വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹൃദയത്തിൽ എഴുതപ്പെട്ട സ്‌നേഹത്തിന്റെ ന്യായപ്രമാണം

ഹൃദയത്തിൽ എഴുതപ്പെട്ട സ്‌നേഹത്തിന്റെ ന്യായപ്രമാണം

ഹൃദയത്തിൽ എഴുതപ്പെട്ട സ്‌നേഹത്തിന്റെ ന്യായപ്രമാണം

“ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും.”​—⁠യിരെമ്യാവു 31:⁠33.

1, 2. (എ) നാം ഇപ്പോൾ എന്തു പരിചിന്തിക്കും? (ബി) യഹോവ സീനായി പർവതത്തിങ്കൽ തന്റെ സാന്നിധ്യം പ്രകടിപ്പിച്ചത്‌ എങ്ങനെ?

കഴിഞ്ഞ രണ്ടു ലേഖനങ്ങളിൽ, സീനായി പർവതത്തിൽനിന്നു മോശെ ഇറങ്ങിവന്നപ്പോൾ യഹോവയുടെ മഹത്ത്വത്തിന്റെ പ്രതിഫലനമെന്നനിലയിൽ അവന്റെ മുഖത്തുനിന്നു പ്രഭാകിരണങ്ങൾ പൊഴിഞ്ഞിരുന്നുവെന്നു നാം പഠിച്ചു. മോശെ ഇട്ടിരുന്ന മൂടുപടത്തെക്കുറിച്ചും നാം ചർച്ചചെയ്‌തു. അതിനോടു ബന്ധപ്പെട്ടതും ഇന്നു ക്രിസ്‌ത്യാനികളെ ബാധിക്കുന്നതും ആയ ഒരു സംഗതി നമുക്കിപ്പോൾ പരിചിന്തിക്കാം.

2 പർവതത്തിൽവെച്ച്‌ യഹോവ മോശെക്കു നിർദേശങ്ങൾ നൽകി. സീനായി പർവതത്തിന്റെ അടിവാരത്തു സമ്മേളിച്ചിരുന്ന ഇസ്രായേല്യർ, ദൈവത്തിന്റെ സാന്നിധ്യത്തിന്റെ അമ്പരപ്പിക്കുന്ന ഒരു പ്രകടനത്തിനു സാക്ഷ്യം വഹിച്ചു. “ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി. . . . യഹോവ തീയിൽ സീനായിപർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.”—പുറപ്പാടു 19:⁠16-18.

3. യഹോവ ഇസ്രായേലിനു പത്തു കൽപ്പനകൾ കൊടുത്തത്‌ എങ്ങനെ, ഇസ്രായേല്യർക്ക്‌ എന്തു മനസ്സിലാക്കാൻ കഴിഞ്ഞു?

3 യഹോവ ഒരു ദൂതൻ മുഖാന്തരം സംസാരിച്ചുകൊണ്ട്‌ ജനത്തിനു ചില നിയമങ്ങൾ കൊടുത്തു. പിൽക്കാലത്ത്‌ അവ പത്തു കൽപ്പനകൾ എന്ന്‌ അറിയപ്പെട്ടു. (പുറപ്പാടു 20:⁠1-17) ആ നിയമങ്ങൾ സർവശക്തനിൽനിന്നുള്ളത്‌ ആണെന്ന കാര്യത്തിൽ ഒരു സംശയത്തിനും ഇടമില്ലായിരുന്നു. യഹോവ ആ കൽപ്പനകൾ കൽപ്പലകകളിൽ എഴുതി. ഇസ്രായേല്യർ സ്വർണ കാളക്കുട്ടിയെ ആരാധിക്കുന്നതു കണ്ടപ്പോൾ മോശെ അവ എറിഞ്ഞുടച്ചു. യഹോവ വീണ്ടും കൽപ്പലകകളിൽ ആ നിയമങ്ങൾ എഴുതി. ഇപ്രാവശ്യം മോശെ പർവതത്തിൽനിന്ന്‌ ഇറങ്ങിവന്നപ്പോൾ അവന്റെ മുഖം പ്രകാശിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ട ജനത്തിന്‌, അവൻ കൊണ്ടുവന്ന നിയമങ്ങൾ വളരെയേറെ പ്രാധാന്യമുള്ളവയാണെന്നു മനസ്സിലാക്കാൻ കഴിയുമായിരുന്നു.​—⁠പുറപ്പാടു 32:⁠15-19; 34:⁠1, 4, 29, 30.

4. പത്തു കൽപ്പനകൾ അതിപ്രധാനമായിരുന്നത്‌ എന്തുകൊണ്ട്‌?

