വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“മരണം നീങ്ങി ജയം വന്നിരിക്കുന്നു”

“മരണം നീങ്ങി ജയം വന്നിരിക്കുന്നു”

“മരണം നീങ്ങി ജയം വന്നിരിക്കുന്നു”

ആത്മഹത്യ ചെയ്‌ത കൊച്ചു പെൺകുട്ടിയെക്കുറിച്ചുള്ള വാർത്ത വായിക്കുന്നതിനു പകരം, മുകളിൽ പറഞ്ഞിരിക്കുന്ന തലക്കെട്ടോടുകൂടിയ ഒരു പത്രവാർത്ത വായിക്കുന്നതിനെക്കുറിച്ച്‌ ഒന്നു സങ്കൽപ്പിച്ചുനോക്കൂ. തീർച്ചയായും അത്തരമൊരു പ്രസ്‌താവന നടത്താൻ ഒരു പത്രത്തിനും ഒരിക്കലും കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഒരു പുസ്‌തകത്തിൽ​—⁠ബൈബിളിൽ​—⁠ആ വാക്കുകൾ കാണപ്പെടുന്നു.

തിരുവെഴുത്തുകൾ മരണത്തെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്‌. അതിനുപുറമേ അത്‌, നാം മരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ വെളിപ്പെടുത്തുകയും മരിച്ചവരുടെ അവസ്ഥ എന്താണെന്നു വിശദീകരിക്കുകയും മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരുടെ കാര്യത്തിൽ പ്രത്യാശ വെച്ചുനീട്ടുകയും ചെയ്യുന്നു. ഒടുവിൽ, “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു റിപ്പോർട്ടു ചെയ്യാൻ കഴിയുന്ന ഒരു നിർണായക സമയത്തെക്കുറിച്ചും അതു പറയുന്നു.​—⁠1 കൊരിന്ത്യർ 15:54.

ബൈബിൾ മരണത്തെ വിശദീകരിക്കുന്നത്‌ പരിചിതമായ പദങ്ങൾ ഉപയോഗിച്ചാണ്‌, അല്ലാതെ ദുർഗ്രഹമായ ഒരു വിധത്തിലല്ല. ഉദാഹരണത്തിന്‌ മരിക്കുന്നതിനെ അതു മിക്കപ്പോഴും, ‘നിദ്ര പ്രാപിക്കുന്നതിനോട്‌’ ഉപമിക്കുകയും മരിച്ചവർ “[മരണത്തിൽ] നിദ്രകൊള്ളുന്ന”തായി വർണിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 13:3; 1 തെസ്സലൊനീക്യർ 4:13; യോഹന്നാൻ 11:11-14) ഒരു “ശത്രു” എന്ന നിലയിലും ബൈബിൾ മരണത്തെ തിരിച്ചറിയിക്കുന്നു. (1 കൊരിന്ത്യർ 15:26) അധികം പ്രധാനമായി, മരണം ഒരു ഉറക്കംപോലെ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌, അതു മനുഷ്യരാശിയെ ക്ലേശിപ്പിക്കുന്നത്‌ എന്തുകൊണ്ട്‌, ഒടുവിൽ ഈ ശത്രുവിനെ എങ്ങനെ ജയിച്ചടക്കും എന്നീ കാര്യങ്ങൾ മനസ്സിലാക്കാനും അതു നമ്മെ സഹായിക്കുന്നു.

നാം മരിക്കുന്നത്‌ എന്തുകൊണ്ട്‌?

