വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രക്ഷുബ്ധമായ ഈ നാളുകളിൽ ദൈവത്തോടുകൂടെ നടക്കുക

പ്രക്ഷുബ്ധമായ ഈ നാളുകളിൽ ദൈവത്തോടുകൂടെ നടക്കുക

പ്രക്ഷുബ്ധമായ ഈ നാളുകളിൽ ദൈവത്തോടുകൂടെ നടക്കുക

“ഹാനോക്ക്‌ ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.”​—⁠ഉല്‌പത്തി 5:⁠24.

1. നമ്മുടെ നാളുകളെ ക്ലേശകരമാക്കുന്ന ചില സംഗതികൾ ഏവ?

പ്രക്ഷുബ്ധ നാളുകൾ! 1914-ൽ മിശിഹൈക രാജ്യം ജനിച്ചതുമുതൽ മനുഷ്യവർഗം കടന്നുപോയിരിക്കുന്ന അക്രമത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നാളുകളെ ഈ വാക്കുകൾ എത്ര നന്നായി ചിത്രീകരിക്കുന്നു! മിശിഹൈക രാജ്യത്തിന്റെ ജനനത്തോടെ മാനവരാശി “അന്ത്യകാല”ത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്‌. ക്ഷാമം, മഹാമാരികൾ, ഭൂകമ്പം, യുദ്ധം തുടങ്ങിയ വിപത്തുകൾ പൂർവാധികം ശക്തിയോടെ മനുഷ്യവർഗത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:⁠1; വെളിപ്പാടു 6:⁠1-8) ഇവയിൽനിന്നൊന്നും യഹോവയുടെ ആരാധകർ ഒഴിവുള്ളവരല്ല. ഈ നാളുകളിലെ ചെറുതും വലുതും ആയ ക്ലേശങ്ങളും അനിശ്ചിതത്വങ്ങളും നാമെല്ലാം നേരിട്ടേ മതിയാവൂ. സാമ്പത്തിക സമ്മർദം, രാഷ്‌ട്രീയ അരാജകത്വം, കുറ്റകൃത്യങ്ങൾ, രോഗം എന്നിവ ജീവിതം ദുഷ്‌കരമാക്കിത്തീർക്കുന്ന കാര്യങ്ങളിൽ ചിലതു മാത്രമാണ്‌.

2. യഹോവയുടെ ദാസർ ഏതെല്ലാം വെല്ലുവിളികൾ നേരിടുന്നു?

2 ഇതിനു പുറമേ, “ദൈവകല്‌പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ” യഹോവയുടെ ദാസർക്കെതിരെ സാത്താൻ യുദ്ധം ചെയ്‌തുകൊണ്ടിരിക്കയാൽ അവരിൽ പലരും നിരന്തരം ക്രൂരപീഡനത്തിന്‌ ഇരയായിട്ടുണ്ട്‌. (വെളിപ്പാടു 12:⁠17) നമ്മിൽ അനേകരും ഇതുവരെയും നേരിട്ടു പീഡനം അനുഭവിച്ചിട്ടില്ല എന്നതു ശരിയാണ്‌. എങ്കിലും പിശാചായ സാത്താനെയും അവൻ മനുഷ്യരിൽ ഊട്ടിവളർത്തുന്ന മനോഭാവത്തെയും ചെറുത്തുതോൽപ്പിക്കാൻ സത്യക്രിസ്‌ത്യാനികളായ എല്ലാവരും കഠിനപോരാട്ടം നടത്തേണ്ടതുണ്ട്‌. (എഫെസ്യർ 2:⁠2; 6:⁠12) ജോലിസ്ഥലത്തും പഠനസ്ഥലത്തും മറ്റിടങ്ങളിലും സത്യാരാധനയിൽ താത്‌പര്യമില്ലാത്ത ആളുകളുമായി നമുക്കു സഹവസിക്കേണ്ടതായി വരുന്നു. അതുകൊണ്ട്‌ ലോകത്തിന്റെ ആത്മാവിനു വഴിപ്പെടാതിരിക്കാൻ നിതാന്തമായ ജാഗ്രത ആവശ്യമാണ്‌.

ദൈവത്തോടുകൂടെ നടക്കുക, ജനതകളോടുകൂടെയല്ല

3, 4. ഏതു വിധങ്ങളിലാണ്‌ ക്രിസ്‌ത്യാനികൾ ലോകത്തിൽനിന്നു വ്യത്യസ്‌തരായിരിക്കുന്നത്‌?

3 പൊതുയുഗം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളും ലോകത്തിന്റെ ആത്മാവിനെതിരെ ശക്തമായി പോരാടിയിരുന്നു. അത്‌ ക്രിസ്‌തീയ സഭയ്‌ക്കു പുറത്തുള്ള ആളുകളിൽനിന്ന്‌ അവരെ തികച്ചും വ്യത്യസ്‌തരാക്കിത്തീർത്തു. ആ വ്യത്യാസത്തെക്കുറിച്ച്‌ പൗലൊസ്‌ ഇങ്ങനെ വിശദീകരിച്ചു: “ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു. അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യംനിമിത്തം തന്നേ, ദൈവത്തിന്റെ ജീവനിൽനിന്നു അകന്നു മനം തഴമ്പിച്ചുപോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്‌കാമത്തിന്നു തങ്ങളെത്തന്നേ ഏല്‌പിച്ചിരിക്കുന്നു.”​—⁠എഫെസ്യർ 4:⁠17-19.