4 പത്തു കൽപ്പനകൾ എഴുതിയിരുന്ന ആ രണ്ടു കൽപ്പലകകൾ സമാഗമനകൂടാരത്തിന്റെ​—⁠പിൽക്കാലത്ത്‌ ആലയത്തിലെ​—⁠അതിവിശുദ്ധത്തിലെ നിയമപെട്ടകത്തിനുള്ളിലാണു വെച്ചിരുന്നത്‌. ആ നിയമങ്ങൾ, ന്യായപ്രമാണ ഉടമ്പടിയുടെ കേന്ദ്ര തത്ത്വങ്ങളായും ഇസ്രായേൽ ജനതയുടെ ദിവ്യാധിപത്യ ഭരണക്രമത്തിനുള്ള അടിസ്ഥാനമായും വർത്തിച്ചു. യഹോവ ഒരു പ്രത്യേക ജനതയോട്‌, തിരഞ്ഞെടുക്കപ്പെട്ട ഒരു ജനതയോട്‌ ആണ്‌ ഇടപെടുന്നത്‌ എന്നതിന്‌ ആ നിയമങ്ങൾ തെളിവു നൽകി.

5. ദൈവം ഇസ്രായേല്യർക്കു കൊടുത്ത ന്യായപ്രമാണം അവന്റെ സ്‌നേഹം പ്രതിഫലിപ്പിച്ചത്‌ ഏതു വിധങ്ങളിൽ?

5 ആ നിയമങ്ങൾ യഹോവയെക്കുറിച്ചു ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തി, പ്രത്യേകിച്ച്‌ തന്റെ ജനത്തോടുള്ള അവന്റെ സ്‌നേഹം. അവനെ അനുസരിച്ചവർക്കു പ്രസ്‌തുത നിയമങ്ങൾ എത്ര അമൂല്യമായ ഒരു സമ്മാനമായിരുന്നു! മനുഷ്യർ രൂപംകൊടുത്തിട്ടുള്ള ഏതു ധാർമിക വ്യവസ്ഥയെക്കാളും അതിവിശിഷ്ടമാണു പത്തു കൽപ്പനകളെന്ന്‌ ഒരു പണ്ഡിതൻ പറയുന്നു. മുഴു ന്യായപ്രമാണത്തെയും കുറിച്ച്‌ യഹോവ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്‌താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.”​—⁠പുറപ്പാടു 19:⁠5, 6.

ഹൃദയത്തിൽ എഴുതപ്പെട്ട ഒരു ന്യായപ്രമാണം

6. ഏതു നിയമമാണു കൽപ്പലകകളിൽ എഴുതപ്പെട്ടവയെക്കാൾ മൂല്യവത്തെന്നു തെളിഞ്ഞിരിക്കുന്നത്‌?

6 അതേ, ആ ദിവ്യനിയമങ്ങൾക്കു വലിയ മൂല്യം ഉണ്ടായിരുന്നു. എന്നിരുന്നാലും അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌, കൽപ്പലകകളിൽ എഴുതപ്പെട്ട ആ നിയമങ്ങളെക്കാൾ മൂല്യവത്തായ ചിലത്‌ ഉണ്ടെന്നു നിങ്ങൾക്ക്‌ അറിയാമായിരുന്നോ? ഇസ്രായേലുമായി ഉണ്ടാക്കിയ ന്യായപ്രമാണ ഉടമ്പടിയിൽനിന്നു വ്യത്യസ്‌തമായ ഒരു പുതിയ ഉടമ്പടി പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനെക്കുറിച്ച്‌ യഹോവ മുൻകൂട്ടിപ്പറഞ്ഞു. “ഞാൻ എന്റെ ന്യായപ്രമാണം [നിയമം] അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും.” (യിരെമ്യാവു 31:⁠31-34) പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശു, തന്റെ അനുഗാമികൾക്ക്‌ ഒരു ലിഖിത നിയമസംഹിത കൊടുത്തില്ല. താൻ പറയുകയും പ്രവർത്തിക്കുകയും ചെയ്‌ത കാര്യങ്ങളിലൂടെ അവൻ യഹോവയുടെ നിയമം ശിഷ്യന്മാരുടെ മനസ്സിലും ഹൃദയത്തിലും നട്ടുവളർത്തി.

7. “ക്രിസ്‌തുവിന്റെ ന്യായപ്രമാണം” ആദ്യം ആർക്കാണു ലഭിച്ചത്‌, പിന്നീട്‌ ആർ അതു സ്വീകരിച്ചു?