ദൈവം ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിക്കുകയും അവന്‌ ഒരു പറുദീസയിലെ ജീവിതം നൽകുകയും ചെയ്‌തതു സംബന്ധിച്ച്‌ ബൈബിളിന്റെ ആദ്യപുസ്‌തകം വിവരിക്കുന്നു. (ഉല്‌പത്തി 2:7, 15) ആദാം ജീവിതം ആരംഭിക്കവേ, ജോലിയോടു ബന്ധപ്പെട്ട നിയമനങ്ങൾ അവനു നൽകിയിരുന്നു, ഒപ്പം ശക്തമായ ഒരു വിലക്കും. ഏദെൻ തോട്ടത്തിലെ ഒരു പ്രത്യേക വൃക്ഷത്തോടുള്ള ബന്ധത്തിൽ ദൈവം അവനോട്‌ ഇങ്ങനെ പറഞ്ഞു: ‘[ആ] വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.’ * (ഉല്‌പത്തി 2:17) അതുകൊണ്ട്‌ മരണം ഒഴിവാക്കാനാകുന്ന ഒന്നാണെന്ന്‌ ആദാം മനസ്സിലാക്കിയിരുന്നു. ദൈവനിയമം ലംഘിക്കുന്നെങ്കിൽ മാത്രമേ അതു സംഭവിക്കുമായിരുന്നുള്ളൂ.

സങ്കടകരമെന്നു പറയട്ടെ, ആദാമും ഭാര്യ ഹവ്വായും അനുസരണക്കേടു കാണിച്ചു. സ്രഷ്ടാവിന്റെ കൽപ്പന കാറ്റിൽപ്പറത്തിയ അവർ അതിന്റെ പരിണതഫലങ്ങൾ കൊയ്‌തു. അവരുടെ പാപത്തിന്റെ ഫലങ്ങൾ പരാമർശിച്ചുകൊണ്ട്‌ ദൈവം അവരോട്‌ ഇങ്ങനെ പറഞ്ഞു: “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) അവർ ഗുരുതരമായി ന്യൂനതയുള്ളവർ—അപൂർണർ—ആയിത്തീർന്നു. ആ അപൂർണത അഥവാ പാപാവസ്ഥ മരണത്തിലേക്കു നയിക്കുമായിരുന്നു.

പാപം ആകുന്ന ന്യൂനത ആദാമിന്റെയും ഹവ്വായുടെയും മക്കളിലേക്ക്‌, മുഴു മനുഷ്യരാശിയിലേക്ക്‌, കൈമാറപ്പെട്ടു. ഒരർഥത്തിൽ അത്‌ ഒരു പാരമ്പര്യരോഗംപോലെ ആയിരുന്നു. മരണത്തിന്റെ ഭീഷണി ഇല്ലാത്ത ഒരു ജീവിതം നയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതുകൂടാതെ ആദാം തന്റെ സന്തതികളിലേക്ക്‌ അപൂർണത കടത്തിവിടുകയും ചെയ്‌തു. മനുഷ്യവർഗം പാപത്തിന്‌ അടിമകളായിത്തീർന്നു. ബൈബിൾ ഇപ്രകാരം പറയുന്നു: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”​—⁠റോമർ 5:12.

‘പാപം ലോകത്തിൽ കടന്നു’

പാരമ്പര്യസിദ്ധമായ ഈ ന്യൂനത അഥവാ പാപം ഒരു സൂക്ഷ്‌മദർശിനി ഉപയോഗിച്ചു കാണാവുന്നതല്ല. ആദ്യമാതാപിതാക്കൾ നമുക്കു കൈമാറിത്തന്ന ധാർമികവും ആത്മീയവും ആയ ഒരു പോരായ്‌മയെയാണ്‌ ‘പാപം’ പരാമർശിക്കുന്നത്‌. എന്നാൽ അതിനു ശാരീരികമായ പരിണതഫലങ്ങൾ ഉണ്ട്‌. എന്നിരുന്നാലും ദൈവം ഒരു പരിഹാരം പ്രദാനം ചെയ്‌തിട്ടുണ്ടെന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ പറയുന്നു: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽ നിത്യജീവൻതന്നേ.” (റോമർ 6:23) കൊരിന്ത്യർക്കുള്ള തന്റെ ആദ്യ ലേഖനത്തിൽ, അവൻ കൂടുതലായ ഈ ഉറപ്പു നൽകി: “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്‌തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.” (1 കൊരിന്ത്യർ 15:22) അത്‌ പൗലൊസിനുതന്നെയും വളരെ അർഥവത്തായ ഒരു ഉറപ്പായിരുന്നു.

