വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ നടക്കും

നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ നടക്കും

നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ നടക്കും

‘നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.’​—⁠മീഖാ 4:⁠5.

1. നോഹയുടെ നാളുകളിലെ ധാർമിക നിലവാരം എങ്ങനെയുള്ളത്‌ ആയിരുന്നു, നോഹ വ്യത്യസ്‌തനായിരുന്നത്‌ എങ്ങനെ?

ദൈവത്തോടുകൂടെ നടന്നതായി ബൈബിൾ പരാമർശിക്കുന്ന ആദ്യവ്യക്തി ഹാനോക്ക്‌ ആണ്‌, രണ്ടാമത്തെയാൾ നോഹയും. ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്‌കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.” (ഉല്‌പത്തി 6:⁠9) നോഹയുടെ കാലമായപ്പോഴേക്കും മനുഷ്യവർഗം പൊതുവേ സത്യാരാധനയിൽനിന്ന്‌ അകന്നുപോയിരുന്നു. സ്‌ത്രീകളുമായി പ്രകൃതിവിരുദ്ധ ബന്ധത്തിലേർപ്പെട്ട്‌ അമാനുഷ സന്തതികളെ ജനിപ്പിച്ച അവിശ്വസ്‌ത ദൂതന്മാർ സാഹചര്യം കൂടുതൽ വഷളാക്കി. അവരുടെ സന്തതികളായ നെഫിലിം അക്കാലത്തെ “വീരന്മാർ” അഥവാ “കീർത്തിപ്പെട്ട പുരുഷന്മാർ” ആയിരുന്നു. ലോകം അക്രമംകൊണ്ടു നിറഞ്ഞതിൽ യാതൊരു അതിശയവുമില്ല! (ഉല്‌പത്തി 6:⁠2, 4, 11) എന്നിരുന്നാലും നോഹ താൻ നിഷ്‌കളങ്കനാണെന്നു തെളിയിച്ചു, അവൻ ഒരു “നീതിപ്രസംഗി” ആയിരുന്നു. (2 പത്രൊസ്‌ 2:⁠5) ജീവസംരക്ഷണാർഥം ഒരു പെട്ടകം പണിയാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ അനുസരണപൂർവം “ദൈവം തന്നോടു കല്‌പിച്ചതൊക്കെയും നോഹ ചെയ്‌തു; അങ്ങനെ തന്നേ അവൻ ചെയ്‌തു.” (ഉല്‌പത്തി 6:⁠22) അതേ, നോഹ ദൈവത്തോടുകൂടെ നടന്നു.

2, 3. നമുക്കായി നോഹ എന്തു മാതൃകവെച്ചു?

2 പിൻവരുംവിധം എഴുതിയപ്പോൾ പൗലൊസ്‌ നോഹയെ വിശ്വസ്‌തരുടെ പട്ടികയിൽ ഉൾപ്പെടുത്തി: “വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷെക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു.” (എബ്രായർ 11:⁠7) എത്ര ഉജ്ജ്വലമായ മാതൃക! യഹോവയുടെ വാക്കുകൾ സത്യമായിത്തീരുമെന്ന ഉറപ്പോടെ, ദൈവകൽപ്പന അനുസരിക്കുന്നതിനായി നോഹ സമയവും ഊർജവും വിഭവങ്ങളും ചെലവഴിച്ചു. സമാനമായി ഇന്ന്‌, ധാരാളം ആളുകൾ ഈ ലോകം വെച്ചുനീട്ടുന്ന അവസരങ്ങൾ ത്യജിച്ചുകൊണ്ട്‌ തങ്ങളുടെ സമയവും ഊർജവും വിഭവങ്ങളും യഹോവയുടെ കൽപ്പനകൾ അനുസരിക്കുന്നതിനായി ഉപയോഗിക്കുന്നു. അവരുടെ വിശ്വാസം ശ്രദ്ധേയമാണ്‌, അത്‌ അവരുടെതന്നെയും മറ്റുള്ളവരുടെയും രക്ഷയിൽ കലാശിക്കും.​—⁠ലൂക്കൊസ്‌ 16:⁠9; 1 തിമൊഥെയൊസ്‌ 4:⁠16.