4 പൗലൊസിന്റെ നാളിലെന്നപോലെ ഇന്നും ലോകത്തെ ഗ്രസിച്ചിരിക്കുന്ന ആത്മീയവും ധാർമികവും ആയ കനത്ത അന്ധകാരത്തിന്റെ ചിത്രം ആ വാക്കുകൾ എത്ര വ്യക്തമായി വരച്ചുകാട്ടുന്നു! ഒന്നാം നൂറ്റാണ്ടിലെന്നപോലെ, ഇന്നത്തെ ക്രിസ്‌ത്യാനികളും ‘ജാതികൾ നടക്കുന്നതുപോലെ നടക്കുന്നില്ല.’ മറിച്ച്‌ അവർ ദൈവത്തോടുകൂടെ നടക്കുന്നതിനുള്ള മഹത്തായ പദവി ആസ്വദിക്കുന്നു. നിസ്സാരരായ അപൂർണ മനുഷ്യർക്ക്‌ യഹോവയോടുകൂടെ നടക്കാനാകുമെന്നു പറയുന്നതു യുക്തിസഹമാണോയെന്നു ചിലർ ചോദിച്ചേക്കാം. എന്നാൽ, അതു സാധ്യമാണെന്നു ബൈബിൾ കാണിച്ചുതരുന്നു. അതിലുപരി, നാം അങ്ങനെ ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നു. പൊതുയുഗത്തിനുമുമ്പ്‌ 8-ാം ശതകത്തിൽ മീഖാപ്രവാചകൻ പിൻവരുന്ന നിശ്വസ്‌ത വാക്കുകൾ രേഖപ്പെടുത്തുകയുണ്ടായി: “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്‌പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ [“ദൈവത്തോടുകൂടെ,” NW] താഴ്‌മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്‌?”​—⁠മീഖാ 6:⁠8.

ദൈവത്തോടുകൂടെ നടക്കേണ്ടത്‌ എങ്ങനെ, എന്തുകൊണ്ട്‌?

5. അപൂർണ മനുഷ്യനു ദൈവത്തോടുകൂടെ നടക്കാൻ കഴിയുന്നത്‌ എങ്ങനെ?

5 സർവശക്തനും അദൃശ്യനും ആയ ദൈവത്തോടുകൂടെ നടക്കാൻ നമുക്ക്‌ എങ്ങനെയാണു കഴിയുക? നാം സഹമനുഷ്യരോടുകൂടെ നടക്കുന്നതുപോലെയല്ല അതെന്നു വ്യക്തം. ബൈബിളിലെ, “നടക്കുക” എന്ന പ്രയോഗത്തിന്‌ ‘ഒരു പ്രത്യേക പ്രവർത്തനഗതി പിൻപറ്റുന്നതിനെ’ അർഥമാക്കാനാകും. * ഇതിന്റെ വീക്ഷണത്തിൽ, ദൈവത്തോടുകൂടെ നടക്കുന്നവർ ദൈവം അനുശാസിക്കുന്നതും അവനു പ്രസാദകരവും ആയ ഒരു ജീവിതഗതി പിൻപറ്റുന്നുവെന്നു നാം മനസ്സിലാക്കുന്നു. അത്തരമൊരു പാതയിലൂടെ നടക്കുന്നത്‌ ചുറ്റുമുള്ള മിക്ക ആളുകളിൽനിന്നും നമ്മെ വ്യത്യസ്‌തരാക്കും. എങ്കിലും ഒരു ക്രിസ്‌ത്യാനിക്കു തിരഞ്ഞെടുക്കാൻ കഴിയുന്ന ഉചിതമായ ഒരേയൊരു പാത അതാണ്‌. എന്തുകൊണ്ട്‌? അതിനു ധാരാളം കാരണങ്ങളുണ്ട്‌.