7 ഈ നിയമം “ക്രിസ്‌തുവിന്റെ ന്യായപ്രമാണം” എന്നാണു വിളിക്കപ്പെടുന്നത്‌. ഇത്‌ യാക്കോബിന്റെ പിന്തുടർച്ചക്കാരായ ജഡിക ഇസ്രായേൽ ജനതയ്‌ക്കല്ല, മറിച്ച്‌ ഒരു ആത്മീയ ജനതയായ ‘ദൈവത്തിന്റെ ഇസ്രായേലിന്‌’ ആണ്‌ ആദ്യം ലഭിച്ചത്‌. (ഗലാത്യർ 6:⁠2, 16; റോമർ 2:⁠28, 29) ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ ചേർന്നതാണ്‌ ദൈവത്തിന്റെ ഇസ്രായേൽ. കാലാന്തരത്തിൽ, യഹോവയെ ആരാധിക്കാൻ ആഗ്രഹിക്കുന്ന, സകല ജനതകളിൽനിന്നുമുള്ള ഒരു “മഹാപുരുഷാരം” അവരോടു ചേർന്നു. (വെളിപ്പാടു 7:⁠9, 10; സെഖര്യാവു 8:⁠23) “ഒരിടയനു” കീഴിലുള്ള “ഒരാട്ടിൻകൂട്ട”മെന്ന നിലയിൽ വർത്തിക്കുന്ന ഇരുകൂട്ടരും “ക്രിസ്‌തുവിന്റെ ന്യായപ്രമാണം” സ്വീകരിക്കുകയും തങ്ങളുടെ സകല പ്രവൃത്തികളെയും ഭരിക്കാൻ അതിനെ അനുവദിക്കുകയും ചെയ്യുന്നു.​—⁠യോഹന്നാൻ 10:⁠16.

8. മോശൈക ന്യായപ്രമാണവും ക്രിസ്‌തുവിന്റെ ന്യായപ്രമാണവും തമ്മിലുള്ള ഒരു വ്യത്യാസം എന്തായിരുന്നു?

8 ജഡിക ഇസ്രായേല്യർ ജന്മനാ ന്യായപ്രമാണത്തിൻകീഴിൽ ആയിരുന്നു. എന്നാൽ ക്രിസ്‌ത്യാനികൾ, ക്രിസ്‌തുവിന്റെ ന്യായപ്രമാണത്തിൻകീഴിൽ ആയിരിക്കാൻ സ്വമേധയാ തീരുമാനിക്കുകയാണു ചെയ്യുന്നത്‌, അക്കാര്യത്തിൽ വർഗവും ദേശവും ഒക്കെ അപ്രസക്തമാണ്‌. അവർ യഹോവയെയും അവന്റെ വഴികളെയും കുറിച്ചു പഠിക്കുകയും അവന്റെ ഇഷ്ടം ചെയ്യാൻ വാഞ്‌ഛിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ നിയമം ‘ഉള്ളിൽ’ അഥവാ ‘ഹൃദയത്തിൽ’ എഴുതപ്പെട്ട അഭിഷിക്ത ക്രിസ്‌ത്യാനികൾ, കേവലം അനുസരണക്കേടു കാണിക്കുന്നവരെ ദൈവം ശിക്ഷിക്കുമെന്ന ഭയം നിമിത്തമോ അനുസരിക്കുന്നതു തങ്ങളുടെ കടമയാണെന്ന ചിന്തയിൽനിന്നോ അല്ല ദൈവത്തെ അനുസരിക്കുന്നത്‌. കൂടുതൽ അടിസ്ഥാനപരവും ശക്തവും ആയ മറ്റൊരു സംഗതിയാണ്‌ അവരുടെ അനുസരണത്തിന്‌ ആധാരം. ദൈവത്തിന്റെ നിയമം ഹൃദയത്തിൽ ഉള്ളതിനാൽ വേറെ ആടുകളിൽപ്പെട്ടവരും സമാനമായ അനുസരണം പ്രകടമാക്കുന്നു.

സ്‌നേഹത്തിൽ അധിഷ്‌ഠിതമായ നിയമങ്ങൾ

9. യഹോവയുടെ നിയമങ്ങളുടെ അന്തഃസത്ത സ്‌നേഹമാണെന്ന്‌ യേശു സൂചിപ്പിച്ചത്‌ എങ്ങനെ?

9 യഹോവയുടെ എല്ലാ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അന്തഃസത്ത ഒരു വാക്കിൽ സംഗ്രഹിക്കാം: സ്‌നേഹം. അത്‌ എക്കാലവും സത്യാരാധനയുടെ അനിവാര്യ ഘടകമായിരുന്നിട്ടുണ്ട്‌, അങ്ങനെ ആയിരിക്കുകയും ചെയ്യും. ന്യായപ്രമാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൽപ്പന ഏതെന്ന ചോദ്യത്തിന്‌ യേശു ഇങ്ങനെ ഉത്തരം നൽകി: “നിന്റെ ദൈവമായ കർത്താവിനെ [യഹോവയെ] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.” ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കൽപ്പന, “കൂട്ടുകാരനെ” അഥവാ അയൽക്കാരനെ “നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” എന്നതാണെന്ന്‌ അവൻ പറഞ്ഞു. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഈ രണ്ടു കല്‌പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു.” (മത്തായി 22:⁠35-40) അങ്ങനെ, പത്തു കൽപ്പനകൾ സഹിതമുള്ള ന്യായപ്രമാണം മാത്രമല്ല, മുഴു എബ്രായ തിരുവെഴുത്തുകളും സ്‌നേഹത്തിൽ അധിഷ്‌ഠിതമാണെന്ന്‌ യേശു സൂചിപ്പിച്ചു.