പാപവും മരണവും നീക്കം ചെയ്യുന്നതിൽ യേശുക്രിസ്‌തു മർമപ്രധാനമായ പങ്കുവഹിക്കുന്നു എന്നതു വ്യക്തമാണ്‌. “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടു”ക്കാൻ താൻ ഭൂമിയിൽ വന്നതായി അവൻ പറഞ്ഞു. (മത്തായി 20:28) ഈ സാഹചര്യത്തെ, ആളുകളെ തട്ടിക്കൊണ്ടു പോകുന്നതിനോട്‌ ഉപമിക്കാൻ കഴിയും. ഒരു നിശ്ചിത തുകയോ മറ്റോ കൊടുത്താൽ മാത്രമേ ബന്ദിയെ മോചിപ്പിക്കാൻ കഴിയൂ. നമ്മുടെ കാര്യത്തിൽ, യേശുവിന്റെ പൂർണതയുള്ള മനുഷ്യജീവനാണ്‌ പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ മോചിപ്പിക്കാൻ പര്യാപ്‌തമായ മറുവില. *​—⁠പ്രവൃത്തികൾ 10:39-43.

ജീവൻ ബലിയർപ്പിച്ചുകൊണ്ട്‌ മറുവില പ്രദാനം ചെയ്യാൻ ദൈവം യേശുവിനെ ഭൂമിയിലേക്ക്‌ അയച്ചു. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും . . . നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.” (യോഹന്നാൻ 3:16) തന്റെ ബലിമരണത്തിനു മുമ്പായി ക്രിസ്‌തു ‘സത്യത്തിന്നു സാക്ഷ്യംവഹിച്ചു.’ (യോഹന്നാൻ 18:37) കൂടാതെ, മരണം സംബന്ധിച്ച സത്യം വെളിപ്പെടുത്താൻ തന്റെ പരസ്യശുശ്രൂഷയ്‌ക്കിടയിലുണ്ടായ ചില സംഭവങ്ങൾ അവൻ പ്രയോജനപ്പെടുത്തി.

‘ബാല . . . ഉറങ്ങുകയാണ്‌’

യേശു ഭൂമിയിലായിരുന്നപ്പോൾ മരണം എന്നത്‌ അവനെ സംബന്ധിച്ചിടത്തോളം അപരിചിതമായ ഒരു സംഗതി ആയിരുന്നില്ല. ചുറ്റുവട്ടത്തുള്ള ആളുകളുടെ വിയോഗം അവനെ ദുഃഖിപ്പിച്ചിരുന്നു. അധികം താമസിയാതെ താനും മരിക്കുമെന്ന്‌ അവനു നല്ല ബോധ്യം ഉണ്ടായിരുന്നു. (മത്തായി 17:22, 23) ഒരിക്കൽ യേശുവിന്റെ ഉറ്റ സുഹൃത്തായിരുന്ന ലാസർ മരിച്ചു. സാധ്യതയനുസരിച്ച്‌, യേശുവിന്റെ വധത്തിന്‌ ഏതാനും മാസങ്ങൾക്കുമുമ്പായിരുന്നു അതു സംഭവിച്ചത്‌. യേശു മരണത്തെ വീക്ഷിക്കുന്നത്‌ എങ്ങനെയാണെന്ന കാര്യത്തിൽ ഉൾക്കാഴ്‌ച നേടാൻ ആ സംഭവം നമ്മെ സഹായിക്കുന്നു.