3 മുൻ ലേഖനത്തിൽ നാം നോഹയുടെ പൂർവപിതാമഹനായിരുന്ന ഹാനോക്കിനെക്കുറിച്ചു കണ്ടു. വിശ്വാസം പ്രകടമാക്കുന്ന കാര്യത്തിൽ ഹാനോക്കിന്‌ അനുഭവപ്പെട്ട അതേ ബുദ്ധിമുട്ടുകൾ നോഹയ്‌ക്കും കുടുംബത്തിനും ഉണ്ടായിരുന്നിരിക്കണം. നോഹയുടെ കാലത്തും ഹാനോക്കിന്റെ നാളിലെന്നപോലെ സത്യാരാധകർ വിരലിലെണ്ണാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ​—⁠കേവലം എട്ടുപേരാണ്‌ വിശ്വസ്‌തരെന്നു തെളിയിക്കുകയും പ്രളയത്തെ അതിജീവിക്കുകയും ചെയ്‌തത്‌. അക്രമവും അധാർമികതയും കൊടികുത്തിവാണിരുന്ന ഒരു ലോകത്തിൽ നോഹ നീതി പ്രസംഗിച്ചു. മാത്രമല്ല, ആഗോള പ്രളയത്തിൽനിന്നു രക്ഷപ്പെടുന്നതിനായി നോഹയും കുടുംബവും ഒരു പെട്ടകം പണിയുകയും ചെയ്‌തു, മുമ്പൊരിക്കലും അവർ ഒരു പ്രളയം കണ്ടിട്ടില്ലെങ്കിലും. മറ്റുള്ളവർക്ക്‌ അതു വളരെ വിചിത്രമായി തോന്നിയിരിക്കണം.

4. നോഹയുടെ കാലത്തെ ആളുകളുടെ ഏതു പരാജയമാണ്‌ യേശു എടുത്തുപറഞ്ഞത്‌?

4 നോഹയുടെ നാളുകളെ പരാമർശിച്ചപ്പോൾ യേശു, അന്ന്‌ പരക്കെയുണ്ടായിരുന്ന അക്രമത്തെയോ വ്യാജമതത്തെയോ അധാർമികതയെയോ കുറിച്ചല്ല പറഞ്ഞത്‌ എന്നതു ശ്രദ്ധേയമാണ്‌. ഇക്കാര്യങ്ങൾ വളരെ ഗൗരവമുള്ളവയാണെങ്കിലും മുന്നറിയിപ്പിനു ശ്രദ്ധ കൊടുക്കാൻ ആളുകൾ വിസമ്മതിച്ചതിനെക്കുറിച്ചാണ്‌ യേശു എടുത്തുപറഞ്ഞത്‌. “നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു” എന്ന്‌ അവൻ പറഞ്ഞു. തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും വിവാഹത്തിനു കൊടുക്കുകയും ചെയ്യുന്നതിൽ തെറ്റായി എന്താണുള്ളത്‌? തങ്ങൾ “സാധാരണ” ജീവിതം നയിക്കുകയാണെന്നാണ്‌ ആ ആളുകൾ വിചാരിച്ചത്‌! എന്നാൽ ഒരു പ്രളയം വരാൻ പോകുകയായിരുന്നു. നോഹ നീതി പ്രസംഗിച്ചുകൊണ്ടിരുന്നു. അവന്റെ വാക്കുകളും പ്രവൃത്തികളും അവർക്ക്‌ ഒരു മുന്നറിയിപ്പായി വർത്തിക്കേണ്ടതായിരുന്നു. എന്നാൽ ‘ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞില്ല’ അഥവാ മുന്നറിയിപ്പു ഗൗനിച്ചില്ല.​—⁠മത്തായി 24:⁠38, 39.

5. നോഹയ്‌ക്കും കുടുംബത്തിനും എന്തെല്ലാം ഗുണങ്ങൾ ആവശ്യമായിരുന്നു?