10. സ്‌നേഹം ക്രിസ്‌തുവിന്റെ നിയമത്തിന്റെ മുഖ്യഭാഗമാണെന്നു നമുക്ക്‌ എങ്ങനെ അറിയാം?

10 ദൈവത്തോടും മനുഷ്യരോടും ഉള്ള സ്‌നേഹം തന്നെയാണോ ക്രിസ്‌ത്യാനികളുടെ ഹൃദയത്തിലെ നിയമങ്ങളുടെയും അടിസ്ഥാനം? തീർച്ചയായും! ദൈവത്തോടുള്ള ഹൃദയംഗമമായ സ്‌നേഹം ക്രിസ്‌തുവിന്റെ നിയമത്തിൽ ഉൾപ്പെടുന്നു, കൂടാതെ ക്രിസ്‌ത്യാനികൾക്കു പരസ്‌പരം ആത്മത്യാഗപരമായ സ്‌നേഹം ഉണ്ടായിരിക്കണമെന്നുള്ള ഒരു പുതിയ കൽപ്പനയും അതിൽപ്പെടുന്നു, സ്‌നേഹിതന്മാർക്കുവേണ്ടി മനസ്സോടെ ജീവൻ കൊടുത്തുകൊണ്ട്‌ യേശു ശിഷ്യന്മാരെ സ്‌നേഹിച്ചതുപോലെ പരസ്‌പരം സ്‌നേഹിക്കണമെന്നുതന്നെ. ദൈവത്തെ സ്‌നേഹിക്കാനും താൻ അവരെ സ്‌നേഹിച്ചതുപോലെ പരസ്‌പരം സ്‌നേഹിക്കാനും യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. യഥാർഥ ക്രിസ്‌ത്യാനികളെ തിരിച്ചറിയിക്കുന്ന പ്രധാന ഗുണം അവർക്കിടയിലെ സവിശേഷ സ്‌നേഹമാണ്‌. (യോഹന്നാൻ 13:⁠34, 35; 15:⁠12, 13) ശത്രുക്കളെ സ്‌നേഹിക്കാൻപോലും അവൻ അവരെ പ്രബോധിപ്പിച്ചു.​—⁠മത്തായി 5:⁠44.

11. ദൈവത്തോടും മനുഷ്യരോടും ഉള്ള സ്‌നേഹം യേശു പ്രകടമാക്കിയത്‌ എങ്ങനെ?

11 സ്‌നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിൽ യേശു സമ്പൂർണ മാതൃകവെച്ചു. സ്വർഗത്തിൽ ശക്തനായ ഒരു ആത്മജീവിയായിരുന്ന അവൻ, തന്റെ പിതാവിന്റെ ഭൗമിക താത്‌പര്യങ്ങൾ ഉന്നമിപ്പിക്കാനുള്ള അവസരം സന്തോഷപൂർവം സ്വീകരിച്ചു. ആളുകൾ നിത്യജീവൻ പ്രാപിക്കേണ്ടതിനു തന്റെ ജീവൻ ബലിയർപ്പിച്ചതിനു പുറമേ, ജീവിക്കേണ്ടത്‌ എങ്ങനെയെന്ന്‌ അവൻ അവർക്കു കാണിച്ചുകൊടുക്കുകയും ചെയ്‌തു. അവൻ താഴ്‌മയും ദയയും പരിഗണനയും പ്രകടമാക്കുകയും ദുരിതമനുഭവിക്കുന്നവരെയും അടിച്ചമർത്തപ്പെട്ടവരെയും സഹായിക്കുകയും ചെയ്‌തു. യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ അക്ഷീണം പ്രയത്‌നിച്ചുകൊണ്ട്‌ “നിത്യജീവന്റെ വചനങ്ങൾ” അവൻ മറ്റുള്ളവർക്കു പകർന്നുകൊടുത്തു.​—⁠യോഹന്നാൻ 6:⁠68.

12. ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്‌നേഹം ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നുവെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

12 ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്‌നേഹം വാസ്‌തവത്തിൽ ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ പ്രസ്‌താവിച്ചു: “സ്‌നേഹം ദൈവത്തിൽനിന്നു വരുന്നു. . . . ഞാൻ ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്‌നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്‌നേഹിപ്പാൻ കഴിയുന്നതല്ല.” (1 യോഹന്നാൻ 4:⁠7, 20, 21എ) സ്‌നേഹത്തിന്റെ ഉറവിടവും മൂർത്തിമത്‌ഭാവവും ആണ്‌ യഹോവ. അവന്റെ സകല പ്രവൃത്തികളെയും സ്‌നേഹം സ്വാധീനിക്കുന്നു. അവന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ്‌ നമുക്കു സ്‌നേഹം പ്രകടിപ്പിക്കാൻ കഴിയുന്നത്‌. (ഉല്‌പത്തി 1:⁠27) അയൽക്കാരനെ സ്‌നേഹിക്കുന്നതിലൂടെ ദൈവത്തോടുള്ള സ്‌നേഹമാണു നാം പ്രകടിപ്പിക്കുന്നത്‌.

സ്‌നേഹം അനുസരണത്തെ അർഥമാക്കുന്നു

13. ദൈവത്തെ സ്‌നേഹിക്കുന്നതിന്‌ നാം ആദ്യം എന്തു ചെയ്യണം?

13 അദൃശ്യനായ ദൈവത്തെ നമുക്ക്‌ എങ്ങനെയാണു സ്‌നേഹിക്കാൻ കഴിയുക? അവനെ അറിയുകയെന്നതാണ്‌ അതിപ്രധാനമായ ആദ്യപടി. അപരിചിതനായ ഒരാളെ സ്‌നേഹിക്കാനോ ആശ്രയിക്കാനോ നമുക്കു കഴിയുകയില്ല. അതുകൊണ്ട്‌ ദൈവവചനം വായിച്ചുകൊണ്ടും പ്രാർഥിച്ചുകൊണ്ടും, അവനെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരുമായി സഹവസിച്ചുകൊണ്ടും ദൈവത്തെ അറിയാൻ അവന്റെ വചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സങ്കീർത്തനം 1:⁠1, 2; ഫിലിപ്പിയർ 4:⁠6; എബ്രായർ 10:⁠25) ദൈവത്തെക്കുറിച്ചു മനസ്സിലാക്കാൻ നാലു സുവിശേഷങ്ങൾ വിശേഷിച്ചു മൂല്യവത്താണ്‌, കാരണം യേശുവിന്റെ ജീവിതത്തിലും ശുശ്രൂഷയിലും യഹോവയുടെ വ്യക്തിത്വം പ്രതിഫലിച്ചത്‌ എങ്ങനെയെന്ന്‌ അവ വെളിപ്പെടുത്തുന്നു. ദൈവത്തെ അറിയുകയും അവൻ നമ്മോടു കാണിച്ച സ്‌നേഹം വിലമതിക്കുകയും ചെയ്യുമ്പോൾ, അവനെ അനുസരിക്കാനും അവന്റെ വ്യക്തിത്വം അനുകരിക്കാനും ഉള്ള ആഗ്രഹം പൂർവാധികം ശക്തമാകും. അതേ, ദൈവത്തോടുള്ള സ്‌നേഹത്തിൽ അനുസരണം ഉൾപ്പെട്ടിരിക്കുന്നു.

14. ദൈവത്തിന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

14 ആരെയെങ്കിലും സ്‌നേഹിക്കുമ്പോൾ നാം അയാളുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കുകയും തദനുസരണം പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ചെയ്യും. സ്‌നേഹിക്കുന്നവരെ അപ്രീതിപ്പെടുത്താൻ നാം ആഗ്രഹിക്കുകയില്ല. അപ്പൊസ്‌തലനായ യോഹന്നാൻ എഴുതുന്നു: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം; അവന്റെ കല്‌പനകൾ ഭാരമുള്ളവയല്ല.” (1 യോഹന്നാൻ 5:⁠3) ദൈവകൽപ്പനകൾ ഭാരമുള്ളവയല്ലെന്നു മാത്രമല്ല എണ്ണത്തിൽ ചുരുക്കവുമാണ്‌, സ്‌നേഹമാണു നമ്മെ നയിക്കുന്നത്‌. ഓരോ പ്രവൃത്തിയും ചെയ്യുന്നതിന്‌ വിപുലമായ ഒരു നിയമസംഹിത നാം ഓർത്തുവെക്കേണ്ടതില്ല, കാരണം ദൈവത്തോടുള്ള സ്‌നേഹമാണ്‌ നമ്മെ വഴിനയിക്കുന്നത്‌. നാം യഥാർഥത്തിൽ സ്‌നേഹിക്കുന്നവർക്കുവേണ്ടി സേവനം ചെയ്യുന്നത്‌ നമുക്കു സന്തോഷം കൈവരുത്തുന്നു, അക്കാരണത്താൽ ദൈവത്തിന്റെ നിയമങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം ഭാരമുള്ളവയല്ല. നാം ദൈവത്തെ സ്‌നേഹിക്കുന്നെങ്കിൽ അവന്റെ ഇഷ്ടം ചെയ്യാൻ നമുക്കു സന്തോഷമായിരിക്കും. അങ്ങനെ നാം അവന്റെ അംഗീകാരം നേടുകയും നമുക്കുതന്നെ പ്രയോജനം കൈവരുത്തുകയും ചെയ്യും, കാരണം അവന്റെ മാർഗനിർദേശം എല്ലായ്‌പോഴും നമുക്കു പ്രയോജനം ചെയ്യുന്നു.​—⁠യെശയ്യാവു 48:⁠17.