ലാസറിന്റെ മരണത്തെക്കുറിച്ച്‌ അറിഞ്ഞ ഉടൻതന്നെ യേശു ഇങ്ങനെ പറഞ്ഞു: “നമ്മുടെ സ്‌നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു.” ലാസർ വെറുതെ സ്വസ്ഥമായി കിടക്കുകയാണെങ്കിൽ അവൻ സുഖം പ്രാപിച്ചുകൊള്ളുമെന്ന്‌ ശിഷ്യന്മാർ വിചാരിച്ചു. അതുകൊണ്ട്‌, “ലാസർ മരിച്ചുപോയി” എന്ന്‌ യേശു സ്‌പഷ്ടമായി പറഞ്ഞു. (യോഹന്നാൻ 11:11-15) മരണം ഉറക്കംപോലെയാണെന്ന്‌ യേശുവിനു വ്യക്തമായും അറിയാമായിരുന്നു. മരണം എന്താണെന്നു ഗ്രഹിക്കാൻ നമുക്കു ബുദ്ധിമുട്ട്‌ ഉണ്ടായിരുന്നേക്കാമെങ്കിലും ഉറക്കം എന്താണെന്നു നമുക്ക്‌ അറിയാം. രാത്രിയിൽ സുഖമായി ഉറങ്ങുമ്പോൾ നമ്മൾ താത്‌കാലികമായ ഒരു അബോധാവസ്ഥയിൽ ആയതുകൊണ്ട്‌ സമയം കടന്നുപോകുന്നതോ നമുക്കു ചുറ്റും എന്തൊക്കെ സംഭവിക്കുന്നു എന്നതോ നാം തിരിച്ചറിയുന്നില്ല. മരിച്ചവരുടെ അവസ്ഥ കൃത്യമായും ഇങ്ങനെതന്നെ ആണെന്ന്‌ ബൈബിൾ വിശദീകരിക്കുന്നു. “മരിച്ചവരോ ഒന്നും അറിയുന്നില്ല,” സഭാപ്രസംഗി 9:5 പറയുന്നു.

യേശു മരണത്തെ ഉറക്കത്തോട്‌ ഉപമിച്ചതിന്റെ മറ്റൊരു കാരണം ദൈവശക്തിയാൽ ആളുകളെ മരണത്തിൽനിന്ന്‌ ഉണർത്താൻ കഴിയും എന്നതാണ്‌. ഒരു സന്ദർഭത്തിൽ അവൻ, ദുഃഖാർത്തരായ ഒരു കുടുംബത്തെ സന്ദർശിച്ചു. ആ വീട്ടിലെ ഒരു കൊച്ചു പെൺകുട്ടി മരിച്ച ഉടനെ ആയിരുന്നു അത്‌. “ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ” എന്ന്‌ യേശു പറഞ്ഞു. തുടർന്ന്‌ അവൻ മരിച്ചുകിടന്ന പെൺകുട്ടിയുടെ അടുത്തുചെന്ന്‌ കൈ പിടിച്ചപ്പോൾ അവൾ “എഴുന്നേറ്റു.” മറ്റു വാക്കുകളിൽ പറഞ്ഞാൽ അവൾ മരണത്തിൽനിന്ന്‌ എഴുന്നേറ്റു.​—⁠മത്തായി 9:24, 25.

തന്റെ സ്‌നേഹിതനായ ലാസറെയും യേശു ഇതേപോലെ എഴുന്നേൽപ്പിച്ചു. എന്നാൽ ആ അത്ഭുതം ചെയ്യുന്നതിനു മുമ്പായി ലാസറിന്റെ സഹോദരിയായ മാർത്തയെ ആശ്വസിപ്പിച്ചുകൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്‌ക്കും.” അപ്പോൾ, “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്‌ക്കും എന്നു ഞാൻ അറിയുന്നു” എന്ന്‌ ഉറപ്പോടെ അവൾ പറഞ്ഞു. (യോഹന്നാൻ 11:23, 24) വ്യക്തമായും, ഭാവിയിൽ ഒരു സമയത്ത്‌ ദൈവത്തിന്റെ എല്ലാ ദാസന്മാരും ഉയിർത്തെഴുന്നേൽക്കുമെന്ന്‌ അവൾ പ്രതീക്ഷിച്ചിരുന്നു.

