വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണത്തിന്റെ വിനാശകഫലം

മരണത്തിന്റെ വിനാശകഫലം

മരണത്തിന്റെ വിനാശകഫലം

“ആറു വയസ്സുകാരിയുടെ ആത്മഹത്യ.” ജക്കി എന്നു പേരുള്ള ഒരു കൊച്ചു പെൺകുട്ടിയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ചുള്ളതായിരുന്നു ഞെട്ടിക്കുന്ന ഈ വാർത്താശീർഷകം. മാരകരോഗം പിടിപെട്ട്‌ അവളുടെ അമ്മ മരിച്ചിട്ട്‌ അധികനാൾ ആയിരുന്നില്ല. ‘ഒരു മാലാഖയായിത്തീർന്ന്‌ അമ്മയോടൊപ്പം ആയിരിക്കാൻ’ താൻ ആഗ്രഹിക്കുന്നതായി, തീവണ്ടിയുടെ മുമ്പിലേക്കു ചാടുന്നതിനുമുമ്പ്‌ ജക്കി സഹോദരങ്ങളോടു പറഞ്ഞിരുന്നു.

18 വയസ്സായിരിക്കെ ഇയൻ, തന്റെ ഡാഡി ക്യാൻസർ ബാധിച്ചു മരിക്കാൻ ഇടയായതിന്റെ കാരണം വിശദീകരിച്ചുതരാമോ എന്ന്‌ പുരോഹിതനോടു ചോദിച്ചു. ഡാഡി ഒരു നല്ല വ്യക്തി ആയിരുന്നതിനാൽ, ദൈവത്തിന്‌ അദ്ദേഹത്തെ സ്വർഗത്തിൽ ആവശ്യമുണ്ട്‌ എന്നായിരുന്നു പുരോഹിതന്റെ മറുപടി. ആ വിശദീകരണം കേട്ടുകഴിഞ്ഞപ്പോൾ അത്തരമൊരു ക്രൂരദൈവത്തെ ആരാധിക്കുന്നതു നിഷ്‌ഫലമാണെന്ന്‌ ഇയൻ നിഗമനം ചെയ്‌തു. ജീവിതത്തിനു യാതൊരു അർഥവും ഇല്ലെന്നു തോന്നിയതിനാൽ ശിഷ്ടജീവിതം പരമാവധി ആസ്വദിച്ചുതീർക്കാൻ അവൻ തീരുമാനിച്ചു. അതിനായി മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും അധാർമികതയിലേക്കും തിരിഞ്ഞ അവന്റെ ജീവിതം ആകെ താളംതെറ്റി.

“ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു”

മരണം, പ്രത്യേകിച്ചും അത്‌ അപ്രതീക്ഷിതമായിരിക്കുമ്പോൾ, ആളുകളുടെ ജീവിതത്തെ എത്രയധികം തകർത്തുകളയുന്നുവെന്ന്‌ ദയനീയമായ ഈ രണ്ടു സംഭവങ്ങളും പ്രദീപ്‌തമാക്കുന്നു. “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു” എന്ന ബൈബിൾ പ്രസ്‌താവന സത്യമാണെന്ന്‌ നമുക്കെല്ലാം അറിയാം. (സഭാപ്രസംഗി 9:5) എന്നാൽ ആ ദുഃഖസത്യം അവഗണിക്കാനാണ്‌ അനേകരുടെയും പ്രവണത. നിങ്ങൾ അതിനെ എങ്ങനെയാണു കാണുന്നത്‌? തിരക്കിട്ട ജീവിതത്തിനിടയിൽ മരണത്തെക്കുറിച്ചു ചിന്തിക്കുന്നതിനുപോലും നമുക്കു സമയം കിട്ടാതിരുന്നേക്കാം.

“മിക്കവരും മരണത്തെ ഭയപ്പെടുകയും അതേക്കുറിച്ചു ചിന്തിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു” എന്ന്‌ ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ പറയുന്നു. എന്നിരുന്നാലും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഗുരുതരമായ ഒരു അപകടമോ മാരകമായ രോഗമോ നാം മരണത്തെ മുഖാമുഖം കാണാൻ ഇടയാക്കിയേക്കാം. അല്ലെങ്കിൽ ഒരു സുഹൃത്തിന്റെയോ ബന്ധുവിന്റെയോ ശവസംസ്‌കാരം, സകല മനുഷ്യർക്കും ഒടുവിൽ സംഭവിക്കാനിരിക്കുന്ന വേദനാജനകമായ യാഥാർഥ്യം സംബന്ധിച്ചു നമ്മെ ഓർമിപ്പിച്ചേക്കാം.

ശവസംസ്‌കാര ചടങ്ങുകളിൽ സംബന്ധിക്കുമ്പോൾ ദുഃഖാർത്തരായ ജനം, “ഇതോടെ എല്ലാം അവസാനിച്ചെന്നു വിചാരിക്കാതെ നാം തുടർന്നു ജീവിക്കേണ്ടതുണ്ട്‌” എന്നതുപോലുള്ള അഭിപ്രായങ്ങൾ പറയാറുണ്ട്‌. അതേ, ജീവിതം തുടരുകതന്നെ ചെയ്യുന്നു. യഥാർഥത്തിൽ, വാർധക്യസഹജമായ വിഷമതകൾ നമ്മെ പെട്ടെന്നു പിടികൂടുന്നതായി തോന്നിക്കുമാറ്‌ അത്‌ അതിശീഘ്രം കടന്നുപോകുന്നു. വാർധക്യത്തിലേക്കു കാലെടുത്തുവെച്ചുകഴിയുമ്പോൾ മരണം മേലാൽ ഒരു വിദൂര യാഥാർഥ്യം അല്ലാതായിത്തീരുന്നു. കൂടാതെ ഒട്ടനവധി ശവസംസ്‌കാരങ്ങളിൽ പങ്കെടുക്കുകയും ചിരകാല സുഹൃത്തുക്കളിൽ പലരുടെയും വിയോഗത്തിന്റെ ദുഃഖം അനുഭവിക്കുകയും ചെയ്യേണ്ടതായി വരുന്നു. “എന്റെ സമയം എപ്പോഴായിരിക്കും?” എന്നതാണ്‌ വൃദ്ധരായ പലരെയും അലട്ടുന്ന ചോദ്യം.

