വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ “വചനം” നിങ്ങളെ കാക്കുമാറാകട്ടെ

യഹോവയുടെ “വചനം” നിങ്ങളെ കാക്കുമാറാകട്ടെ

യഹോവയുടെ “വചനം” നിങ്ങളെ കാക്കുമാറാകട്ടെ

വർഷം പൊതുയുഗത്തിനുമുമ്പ്‌ 490. ചരിത്രപ്രസിദ്ധമായ മാരത്തോൺ യുദ്ധത്തിൽ, പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയ്‌ക്കു സൈന്യബലമുള്ള ഏഥൻസുകാർ ഒരു ലക്ഷം പോരാളികൾ അടങ്ങിയ പേർഷ്യൻ സൈന്യത്തെ നേരിട്ടു. ഒറ്റക്കെട്ടായി മുന്നേറുക എന്നതായിരുന്നു ഗ്രീക്കുകാരുടെ ഒരു സുപ്രധാന യുദ്ധതന്ത്രം. ഒന്നോടൊന്നു ചേർത്തുപിടിച്ചിരുന്ന അവരുടെ പരിചകൾ അപ്രതിരോധ്യമായ ഒരു മതിൽ തീർത്തു. അതിന്മേൽ കുറ്റികൾ ഉറപ്പിച്ചാലെന്നപോലെയായിരുന്നു അവർ കുന്തങ്ങൾ പിടിച്ചിരുന്നത്‌. പേർഷ്യക്കാരുടെ വൻസൈന്യത്തെ തോൽപ്പിച്ച്‌ വിഖ്യാത വിജയം കൈവരിക്കാൻ ഈ ക്രമീകരണം ഏഥൻസുകാരെ സഹായിച്ചു.

സത്യക്രിസ്‌ത്യാനികൾ ഒരു ആത്മീയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്‌. അവരുടെ ശത്രുക്കൾ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അദൃശ്യരും ശക്തരും ആയ ഭരണാധിപന്മാരാണ്‌. ‘ഈ അന്ധകാരത്തിന്റെ ലോകാധിപതികളെന്നും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയെന്നും’ ബൈബിൾ അവരെ വിശേഷിപ്പിക്കുന്നു. (എഫെസ്യർ 6:12; 1 യോഹന്നാൻ 5:19) ഈ പോരാട്ടത്തിൽ ദൈവജനം തുടർച്ചയായി വിജയം നേടുന്നു. എന്നാൽ അത്‌ അവരുടെ സ്വന്തം ശക്തിയാലല്ല. അവരെ കാത്തുപരിപാലിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്ന യഹോവയാണ്‌ മുഴു മഹത്ത്വത്തിനും അർഹൻ. അവനെക്കുറിച്ച്‌ സങ്കീർത്തനം 18:30 പറയുന്നു: “യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.”

അതേ, വിശുദ്ധ തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്ന സ്‌ഫുടം ചെയ്‌ത “വചനം” മുഖാന്തരം യഹോവ തന്റെ ദാസരെ ആത്മീയ അപകടങ്ങളിൽനിന്നു കാക്കുന്നു. (സങ്കീർത്തനം 19:7-11; 119:93) ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന ജ്ഞാനത്തെക്കുറിച്ച്‌ ശലോമോൻ ഇങ്ങനെ എഴുതി: “അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും.” (സദൃശവാക്യങ്ങൾ 4:6; സഭാപ്രസംഗി 7:12) എങ്ങനെയാണ്‌ ദിവ്യജ്ഞാനം ദോഷങ്ങളിൽനിന്നു നമ്മെ കാക്കുന്നത്‌? പുരാതന ഇസ്രായേല്യരുടെ ദൃഷ്ടാന്തം പരിചിന്തിക്കുക.