5 ആ കാലത്തേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ നോഹയുടെ ജീവിതഗതി എത്ര ജ്ഞാനപൂർവകം ആയിരുന്നുവെന്നു നാം കാണുന്നു. എന്നിരുന്നാലും പ്രളയപൂർവ കാലത്ത്‌ മറ്റെല്ലാവരിൽനിന്നും വ്യത്യസ്‌തനായിരിക്കുന്നതിനു നല്ല ധൈര്യം ആവശ്യമായിരുന്നു. കൂറ്റൻ പെട്ടകം പണിയുന്നതിനും ജീവജാലങ്ങളെ അതിൽ നിറയ്‌ക്കുന്നതിനും നോഹയ്‌ക്കും കുടുംബത്തിനും ഉറച്ച വിശ്വാസം ഉണ്ടായിരിക്കണമായിരുന്നു. എണ്ണത്തിൽ നന്നേ ചുരുക്കമായിരുന്ന ആ വിശ്വസ്‌തരിൽ ചിലർ മറ്റുള്ളവരുടെ ശ്രദ്ധ അധികം ആകർഷിക്കാതെ ഒരു “സാധാരണ” ജീവിതം നയിക്കാൻ ചിലപ്പോഴെങ്കിലും ആശിച്ചിരിക്കുമോ? നൈമിഷികമായി അങ്ങനെ തോന്നിയിരിക്കാമെങ്കിൽപ്പോലും തങ്ങളുടെ വിശ്വസ്‌തത ദുർബലമാകാൻ അവർ അനുവദിച്ചില്ല. വളരെയേറെ വർഷങ്ങൾക്കുശേഷം​—⁠ഈ വ്യവസ്ഥിതിയിൽ നമുക്കാർക്കും അത്രയുംകാലം സഹിച്ചുനിൽക്കേണ്ടിവരില്ല​—⁠നോഹയുടെ വിശ്വാസം പ്രളയത്തെ അതിജീവിക്കുന്നതിലേക്ക്‌ അവനെ നയിച്ചു. എന്നാൽ, അവരുടെ നാളിൽ “സാധാരണ” ജീവിതം നയിക്കുകയും തങ്ങളുടെ നാളുകളുടെ പ്രാധാന്യം കണക്കിലെടുക്കാതിരിക്കുകയും ചെയ്‌ത ഏവരുടെയുംമേൽ യഹോവ ന്യായവിധി നടപ്പാക്കി.

അക്രമം വീണ്ടും മനുഷ്യവർഗത്തെ ദുരിതത്തിലാഴ്‌ത്തുന്നു

6. പ്രളയത്തിനുശേഷവും ഏത്‌ അവസ്ഥകൾ നിലനിന്നു?

6 പ്രളയജലം താഴ്‌ന്നതിനുശേഷം മനുഷ്യവർഗത്തിന്‌ ഒരു പുതിയ തുടക്കം ലഭിച്ചു. എന്നിരുന്നാലും മനുഷ്യർ അപ്പോഴും അപൂർണരായിരുന്നു, അവരുടെ “മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളത്‌” ആയിത്തന്നെ തുടർന്നു. (ഉല്‌പത്തി 8:⁠21) മാത്രമല്ല, മേലാൽ മനുഷ്യശരീരമെടുക്കാൻ കഴിയുമായിരുന്നില്ലെങ്കിലും ഭൂതങ്ങൾ അപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. തങ്ങൾ “ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു”വെന്നു ഭക്തികെട്ട മനുഷ്യവർഗം പെട്ടെന്നുതന്നെ പ്രകടമാക്കി. ഇന്നത്തെപ്പോലെതന്നെ, സത്യാരാധകർ “പിശാചിന്റെ തന്ത്രങ്ങളോടു” പൊരുതേണ്ടിയിരുന്നു.​—⁠1 യോഹന്നാൻ 5:⁠19; എഫെസ്യർ 6:⁠11, 12.

7. പ്രളയാനന്തര ലോകത്തിൽ അക്രമം രൂക്ഷമായത്‌ എങ്ങനെ?

7 കുറഞ്ഞപക്ഷം നിമ്രോദിന്റെ കാലംമുതൽ, പ്രളയാനന്തര ലോകം വീണ്ടും അക്രമംകൊണ്ടു നിറഞ്ഞു. കാലം കടന്നുപോകവേ ജനങ്ങൾ പെരുകുകയും സാങ്കേതികവിദ്യ പുരോഗമിക്കുകയും ചെയ്‌തു, ഒപ്പം അക്രമവും പെരുകി. ആദ്യകാലത്ത്‌ വാളും കുന്തവും അമ്പും വില്ലും തേരും ഒക്കെയായിരുന്നു ആയുധങ്ങൾ. പിന്നീട്‌ തോക്കും പീരങ്കിയും റൈഫിളും രംഗപ്രവേശം ചെയ്‌തു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അതിനൂതനമായ പടക്കോപ്പുകൾ രംഗത്തെത്തി. ഒന്നാം ലോകമഹായുദ്ധത്തിൽ യുദ്ധവിമാനം, ടാങ്ക്‌, അന്തർവാഹിനി, വിഷവാതകം തുടങ്ങി കൂടുതൽ ഞെട്ടിക്കുന്ന തരത്തിലുള്ള ആയുധങ്ങൾ പരീക്ഷിച്ചു. ഈ ആയുധങ്ങൾ അന്ന്‌ ദശലക്ഷങ്ങളുടെ ജീവൻ അപഹരിച്ചു. അത്‌ അപ്രതീക്ഷിതമായിരുന്നോ? ഒരിക്കലുമല്ല.

