ്‌തതാബോധം തലപൊക്കുന്നതെന്നു ചില വിദഗ്‌ധർ പറയുന്നു. ഇടിച്ചുതാഴ്‌ത്തിയുള്ള സംസാരത്തിനോ അമിതവും രൂക്ഷവും ആയ വിമർശനത്തിനോ ദ്രോഹകരമായ ചൂഷണത്തിനോ ഒരുവൻ നിരന്തരം വിധേയനാകുമ്പോൾ അത്തരം മാനസികനില സംജാതമായേക്കാം. കാരണം എന്തുതന്നെ ആയിരുന്നാലും പരിണതഫലങ്ങൾ വ്യക്തിയെ തളർത്തിക്കളഞ്ഞേക്കാം. അതു വിനാശകംപോലും ആയിരുന്നേക്കാം. സ്വന്തം കാര്യങ്ങളിൽ നിഷേധാത്മക ചിന്തയുള്ള വ്യക്തികൾ തങ്ങളെത്തന്നെയും മറ്റുള്ളവരെയും അവിശ്വസിക്കാൻ പ്രവണതയുള്ളവർ ആണെന്നും അങ്ങനെ അറിയാതെതന്നെ ഉറ്റ ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും തുരങ്കം വെക്കുന്നുവെന്നും അടുത്ത കാലത്തു നടന്ന ഒരു മെഡിക്കൽ സർവേ കണ്ടെത്തി. ആ പഠനം സംബന്ധിച്ച റിപ്പോർട്ടു പറയുന്നതനുസരിച്ച്‌ “അവർ ഏറ്റവുമധികം ഭയപ്പെടുന്ന സാഹചര്യങ്ങൾ അവർ സ്വയം ‘സൃഷ്ടിക്കുന്നു’ എന്നു വേണമെങ്കിൽ പറയാം.”

അങ്ങനെയുള്ള വ്യക്തികളെ, സ്വന്തം “ആകുലതകൾ” വേട്ടയാടുന്നു. (സങ്കീർത്തനം 94:​19, പി.ഒ.സി. ബൈബിൾ) തങ്ങൾ നല്ലവരാണെന്നു ചിന്തിക്കാൻ ഒരിക്കലും അവർക്കു കഴിയുന്നില്ല. ഒരു പിഴവു സംഭവിക്കുമ്പോൾ അവർ പെട്ടെന്നുതന്നെ സ്വയം കുറ്റപ്പെടുത്തുന്നു. നേട്ടങ്ങളെപ്രതി മറ്റുള്ളവർ അവരെ പ്രശംസിച്ചേക്കാമെങ്കിലും അതൊന്നും ശരിക്കുള്ള നേട്ടങ്ങളല്ലെന്നും സത്യാവസ്ഥ ഇന്നല്ലെങ്കിൽ നാളെ വെളിവാകുമെന്നും അവർ വിചാരിക്കുന്നു. സന്തോഷിക്കാൻ അർഹരല്ലെന്നു ചിന്തിച്ചുകൊണ്ട്‌, ആത്മഹത്യാപരമായ പെരുമാറ്റരീതികൾക്ക്‌ അവർ വശംവദരാകുന്നു. അവ മറികടക്കാൻ തങ്ങൾക്കാവില്ലെന്നും അവർ വിശ്വസിക്കുന്നു. ആത്മാഭിമാനം നഷ്ടപ്പെട്ട, ആരംഭത്തിൽ പരാമർശിച്ച ലീനയുടെ ഭക്ഷണശീലത്തിൽ ഗുരുതരമായ ക്രമക്കേടു പ്രകടമായി. “സാഹചര്യം നിയന്ത്രണാതീതം ആണെന്ന്‌ എനിക്കു തോന്നി” എന്ന്‌ അവൾ സമ്മതിച്ചുപറയുന്നു.

“ആകുലതക”ളുമായി മല്ലിടുന്നവർ ശേഷമുള്ള ജീവിതത്തിലും അങ്ങനെതന്നെ ആയിരിക്കാൻ വിധിക്കപ്പെട്ടവരാണോ? അത്തരം വികാരവിചാരങ്ങൾക്കു കടിഞ്ഞാണിടാൻ എന്തെങ്കിലും ചെയ്യാനാകുമോ? ഈ പോരാട്ടത്തിൽ വിജയം നേടാൻ അനേകരെയും സഹായിച്ചിട്ടുള്ള തത്ത്വങ്ങളും പ്രായോഗിക ബുദ്ധിയുപദേശങ്ങളും ബൈബിളിലുണ്ട്‌. അത്തരം ചില തത്ത്വങ്ങൾ ഏതൊക്കെയാണ്‌? ജീവിതം സന്തോഷപ്രദമാക്കാൻ അവ ക്ലേശിതരെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെ? അടുത്ത ലേഖനം വിശദീകരിക്കുന്നു.