15. യഹോവയെ അനുകരിക്കാൻ എന്തു നമ്മെ പ്രചോദിപ്പിക്കും? വിശദീകരിക്കുക.

15 ദൈവത്തോടുള്ള സ്‌നേഹം അവന്റെ ഗുണങ്ങൾ അനുകരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഒരു വ്യക്തിയെ സ്‌നേഹിക്കുമ്പോൾ നാം അയാളുടെ ഗുണങ്ങളെ ആദരിക്കുകയും അയാളെപ്പോലെ ആയിരിക്കാൻ ശ്രമിക്കുകയും ചെയ്യും. യഹോവയും യേശുവും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ചു ചിന്തിക്കുക. ശതകോടിക്കണക്കിനു വർഷങ്ങൾ അവർ സ്വർഗത്തിൽ ഒരുമിച്ചുണ്ടായിരുന്നു. ഈ കാലയളവിൽ അവർക്കിടയിൽ നിർമലവും അഗാധവും ആയ സ്‌നേഹബന്ധം വികാസം പ്രാപിച്ചു. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു ശിഷ്യന്മാരോടു പറയാൻ കഴിയുന്ന അളവോളം, യേശു സ്വർഗീയ പിതാവിനെപ്പോലെ ആയിരുന്നു. (യോഹന്നാൻ 14:⁠9) യഹോവയെയും അവന്റെ പുത്രനെയും കുറിച്ചുള്ള പരിജ്ഞാനവും അവരോടുള്ള വിലമതിപ്പും ആർജിക്കുമ്പോൾ അവരെപ്പോലെ ആയിത്തീരാൻ നാം പ്രചോദിതരാകും. യഹോവയോടുള്ള നമ്മുടെ സ്‌നേഹവും അവന്റെ ആത്മാവിന്റെ സഹായവും ‘പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞ്‌ പുതിയ മനുഷ്യനെ ധരിക്കാൻ’ നമ്മെ പ്രാപ്‌തരാക്കും.—കൊലൊസ്സ്യർ 3:⁠9, 10; ഗലാത്യർ 5:⁠22, 23.

സ്‌നേഹം പ്രവൃത്തിപഥത്തിൽ

16. ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്‌നേഹം നമ്മുടെ പ്രസംഗ-പഠിപ്പിക്കൽ വേലയിൽ പ്രകടമാകുന്നത്‌ എങ്ങനെ?

16 ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്‌നേഹം, ക്രിസ്‌ത്യാനികളെന്ന നിലയിൽ രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ പങ്കുപറ്റുന്നതിനു നമ്മെ പ്രചോദിപ്പിക്കാൻ നാം അനുവദിക്കുന്നു. ആ വേലയിൽ ഏർപ്പെടുകവഴി “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്ന” യഹോവയെ നാം പ്രസാദിപ്പിക്കുന്നു. (1 തിമൊഥെയൊസ്‌ 2:⁠3, 4) അപ്രകാരം, മറ്റുള്ളവരുടെ ഹൃദയത്തിൽ ക്രിസ്‌തുവിന്റെ നിയമം എഴുതാൻ സഹായിച്ചുകൊണ്ട്‌ നമുക്കു സന്തോഷം കണ്ടെത്താൻ കഴിയും. മാത്രമല്ല, യഹോവയുടെ ദിവ്യഗുണങ്ങൾ പ്രതിഫലിപ്പിക്കത്തക്കവിധം വ്യക്തിത്വത്തിൽ പരിവർത്തനം വരുത്തി അവർ പുരോഗമിക്കുന്നതു കാണുന്നതും നമുക്കു സന്തോഷം പകരുന്നു. (2 കൊരിന്ത്യർ 3:⁠18) ദൈവത്തെ അറിയാൻ ആളുകളെ സഹായിക്കുകയെന്നതാണു വാസ്‌തവത്തിൽ മറ്റുള്ളവർക്കുവേണ്ടി നമുക്കു നൽകാൻ കഴിയുന്ന ഏറ്റവും വിശിഷ്ടമായ സമ്മാനം. യഹോവയുടെ സൗഹൃദം സ്വീകരിക്കുന്നവർക്കു നിത്യതയിലുടനീളം ആ സൗഹൃദം ആസ്വദിക്കാൻ കഴിയും.