8. വെളിപ്പാടു 6:⁠1-4 നിറവേറിയിരിക്കുന്നത്‌ എങ്ങനെ?

8 1914-ൽ യേശു, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ രാജാവായി അവരോധിക്കപ്പെട്ടു. അത്‌ “കർത്തൃദിവസ”ത്തിന്റെ ആരംഭം കുറിച്ചു. (വെളിപ്പാടു 1:⁠10) വെളിപ്പാടു പുസ്‌തകത്തിൽ വിവരിച്ചിരിക്കുന്ന ഒരു ദർശനത്തിൽ, വെള്ളക്കുതിരപ്പുറത്ത്‌ ജയശാലിയായി മുന്നേറുന്ന രാജാവായി യേശുവിനെ വർണിച്ചിരിക്കുന്നു. മനുഷ്യവർഗത്തെ ബാധിക്കുന്ന വ്യത്യസ്‌ത ബാധകളെ പ്രതീകപ്പെടുത്തുന്ന മറ്റു സവാരിക്കാർ അവനെ അനുഗമിക്കുന്നു. അവരിൽ, ചുവപ്പു നിറമുള്ള കുതിരപ്പുറത്തു യാത്ര ചെയ്യുന്നവന്‌ “മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു. ഒരു വലിയ വാളും അവന്നു കിട്ടി.” (വെളിപ്പാടു 6:⁠1-4) ഈ കുതിരയും സവാരിക്കാരനും യുദ്ധത്തെ ചിത്രീകരിക്കുന്നു. ആധുനികകാലത്തെ യുദ്ധക്കളങ്ങളിൽ നടക്കുന്ന അഭൂതപൂർവമായ നശീകരണത്തെയും അതിനുപയോഗിക്കുന്ന അതിശക്തമായ ആയുധങ്ങളെയും ആണ്‌ വലിയ വാൾ അർഥമാക്കുന്നത്‌. പതിനായിരക്കണക്കിന്‌ ആളുകളെ നശിപ്പിക്കാൻ കഴിവുള്ള അണ്വായുധങ്ങൾ, ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലേക്ക്‌ അണ്വായുധങ്ങൾ വഹിച്ചുകൊണ്ടു പോകാൻ കഴിവുള്ള റോക്കറ്റുകൾ, കൂട്ട നശീകരണത്തിന്‌ ഉപയോഗിക്കുന്ന അതിനൂതനമായ രാസ, ജൈവ ആയുധങ്ങൾ എന്നിവയെല്ലാം അവയിൽപ്പെടുന്നു.

നാം യഹോവയുടെ മുന്നറിയിപ്പുകൾക്കു ശ്രദ്ധകൊടുക്കുന്നു

9. പ്രളയപൂർവ ലോകവും ഇന്നത്തെ ലോകവും തമ്മിലുള്ള സാമ്യമെന്ത്‌?

9 നോഹയുടെ നാളിൽ, നെഫിലിമുകളുടെ പിൻബലത്തോടെ ദുഷ്ടമനുഷ്യർ അങ്ങേയറ്റത്തെ അക്രമം അഴിച്ചുവിട്ടപ്പോഴാണ്‌ യഹോവ മനുഷ്യവർഗത്തെ നശിപ്പിച്ചത്‌. ഇന്നത്തെ അവസ്ഥയോ? നോഹയുടെ നാളുകളെ അപേക്ഷിച്ച്‌ അക്രമത്തിനു കുറവുണ്ടോ? അശേഷമില്ല! മാത്രമല്ല, നോഹയുടെ കാലത്തെന്നപോലെതന്നെ, ആളുകൾ അനുദിന ജീവിത കാര്യങ്ങളിൽ മുഴുകി ഒരു “സാധാരണ” ജീവിതം നയിക്കുകയാണ്‌. കേൾക്കുന്ന സന്ദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ അവർ കൂട്ടാക്കുന്നില്ല. (ലൂക്കൊസ്‌ 17:⁠26, 27) അപ്പോൾപ്പിന്നെ, യഹോവ വീണ്ടും മനുഷ്യവർഗത്തെ നശിപ്പിക്കുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതുണ്ടോ? ഒരിക്കലുമില്ല.

10. (എ) ബൈബിളിലെ പ്രവചനങ്ങളിൽ എന്തു സംബന്ധിച്ച്‌ ആവർത്തിച്ചു മുന്നറിയിപ്പു നൽകിയിട്ടുണ്ട്‌? (ബി) ഇന്ന്‌ ജ്ഞാനപൂർവകമായ ഒരേയൊരു ഗതി എന്താണ്‌?