6, 7. ദൈവത്തോടുകൂടെ നടക്കുന്നത്‌ ഏറ്റവും നല്ല ഗതിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 ഒന്നാമതായി, യഹോവ നമ്മുടെ സ്രഷ്ടാവാണ്‌. നമ്മുടെ ജീവന്റെയും ജീവൻ നിലനിറുത്തുന്നതിന്‌ ആവശ്യമായ സകലത്തിന്റെയും ദാതാവാണ്‌ അവൻ. (വെളിപ്പാടു 4:⁠11) അക്കാരണത്താൽ, നാം എങ്ങനെ നടക്കണമെന്നു പറയാൻ അവകാശമുള്ളത്‌ അവനു മാത്രമാണ്‌. ദൈവത്തോടുകൂടെ നടക്കുന്നതാണ്‌ ഏറ്റവും ഗുണകരമായ സംഗതി. തന്നോടുകൂടെ നടക്കുന്നവർക്ക്‌ യഹോവ പാപമോചനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തുകയും നിത്യജീവന്റെ ഉറപ്പുള്ള പ്രത്യാശ നൽകുകയും ചെയ്‌തിരിക്കുന്നു. കൂടാതെ, സ്‌നേഹനിധിയായ നമ്മുടെ സ്വർഗീയ പിതാവ്‌ തന്നോടുകൂടെ നടക്കുന്നവർക്ക്‌ ജീവിതം വിജയകരമാക്കാൻ ഉതകുന്ന ജ്ഞാനോപദേശവും പ്രദാനം ചെയ്യുന്നു, അവർ അപൂർണരും സാത്താന്റെ സ്വാധീനത്തിൻകീഴിലുള്ള ലോകത്തിൽ ജീവിക്കുന്നവരും ആണെങ്കിൽപ്പോലും. (യോഹന്നാൻ 3:⁠16; 2 തിമൊഥെയൊസ്‌ 3:⁠15-17; 1 യോഹന്നാൻ 1:⁠8; 2:⁠25; 5:⁠19) ദൈവത്തോടുകൂടെ നടക്കാനുള്ള നമ്മുടെ മനസ്സൊരുക്കം സഭയുടെ സമാധാനത്തിനും ഐക്യത്തിനും സംഭാവന ചെയ്യും എന്നതാണ്‌ നാം അങ്ങനെ ചെയ്യേണ്ടതിന്റെ മറ്റൊരു കാരണം.​—⁠കൊലൊസ്സ്യർ 3:⁠15, 16.

7 എന്നാൽ ഏറ്റവും പ്രധാനപ്പെട്ട സംഗതി ഇതാണ്‌: ദൈവത്തോടുകൂടെ നടക്കുമ്പോൾ, ഏദെൻ തോട്ടത്തിൽവെച്ച്‌ ഉന്നയിക്കപ്പെട്ട, പരമാധികാരം സംബന്ധിച്ച ആ വലിയ വിവാദവിഷയത്തിൽ നാം നമ്മുടെ നിലപാടു വ്യക്തമാക്കുകയാണ്‌. (ഉല്‌പത്തി 3:⁠1-6) നാം നിലകൊള്ളുന്നതു പൂർണമായും യഹോവയുടെ പക്ഷത്താണെന്ന്‌ ജീവിതഗതിയാൽ നാം പ്രകടമാക്കുന്നു. അവൻ മാത്രമാണ്‌ പരമാധികാരിയായിരിക്കാൻ യോഗ്യനെന്നു നാം നിർഭയം പ്രഖ്യാപിക്കുന്നു. (സങ്കീർത്തനം 83:⁠18) അങ്ങനെ, “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ . . . നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയായിരിക്കും നാം ചെയ്യുന്നത്‌. (മത്തായി 6:⁠9, 10) ദൈവത്തോടുകൂടെ നടക്കാൻ തീരുമാനിക്കുന്നവർ എത്ര ജ്ഞാനപൂർവകമായാണു പ്രവർത്തിക്കുന്നത്‌! ശരിയായ ദിശയിലാണു പോകുന്നതെന്ന്‌ അവർക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും, കാരണം യഹോവ “ഏകജ്ഞാനി”യാണ്‌. അവന്‌ ഒരിക്കലും പിഴവു പറ്റുകയില്ല.​—⁠റോമർ 16:⁠26.

8. ഹാനോക്കിന്റെയും നോഹയുടെയും നാളുകൾ നമ്മുടെ കാലത്തോടു സമാനമായിരുന്നത്‌ ഏതു വിധത്തിൽ?

8 എന്നാൽ അങ്ങേയറ്റം പ്രക്ഷുബ്ധമായ, ഭൂരിപക്ഷം ആളുകൾക്കും യഹോവയെ സേവിക്കുന്നതിൽ താത്‌പര്യമില്ലാത്ത, ഈ നാളുകളിൽ ഒരു യഥാർഥ ക്രിസ്‌ത്യാനിയായി ജീവിക്കാൻ ഒരുവനു കഴിയുമോ? തികച്ചും ദുഷ്‌കരമായ സാഹചര്യങ്ങളിലും നിർമലത കാത്തുസൂക്ഷിച്ച പൂർവകാല വിശ്വസ്‌തരെക്കുറിച്ചു ചിന്തിക്കുന്നത്‌ ആ ചോദ്യത്തിന്‌ ഉത്തരം നൽകും. ആ വിശ്വസ്‌തരുടെ ഗണത്തിൽപ്പെടുന്നവരാണ്‌ ഹാനോക്കും നോഹയും. നമ്മുടേതിനു സമാനമായ നാളുകളിലാണ്‌ ഇരുവരും ജീവിച്ചിരുന്നത്‌. അവരുടെ കാലത്തും ദുഷ്ടത വിപുലവ്യാപകമായിരുന്നു. നോഹയുടെ കാലത്ത്‌ ഭൂമി അക്രമവും അധാർമികതയും കൊണ്ടു നിറഞ്ഞിരുന്നു. എന്നിരുന്നാലും ഹാനോക്കും നോഹയും തങ്ങളുടെ കാലത്തെ ലോകത്തിന്റെ മനോഭാവത്തെ ചെറുക്കുകയും യഹോവയോടുകൂടെ നടക്കുകയും ചെയ്‌തു. അവർക്ക്‌ അത്‌ എങ്ങനെ സാധിച്ചു? ഈ ലേഖനത്തിൽ നാം ഹാനോക്കിന്റെ മാതൃക പരിചിന്തിക്കുന്നതായിരിക്കും, അടുത്തതിൽ നോഹയുടേതും.