ദൈവിക ജ്ഞാനത്താൽ സംരക്ഷിക്കപ്പെട്ട ഒരു ജനത

ജീവിതത്തിന്റെ എല്ലാ വശങ്ങളിലും യഹോവയുടെ ന്യായപ്രമാണം ഇസ്രായേല്യരെ സംരക്ഷിക്കുകയും വഴിനയിക്കുകയും ചെയ്‌തു. ഉദാഹരണത്തിന്‌, ഭക്ഷണവും ശുചിത്വവും സംബന്ധിച്ചുള്ള വ്യവസ്ഥകളും സാംക്രമിക രോഗങ്ങൾ തടയുന്നതിനായുള്ള സമ്പർക്ക നിരോധനവും മറ്റു ദേശങ്ങളിൽ നാശംവിതച്ച അനേകം വ്യാധികളിൽനിന്ന്‌ അവരെ സംരക്ഷിച്ചു. 19-ാം നൂറ്റാണ്ടിൽ ബാക്ടീരിയയെ കണ്ടെത്തിയതിനുശേഷം മാത്രമാണ്‌ ശാസ്‌ത്രജ്ഞർ ന്യായപ്രമാണത്തിലെ ഈ ഉന്നത നിലവാരത്തിനു ചേർച്ചയിൽ ചിന്തിക്കാൻ തുടങ്ങിയത്‌. വസ്‌തുവിന്മേലുള്ള അവകാശം, വീണ്ടെടുപ്പ്‌, കടം എഴുതിത്തള്ളൽ, പലിശ എന്നിവ സംബന്ധിച്ച നിയമങ്ങൾ സമൂഹത്തെ കെട്ടുറപ്പുള്ളതാക്കുകയും സകലർക്കും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയും ചെയ്‌തുകൊണ്ട്‌ ഇസ്രായേല്യ ജനതയുടെ നന്മയിൽ കലാശിച്ചു. (ആവർത്തനപുസ്‌തകം 7:12, 15; 15:4, 5) കൃഷിഭൂമിയുടെ ഗുണമേന്മ കാത്തുസൂക്ഷിക്കാൻപോലും ന്യായപ്രമാണം സഹായിച്ചു! (പുറപ്പാടു 23:10, 11) വ്യാജാരാധനയ്‌ക്കെതിരായ കൽപ്പനകൾ ജനത്തിന്‌ ആത്മീയ സംരക്ഷണം പ്രദാനം ചെയ്‌തു. ഭൂതാധിപത്യം, ശിശുബലി തുടങ്ങിയ അനേകം കാര്യങ്ങളിൽനിന്നും ജീവനില്ലാത്ത വിഗ്രഹങ്ങൾക്കു മുമ്പാകെ കുമ്പിടുന്ന അധമ നടപടിയിൽനിന്നും അവ അവരെ കാത്തുപരിപാലിച്ചു.​—⁠പുറപ്പാടു 20:3-5; സങ്കീർത്തനം 115:4-8.

വ്യക്തമായും യഹോവയുടെ “വചനം” ഇസ്രായേല്യരുടെ കാര്യത്തിൽ “വ്യർത്ഥ”മായിരുന്നില്ല. പകരം, അനുസരണമുള്ളവർക്ക്‌ അതു ജീവനും ദീർഘായുസ്സും പ്രദാനം ചെയ്‌തു. (ആവർത്തനപുസ്‌തകം 32:47) ക്രിസ്‌ത്യാനികൾ ന്യായപ്രമാണത്തിൻ കീഴിൽ അല്ലെങ്കിലും, യഹോവയുടെ ജ്ഞാനമുള്ള വചനം അനുസരിക്കുന്നവരുടെ കാര്യത്തിൽ ഇന്നും അതു സത്യമാണ്‌. (ഗലാത്യർ 3:24, 25; എബ്രായർ 8:8) ഒരു നിയമ സംഹിതയ്‌ക്കു പകരം, ക്രിസ്‌ത്യാനികൾക്ക്‌ തങ്ങളെ വഴിനടത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന കൂടുതൽ വിപുലമായ ബൈബിൾ തത്ത്വങ്ങളുണ്ട്‌ എന്നതാണു യാഥാർഥ്യം.