10 പ്രളയത്തിനു നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ്‌, നമ്മുടെ നാളിൽ നടക്കാനിരിക്കുന്ന നാശത്തെക്കുറിച്ച്‌ ഹാനോക്ക്‌ പ്രവചിച്ചു. (യൂദാ 14, 15) “മഹാകഷ്ട”ത്തെക്കുറിച്ച്‌ അഥവാ മഹോപദ്രവത്തെക്കുറിച്ച്‌ യേശുവും സംസാരിക്കുകയുണ്ടായി. (മത്തായി 24:⁠21) മറ്റു പ്രവാചകന്മാരും ആ കാലം സംബന്ധിച്ചു മുന്നറിയിപ്പു നൽകി. (യെഹെസ്‌കേൽ 38:⁠18-23; ദാനീയേൽ 12:⁠1; യോവേൽ 2:⁠31, 32) അന്തിമ നാശത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണം വെളിപ്പാടു പുസ്‌തകത്തിലും കാണാവുന്നതാണ്‌. (വെളിപ്പാടു 19:⁠11-21) വ്യക്തിപരമായി, നാം നോഹയെ അനുകരിച്ചുകൊണ്ട്‌ നീതിപ്രസംഗകരെന്ന നിലയിൽ സജീവമായി പ്രവർത്തിക്കുന്നു. നാം യഹോവയുടെ മുന്നറിയിപ്പുകൾക്കു ചെവികൊടുക്കുകയും അങ്ങനെതന്നെ ചെയ്യാൻ അയൽക്കാരെ സ്‌നേഹപൂർവം സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ നോഹയെപ്പോലെ നാം ദൈവത്തോടുകൂടെ നടക്കുന്നു. ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്ന ഏവരും ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടരുന്നത്‌ അതിപ്രധാനമാണ്‌. അനുദിനം സമ്മർദങ്ങൾ നേരിടവേ, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? ദൈവത്തിന്റെ ഉദ്ദേശ്യങ്ങളുടെ നിവൃത്തിയിൽ നാം ശക്തമായ വിശ്വാസം കെട്ടിപ്പടുക്കേണ്ടത്‌ ആവശ്യമാണ്‌.​—⁠എബ്രായർ 11:⁠6.

പ്രക്ഷുബ്ധ നാളുകളിൽ ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടരുക

11. നാം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ അനുകരിക്കുന്നത്‌ എങ്ങനെ?

11 ഒന്നാം നൂറ്റാണ്ടിൽ, അഭിഷിക്ത ക്രിസ്‌ത്യാനികളെ ‘മാർഗ്ഗക്കാർ’ എന്നാണു വിളിച്ചിരുന്നത്‌. (പ്രവൃത്തികൾ 9:⁠2) അവരുടെ മുഴു ജീവിതരീതിയും യഹോവയിലും യേശുക്രിസ്‌തുവിലും ഉള്ള വിശ്വാസത്തിൽ കേന്ദ്രീകരിച്ചിരുന്നു. തങ്ങളുടെ യജമാനന്റെ പാതയിൽ അവർ നടന്നു. ഇന്നത്തെ വിശ്വസ്‌ത ക്രിസ്‌ത്യാനികളും അങ്ങനെതന്നെ ചെയ്യുന്നു.

12. യേശു ജനക്കൂട്ടത്തെ അത്ഭുതകരമായി പോഷിപ്പിച്ചതിനെ തുടർന്ന്‌ എന്തു സംഭവിച്ചു?

12 യേശുവിന്റെ ഭൗമിക ശുശ്രൂഷക്കാലത്തു നടന്ന ഒരു സംഭവം വിശ്വാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കി. ഒരു അവസരത്തിൽ യേശു, 5,000-ത്തോളം വരുന്ന ജനക്കൂട്ടത്തിന്‌ അത്ഭുതകരമായി ഭക്ഷണം നൽകി. ആളുകളുടെ മനസ്സിൽ വിസ്‌മയവും സന്തോഷവും നിറഞ്ഞു. എന്നാൽ, തുടർന്ന്‌ എന്താണു സംഭവിച്ചത്‌? നാം ഇങ്ങനെ വായിക്കുന്നു: “അവൻ ചെയ്‌ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു. അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.” (യോഹന്നാൻ 6:⁠10-15) അന്നു രാത്രി അവൻ മറ്റൊരു പ്രദേശത്തേക്കു പോയി. ഒരു രാജാവിനു വേണ്ട ജ്ഞാനവും ജനങ്ങളുടെ ഭൗതിക ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താനുള്ള കഴിവും ഉണ്ടെന്ന്‌ പ്രകടമാക്കിയ യേശു, രാജാവാകാൻ വിസമ്മതിച്ചത്‌ വളരെപ്പേരെ നിരാശരാക്കിയിരിക്കണം. പക്ഷേ, യേശു രാജാവായി ഭരിക്കാൻ യഹോവ നിശ്ചയിച്ചിരുന്ന സമയം വന്നെത്തിയിരുന്നില്ല. കൂടാതെ, യേശുവിന്റെ രാജ്യം ഭൗമികമല്ല, സ്വർഗീയം ആയിരിക്കുമായിരുന്നു.

