വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റോയൽ ബൈബിൾ—പാണ്ഡിത്യത്തിന്റെ ഒരു അപൂർവ സംഭാവന

റോയൽ ബൈബിൾ—പാണ്ഡിത്യത്തിന്റെ ഒരു അപൂർവ സംഭാവന

റോയൽ ബൈബിൾ—പാണ്ഡിത്യത്തിന്റെ ഒരു അപൂർവ സംഭാവന

പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭകാലം. ഉപവൻകരയായ ഇറ്റലിയെ ലക്ഷ്യമാക്കി ഒരു കപ്പൽ സ്‌പെയിനിൽനിന്നു യാത്രതിരിച്ചു. 1514-നും 1517-നും ഇടയിൽ അച്ചടിച്ച, കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌ ബൈബിളിന്റെ പ്രതികളുടെ സിംഹഭാഗവും അടങ്ങിയ അസാധാരണ മൂല്യമുള്ള ചരക്ക്‌ അതിന്റെ അടിത്തട്ടിലെ അറകളിൽ നിറഞ്ഞിരുന്നു. പെട്ടെന്ന്‌ അതിശക്തമായ കൊടുങ്കാറ്റ്‌ ആഞ്ഞുവീശി. കപ്പലിനെ രക്ഷിക്കാൻ ജോലിക്കാർ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിലതീരാത്ത നിക്ഷേപവുമായി അതു കടലിന്റെ അടിത്തട്ടിലേക്കു മറഞ്ഞു.

ആ ദുരന്തത്തെത്തുടർന്ന്‌ പോളിഗ്ലൊട്ട്‌ ബൈബിളിന്റെ ഒരു പുതിയ പതിപ്പ്‌ അച്ചടിക്കേണ്ടത്‌ ആവശ്യമായിത്തീർന്നു. അച്ചടിവേലയിൽ വിദഗ്‌ധനായ ക്രിസ്റ്റോഫ്‌ പ്ലാന്റൻ ആ വെല്ലുവിളി ഏറ്റെടുത്തു. ബൃഹത്തായ ആ ദൗത്യം നിറവേറ്റാൻ ധനികനായ ഒരു വ്യക്തിയുടെ പിന്തുണ ആവശ്യമായിരുന്നതിനാൽ, സ്‌പെയിനിലെ ഫിലിപ്പ്‌ രണ്ടാമൻ രാജാവിനോട്‌ അദ്ദേഹം അഭ്യർഥന കഴിച്ചു. ഒരു തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പായി രാജാവ്‌ സ്‌പെയിനിലെ പല പണ്ഡിതന്മാരുമായി ആലോചന നടത്തി. അക്കൂട്ടത്തിൽ, പ്രശസ്‌ത ബൈബിൾ പണ്ഡിതനായ ബെനിറ്റോ ആര്യാസ്‌ മോൺറ്റാനോയും ഉണ്ടായിരുന്നു. രാജാവിനോട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “[ഈ സംരംഭം] ദൈവത്തിനുള്ള ഒരു സേവനം ആയിരിക്കും, സാർവത്രിക സഭയ്‌ക്കു നന്മ ചെയ്യും. സർവോപരി അത്‌ അങ്ങയുടെ രാജകീയ നാമത്തിനു വലിയ മഹത്ത്വം കരേറ്റുകയും അങ്ങയുടെ സത്‌കീർത്തിക്കു മാറ്റുകൂട്ടുകയും ചെയ്യും.”

കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌ ബൈബിളിന്റെ പരിഷ്‌കൃത പതിപ്പ്‌ ശ്രദ്ധേയമായ ഒരു സാംസ്‌കാരിക നേട്ടം ആയിരിക്കുമായിരുന്നു. അതിനാൽ പ്ലാന്റന്റെ പദ്ധതിക്ക്‌ പൂർണ പിന്തുണ നൽകാൻ ഫിലിപ്പ്‌ തീരുമാനിച്ചു. റോയൽ ബൈബിൾ അഥവാ ആന്റ്‌വെർപ്‌ പോളിഗ്ലൊട്ട്‌ എന്ന്‌ അറിയപ്പെടാനിടയായ ഈ ബൈബിളിന്റെ പ്രസിദ്ധീകരണച്ചുമതല അദ്ദേഹം ആര്യാസ്‌ മോൺറ്റാനോയെ ഏൽപ്പിച്ചു. *