ചുരുളഴിയാത്ത രഹസ്യം

മരണം സുനിശ്ചിതമാണെന്ന കാര്യം ആരും നിഷേധിക്കുന്നില്ലെങ്കിലും അതിനുശേഷം എന്ത്‌ എന്നതു മിക്കവരുടെയും കാര്യത്തിൽ വലിയ ഒരു ചോദ്യമായി അവശേഷിക്കുന്നു. ഇതു സംബന്ധിച്ചു നിലവിലുള്ള പരസ്‌പരവിരുദ്ധങ്ങളായ അനേകം വിശദീകരണങ്ങളെ, ദുർജ്ഞേയമായ കാര്യങ്ങളെപ്രതിയുള്ള നിഷ്‌ഫലമായ വാദപ്രതിവാദം ആയിട്ടാണ്‌ സന്ദേഹവാദികൾ കാണുന്നത്‌. “ജീവിതം ഒരിക്കൽമാത്രമേ ഉള്ളൂ” എന്നതിനാൽ, എല്ലാ സന്തോഷങ്ങളും കഴിയുന്നത്ര ആസ്വദിക്കുന്നതാണു പ്രായോഗികം എന്ന്‌ ഒരുവൻ നിഗമനം ചെയ്‌തേക്കാം.

നേരെ മറിച്ച്‌ മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നു വിശ്വസിക്കാൻ കൂട്ടാക്കാത്തവരാണു മറ്റു ചിലർ. എന്നിരുന്നാലും തുടർന്ന്‌ എന്താണു സംഭവിക്കുക എന്ന കാര്യത്തിൽ അവർക്കു വ്യക്തമായ ഒരു ധാരണ ഇല്ല. നിത്യസൗഭാഗ്യം ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലത്തു മനുഷ്യർ തുടർന്നു ജീവിക്കുമെന്നു ചിലർ കരുതുമ്പോൾ, ഒരുപക്ഷേ മറ്റൊരു വ്യക്തിയായി പിന്നീടൊരിക്കൽ തങ്ങൾ ജീവനിലേക്കു വരുമെന്ന്‌ വേറെ ചിലർ വിചാരിക്കുന്നു.

“മരിച്ചവർ എവിടെ?” ഉറ്റവരുടെ വേർപാടിൽ മനംനൊന്തു കഴിയുന്നവർ ഒരേപോലെ ചോദിക്കുന്ന ഒരു ചോദ്യമാണിത്‌. ഏതാനും വർഷങ്ങൾക്കുമുമ്പ്‌, ഒരു ഫുട്‌ബോൾ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കാനായി ഒരു മിനിബസ്സിൽ സഞ്ചരിക്കവേ, പാഞ്ഞുവന്ന ഒരു ട്രക്ക്‌ അവരെ ഇടിച്ചുതെറിപ്പിച്ചു. ടീമിലെ അഞ്ച്‌ അംഗങ്ങൾ കൊല്ലപ്പെട്ടു. ആ അപകടത്തിൽ പുത്രനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ ജീവിതം താളംതെറ്റിയ അവസ്ഥയിലായി. തന്റെ മകൻ എവിടെയായിരിക്കും എന്നാണ്‌ എപ്പോഴും അവരുടെ ചിന്ത. പതിവായി ശവകുടീരത്തിങ്കൽ ചെന്നു മണിക്കൂറുകളോളം അവർ പുത്രനോട്‌ ഉച്ചത്തിൽ സംസാരിക്കുന്നു. “മരണത്തോടെ എല്ലാം തീരുന്നു എന്ന്‌ എനിക്കു വിശ്വസിക്കാനാകുന്നില്ല. എന്നാൽ എനിക്ക്‌ ഒരു ഉറപ്പുമില്ല,” സങ്കടത്തോടെ അവർ പറയുന്നു.

വ്യക്തമായും, മരണത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തിന്‌ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയും. മരണം എന്ന ദുഃഖസത്യത്തോടുള്ള ആളുകളുടെ പ്രതികരണങ്ങളുടെ വീക്ഷണത്തിൽ പലപല ചോദ്യങ്ങൾ ഉയർന്നുവരുന്നു. അവയ്‌ക്കുള്ള നിങ്ങളുടെ ഉത്തരം എന്തായിരിക്കുമെന്നു ചിന്തിക്കുക. മരണത്തെക്കുറിച്ച്‌ ഒട്ടും ചിന്തിക്കാതെ നാം ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണോ വേണ്ടത്‌? മരണം ഏതു നിമിഷവും രംഗപ്രവേശം ചെയ്യാമെന്നുള്ള യാഥാർഥ്യം നമ്മുടെ ജീവിതത്തെ നശിപ്പിക്കാൻ നാം അനുവദിക്കണമോ? മരിച്ചുപോയ പ്രിയപ്പെട്ടവർ എവിടെയാണ്‌ എന്നു ദുഃഖാർത്തരായ ബന്ധുക്കൾ ജീവിതകാലം മുഴുവൻ ചിന്തിച്ചുകഴിയേണ്ടതുണ്ടോ? മരണത്തെ മനസ്സിലാക്കുക അസാധ്യമാണോ?