13, 14. നിരവധി ആളുകൾ ഏതു മനോഭാവമാണു പ്രകടിപ്പിച്ചത്‌, അവരുടെ വിശ്വാസം പരിശോധിക്കപ്പെട്ടത്‌ എങ്ങനെ?

13 എന്നിരുന്നാലും ജനക്കൂട്ടം യേശുവിനെ വിടാതെ പിന്തുടർന്നു. യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നതുപോലെ അവർ ‘കടലിനക്കരെ’ അവനെ കണ്ടെത്തി. രാജാവാക്കാനുള്ള തങ്ങളുടെ ശ്രമം അവൻ തള്ളിക്കളഞ്ഞതിനുശേഷവും അവർ അവനെ പിന്തുടർന്നത്‌ എന്തുകൊണ്ടാണ്‌? അവരിൽ പലർക്കും ജഡിക വീക്ഷണമാണ്‌ ഉണ്ടായിരുന്നതെന്ന്‌ അവരുടെ പ്രവർത്തനം പ്രകടമാക്കി. മോശെയുടെ നാളിൽ യഹോവ തന്റെ ജനത്തിനുവേണ്ടി മരുഭൂമിയിൽ ഭക്ഷണം പ്രദാനം ചെയ്‌തത്‌ അവർ എടുത്തുപറഞ്ഞു. യേശു അവർക്കു തുടർന്നും ഭക്ഷണം കൊടുത്തുകൊണ്ടിരിക്കണം എന്നതായിരുന്നു അതിന്റെ സൂചന. അവരുടെ തെറ്റായ ആന്തരം മനസ്സിലാക്കിയ യേശു, ചിന്തയിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ അവരെ സഹായിക്കുംവിധം ആത്മീയ സത്യങ്ങൾ പഠിപ്പിക്കാൻ തുടങ്ങി. (യോഹന്നാൻ 6:⁠17, 24, 25, 30, 31, 35-40) അതു കേട്ടപ്പോൾ ചിലർ അവനെതിരെ പിറുപിറുക്കാൻ തുടങ്ങി. യേശു പറഞ്ഞ പിൻവരുന്ന ദൃഷ്ടാന്തം പിറുപിറുപ്പു വർധിപ്പിച്ചു: “നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്‌പിക്കും.”​—⁠യോഹന്നാൻ 6:⁠53, 54.

14 യേശുവിന്റെ ദൃഷ്ടാന്തങ്ങൾ പലപ്പോഴും, തങ്ങൾ ദൈവത്തോടുകൂടെ നടക്കാൻ യഥാർഥത്തിൽ ആഗ്രഹമുള്ളവരാണോയെന്നു പ്രകടിപ്പിക്കാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്‌. ഈ ദൃഷ്ടാന്തത്തിന്റെ കാര്യത്തിലും അതുതന്നെയാണു സംഭവിച്ചത്‌, അത്‌ ശക്തമായ പ്രതികരണത്തിനു വഴിതെളിച്ചു. നാം ഇങ്ങനെ വായിക്കുന്നു: “അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു.” തന്റെ വാക്കുകളുടെ ആത്മീയ അർഥമാണ്‌ അവർ കണക്കിലെടുക്കേണ്ടതെന്ന്‌ യേശു തുടർന്നു വിശദീകരിച്ചു. അവൻ പറഞ്ഞു: “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.” എന്നിട്ടും പലരും ശ്രദ്ധിച്ചില്ല. വിവരണം ഇങ്ങനെ പറയുന്നു: “അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.”​—⁠യോഹന്നാൻ 6:⁠60, 63, 66.

15. യേശുവിന്റെ ചില ശിഷ്യന്മാർക്ക്‌ ശരിയായ ഏതു മനോഭാവം ഉണ്ടായിരുന്നു?