പോളിഗ്ലൊട്ട്‌ ബൈബിളിന്റെ അച്ചടി പുരോഗമിക്കുന്നതു കാണുന്നതിൽ അതീവ തത്‌പരനായ ഫിലിപ്പ്‌, പ്രൂഫ്‌ വായനയ്‌ക്കായി ഓരോ ഷീറ്റിന്റെയും പ്രതി തനിക്ക്‌ അയച്ചുതരാൻ ആവശ്യപ്പെടുകയുണ്ടായി. ഷീറ്റുകൾ ആന്റ്‌വെർപ്പിൽനിന്ന്‌ സ്‌പെയിനിലേക്ക്‌ അയച്ചുകൊടുത്തശേഷം ഫിലിപ്പ്‌ അതിന്റെ പ്രൂഫ്‌ വായന നടത്തി തിരിച്ചയയ്‌ക്കുന്നതുവരെ കാത്തിരിക്കാൻ പ്ലാന്റൻ സ്വാഭാവികമായും വൈമനസ്യം പ്രകടമാക്കി. യഥാർഥത്തിൽ, അച്ചടിച്ച ഒന്നാമത്തെ ഷീറ്റും സാധ്യതയനുസരിച്ച്‌ ആദ്യത്തെ ചില പേജുകളും മാത്രമാണ്‌ ഫിലിപ്പിന്റെ കൈകളിലെത്തിയത്‌. അതിനിടെ മോൺറ്റാനോ, ലൂവാനിലെ മൂന്നു പ്രൊഫസർമാരുടെയും പ്ലാന്റന്റെ കൗമാരപ്രായക്കാരി മകളുടെയും വിലയേറിയ സഹായത്തോടെ യഥാർഥ പ്രൂഫ്‌ വായന നിർവഹിച്ചു.

ദൈവവചനത്തെ സ്‌നേഹിച്ച വ്യക്തി

ആന്റ്‌വെർപ്പിലെ പണ്ഡിതന്മാരോടൊപ്പം പ്രവർത്തിക്കുന്നതിൽ ആര്യാസ്‌ മോൺറ്റാനോയ്‌ക്കു യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. വിശാല മനഃസ്ഥിതിക്കാരനായിരുന്ന അദ്ദേഹത്തെ പ്ലാന്റനു വലിയ കാര്യമായിരുന്നു. അവരുടെ സൗഹൃദവും സഹകരണവും ആജീവനാന്തം തുടരുകയും ചെയ്‌തു. പാണ്ഡിത്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, ദൈവവചനത്തോടുള്ള വർധിച്ച സ്‌നേഹത്തിന്റെ കാര്യത്തിലും മോൺറ്റാനോ ശ്രദ്ധേയനായിരുന്നു. * ചെറുപ്പമായിരിക്കെ, തിരുവെഴുത്തുകളുടെ പഠനത്തിൽ പൂർണമായും വ്യാപൃതനാകേണ്ടതിന്‌ തന്റെ കലാലയ പഠനം പൂർത്തിയാകുന്ന സമയത്തിനായി അദ്ദേഹം ആകാംക്ഷയോടെ കാത്തിരുന്നിരുന്നു.

കഴിയുന്നിടത്തോളം പദാനുപദ പരിഭാഷ നടത്തേണ്ട ഒരു പുസ്‌തകമാണ്‌ ബൈബിൾ എന്ന്‌ ആര്യാസ്‌ മോൺറ്റാനോ വിശ്വസിച്ചിരുന്നു. മൂല പാഠത്തിൽ എഴുതിയിരിക്കുന്നത്‌ അതേപടി പരിഭാഷപ്പെടുത്താനും അങ്ങനെ യാതൊരു മാറ്റവും ഇല്ലാതെ ദൈവവചനം വായനക്കാരനു ലഭ്യമാക്കാനും അദ്ദേഹം പരിശ്രമിച്ചു. “മൂലഭാഷാപാഠത്തിൽ അധിഷ്‌ഠിതമായി ക്രിസ്‌തുവിനെക്കുറിച്ചു പ്രസംഗിക്കാൻ” പണ്ഡിതന്മാരെ ഉദ്‌ബോധിപ്പിച്ച ഇറാസ്‌മസിന്റെ പ്രമാണം അദ്ദേഹം പിൻപറ്റി. ലത്തീനിലുള്ള പരിഭാഷകൾ മനസ്സിലാക്കുക ബുദ്ധിമുട്ട്‌ ആയിരുന്നതിനാൽ, തിരുവെഴുത്തുകളുടെ മൂലപാഠത്തിലെ കൃത്യമായ ആശയം നൂറ്റാണ്ടുകളോളം ആളുകൾക്ക്‌ അജ്ഞാതമായിരുന്നു.

