വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോഷം കണ്ടെത്താൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും

സന്തോഷം കണ്ടെത്താൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും

സന്തോഷം കണ്ടെത്താൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും

ഒരു വ്യക്തിയുടെ മാനസികവും ശാരീരികവും ആയ ആരോഗ്യത്തെ ക്രിയാത്മകമോ നിഷേധാത്മകമോ ആയ വികാരങ്ങൾ എങ്ങനെ ബാധിക്കുന്നുവെന്നു ബൈബിൾ​—⁠അതൊരു വൈദ്യശാസ്‌ത്ര ഗ്രന്ഥം അല്ലെങ്കിലും​—⁠പറയുന്നു: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.” കൂടുതലായി അതിങ്ങനെ പറയുന്നു: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.” (സദൃശവാക്യങ്ങൾ 17:22; 24:10) നിരുത്സാഹിതർ ആയിത്തീരുന്നത്‌, മാറ്റംവരുത്താനോ സഹായം അഭ്യർഥിക്കാനോ ആഗ്രഹം തോന്നാതവണ്ണം ദുർബലരും നിസ്സഹായരും ആക്കിത്തീർത്തുകൊണ്ട്‌ നമ്മുടെ ശക്തി ചോർത്തിക്കളഞ്ഞേക്കാം.

നിരുത്സാഹം ഒരു വ്യക്തിയുടെ ആത്മീയതയെയും ബാധിക്കുന്നു. വിലകെട്ടവരാണെന്ന ചിന്തയുള്ള മിക്കവരും, ദൈവവുമായി ഒരു നല്ല ബന്ധം ആസ്വദിക്കാനും അവന്റെ അനുഗ്രഹം നേടാനും തങ്ങൾക്ക്‌ ഒരിക്കലും കഴിയില്ലെന്നു വിചാരിക്കുന്നു. “ദൈവം അംഗീകരിക്കുന്നതരം വ്യക്തി”യാണോ താൻ എന്ന്‌, മുൻ ലേഖനത്തിൽ പരാമർശിച്ച സിമോൺ സംശയിച്ചിരുന്നു. എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നവരെക്കുറിച്ച്‌ അവനു ക്രിയാത്മകമായ ഒരു വീക്ഷണമാണ്‌ ഉള്ളതെന്നു ദൈവവചനമായ ബൈബിൾ പരിശോധിക്കുമ്പോൾ നമുക്കു കാണാൻ കഴിയും.

ദൈവം കരുതലുള്ളവനാണ്‌

“ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു” എന്നു ബൈബിൾ പറയുന്നു. “തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ” ദൈവം നിരസിക്കയില്ല. മറിച്ച്‌, “താഴ്‌മയുള്ളവരുടെ മനസ്സിന്നും മനസ്‌താപമുള്ളവരുടെ [തകർന്നിരിക്കുന്നവരുടെ] ഹൃദയത്തിന്നും ചൈതന്യം വരുത്തു”മെന്ന്‌ അവൻ വാഗ്‌ദാനം ചെയ്യുന്നു.​—⁠സങ്കീർത്തനം 34:18; 51:17; യെശയ്യാവു 57:15.

ദൈവം തന്റെ ദാസരുടെ ഹൃദയത്തിലെ നന്മ കാണുന്നുവെന്ന വസ്‌തുത ശിഷ്യന്മാരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത്‌ ആവശ്യമാണെന്ന്‌ ദൈവപുത്രനായ യേശു ഒരിക്കൽ തിരിച്ചറിഞ്ഞു. ഒട്ടും പ്രാധാന്യമില്ലാത്തതായി മിക്കവരും കരുതുന്ന ഒരു കുരികിൽ നിലത്തു വീഴുമ്പോൾ ദൈവം അതു ശ്രദ്ധിക്കുന്നുവെന്ന്‌ ഒരു ദൃഷ്ടാന്തത്തിലൂടെ അവൻ അവരോടു വിവരിച്ചു. മനുഷ്യരെക്കുറിച്ചുള്ള നിസ്സാര വിശദാംശങ്ങൾപോലും​—⁠തലയിലെ മുടിയുടെ എണ്ണംപോലും​—⁠ദൈവത്തിന്‌ അറിയാമെന്നും അവൻ എടുത്തുപറഞ്ഞു. “ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ” എന്നു പ്രസ്‌താവിച്ചുകൊണ്ട്‌ യേശു തന്റെ ദൃഷ്ടാന്തം ഉപസംഹരിച്ചു. (മത്തായി 10:29-31) * വ്യക്തികൾക്കു തങ്ങളെക്കുറിച്ച്‌ എന്തുതന്നെ തോന്നിയാലും വിശ്വാസമുള്ള മനുഷ്യർ ദൈവദൃഷ്ടിയിൽ വിലയേറിയവരാണെന്ന്‌ യേശു വ്യക്തമാക്കി. യഥാർഥത്തിൽ “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു” എന്നും അപ്പൊസ്‌തലനായ പത്രൊസ്‌ നമ്മെ ഓർമിപ്പിക്കുന്നു.​—⁠പ്രവൃത്തികൾ 10:34, 35.