17. ഭൗതിക വസ്‌തുക്കൾക്കുപരിയായി, ദൈവത്തോടും അയൽക്കാരനോടും സ്‌നേഹം നട്ടുവളർത്തുന്നതു ജ്ഞാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 ഭൗതിക വസ്‌തുക്കൾക്ക്‌ ആളുകൾ അങ്ങേയറ്റം മൂല്യം കൽപ്പിക്കുന്ന, അവയെ സ്‌നേഹിക്കുകപോലും ചെയ്യുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്‌. എന്നാൽ, ഭൗതിക വസ്‌തുക്കൾ എന്നും നിലനിൽക്കുന്നില്ല. അവ മോഷ്ടിക്കപ്പെടുകയോ നശിച്ചുപോകുകയോ ചെയ്‌തേക്കാം. (മത്തായി 6:⁠19) ബൈബിൾ നമുക്ക്‌ ഈ മുന്നറിയിപ്പു നൽകുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:⁠16, 17) അതേ, യഹോവ എന്നേക്കും ജീവിക്കുന്നവനാണ്‌, അവനെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരും അങ്ങനെതന്നെ. അങ്ങനെയെങ്കിൽ, വളരെ മൂല്യമുള്ളതായി കാണപ്പെട്ടേക്കാവുന്ന നശ്വരമായ ഭൗതിക വസ്‌തുക്കളെക്കാൾ, ദൈവത്തോടും മനുഷ്യരോടും ഉള്ള സ്‌നേഹം നട്ടുവളർത്തുന്നതല്ലേ ജ്ഞാനപൂർവകമായ ഗതി?

18 ഒരു മിഷനറി ആത്മത്യാഗപരമായ സ്‌നേഹം പ്രകടിപ്പിച്ചത്‌ എങ്ങനെ?

18 സ്‌നേഹത്തിന്റെ മാർഗം പിൻപറ്റുന്നവർ യഹോവയ്‌ക്കു സ്‌തുതി കരേറ്റുന്നു. സെനെഗലിൽ ഒരു മിഷനറിയായി സേവിക്കുന്ന സോണ്യയുടെ കാര്യമെടുക്കുക. അവിശ്വാസിയായ ഭർത്താവിൽനിന്ന്‌ എച്ച്‌ഐവി വൈറസ്‌ ബാധിച്ച, ഹൈഡി എന്ന സ്‌ത്രീക്ക്‌ അവർ ബൈബിളധ്യയനം നടത്തിയിരുന്നു. ഭർത്താവിന്റെ മരണശേഷം ഹൈഡി സ്‌നാപനമേറ്റു. പക്ഷേ, പെട്ടെന്നുതന്നെ അവരുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി, ഒടുവിൽ എയ്‌ഡ്‌സ്‌ ബാധിതയായ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോണ്യ വിശദീകരിക്കുന്നു: “ആശുപത്രി ജോലിക്കാർ അവരുടെ പരമാവധി ചെയ്‌തു, എന്നാൽ ജോലിക്കാരുടെ എണ്ണം പരിമിതമായിരുന്നു. ഹൈഡിയെ ശുശ്രൂഷിക്കാൻ സഭയിൽനിന്നുള്ള സ്വമേധയാ സേവകരുടെ സഹായം തേടി. രണ്ടാം ദിവസം രാത്രി, ഞാൻ അവരുടെ കിടക്കയ്‌ക്ക്‌ അടുത്തായി ഒരു പായയിൽ ഇരുന്നുകൊണ്ട്‌ മരിക്കുവോളം അവരെ ശുശ്രൂഷിക്കുന്നതിൽ സഹായിച്ചു. അവരെ പരിചരിച്ചിരുന്ന ഡോക്ടർ ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഇതാണ്‌: രോഗം എയ്‌ഡ്‌സ്‌ ആണെന്നറിഞ്ഞാൽ, സ്വന്തക്കാർപോലും രോഗികളെ ഉപേക്ഷിച്ചുപോകുകയാണു പതിവ്‌. എന്നാൽ ബന്ധുവോ സ്വന്തം രാജ്യക്കാരിയോ സ്വന്തം വർഗക്കാരിയോപോലും അല്ലാത്ത നിങ്ങൾ, രോഗം പകരാൻ സാധ്യതയുണ്ടായിട്ടും അവരെ ശുശ്രൂഷിക്കാൻ തയ്യാറാകുന്നത്‌ എന്തുകൊണ്ടാണ്‌?’ അവർ എനിക്കു സ്വന്തം സഹോദരിയെപ്പോലെ ആണെന്നും അത്തരമൊരു അടുപ്പം ഞങ്ങൾ തമ്മിലുണ്ടെന്നും ഞാൻ വിശദീകരിച്ചു. ഹൈഡിയോടുള്ള സ്‌നേഹബന്ധം നിമിത്തം അവരെ ശുശ്രൂഷിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ.” ഹൈഡിയെ ശുശ്രൂഷിക്കുന്നതിനുള്ള സ്‌നേഹപൂർവകമായ ശ്രമങ്ങൾ സോണ്യയെ യാതൊരു തരത്തിലും ദോഷകരമായി ബാധിച്ചില്ല.