പ്രക്ഷുബ്ധ നാളുകളിൽ ഹാനോക്ക്‌ ദൈവത്തോടുകൂടെ നടന്നു

9. ഹാനോക്കിനെക്കുറിച്ചു നമുക്ക്‌ എന്തെല്ലാം വിവരങ്ങൾ ലഭ്യമാണ്‌?

9 ദൈവത്തോടുകൂടെ നടന്നതായി ബൈബിൾ വർണിക്കുന്ന ആദ്യവ്യക്തിയാണ്‌ ഹാനോക്ക്‌. ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക്‌ മുന്നൂറു സംവത്സരം ദൈവത്തോടുകൂടെ നട[ന്നു].” (ഉല്‌പത്തി 5:⁠22) നമ്മുടെ കാലത്തെ ആയുർദൈർഘ്യത്തോടുള്ള താരതമ്യത്തിൽ ആ ആയുസ്സ്‌ അതിദീർഘമാണെങ്കിലും അന്നത്തെ സാഹചര്യത്തിൽ വളരെ ഹ്രസ്വമായിരുന്നു. ഹാനോക്കിനു സംഭവിച്ചതിനെക്കുറിച്ചു വിവരണം തുടരുന്നു: “ഹാനോക്ക്‌ ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.” (ഉല്‌പത്തി 5⁠:24) വ്യക്തമായും, ശത്രുക്കൾ ഹാനോക്കിനു ജീവഹാനി വരുത്തുന്നതിനുമുമ്പ്‌ യഹോവ അവനെ മരണനിദ്രയിലേക്കു മാറ്റി. (എബ്രായർ 11:⁠5, 13) ആ ഹ്രസ്വമായ വിവരണത്തിനു പുറമേ, ഹാനോക്കിനെക്കുറിച്ച്‌ ഏതാനും പരാമർശങ്ങൾ മാത്രമേ ബൈബിളിലുള്ളൂ. എന്നിരുന്നാലും ലഭ്യമായ വിവരണങ്ങളും മറ്റു സൂചനകളും കണക്കിലെടുക്കുമ്പോൾ, ഹാനോക്ക്‌ ജീവിച്ചിരുന്ന നാളുകൾ പ്രക്ഷുബ്ധമായിരുന്നെന്നു വിശ്വസിക്കാൻ നമുക്കു നല്ല കാരണമുണ്ട്‌.

10, 11. (എ) ആദാമിന്റെയും ഹവ്വായുടെയും മത്സരശേഷം മനുഷ്യവർഗം ക്ഷയിച്ചുതുടങ്ങിയത്‌ എങ്ങനെ? (ബി) എന്തു പ്രാവചനിക സന്ദേശമാണ്‌ ഹാനോക്ക്‌ പ്രസംഗിച്ചത്‌, എന്തു പ്രതികരണം അവനു ലഭിച്ചതായി നമുക്ക്‌ ഉറപ്പായും നിഗമനം ചെയ്യാം?

10 ദൃഷ്ടാന്തത്തിന്‌, ആദാമ്യപാപത്തെത്തുടർന്ന്‌ എത്ര പെട്ടെന്നാണു മനുഷ്യവർഗം ക്ഷയിച്ചുതുടങ്ങിയതെന്നു നോക്കുക. ആദാമിന്റെ ആദ്യജാതനായ കയീൻ സഹോദരനായ ഹാബെലിനെ വധിച്ചപ്പോൾ അവൻ മനുഷ്യരുടെയിടയിലെ ആദ്യ കൊലപാതകി ആയിത്തീർന്നുവെന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 4:⁠8-10) ഹാബെലിന്റെ രക്തം ചൊരിയപ്പെട്ടതിനുശേഷം ആദാമിനും ഹവ്വായ്‌ക്കും ജനിച്ച പുത്രന്‌ അവർ ശേത്ത്‌ എന്നു പേരിട്ടു. അവനെക്കുറിച്ച്‌ നാം ഇങ്ങനെ വായിക്കുന്നു: “ശേത്തിന്നു ഒരു മകൻ ജനിച്ചു; അവന്നു എനോശ്‌ എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.” (ഉല്‌പത്തി 4:⁠25, 26) സങ്കടകരമെന്നു പറയട്ടെ, എനോശിന്റെ കാലത്തു തുടങ്ങിയ “യഹോവയുടെ നാമത്തിലുള്ള ആരാധന” വിശ്വാസത്യാഗപരമായ ഒന്നായിരുന്നു. * അവൻ ജനിച്ച്‌ വളരെ വർഷങ്ങൾക്കുശേഷം കയീന്റെ ഒരു പിൻഗാമിയായ ലാമേക്‌, തന്റെ ഭാര്യമാർക്കുവേണ്ടി ഒരു കവിത രചിക്കുകയുണ്ടായി. തന്നെ മുറിവേൽപ്പിച്ച ഒരു ചെറുപ്പക്കാരനെ കൊന്നതിനെക്കുറിച്ച്‌ അവൻ അതിൽ പറയുന്നു. ലാമേക്‌ ഇങ്ങനെ മുന്നറിയിപ്പു കൊടുക്കുന്നു: “കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.”​—⁠ഉല്‌പത്തി 4:⁠10, 19, 23, 24.