15 എന്നാൽ യേശുവിന്റെ എല്ലാ ശിഷ്യന്മാരുടെയും പ്രതികരണം അത്തരത്തിലായിരുന്നില്ല. വിശ്വസ്‌ത ശിഷ്യന്മാർക്ക്‌ യേശു പറഞ്ഞതിന്റെ അർഥം പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നതു ശരിതന്നെ. എന്നിരുന്നാലും അവർക്ക്‌ അവനിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു. വിശ്വസ്‌ത അപ്പൊസ്‌തലന്മാരിൽ ഒരുവനായിരുന്ന പത്രൊസ്‌, ശേഷിച്ച ശിഷ്യന്മാരുടെ വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്‌.” (യോഹന്നാൻ 6:⁠68) എത്ര മികച്ച മനോഭാവം, എത്ര നല്ല ദൃഷ്ടാന്തം!

16. നാം എങ്ങനെ പരീക്ഷിക്കപ്പെട്ടേക്കാം, ഉചിതമായ ഏതു വീക്ഷണം നാം നട്ടുവളർത്തണം?

16 ആ ആദിമ ശിഷ്യന്മാരെപ്പോലെ ഇന്നു നമ്മളും പരീക്ഷിക്കപ്പെട്ടേക്കാം. നാം ആഗ്രഹിക്കുന്നത്ര പെട്ടെന്ന്‌ യഹോവയുടെ വാഗ്‌ദാനങ്ങൾ നിറവേറാത്തതിൽ നമുക്കു നിരാശ അനുഭവപ്പെട്ടേക്കാം. ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലെ ചില തിരുവെഴുത്തു വിശദീകരണങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നു നമുക്കു തോന്നിയേക്കാം. സഹക്രിസ്‌ത്യാനികളിൽ ചിലരുടെ പെരുമാറ്റം നമ്മെ നിരാശപ്പെടുത്തിയേക്കാം. ഇവയോ സമാനമായ മറ്റു കാരണങ്ങളോ നിമിത്തം ദൈവത്തോടുകൂടെ നടക്കുന്നതു നിറുത്തിക്കളയുന്നതു ശരിയായിരിക്കുമോ? തീർച്ചയായും അല്ല! യേശുവിനെ വിട്ടുപോയ ശിഷ്യന്മാർ, തങ്ങൾക്കു ജഡിക ചിന്തയാണുള്ളതെന്നു പ്രകടമാക്കി. നാം ആ ഗതി ഒഴിവാക്കണം.

“നാമോ . . . പിന്മാറുന്നവരുടെ കൂട്ടത്തിലല്ല”

17. ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടരാൻ എന്തിനു നമ്മെ സഹായിക്കാൻ കഴിയും?

17 അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയ”മാകുന്നു. (2 തിമൊഥെയൊസ്‌ 3:⁠16) ബൈബിളിലൂടെ യഹോവ വ്യക്തമായി നമ്മോടു പറയുന്നു: “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ.” (യെശയ്യാവു 30:⁠21) ദൈവവചനം അനുസരിക്കുന്നത്‌ “സൂക്ഷ്‌മത്തോടെ . . . നടപ്പാൻ” അഥവാ നടപ്പു സംബന്ധിച്ചു ജാഗ്രതയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കും. (എഫെസ്യർ 5:⁠15) ബൈബിളിൽനിന്നു പഠിക്കുകയും പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നത്‌ “സത്യത്തിൽ നട”ക്കാൻ നമ്മെ പ്രാപ്‌തരാക്കും. (3 യോഹന്നാൻ 3) യേശു പറഞ്ഞതുപോലെ, വാസ്‌തവമായും, “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല.” നമ്മുടെ ചുവടുകൾ നയിക്കുന്നതിനുള്ള ആശ്രയയോഗ്യമായ ഒരേയൊരു മാർഗനിർദേശം, യഹോവയുടെ വചനത്തിലൂടെയും ആത്മാവിലൂടെയും സംഘടനയിലൂടെയും വരുന്ന ആത്മീയ മാർഗനിർദേശമാണ്‌.

18. (എ) ചിലർ ഏതു വിധത്തിൽ ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്നു? (ബി) നാം ഏതുതരം വിശ്വാസം നട്ടുവളർത്തുന്നു?