പുനരുത്ഥാനം കൃത്യമായും എന്താണ്‌? “പുനരുത്ഥാനം” എന്നതിനുള്ള ഗ്രീക്കു പദത്തിന്റെ (അനസ്‌താസിസ്‌) അക്ഷരീയ അർഥം “എഴുന്നേറ്റുനിൽക്കൽ” എന്നാണ്‌. മരണത്തിൽനിന്നുള്ള എഴുന്നേൽക്കലിനെയാണ്‌ അതു സൂചിപ്പിക്കുന്നത്‌. ഇത്‌ അവിശ്വസനീയമാണെന്നു ചിലർക്കു തോന്നിയേക്കാം. എന്നിരുന്നാലും, മരിച്ചവർ തന്റെ ശബ്ദം കേൾക്കുമെന്നു പ്രസ്‌താവിച്ചശേഷം യേശു ഇങ്ങനെ പറഞ്ഞു: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്‌.” (യോഹന്നാൻ 5:28) ഭൂമിയിലായിരിക്കെ അവൻ നിർവഹിച്ച പുനരുത്ഥാനങ്ങൾ, ദൈവത്തിന്റെ ഓർമയിലുള്ള മരിച്ചവർ അവരുടെ ദീർഘമായ “നിദ്ര”യിൽനിന്ന്‌ ഉണർന്നുവരുമെന്ന ബൈബിളിന്റെ വാഗ്‌ദാനം വിശ്വസിക്കാനുള്ള ശക്തമായ കാരണമാണ്‌. വെളിപ്പാടു 20:13 ഇപ്രകാരം പ്രവചിക്കുന്നു: “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു; മരണവും പാതാളവും [മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴി] തങ്ങളിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു.”

ലാസറിനു സംഭവിച്ചതുപോലെ, വാർധക്യം പ്രാപിച്ച്‌ വീണ്ടും മരിക്കാൻവേണ്ടി ആയിരിക്കുമോ മരിച്ചുപോയവർ ഉയിർപ്പിക്കപ്പെടുക? ദൈവത്തിന്റെ ഉദ്ദേശ്യം അതല്ല. മേലാൽ ആരും വാർധക്യം പ്രാപിക്കുകയോ മരിക്കുകയോ ഇല്ലെന്ന്‌ ഉറപ്പു നൽകിക്കൊണ്ട്‌ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഇനി മരണം ഉണ്ടാകയില്ല.”​—⁠വെളിപ്പാടു 21:⁠5.

മരണം ഒരു ശത്രുവാണ്‌. രോഗം, വാർധക്യം തുടങ്ങി മരണത്തെപ്പോലെതന്നെ വലിയ കെടുതികൾ വരുത്തിവെക്കുന്നതും സർവസാധാരണവും ആയ മറ്റനേകം ശത്രുക്കളും മനുഷ്യരാശിയെ ആക്രമിക്കുന്നു. അവയെയെല്ലാം കീഴടക്കിയശേഷം ഒടുവിൽ മനുഷ്യവർഗത്തിന്റെ ഏറ്റവും വലിയ ശത്രുവിനെ ന്യായംവിധിക്കുമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്യുന്നു. “ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.”​—⁠1 കൊരിന്ത്യർ 15:26.

ആ വാഗ്‌ദാനം നിവൃത്തിയേറുമ്പോൾ മനുഷ്യവർഗം, പാപത്താലോ മരണത്താലോ താറുമാറാകാത്ത പൂർണതയുള്ള ജീവിതം ആസ്വദിക്കും. ആ സമയംവരെ, മരിച്ചുപോയിട്ടുള്ള നമ്മുടെ പ്രിയപ്പെട്ടവർ വിശ്രമത്തിലാണെന്നും അവർ ദൈവത്തിന്റെ ഓർമയിലുണ്ടെങ്കിൽ തക്ക സമയത്ത്‌ ഉയിർപ്പിക്കപ്പെടുമെന്നും അറിയുന്നതിൽനിന്നു നമുക്ക്‌ ആശ്വാസം കൈക്കൊള്ളാം.