പുതിയ പതിപ്പിന്റെ ഘടന

കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌ അച്ചടിക്കുന്നതിനായി ആൽഫോൻസോ ഡെ സാമോറാ സമാഹരിച്ച്‌ പരിഷ്‌കരിച്ച കയ്യെഴുത്തുപ്രതികളെല്ലാം ആര്യാസ്‌ മോൺറ്റാനോയുടെ കൈകളിലെത്തി. റോയൽ ബൈബിളിന്റെ അച്ചടിക്കായി അവ അദ്ദേഹം ഉപയോഗപ്പെടുത്തി. *

കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌ ബൈബിളിന്റെ ഒരു ദ്വിതീയ പതിപ്പ്‌ എന്ന നിലയിൽ റോയൽ ബൈബിൾ നിർമിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്‌. എങ്കിലും അത്‌ വെറുമൊരു പരിഷ്‌കൃത പതിപ്പ്‌ അല്ലായിരുന്നു. എബ്രായയിലുള്ള പാഠവും ഗ്രീക്കിലുള്ള പാഠവും (സെപ്‌റ്റുവജിന്റ്‌ പരിഭാഷ) കോംപ്ലൂട്ടെൻസിയാൻ ബൈബിളിൽനിന്നായിരുന്നു എടുത്തത്‌. കൂടാതെ വിപുലമായ ഒരു അനുബന്ധം സഹിതം പുതിയ പാഠങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്‌തു. അങ്ങനെ പുതിയ പോളിഗ്ലൊട്ടിനു മൊത്തം എട്ടു വാല്യങ്ങൾ ഉണ്ടായിരുന്നു. 1568 മുതൽ 1572 വരെയുള്ള അഞ്ചു വർഷംകൊണ്ട്‌ അച്ചടി പൂർത്തിയായി. ഈ ബൈബിളിന്റെ സങ്കീർണത കണക്കിലെടുക്കുമ്പോൾ അതു തികച്ചും കുറഞ്ഞ ഒരു കാലപരിധി ആയിരുന്നു. ഒടുവിൽ 1,213 പ്രതികൾ അച്ചടിക്കപ്പെട്ടു.

1517-ൽ അച്ചടിച്ച കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌ ബൈബിൾ ‘അച്ചടി വിദ്യക്കുള്ള ഒരു വിശിഷ്ട ഉപഹാരം’ ആയിരുന്നെങ്കിൽ, പുതിയ ആന്റ്‌വെർപ്‌ പോളിഗ്ലൊട്ട്‌ സാങ്കേതിക മേന്മയുടെയും ഉള്ളടക്കത്തിന്റെയും കാര്യത്തിൽ മുൻഗാമിയെ കടത്തിവെട്ടി. അച്ചടിയുടെ ചരിത്രത്തിലും, കൂടുതൽ പ്രധാനമായി, ബൈബിളിന്റെ സംശോധിത ആധാര പാഠങ്ങൾ തയ്യാറാക്കുന്നതിലും ഇത്‌ മറ്റൊരു നാഴികക്കല്ല്‌ ആയിത്തീർന്നു.