11 ഏദെൻ തോട്ടത്തിൽ സാത്താൻ തുടക്കമിട്ട അപക്ഷയം, ആദാമിന്റെ സന്തതിപരമ്പരകൾക്കിടയിൽ ദുഷ്ടത പടർന്നുപിടിക്കുന്നതിലേക്കു നയിച്ചുവെന്ന്‌ ഇതുവരെ പരിചിന്തിച്ചതുപോലുള്ള ഹ്രസ്വമായ വസ്‌തുതകൾ സൂചിപ്പിക്കുന്നു. അത്തരമൊരു ലോകത്തിലാണ്‌ ഹാനോക്ക്‌ യഹോവയുടെ പ്രവാചകനായി സേവിച്ചത്‌. അവന്റെ നിശ്വസ്‌ത വാക്കുകൾ ഇന്നും പ്രസക്തമാണ്‌. ഹാനോക്ക്‌ പിൻവരുംവിധം പ്രവചിച്ചെന്നു യൂദാ റിപ്പോർട്ടുചെയ്യുന്നു: ‘“ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്‌ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്‌ഠുരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു.”’ (യൂദാ 14, 15) ആ വാക്കുകളുടെ അന്തിമനിവൃത്തി അർമഗെദോനിൽ ആയിരിക്കും സംഭവിക്കുക. (വെളിപ്പാടു 16:⁠14, 16) എങ്കിലും, ഹാനോക്കിന്റെ പ്രവചനം അസഹ്യതയോടെ കേട്ട അനേകം “ഭക്തികെട്ട പാപികൾ” അവൻ ജീവിച്ചിരുന്ന കാലത്തും ഉണ്ടായിരുന്നുവെന്ന്‌ ഉറപ്പാണ്‌. അവരുടെ കൈയിൽപ്പെടാതെ യഹോവ തന്റെ പ്രവാചകനെ എടുത്തുകൊണ്ടത്‌ എത്ര സ്‌നേഹനിർഭരമായ ഒരു പ്രവൃത്തിയായിരുന്നു!

ദൈവത്തോടുകൂടെ നടക്കാൻ ഹാനോക്കിനെ ശക്തീകരിച്ചത്‌ എന്ത്‌?

12. ഹാനോക്കിന്റെ സമകാലികരിൽനിന്ന്‌ അവനെ വ്യത്യസ്‌തനാക്കിയത്‌ എന്ത്‌?

12 ഏദെൻ തോട്ടത്തിൽ ആദാമും ഹവ്വായും സാത്താനു ചെവികൊടുക്കുകയും ആദാം യഹോവയോടു മത്സരിക്കുകയും ചെയ്‌തു. (ഉല്‌പത്തി 3:⁠1-6) എന്നാൽ അവരുടെ പുത്രനായ ഹാബെൽ വ്യത്യസ്‌തമായ ഒരു ഗതി പിൻപറ്റി, യഹോവ അവനിൽ പ്രസാദിച്ചു. (ഉല്‌പത്തി 4:⁠3, 4) സങ്കടകരമെന്നു പറയട്ടെ, ആദാമിന്റെ സന്തതികളിൽ ഭൂരിഭാഗവും ഹാബെലിനെപ്പോലെ ആയിരുന്നില്ല. എന്നിരുന്നാലും, നൂറുകണക്കിനു വർഷങ്ങൾക്കുശേഷം ജനിച്ച ഹാനോക്ക്‌ വ്യത്യസ്‌തനായിരുന്നു. ഹാനോക്കും ആദാമിന്റെ പിൻഗാമികളിൽ മറ്റനേകരും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നു? അപ്പൊസ്‌തലനായ പൗലൊസ്‌ അതിന്‌ ഉത്തരം നൽകുന്നു: “വിശ്വാസത്താൽ ഹാനോക്ക്‌ മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.” (എബ്രായർ 11:⁠5) വിശ്വാസത്തിന്റെ വിശിഷ്ട ദൃഷ്ടാന്തങ്ങളായ ‘[ക്രിസ്‌തീയപൂർവ] സാക്ഷികളുടെ സമൂഹത്തിന്റെ’ ഭാഗമാണ്‌ ഹാനോക്ക്‌. (എബ്രായർ 12:⁠1) 300-ലധികം വർഷത്തെ, അതായത്‌ നമ്മിൽ മിക്കവരുടെയും ആയുർദൈർഘ്യത്തിന്റെ മൂന്നു മടങ്ങിലധികം വരുന്ന, ജീവിതകാലത്തുടനീളം ഉചിതമായി നടക്കുന്നതിൽ തുടരാൻ അവനെ സഹായിച്ചതു വിശ്വാസമായിരുന്നു.