മരണത്തെ മനസ്സിലാക്കുന്നത്‌ ജീവിതത്തിന്‌ അർഥം പകരുന്നു

മരണത്തെയും മരിച്ചവരുടെ ഭാവിയെയും കുറിച്ചു വ്യക്തമായി മനസ്സിലാക്കുന്നത്‌ ജീവിത വീക്ഷണത്തിനു മാറ്റം വരുത്താൻ നമ്മെ സഹായിക്കും. 20-കളിൽ ആയിരിക്കെ, മുൻ ലേഖനത്തിൽ പരാമർശിച്ച ഇയൻ മരിച്ചവരെക്കുറിച്ചുള്ള ബൈബിളിന്റെ വിശദീകരണം മനസ്സിലാക്കി. “ഡാഡി എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന നേരിയ ഒരു പ്രത്യാശ എന്നും എനിക്കുണ്ടായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം മരണത്തിൽ കേവലം നിദ്രകൊള്ളുകയാണെന്ന്‌ അറിഞ്ഞപ്പോൾ ആദ്യം എനിക്കു വിഷമം തോന്നി,” ഇയൻ പറയുന്നു. എന്നിരുന്നാലും, മരിച്ചവരെ ഉയിർപ്പിക്കാനുള്ള ദൈവോദ്ദേശ്യത്തെക്കുറിച്ചു വായിച്ചപ്പോൾ ഡാഡിയെ വീണ്ടും കാണാൻ കഴിയുമെന്നു മനസ്സിലാക്കിയ അദ്ദേഹം ആഹ്ലാദഭരിതനായി. “ജീവിതത്തിൽ ആദ്യമായി എനിക്ക്‌ ആശ്വാസം തോന്നി,” ഇയൻ അനുസ്‌മരിക്കുന്നു. മരണം സംബന്ധിച്ചുള്ള ശരിയായ ഗ്രാഹ്യം അദ്ദേഹത്തിന്റെ ആശങ്കകൾ ദൂരീകരിക്കുകയും മനഃസമാധാനം നേടിക്കൊടുക്കുകയും ചെയ്‌തു.

മുൻ ലേഖനത്തിൽ പരാമർശിച്ച ദാരുണമായ അപകടത്തിൽ ക്ലൈവിനും ബ്രെൻഡയ്‌ക്കും 21 വയസ്സുള്ള മകൻ സ്റ്റീവനെ നഷ്ടമായി. മരണത്തിന്റെ സത്യാവസ്ഥയെക്കുറിച്ചു ബൈബിൾ പറയുന്നത്‌ അവർക്ക്‌ അറിയാമായിരുന്നു. എങ്കിലും പെട്ടെന്നുണ്ടായ ആ നഷ്ടം അവരെ തളർത്തിക്കളഞ്ഞു. മരണം ഒരു ശത്രുതന്നെയാണ്‌. അതുണ്ടാക്കുന്ന മുറിവ്‌ വേദനാകരമാണ്‌. മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള തിരുവെഴുത്തു പരിജ്ഞാനം ക്രമേണ അവരുടെ ദുഃഖം ശമിപ്പിച്ചു. ബ്രെൻഡ പറയുന്നു: “മരണത്തെക്കുറിച്ചുള്ള ഗ്രാഹ്യം തകർന്നുപോയ ജീവിതം പുനഃരാരംഭിക്കാൻ ഞങ്ങളെ സഹായിച്ചിരിക്കുന്നു. എങ്കിലും, സ്റ്റീവൻ ഗാഢനിദ്രയിൽനിന്ന്‌ ഉണർന്നുവരുന്ന സമയത്തെക്കുറിച്ചു ചിന്തിക്കാത്ത ഒരു ദിവസംപോലുമില്ല.”

“മരണമേ, നിന്റെ വിഷമുള്ളു എവിടെ?”