തത്ത്വങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു ജനം

നിയമങ്ങൾ ചില കാര്യങ്ങൾക്കു മാത്രം ബാധകമാകുന്നവയും അൽപ്പകാലത്തേക്കുള്ളവയും ആയിരുന്നേക്കാം. എന്നിരുന്നാലും, ബൈബിൾ തത്ത്വങ്ങൾ അടിസ്ഥാന സത്യങ്ങൾ ആയിരിക്കുന്നതിനാൽ മിക്കപ്പോഴും നിരവധി കാര്യങ്ങൾക്കു ബാധകമാകുന്നവയാണ്‌. തന്നെയുമല്ല, അവ എന്നേക്കും നിലനിൽക്കുകയും ചെയ്യും. ഉദാഹരണത്തിന്‌ യാക്കോബ്‌ 3:​17-ൽ പ്രസ്‌താവിച്ചിരിക്കുന്ന തത്ത്വം ശ്രദ്ധിക്കുക. ഭാഗികമായി അത്‌ ഇങ്ങനെ പറയുന്നു: “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും” ആകുന്നു. ആ അടിസ്ഥാന സത്യം ഇന്നു ദൈവജനത്തിന്‌ ഒരു സംരക്ഷണമായി ഉതകുന്നത്‌ എങ്ങനെയാണ്‌?

നിർമലർ ആയിരിക്കുക എന്നതിന്റെ അർഥം ധാർമികശുദ്ധി ഉള്ളവർ ആയിരിക്കുക എന്നാണ്‌. തന്നിമിത്തം, നിർമലതയെ മൂല്യവത്തായി കരുതുന്നവർ അധാർമികത മാത്രമല്ല ലൈംഗികമായ മിഥ്യാസങ്കൽപ്പങ്ങളും അശ്ലീലവും ഉൾപ്പെടെ അധാർമികതയിലേക്കു നയിക്കുന്ന കാര്യങ്ങളും ഒഴിവാക്കാൻ ശ്രമിക്കുന്നു. (മത്തായി 5:28) സമാനമായി, യാക്കോബ്‌ 3:​17-ലെ തത്ത്വം യഥാർഥത്തിൽ വിലമതിക്കുന്ന, കോർട്ടിങ്ങിൽ ഏർപ്പെട്ടിരിക്കുന്ന ഇണകൾ ആത്മനിയന്ത്രണം നഷ്ടമായേക്കാവുന്ന വിധത്തിൽ പരസ്‌പരം അടുത്ത്‌ ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കും. ദൈവനിയമത്തിന്റെ നേരിട്ടുള്ള ലംഘനം ഉൾപ്പെടാത്തിടത്തോളം തങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കു ദിവ്യാംഗീകാരം ഉണ്ടെന്നു ചിന്തിച്ചുകൊണ്ട്‌ ധാർമികശുദ്ധി ബലികഴിക്കാതിരിക്കാൻ തത്ത്വങ്ങളോടുള്ള സ്‌നേഹം അവരെ സഹായിക്കുന്നു. യഹോവ “ഹൃദയത്തെ നോക്കുന്നു” എന്നും അതിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്നു എന്നും അവർക്കറിയാം. (1 ശമൂവേൽ 16:7; 2 ദിനവൃത്താന്തം 16:9) ഈ വിധങ്ങളിൽ ജ്ഞാനപൂർവം പ്രവർത്തിക്കുന്നവർ, ഇന്നു വ്യാപകമായിത്തീർന്നിരിക്കുന്ന അനേകം ലൈംഗിക രോഗങ്ങളിൽനിന്നു സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൂടാതെ അവർ മാനസികവും വൈകാരികവും ആയി നല്ല ഒരു നില കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