13. ഹാനോക്കിന്‌ ഏതുതരം വിശ്വാസം ഉണ്ടായിരുന്നു?

13 ഹാനോക്കിന്റെയും മറ്റു സാക്ഷികളുടെയും വിശ്വാസത്തെ പൗലൊസ്‌ ഇങ്ങനെ വിശേഷിപ്പിച്ചു: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (എബ്രായർ 11:⁠1) അതേ, ലഭിച്ചിട്ടുള്ള ഉറപ്പുകളുടെ അടിസ്ഥാനത്തിൽ, നാം ആശിക്കുന്ന കാര്യങ്ങൾ സഫലമാകുമെന്ന അടിയുറച്ച പ്രതീക്ഷയാണ്‌ വിശ്വാസം. ജീവിതത്തിൽ നാം ഏറ്റവും പ്രാധാന്യമുള്ളതായി വീക്ഷിക്കുന്ന കാര്യത്തെ സ്വാധീനിക്കാനാകുന്നത്ര ശക്തമാണ്‌ ആ പ്രതീക്ഷ. ചുറ്റുമുള്ള ലോകത്തിൽനിന്നു വ്യത്യസ്‌തമായി ദൈവത്തോടുകൂടെ നടക്കാൻ ഹാനോക്കിനെ പ്രാപ്‌തനാക്കിയത്‌ അത്തരം വിശ്വാസമാണ്‌.

14. ഹാനോക്കിന്റെ വിശ്വാസം ഏതെല്ലാം കാര്യങ്ങൾ സംബന്ധിച്ച സൂക്ഷ്‌മപരിജ്ഞാനത്തിൽ അധിഷ്‌ഠിതമായിരുന്നിരിക്കാം?

14 യഥാർഥ വിശ്വാസം സൂക്ഷ്‌മപരിജ്ഞാനത്തിൽ അധിഷ്‌ഠിതമാണ്‌. എന്തു പരിജ്ഞാനമാണ്‌ ഹാനോക്കിന്‌ ഉണ്ടായിരുന്നത്‌? (റോമർ 10:⁠14, 17; 1 തിമൊഥെയൊസ്‌ 2:⁠4) ഏദെനിൽ സംഭവിച്ച കാര്യങ്ങൾ അവന്‌ അറിയാമായിരുന്നുവെന്നതിൽ സംശയമില്ല. മനുഷ്യർക്കു പ്രവേശനമില്ലായിരുന്നെങ്കിലും ഒരുപക്ഷേ, അപ്പോഴും ഉണ്ടായിരുന്ന ഏദെൻ തോട്ടത്തിൽ ഒരു കാലത്തു നിലനിന്നിരുന്ന നല്ല അവസ്ഥകളെക്കുറിച്ചും അവൻ കേട്ടിരുന്നു. (ഉല്‌പത്തി 3:⁠23, 24) മാത്രമല്ല, ആദാമിന്റെ സന്തതികളെക്കൊണ്ട്‌ ഭൂമി നിറയ്‌ക്കാനും പറുദീസ മുഴു ഭൂമിയിലും വ്യാപിപ്പിക്കാനും ഉള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും അവന്‌ അറിയാമായിരുന്നു. (ഉല്‌പത്തി 1:⁠28) കൂടാതെ, സാത്താന്റെ തല തകർക്കുകയും അവന്റെ വഞ്ചനയുടെ സകല ഫലങ്ങളും ഇല്ലായ്‌മചെയ്യുകയും ചെയ്യുന്ന ഒരു സന്തതിയെക്കുറിച്ചുള്ള യഹോവയുടെ വാഗ്‌ദാനവും അവൻ മനസ്സിൽപ്പിടിച്ചിരുന്നു. (ഉല്‌പത്തി 3:⁠15) വാസ്‌തവത്തിൽ, യൂദായുടെ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഹാനോക്കിന്റെ നിശ്വസ്‌ത പ്രവചനംതന്നെ സാത്താന്റെ സന്തതിയുടെ നാശത്തെക്കുറിച്ചാണ്‌. ഹാനോക്കിനു വിശ്വാസമുണ്ടായിരുന്നതിനാൽ, “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്ന”വനെന്ന നിലയിൽ അവൻ യഹോവയെ ആരാധിച്ചിരുന്നുവെന്ന്‌ നമുക്ക്‌ അറിയാം. (എബ്രായർ 11:⁠6) അതുകൊണ്ട്‌, ഇന്ന്‌ നമുക്കുള്ളത്ര പരിജ്ഞാനം ഇല്ലായിരുന്നെങ്കിലും ശക്തമായ വിശ്വാസം കെട്ടിപ്പടുക്കുന്നതിന്‌ ആവശ്യമായ അളവിലുള്ള പരിജ്ഞാനം ഹാനോക്കിന്‌ ഉണ്ടായിരുന്നു. അത്തരം വിശ്വാസത്താൽ, പ്രക്ഷുബ്ധ നാളുകളിലുടനീളം അവൻ നിർമലത കാത്തുസൂക്ഷിച്ചു.