സമനിലയുള്ള ഒരു വീക്ഷണം നിലനിറുത്തുക

നമുക്കു നമ്മെക്കുറിച്ചുതന്നെയുള്ള വീക്ഷണത്തിൽ സമനില നട്ടുവളർത്താൻ ദൈവവചനം ഉദ്‌ബോധിപ്പിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ നിശ്വസ്‌തതയിൽ ഇങ്ങനെ എഴുതി: “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.”​—⁠റോമർ 12:⁠3.

അങ്ങേയറ്റം ഉന്നതരാണെന്നു ചിന്തിച്ചുകൊണ്ട്‌ അഹങ്കാരികൾ ആയിത്തീരാനോ വിലകെട്ടവരാണെന്നു ചിന്തിച്ചുകൊണ്ട്‌ നേർവിപരീതമായ ഒരു ചിന്താഗതി വെച്ചുപുലർത്താനോ നാം തീർച്ചയായും ആഗ്രഹിക്കയില്ല. സ്വന്തം പ്രാപ്‌തികളും പരിമിതികളും കണക്കിലെടുത്തുകൊണ്ട്‌ നമ്മെക്കുറിച്ചുതന്നെ ന്യായമായ ഒരു വീക്ഷണം നട്ടുവളർത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതു സംബന്ധിച്ച്‌ ഒരു ക്രിസ്‌തീയ സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “ഞാൻ തിന്മയുടെ മൂർത്തിമദ്‌ഭാവം അല്ല; അതേസമയം ഞാൻ ഒരു മാലാഖയും അല്ല. എല്ലാവരുടെയുംപോലെ നല്ലതും മോശവും ആയ ഗുണവിശേഷങ്ങൾ എനിക്കുമുണ്ട്‌.”

സമനിലയുള്ള ഇത്തരം ഒരു മനോഭാവം നട്ടുവളർത്തുന്നത്‌ പറയുന്നത്ര എളുപ്പമല്ല. വർഷങ്ങളായി നമ്മിൽ വേരുപിടിച്ചിരിക്കുന്ന നമ്മെക്കുറിച്ചുതന്നെയുള്ള അങ്ങേയറ്റം നിഷേധാത്മകമായ ഒരു വീക്ഷണം പിഴുതെറിയാൻ വലിയ ശ്രമം ആവശ്യമായിരുന്നേക്കാം. എന്നിരുന്നാലും, ദൈവത്തിന്റെ സഹായത്തോടെ വ്യക്തിത്വത്തിനും ജീവിതവീക്ഷണത്തിനും മാറ്റംവരുത്താൻ നമുക്കാകും. അതുതന്നെ ചെയ്യാനാണു ദൈവവചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നതും. നാം ഇങ്ങനെ വായിക്കുന്നു: “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.”​—⁠എഫെസ്യർ 4:22-24.

‘നമ്മുടെ ഉള്ളിലെ ആത്മാവിന്‌’ അഥവാ ശക്തമായ മാനസിക പ്രവണതയ്‌ക്കു മാറ്റംവരുത്താൻ ശ്രമിക്കുന്നതിലൂടെ, തീർത്തും നിഷേധാത്മകമായ നമ്മുടെ വ്യക്തിത്വത്തെ ക്രിയാത്മകമായ ഒന്നാക്കിത്തീർക്കാൻ നമുക്കു കഴിയും. മുൻ ലേഖനത്തിൽ പരാമർശിച്ച ലീന ഇക്കാര്യം തിരിച്ചറിഞ്ഞു. ആർക്കും തന്നെ സ്‌നേഹിക്കാനോ സഹായിക്കാനോ കഴിയില്ലെന്നുള്ള ചിന്തയ്‌ക്കു മാറ്റം വരുത്താത്തിടത്തോളം, തനിക്കു തന്നെക്കുറിച്ചുതന്നെയുള്ള തോന്നലുകൾക്കു മാറ്റം വരാൻ പോകുന്നില്ലെന്ന്‌ അവൾ തിരിച്ചറിഞ്ഞു. പ്രായോഗികമായ ഏതു ബൈബിൾ ബുദ്ധിയുപദേശങ്ങളാണ്‌ ലീനയുടെയും സിമോണിന്റെയും മറ്റുള്ളവരുടെയും ജീവിതത്തിൽ ഇങ്ങനെയൊരു വഴിത്തിരിവിന്‌ ഇടയാക്കിയത്‌?