ദിവ്യജ്ഞാനം ‘സമാധാനം’ ഉളവാക്കുന്നതാണെന്നു യാക്കോബ്‌ 3:17 പറയുന്നു. നമ്മുടെ ഹൃദയത്തിൽ അക്രമവാസന വിതച്ചുകൊണ്ട്‌ യഹോവയിൽനിന്നു നമ്മെ അകറ്റാൻ സാത്താൻ ശ്രമിക്കുന്നുവെന്നു നമുക്ക്‌ അറിയാം. അചിന്തനീയമായ മൃഗീയ പെരുമാറ്റങ്ങൾക്കും കൂട്ടക്കുരുതികൾക്കും പ്രേരിപ്പിക്കുന്ന തരത്തിലുള്ള കമ്പ്യൂട്ടർ ഗെയിമുകൾ, ചോദ്യംചെയ്യത്തക്ക പ്രസിദ്ധീകരണങ്ങൾ, ചലച്ചിത്രങ്ങൾ, സംഗീതം എന്നിവ അതിനായി അവൻ ഉപയോഗിക്കുന്ന ചില മാർഗങ്ങളാണ്‌. (സങ്കീർത്തനം 11:5) അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ വൻതരംഗം ഇക്കാര്യത്തിലുള്ള സാത്താന്റെ വിജയത്തിനു തെളിവാണ്‌. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചു പ്രതിപാദിക്കവേ, ഓസ്‌ട്രേലിയൻ പത്രമായ ദ സിഡ്‌നി മോർണിങ്‌ ഹെറാൾഡ്‌ “സീരിയൽ കില്ലർ” എന്ന പദപ്രയോഗത്തിനു രൂപംനൽകിയ റോബർട്ട്‌ റെസ്‌ലറുടെ വാക്കുകൾ ഉദ്ധരിക്കുകയുണ്ടായി. 1970-കളിൽ താൻ അഭിമുഖം നടത്തിയ ഇത്തരം കൊലയാളികൾ “ഇന്നത്തെ അശ്ലീല ചിത്രീകരണങ്ങളോടുള്ള താരതമ്യത്തിൽ ഏതുമല്ലാത്ത” ലൈംഗിക രംഗങ്ങളാൽ ഉത്തേജിതർ ആയിരുന്നെന്നു റെസ്‌ലർ പറഞ്ഞു. അതിനാൽ തനിക്ക്‌ “ഭാവി സംബന്ധിച്ചു നിരാശാജനകമായ ഒരു വീക്ഷണം” ആണ്‌ ഉള്ളതെന്ന്‌ അദ്ദേഹം പറയുകയുണ്ടായി. “മനുഷ്യരെ ഒന്നൊന്നായി അരിഞ്ഞുവീഴ്‌ത്തുന്ന കൊലയാളികൾ പെരുകിവരുന്ന ഒരു പുതിയ നൂറ്റാണ്ട്‌” ആയിരിക്കും അടുത്തതെന്ന്‌ റെസ്‌ലർ അഭിപ്രായപ്പെട്ടു.

ആ വാർത്ത വന്ന്‌ വെറും മാസങ്ങൾക്കുശേഷം, സ്‌കോട്ട്‌ലൻഡിലെ ഡൺബ്ലേനിലുള്ള ഒരു നഴ്‌സറിയിലെ 16 കൊച്ചുകുട്ടികളെയും അധ്യാപികയെയും ഒരാൾ വെടിവെച്ചുകൊന്നു. തുടർന്ന്‌ അയാൾ ആത്മഹത്യ ചെയ്‌തു. പിറ്റേ മാസം ഓസ്‌ട്രേലിയയിലെ ടാസ്‌മാനിയയിലുള്ള പ്രശാന്തമായ പോർട്ട്‌ ആർതർ എന്ന പട്ടണത്തിൽ മറ്റൊരാൾ 32 പേരെ ഭ്രാന്തമായ രീതിയിൽ വെടിവെച്ചുകൊന്നു. അടുത്ത കാലത്ത്‌ ഐക്യനാടുകളിലെ സ്‌കൂളുകളിൽ നടന്ന കൂട്ടക്കൊലകൾ ആ രാഷ്‌ട്രത്തെ പിടിച്ചുകുലുക്കിയിരിക്കുന്നു. ഇതെല്ലാം ‘എന്തുകൊണ്ട്‌’ എന്ന്‌ അവിടെയുള്ളവർ ചോദിക്കുന്നു. മനസ്സിന്റെ സമനില തെറ്റിയ ഒരു വ്യക്തി 2001 ജൂണിൽ, ജപ്പാനിലെ ഒരു സ്‌കൂളിൽച്ചെന്ന്‌ ഒന്നും രണ്ടും ക്ലാസ്സുകളിൽ പഠിക്കുന്ന 8 കുട്ടികളെ കുത്തിക്കൊല്ലുകയും മറ്റു 15 പേരെ മുറിവേൽപ്പിക്കുകയും ചെയ്‌തതു ലോകവാർത്ത സൃഷ്ടിച്ചു. ഇത്തരം കുത്സിത ചെയ്‌തികൾക്കു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ സങ്കീർണങ്ങളാണെന്നതിനു സംശയമില്ല. എങ്കിലും, മാധ്യമങ്ങൾ പ്രദർശിപ്പിക്കുന്ന അക്രമരംഗങ്ങൾ ഇതിൽ ഒരു പങ്കുവഹിക്കുന്നുവെന്ന വസ്‌തുത കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഓസ്‌ട്രേലിയൻ പംക്തിയെഴുത്തുകാരനായ ഫിലിപ്പ്‌ ആഡംസ്‌ ഇപ്രകാരം എഴുതി: “60 സെക്കൻഡുമാത്രം നീണ്ടുനിൽക്കുന്ന ഒരു പരസ്യത്തിന്‌ വിൽപ്പനയിൽ ഭീമമായ വർധന സൃഷ്ടിക്കാൻ കഴിയുമെങ്കിൽ കോടികൾ മുതൽമുടക്കുള്ള, രണ്ടു മണിക്കൂർ നേരത്തെ ഒരു ചലച്ചിത്രത്തിന്‌ മനോഭാവങ്ങൾക്കു മാറ്റംവരുത്താൻ കഴിയുമെന്നതിൽ തർക്കമുണ്ടോ?” പോർട്ട്‌ ആർതറിലെ കൊലപാതകിയുടെ വീട്ടിൽനിന്ന്‌ അക്രമവും അശ്ലീലവും ദൃശ്യവത്‌കരിക്കുന്ന 2,000 വീഡിയോ ടേപ്പുകൾ പോലീസ്‌ കണ്ടെടുത്തുവെന്നതു ശ്രദ്ധേയമാണ്‌.

