വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗലീലാക്കടലിൽ

ഗലീലാക്കടലിൽ

ഗലീലാക്കടലിൽ

ഒരു വള്ളത്തിൽ യേശുവും ശിഷ്യന്മാരും ഗലീലാക്കടലിനു കുറുകെ സഞ്ചരിച്ച സന്ദർഭം വിവരിച്ചുകൊണ്ട്‌ മർക്കൊസ്‌ 4:35-41 ഇങ്ങനെ പറയുന്നു: “അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. അവൻ [യേശു] അമരത്തു തലയണവെച്ചു ഉറങ്ങുകയായിരുന്നു.”

ബൈബിളിൽ “തലയണ” എന്നതിനുള്ള ഗ്രീക്കു പദം കാണപ്പെടുന്ന ഒരേയൊരു സന്ദർഭമാണ്‌ ഇത്‌. അതുകൊണ്ട്‌ കൃത്യമായും ഏത്‌ അർഥത്തിലാണ്‌ ആ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നു പണ്ഡിതന്മാർക്ക്‌ അറിയില്ല. മിക്ക ബൈബിളുകളും “തലയണ” എന്നോ “കുഷൻ” എന്നോ ആണ്‌ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. എന്നാൽ അത്‌ എങ്ങനെയുള്ള ഒന്നായിരുന്നു? തലയണ വള്ളത്തിലെ സാമഗ്രികളുടെ ഭാഗമായിരുന്നെന്നു സൂചിപ്പിക്കുന്ന വിധത്തിലാണ്‌ മൂലഭാഷയിൽ മർക്കൊസ്‌ ആ പദം ഉപയോഗിച്ചിരിക്കുന്നത്‌. 1986-ൽ ഗലീലാക്കടലിനു സമീപത്തുനിന്നു കണ്ടെടുത്ത ഒരു വള്ളം, മർക്കൊസ്‌ ഉപയോഗിച്ച ഗ്രീക്കു പദത്തിന്റെ അർഥം എന്തായിരിക്കാം എന്നതിലേക്കു വെളിച്ചം വീശിയിരിക്കുന്നു.

എട്ടു മീറ്റർ നീളമുള്ള ഈ വള്ളത്തിൽ പായും തുഴയും ഉപയോഗിച്ചിരുന്നതായി ഗവേഷണം വെളിപ്പെടുത്തുന്നു. മീൻപിടിത്തത്തിന്‌ ഉപയോഗിച്ചിരുന്ന വള്ളത്തിന്റെ അമരത്ത്‌, ഭാരവും വലുപ്പവും ഉള്ള കോരുവല സൂക്ഷിക്കാൻ ഒരു അറ ഉണ്ടായിരുന്നു. ഈ വള്ളം, പൊതുയുഗത്തിനുമുമ്പ്‌ 100-നും പൊതുയുഗം 70-നും ഇടയ്‌ക്ക്‌ ഉപയോഗത്തിലിരുന്നതായി കണക്കാക്കപ്പെടുന്നതിനാൽ, യേശുവും ശിഷ്യന്മാരും ഉപയോഗിച്ചിരുന്ന വള്ളം ഇതുപോലുള്ള ഒന്നായിരിക്കാൻ സാധ്യതയുണ്ട്‌. വള്ളം കുഴിച്ചെടുത്തവരിൽ ഉൾപ്പെട്ടിരുന്ന ഷെല്ലി വാക്‌സ്‌മെൻ, ഗലീലാക്കടലിലെ വള്ളം​—⁠2000 വർഷം പഴക്കമുള്ള ഒരു അസാധാരണ കണ്ടെത്തൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം എഴുതുകയുണ്ടായി. വള്ളത്തിന്‌ അടിഭാരം പ്രദാനം ചെയ്‌തിരുന്ന ഒരു മണൽച്ചാക്കാണ്‌ യേശു “തലയണ”യായി ഉപയോഗിച്ചതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു. കോരുവല ഉപയോഗിച്ചു മീൻ പിടിക്കുന്നതിൽ അനുഭവസമ്പന്നനായ, ജാഫയിൽനിന്നുള്ള ഒരു വിദഗ്‌ധ മുക്കുവൻ ഇങ്ങനെ പറഞ്ഞു: “ചെറുപ്പത്തിൽ മെഡിറ്ററേനിയൻ കടലിൽ ഞാൻ ജോലി ചെയ്‌തിരുന്ന മത്സ്യബന്ധന വള്ളങ്ങളിൽ എല്ലായ്‌പോഴും ഒന്നോ രണ്ടോ മണൽച്ചാക്കുകൾ ഉണ്ടായിരുന്നു. . . . ചരക്കില്ലാത്തപ്പോൾ വള്ളം ആടിയുലയാതിരിക്കാൻ അവ ഉപകരിച്ചു. എന്നാൽ ആവശ്യം ഇല്ലാത്തപ്പോൾ, അമരത്തുള്ള ഒരു അറയിൽ ഞങ്ങൾ അതു സൂക്ഷിച്ചിരുന്നു. ആർക്കെങ്കിലും ക്ഷീണം തോന്നിയാൽ മെല്ലെ ആ അറയിലേക്കു കടന്ന്‌ മണൽച്ചാക്കിൽ തലവെച്ച്‌ ഉറങ്ങുമായിരുന്നു.”

അമരത്തുള്ള അറയിൽ കരുതിയിരുന്ന ഒരു മണൽച്ചാക്കിൽ യേശു തലവെച്ച്‌ ഉറങ്ങിയെന്നാണ്‌ മർക്കൊസിന്റെ വിവരണം അർഥമാക്കുന്നതെന്ന്‌ അനേകം പണ്ഡിതന്മാർ വിശ്വസിക്കുന്നു. കാറ്റും കോളും ഉള്ള സമയത്ത്‌, വള്ളത്തിലെ ഏറ്റവും സുരക്ഷിതമായ ഭാഗമാണ്‌ അവിടം. ആ തലയണയുടെ പ്രകൃതം എന്തുതന്നെ ആയിരുന്നാലും, തുടർന്നുണ്ടായ സംഭവമാണു കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്‌. ദൈവത്തിന്റെ സഹായത്താലും ശക്തിയാലും യേശു ഇളകിമറിഞ്ഞ കടലിനെ ശാന്തമാക്കി. അവന്റെ ശിഷ്യന്മാർപോലും ഇങ്ങനെ ചോദിച്ചുപോയി: “കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ”?