ദൈവവചനത്തിന്റെ ശത്രുക്കളിൽനിന്നുള്ള ആക്രമണങ്ങൾ

ബൈബിളിന്റെ ആശ്രയയോഗ്യമായ പരിഭാഷയെ എതിർത്തിരുന്ന ആളുകൾ പെട്ടെന്നുതന്നെ രംഗത്തുവന്നതിൽ തെല്ലും അതിശയമില്ല. ആന്റ്‌വെർപ്‌ പോളിഗ്ലൊട്ടിന്റെ അച്ചടിക്ക്‌ പാപ്പായുടെ അനുമതി ഉണ്ടായിരുന്നു; കൂടാതെ പ്രശസ്‌തനായ പണ്ഡിതൻ എന്ന നിലയിൽ ആര്യാസ്‌ മോൺറ്റാനോ വളരെ ആദരണീയനും ആയിരുന്നു. എന്നിട്ടും മതവിചാരണക്കോടതിയിൽ ശത്രുക്കൾ അദ്ദേഹത്തിനെതിരെ കുറ്റാരോപണം നടത്തി. ഈ ബൈബിൾ സാന്റേസ്‌ പാനിനോ ബൈബിളിന്റെ ലത്തീൻ ഭാഷയിലുള്ള പുതിയ പരിഷ്‌കൃത പാഠത്തെ എബ്രായ, ഗ്രീക്ക്‌ മൂലപാഠങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വൾഗേറ്റ്‌ പരിഭാഷയെക്കാൾ കൂടുതൽ കൃത്യമായ പരിഭാഷയായി എടുത്തുകാട്ടിയെന്ന്‌ അവർ ആരോപിച്ചു. ബൈബിളിന്റെ കൃത്യതയുള്ള പരിഭാഷ തയ്യാറാക്കാനായി മൂലഭാഷാപാഠങ്ങൾ പരിശോധിച്ചതിനും അവർ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അവരുടെ വീക്ഷണത്തിൽ അതു സഭാവിരുദ്ധം ആയിരുന്നു.

“അച്ചടി പിന്തുണച്ചതിനാൽ രാജാവിന്‌ അത്ര വലിയ ബഹുമതിയൊന്നും ലഭിച്ചില്ലെന്നു” പറയാൻപോലും മതവിചാരകർ മടിച്ചില്ല. ഔദ്യോഗിക പരിഭാഷയായ വൾഗേറ്റിന്‌ മോൺറ്റാനോ വേണ്ടത്ര ആധികാരികത കൽപ്പിക്കാതിരുന്നതിൽ അവർ ഖേദം പ്രകടിപ്പിച്ചു. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടും മോൺറ്റാനോയ്‌ക്കോ അദ്ദേഹത്തിന്റെ പോളിഗ്ലൊട്ട്‌ ബൈബിളിനോ എതിരായി ശിക്ഷ വിധിക്കാൻ വേണ്ടത്ര തെളിവുകൾ അവർക്കു ലഭിച്ചില്ല. ഒടുവിൽ റോയൽ ബൈബിൾ വളരെ പ്രചാരമാർജിച്ചു. പല യൂണിവേഴ്‌സിറ്റികളും ഒരു അടിസ്ഥാന പാഠമെന്ന നിലയിൽ അതിനെ വരവേറ്റു.

ബൈബിൾ പരിഭാഷയ്‌ക്ക്‌ ഒരു ഉത്തമ സഹായി

ആന്റ്‌വെർപ്‌ പോളിഗ്ലൊട്ട്‌ പൊതുജനത്തെ ഉദ്ദേശിച്ച്‌ തയ്യാറാക്കിയത്‌ ആയിരുന്നില്ല. എന്നാൽ പെട്ടെന്നുതന്നെ അത്‌ ബൈബിൾ പരിഭാഷകർക്ക്‌ ഒരു ഉത്തമ സഹായി ആയിത്തീർന്നു. മുൻഗാമിയായ കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ടിനെപ്പോലെ, തിരുവെഴുത്തുകളുടെ നിലവിലുള്ള പാഠങ്ങൾ മികവുറ്റതാക്കാൻ അതു സഹായിച്ചു. മൂലഭാഷകൾ മെച്ചമായി മനസ്സിലാക്കാനും അതു പരിഭാഷകർക്കു സഹായകമായി. പ്രമുഖ യൂറോപ്യൻ ഭാഷകളിലുള്ള പല ബൈബിൾ പരിഭാഷകളും അതിൽനിന്നു പ്രയോജനം സിദ്ധിച്ചു. ഉദാഹരണത്തിന്‌ 1611-ൽ പ്രസിദ്ധീകരിച്ച ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം അഥവാ ആധികാരിക ഭാഷാന്തരം പുരാതന ഭാഷകളിൽനിന്നു പരിഭാഷപ്പെടുത്തുന്നതിൽ വിലയേറിയ ഒരു സഹായമെന്ന നിലയിൽ പരിഭാഷകർ ആന്റ്‌വെർപ്‌ പോളിഗ്ലൊട്ട്‌ ഉപയോഗിച്ചതായി ദ കേംബ്രിഡ്‌ജ്‌ ഹിസ്‌റ്ററി ഓഫ്‌ ദ ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. 17-ാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച പ്രധാനപ്പെട്ട രണ്ടു പോളിഗ്ലൊട്ട്‌ ബൈബിളുകളെയും റോയൽ ബൈബിൾ ഗണ്യമായി സ്വാധീനിച്ചു.​—⁠“പോളിഗ്ലൊട്ട്‌ ബൈബിളുകൾ” എന്ന ചതുരം കാണുക.