ബൈബിൾ തത്ത്വങ്ങളോടു പറ്റിനിൽക്കുന്നവർ, അക്രമവാസന ഊട്ടിവളർത്തുന്ന സകലതരം വിനോദപരിപാടികളിൽനിന്നും മനസ്സിനെയും ഹൃദയത്തെയും കാത്തുപരിപാലിക്കുന്നു. അതുകൊണ്ട്‌ ‘ലോകത്തിന്റെ ആത്മാവിന്‌’ അവരുടെ ചിന്തയിലോ അഭിലാഷങ്ങളിലോ യാതൊരു സ്ഥാനവുമില്ല. അവർ ദൈവത്തിന്റെ ‘ആത്മാവിനാൽ ഉപദേശിക്കപ്പെടുന്നവരാണ്‌.’ സമാധാനം ഉൾപ്പെടെയുള്ള ആത്മാവിന്റെ ഫലത്തോടു പ്രിയം വളർത്തിയെടുക്കാൻ അവർ പരിശ്രമിക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 2:12, 13; ഗലാത്യർ 5:22, 23) പതിവായ ബൈബിൾ വായന, പ്രാർഥന, പരിപുഷ്ടിപ്പെടുത്തുന്ന ധ്യാനം എന്നിവയിലൂടെയാണ്‌ അവർ അങ്ങനെ ചെയ്യുന്നത്‌. തങ്ങളെപ്പോലെതന്നെ, യഹോവയുടെ സമാധാനപൂർണമായ പുതിയ ലോകത്തിനായി കാംക്ഷിക്കുന്നവരുമായി സഹവസിക്കാൻ അവർ പ്രിയപ്പെടുകയും അക്രമപ്രവണതയുള്ള വ്യക്തികളുമായുള്ള സഹവാസം ഒഴിവാക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 1:1-3; സദൃശവാക്യങ്ങൾ 16:29) അതേ, ദൈവിക ജ്ഞാനം എത്രയോ സംരക്ഷണാത്മകമാണ്‌!