18 ഇന്ന്‌, ജഡിക ചിന്തകളാലോ നിറവേറാത്ത പ്രതീക്ഷകളാലോ അസംതൃപ്‌തരായിത്തീരുന്നവർ മിക്കപ്പോഴും ഈ ലോകത്തെ പൂർണമായി ഉപയോഗിക്കുന്നതിലേക്കു തിരിയുന്നു. അടിയന്തിരതാബോധം നഷ്ടപ്പെടുന്ന അവർക്ക്‌ “ഉണർന്നിരി”ക്കേണ്ടതിന്റെ അഥവാ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യം കാണാൻ കഴിയുന്നില്ല. രാജ്യതാത്‌പര്യങ്ങൾക്ക്‌ ഒന്നാം സ്ഥാനം കൊടുക്കുന്നതിനു പകരം സ്വാർഥലക്ഷ്യങ്ങൾ പിൻപറ്റാൻ അവർ തീരുമാനിക്കുന്നു. (മത്തായി 24:⁠42) ആ വഴിയിലൂടെ നടക്കുന്നത്‌ തികഞ്ഞ ബുദ്ധിശൂന്യതയാണ്‌. അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.” (എബ്രായർ 10:⁠39) ഹാനോക്കിനെയും നോഹയെയും പോലെ നാമും പ്രക്ഷുബ്ധ നാളുകളിലാണു ജീവിക്കുന്നത്‌. എന്നാൽ അവരെപ്പോലെ, ദൈവത്തോടുകൂടെ നടക്കാനുള്ള പദവി നമുക്കുണ്ട്‌. അങ്ങനെ ചെയ്യുമ്പോൾ, യഹോവയുടെ വാഗ്‌ദാനങ്ങൾ നിറവേറപ്പെടുന്നതും ദുഷ്ടത നിർമാർജനം ചെയ്യപ്പെടുന്നതും ഒരു പുതിയ ലോകം സ്ഥാപിക്കപ്പെടുന്നതും കാണാൻ കഴിയുമെന്ന ഉറപ്പുള്ള പ്രത്യാശ നമുക്കുണ്ട്‌. എത്ര വിസ്‌മയകരമായ പ്രത്യാശ!

19. സത്യാരാധകർ പിൻപറ്റുന്ന ഗതിയെക്കുറിച്ച്‌ മീഖാ വിവരിക്കുന്നത്‌ എങ്ങനെ?

19 ലോകത്തിലെ ജനതകൾ, “താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നു” എന്ന്‌ നിശ്വസ്‌ത പ്രവാചകനായ മീഖാ പറയുകയുണ്ടായി. തുടർന്ന്‌ തന്നെക്കുറിച്ചും വിശ്വസ്‌തരായ മറ്റ്‌ ആരാധകരെക്കുറിച്ചും അവൻ ഇങ്ങനെ പറഞ്ഞു: ‘നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.’ (മീഖാ 4:⁠5) മീഖായുടേതുപോലുള്ള ഉറച്ച തീരുമാനമാണു നിങ്ങൾക്കും ഉള്ളതെങ്കിൽ കാലം എത്ര പ്രക്ഷുബ്ധമായാലും യഹോവയോടു പറ്റിനിൽക്കുക. (യാക്കോബ്‌ 4:⁠8) നമ്മുടെ ദൈവമായ യഹോവയോടുകൂടെ ഇപ്പോഴും എപ്പോഴും എന്നെന്നേക്കും നടക്കുകയെന്നതായിരിക്കട്ടെ നമ്മുടെ ഓരോരുത്തരുടെയും ഹൃദയംഗമമായ ആഗ്രഹം!

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• നോഹയുടെ നാളുകളും നമ്മുടെ കാലവും തമ്മിൽ എന്തെല്ലാം സമാനതകളാണ്‌ ഉള്ളത്‌?

• നോഹയും കുടുംബവും ഏതു ഗതി പിൻപറ്റി, നമുക്ക്‌ അവരുടെ വിശ്വാസം അനുകരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

• യേശുവിന്റെ ചില അനുഗാമികൾ തെറ്റായ ഏതു വീക്ഷണമാണു പ്രകടിപ്പിച്ചത്‌?

• സത്യക്രിസ്‌ത്യാനികൾ എന്തു ചെയ്യാൻ ഉറച്ചിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[20-ാം പേജിലെ ചിത്രങ്ങൾ]

നോഹയുടെ നാളുകളിലേതുപോലെതന്നെ ഇന്നത്തെ ആളുകൾ അനുദിന ചര്യകളിൽ മുഴുകിയിരിക്കുകയാണ്‌

[21-ാം പേജിലെ ചിത്രം]

രാജ്യപ്രസംഗകരെന്ന നിലയിൽ നാം “പിന്മാറുന്നവരുടെ കൂട്ടത്തിലല്ല”