ഗ്രീക്കു തിരുവെഴുത്തുകളുടെ സുറിയാനി പരിഭാഷ യൂറോപ്യൻ പണ്ഡിതന്മാർക്ക്‌ ഇദംപ്രഥമമായി ലഭ്യമാക്കിയെന്നത്‌ ആന്റ്‌വെർപ്‌ പോളിഗ്ലൊട്ടിന്റെ അനേകം നേട്ടങ്ങളിൽ ഒന്നാണ്‌. സുറിയാനി പാഠവും ലത്തീനിലുള്ള അതിന്റെ പദാനുപദ പരിഭാഷയും അടുത്തടുത്ത കോളങ്ങളിലായി ക്രമീകരിച്ചിരുന്നു. സുറിയാനി ഭാഷാന്തരം ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ആദ്യകാല പരിഭാഷകളിൽ ഒന്നായിരുന്നതിനാൽ അത്‌ ഉൾപ്പെടുത്തിയതു വളരെ പ്രയോജനപ്രദമായിരുന്നു. പൊതുയുഗം അഞ്ചാം നൂറ്റാണ്ടുമുതൽ നിലവിലിരുന്ന ആ ഭാഷാന്തരത്തിന്‌ ആധാരം പൊതുയുഗം രണ്ടാം നൂറ്റാണ്ടിലെ കയ്യെഴുത്തുപ്രതികൾ ആയിരുന്നു. “പാഠ്യവിമർശനരംഗത്ത്‌ [സുറിയാനി] പ്‌ശീത്തായുടെ മൂല്യം പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല സമ്പ്രദായങ്ങളിലേക്കു വെളിച്ചം വീശുന്ന അതിപുരാതനവും അതിപ്രധാനവും ആയ വിജ്ഞാന ഉറവിടങ്ങളിൽ ഒന്നാണ്‌ അത്‌” എന്ന്‌ ദി ഇന്റർനാഷനൽ സ്റ്റാൻഡേർഡ്‌ ബൈബിൾ എൻസൈക്ലോപീഡിയ പറയുന്നു.

1572-ൽ കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ടിന്റെ ബൃഹത്തായ ഒരു പരിഷ്‌കൃത പതിപ്പ്‌ റോയൽ ബൈബിൾ എന്ന പേരിൽ ഉദയം ചെയ്യുന്നതിനെ ചെറുക്കാൻ ഇരമ്പുന്ന കടലിനോ മതവിചാരണയുടെ കൊടുങ്കാറ്റിനോ കഴിഞ്ഞില്ല. ദൈവവചനം പരിരക്ഷിക്കാൻ ആത്മാർഥഹൃദയർ ചെയ്‌ത ശ്രമങ്ങളുടെ മറ്റൊരു ദൃഷ്ടാന്തമാണ്‌ ആന്റ്‌വെർപ്‌ പോളിഗ്ലൊട്ട്‌ ബൈബിളിന്റെ ചരിത്രം.

അവർ അറിഞ്ഞിരുന്നാലും ഇല്ലെങ്കിലും, അർപ്പിതരായ ആ മനുഷ്യർ തങ്ങളുടെ നിസ്വാർഥ പ്രയത്‌നത്താൽ യെശയ്യാവിന്റെ പ്രാവചനിക വാക്കുകളുടെ സത്യതയ്‌ക്കു സാക്ഷ്യംവഹിച്ചു. മൂവായിരത്തോളം വർഷംമുമ്പ്‌ അവൻ ഇങ്ങനെ എഴുതി: “പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്‌ക്കും.”​—⁠യെശയ്യാവു 40:⁠8.

[അടിക്കുറിപ്പുകൾ]

^ ഖ. 4 ഫിലിപ്പ്‌ രാജാവിന്റെ സാമ്പത്തിക പിന്തുണ ഉണ്ടായിരുന്നതിനാൽ ഇത്‌ റോയൽ ബൈബിൾ എന്ന്‌ അറിയപ്പെട്ടു. അന്നു സ്‌പാനിഷ്‌ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ആന്റ്‌വെർപ്‌ എന്ന നഗരത്തിൽ അച്ചടിച്ചതിനാൽ ആന്റ്‌വെർപ്‌ പോളിഗ്ലൊട്ട്‌ എന്നും ഇതിനു പേരുവന്നു.