യഹോവയുടെ “വചനം” നിങ്ങളുടെ ഹൃദയങ്ങളെ കാക്കുമാറാകട്ടെ

മരുഭൂമിയിൽവെച്ചു പരീക്ഷിക്കപ്പെട്ടപ്പോൾ ദൈവവചനം കൃത്യമായി ഉദ്ധരിച്ചുകൊണ്ട്‌ യേശു സാത്താനെ ചെറുത്തു. (ലൂക്കൊസ്‌ 4:1-13) എന്നാൽ ബുദ്ധിവൈഭവത്തിൽ മികച്ചുനിൽക്കുന്നത്‌ ആരാണെന്നു തെളിയിക്കുന്നതിന്‌ അവൻ പിശാചുമായി ഒരു വാഗ്വാദത്തിൽ ഏർപ്പെട്ടില്ല. കാര്യങ്ങൾ സമർഥിക്കാൻ തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട്‌ യേശു ഹൃദയത്തിൽനിന്നു സംസാരിച്ചു. അതുകൊണ്ടാണ്‌ ഏദെൻ തോട്ടത്തിൽ നല്ല ഫലംകണ്ട സാത്താന്റെ തന്ത്രം യേശുവിന്റെ കാര്യത്തിൽ പരാജയപ്പെട്ടത്‌. യഹോവയുടെ വചനത്താൽ ഹൃദയം നിറയ്‌ക്കുന്നെങ്കിൽ നമുക്കും അവന്റെ തന്ത്രങ്ങളെ പരാജയപ്പെടുത്താൻ കഴിയും. നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്‌ അത്‌. എന്തുകൊണ്ടെന്നാൽ, ‘ജീവന്റെ ഉത്ഭവം [ഹൃദയത്തിൽ] നിന്നാണ്‌.’​—⁠സദൃശവാക്യങ്ങൾ 4:23.

കൂടാതെ, തുടർച്ചയായി നാം ഹൃദയത്തെ കാത്തുകൊള്ളേണ്ടതുണ്ട്‌, അതിൽ ഒരിക്കലും വീഴ്‌ചവരുത്തരുത്‌. മരുഭൂമിയിൽവെച്ചു പരാജയപ്പെട്ട സാത്താൻ അതോടെ യേശുവിനെ പരീക്ഷിക്കുന്നതു മതിയാക്കിയില്ല. (ലൂക്കൊസ്‌ 4:13) നമ്മുടെ നിർമലത തകർക്കാൻ നിരവധി തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ട്‌ അവൻ നമ്മെയും വിടാതെ പിന്തുടരും. (വെളിപ്പാടു 12:17) അതിനാൽ, ദൈവവചനത്തോട്‌ ആഴമായ സ്‌നേഹം നട്ടുവളർത്തിക്കൊണ്ട്‌ നമുക്കു യേശുവിനെ അനുകരിക്കാം. അതോടൊപ്പം പരിശുദ്ധാത്മാവിനും ജ്ഞാനത്തിനും വേണ്ടി നിരന്തരം പ്രാർഥിക്കുകയും ചെയ്യാം. (1 തെസ്സലൊനീക്യർ 5:17; എബ്രായർ 5:7) തന്നിൽ ആശ്രയിക്കുന്നവർക്കു യാതൊരുവിധ ആത്മീയ ഹാനിയും സംഭവിക്കുകയില്ലെന്നു യഹോവ വാഗ്‌ദാനം ചെയ്യുന്നു.​—⁠സങ്കീർത്തനം 91:1-10; സദൃശവാക്യങ്ങൾ 1:33.

ദൈവവചനം സഭയെ കാത്തുപരിപാലിക്കുന്നു

മഹോപദ്രവത്തെ അതിജീവിക്കുന്നതിൽനിന്ന്‌, മുൻകൂട്ടിപ്പറയപ്പെട്ടിട്ടുള്ള “മഹാപുരുഷാര”ത്തെ തടയാൻ സാത്താനു കഴിയില്ല. (വെളിപ്പാടു 7:9, 14) എന്നിരുന്നാലും, ക്രിസ്‌ത്യാനികളിൽ ചിലർക്കെങ്കിലും യഹോവയുടെ പ്രീതി നഷ്ടമാകാൻ ഇടയാകത്തക്കവണ്ണം അവരെ ദുഷിപ്പിക്കാൻ അവൻ ഇപ്പോഴും കിണഞ്ഞുശ്രമിക്കുകയാണ്‌. പുരാതന ഇസ്രായേലിന്റെ കാര്യത്തിൽ ആ തന്ത്രം ഫലിച്ചു, വാഗ്‌ദത്ത ദേശത്തിന്റെ കവാടത്തിങ്കൽവെച്ച്‌ 24,000 പേരാണു മരിച്ചുവീണത്‌. (സംഖ്യാപുസ്‌തകം 25:1-9) തീർച്ചയായും, ചെയ്‌ത തെറ്റു സംബന്ധിച്ച്‌ യഥാർഥ അനുതാപം പ്രകടിപ്പിക്കുന്ന ക്രിസ്‌ത്യാനികൾക്ക്‌ ആത്മീയമായി പുനഃസ്ഥിതീകരിക്കപ്പെടാൻ സ്‌നേഹപുരസ്സരമായ സഹായം ലഭിക്കുന്നു. എന്നാൽ പുരാതന കാലത്തെ സിമ്രിയെപ്പോലുള്ള അനുതാപമില്ലാത്ത പാപികൾ മറ്റുള്ളവരുടെ ധാർമികവും ആത്മീയവും ആയ ക്ഷേമത്തിനു ഭീഷണിയാണ്‌. (സംഖ്യാപുസ്‌തകം 25:14) ഒരു സേനാവ്യൂഹത്തിലെ, പരിചകൾ വലിച്ചെറിയുന്ന പടയാളികളെപ്പോലെ പ്രവർത്തിച്ചുകൊണ്ട്‌ അവർ തങ്ങളെത്തന്നെയും ഒപ്പമുള്ളവരെയും അപകടത്തിലാക്കുന്നു.