വ്യക്തമായും, മരിച്ചവരുടെ അവസ്ഥ മനസ്സിലാക്കുന്നത്‌ ജീവിതത്തെക്കുറിച്ചു സമനിലയുള്ള ഒരു വീക്ഷണം നിലനിറുത്താൻ നമ്മെ സഹായിക്കും. മരണം ഒരു നിഗൂഢ രഹസ്യം അല്ല. പതിയിരിക്കുന്ന ഈ ശത്രുവിനെക്കുറിച്ചുള്ള ഭയം കൂടാതെ നമുക്കു ജീവിതം ആസ്വദിക്കാനാകും. മരണം ജീവിതത്തിന്റെ ശാശ്വതമായ അന്ത്യം ആയിരിക്കേണ്ടതില്ലെന്ന അറിവ്‌, “ജീവിതം നൈമിഷികമാണ്‌” എന്ന ചിന്തയോടെ ഉല്ലാസങ്ങളിൽ മുഴുകി ജീവിക്കാനുള്ള പ്രേരണയെ പുറംതള്ളുന്നു. ദൈവത്തിന്റെ ഓർമയിലുള്ള, മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർ പുനരുത്ഥാനം കാത്തുകൊണ്ട്‌ നിദ്രകൊള്ളുകയാണെന്ന്‌ അറിയുന്നത്‌ നമ്മെ ആശ്വസിപ്പിക്കുകയും തുടർന്നു ജീവിക്കാനുള്ള ആഗ്രഹം നമ്മിൽ ഉണർത്തുകയും ചെയ്യുന്നു.

ജീവദാതാവായ യഹോവയാം ദൈവം മരണത്തെ എന്നെന്നേക്കുമായി ഇല്ലായ്‌മ ചെയ്യുന്ന സമയത്തിനായി നമുക്ക്‌ ഉറപ്പോടെ കാത്തിരിക്കാം. “മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?” എന്ന്‌ ന്യായമായും നമുക്കു ചോദിക്കാൻ കഴിയുന്ന ഒരു അവസ്ഥ സംജാതമാകുന്നത്‌ എന്തൊരു അനുഗ്രഹം ആയിരിക്കും!​—⁠1 കൊരിന്ത്യർ 15:55.

[അടിക്കുറിപ്പുകൾ]

^ ഖ. 6 മരണത്തെക്കുറിച്ചുള്ള ബൈബിളിലെ ആദ്യപരാമർശം ഇതാണ്‌.

^ ഖ. 11 പൂർണതയുള്ള ഒരു മനുഷ്യജീവൻ ആയിരുന്നു മറുവിലയായി ആവശ്യമായിരുന്നത്‌. കാരണം, ആദാം നഷ്ടപ്പെടുത്തിയത്‌ അതായിരുന്നു. പാപം സകല മനുഷ്യരെയും കളങ്കപ്പെടുത്തിയതിനാൽ അപൂർണരായ അവർക്കാർക്കും മറുവിലയായി സ്വന്തം ജീവൻ നൽകാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ ദൈവം സ്വർഗത്തിലുള്ള തന്റെ പുത്രനെ ആ ഉദ്ദേശ്യത്തിനായി അയച്ചു. (സങ്കീർത്തനം 49:7-9) ഈ വിഷയം സംബന്ധിച്ചു കൂടുതൽ അറിയാൻ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 7-ാം അധ്യായം കാണുക.

[5-ാം പേജിലെ ചിത്രം]

ആദാമിന്റെയും ഹവ്വായുടെയും അനുസരണക്കേടു മരണത്തിലേക്കു നയിച്ചു

[6-ാം പേജിലെ ചിത്രം]

യേശു, മരിച്ചുപോയ പെൺകുട്ടിയുടെ കൈ പിടിച്ചപ്പോൾ അവൾ എഴുന്നേറ്റു

[7-ാം പേജിലെ ചിത്രം]

മരിച്ചുപോയ പ്രിയപ്പെട്ടവർ ലാസറിനെപ്പോലെ നിദ്രയിൽനിന്ന്‌ ഉണരുന്ന സമയത്തിനായി അനേകർ കാത്തിരിക്കുന്നു