ഹാനോക്കിന്റെ മാതൃക അനുകരിക്കുക

15, 16.നമുക്ക്‌  ഹാനോക്കിന്റെ  ഗതി  പിൻപറ്റാൻ  കഴിയുന്നത്‌ എങ്ങനെ?

15 ഈ പ്രക്ഷുബ്ധ നാളുകളിൽ, ഹാനോക്കിനെപ്പോലെ യഹോവയെ സംപ്രീതനാക്കാൻ ആഗ്രഹിക്കുന്നതിനാൽ നാം അവന്റെ മാതൃക അനുകരിക്കണം. നാം യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം സമ്പാദിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യണം. എന്നാൽ അതുമാത്രം മതിയാകുന്നില്ല, നമ്മെ വഴിനയിക്കാൻ ആ സൂക്ഷ്‌മ പരിജ്ഞാനത്തെ നാം അനുവദിക്കേണ്ടതുണ്ട്‌. (സങ്കീർത്തനം 119:⁠101; 2 പത്രൊസ്‌ 1:⁠19) നമ്മുടെ സകല ചിന്തകളാലും പ്രവൃത്തികളാലും യഹോവയെ പ്രസാദിപ്പിക്കാൻ യത്‌നിച്ചുകൊണ്ട്‌ നാം ദൈവത്തിന്റെ ചിന്തകളാൽ നയിക്കപ്പെടണം.

16 ഹാനോക്കിന്റെ കാലത്ത്‌ വേറെ ആരെല്ലാം യഹോവയെ സേവിച്ചിരുന്നു എന്നതു സംബന്ധിച്ച്‌ നമുക്കു യാതൊരു രേഖയുമില്ല. എന്നാൽ ഒരു കാര്യം വ്യക്തം: സത്യാരാധകനെന്ന നിലയിൽ ഒന്നുകിൽ അവൻ തനിച്ചായിരുന്നു, അല്ലെങ്കിൽ ചുരുക്കം ചിലരിൽ ഒരുവനായിരുന്നു. ഈ ലോകത്തിൽ നമ്മളും ന്യൂനപക്ഷമാണ്‌, എന്നാൽ അതു നമ്മെ നിരുത്സാഹപ്പെടുത്തുന്നില്ല. നമ്മുടെ എതിരാളികൾ ആരായിരുന്നാലും ശരി, യഹോവ നമ്മെ പിന്തുണച്ചുകൊള്ളും. (റോമർ 8:⁠31) അഭക്ത മനുഷ്യരുടെമേൽ വരാനിരുന്ന നാശത്തെക്കുറിച്ചു ഹാനോക്ക്‌ സുധീരം സാക്ഷ്യം നൽകി. പരിഹാസത്തിനും എതിർപ്പിനും പീഡനത്തിനും മധ്യേ “രാജ്യത്തിന്റെ . . . സുവിശേഷം” പ്രസംഗിക്കുമ്പോൾ നാമും ധീരത പ്രകടിപ്പിക്കുകയാണ്‌. (മത്തായി 24:⁠14) തന്റെ സമകാലികരിൽ പലരും ജീവിച്ചിടത്തോളം ഹാനോക്ക്‌ ജീവിച്ചിരുന്നില്ല. എന്നിട്ടും, അവൻ അന്നത്തെ ലോകത്തിൽ പ്രത്യാശവെച്ചില്ല. മഹത്തരമായ ഒരു ലക്ഷ്യത്തിലായിരുന്നു അവന്റെ ദൃഷ്ടി കേന്ദ്രീകരിച്ചിരുന്നത്‌. (എബ്രായർ 11:⁠10, 35) നമ്മുടെ കണ്ണുകളും കേന്ദ്രീകരിച്ചിരിക്കുന്നത്‌ യഹോവയുടെ ഉദ്ദേശ്യ നിവൃത്തിയിലാണ്‌. അതുകൊണ്ട്‌, നാം ഈ ലോകത്തെ പൂർണമായി ഉപയോഗിക്കുന്നില്ല. (1 കൊരിന്ത്യർ 7:⁠31) മറിച്ച്‌, നമ്മുടെ ഊർജവും വിഭവങ്ങളും പ്രാഥമികമായി യഹോവയുടെ സേവനത്തിൽ നാം ഉപയോഗിക്കുന്നു.