19. ദൈവത്തിന്റെ നിയമം ഹൃദയത്തിൽ ഉണ്ടായിരിക്കെ, നാം എന്തു ചെയ്യണം?

19 യഹോവയുടെ സേവകർക്കിടയിൽ ആത്മത്യാഗമനോഭാവത്തിനു ധാരാളം ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും. ഇന്ന്‌ ദൈവജനത്തെ തിരിച്ചറിയിക്കുന്നത്‌ ഏതെങ്കിലും ലിഖിത നിയമസംഹിതയല്ല. മറിച്ച്‌, എബ്രായർ 8:⁠10-ൽ എഴുതപ്പെട്ടിരിക്കുന്നതിന്റെ നിവൃത്തി നാം കാണുന്നു. അവിടെ, യഹോവ പറയുന്നു: “ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽ ഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.” സ്‌നേഹം പ്രകടിപ്പിക്കാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട്‌, യഹോവ നമ്മുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്ന സ്‌നേഹത്തിന്റെ നിയമത്തെ നമുക്ക്‌ എന്നും അമൂല്യമായി കണക്കാക്കാം.

20. ക്രിസ്‌തുവിന്റെ ന്യായപ്രമാണം അമൂല്യമായ ഒരു സമ്പത്തായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

20 അത്തരം സ്‌നേഹം പ്രകടമാക്കുന്ന ലോകവ്യാപക സഹോദരവർഗത്തോടൊത്തു ദൈവത്തെ സേവിക്കുന്നത്‌ എത്ര സന്തോഷകരമാണ്‌! ഹൃദയത്തിൽ ക്രിസ്‌തുവിന്റെ നിയമം ഉള്ളവർ സ്‌നേഹരഹിതമായ ഈ ലോകത്തിൽ അമൂല്യമായ ഒരു സമ്പത്ത്‌ സ്വന്തമാക്കിയിരിക്കുകയാണ്‌. അവർ യഹോവയുടെ സ്‌നേഹം ആസ്വദിക്കുന്നുവെന്നു മാത്രമല്ല, സഹോദരവർഗത്തിനിടയിലെ ശക്തമായ സ്‌നേഹബന്ധത്തിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” യഹോവയുടെ സാക്ഷികൾ വ്യത്യസ്‌ത ദേശക്കാരും ഭാഷക്കാരും സാംസ്‌കാരിക പശ്ചാത്തലത്തിൽനിന്നുള്ളവരും ആണെങ്കിലും അവർ മതപരമായി ആസ്വദിക്കുന്ന ഐക്യം അതുല്യമാണ്‌. ഈ ഐക്യം യഹോവയുടെ പ്രീതി കൈവരുത്തുന്നു. സങ്കീർത്തനക്കാരൻ ഇങ്ങനെ തുടരുന്നു: ‘അവിടെ [സ്‌നേഹത്തിൽ ഏകീഭവിച്ചിരിക്കുന്ന ജനത്തിനിടയിൽ] യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്‌പിച്ചിരിക്കുന്നു.’​—⁠സങ്കീർത്തനം 133:⁠1-3.

നിങ്ങൾക്ക്‌ ഉത്തരം പറയാമോ?

• പത്തു കൽപ്പനകൾ എത്രത്തോളം പ്രാധാന്യമുള്ളവ ആയിരുന്നു?

• ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന നിയമം എന്താണ്‌?

• “ക്രിസ്‌തുവിന്റെ ന്യായപ്രമാണ”ത്തിൽ സ്‌നേഹത്തിനുള്ള പങ്കെന്ത്‌?

• ദൈവത്തോടും മനുഷ്യരോടും ഉള്ള സ്‌നേഹം ഏതെല്ലാം വിധങ്ങളിൽ നമുക്കു പ്രകടിപ്പിക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[25-ാം പേജിലെ ചിത്രം]

ഇസ്രായേല്യർക്ക്‌ കൽപ്പലകകളിൽ എഴുതിയ നിയമങ്ങൾ ഉണ്ടായിരുന്നു

[26-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌ത്യാനികൾക്ക്‌ ഹൃദയത്തിൽ ദൈവത്തിന്റെ ലിഖിത നിയമം ഉണ്ട്‌

[28-ാം പേജിലെ ചിത്രം]

2004-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സെനെഗലിൽനിന്നുള്ള ഒരു കുട്ടിയോടൊത്ത്‌ സോണ്യ