സന്തോഷം വർധിപ്പിക്കുന്ന ബൈബിൾ തത്ത്വങ്ങൾ

“നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും.” (സങ്കീർത്തനം 55:22) യഥാർഥ സന്തുഷ്ടി കണ്ടെത്താൻ ഒന്നാമതായി പ്രാർഥന നമ്മെ സഹായിക്കുന്നു. സിമോൺ പറയുന്നു: “നിരുത്സാഹം തോന്നുമ്പോഴെല്ലാം സഹായത്തിനായി ഞാൻ യഹോവയിലേക്കു തിരിയുന്നു. അവന്റെ ശക്തിയും വഴിനടത്തിപ്പും എല്ലാ സാഹചര്യങ്ങളിലും എനിക്ക്‌ അനുഭവവേദ്യമായിരുന്നിട്ടുണ്ട്‌.” യഹോവ നമുക്കായി കരുതുക മാത്രമല്ല ദിവ്യസഹായത്തിനും പിന്തുണയ്‌ക്കും അർഹരായ വ്യക്തികളായി അവൻ നമ്മെ കണക്കാക്കുകയും ചെയ്യുന്നുവെന്നാണ്‌, നമ്മുടെ ഭാരം യഹോവയുടെമേൽ ഇടാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സങ്കീർത്തനക്കാരൻ ഫലത്തിൽ നമ്മെ ഓർമിപ്പിക്കുന്നത്‌. പൊതുയുഗം 33-ലെ പെസഹാവേളയിൽ, പെട്ടെന്നുള്ള തന്റെ വേർപാടിനെക്കുറിച്ച്‌ യേശു പറഞ്ഞ കാര്യങ്ങൾ നിമിത്തം ശിഷ്യന്മാർ ദുഃഖിതരായിരുന്നു. പിതാവിനോടു പ്രാർഥിക്കാൻ അവരെ പ്രേത്സാഹിപ്പിച്ചശേഷം അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.”​—⁠യോഹന്നാൻ 16:23, 24.

“വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം” അഥവാ സന്തോഷപ്രദം. (പ്രവൃത്തികൾ 20:35) യഥാർഥ സന്തുഷ്ടി കണ്ടെത്താനുള്ള ഒരു പ്രധാന മാർഗം കൊടുക്കൽ ആണെന്ന്‌ യേശു പഠിപ്പിച്ചു. ഈ ബൈബിൾ സത്യം ബാധകമാക്കുന്നത്‌ സ്വന്തം അപര്യാപ്‌തതകളെക്കുറിച്ചു ചിന്തിച്ചിരിക്കാതെ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു ശ്രദ്ധകൊടുക്കാൻ നമ്മെ പ്രാപ്‌തരാക്കും. നാം മറ്റുള്ളവരെ സഹായിക്കുകയും വിലമതിപ്പു തുളുമ്പുന്ന അവരുടെ പ്രതികരണം കാണുകയും ചെയ്യുമ്പോൾ നമുക്ക്‌ ആത്മാഭിമാനം തോന്നുന്നു. ബൈബിളിലുള്ള സുവാർത്തയെക്കുറിച്ച്‌ അയൽക്കാരോടു പതിവായി സംസാരിക്കുന്നത്‌ രണ്ടു വിധങ്ങളിൽ തന്നെ സഹായിക്കുന്നതായി ലീന ഉറച്ചു വിശ്വസിക്കുന്നു. “ഒന്നാമതായി, യേശു പരാമർശിച്ചതുപോലുള്ള സന്തോഷവും സംതൃപ്‌തിയും അതിലൂടെ എനിക്കു ലഭിക്കുന്നു. രണ്ടാമതായി, മറ്റുള്ളവരുടെ അനുകൂല പ്രതികരണം സന്തോഷം കണ്ടെത്താൻ എന്നെ സഹായിക്കുന്നു,” അവൾ പറയുന്നു. മറ്റുള്ളവരെ നിർലോഭം സഹായിക്കുമ്പോൾ സദൃശവാക്യങ്ങൾ 11:​25 എത്ര സത്യമാണെന്നു നമുക്ക്‌ അനുഭവിച്ചറിയാൻ കഴിയും. അതിങ്ങനെ പറയുന്നു: “തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.”

“അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.” (സദൃശവാക്യങ്ങൾ 15:15) നമ്മെയും നമ്മുടെ സാഹചര്യങ്ങളെയും എങ്ങനെ വീക്ഷിക്കണമെന്നു തീരുമാനിക്കുന്നത്‌ നമ്മളോരോരുത്തരുമാണ്‌. സകലതും നിഷേധാത്മകമായി കാണുകയും അങ്ങനെ അസ്വസ്ഥനായിത്തീരുകയും ചെയ്യാനോ ക്രിയാത്മകമായി ചിന്തിക്കുകയും “സന്തുഷ്ടഹൃദയ”മുള്ളവർ ആയിരിക്കുകയും ഒരു വിരുന്ന്‌ ആസ്വദിക്കുന്നതുപോലെ സന്തോഷിക്കുകയും ചെയ്യാനോ നമുക്കു കഴിയും. സിമോൺ പറയുന്നു: “ക്രിയാത്മക മനോഭാവം നിലനിറുത്താൻ ഞാൻ പരമാവധി ശ്രമിക്കുന്നു. വ്യക്തിപരമായ പഠനത്തിലും ശുശ്രൂഷയിലും ഞാൻ തിരക്കോടെ ഏർപ്പെടുകയും നിരന്തരം പ്രാർഥിക്കുകയും ചെയ്യുന്നു. ക്രിയാത്മക മനോഭാവം ഉള്ളവരോടൊപ്പം ആയിരിക്കാനും ആളുകളെ വൈകാരികമായും മറ്റും സഹായിക്കാനും ഞാൻ ശ്രമിക്കുന്നു.” ഇത്തരത്തിലുള്ള ഹൃദയാവസ്ഥ യഥാർഥ സന്തോഷത്തിലേക്കു നയിക്കുന്നു. “നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ; ഹൃദയപരമാർത്ഥികൾ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിൻ” എന്നു നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ ബൈബിൾ അതു ശരിവെക്കുന്നു.​—⁠സങ്കീർത്തനം 32:11.

“സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു.” (സദൃശവാക്യങ്ങൾ 17:17) പ്രിയപ്പെട്ടവരോടോ വിശ്വസ്‌തനായ ഒരു ഉപദേശകനോടോ കാര്യങ്ങൾ തുറന്നു സംസാരിക്കുന്നത്‌ നിഷേധാത്മക വികാരങ്ങൾ നമ്മെ കീഴടക്കുന്നതിനുമുമ്പ്‌ അവയെ അകറ്റിക്കളയാൻ നമ്മെ സഹായിക്കും. സമനിലയോടെ ക്രിയാത്മകമായ ഒരു വീക്ഷണം കൈക്കൊള്ളാൻ അത്തരം സംസാരം ഉപകരിക്കുന്നു. “ഉള്ളുതുറന്നുള്ള ആശയപ്രകടനം വളരെ പ്രയോജനം ചെയ്യുന്നു. ആകുലതകൾ മറ്റൊരാളുമായി പങ്കുവെക്കുന്നതു വളരെ പ്രധാനമാണ്‌. എല്ലാം ഒന്നു പറഞ്ഞുകഴിയുന്നതോടെ മിക്കപ്പോഴും ആശ്വാസം തോന്നുന്നു,” സിമോൺ സമ്മതിച്ചുപറയുന്നു. അങ്ങനെ ചെയ്യുന്നത്‌, പിൻവരുന്ന സദൃശവാക്യം എത്ര സത്യമാണെന്ന്‌ അനുഭവിച്ചറിയാൻ നിങ്ങളെ സഹായിക്കും: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.”​—⁠സദൃശവാക്യങ്ങൾ 12:25.

നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത്‌

നിഷേധാത്മക ചിന്താഗതികൾ തരണംചെയ്യാനും യഥാർഥ സന്തോഷം കണ്ടെത്താനും നമ്മെ സഹായിക്കുന്ന ശ്രേഷ്‌ഠവും പ്രായോഗികവും ആയ അനേകം ബൈബിൾ തത്ത്വങ്ങളിൽ ചുരുക്കം ചിലതു മാത്രമാണു നാം ഇവിടെ പരിചിന്തിച്ചത്‌. അപര്യാപ്‌തതാബോധവുമായി മല്ലിടുന്നവരിൽ ഒരാളാണു നിങ്ങളെങ്കിൽ ദൈവവചനമായ ബൈബിൾ അടുത്തു പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌. നിങ്ങളെയും ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെയും കുറിച്ചു യാഥാർഥ്യബോധത്തോടും സമനിലയോടും കൂടിയ ഒരു വീക്ഷണം നട്ടുവളർത്താൻ പഠിക്കുക. ദൈവവചനത്തിലെ മാർഗനിർദേശങ്ങളുടെ സഹായത്താൽ, ചെയ്യുന്ന എല്ലാ കാര്യങ്ങളിലും യഥാർഥ സന്തുഷ്ടി ആസ്വദിക്കാൻ നിങ്ങൾക്കാകുമെന്നു ഞങ്ങൾ ആത്മാർഥമായി പ്രത്യാശിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 6 ഈ തിരുവെഴുത്തുഭാഗം 22-ഉം 23-ഉം പേജുകളിൽ ചർച്ച ചെയ്‌തിട്ടുണ്ട്‌.

[7-ാം പേജിലെ ചിത്രം]

ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതു സന്തോഷം വർധിപ്പിക്കുന്നു