17. ഹാനോക്കിന്‌ ഇല്ലാതിരുന്ന ഏത്‌ അറിവ്‌ നമുക്കുണ്ട്‌, തന്നിമിത്തം നാം എന്തു ചെയ്യണം?

17 ദൈവം വാഗ്‌ദാനം ചെയ്‌ത സന്തതി യഹോവയുടെ തക്ക സമയത്തു പ്രത്യക്ഷപ്പെടുമെന്ന്‌ ഹാനോക്കിനു വിശ്വാസമുണ്ടായിരുന്നു. ആ സന്തതിയായ യേശുക്രിസ്‌തു പ്രത്യക്ഷപ്പെടുകയും മറുവില കൊടുക്കുകയും നമുക്കും ഹാനോക്കിനെപ്പോലുള്ള പുരാതനകാല വിശ്വസ്‌തർക്കും നിത്യജീവൻ ലഭിക്കുന്നതിനുള്ള വഴി തുറക്കുകയും ചെയ്‌തിട്ട്‌ ഏകദേശം 2,000 വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായ ആ സന്തതി, സാത്താനെ സ്വർഗത്തിൽനിന്നു ഭൂമിയിലേക്കു തള്ളിയിട്ടിരിക്കുകയാണ്‌. തത്‌ഫലമായുണ്ടായ കഷ്ടപ്പാടുകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. (വെളിപ്പാടു 12:⁠12) അതേ, ഹാനോക്കിന്റെ കാലത്തുണ്ടായിരുന്നതിനെ അപേക്ഷിച്ച്‌ വിപുലമായ പരിജ്ഞാനം ഇന്നു ലഭ്യമാണ്‌. ആ സ്ഥിതിക്ക്‌, നമുക്ക്‌ അവനുണ്ടായിരുന്നതുപോലുള്ള ഉറച്ച വിശ്വാസം പ്രകടമാക്കാം. ദൈവത്തിന്റെ വാഗ്‌ദാനങ്ങളുടെ നിവൃത്തിയിലുള്ള ഉറപ്പ്‌ നമ്മുടെ സകല പ്രവൃത്തികളെയും സ്വാധീനിക്കട്ടെ. പ്രക്ഷുബ്ധ നാളുകളിലാണു ജീവിക്കുന്നതെങ്കിലും നമുക്ക്‌ ഹാനോക്കിനെപ്പോലെ ദൈവത്തോടുകൂടെ നടക്കാം.

[അടിക്കുറിപ്പുകൾ]

^ ഖ. 5 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) ഒന്നാം വാല്യം, 220-ാം പേജിലെ 6-ാം ഖണ്ഡിക കാണുക.

^ ഖ. 10 എനോശിന്റെ കാലത്തിനുമുമ്പ്‌, യഹോവ ആദാമിനോടു സംസാരിച്ചിരുന്നു. ഹാബെൽ യഹോവയ്‌ക്കു സ്വീകാര്യമായ ഒരു യാഗം അർപ്പിച്ചു. അസൂയാകലുഷിതമായ കോപം നിമിത്തം കയീൻ കൊലപാതകം നടത്തുന്നതിനുമുമ്പ്‌ യഹോവ അവനുമായിപോലും ആശയവിനിമയം നടത്തിയിരുന്നു. അതുകൊണ്ട്‌ “യഹോവയുടെ നാമത്തിലുള്ള ആരാധന”യെന്നു പരാമർശിച്ചിരിക്കുന്നത്‌ വ്യത്യസ്‌തമായ ഒരു ആരാധനാരീതിയെ ആയിരിക്കണം, സത്യാരാധനയെയല്ല.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ദൈവത്തോടുകൂടെ നടക്കുക എന്നതിന്റെ അർഥമെന്ത്‌?

• ദൈവത്തോടുകൂടെ നടക്കുന്നത്‌ ഏറ്റവും നല്ല ഗതിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• പ്രക്ഷുബ്ധ നാളുകളിൽപ്പോലും ദൈവത്തോടുകൂടെ നടക്കാൻ എന്ത്‌ ഹാനോക്കിനെ സഹായിച്ചു?

• നമുക്ക്‌ ഹാനോക്കിനെ അനുകരിക്കാനാകുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

വിശ്വാസത്താൽ “ഹാനോക്ക്‌ ദൈവത്തോടുകൂടെ നടന്നു”

[17-ാം പേജിലെ ചിത്രം]

യഹോവയുടെ വാഗ്‌ദാനങ്ങൾ സത്യമായി ഭവിക്കുമെന്നു നാം ഉറച്ചു വിശ്വസിക്കുന്നു

[13-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

വലത്തേയറ്റത്തെ സ്‌ത്രീ: FAO photo/B. Imevbore; തകർന്നുവീഴുന്ന കെട്ടിടം: San Hong R-C Picture Company