അതുകൊണ്ട്‌ ബൈബിൾ ഇപ്രകാരം കൽപ്പിക്കുന്നു: “എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്‌ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുത്‌. . . . ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.” (1 കൊരിന്ത്യർ 5:11, 13) ക്രിസ്‌തീയ സഭയുടെ ധാർമികവും ആത്മീയവും ആയ ശുദ്ധി കാത്തുസൂക്ഷിക്കാൻ ജ്ഞാനപൂർവകമായ ഈ “വചനം” സഹായിക്കുന്നു എന്നതിനോടു നിങ്ങൾ യോജിക്കില്ലേ?

എന്നാൽ അതിനു കടകവിരുദ്ധമായി, ഇന്നത്തെ അയഞ്ഞ ധാർമിക വീക്ഷണത്തിന്‌ എതിരായ ബൈബിൾ കൽപ്പനകൾ കാലഹരണപ്പെട്ടവയാണെന്ന്‌ ക്രൈസ്‌തവലോകത്തിലെ അനേകം സഭകളും വിശ്വാസത്യാഗികളും കരുതുന്നു. അതുകൊണ്ട്‌ ഗുരുതരമായ സകലതരം പാപങ്ങളെയും​—⁠പുരോഹിതന്മാർ ചെയ്യുന്നവയെപ്പോലും​—⁠അവർ ന്യായീകരിക്കുന്നു. (2 തിമൊഥെയൊസ്‌ 4:3, 4) എന്നാൽ, യഹോവയുടെ സംരക്ഷണാത്മക “വചന”ത്തെ പരാമർശിക്കുന്ന സദൃശവാക്യങ്ങൾ 30:​5-നു ശേഷം, “അവന്റെ [ദൈവത്തിന്റെ] വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്‌തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുത്‌” എന്ന്‌ 6-ാം വാക്യത്തിൽ കൽപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. അതേ, ബൈബിളിനെ വളച്ചൊടിക്കുന്നവർ കള്ളന്മാർ അല്ലെങ്കിൽ ആത്മീയ നുണയന്മാർ ആണ്‌, ചരിത്രത്തിലെ ഏറ്റവും നിന്ദ്യരായ നുണയന്മാർ! (മത്തായി 15:6-9) ദൈവവചനത്തോട്‌ ആഴമായ ആദരവുള്ള ഒരു സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ നമുക്കു തികഞ്ഞ നന്ദിയുള്ളവർ ആയിരിക്കാം.