^ ഖ. 7 അറബി, ഗ്രീക്ക്‌, എബ്രായ, ലാറ്റിൻ, സുറിയാനി തുടങ്ങി പോളിഗ്ലൊട്ട്‌ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന അഞ്ചു പ്രധാന ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. പുരാവസ്‌തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, പ്രകൃതിശാസ്‌ത്രം, ദൈവശാസ്‌ത്രം എന്നിവയിലും ആഴമായ അറിവ്‌ ഉണ്ടായിരുന്ന അദ്ദേഹം, ബൈബിളിന്റെ അനുബന്ധം തയ്യാറാക്കുന്നതിൽ അതു നന്നായി പ്രയോജനപ്പെടുത്തി.

^ ഖ. 10 കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌ ബൈബിളിന്റെ സവിശേഷത വ്യക്തമാക്കുന്ന വിവരങ്ങൾക്കായി 2004 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരം കാണുക.

[13-ാം പേജിലെ ആകർഷകവാക്യം]

“നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്‌ക്കും”

[12-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

പോളിഗ്ലൊട്ട്‌ ബൈബിളുകൾ

“ബൈബിൾപാഠം വിവിധ ഭാഷകളിൽ അടങ്ങിയിട്ടുള്ള ബൈബിളാണ്‌ പോളിഗ്ലൊട്ട്‌ ബൈബിൾ,” സ്‌പാനിഷ്‌ പണ്ഡിതനായ ഫേഡേറിക്കോ പേരേഥ്‌ കാസ്റ്റ്രോ വിശദീകരിക്കുന്നു. “എന്നിരുന്നാലും, തിരുവെഴുത്തുപാഠം മൂലഭാഷകളിൽ അവതരിപ്പിക്കുന്ന ബൈബിളുകളെയാണ്‌ പരമ്പരാഗതമായി ആ പദം പരാമർശിക്കുന്നത്‌. ഈ അർഥത്തിൽ നോക്കുമ്പോൾ പോളിഗ്ലൊട്ട്‌ ബൈബിളുകളുടെ എണ്ണം വളരെ പരിമിതമാണ്‌.”

1. കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌ (1514-17). ദിസ്‌നീറോസ്‌ കർദിനാളിന്റെ സാമ്പത്തിക പിന്തുണയോടെ ഈ ബൈബിൾ സ്‌പെയിനിലെ ആൽക്കാലാ ദേ ഏനാറേസിൽ അച്ചടിക്കപ്പെട്ടു. ആറു വാല്യങ്ങളുള്ള ബൈബിളിൽ എബ്രായ, ഗ്രീക്ക്‌, അരമായ, ലത്തീൻ എന്നീ നാലു ഭാഷകളിൽ തിരുവെഴുത്തുപാഠം അടങ്ങിയിരുന്നു. ഇത്‌, 16-ാം നൂറ്റാണ്ടിലെ പരിഭാഷകർക്ക്‌ എബ്രായ-അരമായ തിരുവെഴുത്തുകളുടെ ഒരു ആധാര പാഠമായി ഉതകി.

2. ആന്റ്‌വെർപ്‌ പോളിഗ്ലൊട്ട്‌ (1568-72). കോംപ്ലൂട്ടെൻസിയാൻ പാഠത്തിൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ സുറിയാനി പ്‌ശീത്താ പരിഭാഷയും ജോനഥാന്റെ അരമായ റ്റാർഗമും കോർത്തിണക്കിക്കൊണ്ട്‌ ബെനിറ്റോ ആര്യാസ്‌ മോൺറ്റാനോ തയ്യാറാക്കിയത്‌. സ്വരാക്ഷരങ്ങളും ഉച്ചാരണ ചിഹ്നങ്ങളും അടങ്ങിയ എബ്രായ പാഠം ജേക്കബ്‌ ബെൻ ഹെയിമിന്റെ സുവിദിതമായ എബ്രായ പാഠത്തിനുചേർച്ചയിൽ പരിഷ്‌കരിക്കപ്പെട്ടു. അങ്ങനെ പരിഭാഷകർക്ക്‌ ഇത്‌, എബ്രായ തിരുവെഴുത്തുകളുടെ ഒരു അടിസ്ഥാന പാഠം ആയിത്തീർന്നു.

