വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദ്യകാല ജർമൻ ബൈബിളിൽ ദൈവനാമം

ആദ്യകാല ജർമൻ ബൈബിളിൽ ദൈവനാമം

ആദ്യകാല ജർമൻ ബൈബിളിൽ ദൈവനാമം

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തൊന്നിൽ ജർമൻ ഭാഷയിൽ പ്രസിദ്ധീകരിച്ച വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ * 7,000-ത്തിലധികം പ്രാവശ്യം ദൈവത്തിന്റെ വ്യക്തിപരമായ നാമം കാണപ്പെടുന്നുണ്ട്‌. എന്നാൽ, ദൈവനാമം ഉപയോഗിക്കുന്ന ആദ്യത്തെ ജർമൻ ബൈബിളായിരുന്നില്ല അത്‌. ഏകദേശം 500 വർഷം മുമ്പ്‌, ഒരു റോമൻ കത്തോലിക്കാ ദൈവശാസ്‌ത്ര പണ്ഡിതനായിരുന്ന യോഹാൻ എക്‌ പ്രസിദ്ധീകരിച്ച ബൈബിളാണ്‌ ദൈവനാമം ഉള്ള ആദ്യത്തെ ജർമൻ ബൈബിളെന്നു തോന്നുന്നു.

ദക്ഷിണ ജർമനിയിൽ 1486-ലാണ്‌ യോഹാൻ എക്‌ ജനിക്കുന്നത്‌. 24-ാം വയസ്സിൽ അദ്ദേഹം ഇൻഗോൾസ്റ്റവഡ്‌റ്റ്‌ സർവകലാശാലയിലെ ദൈവശാസ്‌ത്ര പ്രൊഫസർ ആയിത്തീർന്നു. 1543-ൽ മരിക്കുന്നതുവരെ അദ്ദേഹം ആ ഔദ്യോഗികപദവിയിൽ തുടർന്നു. മാർട്ടിൻ ലൂഥറിന്റെ സമകാലികനായിരുന്നു അദ്ദേഹം. ഇരുവരും കുറെക്കാലത്തേക്കു സുഹൃത്തുക്കളുമായിരുന്നു. എന്നാൽ, കാലാന്തരത്തിൽ ലൂഥർ മതനവീകരണ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേക്കു വരുകയും എക്‌ കത്തോലിക്കാ സഭയുടെ വക്താവായി തുടരുകയും ചെയ്‌തു.

ബൈബിൾ ജർമൻ ഭാഷയിലേക്കു വിവർത്തനം ചെയ്യാൻ ബവേറിയയിലെ ഡ്യൂക്ക്‌, എക്കിനെ ചുമതലപ്പെടുത്തി. 1537-ൽ ആ ഭാഷാന്തരം പ്രസിദ്ധീകരിക്കപ്പെട്ടു. കിർഹിലിഹെസ്‌ ഹാൻഡ്‌ലെക്‌സികോൺ പറയുന്നതനുസരിച്ച്‌, മൂലപാഠത്തോട്‌ അങ്ങേയറ്റം വിശ്വസ്‌തത പുലർത്തിയിരിക്കുന്ന ആ പരിഭാഷയ്‌ക്ക്‌ “ഇതുവരെയും അർഹമായ അംഗീകാരം ലഭിച്ചിട്ടില്ല.” എക്കിന്റെ പരിഭാഷയിൽ പുറപ്പാടു 6:3 ഇപ്രകാരം വായിക്കുന്നു: “അബ്രാഹാമിനും യിസ്‌ഹാക്കിനും യാക്കോബിനും പ്രത്യക്ഷപ്പെട്ട സർവശക്തിയുള്ള ദൈവമായ കർത്താവാകുന്നു ഞാൻ: അഡോനായ്‌ എന്ന എന്റെ പേര്‌ ഞാൻ അവർക്കു വെളിപ്പെടുത്തിക്കൊടുത്തിട്ടില്ല.” എക്‌ ഈ വാക്യത്തെക്കുറിച്ച്‌ മാർജിനിൽ ഇങ്ങനെ പറഞ്ഞു: “അഡോനായ്‌ ജെഹൊവ എന്ന പേർ.” ദൈവനാമം ഒരു ജർമൻ ബൈബിളിൽ കാണപ്പെടുന്ന ആദ്യ സന്ദർഭമാണ്‌ ഇതെന്നു പല ബൈബിൾ പണ്ഡിതന്മാരും കരുതുന്നു.

എങ്കിലും ആയിരക്കണക്കിനു വർഷങ്ങളായി ദൈവത്തിന്റെ വ്യക്തിപരമായ നാമം അറിയപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്‌തിരുന്നു. എബ്രായ ഭാഷയിൽ “യഹോവ” എന്ന ഇതിന്റെ ഏറ്റവും ആദ്യത്തെ ലിഖിതരൂപം ഏകസത്യദൈവത്തെ തിരിച്ചറിയിക്കാനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. (ആവർത്തനപുസ്‌തകം 6:4) താൻ ദൈവനാമം വെളിപ്പെടുത്തിയിരിക്കുന്നുവെന്ന യേശുവിന്റെ പ്രസ്‌താവന ഏകദേശം 2,000 വർഷം മുമ്പ്‌ ഗ്രീക്ക്‌ ഭാഷയിൽ രേഖപ്പെടുത്തപ്പെട്ടു. (യോഹന്നാൻ 17:6) അന്നുമുതൽ, നിരവധി ഭാഷകളിൽ ആ പേര്‌ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, യഹോവ മാത്രമാണ്‌ സർവഭൂമിക്കുംമീതെ അത്യുന്നതനെന്ന്‌ സങ്കീർത്തനം 83:​18-ന്റെ നിവൃത്തിയായി സകലരും അറിയും.

[അടിക്കുറിപ്പ്‌]

^ ഖ. 2 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌. ആദ്യമുദ്രണം ഇംഗ്ലീഷിൽ, 1961. ഇപ്പോൾ പൂർണമായോ ഭാഗികമായോ 50-ലധികം ഭാഷകളിൽ ലഭ്യമാണ്‌.

[32-ാം പേജിലെ ചിത്രം]

എക്‌ പരിഭാഷപ്പെടുത്തിയ ബൈബിളിന്റെ 1558-ലെ ഒരു പതിപ്പ്‌, പുറപ്പാടു 6:​3-ലെ യഹോവ എന്ന പേർ മാർജിനിൽ പരാമർശിച്ചിരിക്കുന്നു