“സൌരഭ്യവാസന” നൽകുന്ന സംരക്ഷണം

ബൈബിളിനോടു പറ്റിനിൽക്കുകയും അതിലെ ആശ്വാസപ്രദമായ സന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുമ്പോൾ ദൈവജനം യഹോവയ്‌ക്കു പ്രസാദകരമായ ഒരു “സൌരഭ്യവാസന” പരത്തുകയാണു ചെയ്യുന്നത്‌. എന്നാൽ നീതികെട്ടവരെ സംബന്ധിച്ചിടത്തോളം ആ സന്ദേശവാഹകർ പരത്തുന്നത്‌ “മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന” ആണ്‌. അതേ, “ക്രിസ്‌തുവിന്റെ സൌരഭ്യവാസന” പരത്തുന്നവരുടെ സാന്നിധ്യം ദുഷ്ടന്മാരെ വീർപ്പുമുട്ടിക്കുകയും അക്രമാസക്തരാക്കുകയുംപോലും ചെയ്യുന്നു. അവരുടെ ആലങ്കാരിക ഘ്രാണപ്രാപ്‌തിയെ സാത്താന്റെ വ്യവസ്ഥിതി അത്രയ്‌ക്കും വികലമാക്കിയിരിക്കുന്നു. നേരെ മറിച്ച്‌, തീക്ഷ്‌ണതയോടെ സുവാർത്ത പങ്കുവെക്കുന്നവർ ‘രക്ഷിക്കപ്പെടുന്നവരുടെ ഇടയിൽ ക്രിസ്‌തുവിന്റെ സൌരഭ്യവാസന’ ആയിത്തീരുന്നു. (2 കൊരിന്ത്യർ 2:14-16) വ്യാജമതത്തിന്റെ മുഖമുദ്രയായ കപടഭക്തിയും വ്യാജോപദേശങ്ങളും അത്തരം ആത്മാർഥഹൃദയരിൽ വെറുപ്പ്‌ ഉളവാക്കുന്നു. അതിനാൽ, നാം ബൈബിൾ തുറന്ന്‌ രാജ്യസന്ദേശം അറിയിക്കുമ്പോൾ അവർ ക്രിസ്‌തുവിനോട്‌ അടുക്കുകയും കൂടുതലായി പഠിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.—യോഹന്നാൻ 6:44.

അതുകൊണ്ട്‌ ചിലർ രാജ്യസന്ദേശത്തോടു നിഷേധാത്മകമായി പ്രതികരിക്കുമ്പോൾ നിരുത്സാഹിതരാകരുത്‌. മറിച്ച്‌ “ക്രിസ്‌തുവിന്റെ സൌരഭ്യവാസന,” ദൈവജനം അനുഭവിക്കുന്ന ആത്മീയ സുരക്ഷിതത്വത്തിനു ഭീഷണി ആയിരുന്നേക്കാവുന്ന വ്യക്തികളെ അകറ്റിനിറുത്തുകയും അതേസമയം ഹൃദയശുദ്ധിയുള്ളവരെ ആകർഷിക്കുകയും ചെയ്‌തുകൊണ്ട്‌ ഒരു ആത്മീയ സംരക്ഷണമായി വർത്തിക്കുന്നുവെന്ന വീക്ഷണം കൈക്കൊള്ളുക.​—⁠യെശയ്യാവു 35:8, 9.

മാരത്തോൺ യുദ്ധത്തിൽ പ്രത്യേക സേനാവ്യൂഹത്തിന്റെ രൂപത്തിൽ അണിനിരന്ന ഗ്രീക്കു പടയാളികൾ എണ്ണത്തിൽ ശത്രുസൈന്യത്തെ അപേക്ഷിച്ച്‌ നന്നേ കുറവായിരുന്നെങ്കിലും ഒറ്റക്കെട്ടായി മുന്നേറുകയും സർവശക്തിയും ഉപയോഗിച്ചു പരിചകൾ മുറുകെപ്പിടിക്കുകയും ചെയ്‌തതിനാൽ വിജയം വരിച്ചു. സമാനമായി, യഹോവയുടെ വിശ്വസ്‌ത സാക്ഷികൾക്ക്‌ തങ്ങൾ നടത്തുന്ന ആത്മീയ യുദ്ധത്തിൽ പരിപൂർണ വിജയം ലഭിക്കുമെന്ന്‌ ഉറപ്പുണ്ട്‌, എന്തുകൊണ്ടെന്നാൽ അത്‌ അവരുടെ “പൈതൃക”മാണ്‌. (യെശയ്യാവു 54:​17, പി.ഒ.സി. ബൈബിൾ) അതുകൊണ്ട്‌ നമുക്കോരോരുത്തർക്കും, “ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട്‌” അഥവാ മുറുകെ പിടിച്ചുകൊണ്ട്‌ തുടർന്നും യഹോവയിൽ ആശ്രയിക്കാം.​—⁠ഫിലിപ്പിയർ 2:15.

[31-ാം പേജിലെ ചിത്രങ്ങൾ]

‘ഉയരത്തിൽനിന്നുള്ള ജ്ഞാനം നിർമലവും പിന്നെ സമാധാനവും ആകുന്നു’