3. പാരീസ്‌ പോളിഗ്ലൊട്ട്‌ (1629-45). ഫ്രഞ്ച്‌ അഭിഭാഷകനായ ഗി മിഷെൽ ലേജെ ആയിരുന്നു ഇതിന്റെ പ്രായോജകൻ. ശമര്യയിലും അറബിയിലും കുറെ പാഠങ്ങൾ ഉൾക്കൊണ്ടിരുന്നെങ്കിലും ഈ ബൈബിളിന്‌ ആന്റ്‌വെർപ്‌ പോളിഗ്ലൊട്ടിലാണ്‌ വേരുകളുള്ളത്‌.

4. ലണ്ടൻ പോളിഗ്ലൊട്ട്‌ (1655-57). ആന്റ്‌വെർപ്‌ പോളിഗ്ലൊട്ടിനെത്തന്നെ അടിസ്ഥാനമാക്കിയാണ്‌ ബ്രൈയൻ വാൾട്ടൺ ഇതു തയ്യാറാക്കിയത്‌. ബൈബിൾ പാഠം സുഗ്രഹമാക്കുന്നതിൽ അവ കാര്യമായി പ്രയോജനപ്പെട്ടില്ലെങ്കിലും എത്യോപ്യൻ ഭാഷയിലും പേർഷ്യൻ ഭാഷയിലും ഉള്ള, ബൈബിളിന്റെ പ്രാചീന പരിഭാഷകളും ഈ പോളിഗ്ലൊട്ടിൽ അടങ്ങിയിരിക്കുന്നു.

[കടപ്പാട്‌]

ബാനറും ആന്റ്‌വെർപ്‌ പോളിഗ്ലൊട്ടുകളും (താഴെയുള്ള രണ്ടെണ്ണം): Biblioteca Histórica. Universidad Complutense de Madrid; ആന്റ്‌വെർപ്‌ പോളിഗ്ലൊട്ട്‌ (മുകളിലുള്ളത്‌): By courtesy of Museum Plantin-Moretus/Stedelijk Prentenkabinet Antwerpen; ലണ്ടൻ പോളിഗ്ലൊട്ട്‌: From the book The Walton Polyglot Bible, Vol. III, 1655-​1657

[9-ാം പേജിലെ ചിത്രം]

സ്‌പെയിനിലെ രാജാവായിരുന്ന ഫിലിപ്പ്‌ രണ്ടാമൻ

[കടപ്പാട്‌]

ഫിലിപ്പ്‌ രണ്ടാമൻ: Biblioteca Nacional, Madrid

[10-ാം പേജിലെ ചിത്രം]

ആര്യാസ്‌ മോൺറ്റാനോ

[കടപ്പാട്‌]

മോൺറ്റാനോ: Biblioteca Histórica. Universidad Complutense de Madrid

[10-ാം പേജിലെ ചിത്രം]

ബെൽജിയത്തിലെ ആന്റ്‌വെർപ്പിലുള്ള ആദ്യകാല അച്ചടി യന്ത്രങ്ങൾ

[കടപ്പാട്‌]

പ്രസ്സ്‌: By courtesy of Museum Plantin-Moretus/Stedelijk Prentenkabinet Antwerpen

[11-ാം പേജിലെ ചിത്രങ്ങൾ]

ഇടത്ത്‌: ക്രിസ്റ്റോഫ്‌ പ്ലാന്റനും ആന്റ്‌വെർപ്‌ പോളിഗ്ലൊട്ടിന്റെ ശീർഷക പേജും

[കടപ്പാട്‌]

ശീർഷക പേജും പ്ലാന്റനും: By courtesy of Museum Plantin-Moretus/Stedelijk Prentenkabinet Antwerpen

[11-ാം പേജിലെ ചിത്രം]

മുകളിൽ: പുറപ്പാടു 15-ാം അധ്യായം​—⁠നാലു കോളങ്ങളിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു

[9-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ശീർഷക പേജും പ്ലാന്റനും: By courtesy of Museum Plantin-Moretus/Stedelijk Prentenkabinet Antwerpen

[13-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Biblioteca Histórica. Universidad Complutense de Madrid